Read Time:13 Minute


ധന്യ.കെ.എം.
കമ്യൂണിറ്റി മെഡിസിൻ വിഭാഗം, മെഡിക്കൽ കോളേജ് , തൃശ്ശൂർ

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. മാമ്പഴത്തെക്കുറിച്ച് വായിക്കാം…

മാമ്പഴം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ മലയാളികൾക്ക് ഓർമ വരിക വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം എന്ന കവിതയായിരിക്കും. മലയാളികളുടെ ഇഷ്ട വിഭവമായതുകൊണ്ട് തന്നെയാണ് സാഹിത്യ കൃതികളിലും മാമ്പഴത്തിന് സ്ഥാനമുള്ളത്. ചരിത്രാതീത കാലം മുതൽ ഇന്ത്യയിൽ മാങ്ങ കൃഷി ചെയ്യുന്നുണ്ട്. കവി കാളിദാസൻ തന്റെ കൃതികളിൽ മാങ്ങയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മുഗൾചക്രവർത്തിയായിരുന്ന അക്ബർ ബീഹാറിലെ ദർഭംഗ എന്ന സ്ഥലത്തു (ഇപ്പോഴത്തെ ലഖ്ബാഗ്) ഒരു ലക്ഷം മാവുകൾ നട്ടു പിടിപ്പിച്ചിരുന്നു. ഇതിൽ നിന്നെല്ലാം നമുക്ക് മനസിലാകുന്നത് ഭാരതീയ സംസ്കാരത്തിൽ മാങ്ങക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു എന്നാണ്. ‘Mango’ എന്ന English പദത്തിന്റെ ഉറവിടം മലയാള പദമായ ‘മാങ്ങ’ തന്നെയാണ്. ചൈനീസ് സഞ്ചരിയായ ഹുയാൻസങ് 632-645 AD കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇവിടെ നിന്നും മാങ്ങയെ ഇന്ത്യക്കു പുറത്തേക്കു കൊണ്ടുപോയി. പിന്നീട് 15-ാം നൂറ്റാണ്ടിൽ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിനായി കേരളത്തിൽ എത്തിയ പോർട്ടുഗീസുകാരാണ് മാങ്ങയെ ഇന്ത്യയുടെ പുറത്തെത്തിച്ചത്.

©Amit Dave / Reuters

ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. പാകിസ്താന്റെ ദേശീയ ഫലവും മാങ്ങ തന്നെയാണ്. അനാകാഡിയേസിയേ (Anacardiacea) എന്ന സസ്യ കുടുംബത്തിൽപ്പെട്ട വൃക്ഷമാണ് മാവ്. (കശുമാവും ഇതേ കുടുംബത്തിൽപ്പെട്ടതാണ്.) മാഞ്ചിഫെറ ഇൻഡിക്ക (Mangifera indica) എന്നാണ് മാവിന്റെ ശാസ്ത്രീയനാമം. മ്യാൻമാറും ഇന്ത്യയും ആണ് മാവിന്റെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് മാവ് ധാരാളമായി വളരുന്നത്. 2018 ലെ Food and Agricultural Organization ന്റെ കണക്കു പ്രകാരം ലോകത്തിലെ മൊത്തം ഉഷ്ണമേഖല ഫലങ്ങളുടെ ഉത്പാദനത്തിന്റെ 52% ഉം മാങ്ങയാണ്. 2016-17 ലെ കണക്കു പ്രകാരം ഇന്ത്യയിൽ 2263000 ഹെക്ടർ സ്ഥലത്ത് മാങ്ങ കൃഷി ചെയ്യുന്നുണ്ട്. 2020 ൽ ഏകദേശം 21 മില്യൺ മെട്രിക് ടൺ ആണ് ഇന്ത്യയിലെ മാങ്ങ ഉത്പാദനം. ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകത്തിലെ മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 38% ഉം ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ ഉത്തർ പ്രദേശ് ആണ് ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം. സ്ഥലപരിമിതിമൂലം കേരളത്തിൽ വലിയ തോതിൽ മാങ്ങ കൃഷി ചെയ്യുന്നില്ല. പാലക്കാട് ജില്ലയിലെ മുതലമടയിൽ മാത്രമാണ് മാവിൻ തോട്ടങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉള്ളത്.

