Read Time:19 Minute

ബി.രമേശ്

അമേരിക്ക കണ്ട ഏറ്റവും വലിയ രാസമലിനീകരണ ദുരന്തവും, ആ ദുരന്തത്തിന് ഇരയാവുകയും അതിജീവിക്കുകയും ചെയ്ത ലൂയിസ് ഗിബ്സിന്റെ ഇടപെടലുകളും നമ്മുടെ പരിസ്ഥിതി അവബോധം വളർന്നുവന്ന വഴികൾ കാട്ടി തരുന്നു.

മനുഷ്യരാശിയുടെ മുന്നിൽ ഏറ്റവും ഒടുവിലായി അനാവരണം ചെയ്യപ്പെട്ട ശാസ്ത്രശാഖയാണ് പരിസ്ഥിതി ശാസ്ത്രം. കഷ്ടിച്ച് അരനൂറ്റാണ്ടു മാത്രം പ്രായമുള്ള ഈ ശാസ്ത്രശാഖ ഇന്ന് മനുഷ്യനിലനിൽപ്പിന്റെ കേന്ദ്ര ശാസ്ത്രമായാണ് മനസിലാക്കപ്പെടുന്നത്. ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം, ഭൗമ ശാസ്ത്രം തുടങ്ങി പ്രകൃതിയുടെ അടിസ്ഥാന ശാസ്ത്രങ്ങളും അവയുടെ അനവധി അവാന്തരവിഭാഗങ്ങളും മറ്റ് പ്രയോഗശാസ്ത്രങ്ങളും പരിസ്ഥിതി ശാസ്ത്രത്തിൽ സമ്മേളിക്കുന്നു. സാമൂഹ്യശാസ്ത്രങ്ങളായ സോഷ്യോളജിയും, ചരിത്ര പഠനവും, സമ്പദ് ശാസ്ത്രവും ജ്ഞാനമണ്ഡലത്തിൽ പലയിടങ്ങളിലും പരിസ്ഥിതി ശാസ്ത്രവുമായി ഇഴചേർന്നു കിടക്കുന്നു.

പാശ്ചാത്യ നാടുകളിൽ മുഖ്യമായും അമേരിക്കൻ ഐക്യ നാടുകളിൽ 1960-70 കാലത്താണ് പരിസ്ഥിതി ശാസ്ത്രശാഖ രൂപമെടുക്കുന്നത്. രണ്ട് നൂറ്റാണ്ട് കാലത്തെ മുതലാളിത്ത വികസന രീതികളാണ് അതിന് കളമൊരുക്കിയത് എന്ന് പറയാം. അമേരിക്കൻ മറൈൻ ബയോളജിസ്റ്റ് റെയ്ച്ചൽ കാഴ്സൺ1964ൽ ക്യാൻസർ ബാധിച്ച് മരണമടയുമ്പോഴേയ്ക്കും തന്റെ ജീവിതവും, രചനകളും നിരവധി ശാസ്ത്രാന്വേഷണങ്ങളും വഴി പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള ബൂർഷ്വാ ധാരണകൾക്ക് വെല്ലുവിളി ഉയർത്തിക്കഴിഞ്ഞിരുന്നു. Nature is the Inorganic Body of Man*(പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്) എന്ന ഇടതുപക്ഷ ധാരണ മനുഷ്യനും ചരാചരപ്രകൃതിയുമായുള്ള ബന്ധം സംബന്ധിച്ച് ഉൾക്കാഴ്ച നൽകാൻ പോന്നതാണ്.

വാഹന മലിനീകരണം മൂലമുണ്ടായ ദി ഗ്രേറ്റ് ലോസ് ആഞ്ചലസ് സ്മോഗ്, വാഷിംഗ്ടൺ സ്മോഗ്, ലണ്ടൻ സ്മോഗ്, വ്യവസായവൽകൃത കൃഷി പുൽമേടുകളിലേൽപ്പിച്ച ആഘാതം ഉയർത്തിവിട്ട ദി ഗ്രേറ്റ് ഡസ്റ്റ് ബൗൾ, അനിയന്ത്രിതമായ ഇരുമ്പുരുക്ക് വ്യവസായശാലകൾ പുറത്തുവിട്ട പിറ്റ്സ് ബർഗ് നഗരത്തിലെ കറുത്ത പുക ഇങ്ങനെ നിരവധി പാരിസ്ഥിതിക ദുരന്തങ്ങളിൽ നിന്നും മനവരാശി പഠിച്ച പാഠങ്ങളാണ് പരിസ്ഥിതി ശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് ജന്മം നൽകിയത്. അത്തരത്തിൽ അമേരിക്ക കണ്ട ഏറ്റവും വലിയ രാസമലിനീകരണ ദുരന്തവും, ആ ദുരന്തത്തിന് ഇരയാവുകയും അതിജീവിക്കുകയും ചെയ്ത ലൂയിസ് ഗിബ്സിന്റെ ഇടപെടലുകളും നമ്മുടെ പരിസ്ഥിതി അവബോധം വളർന്നുവന്ന വഴികൾ കാട്ടി തരുന്നു.

