സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ


വിശ്വപ്രഭ

സ്മാർട്ട്ഫോണുകൾ പോലെ കൂടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാപകമാക്കിയതി‍‍ൽ വീണ്ടും വീണ്ടും ചാ‍ർജ്ജുചെയ്ത് ഉപയോഗിക്കാവുന്ന ചെറിയ ബാറ്ററികൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പലരും പലപ്പോഴും പുതിയ ഫോൺ വാങ്ങുന്നത്, ബാറ്ററി ചാർജ്ജു നില്ക്കുന്നില്ല എന്ന പരാതിയുമായാണ്. ഒരു പ്രമുഖ കമ്പനിയുടെ മുൻനിര ഫോണുകളിലൊരെണ്ണം പിൻവലിക്കപ്പെട്ടതും ബാറ്ററിയുടെ തകരാറിന്റെ പേരിലാണ്. സ്മാർട്ട്ഫോണുപയോഗിക്കുന്ന എല്ലാവർക്കും വേണ്ടി വളരെ ജനറിക് ആയി, ചില കാര്യങ്ങൾ വായിക്കാം.

battery1

എല്ലാ സ്മാർട്ട് ഫോണുകളും ലിത്തിയം-അയോൺ ബാറ്ററികളാണു് ഇപ്പോൾ ഉപയോഗിക്കുന്നത്. അതിനാൽ ഇപ്പറയുന്നതെല്ലാം ലിത്തിയം അയോൺ ബാറ്ററിയ്ക്കു പ്രത്യേകമായുള്ള കാര്യങ്ങളാണ്. മറ്റു തരം ബാറ്ററികളിൽ ഇവയ്ക്കു വ്യത്യാസമുണ്ടാവാം.

ബാറ്ററി ചാർജ്ജു ചെയ്യുമ്പോൾ

1

ബാറ്ററി ചാർജ്ജു ചെയ്യുമ്പോൾ മുഴുവനായും(100%) ചാർജ്ജ് ചെയ്യണം, കഴിയുന്നതും ചാർജ്ജ് മുഴുവൻ തീർന്ന ശേഷമേ വീണ്ടു ചാർജ്ജ് ചെയ്യാവൂ എന്നൊക്കെ പലരും പറയാറുണ്ട്. ഇത് ലിത്തിയം-അയോൺ ബാറ്ററിയെ സംബന്ധിച്ച് പ്രസക്തമല്ല. നിക്കൽ കാഡ്മിയം ബാറ്ററികൾക്ക് ഉണ്ടായിരുന്നതു പോലെ മെമ്മറി എഫൿറ്റ് എന്ന ദോഷം ലിത്തിയം-അയോൺ ബാറ്ററികൾക്കും ഉണ്ട് എന്ന തെറ്റിദ്ധാരണയാണ് ഈ പറച്ചിലിനു പിന്നിൽ.

മുഴുവനായി ചാർജ്ജ് ചെയ്യപ്പെട്ട ഒരു നിക്കൽ കാഡ്മിയം ബാറ്ററി ഭാഗികമായി മാത്രം ഉപയോഗിച്ചു എന്നുകരുതുക. ഉദാഹരണത്തിനു് 75% ചാർജ്ജ് അവശേഷിക്കുന്നതുവരെ. അതിനുശേഷം വീണ്ടും ചാർജ്ജ് ചെയ്തു് പൂർണ്ണനിലയിലേക്കു് എത്തിച്ചുവെന്നു കരുതുക. അടുത്ത തവണ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ആ ബാറ്റരി 75% വരെ മാത്രം ഡിസ്ചാർജ്ജ് ചെയ്യുന്നു. 75% ചാർജ്ജ് ഉള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പോലും ബാറ്ററിയിൽനിന്നും ആ ചാർജ്ജ് പുറത്തേക്കെടുക്കാനാവാതെ വരും. അതായതു് ഫലത്തിൽ ബാറ്ററി 0% ചാർജ്ജ് മാത്രമുള്ളതുപോലെ പെരുമാറും. തുടർന്നു് എല്ലാ തവണയും ഇതേ സ്വഭാവം നിലനിർത്തുകയും ചെയ്യും. ചുരുക്കത്തിൽ ബാറ്ററി കപ്പാസിറ്റിയുടെ 25% മാത്രമേ നമുക്ക് ഉപയോഗിക്കാൻ ആവുന്നുള്ളൂ. ഇതിനെയാണു് മെമ്മറി എഫൿറ്റ് എന്നു പറയുന്നതു്.

