ജൂലൈ 6 – ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്

Asif
 ഡോ. മുഹമ്മദ് ആസിഫ് എം.

ന്ന് ലോക ജന്തുജന്യരോഗദിനം ( World Zoonoses Day)  , ശാസ്ത്രലോകത്തിന് ഇതുവരെ  പൂർണ്ണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു  ജന്തുസ്രോതസ്സിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പിന്നീട് മഹാമാരിയായി പടർന്ന കോവിഡിനെ അതിജീവിക്കാൻ  ലോകം ഒന്നാകെ  പൊരുതുകുകയും പോരാടുകയും ചെയ്യുന്ന കഠിനകാലത്താണ് വീണ്ടും ഒരു  ജന്തുജന്യരോഗദിനം വന്നെത്തിയിരിക്കുന്നത് . കോവിഡ്-19 അടക്കം മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതുതായി ആവിർഭവിച്ച (Emerging diseases) രോഗങ്ങളില്‍ 75 ശതമാനവും നട്ടെല്ലുള്ള ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകാരോഗ്യസംഘടനയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമിക രോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നോ, ജന്തുജന്യഉല്‍പ്പന്നങ്ങളില്‍ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്ന് വ്യക്തമാക്കുന്നു.
പേവിഷബാധയും പക്ഷിപ്പനിയും ആന്ത്രാക്സും ബ്രൂസല്ലയും നിപ്പയുമെല്ലാം പോലെ മൃഗങ്ങളും പക്ഷികളുമായുള്ള നേരിട്ടോ അല്ലാതെയുള്ള സമ്പർക്കത്തിലൂടെയും ( Contact), കുരങ്ങു പനിയും മഞ്ഞപ്പനിയും കരിമ്പനിയും സ്ക്രബ് ടൈഫസ് / ചെള്ളുപനിയും പോലെ പരാദങ്ങൾ വഴിയും (Vector), കോളറയും എലിപ്പനിയും ഹാന്റാവൈറസുെമെല്ലാം പോലെ രോഗാണു മലിനമായ ജലത്തിൽ നിന്നും മണ്ണിൽ നിന്നും, സാൽമോണല്ലയും ബോട്ടുലിസവും ക്യൂ ഫീവറും പോലെ രോഗാണുമലിനമായ ആഹാരത്തിൽ നിന്നുമെല്ലാം ജന്തുജന്യരോഗാണുക്കൾ മനുഷ്യരിലെത്താം.
ലോകാരോഗ്യസംഘടന 2018 ഫെബ്രുവരിയില്‍ അതിജാഗ്രത പുലര്‍ത്തേണ്ട എട്ടുരോഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഏഴും ജന്തുജന്യരോഗങ്ങളായിരുന്നു. ആഗോളമായി നടന്ന രോഗഭീതിയുയര്‍ത്തിയ കോഗോ പനിയും, എബോളയും, മെര്‍സ് കൊറോണയും, സാര്‍സ് കൊറോണയും, നിപ്പയും, സിക്കയും, ഹെനിപ്പയും ഈ പട്ടികയില്‍ ഉള്‍പ്പെട്ട ജന്തുജന്യപകര്‍ച്ച വ്യാധികളാണ്. പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ അതി തീവ്ര ശേഷിയുള്ള പന്നിപ്പനി വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയ പഠനം പുറത്ത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ‘G4 EA H1N1’ എന്ന് ഗവേഷകർ പേരിട്ട പുതിയ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരാൻ ശേഷി ലഭിച്ചാൽ, ആഗോളതലത്തിൽ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേർണലായ ‘പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസി’ൽ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ ഓരോ വർഷവും ഉത്ഭവിക്കപ്പെടുന്ന അഞ്ച് പുതിയ രോഗങ്ങളിൽ മൂന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണന്ന് ലോക മൃഗാരോഗ്യ സംഘടന (World Organisation for Animal Health) വ്യക്തമാക്കുന്നു. ജന്തുജന്യരോഗാണുക്കളിൽ 80 ശതമാനവും ജൈവായുധ സാധ്യതയുള്ളതാണന്നും ഇവ ഭാവിയിൽ ജൈവായുധങ്ങൾ ആയി മാറിയേക്കാമെന്ന ആശങ്കയും ലോക മൃഗാരോഗ്യ സംഘടന പങ്കുവെച്ചിട്ടുണ്ട്. ജന്തുജന്യ രോഗങ്ങൾ തുടർക്കഥയാവുന്ന ഈ വേളയിൽ ഈ മഹാമാരികള്‍ മനുഷ്യരിലേക്കെത്തിയതിന്‍റെ വഴികള്‍ അന്വേഷിച്ചാല്‍ പരിസ്ഥിതിനശീകരണത്തിന്‍റെയും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തിന്റെയും ആവാസവ്യവസ്ഥ നശിപ്പിച്ചതിന്‍റെയുമെല്ലാം യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും.വരും ഭാവിയിൽ ഭീഷണിയായേക്കാവുന്ന  ജന്തുജന്യ രോഗങ്ങളുടെ ഫലപ്രദ പ്രതിരോധത്തിനായുള്ള വഴികൾ തേടേണ്ടതും ഈ അന്വേഷണത്തിൽ നിന്നാണ്.

