Read Time:8 Minute

സുനന്ദ എൻ
ഗവേഷണ വിദ്യാർത്ഥിനി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കേൾക്കാനിടയായ പദം ആണ് മാഡൻ ജൂലിയൻ ഓസിലേഷൻ (Madden–Julian oscillation). അതിന്റെ അനുകൂല ഘട്ടം ഇന്ത്യൻ മൺസൂണിനെ ബാധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന സൈക്ലോണുകൾക്കു ശക്തി പ്രാപിക്കാൻ സഹായകരമാവുകയും ചെയുന്നു. എന്താണ് മാഡൻ ജൂലിയൻ ഓസിലേഷനെന്നും അതിന്റെ പ്രഭാവങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

1971 ൽ ശാസ്‌ത്രജ്ഞന്മാരായ റോളണ്ട് മാഡനും (Roland Madden) പോൾ ജൂലിയനും (Paul Julian) ചേർന്നാണ് മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) എന്ന പ്രതിഭാസം ആദ്യമായി തിരിച്ചറിഞ്ഞത്. ഏകദേശം 30 മുതൽ 60 ദിവസം കൊണ്ട് ഭൂമധ്യരേഖക്കടുത്തുള്ള മേഘങ്ങളുടെയും മഴയുടെയും കിഴക്കോട്ട് നീങ്ങുന്ന ഒരു “PULSE” ആയി MJO യെ വിശേഷിപ്പിക്കാവുന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു ഭാഗത്തു നിന്നും ആരംഭിച്ചു പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു തിരിച്ചെത്തുന്ന ഒരു തുടർ പ്രതിഭാസമാണ് MJO.

എൽ നിനോയേക്കുറിച്ചു നിങ്ങൾ കേട്ടിരിക്കും. ഇത് പസിഫിക് സമുദ്രത്തിൽ സംഭവിക്കുന്ന ഒരു അചലമായ (stationary) പ്രതിഭാസമാണ്. അതായത് സമയം മാറുന്നതനുസരിച്ചു ഇതിന്റെ സ്ഥാനത്തിന് വ്യത്യാസമുണ്ടാവുന്നില്ല. ഒരു ദിവസം മുഴുവൻ ഒരു സ്റ്റേജിന്റെ മധ്യത്തിൽ ഒരാൾ exercise bicycle ചവിട്ടുന്നതായി സങ്കല്പിക്കുക. ഇനി മറ്റൊരാൾ സ്റ്റേജിന്റെ ഇടത് വശത്തിലൂടെ പ്രവേശിക്കുന്നതായും സ്റ്റേജിലുടനീളം പതുക്കെ സൈക്കിൾ ചവിട്ടുന്നതായും   സങ്കല്പിക്കുക. ഈ സൈക്കിൾ ക്രമേണ സ്റ്റേജിന്റെ മധ്യഭാഗത്ത് നിൽക്കുന്ന എൻസോ ബൈക്കിനെ മറികടക്കുകയും, വലതു ഭാഗത്തൂടെ സ്റ്റേജിനുപുറത്തേക്ക് കടക്കുകയും ചെയ്യും. ഈ രണ്ടാമത്തെ സൈക്കിൾ സവാരിക്കാരനെ MJO എന്ന് വിശേഷിപ്പിക്കാം. ഇയാൾ പലതവണ ഇടതു നിന്ന് വലതു ഭാഗത്തേക്കു കടന്നുപോകുന്നു. എൽ നിനോയിൽ നിന്ന് വ്യത്യസ്തമായി, ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മേഘങ്ങൾ, മഴ, കാറ്റ്, മർദ്ദം എന്നിവയുടെ ഒരു പ്രസ്തുത സ്ഥാനത്തിൽ നിന്ന് ആരംഭിച്ച് ശരാശരി 30 മുതൽ 60 ദിവസത്തിനുള്ളിൽ അതേ സ്ഥാനത്തേക്ക് മടങ്ങിവരുന്ന ഒരു കിഴക്കു ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്ന പ്രതിഭാസമാണ് MJO. ഒരു സീസണിനുള്ളിൽ‌ ഒന്നിലധികം MJO ഇവന്റുകൾ‌ ഉണ്ടാകാം, അതിനാൽ‌ MJO യെ ഒരു intra seasonal tropical climate variability എന്ന് വിളിക്കുന്നു.

ഒരു MJO ഇവന്റിൽ രണ്ട് പ്രധാന ഘട്ടങ്ങൾ അല്ലെങ്കിൽ phase ഉണ്ട്. ഒന്ന് മെച്ചപ്പെട്ട മഴ ലഭിക്കുന്ന (enhanced rainfall) അല്ലെങ്കിൽ സംവഹനപ്രക്രിയ കൂടിയ (convective) ഘട്ടം, മറ്റൊന്ന് മഴ കുറഞ്ഞു നിൽക്കുന്ന അല്ലെങ്കിൽ സംവഹനം കുറഞ്ഞ ഘട്ടം (suppressed rainfall). അതിനാൽ ഒരു ശക്തമായ MJO event നടക്കുന്ന സമയത്തു ഭൂമിയിൽ ഒരു പ്രദേശത്തു ശക്തമായ മഴയും കാറ്റും ആണെങ്കിൽ മറ്റൊരുഭാഗത്തു തീരെ മഴയില്ലാത്ത അവസ്ഥയും അനുഭവപ്പെടുന്നു. ഈ പാറ്റേൺ മൊത്തമായി കിഴക്കുദിശയിൽ നീങ്ങുന്നു. മഴയുടെ ഈ വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങൾ 8 സ്റ്റേജുകളായി ശാസ്ത്രജ്ഞന്മാർ തരംതിരിച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കാം.