ഇരുമ്പ്(iron), കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ A, C, B എന്നിവ ധാരാളമായി മാങ്ങയിൽ ഉണ്ട്. ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് മാങ്ങ. ഡ്രൂപ് എന്ന വിഭാഗത്തിൽപ്പെട്ട പഴമാണ് മാങ്ങ. മൂന്നു ആവരണങ്ങൾ ഉള്ള പഴമാണ് ഡ്രൂപ്. അതായത് എറ്റവും പുറത്ത് കനം കുറഞ്ഞ തൊലി, നടുവിൽ മാംസളമായ ഭാഗം, എറ്റവും ഉള്ളിൽ കല്ല് പോലെ ദൃഢമായ ആവരണം. ഇതിന്റെ ഉള്ളിൽ വിത്ത് ഉണ്ടായിരിക്കും.

എല്ലാത്തരം മണ്ണിലും മാവ് നന്നായി വളരും. വരണ്ട കാലാവസ്ഥയിലാണ് മാവ് കായ്ക്കുന്നത്. ഗ്രാഫ്റ്റ് ചെയ്ത മാവ് 4-5 വർഷം കൊണ്ട് കായ്ക്കും. വിത്തിൽ നിന്നും മുളച്ച തൈ കായ്ക്കാൻ ഏകദേശം 10 വർഷം എടുക്കും. മാവിന്റെ പൂങ്കുലയിൽ രണ്ട് തരത്തിലുള്ള പൂക്കൾ ഉണ്ട് – ആൺ പൂക്കളും ആൺപൂവും പെൺപൂവും ചേർന്ന പൂക്കളും (hermaphrodite flowers). ആൺ പൂക്കളാണ് കൂടുതൽ കാണുന്നത്. ഈച്ച, തേനീച്ച,  പൂമ്പാറ്റ, കാറ്റ് എന്നിവ വഴിയാണ് മാവിൽ പരാഗണം നടക്കുന്നത്. ഇതിൽ ഈച്ചകൾ ആണ് പ്രധാനമായും സഹായിക്കുന്നത്. ആകെ പൂത്തതിൽ നിന്നും 90-99% വരെ പൂക്കളായും കണ്ണിമാങ്ങയായും കൊഴിഞ്ഞുപോകും. 0.01-0.1% പൂക്കൾ മാത്രമേ കായ് ആകാറുള്ളൂ.  “മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്” എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? മാവ് പൂത്ത് കായ് പിടിക്കുന്ന സമയത്ത് നന്നായി നനച്ചുകൊടുത്താൽ കായ് കൊഴിച്ചിൽ കുറച്ച് തടയാനാകും.   തെക്കേ ഇന്ത്യയിൽ മാവ് പൂക്കുന്നത് നവംബർ-ഡിസംബർ മാസത്തിലാണ്. ഉത്തരേന്ത്യയിൽ ആണെങ്കിൽ കുറച്ചുകൂടി കഴിഞ്ഞ് ഫെബ്രുവരി-മാർച്ച് ആകുമ്പോഴാണ് പൂക്കുന്നത്. ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. നമ്മുടെ മാങ്ങയാണ് ആദ്യം മാർക്കറ്റിൽ എത്തുന്നത്. 

ഇനങ്ങൾ

പഴുക്കാൻ എടുക്കുന്ന സമയം അനുസരിച്ച് മൂന്ന് തരം ഇനങ്ങളുണ്ട്

 1.   നേരത്തേ പഴുക്കുന്നവ – ഉദാ:- ബോംബേ ഗ്രീൻ, കേസർ, സുവർണ്ണ രേഖ
 2.   ഇടത്തരം പഴുപ്പുള്ളവ – ഉദാ:- അൽഫോൻസോ, ബംഗനപ്പള്ളി, ദശേരി
 3.   വൈകി പഴുക്കുന്നവ – ഉദാ:- മൽഗോവ, നീലം

 ഹൈബ്രിഡ് ഇനങ്ങൾ

 1. അമ്രപാലി
 2.  മല്ലിക
 3.  സിന്ധു

അൽഫോൻസോ ആണ് മാങ്ങകളുടെ കൂട്ടത്തിലെ രാജാവ് എന്നറിയപ്പെടുന്നത്. സിന്ധു എന്ന ഇനത്തെ വിത്തില്ലാത്ത (അണ്ടിയില്ലാത്ത) മാങ്ങ എന്നാണ് വിളിക്കുന്നത്. സാധാരണ ഇനങ്ങളിൽ മാങ്ങയുടെ ഭാരത്തിന്റെ ഏതാണ്ട് 15%-30% വരെ അതിന്റെ വിത്തായിരിക്കും. എന്നാൽ ഈ ഇനത്തിൽ മാങ്ങയുടെ ഭാരത്തിന്റെ ഏതാണ്ട് 10% മാത്രമേ വിത്ത് ഉള്ളൂ. വളരെ നേരിയ കനത്തിലുള്ള വിത്തായിരിക്കും ഇതിൽ.