വീർത്ത ലിത്തിയം അയോൺ റ്ററി
വീർത്ത ലിത്തിയം അയോൺ ബാറ്ററി ചിത്രത്തിന് വിക്കിപ്പീഡിയയോട് കടപ്പാട്

ലിത്തിയം അയോൺ ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കാൻ നല്ലതു് 90 ശതമാനം മുതൽ 30 ശതമാനം വരെയുള്ള ചാർജ്ജ് ലെവലുകൾക്കിടയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണു്. തീരെ ചാർജ്ജ് തീരാൻ കാത്തുനിൽക്കരുതു്. 30-20% വരെ ആവുമ്പോൾ ചാർജ്ജിങ്ങ് തുടങ്ങാം. തീരെ കുറയുന്നതു് മൂലം ബാറ്ററിയിലെ ‘സെല്ലു‘കളുടെ ആയുസ്സ് കുറയാനോ അപ്പാടെ കേടുവരാനോ സാദ്ധ്യതയുണ്ടു്. ഇടക്കൊക്കെ, 100% വരെ ചാർജ്ജ് നിറയ്ക്കാം. എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നതു് നല്ലതല്ല. കാരണം കൃത്യമായി 100% എത്തിക്കുക എന്നതു് നടപ്പുള്ള കാര്യമല്ല. ചാർജ്ജറുകളുടെ മികവ് അനുസരിച്ച് അതു് 101-102% ഒക്കെ ആയെന്നുമിരിക്കാം. അതായതു് സെല്ലുകൾ ഓവർ ചാർജ്ജ് ചെയ്യപ്പെടാം. ബാറ്ററിക്കു് ഉൾക്കൊള്ളാവുന്ന ചാർജ്ജിലും കൂടുതൽ അതിലൂടെ കടന്നുപോവുന്നതു മുഴുവൻ ബാറ്ററിയുടെ അകം ചൂടാക്കാനേ ഉപകരിക്കൂ. ആ ചൂട് അകത്തെ ലിത്തിയം-അയോണിനെ അമിതമായി വിഘടിപ്പിക്കുകയും ഹൈഡ്രജൻ ഉല്പാദിപ്പിക്കപ്പെട്ട് ബാറ്ററി വീർക്കുകയും ചെയ്യും. അത്രത്തോളം ബാറ്ററിയുടെ ആയുസ്സും ധാരിതയും കുറയും.

മികച്ചയിനം ചാർജ്ജറുകളിലും ബാറ്ററിയിലും ഇത്തരം ഓവർ ചാർജ്ജിങ്ങ് തടയാനുള്ള സംവിധാനമുണ്ടു്. 100% ശതമാനത്തിലും സ്വല്പം കൂടിയാൽ അവ സ്വയം കട്ട്-ഓഫ് ആവും. എങ്കിൽ പോലും നിരന്തരം ഇങ്ങനെ ചെയ്യുന്നതോ, കുറേ മണിക്കൂറുകൾ ഇതുപോലെ വെച്ചുകൊണ്ടിരിക്കുന്നതോ നല്ലതല്ല.

