Read Time:13 Minute
ന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതികചരിത്രം വിവരിക്കുന്ന ‘ഇൻഡിക്ക’ എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ തന്നെ ലോകശ്രദ്ധയാകർഷിച്ച ഇന്ത്യൻ എഴുത്തുകാരനാണ് പ്രണയ് ലാൽ. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണ് ‘അദൃശ്യ സാമ്രാജ്യം’ (Invisible Empire: The Natural History of Viruses, Penguin, 2021; മലയാളം പതിപ്പ് – വൈറസ്: സമഗ്രചരിത്രം, ഡിസി ബുക്ക്സ്, 2022). മനുഷ്യന്റെ തലമുടിനാരിനേക്കാൾ നൂറുകണക്കിന് മടങ്ങ് ചെറുതായ ഒരു വൈറസിന്റെ മുമ്പിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിന്ന കാഴ്ചയാണ് 2019-21 കാലഘട്ടത്തിൽ നാം കണ്ടത്. വൈറസുകൾ എല്ലാം മനുഷ്യന്റെ ശത്രുക്കൾ എന്ന ധാരണ എങ്ങും ശക്തമായ ഒരു സാഹചര്യത്തിൽ, അതിനു ഒരു വിരോധാഭാസം എന്നപോലെ വൈറസുകളുടെ ഗുണങ്ങളെപ്പറ്റി പ്രണയ് ലാൽ നടത്തിയ ചില പ്രഭാഷണങ്ങളിൽനിന്നുമാണ് ഈ പുസ്തകത്തിൻ്റെ ആശയം രൂപപ്പെട്ടത്.

“പ്രോട്ടീനിൽ പൊതിഞ്ഞ ഒരു അശുഭവാർത്തഎന്നാണ് വൈറസുകളെ കുറിച്ച് 1983-ൽ പീറ്റർ മെഡാവർ എന്ന ബ്രീട്ടീഷ് ശാസ്ത്രകാരൻ അഭിപ്രായപ്പെട്ടത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ന് ലോകത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെ അഭിപ്രായവും അങ്ങനെ തന്നെ ആയിരിക്കും. എന്നാൽ ഈ ചിന്തയെ കീഴ്മേൽ മറിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. പതിനാല് അധ്യായങ്ങളിലായി പതിനാലു വ്യത്യസ്തമായ കഥകൾ, ഓരോന്നും വൈറസുകൾ എങ്ങനെ ഭൂമിയിലെ സർവ്വജീവജാലങ്ങളെയും പരിസ്ഥിതിയെയും മനുഷ്യചരിത്രത്തെയും സ്വാധീനിക്കുന്നു എന്ന് അനാവരണം ചെയ്യുന്നു. ധാരാളം ഉപകഥകൾ, അതിമനോഹരങ്ങളായ ചിത്രങ്ങൾ, കൂടെ അതീവ രസകരമായ എഴുത്തും ചേർത്ത് ഈ പുസ്തകം വായനക്കാർക്ക് ഒരു മറക്കാനാവാത്ത അനുഭവമാകുന്നു.

പുസ്തകത്തിന്റെ താളുകൾ

വൈറസുകൾക്ക് ജീവനുണ്ടോ? ജീവികളുടെ വർഗീകരണത്തിൽ നമ്മൾ അവയെ എവിടെയാണ് ഉൾപ്പെടുത്തുക? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ഇപ്പോഴും ശാസ്ത്രത്തിന്റെ കയ്യിലില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ് – കോടിക്കണക്കിന് വൈറസുകൾ നമ്മൾ അറിയാതെ നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റും ഭൂമിയുടെ കാണാപ്രദേശങ്ങളിലും നിർലോഭം വിഹരിക്കുന്നു. ഇതിൽ International Committee on Taxonomy of Viruses (ICTV) വർഗീകരിച്ചത് 6,590 വൈറസുകളെ മാത്രം! വർഗീകരിക്കപ്പെട്ടവയിൽ ഏകദേശം 219 എണ്ണം മാത്രമാണ് മനുഷ്യനിൽ രോഗങ്ങളുണ്ടാക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന മറ്റ് വൈറസുകൾ മനുഷ്യന് നേരിട്ടോ അല്ലാതെയോ ഉപകാരം ചെയ്യുന്നവരാണ്. ഉദാഹരണത്തിന്, ഒരു ആവാസവ്യവസ്ഥയിൽ മറ്റു ജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയുന്നതിൽ വൈറസുകളുടെ പങ്ക് വളരെ വലുതാണ്. Prochlorococcus മുതലായ സയനോബാക്ടീരിയകളുടെ എണ്ണം നിയന്ത്രിച്ച്, ഭൂമിയുടെ കാർബൺ ചക്രത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതും, മൽസ്യങ്ങളടക്കമുള്ള സമുദ്രജീവീകളെ ദോഷകരമായി ബാധിക്കുന്ന Algal blooms തടയുന്നതും വൈറസുകളുടെ നിശബ്ദ സേവനങ്ങളാണ്. വംശനാശത്തിന്റെ വക്കിലെത്തിയ അമേരിക്കൻ ചെസ്നട്ട് മരങ്ങളെ രക്ഷിക്കാൻ വൈറസുകൾക്ക് മനുഷ്യനെ എങ്ങനെ സഹായിക്കാനാകുമെന്ന് പതിനൊന്നാം അധ്യായത്തിൽ വായിക്കാം. കൂടാതെ, രോഗകാരികളായ ധാരാളം ബാക്ടീരിയകൾ ആന്റിബയോട്ടിക്കുളെ ചെറുക്കാനുള്ള കഴിവ് നേടുന്ന സാഹചര്യത്തിൽ, ബാകടീരിയകളെ നശിപ്പിക്കുന്ന വൈറസുകൾ (Bacteriophages) ഉപയോഗിച്ചുള്ള ഫാജ് തെറാപ്പി (Phage Therapy)യുടെ സാധ്യതയേറി വരികയാണ്.