ലൂയിസ് ഗിബ്സ്

1976ലെ ഒരു മഴക്കാല സായാഹ്നത്തിലാണ് ലൂയിസ് ഗിബ്സ് എന്ന സാധാരണക്കാരിയായ അമേരിക്കൻ വീട്ടമ്മയുടെ ജീവിതം മാറ്റിമറിക്കുന്ന ആ സംഭവം ഉണ്ടാകുന്നത്. നായാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള അതി മനോഹരമായ നഗരത്തിലേക്ക് ഗിബ്സിന്റെ കുടുംബം താമസം മാറിയിട്ട് ഒരു വർഷമാകുന്നേയുള്ളു. നയാഗ്ര ഫാൾസ് ബോർഡ് ഓഫ് എജ്യുക്കേഷൻ നടത്തുന്ന സ്കൂളിൽ മൂന്ന് മാസങ്ങൾക്കു മുമ്പ് മകൻ കുഞ്ഞു ടോമിന് പ്രവേശനം ലഭിച്ചതോടെ എല്ലാം സ്വസ്ഥമായി വരികയായിരുന്നു. മറക്കാനാവാത്ത ആ ദിവസം സ്കൂളിൽ നിന്നും കുഞ്ഞു ടോം വന്നത് പൊള്ളലേറ്റ കൈകളുമായിട്ടായിരുന്നു. ടോമിന്റെ തൊലിപ്പുറത്ത് അങ്ങിങ്ങ് കാണപ്പെട്ട നിറവ്യത്യാസം ആ അമ്മയെ അസ്വസ്ഥയാക്കി. ബോർഡ് സ്കൂളിൽ ചേർന്നശേഷം ഓരോരോ അസുഖങ്ങൾ മൂലം ഇന്നാളുകളിൽ കുഞ്ഞ് ടോമിന് അധികം ദിവസമൊന്നും ക്ലാസിൽ പോകാനായിട്ടില്ല. കൂടുതൽ പരിശോധനയും ചോദ്യം ചെയ്യലും കഴിഞ്ഞപ്പോൾ കൂട്ടുകാരോടൊപ്പം മകൻ സ്കൂൾ മുറ്റത്ത് കെട്ടി കിടന്ന മഴ വെള്ളത്തിൽ കളിക്കുക പതിവാണെന്ന് ഗിബ്സ് മനസിലാക്കി. പ്രശ്നം ഗൗരവമുള്ളതല്ലെന്ന തോന്നലോടെ മറ്റ് പണികളിലേക്ക് തിരിഞ്ഞ ആ വീട്ടമ്മയുടെ മനസിലേക്ക് ആഴ്ചകൾക്ക് മുൻപ് യാദൃച്ഛികമായി വായിക്കാനിടയായ ഒരു ലേഖനത്തിന്റെ ഒർമകളെത്തി. പ്രാദേശിക പത്രത്തിൽ വന്ന ഒരു ഫീച്ചറാണത്. അവർ താമസിക്കുന്ന ലൗവ് കനാൽ എന്ന മനോഹര നഗരത്തെക്കുറിച്ചും സ്കൂളിനെ കുറിച്ചുമായിരുന്നു പത്രത്തിലെ ഫീച്ചർ. നയാഗ്ര ഫാൾസ് സ്കൂൾ ബോർഡിന് സ്കൂളുപണിയുന്നതിനായി ഉദ്ദേശം നൂറ് ഏക്കർ സ്ഥലം നൽകിയത് ഹൂക്കർ കെമിക്കൽ കമ്പനിയാണെന്നും എന്നാൽ കമ്പനി അതിനായി കൈപ്പറ്റിയത് ഒരു ഡോളർ മാത്രമാണെന്നും വായിച്ചത് ഗിബ്സിന്റെ ഓർമയിലെത്തി. കൗതുകകരമായി തോന്നിയ മറ്റൊരു വിവരം കമ്പനി സ്കൂൾ ബോർഡിന്റെ കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങിയ ഒരു കരാറിലെ വാചകങ്ങളാണ്. ഈ ഇടപാട് മൂലം യാതൊരു കഷ്ടനഷ്ടങ്ങൾക്കും കമ്പനി ഉത്തരവാദിയായിരിക്കില്ലത്രെ! നിസ്സാര വിലയ്ക്ക് നൽകിയ ഒരു സ്ഥലത്തിനു മുകളിൽ കമ്പനി ഇത്ര ഗൗരവമുള്ള ഒരു അണ്ടർടേക്കിംഗ് എന്തിന് എഴുതി വാങ്ങിച്ചു എന്നത് ലൂയിസ് ഗിബ്സിന് ദുരൂഹമായി തോന്നി. മകന്റെ തുടർച്ചയായ അസുഖം ഉണ്ടാക്കിയ അസ്വസ്ഥതയായിരിക്കാം ലൂയിസ് ഗിബ്സിനെ ലവ് കനാലിന്റെ ചരിത്രം തേടുന്നതിലെത്തിച്ചത്.

