Read Time:9 Minute

പ്രണയദിനത്തിൽ  ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി പുഷ്പം കൈമാറുന്നു. 2018-ലെ സൊസൈറ്റി ഓഫ് അമേരിക്കൻ ഫ്ലോറിസ്റ്റിക്സിന്റെ കണക്കനുസരിച്ച് വാലന്റൈൻസ് ദിനത്തിനായി പ്രതിവർഷം 250 ദശലക്ഷത്തിലധികം പൂക്കൾ ഉത്പാദിപ്പിക്കുന്നു. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട പൂക്കളുടെ കൈമാറ്റം പത്തൊൻപതാം  നൂറ്റാണ്ടു മുതൽ നടന്നിരുന്നു. വിക്ടോറിയക്കാർ പ്രണയദിനത്തിൽ സന്ദേശങ്ങൾ കൈമാറാൻ പൂച്ചെണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ പൂക്കളിലൂടെയുള്ള ആശയവിനിമയത്തെ  “ഫ്ലോറിയോഗ്രാഫി” (Floriography) എന്നാണ് അറിയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിൽ തുർക്കിയിലാണ് ഇതിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്. ഫ്ലോറിയോഗ്രാഫിയെ ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യങ്ങളുണ്ട്. റോസാപ്പൂക്കൾ വിരിച്ച പരവതാനിയിൽ വെച്ചാണ് ആന്റണിയുടെയും  ക്ലിയോപാട്രയുടെ കണ്ടുമുട്ടൽ നടന്നതെന്ന് ഐതിഹ്യം പറയുന്നു. പ്രണയിതാക്കളുടെ പ്രിയപുഷ്പമായ റോസാപ്പൂക്കൾക്ക് ശക്തമായ പ്രതീകാത്മകതയുണ്ട്. നൂറ്റാണ്ടുകളായി ചുവന്ന റോസാപ്പൂക്കളാണ് റൊമാന്റിക് ആശയവിനിയത്തിലെ പ്രധാനി. കേറ്റ് ഗ്രീൻവേ (Kate Greenway)  തന്റെ പുസ്തകമായ ദി ലാംഗ്വേജ് ഓഫ് ഫ്ലവേഴ്സിൽ (The language of Flowers) ചുവന്ന റോസാപ്പൂക്കളുടെ ഈ  റൊമാന്റിക് പദവിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.

റോസാപ്പൂക്കൾ 5,000 വർഷങ്ങൾക്ക് മുമ്പാണ് കിഴക്കൻ ഏഷ്യയിൽ വ്യാപകമായി കൃഷിചെയ്യാൻ തുടങ്ങിയത്. റോമൻ കാലഘട്ടത്തിൽ ഈ കൃഷിയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരുന്നു; ഇത് മിഡിൽ ഈസ്റ്റിൽ വളർത്തുകയും സുഗന്ധദ്രവ്യം, പാർട്ടി അലങ്കാരം, മരുന്ന് എന്നിവയ്ക്കായി ഉപയോഗിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇന്ന് നാം കാണുന്ന റോസാപ്പൂക്കളിൽ ഭൂരിഭാഗവും 1700 കളുടെ അവസാനത്തിൽ യൂറോപ്പിൽ നിന്നും വന്നവയാണ്. ഇന്ന് കാണുന്ന ആധുനിക റോസാപ്പൂക്കൾ  ഏഴ് മുതൽ പതിനഞ്ച് വരെ വന്യ ഇനങ്ങളുടെ സങ്കീർണ്ണമായ സങ്കരയിനങ്ങളാണ്. ഇന്ന് ലോകത്താകെ 30,000 ൽ പരം റോസാ ഇനങ്ങൾ കൃഷിചെയ്യുന്നുണ്ട്. 