ജന്തുജന്യരോഗങ്ങൾ വരുന്ന വഴികൾ

പന്നി വളര്‍ത്തല്‍ മുഖ്യതൊഴിലായി ഉപജീവനം നടത്തുന്ന മലേഷ്യയിലെ കര്‍ഷകര്‍ക്കിടയില്‍ 1999-ല്‍ മരണം വിതച്ച അജ്ഞാതനായ രോഗാണുവിനെ തേടിയുള്ള ശാസ്ത്രാന്വേഷണമാണ് നിപ്പ വൈറസ് എന്ന രോഗകാരിയിലേക്ക് വെളിച്ചം വിതറിയത്. രോഗാണുവിന്‍റെ റിസര്‍വോയര്‍ അഥവാ സ്രോതസ്സുകളായ പഴംതീനി വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും, പന്നികളില്‍ നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു രോഗപ്പകര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിലും സിംഗപ്പൂരിലും, പശ്ചിമ ബംഗാളിലും ,കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലും നിപ്പ രോഗബാധയും മരണങ്ങളും ഉണ്ടായി. 1999- ൽ നിപ്പ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളായിരിക്കും ലഭിക്കുക. നിപ്പ കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള 1997-98 വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. 1995-2000 കാലഘട്ടത്തില്‍ മാത്രം മൊത്തം വനവിസ്തൃതിയുടെ 14.4 ശതമാനത്തോളമായിരുന്നു മലേഷ്യക്ക് നഷ്ടമായത്. ഈ വനം കൈയ്യേറ്റവും നശീകരണവും മഹാമരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നാണ് മലേഷ്യയിലെ നിപ്പ ബാധയെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയത്.

വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എൽനിനോ (El Niño)  എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും നിപ്പ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതിന് കാരണമായി ശാസ്ത്രലോകം വിലയിരുത്തുന്നു. പസഫിക് സമുദ്രത്തിലെ ജലം സാധാരണയില്‍ കവിഞ്ഞ് ചൂടാവുന്ന സാഹചര്യത്തിലാണ് എല്‍നിനോ പ്രതിഭാസം ഉണ്ടാവുന്നത്. അതിന്‍റെ അടിസ്ഥാന കാരണം ആഗോളതാപനം തന്നെയാണ്. വരള്‍ച്ചയും വനനശീകരണവും കാരണം ആവാസ വ്യവസ്ഥ നഷ്ടമായ വവ്വാലുകൾ തീരപ്രദേശങ്ങളോട് ചേര്‍ന്ന വനങ്ങളില്‍ നിന്നും നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന വനങ്ങളിലേക്ക് കൂട്ടത്തോട് പലായനം ചെയ്യുകയുണ്ടായി . ഇതേ തുടർന്ന് വവ്വാലുകളും വളര്‍ത്തുപന്നികളുമായുണ്ടായ  സമ്പര്‍ക്കമാണ് നിപ്പ മനുഷൃലേക്കും  പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. മനുഷ്യനും വവ്വാലുകളും തമ്മിലുള്ള ഇടപെടല്‍ തന്നെയാണ് ബംഗ്ലാദേശിലും നിപ്പ പൊട്ടിപ്പുറപ്പെടാന്‍ വഴിയൊരുക്കിയത് . നിപ്പ ബെല്‍റ്റ് എന്നറിയപ്പെടുന്ന ബംഗ്ലാദേശിലേയും, പശ്ചിമ ബംഗാളിലേയും മേഖലകള്‍ കൃഷിക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി വന്‍തോതില്‍ വനനശീകരണം നടന്ന പ്രദേശങ്ങളാണ്.
ഇത്തരത്തില്‍ വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ത്തതിന്റെയും അവയുടെ ആവാസ മേഖലകളിലേക്ക് കടന്നുകയറിയതിന്‍റെയും ഫലമായി പൊട്ടിപ്പുറപ്പെട്ട രോഗങ്ങള്‍ ഇനിയുമുണ്ട്. എയിഡ്സിന് കാരണമായ എച്ച്.ഐ.വി. വൈറസുകള്‍ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരില്‍ എത്തിയത്. വനത്തില്‍ പോയി ചിമ്പാന്‍സികളെ വേട്ടയാടുകയും അവയുടെ മാംസം ആഹാരമാക്കുകയും ചെയ്ത ശീലങ്ങളാണ് വൈറസിനെ മനുഷ്യരില്‍ എത്തിച്ചത്. എബോള വൈറസ് എത്തിയതും വവ്വാലുകളില്‍ നിന്ന് തന്നെയായിരുന്നു. 2002-ൽ ചൈനയിൽ ആദ്യമായി കണ്ടെത്തിയ സാര്‍സ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഒരിനം വെരുകുകളിലേക്കും വെരുകിനെ പിടികൂടി വിപണനം നടത്തിയ മനുഷ്യരിലേക്കുമായിരുന്നു പകർന്നത്. 2012 – ല്‍ സൗദി അറേബ്യയില്‍ ആദ്യമായി കണ്ടെത്തിയ മെര്‍സ് കൊറോണ രോഗം എത്തിയതാകട്ടെ ഈജിപ്ഷ്യന്‍ വവ്വാലുകളില്‍ നിന്നും ഒട്ടകങ്ങളിലേക്കും, ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമായിരുന്നു .

മനുഷ്യശക്തിക്കും സംവിധാനങ്ങൾക്കും പിടിതരാതെ മഹാമാരിയായി പടരുന്ന   കോവിഡ്-19 ന് കാരണമായ സാര്‍സ്-കോവ്-2 (SARS-CoV-2) വൈറസുകള്‍ ഏത് സ്രോതസ്സില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഒന്നോ രണ്ടോ ജന്തുസ്രോതസ്സുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുള്ളത്.  പരിസ്ഥിതി നശീകരണം, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന്കയറല്‍ , ആവാസവ്യവസ്ഥ നശിപ്പിക്കല്‍ ,വന്യമൃഗങ്ങളെ വേട്ടയാടല്‍, അവയെ പിടികൂടി വിപണനം നടത്തല്‍, ആഹാരമാക്കല്‍ തുടങ്ങിയ അനവധി കാരണങ്ങള്‍  സാര്‍സ്-കോവ്-2 വൈറസുകളുടെ  ഉത്ഭവത്തിനും വ്യാപനത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി പല ശാസ്ത്ര പഠനങ്ങളും വിലയിരുത്തിയിട്ടുണ്ട്.