1890 കളുടെ അവസാന കാലം. അമേരിക്കയിൽ ധാരാളമായി ജനവാസ സെറ്റിൽമെന്റുകൾ ഉണ്ടാകുന്ന കാലം. വില്യം ടി ലൗവ് എന്ന വൻകിട ബിസിനസുകാരന്റെ സ്വപ്നമായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തായി ഒരു സ്വയം സമ്പൂർണ ജനവാസ നഗരം. മനോഹരമായ പൂന്തോട്ടങ്ങളും കളിസ്ഥലങ്ങളും, സ്കൂളുകളും റോഡുകളും, വ്യാപാര സ്ഥാപനങ്ങളും തുടങ്ങി എന്തിന് ,ആ കാലത്ത് അപ്രാപ്യമായ വൈദ്യുതിവരെ ഈ നഗരത്തിലുണ്ടാകും. വില്യം ലൗവിന്റെ ഈ പദ്ധതി സ്വാഭാവികമായും നിക്ഷേപകർക്ക് ആകർഷകമായിരുന്നു. താമസക്കാർക്കുള്ള സെറ്റിൽമെൻറുകൾക്കു പുറമേ നയാഗ്ര നദിയിൽ ഒരു ഡി.സി ജനറേറ്റർ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പരിപാടിയായിരുന്നു പദ്ധതിയുടെ ഹൈലൈറ്റ്. ഇതിനായി മുകളിലും താഴെയുമുള്ള നദികൾ തമ്മിൽ 11 കിലോമീറ്റർ നീളത്തിൽ ഒരു കനാൽ നിർമ്മിച്ച് അക്കാലത്തെ ഡി.സി ജനറേറ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും.

