ഡോ.ദീപ.കെ.ജി
മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ടു 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരെയുള്ള വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.
ബ്രിട്ടീഷ് കമ്പനിയായ ഗ്ലാസോസ്മിത്ത് ക്ളൈൻ (GlaxoSmithKline) വികസിപ്പിച്ച മോസ്ക്വിറിക്സ് (Mosquirix) അഥവാ RTS,S/AS01 എന്നറിയപ്പെടുന്ന വാക്സിനാണ് ലോകാരോഗ്യ സം ഘടന അംഗീകരിച്ചത്. കുട്ടികൾക്കാണ് ഇതാദ്യം നൽകുക.
അഞ്ചു തരത്തിലുള്ള മലേറിയ പാര സൈറ്റുകളിൽ ഏറ്റവും മാരകമായ പ്ലാസ്മോഡിയം ഫാൽസിപറത്തിനെതിരായാണ് ഈ വാക്സിൻ പൊരുതുന്നത്.
1987-ൽ തന്നെ ഈ വാക്സിൻ നിർമിച്ചിരുന്നുവെങ്കിലും 30 വർഷം നീണ്ട പഠനങ്ങൾക്കൊടുവിൽ 2019 മുതലാണ് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയത്. പൈലറ്റ് പ്രോഗ്രാമിലൂടെ ഘാന, കെനിയ, മലാവി മുതലായ ആഫ്രിക്കൻ രാജ്യങ്ങളിലെ 8 ലക്ഷത്തോളം വരുന്ന കുട്ടികളിൽ വാക്സിന്റെ പ്രവർത്തനം നിരീക്ഷിച്ചു വരികയായിരിന്നു. വർഷംതോറും പതിനായിരക്കണക്കിന് കുട്ടികളാണ് ഇവിടെ മലേറിയ പിടിപെട്ടു മരിക്കുന്നത്. മലേറിയ മരുന്നുകളുടെ കൂടെ മോസ്ക്വിറിക്സ് വാക്സിൻ കൊടുക്കുമ്പോൾ രോഗികളുടെ മരണത്തിൽ 70 ശതമാനത്തോളം കുറവുണ്ടായതായി കണ്ടെത്തി. കരളിലെ കോശങ്ങളെ ബാധിക്കുന്നതിനു മുമ്പേ തന്നെ പാരാസൈറ്റിനെ പ്രതിരോധിക്കാൻ ഈ വാക്സിനിലൂടെ സാധിക്കുന്നു. മലേറിയയെ പ്രതിരോധിക്കുന്നതിനോടൊപ്പം കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്-ബിക്കെതിരെയും മോസ്ക്വിറിക്സ് ഫലപ്രദമാണ്.
നവംബർ 2021 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്
അവലംബം
അധിക വായനയ്ക്ക്