ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?

സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞർ ടെലിസ്കോപ്പ് ഉപയോഗിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ശാസ്ത്ര ചരിത്രത്തിലെ ചില ഇരുട്ടറകൾ തുറക്കേണ്ടി വരുന്നത്

ചില ചോദ്യങ്ങൾ

ഇന്ത്യയിൽ അസ്ട്രോണമിയുടെ ചരിത്രത്തെ സംബന്ധിച്ച് പറയുമ്പോൾ എടുത്തു കാണിക്കുന്ന ചിത്രമാണ് ജന്തർ മന്തറിന്റേത്. മുഗൾ ചക്രവർത്തിമാരുടെ കീഴിൽ രാജാവായിരുന്ന സവായ് ജയ്സിംഗ് രണ്ടാമൻ ആണ് ജയ്പൂർ, ഡൽഹി, മഥുര, വാരണാസി, ഉജ്ജയിനി എന്നിവിടങ്ങളിൽ ജ്യോതിശ്ശാസ്ത്ര നിരീക്ഷണ നിലയങ്ങൾ സ്ഥാപിച്ചത്. ഇവ കാണുമ്പോൾ ജയ് സിങ്ങിനോട് ഏറെ ആദരവും അഭിമാനവും തോന്നും. എന്നാൽ കുറച്ചു കൂടി അടുത്തറിയുമ്പോൾ ചില ചോദ്യങ്ങൾ ഉയരും.

  1. ഈ ഉപകരണങ്ങൾ വെച്ച് എന്തൊക്കെയാണ് നമ്മുടെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയത് എന്നത് ഒരു ചോദ്യം.
  2. അവിടങ്ങളിലെന്താ ടെലിസ്കോപ്പുകൾ ഉപയോഗിക്കാതിരുന്നതെന്ന് മറ്റൊരു ചോദ്യം.

ജന്തർ മന്തർ സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞർ ടെലിസ്കോപ്പ് ഉപയോഗിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ശാസ്ത്ര ചരിത്രത്തിലെ ചില ഇരുട്ടറകൾ തുറക്കേണ്ടി വരുന്നത്

ജന്തർ മന്തറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കപ്പെട്ടത് 1724 -1733 കാലഘട്ടത്തിലാണ്. യൂറോപ്യൻ വൈജ്ഞാനികമണ്ഡലത്തെ കോപ്പർനിക്കസ്, ഗലീലിയോ, കെപ്ലെർ, ന്യൂട്ടൺ എന്നിവരൊക്കെ ഇതിനകം ഉഴുതു മറിച്ചിരുന്നു. ഇതിൽ ടെലിസ്കോപ്പുകളെപ്പോലുള്ള ഉപകരണങ്ങളും പരീക്ഷണ നിരീക്ഷണ രീതികളും വലിയ പങ്കു വഹിച്ചിരുന്നു. എന്നാൽ നവോത്ഥാനത്തിന്റെ ഈ കാറ്റ് എന്തുകൊണ്ട് ജയ്സിംഗിന്റെ രാജ്യത്ത് എത്തിയില്ല എന്നത് അന്വേഷണമർഹിക്കുന്നു. യഥാർത്ഥത്തിൽ സയൻസിൽ മറ്റു നാടുകളിൽ നടക്കുന്നത് മനസ്സിലാക്കണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ഒരു പ്രശ്നം കൊട്ടാരം പണ്ഡിതരായ ബ്രാഹ്മണർ കടൽ യാത്ര നിഷിദ്ധമായി കരുതിയിരുന്നുവെന്നതാണ്. പുതിയ അറിവിനെ തേടിപ്പിടിക്കാനുള്ള ജിജ്ഞാസയും കുറവായായിരുന്നു. അന്ന് സഹായിക്കാമെന്നേറ്റ് മുന്നോട്ടു വന്നത് യൂറോപ്യരായിരുന്നു.