ലൗ കനാല്‍ പ്രദേശം 1987 ലെ ഒരു ആകാശക്കാഴ്ച്ച കടപ്പാട് buffalonews.com

കനാലിന്റെ പണി ഒന്നര കിലോമീറ്റർ പിന്നട്ടപ്പോഴേക്കും മറ്റൊരു സാങ്കേതികവിദ്യാമുന്നേറ്റം ലൗവിന്റെ സ്വപ്നങ്ങൾക്ക് മേൽ ഇടിത്തീയായി. നിക്കോള ടെസ്ല എ.സി. കറന്റ് കണ്ടു പിടിച്ച് വൈദ്യുതി വലിയദൂരങ്ങളിലേക്ക് പ്രസരണം ചെയ്യാനുള്ള സങ്കേതം വികസിപ്പിച്ചത് ലൗവിന്റെ പദ്ധതിയുടെ ആകർഷണീയത കുറച്ചു. കൂടാതെ നദിയുടെ സ്വാഭാവിക ഗതി തിരിച്ചുവിടുന്നതിനെതിരെ പ്രാദേശിക ഗവൺമെന്റ് നിയമം കൊണ്ടുവന്നു. പദ്ധതിയിൽ നിന്നും നിക്ഷേപകർ കൂട്ടത്തോടെ പിൻമാറാൻ ഇത് കാരണമായി. വില്യം ലൗ കുറേ നാൾകൂടി തന്റെ സ്വപ്നത്തിന് പിന്നാലെ നിന്നെങ്കിലും 1910 ആയപ്പോഴേക്കും കനാൽ നിർമ്മാണവും നഗരനിർമാണ പദ്ധതിയും പൂർണായും ഉപേക്ഷിക്കപ്പെട്ടു. പ്രദേശവാസികൾ ബോട്ട് സവാരിക്കും, നീന്തലിനും, ജല വിനോദങ്ങൾക്കും കനാൽ ഉപയോഗിച്ചുവന്നിരുന്നു. നഗരവത്കരണം കൂടുതൽ മാലിന്യങ്ങൾ സൃഷ്ടിച്ചതിനാൽ 1920 ഓടെ നയാഗ്ര മുനിസിപ്പാലിറ്റി ലൗ കനാലിൽ മാലിന്യം നിക്ഷേപിക്കാനാരംഭിച്ചു. 1940 കളിൽ അമേരിക്കൻ ഗവൺമെന്റ് ലോകമഹായുദ്ധമാലിന്യങ്ങളും മാൻഹട്ടനിൽ നിന്നുള്ള അണുബോംബുനിർമ്മാണ അവശിഷ്ടങ്ങളും നിക്ഷേപിക്കാൻ തിരഞ്ഞെടുത്തത് ലൗ കനാലാണ് എന്ന് അവിടെ പഠനം നടത്തിയ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. 1952 ലാണ് ഈ സ്ഥലം ഹൂക്കർ കെമിക്കൽസ് വാങ്ങുന്നത്. ഫാക്ടറി മാലിന്യം നിക്ഷേപിക്കുക എന്നതായിരുന്നു അവരുടെയും ലക്ഷ്യം. ചവറുകൾക്കു മുകളിൽ കളിമണ്ണുകൊണ്ട് കനത്തിൽ ലൈനിംഗ് ഇട്ട ശേഷം അടച്ച ബാരലുകളിൽ 22000 ടൺ രാസമാലിന്യം കമ്പനി കുഴിച്ചിട്ടു. ഇതിന് മുകളിൽ മണ്ണിട്ട് മൂടി പുല്ല് വച്ച് പിടിപ്പിച്ച് 78 ഏക്കറും പരിസരവും അവർ മനോഹരമാക്കി. ആ കാലത്താണ് സ്കൂൾ വിപുലീകരിക്കാൻ നയാഗ്ര ഫാൾസ് എജ്യുക്കേഷൻ ബോർഡ് സ്ഥലം അന്വേഷിച്ച് വരുന്നത്. മണ്ണിനടിയിൽ കിടക്കുന്ന രാസമാലിന്യം തങ്ങൾക്കൊരു ബാധ്യതയാകരുതെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് 1953 ൽ സ്കൂൾ ബോർഡിന് ഹൂക്കർ കമ്പനി ചില വ്യവസ്ഥകൾ വച്ച് ‘സൗജന്യ’മായി ലൗ കനാൽ വിൽക്കുന്നത്.