2

ഇതൊക്കെ അറിയാമെങ്കിലും, ബാറ്ററി ചാർജ്ജ് ചെയ്യാൻ വെച്ചിട്ടു് മൂന്നും നാലും മണിക്കൂർ കഴിഞ്ഞാലും മറക്കുന്ന അസുഖം നമുക്കെല്ലാവർക്കുമുണ്ടാവും. അതൊഴിവാക്കാൻ എന്തുചെയ്യും?
ബാറ്ററി വേണ്ടത്ര ചാർജ്ജായിക്കഴിഞ്ഞാൽ ഫോൺ തന്നെ ഉച്ചത്തിൽ അലാറം നൽകുന്ന ആപ്പുകൾ ലഭ്യമാണു്. അതിലൊന്നാണു് ‘Full Battery & Theft Alarm’. ഇത് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഉപയോഗപ്രദമായ മറ്റൊരു ആപ്പാണ് Amperes. ഇതും ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഇതുപയോഗിക്കുമ്പോൾ വിവിധ അവസരങ്ങളിലെ ബാറ്ററി ചാർജ്ജിങ്ങിന്റെ സ്വഭാവത്തെപ്പറ്റി ഒരു ധാരണയുണ്ടാക്കാൻ പറ്റും.

3

ബാറ്ററി ചാർജ്ജു ചെയ്യുന്നതിന്റെ സമയവും നിരക്കും ഏറ്റവും കൂടുതൽ ആശ്രയിച്ചിരിക്കുന്നതു് ബാറ്ററിയുടെയും ചാർജ്ജറിന്റെയും ടെർമിനൽ വോൾട്ടേജുകളെ ആണു്. ഈ വോൾട്ടേജുകൾ അനുസരിച്ച് ബാറ്ററിയുടെ അകത്തെ സർക്യൂട്ടും ചാർജ്ജറിലെ സർക്യൂട്ടും ചാർജ്ജിങ്ങ് നിരക്കു് (ആമ്പിയർ) ക്രമപ്പെടുത്തിയെന്നു വരാം. ബാറ്ററിയിലെ വോൾട്ടേജ് കുറവാണെങ്കിൽ ബാറ്ററി കൂടുതൽ ആമ്പിയർ സ്വീകരിക്കാൻ ശ്രമിക്കും. അതുപോലെ ചാർജ്ജർ കൂടുതൽ ആമ്പിയർ ബാറ്ററിയിലേക്കു് തള്ളിവിടാനും ശ്രമിക്കും. ചാർജ്ജ് കൂടുന്നതിനനുസരിച്ച് ബാറ്ററി വോൾട്ടേജും കുറേശ്ശെ കൂടിക്കൊണ്ടിരിക്കും. അതിനനുസരിച്ച് ചാർജ്ജിങ്ങ് നിരക്കു് (ആമ്പിയർ) കുറഞ്ഞും വരും. പല ചാർജ്ജറുകളും പല വോൾട്ടേജ് നിരക്കിലാണു് പ്രവർത്തിക്കുക. മികച്ച ചാർജ്ജറുകൾ ബാറ്ററിയുടെ നില അനുസരിച്ച് ചാർജ്ജ് നിരക്കു് സ്വയം ക്രമീകരിക്കും.

4

വളരെ പെട്ടെന്നു് ചാർജ്ജ് ചെയ്യുന്ന ചാർജ്ജറുകൾ നല്ലതല്ല. കൂടുതൽ സുരക്ഷിതമായി ചാർജ്ജ് ചെയ്യുന്നവയാകട്ടെ കൂടുതൽ സമയവും എടുക്കും. അതിനാൽ, നമ്മുടെ സൗകര്യവും സമയവും അനുസരിച്ച് ചാർജ്ജിങ്ങ് രീതി മാറ്റേണ്ടിവരും. ബാറ്ററി പാക്കുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ഓർക്കണം. രണ്ടു തരം സോക്കറ്റുകൾ ഉണ്ടെങ്കിൽ, കൂടുതൽ സമയമുണ്ടെങ്കിൽ ചെറിയ ആമ്പിയർ റേറ്റിങ്ങ് ഉള്ളതും ധൃതിയിലാണെങ്കിൽ വലിയ റേറ്റിങ്ങ് ഉള്ളതും ഉപയോഗിക്കുക.

