ഇന്ന് ലോക ജന്തുജന്യരോഗദിനം ( World Zoonoses Day) , ശാസ്ത്രലോകത്തിന് ഇതുവരെ പൂർണ്ണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസ്സിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പിന്നീട് മഹാമാരിയായി പടർന്ന കോവിഡിനെ അതിജീവിക്കാൻ ലോകം ഒന്നാകെ പൊരുതുകുകയും പോരാടുകയും ചെയ്യുന്ന കഠിനകാലത്താണ് വീണ്ടും ഒരു ജന്തുജന്യരോഗദിനം വന്നെത്തിയിരിക്കുന്നത് . കോവിഡ്-19 അടക്കം മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതുതായി ആവിർഭവിച്ച (Emerging diseases) രോഗങ്ങളില്‍ 75 ശതമാനവും നട്ടെല്ലുള്ള ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകാരോഗ്യസംഘടനയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമിക രോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നോ, ജന്തുജന്യഉല്‍പ്പന്നങ്ങളില്‍ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്ന് വ്യക്തമാക്കുന്നു.
ജന്തുജന്യരോഗങ്ങൾ വരുന്ന വഴികൾ
പന്നി വളര്‍ത്തല്‍ മുഖ്യതൊഴിലായി ഉപജീവനം നടത്തുന്ന മലേഷ്യയിലെ കര്‍ഷകര്‍ക്കിടയില്‍ 1999-ല്‍ മരണം വിതച്ച അജ്ഞാതനായ രോഗാണുവിനെ തേടിയുള്ള ശാസ്ത്രാന്വേഷണമാണ് നിപ്പ വൈറസ് എന്ന രോഗകാരിയിലേക്ക് വെളിച്ചം വിതറിയത്. രോഗാണുവിന്‍റെ റിസര്‍വോയര്‍ അഥവാ സ്രോതസ്സുകളായ പഴംതീനി വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും, പന്നികളില്‍ നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു രോഗപ്പകര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിലും സിംഗപ്പൂരിലും, പശ്ചിമ ബംഗാളിലും ,കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലും നിപ്പ രോഗബാധയും മരണങ്ങളും ഉണ്ടായി. 1999- ൽ നിപ്പ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളായിരിക്കും ലഭിക്കുക. നിപ്പ കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള 1997-98 വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. 1995-2000 കാലഘട്ടത്തില്‍ മാത്രം മൊത്തം വനവിസ്തൃതിയുടെ 14.4 ശതമാനത്തോളമായിരുന്നു മലേഷ്യക്ക് നഷ്ടമായത്. ഈ വനം കൈയ്യേറ്റവും നശീകരണവും മഹാമരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നാണ് മലേഷ്യയിലെ നിപ്പ ബാധയെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയത്.
മനുഷ്യശക്തിക്കും സംവിധാനങ്ങൾക്കും പിടിതരാതെ മഹാമാരിയായി പടരുന്ന കോവിഡ്-19 ന് കാരണമായ സാര്‍സ്-കോവ്-2 (SARS-CoV-2) വൈറസുകള്‍ ഏത് സ്രോതസ്സില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഒന്നോ രണ്ടോ ജന്തുസ്രോതസ്സുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുള്ളത്. പരിസ്ഥിതി നശീകരണം, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന്കയറല്‍ , ആവാസവ്യവസ്ഥ നശിപ്പിക്കല്‍ ,വന്യമൃഗങ്ങളെ വേട്ടയാടല്‍, അവയെ പിടികൂടി വിപണനം നടത്തല്‍, ആഹാരമാക്കല്‍ തുടങ്ങിയ അനവധി കാരണങ്ങള്‍ സാര്‍സ്-കോവ്-2 വൈറസുകളുടെ ഉത്ഭവത്തിനും വ്യാപനത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി പല ശാസ്ത്ര പഠനങ്ങളും വിലയിരുത്തിയിട്ടുണ്ട്.
ആവാസവ്യവസ്ഥകള്‍ നശിപ്പിച്ചതിന്‍റെ ഫലമായിട്ടുണ്ടായ ജന്തുജന്യ മഹാമാരികളില്‍ നിന്ന് നമ്മുടെ നാട് പോലും മുക്തമല്ല. പശ്ചിമഘട്ട വനമേഖലയില്‍ ഉണ്ടായ വലിയരീതിയിലുള്ള മനുഷ്യ ഇടപെടലുകളാണ് 1970 – കളില്‍ കര്‍ണ്ണാടകയിലെ ക്യാസനൂര്‍ മേഖലയില്‍ കുരങ്ങുപനി ( ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്) ആദ്യമായി പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. ഇന്ന് കേരളത്തിൽ ഉള്‍പ്പെടെ വനമേഖലകളിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും ഓരോവര്‍ഷവും നിരവധി കുരങ്ങുപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ വയനാട്ടില്‍ 26 പേര്‍ക്കാണ് കുരങ്ങുപനി കണ്ടെത്തിയിട്ടുള്ളത്. മൂന്ന് പേര്‍ മരണമടയുകയും ചെയ്തു.
