Read Time:8 Minute

ഡോ.കെ.പി.അരവിന്ദന്‍

റിട്ട. പ്രൊഫസര്‍, പത്തോളജി വിഭാഗം, കോഴിക്കോട് മെഡിക്കല്‍ കോളേജ്

ഇന്ന്  ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു പോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തെതെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിൻ്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്. 

വിശദീകരിക്കാം.

ചിത്രം 1 കാണുക. പുറം രാജ്യങ്ങളിൽ നിന്നോ അന്യ സംസ്ഥാനങ്ങളിൽ നിന്നോ വരുന്ന imported case ൽ നിന്നും പ്രാഥമിക സമ്പർക്കം അതിൽ നിന്ന് ദ്വിതീയ സമ്പർക്കം അതിൽ നിന്ന് ത്രിതീയ സമ്പർക്കം എന്നിവയൊക്കെയായി ചെറിയ കേസ് കൂട്ടങ്ങൾ ഉണ്ടാവാം (ക്ളസ്റ്ററുകൾ). മറിച്ച് ചില കോവിഡ് പോസിറ്റീവ് ആയ ആളുകൾക്ക് ആരിൽ നിന്ന് രോഗം കിട്ടി എന്ന് കണ്ടു പിടിക്കാൻ കഴിയാതെ ഉണ്ടാവും. ഇത്തരം കേസുകളിൽ സമൂഹത്തിൽ നാം കണ്ടെത്താത്ത ആരിൽ നിന്നോ ആണ് രോഗം കിട്ടിയത് നമുക്ക് അനുമാനിക്കേണ്ടി വരും. ഇതിനെ സമൂഹ വ്യാപനമെന്നു വിളിക്കാമോ എന്നു ചോദിച്ചാൽ തീർച്ചയായും വിളിക്കാം. എന്നാൽ ഈ സ്ഥിതി ഇല്ലാത്ത ഒരു രാജ്യവും ലോകത്തുണ്ടാവില്ല. അപ്പോൾ ലോകം മുഴുവൻ സമൂഹ വ്യാപനമെന്നു പറയേണ്ടി വരും അതു കൊണ്ട് പ്രത്യേകിച്ച് നയപരമായി ഒരു പ്രത്യേക ഗുണവുമുണാവില്ല.

ഇവിടെയാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനങ്ങളുടെ പ്രാധാന്യം. WHO കോവിഡ് വ്യാപനത്തെ താഴെ കാണിച്ചതു പോലെ നാല് ഘട്ടങ്ങളായി തിരിക്കുന്നു. 

  1. കേസുകൾ ഇല്ല
  2. ഒന്നോ അതിലധികമോ കേസുകൾ; പുറത്തു നിന്ന് വന്നവരോ തദ്ദേശീയമായി കണ്ടെത്തിയതോ
  3. വ്യത്യസ്ഥ സമയങ്ങളിലോ സ്ഥലങ്ങളിലോ ആയി ഉണ്ടാവുന്ന കേസ് ക്ളസ്റ്ററുകൾ
  4. പ്രാദേശികമായി ഉത്ഭവിക്കുന്ന വലിയ ഔട്ട്ബ്രേക്കുകൾ (സാമൂഹ്യ വ്യാപനം)

ചിത്രം-2, ചിത്രം 3 എന്നിവയിൽ മൂന്നാം ഘട്ടവും നാലാം ഘട്ടവും യഥാക്രമം എങ്ങിനെയിരിക്കും എന്ന് കാണിച്ചിരിക്കുന്നു.

കേസുകൾ ഭൂരിഭാഗവും സമൂഹത്തിൽ നിന്ന് കിട്ടുന്നതാവുമ്പോഴാണ് സാമൂഹ്യ വ്യാപന ഘട്ടം (Community transmission stage) എന്നു പറയുക.

അപ്പോൾ കേരളത്തെ കുറിച്ച് എന്തു പറയണം? സാമൂഹ്യ വ്യാപന ഘട്ടം ആയോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇപ്പോഴും ബഹുഭൂരിഭാഗം കോവിഡ് ബാധിതരും പുറത്തു നിന്നു വന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധിതരെ കണ്ടെത്തിയിട്ടും, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പ്രവാസികൾ എത്തിച്ചേർന്നിട്ടും മാസങ്ങളായി ഇങ്ങനെ തന്നെ നില നിർത്തിയതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം. എന്നാൽ ഇത് ഒരു തരത്തിലുള്ള അലംഭാവത്തിനും കാരണമായിക്കൂടാ.

നാം ആശങ്കപ്പെടേണ്ടതുണ്ടോ?