അക്കാലത്ത് പോർച്ചുഗീസുകാരായിരുന്നു ഇന്ത്യയിൽ സ്വാധീനം ഉറപ്പിച്ചിരുന്ന യൂറോപ്യന്മാർ. 1498 – ൽ വാസ്കോഡിഗാമയും തുടർന്ന് മറ്റു ധാരാളം പേരും ഇവിടെ എത്തിയിരുന്നത് നമുക്കറിയാമല്ലോ. അവരോടൊപ്പം എത്തിയ ജെസ്യൂട്ട് പാതിരിമാർ ജയ്സിംഗിനെ ഉപദേശിക്കാനെത്തി. വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നു അവർ. എന്നാൽ അതേ സമയം തന്നെ ഒട്ടും തുറന്ന മനസ്ഥിതിയില്ലാതെ പള്ളിയുടേതായ മാമൂൽ ധാരണകളെ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതിക അടിസ്ഥാനമാക്കിയ വിദ്യാഭ്യാസമായിരുന്നു.  17 – 18 നൂറ്റാണ്ടുകളിൽ അവരുടേത്. ഒരു കാലത്ത് ഗലീലിയോയുടെ കണ്ടെത്തലുകളെ എതിർക്കുന്നതിലും കുറ്റവാളിയെന്നു പ്രഖ്യാപിക്കുന്നതിലും അവർ മുന്നിലുണ്ടായിരുന്നു. അവരിൽ ചിലർ തന്റെ ടെലിസ്കോപ്പുകളിലൂടെ നോക്കാൻ തന്നെ വിസമ്മതിച്ചു എന്ന് ഗലീലിയോ വിലപിച്ചിട്ടുണ്ട്. കോപ്പർനിക്കസ് മുന്നോട്ടു വെക്കുകയും ഗലീലിയോ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്ത സൂര്യകേന്ദ്ര സിദ്ധാന്തം അവർ അംഗീകരിച്ചിരുന്നില്ല. ഇതിന്റെയൊക്കെ അന്തിമഫലം എന്തായിരുന്നുവെന്നു വെച്ചാൽ യൂറോപ്പിലെ വിജ്ഞാന മണ്ഡലത്തിലുണ്ടായ വിപ്ലവം ഇന്ത്യയിലെത്തുന്നതിന് തടസ്സമായി ജെസ്യൂട്ടുകൾ അദൃശ്യമായ ഒരു മതിൽ തീർത്തു. അതിനപ്പുറത്തേക്കു കാണാൻ ജയ് സിങ്ങിനു കഴിഞ്ഞതുമില്ല. അതിനാൽ കാലഹരണപ്പെട്ട ഉപകരണങ്ങളാണ് ഇവിടെ ഉണ്ടാക്കിയത്. കൂടാതെ, യൂറോപ്പിൽ നിന്നുള്ള നല്ല പുസ്തകങ്ങൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ച അദ്ദേഹത്തിനു ലഭിച്ചത് ടോളമി രണ്ടാം ന്തറ്റാണ്ടിലെഴുതിയ അൽമജെസ്റ്റ് (Almagest of Ptolemy) ആണ്. പള്ളിയ്ക്കു കൂടി സ്വീകാര്യമായ ഭൂകേന്ദ്ര സിദ്ധാന്തമാണ് (geocentric theory) അതിന്റെ കാതൽ. അതിനെ പൊളിച്ചടുക്കിയ കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും പുസ്തകങ്ങളൊക്കെയും വിലക്കപ്പെട്ട പുസ്തകങ്ങളായിരുന്നു. അതൊന്നും ഇവിടെയെത്തിക്കാൻ ജെസ്യൂട്ടുകൾ താത്പര്യമെടുത്തില്ല.

അതിനാൽ സയൻസിന് വേണ്ടി വലിയ പണം മുടക്കാൻ തയ്യാറായ ജയ് സിങ്ങിന് ഒരു ശാസ്ത്ര വിപ്ലവം കൊണ്ടുവരാനൊന്നും കഴിഞ്ഞില്ല. പിന്നീട് സയൻസിനു പ്രാധാന്യം നൽകുന്ന ഒരു ഭരണാധികാരിയെ ഭാരതം കണ്ടത് സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്രു പ്രധാനമന്ത്രി ആയപ്പോഴാണ്.

അനുബന്ധ വായനയ്ക്ക്

ലേഖനങ്ങളും വീഡിയോകളും

ജ്യോതിശാസ്ത്ര ചരിത്രം

ലേഖനങ്ങളും വീഡിയോകളും

ജ്യോതിശാസ്ത്ര ചരിത്രം ഒറ്റനോട്ടത്തിൽ

ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ഇന്ത്യയുടെ സംഭാവനകൾ

ചെറുവീഡിയോ വിശദീകരണങ്ങൾ

Leave a Reply

Previous post ബോംബാർഡിയർ വണ്ടിന്റെ പ്രതിരോധതന്ത്രം
Next post സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും ഇന്ത്യയിലെ സയൻസും
Close