മാവിന്റെ ഒരു വിത്തിൽ ഉണ്ടാകുന്ന ഭ്രൂണങ്ങളുടെ എണ്ണം അനുസരിച് ഇനങ്ങളെ രണ്ടായി തിരിക്കാം. 

 1. ഏകഭ്രൂണ ഇനങ്ങൾ (mono embryonic varieties)
 2. ബഹുഭ്രൂണ ഇനങ്ങൾ (poly embryonic varieties)

ഏക ഭ്രൂണ ഇനങ്ങൾ (mono embryonic varieties)

ഒരു വിത്തിൽ പരാഗണം വഴി ഉണ്ടാകുന്ന ഒരു ഭ്രൂണം മാത്രമേ ഉണ്ടാകൂ. അതിനാൽ ഒരു വിത്തിൽ നിന്നും ഒരു തൈ മാത്രമേ ഉണ്ടാകൂ. പരാഗണം നടക്കുന്നതിനാൽ ഈ തൈ മാതൃവൃക്ഷത്തിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങളും കാണിക്കാം. അതിനാൽ ഇത്തരം ഇനങ്ങളുടെ പ്രജനനം ഗ്രാഫറ്റിംഗ് (ഒട്ടിക്കൽ) വഴിയാണ് നടത്തുന്നത്. എങ്കിൽ മാത്രമേ മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ മുഴുവനായും ലഭിക്കുകയുള്ളൂ. വലിയ തോതിൽ കൃഷി ചെയ്യുന്ന മിക്കവാറും എല്ലാ ഇനങ്ങളും ഏകഭ്രൂണ ഇങ്ങളാണ്. ഉദാ: അൽഫോൻസോ

ബഹു ഭ്രൂണ ഇനങ്ങൾ (poly embryonic varieties)

ഒരു വിത്തിൽ ഒന്നിലധികം ഭ്രൂണങ്ങൾ ഉണ്ടായിരിക്കും. ഇതിനെ മനുഷ്യരിലെ സമാന ഇരട്ടകളോട് ഉപമിക്കാം. ഇങ്ങനെ ഉണ്ടാകുന്ന ഭ്രൂണങ്ങളിൽ ഒരെണ്ണം മാത്രമേ പരാഗണം വഴി ഉണ്ടാകുന്നുള്ളൂ. മറ്റുള്ളവയെല്ലാം അണ്ടാശയത്തിലെ ചില തരം കോശങ്ങൾ വിഭജിച്ചുണ്ടാകുന്നവയാണ്. അതിനാൽ ഒരു വിത്തിൽ നിന്നും ഒന്നിലധികം തൈകൾ ഉണ്ടാകും. പരാഗണം വഴി അല്ലാതെ ഉണ്ടായ തൈകൾ മാതൃവൃക്ഷത്തിന്റ തനിപ്പകർപ്പായിരിക്കും. അതിനാൽ ഇവയുടെ പ്രജനനം വിത്ത് വഴി നടത്താവുന്നതാണ്. ഇത്തരം തൈകൾക്ക് കരുത്ത്‌ കൂടുതലായിരിക്കും. എന്നാൽ ഈ ഇനം മാങ്ങകൾക്ക് കച്ചവട മൂല്യം കുറവാണ്. ഇവയുടെ തൈകൾ ഏകഭ്രൂണ ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ റൂട്ട് സ്റ്റോക്ക് ആയി ഉപയോഗിക്കാൻ ഏറ്റവും യോജിച്ചതാണ്. ഉദാ: മൂവാണ്ടൻ, കുറുക്കൻ, ഒളോർ, ചന്ദ്രക്കാരൻ.