തീർച്ചയായും നാം ആശങ്കപ്പെടേണ്ടതുണ്ട്.  ക്ളസ്റ്റർ ഘട്ടത്തിൽ നിന്ന് പലപ്പോഴും വളരെ പെട്ടെന്നാണ് സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടക്കുക. ഒരിക്കൽ അവിടെയെത്തിക്കഴിഞ്ഞാൽ നിയന്ത്രണം വളരെ വിഷമം പിടിച്ചതാണ്. രോഗികളുടെ എണ്ണവും തീവ്രരോഗമുള്ളവരും പെട്ടെന്നു പെരുകും. ആശുപത്രി കിടക്കകളും ICUകളും വെൻ്റിലേറ്ററുകളും ഒന്നും തികയാതെ വരും. മരണങ്ങൾ കുതിച്ചുയരും. ഇറ്റലിയിലും, ന്യൂ യോർക്കിലും, മുംബൈയിലും, ഡൽഹിയിലും ഒക്കെ ഇതാണ് സംഭവിച്ചത്. നഗരപ്രദേശങ്ങൾ ആയതു കൊണ്ട് പടരാൻ എളുപ്പമായിരുന്നു ഇവിടെയൊക്കെ എന്നതും കാണേണ്ടതാണ്.

കേരളം ഏതാണ്ട് മുഴുവൻ നഗരസ്വഭാവമുള്ള ഒരു പ്രദേശമാണ്. നഗരങ്ങളിലേതു പോലെ ധാരമുറിയാതുള്ള വാസകേന്ദ്രങ്ങളാണ് സംസ്ഥാനം മുഴുവൻ. ഏതാനും കേന്ദ്രങ്ങളിൽ സാമൂഹ്യവ്യാപന ഘട്ടം സംജാതമായാൽ പെട്ടെന്ന് സംസ്ഥാനം മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന കാര്യം നാം മറന്നു കൂടാ.

എന്താണ് നാം ചെയ്യേണ്ടത്? 

സാമൂഹ്യ വ്യാപന സാധ്യതകളെ മുളയിലേ നുള്ളി കളയുക എന്നതാണ് നാം ചെയ്യേണ്ട പ്രധാന കാര്യം. ഇത് ചെയ്യേണ്ടത് ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ (surveillance) ഏർപ്പെടുത്തി കൊണ്ടാണ്. സമൂഹത്തിൽ നിന്ന് ആർജ്ജിക്കുന്ന കേസുകൾ പരമാവധി കണ്ടെത്തി, അത്തരം കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക എന്നതായിരിക്കണം പ്രധാന പ്രവർത്തനം.

രണ്ടു തരം നിരീക്ഷണ സംവിധാനങ്ങളാണ് നിലവിലുള്ളത്.

  1. ഈ കോവിഡ് കാലത്തും സമൂഹവുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, ആശാ – അംഗനവാടി പ്രവർത്തകർ, പോലീസുകാർ, റേഷൻ കടക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സാമ്പിളുകൾ നിരന്തരമായി ടെസ്റ്റ് ചെയ്യൽ
  2. ഫ്ളൂ പോലുള്ള ജലദോഷപ്പനികൾ, തീവ്ര ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരെ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്തും നിരന്തരമായി ടെസ്റ്റ് ചെയ്യൽ.

ഈ രണ്ട് നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും എവിടെയെങ്കിലും സാമൂഹ്യ വ്യാപനത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ കാണുന്നുണ്ടോ എന്നു നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്തേ മതിയാവൂ. നിരീക്ഷണ സംവിധാനങ്ങളിലൂടെ സമൂഹത്തിൽ നിന്നു കിട്ടുന്ന കേസുകൾ പരമാവധി കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കണം. ഏതെങ്കിലും ജില്ല അത്തരത്തിലുള്ള കൂടുതൽ കേസ് കണ്ടെത്തിയാൽ അത് അവരുടെ പരാജയമല്ല. മറിച്ച് നിരീക്ഷണ സംവിധാനങ്ങളുടെ വിജയമാണെന്ന് നാം മനസ്സിലാക്കണം. സംസ്ഥാനത്ത് ഓരോ ദിവസവും ടെസ്റ്റ് ചെയ്യുന്നതിൻ്റെ ഭൂരിഭാഗവും നിരീക്ഷണത്തിനു വേണ്ടിയുള്ള ടെസ്റ്റുകൾ ആവണം.

ശാസ്ത്രീയമായ ഇടപെടലുകളിലൂടെ സാമൂഹ്യ വ്യാപന ഘട്ടത്തിലെത്താതെ കോവിഡ് രോഗത്തെ പ്രതിരോധിക്കാനാവും എന്ന് നമുക്ക്  പ്രത്യാശിക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഉപ്പു ചീര
Next post ജൂലൈ 6 – ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്
Close