ജാൻ ഊർട്ട്

ധൂമകേതുക്കളിൽ ഒരുവിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽ നിന്ന് വളരെ അക ലെയായി ഒരു വൻമേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജാൻ ഹെൻഡ്രിക് ഊർട്ട് (Jan Hendrik Oort) 1900 -ാമാണ്ടിൽ നെതർലൻഡ്സിൽ ജനിച്ചു.  24 വയസ്സു മുതൽ 70 വയസ്സുവരെ ലീഡൻ ഒബ്സർവേറ്ററിയിൽ പ്രവർത്തിച്ച അദ്ദേഹം 25 വർഷക്കാലം അതിന്റെ തലവനുമായിരുന്നു. 1925ൽ സ്വീഡൻകാരനായ ബെർട്ടിൽ ലിൻഡാഡ് (Bertil Lindblad) ആകാശഗംഗയെന്ന നമ്മുടെ ഗാലക്സി അതിന്റെ കേന്ദ്രത്തെ ആധാരമാക്കി കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന സിദ്ധാന്തം മുന്നോട്ടു വച്ചിരുന്നു. ഈ സിദ്ധാന്തത്തെ നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചതും വികസിപ്പിച്ചെടുത്തതും ഊർട്ട് ആയിരുന്നു. സൂര്യൻ ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് ഏതാണ്ട് 30000 പ്രകാശവർഷം അകലെയാണെന്നും സൂര്യൻ 22.5 കോടി വർഷം കൊണ്ട് ഗാലക്സികേന്ദ്രത്തെ ചുറ്റി വരുന്നുവെന്നും തെളിയിച്ചതും ഇദ്ദേഹമായിരുന്നു. 1950ലാണ് ധൂമകേതുക്കളെ സംബന്ധിച്ച് ഊർട്ടിന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കപ്പെടുന്നത്. അതനുസരിച്ച് സൂര്യനിൽ നിന്ന് വളരെ അകലെ – ഒരു പ്രകാശവർഷം വരെ അകലെ – ഒരു വൻമേഘം പോലെ സ്ഥിതി ചെയ്യുന്ന ചെറുവസ്തുക്കളിൽ ചിലത് മറ്റു നക്ഷത്രങ്ങളുടെ ഗുരുത്വാകർഷണം നിമിത്തം അതുവരെയുള്ള പാതയിൽ നിന്ന് വ്യതിചലിച്ച് സൂര്യ സമീപത്തേക്ക് ചലിക്കുകയും വാൽനക്ഷത്രരൂപം കൈവരിക്കുകയും ചെയ്യു ന്നു. ഈ സിദ്ധാന്തത്തിന് ഇപ്പോൾ പൊതു അംഗീകാരം ലഭിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകിയിട്ടുള്ള ഇദ്ദേഹം 1935 മുതൽ 1948 വരെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് 1958 മുതൽ 61 വരെ പ്രസിഡന്റുമായി. 1992 നവംബര്‍ 5 ന് മരണം.

Leave a Reply