കായീച്ച

മാവിന്റെ  പ്രധാന ശത്രു  കായീച്ചയാണ്.   നമ്മൾ വളരെ ആശിച്ച് നട്ട മാവിൽ മാങ്ങ ഉണ്ടായി അത് പഴുത്തു കഴിയുമ്പോൾ പലപ്പോഴും അതിൽ നിറയെ പുഴുക്കൾ ആയിരിക്കും. കായീച്ചയുടെ പുഴുക്കൾ ആണ് അത്. മാങ്ങ നല്ലപോലെ മൂത്ത് വിളഞ്ഞ് നിൽക്കുന്ന സമയത്ത് കായീച്ച വന്ന് മാങ്ങയിൽ മുട്ടയിടുന്നു. മാങ്ങ പഴുക്കുമ്പോൾ ഈ മുട്ടവിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുകയും അവ മാമ്പഴം തിന്ന് അതിനെ അഴുക്കി കളയുകയും ചെയ്യുന്നു. പിന്നീട് ഈ മാങ്ങ മണ്ണിലേക്ക് വീഴുന്നു. അതിൽ ഉള്ള പുഴുക്കൾ ആ മണ്ണിൽ സമാധി ദിശയിൽ (പ്യൂപ്പ) പ്രവേശിക്കുന്നു. ഇതിൽ നിന്നും വീണ്ടും കായീച്ച പുറത്ത് വരുന്നു. ഇതാണ് കായീച്ചയുടെ ജീവിതചക്രം. താഴെ പറയുന്ന കാര്യങ്ങൾ കായീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും.

 1. മാവിന്റെ ചുവട്ടിൽ ഉള്ള മണ്ണ് നന്നായി ഇളക്കി മറിക്കുക. അപ്പോൾ അതിൽ ഉള്ള പ്യൂപ്പകൾ വെയിൽ കൊണ്ട് നശിച്ചുപോവുകയും പക്ഷികളും മറ്റും കൊത്തിത്തിന്നുകയും ചെയ്യും.
 2. പുഴു ഉള്ള മാങ്ങ ആഴത്തിൽ കുഴിച്ചിടുക
 3. മാങ്ങ മൂപ്പ്‌ എത്തി വിളഞ്ഞാൽ ഉടൻ പറിക്കുക. എന്നിട്ട് ചെറിയ ചൂടുവെള്ളത്തിൽ (50Oc) ഉപ്പിട്ട് അതിൽ പതിനഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. അപ്പോൾ അതിൽ ഉള്ള മുട്ടകളെല്ലാം നശിച്ചുപോകും. പിന്നീട് തുടച്ച് പൊതിഞ്ഞ് പഴുക്കാൻ വയ്ക്കുക.
കായീച്ച

കണ്ണപുരം ‘നാട്ടുമാവ് പൈതൃകഗ്രാമം’

കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമത്തിലെ മാമ്പഴ സ്നേഹികൾ പല വീട്ടുവളപ്പുകളിൽ ആയി ഇരുന്നൂറോളം നാടൻ മാവിനങ്ങൾ വളർത്തി സംരക്ഷിക്കുന്നുണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിലെ (NBPGR) ശാസ്ത്രജ്ഞർ ഇവിടെ വന്ന് പഠനം നടത്തിയിട്ടുണ്ട്. ഇവിടെനിന്നും 102 മാവിനങ്ങളുടെ വിത്ത് ICAR ന്റെ  ഡൽഹിയിലെയും ബംഗളുരുവിലെയും വെള്ളാനിക്കരയിലെയും കേന്ദ്രങ്ങളിൽ നട്ടുവളർത്താനായി  കൊണ്ടുപോയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 22ന് കണ്ണപുരം ‘നാട്ടുമാവ് പൈതൃകഗ്രാമ’മായി പ്രഖ്യാപിച്ചു. പോഷക സമ്പുഷ്ടിയിലും വൈവിദ്ധ്യത്തിലും കാഴ്ച ഭംഗിയിലും രുചിയിലും മുന്നിട്ടു നിൽക്കുന്നത്‌ കൊണ്ടാകാം മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്ന് വിളിക്കുന്നത്.

കണ്ണപുരത്തെ മാങ്ങവൈവിധ്യം കടപ്പാട് deccanherald.com

അധികവായനയ്ക്ക്

അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷം 2021

Happy
Happy
80 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
10 %
Surprise
Surprise
0 %

Leave a Reply

Previous post ജനിതകക്കൂട്ടിലെ മറിമായങ്ങള്‍ -ഡോ. ഷോബി വേളേരി
Next post പോൾ ജോസഫ് ക്രൂട്ട്സെനും, ആന്ത്രോപ്പോസീൻ കാലഘട്ടവും
Close