1950 കളിൽ രാസ വ്യവസായത്തേക്കുറിച്ചുള്ള തിരിച്ചറിവ് അമേരിക്കൻ സമൂഹത്തിൽ പരിമിതമായിരുന്നു എന്നു മാത്രമല്ല രാസകീടനാശിനിയുടെ വൻതോതിലുള്ള ഉത്പാദനത്തിന് കാർഷികവ്യവസായ ലോബിയുടെ സമ്മർദ്ദവുമുണ്ടായിരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ശാസ്ത്രീയമായ അവബോധങ്ങൾ മനോഹരമായ രചനാശൈലിയിലൂടെ അനേകം വായനക്കാരിലേക്കെത്തിച്ച റേച്ചൽകാഴ്സണാണ് ആധുനിക പരിസ്ഥിതി അവബോധത്തിന് തുടക്കം കുറിച്ചത്. തന്റെ നാലാമത്തെ പുസ്തകമായ നിശബ്ദ വസന്ത(Silent Spring) ത്തിലൂടെ കീടനാശിനികളുടെ അതിരു കടന്ന ഉപയോഗം എങ്ങിനെ പരിസ്ഥിതിയേയും ജീവിവർഗങ്ങളുടെ നിലനിൽപ്പിനേയും ബാധിക്കുന്നു എന്ന് ഹൃദയസ്പർശിയായി – എന്നാൽ വിവരങ്ങളുടെ പിൻബലത്തോടെ – കാഴ്സൺ വിശദമാക്കുന്നു. 1962 ൽ ഈ പുസ്തകം പുറത്തിറങ്ങിയതോടെ കീടനാശിനി വ്യവസായ ലോബികളും രാസ വ്യവസായികളും റെയ്ച്ചൽ കാഴ്സണെതിരെ എല്ലാവിധ ആരോപണങ്ങളും ഉയർത്തിയിരുന്നു. പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കു മാത്രമല്ല പരിസ്ഥിതി ശാസ്ത്ര(Environment Science) ത്തിനും ഈ സംവാദങ്ങൾ തുടക്കം കുറിച്ചു. റേച്ചൽകാഴ്സൺ പുറത്തു കൊണ്ടുവന്ന ശാസ്ത്രവസ്തുതകളുടെ വെളിച്ചത്തിലാണ് ശക്തമായ പരിസ്ഥിതി നിയമങ്ങൾ അമേരിക്കയിൽ നിലവിൽ വന്നത്. സ്വതന്ത്ര സ്വഭാവമുള്ള ശക്തമായ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (EPA) രൂപീകരിക്കപ്പെടുന്നതും ഇതിന്റെ തുടർച്ചയായാണ്.

അമേരിക്കയിലന്നു നടന്ന സംവാദങ്ങളും വിവരങ്ങളുടെ വ്യാപകമായ വിനിമയവും ലൂയിസ് ഗിബ്സിന്റെ പരിസ്ഥിതി ധാരണകളെ രൂപപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങൾ മനസ്സാക്കിയതോടെ തന്റെ മകനെ സ്കൂളിൽ നിന്നും മാറ്റുന്നതിന് ഗിബ്സ് ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. ഗത്യന്തരമില്ലാതെ ആ അമ്മ ആളുകളെ ബോധവൽക്കരിക്കാൻ അയൽ വീടുകൾ സന്ദർശിക്കാൻ തീരുമാനിച്ചു. എന്നാൽ മറ്റൊരു ഞെട്ടിക്കുന്ന തിരിച്ചറിവ് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. പോകുന്ന അയൽപക്കങ്ങളിലെല്ലാം ധാരാളം രോഗികൾ! ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികൾ, ഗർഭമലസിപ്പോകുന്ന അമ്മമാർ, വൈകല്യത്തോടെ പിറക്കുന്ന കുഞ്ഞുങ്ങൾ, പല വീടുകളിലും കാൻസർ ബാധിച്ച ആളുകൾ… ഗിബ്സ് എന്ന സാധാരണക്കാരിയായ വീട്ടമ്മ സ്വയം അറിയാതെ ഒരു പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായി മാറുകയായിരുന്നു. അവർ ഏറ്റുമുട്ടിയതാകട്ടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാസമാലിന്യ ദുരന്തത്തോടും! ലൗവ് കനാൽ ഹോം ഓണേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് മുഖ്യമായും വീട്ടമ്മമാരുടെ സമരമായി തുടങ്ങി ലൗ കനാൽ പ്രക്ഷോഭം പ്രവിശ്യയിലെ മുഴുവൻ ജനങ്ങളിലേക്കും ക്രമേണ ദേശീയ തലത്തിലേക്കും വളർന്നു. ബേബിട്രോളി തള്ളിക്കൊണ്ടു നടത്തിയ സമരങ്ങളും, ഗർഭിണികളേയും കുട്ടികളേയും അണിനിരത്തി നടത്തിയ സമരങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ മുറിക്കുള്ളിൽ പൂട്ടിയിട്ട് നടത്തിയ സമരം വിവാദമായി മാറി.