ചിത്രം: 1979–2012 മുതൽ നവംബർ മുതൽ മാർച്ച് വരെയുള്ള എല്ലാ MJO ഇവന്റുകളുടെയും ശരാശരി (average) മഴയിൽ നിന്നുള്ള വ്യത്യാസം എട്ട് ഘട്ടങ്ങളിൽ. Green ഷേഡിംഗ് ശരാശരിക്ക് മുകളിലുള്ള മഴയെ സൂചിപ്പിക്കുന്നു, brown ഷേഡിംഗ് ശരാശരി മഴയെക്കാൾ താഴെയാണ് കാണിക്കുന്നത്. പച്ച ഷേഡിംഗ് ഏരിയകൾ MJO യുടെ സംവഹനം കൂടിയ ഘട്ടത്തിന്റെ വ്യാപ്തിയും brown ഷേഡിംഗ് MJO യുടെ സംവഹനം കുറഞ്ഞ ഘട്ടത്തിന്റെ വ്യാപ്തിയും കാണിക്കുന്നു.

ഒരു MJO event അതിന്റെ active phase ൽ ആണെന്ന് പറയണമെങ്കിൽ, മെച്ചപ്പെട്ട / തടസ്സപ്പെട്ട (enhanced/suppressed) സംവഹന (convective) ഘട്ടങ്ങളുടെ ഈ ദ്വിധ്രുവം (dipole) ഉണ്ടായിരിക്കുകയും സമയത്തിനനുസരിച്ച് കിഴക്കോട്ട് മാറുകയും വേണം.

MJO ഉണ്ടാവാനുള്ള കാരണങ്ങൾ

ഒരു MJO അതിന്റെ മെച്ചപ്പെട്ട സംവഹന (convective) ഘട്ടത്തിൽ ആണെങ്കിൽ താഴെനിന്നും വായു ഒരു പോയന്റിലേയ്ക്ക് വന്നു ചേരുകയും (converge) മുകളിലേക്ക് ഉയർന്നു പൊങ്ങുകയും (rises) ചെയ്യുന്നു. ഇതിന്റെ ഫലമായി അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്തു, കാറ്റ് വിപരീതദിശയിൽ നീങ്ങുന്നു (diverge). അന്തരീക്ഷത്തിൽ വായു ഉയർന്നു പൊങ്ങുന്ന പ്രദേശത്തു മഴമേഘങ്ങൾ ഉണ്ടാവുകയും മഴ ലഭിക്കുകയും ചെയ്യുന്നു. എന്നാൽ സംവഹനപ്രക്രിയ കുറഞ്ഞ (suppressed convection) ഘട്ടത്തിലാണെങ്കിലോ, വായു അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്ത് വന്നു ചേരുകയും (converge) ചെയ്യുകയും താഴേക്ക് പതിക്കുകയും തുടർന്ന് അകന്നു പോകുകയും (diverge at surface) ചെയ്യുന്നു. ഉയരത്തിൽ (high altitudes) നിന്ന് വായു താഴേക്ക് വരൂമ്പോൾ, അത് ചൂടാകുകയും വരണ്ടു പോകുകയും (dry) ചെയ്യുന്നു, ഇത് മഴയെ തടസ്സപ്പെടുത്തുന്നു. (ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക). കിഴക്കോട്ടുള്ള സഞ്ചാരപാതയിൽ മെച്ചപ്പെട്ട (active) ഘട്ടത്തിൽ ഉഷ്ണമേഖലയിൽ കൂടുതൽ മഴയും, തടസ്സപ്പെട്ട ഘട്ടത്തിൽ കൂടുതൽ വെയിലോടുകൂടിയ വരണ്ട അവസ്ഥയും അനുഭവപ്പെടുന്നു.

MJO ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലാണെങ്കിൽ, അത് ഇന്ത്യൻ മൺസൂണിനെ അനുകൂലമായി ബാധിക്കുന്നു, അതായത് നല്ല മഴ ലഭിക്കുന്നു. എന്നാൽ അത് പസിഫിക് മഹാസമുദ്രത്തിന്റെ മുകളിൽ കൂടുതൽ സമയം നിലനില്കുകയാണെങ്കിൽ, ഇവ ഇന്ത്യൻ മൺസൂണിനെ പ്രതികൂലമായി ബാധിക്കുന്നു, അതായത് മഴ കുറയുന്നു.

കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന സൈക്ലോണുകൾ വളരെ വേഗത്തിൽ ശക്തിപ്രാപിക്കുന്നതിനും (rapid intensification) MJO യുടെ സാന്നിധ്യം അനുകൂല സാഹചര്യമായി കണക്കാക്കപ്പെടുന്നു. നിലവിൽ MJO active ഘട്ടത്തിലാണെന്നും ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപം കൊണ്ടിരിക്കുന്ന Nivar സൈക്ലോണും, അറബിക്കടലിൽ ന്യുനമർദ്ദമായി രൂപം കൊണ്ട് സൊമാലിയ (somalia) തീരത്തു അതിതീവ്ര ചുഴലിക്കാറ്റായി അടിക്കുകയും ചെയ്ത Gati സൈക്ലോണും ശക്തി പ്രാപിക്കാൻ പ്രധാന കാരണം MJO ആണെന്നും പറയപ്പെടുന്നു. ഇവയെ കൂടാതെ 2017 ൽ രൂപപ്പെട്ട Ockhi ചുഴലിക്കാറ്റും പെട്ടന്ന് ശക്തി ആർജിക്കാൻ സഹായകരമായത് MJO യുടെ active ഘട്ടമാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടി കാട്ടുന്നു.


വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
Next post വാക്‌സിൻ ലഭിച്ച മന്ത്രിക്ക് കോവിഡ് ബാധിച്ചത് എന്തുകൊണ്ട് ?
Close