ജീവശാസ്ത്രചരിത്രത്തിലെ അങ്ങേയറ്റം ഉദ്വേഗജനകവും, എന്നാൽ അധികം അറിയപ്പെടാത്തവയുമായ ധാരാളം ഏടുകൾ തികച്ചും രസകരമായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

വൈറസുകളുടെ സാന്നിധ്യം ആദ്യമായി മനുഷ്യന്റെ ശ്രദ്ധയിൽപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ്. എന്നാൽ അവ ബാക്ടീരിയൽ വിഷങ്ങൾ(Bacterial Exotoxins) ആയി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. 1895-ലാണ് മാർട്ടിനെസ്സ് ബെയറിംഗ് വൈറസുകളെ തിരിച്ചറിയുന്നത്. സംസ്കൃതപദമായ ‘വിഷ’ത്തിൽ നിന്നാണ് വൈറസ് എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടത്. കൗതുകകരമായ ഒരു കാര്യം എന്തെന്നാൽ ബെയറിംഗ് വൈറസുകളെ തിരിച്ചറിയുന്നതിന് പത്ത് വർഷം മുൻപ് തന്നെ ഒരു വൈറൽ രോഗമായ പേവിഷബാധയുടെ പ്രതിരോധമരുന്ന് (വാക്സിൻ) ലൂയി പാസ്ചർ വികസിപ്പിച്ചെടുത്തിരുന്നു. അതിനും ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് മനുഷ്യൻ ആദ്യമായി വികസിപ്പിച്ചെടുത്ത വാക്സിനും ഒരു മാരകമായ വൈറൽ രോഗത്തിനെതിരെ ആയിരുന്നു, വസൂരി. എഡ്വേർഡ് ജന്നർ എന്ന ഇംഗ്ലീഷ് ഭിഷഗ്വരനാണ് അത് വികസിപ്പിച്ചത്. അന്ന് ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയിലും സമ്പൂർണ വാക്സിനേഷൻ നടപ്പാക്കാനുള്ള ശ്രമങ്ങൾ അവർ നടത്തിയിരുന്നു. ഉദ്വേഗജനകമായ ആ കഥ ഏഴാം അധ്യായത്തിൽ ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നു. പതിമൂന്നാം അധ്യായത്തിലെ ഫാജുകളുടെ (Bacteriophages) കണ്ടെത്തലിന്റെ കഥ, പുസ്തകം താഴെ വയ്ക്കാതെ വായിച്ചിരുന്നു പോകും. ഭാരതീയരുടെ പുണ്യനദിയായ ഗംഗയിൽ നിന്നും 1894-ൽ ഏണസ്റ്റ്‌ ഹാങ്കിൻ എന്ന ഇംഗ്ലീഷുകാരനാണ് ആദ്യമായി ഫാജുകളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. ശ്രദ്ധിക്കപ്പെടാതെ പോയ ഈ കണ്ടെത്തലിന് ഏതാനും വർഷങ്ങൾക്ക് ശേഷം ഫ്രെഡറിക് ട്വോർട്ട് ഫ്രാൻസിലും ഫെലിക്സ് ഡിഹെറല്ലേ കാനഡയിലും സ്വതന്ത്രമായ് ഫാജുകളെ കണ്ടെത്തുകയായിരുന്നു. മാരകമായ ബാക്ടീരിയൽ രോഗങ്ങളുടെ ചികിത്സയ്ക്കായ് ഫാജുകളെ ആദ്യമായി ഉപയോഗിച്ചത് ഡിഹെറല്ലേ ആയിരുന്നു.