ലൂയിസ് ഗിബ്സ് സമരത്തിന്റെ മുൻനിരയിലും, മാധ്യമ ചർച്ചകളിൽ സ്ഥിരസാന്നിദ്ധ്യവുമായി നിന്ന് ജനമുന്നേറ്റം സജീവമാക്കി തന്നെ വർഷങ്ങളോളം നില നിർത്തി. പ്രകൃതിയും പരിസ്ഥിതിയും രാസ മലിനീകരണവും അവരുടെ പഠന വിഷയങ്ങളായി. മാധ്യമ ചർച്ചകളിൽ അവർ മുന്നാട്ടുവച്ച വസ്തുതകൾ എതിരാളികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നേരിട്ട് ഇടപെട്ട് ലൗ കനാൽ എമർജൻസി ഫണ്ട് പ്രഖ്യാപിച്ചു. അമേരിക്കൻ എമർജൻസി ഫണ്ട് പ്രകൃതിദുരന്തമല്ലാത്ത ഒരു കാര്യത്തിനായി ആദ്യമായി ചിലവാക്കപ്പെട്ടു എന്നതും ചരിത്ര സംഭവമാണ്. സ്കൂൾ അടച്ചു പൂട്ടിയും 800 ഓളം താമസക്കാരെ പുനരധിവസിപ്പിച്ചും അർഹമായ നഷ്ടപരിഹാരം നൽകിക്കൊണ്ടുമാണ് പ്രക്ഷോഭം അവസാനിച്ചത്. ആരോഗ്യ-പരിസ്ഥിതി വകുപ്പ് ലൗവ് കനാലിൽ നടത്തിയ മണ്ണ്-ജല-വായു രാസപരിശോധനകളിൽ കാൻസറിന് കാരണമാകുന്ന ബെൻസീൻ, ക്ലോറോഫോം, ടുളീൻ, ഡയോക്സിൻ തുടങ്ങി ഇരുപതോളം രാസ സംയുക്തങ്ങളുൾപ്പടെ 200ൽ അധികം മറ്റ് രാസവസ്തുക്കളുടെ അപകടകരമായ തോതിലുള്ള സാന്നിദ്ധ്യം തിരിച്ചറിയുകയുണ്ടായി. അമേരിക്കൻ കോൺഗ്രസ് രാസമാലിന്യ ഉത്തരവാദിത്വ ബിൽ – സൂപ്പർ ഫണ്ട് ബിൽ – പാസാക്കുന്നതിനും ഈ സംഭവങ്ങൾ കാരണമായി. പ്രസിഡന്റിന്റെ പ്രത്യേക പരാമർശം ലഭിച്ച ലൂയിസ് ഗിബ്സ് ഇന്ന് അമേരിക്കയിൽ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണ്. ഗിബ്സ് മുൻകൈയെടുത്ത് സ്ഥാപിച്ച പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ ഹസാർഡസ് വെയ്സ്റ്റ് കൈകാര്യം ചെയ്യുന്നതിന് പരിസ്ഥിതി പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. രാസമാലിനീകരണം നടന്നിരുന്ന പതിനായിരക്കണക്കിന് ഇടങ്ങൾ തിരിച്ചറിയാനും ആയിരക്കണക്കിന് സ്ഥലങ്ങൾ മലീനീകരണ മുക്തമാക്കാനും പ്രാദേശിക സർക്കാരുകളേയും പരിസ്ഥിതി പ്രവർത്തകരേയും സംഘടന ഇതിനോടകം സഹായിച്ചിട്ടുണ്ട്.

അളവറ്റ ലാഭം കുമിഞ്ഞു കൂട്ടാനായി മൂലധനം കുതിച്ചു പായുന്ന നിയന്ത്രണമില്ലാത്ത വഴികളിൽ മനുഷ്യജീവിതത്തോടൊപ്പം പ്രകൃതിയും ഇന്നും ചതഞ്ഞരഞ്ഞുകൊണ്ടേയിരിക്കുന്നു. “മണ്ണിനേയും തൊഴിലാളിയേയും ഒരുപോലെ അടിതുരന്നു തകർത്തുകൊണ്ടാണ് മുതലാളിത്ത ഉത്പാദനം ഉത്പാദനത്തിന്റെ സാമൂഹിക സംഘാടനത്തേയും സാങ്കേതിക വിദ്യകളേയും വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്”. ‘ഗ്രുണ്ട്റൂസി’ൽ നിന്നുള്ള മാർക്സിന്റെ ഈ വരികൾ പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള ഇടപെടലുകൾ മുതലാളിത്തത്തിനെതിരെയുള്ള രാഷ്ട്രീയ സമരങ്ങളായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post കുറുക്കനെ കണ്ടവരുണ്ടോ ?
Next post പൂപ്പലുകളിലെ മന്ത്രവാദി
Close