5

കംപ്യൂട്ടറിൽ നിന്നോ നോട്ട്‌ബുക്കിൽ നിന്നോ ചാർജ്ജ് ചെയ്യാമെങ്കിൽ അതാണു് ഏറ്റവും സുരക്ഷിതം. സാധാരണ കമ്പ്യൂട്ടർ USB സോക്കറ്റുകളിൽ പരമാവധി കറന്റ് നിശ്ചിതമായിരിക്കും (500 mA). (എന്നാൽ, ഈയിടെ വരുന്ന പുതിയ മോഡലുകളിൽ ഈ കറന്റ് കൂടുതലും ആകാം).

ചാർജ്ജാകുന്നില്ലേ? ഇതൊന്നു ശ്രദ്ധിക്കൂ.

6

മിക്കപ്പോഴും സ്മാർട്ട് ഫോൺ ബാറ്ററി ചാർജ്ജിങ്ങിലെ മുഖ്യവില്ലൻ ബാറ്ററിയോ ചാർജ്ജറോ അല്ല. ഫോണിലെ കണൿടറും കേബിൾ തന്നെയുമാണു് 80% കേസുകളിലും പ്രതി. കണക്ടറിലെ നേരിയ ഒരു പ്രശ്നം പോലും ചാർജ്ജിങ്ങിനെ സാരമായി ബാധിക്കാം. ചോക്കലേറ്റോ പൊടിയോ നൂലോ കരടോ കണക്ടറുകൾക്കിടയിൽ പെട്ടുകിടക്കുന്നുണ്ടോ എന്നു പരിശോധിക്കുക. ബിസിനസ്സ് കാർഡോ, ടൂത്ത് പിക്കോ അതുപോലുള്ള നേരിയ, മൃദുവും ദൃഢവുമായ ഒരു സാമഗ്രി സ്വല്പം സ്പിരിറ്റിൽ മുക്കി കണക്ടറുകളുടെ ഉൾവശം അതിശ്രദ്ധയോടെ തുടക്കാൻ ശ്രമിക്കാം. ശക്തിയായി ഊതി പൊടിയും കരടും നീക്കം ചെയ്യാൻ ശ്രമിക്കാം.

7

കണക്ടർ പോലെത്തന്നെ, കേബിളുകളും പ്രശ്നക്കാരായേക്കാം. മിക്കപ്പോഴും അവയുടെ അറ്റങ്ങളിലെ വയർ ലൂസ് കോണ്ടാക്റ്റാവും പ്രശ്നം. ഒരേ ചാർജ്ജറും കേബിളും ഫോണും ബാറ്ററിയും ഉപയോഗിക്കുമ്പോഴും പല അവസരങ്ങളിൽ പല പോലെയാണു് ചാർജ്ജിങ്ങ് നടക്കുന്നതെങ്കിൽ തീർച്ചയായും കേബിളും കണക്ടറും ആണു് ആദ്യം പരിശോധിക്കേണ്ടതു്

ബാറ്ററി വാങ്ങുമ്പോൾ ശ്രദ്ധിക്കുക.

8

ലിത്തിയം-അയോൺ ബാറ്ററികൾ ചില സാഹചര്യങ്ങളിൽ അത്യന്തം അപകടകാരികളാവാം. അതിനാൽ, വിലകുറഞ്ഞ ബാറ്ററികളും ചാർജ്ജറുകളും ഗ്രേ മാർക്കറ്റിൽ നിന്നും വാങ്ങുമ്പോൾ സൂക്ഷിക്കണം. തീപ്പിടുത്തം, അമിതമായി ചൂടാവുക, പൊട്ടിത്തെറിക്കുക തുടങ്ങിയവയാണു് അപകടസാദ്ധ്യതകൾ.

nokia_battery

 

One thought on “സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ

  1. ബാറ്ററി ചാർജ്ജ് ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ പോയ കാര്യങ്ഹൾ കാരണം പലപ്പോഴും പെട്ടെന്ന് ബാറ്ററിചാർജ്ജ് തീർന്നുപോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. വളരെ ഉപകാരപ്പെട്ട ലേഖനം. നന്ദി

Leave a Reply