എന്തുകൊണ്ടാണ് റോസാപുഷ്പ്പങ്ങൾ ഇത്രയധികം നിറങ്ങളിൽ കാണുന്നത്? ചുവപ്പ്, പിങ്ക്, വെള്ള, മഞ്ഞ, ഓറഞ്ച് തുടങ്ങി  വൈവിധ്യമാർന്ന നിറങ്ങൾ ഉണ്ടാകാൻ കാരണം പിഗ്മെന്റുകളുടെ വ്യത്യാസം കൊണ്ടാണ്. ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന പ്രകൃതിദത്ത പിഗ്മെന്റുകൾ ഇതളുകളുടെ നിറം നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. സയാനിഡിൻ, ഡെൽഫിനിഡിൻ, മാൽവിഡിൻ, പെലാർഗോണിഡിൻ, പയോണിഫ്ലോറിൻ, പെറ്റുനിഡിൻ എന്നിവയാണ് പ്രധാന ആന്തോസയാനിനുകൾ. കൂടാതെ മണ്ണ്, കാലാവസ്ഥ, ജനിതക ഘടന എന്നിവയെല്ലാം റോസാപ്പൂവിന്റെ നിറം നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ഇരുമ്പ് കൂടുതലുള്ള മണ്ണ് ചുവപ്പ് നിറമുള്ള റോസാപ്പൂക്കൾ ഉത്പാദിപ്പിക്കും, അതേസമയം മഗ്നീഷ്യം കൂടുതലുള്ള മണ്ണ് മഞ്ഞ റോസാപ്പൂക്കൾ ഉത്പാദിപ്പിക്കും. റോസാപ്പൂവിന്റെ ജനിതക കോഡ്  ഇതളുകളുടെ നിറവും പുഷ്പത്തിന്റെ വലുപ്പവും ആകൃതിയും പോലുള്ള മറ്റ് സവിശേഷതകളും നിയന്ത്രിക്കുന്നു.

Pollinating Rose | Vibrant colors, Pollination, Rose

റോസാപ്പൂക്കൾ ഇത്രയധികം ആകർഷകമായ നിറങ്ങളിൽ കാണപ്പെടുന്നതിനുള്ള പരിണാമപരമായ കാരണം പരാഗണം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ്. ചുവന്ന റോസാപ്പൂക്കൾ കൂടുതലായും സന്ദർശിക്കുന്നത്  തേനീച്ചകളാണ്, നിറവും മധുരമുള്ള തേനുമാണ് ഇവയുടെ പ്രധാന ആകർഷണം. ചിത്രശലഭങ്ങൾ, ഹോവർഫ്ലൈകൾ തുടങ്ങിയയാണ് പിങ്ക് നിറങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നത്. നിശാശലഭങ്ങളും ഈച്ചകളും പലപ്പോഴും വെളുത്ത റോസാപൂക്കളിൽ പരാഗണം നടത്തുന്നു, നിറത്തേക്കാൾ അവയുടെ ഗന്ധവും ആകൃതിയുമാണ് പ്രധാന ആകർഷണം. മഞ്ഞ നിറത്തിലുള്ള റോസാപ്പൂക്കളിലെ തിളക്കമുള്ള  ഇതളുകൾ പരാഗണം നടത്തുന്നവർക്ക് ലാൻഡിംഗ് പാഡുകളായി വർത്തിക്കുന്നു, ഇത് പൂമ്പൊടി കാര്യക്ഷമമായി ശേഖരിക്കാൻ അനുവദിക്കുന്നു, വലിയ തേനീച്ചകലാണ് ഇവിടെ  പ്രധാന സന്ദർശകർ. ധാരാളം തേൻ അടങ്ങിയ ഓറഞ്ച് റോസാപൂക്കൾ തേനീച്ചകൾ, ചിത്രശലഭങ്ങൾ, ഹമ്മിംഗ് പക്ഷികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരാഗണം പ്രോത്സാഹിപ്പിക്കുന്നു. പർപ്പിൾ നിറത്തിലുള്ള റോസാപൂക്കൾ ഹോവർഫ്ലൈകളെ ആകർഷിക്കുന്നു. 

റോസാപ്പൂവിന്റെ പ്രണയദിന സന്ദേശം

“നിങ്ങളുടെ അതിലോലമായ സ്പർശനവും സൗമ്യമായ പറക്കലും എന്റെ നിലനിൽപ്പിന് ജീവൻ നൽകുന്നു. ഓരോ സന്ദർശനത്തിലും, നിങ്ങൾ എന്റെ പൂമ്പൊടിയെ പുതിയ ചക്രവാളങ്ങളിലേക്ക് പരാഗണം ചെയ്യുന്നു, എന്റെ പാരമ്പര്യം തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. സ്നേഹത്തിന്റെ ഈ ദിനത്തിൽ, എന്റെ യാത്രയിൽ നിങ്ങളുടെ സുപ്രധാന പങ്കിന് ഞാൻ നന്ദി പറയുന്നു, ഒപ്പം ഞങ്ങളുടെ സഹജീവി ബന്ധത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഹാപ്പി വാലന്റൈൻസ് ഡേ.”


Happy
Happy
80 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post ഡെന്നി – ഒരു അപൂർവ്വ പ്രേമത്തിന്റെ കനി
Next post എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ…
Close