ആവാസവ്യവസ്ഥകള്‍ നശിപ്പിച്ചതിന്‍റെ ഫലമായിട്ടുണ്ടായ ജന്തുജന്യ   മഹാമാരികളില്‍ നിന്ന് നമ്മുടെ നാട് പോലും മുക്തമല്ല. പശ്ചിമഘട്ട വനമേഖലയില്‍ ഉണ്ടായ വലിയരീതിയിലുള്ള മനുഷ്യ ഇടപെടലുകളാണ് 1970 – കളില്‍ കര്‍ണ്ണാടകയിലെ ക്യാസനൂര്‍ മേഖലയില്‍ കുരങ്ങുപനി ( ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്) ആദ്യമായി പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. ഇന്ന് കേരളത്തിൽ ഉള്‍പ്പെടെ വനമേഖലകളിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും ഓരോവര്‍ഷവും നിരവധി കുരങ്ങുപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ വയനാട്ടില്‍ 26  പേര്‍ക്കാണ് കുരങ്ങുപനി കണ്ടെത്തിയിട്ടുള്ളത്. മൂന്ന് പേര്‍ മരണമടയുകയും ചെയ്തു.

പരിസ്ഥിതി നാശവും ആവാസവ്യവസ്ഥകളുടെ ശിഥിലീകരണവും വലിയ ആരോഗ്യ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യന്‍റെ അറിവിന് ഇന്നേവരെ പരിചിതമല്ലാത്ത ആയിരക്കണക്കിന് രോഗാണുക്കള്‍ ഈ വന്യജീവികളിലും, പക്ഷികളിലും എല്ലാം ഒളിഞ്ഞിരിപ്പുണ്ട്. ഓരോരോ ജീവികൾക്കും പ്രകൃതി സ്വാഭാവികമായി അനുവദിച്ച ആവാസവ്യവസ്ഥക്ക് മാറ്റം വരുത്തുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യായമായി കടന്നുകയറുകയും വഴി അതുവരെ ജീവികളില്‍ മാത്രം അഭയം പ്രാപിച്ചിരുന്ന വൈറസുകള്‍ ഉൾപ്പെടെയുള്ള രോഗാണുക്കൾക്ക് മനുഷ്യശരീരത്തിലേക്ക് കടന്ന് കയറാനുള്ള എളുപ്പ വഴി ഒരുക്കി കൊടുക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും പരിസ്ഥിതി നശീകരണവും  വന്യജീവി വാണിജ്യവുമെല്ലാം  മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ആവാസ കേന്ദ്രങ്ങള്‍ ഇല്ലാതാവുകയും, ശേഷിക്കുകയും ചെയ്തതോടെ ലോകത്തെ വന്യജീവി സമ്പത്തിന്‍റെ പകുതിയിലേറെ അരനൂറ്റാണ്ടിനുള്ളില്‍ കുറഞ്ഞതായുള്ള വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വറിന്‍റെ (W.W.F.) ഈയിടെ പുറത്ത്വന്ന പഠനറിപ്പോര്‍ട്ട് നാം ഈയവസരത്തില്‍ ചേര്‍ത്ത് വയ്ക്കേണ്ടതുണ്ട്. 1973- മുതല്‍ വന്യജീവിസമ്പത്തില്‍ 53-ശതമാനത്തിന്‍റെ കുറവാണുണ്ടായിട്ടുള്ളത്. വന്യജീവികളുടെ ആവാസ കേന്ദ്രങ്ങള്‍ ഇല്ലാതായതിന്‍റെ കാരണങ്ങളില്‍ 60 ശതമാനവും വനങ്ങളിലെ മരം മുറിയ്ക്കല്‍, കൃഷിക്കായുള്ള വനം കയ്യേറ്റം, ഖനനം, വേട്ടയാടല്‍ എന്നിവയാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ജന്തുജന്യരോഗങ്ങളുടെ വ്യാപനവുമായി ബന്ധപ്പെടുത്തി നാം ഈ പഠനത്തെ പരിശോധിച്ചാല്‍ പുതിയ രോഗങ്ങള്‍ വരുന്നത് എവിടെ നിന്നെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കും.

ജന്തുജന്യരോഗദിനം ഓർമിപ്പിക്കുന്നത്

ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളില്‍ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒരുങ്ങി നില്‍ക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല. നമുക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും, അവയുടെ ആവാസ വ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്‍റെ സത്ത. ഇന്ന് ലോക ജന്തുജന്യരോഗ  ദിനം മുന്നോട്ട് വെക്കുന്ന സന്ദേശവും അത് തന്നെ.