പരിസ്ഥിതി നാശവും ആവാസവ്യവസ്ഥകളുടെ ശിഥിലീകരണവും വലിയ ആരോഗ്യ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യന്‍റെ അറിവിന് ഇന്നേവരെ പരിചിതമല്ലാത്ത ആയിരക്കണക്കിന് രോഗാണുക്കള്‍ ഈ വന്യജീവികളിലും, പക്ഷികളിലും എല്ലാം ഒളിഞ്ഞിരിപ്പുണ്ട്. ഓരോരോ ജീവികൾക്കും പ്രകൃതി സ്വാഭാവികമായി അനുവദിച്ച ആവാസവ്യവസ്ഥക്ക് മാറ്റം വരുത്തുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യായമായി കടന്നുകയറുകയും വഴി അതുവരെ ജീവികളില്‍ മാത്രം അഭയം പ്രാപിച്ചിരുന്ന വൈറസുകള്‍ ഉൾപ്പെടെയുള്ള രോഗാണുക്കൾക്ക് മനുഷ്യശരീരത്തിലേക്ക് കടന്ന് കയറാനുള്ള എളുപ്പ വഴി ഒരുക്കി കൊടുക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും പരിസ്ഥിതി നശീകരണവും വന്യജീവി വാണിജ്യവുമെല്ലാം മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.
ആവാസ കേന്ദ്രങ്ങള്‍ ഇല്ലാതാവുകയും, ശേഷിക്കുകയും ചെയ്തതോടെ ലോകത്തെ വന്യജീവി സമ്പത്തിന്‍റെ പകുതിയിലേറെ അരനൂറ്റാണ്ടിനുള്ളില്‍ കുറഞ്ഞതായുള്ള വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വറിന്‍റെ (W.W.F.) ഈയിടെ പുറത്ത്വന്ന പഠനറിപ്പോര്‍ട്ട് നാം ഈയവസരത്തില്‍ ചേര്‍ത്ത് വയ്ക്കേണ്ടതുണ്ട്. 1973- മുതല്‍ വന്യജീവിസമ്പത്തില്‍ 53-ശതമാനത്തിന്‍റെ കുറവാണുണ്ടായിട്ടുള്ളത്. വന്യജീവികളുടെ ആവാസ കേന്ദ്രങ്ങള്‍ ഇല്ലാതായതിന്‍റെ കാരണങ്ങളില്‍ 60 ശതമാനവും വനങ്ങളിലെ മരം മുറിയ്ക്കല്‍, കൃഷിക്കായുള്ള വനം കയ്യേറ്റം, ഖനനം, വേട്ടയാടല്‍ എന്നിവയാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ജന്തുജന്യരോഗങ്ങളുടെ വ്യാപനവുമായി ബന്ധപ്പെടുത്തി നാം ഈ പഠനത്തെ പരിശോധിച്ചാല്‍ പുതിയ രോഗങ്ങള്‍ വരുന്നത് എവിടെ നിന്നെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കും.
ജന്തുജന്യരോഗദിനം ഓർമിപ്പിക്കുന്നത്
ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളില്‍ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒരുങ്ങി നില്‍ക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല. നമുക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും, അവയുടെ ആവാസ വ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്‍റെ സത്ത. ഇന്ന് ലോക ജന്തുജന്യരോഗ ദിനം മുന്നോട്ട് വെക്കുന്ന സന്ദേശവും അത് തന്നെ.
അറിയാൻ അല്പം അധികം- എന്തു കൊണ്ട് ജൂലൈ 6 , ജന്തുജന്യരോഗ ദിനം?
ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന 9 വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേവിഷബാധയേറ്റാൽ മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകനെ പേവിഷബാധക്ക് വിട്ടു നൽകാൻ അവന്റെ അമ്മ ഒരുക്കമല്ലായിരുന്നു. പേവിഷത്തിന് ചികിൽസ കണ്ടുപിടിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നതായി താൻ കേട്ടറിഞ്ഞ ലൂയീ പാസ്റ്റർ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ പാരീസിലെത്തി. ലൂയി പാസ്റ്റർ മൃഗങ്ങളിൽ മാത്രം പരീക്ഷിച്ച് വിജയിച്ച പേവിഷബാധ വാക്സിൻ തന്റെ മകനിൽ പരീക്ഷിക്കാൻ അമ്മ അദ്ദേഹത്തിന് അനുമതി നൽകി. കാരണം മരണം ഉറപ്പായ ഒരു രോഗത്തിൽ നിന്നും തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി എന്തിനും അവർ തയ്യാറായിരുന്നു. ആ അമ്മയുടെ ശുഭാപ്തി വിശ്വാസവും താൻ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാർഢ്യവും ഒരുമിച്ചതോടെ കാര്യങ്ങൾ പിന്നെ വൈകിയില്ല.
ലൂക്കയില്‍ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങള്‍
- പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി
- ജന്തുജന്യരോഗങ്ങളും ‘വൺ ഹെൽത്ത്’ സമീപനവും
- പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും
- പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ
One thought on “ജൂലൈ 6 – ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്”