അറിയാൻ അല്പം അധികം- എന്തു കൊണ്ട് ജൂലൈ 6 , ജന്തുജന്യരോഗ ദിനം?

ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന 9 വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേവിഷബാധയേറ്റാൽ മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകനെ പേവിഷബാധക്ക് വിട്ടു നൽകാൻ അവന്റെ അമ്മ ഒരുക്കമല്ലായിരുന്നു. പേവിഷത്തിന് ചികിൽസ കണ്ടുപിടിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നതായി താൻ കേട്ടറിഞ്ഞ ലൂയീ പാസ്റ്റർ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ  പാരീസിലെത്തി. ലൂയി പാസ്റ്റർ മൃഗങ്ങളിൽ മാത്രം പരീക്ഷിച്ച് വിജയിച്ച പേവിഷബാധ വാക്സിൻ തന്റെ മകനിൽ പരീക്ഷിക്കാൻ  അമ്മ അദ്ദേഹത്തിന് അനുമതി നൽകി. കാരണം മരണം ഉറപ്പായ ഒരു രോഗത്തിൽ നിന്നും തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി എന്തിനും അവർ തയ്യാറായിരുന്നു. ആ അമ്മയുടെ ശുഭാപ്തി വിശ്വാസവും താൻ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാർഢ്യവും ഒരുമിച്ചതോടെ കാര്യങ്ങൾ  പിന്നെ വൈകിയില്ല.

1885 ,ജൂലൈ 6 ന് , നായ കടിച്ച് ഏതാണ്ട് 60 മണിക്കൂറിനുശേഷം ലൂയി പാസ്റ്റർ താൻ വികസിപ്പിച്ച പേവിഷബാധ വാക്സിൻ ജോസഫ് മെയ്സ്റ്ററിന് രക്തധമനികളിലേക്ക് കുത്തിവച്ചു. റാബിസ് ബാധിച്ച മുയലുകളിലെ നാഡികളിൽ നിന്നും ശേഖരിച്ച വീര്യം കുറഞ്ഞ വൈറസുകളായിരുന്നു ആ പ്രഥമ വാക്സിൻ. അടുത്ത 11 ദിവസങ്ങളിൽ 13 തവണ ഇതാവർത്തിച്ചു. ആ അമ്മയുടെ ശുഭചിന്തയും ലൂയി പാസ്റ്ററിന്റെ നിശ്ചയദാർഡ്യവും തെറ്റിയില്ല. ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തെ കീഴടക്കാൻ പേവിഷ വൈറസിന് കഴിഞ്ഞില്ല. മൂന്നുമാസത്തിനുശേഷം ടെസ്റ്റ് നടത്തിയപ്പോൾ ജോസഫ് മെയ്സ്റ്റർ പൂർണ്ണാരോഗ്യവനായിരുന്നു. പിന്നീട് പേവിഷചികിൽസയ്ക്കായി ലൂയി പാസ്റ്ററെ തേടി നൂറുകണക്കിനാളുകൾ എത്തി. പേവിഷബാധക്ക് കാരണമായ റാബീസ് വൈറസിനു മേൽ പാസ്റ്റർ കൈവരിച്ച വാക്സിൻ വിജയം പിന്നീട് അനേകമനേകം വാക്സിൻ പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴിതുറന്നു. ഇന്ന് ഈ കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കാനായുള്ള പരിശ്രമങ്ങൾക്ക് പോലും ഊർജം പകരുന്നത് 1885 ൽ ലൂയി പാസ്റ്റർ റാബീസ് വൈറസിനെ കീഴടക്കിയ ശാസ്ത്രജിഹ്വ തന്നെ. ജോസഫ് മെയ്സ്റ്റർ എന്ന കുട്ടി വളർന്നു വലുതായി ഒടുവിൽ ലൂയി പാസ്റ്റർ സ്ഥാപിച്ച പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായിമാറിയത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം.
1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം.

ലൂക്കയില്‍ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങള്‍

  1. പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി
  2. ജന്തുജന്യരോഗങ്ങളും ‘വൺ ഹെൽത്ത്’ സമീപനവും
  3. പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും
  4. പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

Leave a Reply