കൈകാര്യം ചെയ്യുന്നത് ശാസ്ത്രമായതിനാൽ വിവരസമ്പുഷ്ടവും, എന്നാൽ ഉന്നംവയ്ക്കുന്നത് സാധാരണ വായനക്കാരനെ ആയതിനാൽ അതീവ ഹൃദ്യവുമാണ് ഈ പുസ്തകം. പത്രങ്ങളിലും മറ്റും വർണ്ണാഭമായ വൈറസ് ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ വൈറസുകളുടെ ശരിക്കുമുള്ള നിറം എന്താണ്? ഉത്തരം നിറമില്ല എന്നാണ്. ഇതിന് പിന്നിലെ ശാസ്ത്രരഹസ്യം ഒന്നാം അധ്യായത്തിൽ വായിക്കാം. കൂടാതെ, മറ്റ് വൈറസുകളെ ബാധിക്കുന്ന വൈറസുകൾ, മനുഷ്യ പരിണാമത്തിന്റെ കഥകൾ പറയുന്ന വൈറസുകൾ, അങ്ങനെ വായനക്കാരെ അമ്പരപ്പിക്കുന്ന നൂറുകണക്കിന് ശാസ്ത്രസത്യങ്ങൾ കൊണ്ട് ഈ പുസ്തകം നിറഞ്ഞിരിക്കുന്നു. മനുഷ്യജീനോമിനോമിന്റെ 8 ശതമാനത്തോളം വൈറസ് ജീനുകൾ (Human Endogenous Retroviruses, HERVs) ആണ്. ഇവ 50-ൽ പരം ജീൻ കുടുംബങ്ങളിൽ പെട്ടതാണ്. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഇവ ആദ്യമായി സസ്തനികളുടെ ജീനോമിൽ പ്രവേശിച്ചത്. അതിലൂടെ പരിണാമധാരയിൽ സസ്തനി വർഗ്ഗങ്ങൾ രണ്ടായി പിരിയുകയായിരുന്നു. ഒരു കൂട്ടം മുട്ടയിടുന്നവരും (Egg-laying mammals) മറ്റൊരു കൂട്ടം പ്രസവിച്ച് കുട്ടികളെ വളർത്തുന്നവരും (Viviparous/Placental mammals) ആയിമാറി. Placenta-യുടെയും മനുഷ്യ കൈകാലുകളുടെയും പരിണാമത്തിലും വൈറസുകളുടെ പങ്ക് നിർണായകമാണ്. അത്ഭുതകരമായ ഈ വിവരങ്ങൾ അത്യന്തം രസകരമായി നാലാം അധ്യായത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

പുസ്തകത്തിന്റെ താളുകൾ

എടുത്ത് പറയേണ്ട മറ്റൊരു കാര്യം പുസ്തകത്തിലെ ചിത്രങ്ങളും, ഓരോ ചിത്രത്തിന്റെ താഴെയും നല്കിയിരിക്കുന്ന വിശദീകരണങ്ങളുമാണ്. ഇവ മാത്രം എടുത്താൽ തന്നെ അതിമനോഹരമായ ഒരു പുസ്തകം ആയി. രസകരമായ ധാരാളം വിവരങ്ങളും ഉപകഥകളും ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഓരോ കഥയും നടക്കുന്ന കാലത്തിലൂടെ സഞ്ചരിക്കാനും സങ്കീർണമായ ശാസ്ത്രസത്യങ്ങളെ കൂടുതൽ മിഴിവോടെ മനസ്സിൽ കാണാനും ഈ ചിത്രങ്ങൾ വായനക്കാരെ സഹായിക്കുന്നു.

ഇങ്ങനെ നോക്കുമ്പോൾ, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു ശാസ്ത്രപുസ്തകം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രണയ് ലാലിന്റെ ‘അദൃയശ്യ സാമ്രാജ്യം’. വൈറസുകളെയും മനുഷ്യചരിത്രത്തെയും ഒരു പുതിയ കണ്ണിലൂടെ കാണാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം. ജീവശാസ്ത്രത്തിൽ താല്പര്യമുള്ള ഏതൊരാൾക്കും ഇതൊരു ഗംഭീര വായനാനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല.


Invisible Empire: The Natural History of Viruses, Penguin, 2021; മലയാളം പതിപ്പ് – വൈറസ്: സമഗ്രചരിത്രം, ഡിസി ബുക്ക്സ്, 2022
Happy
Happy
42 %
Sad
Sad
0 %
Excited
Excited
58 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിണാമ കോമിക്സ് 6
Next post ദ്രവങ്ങളിലെ ബാക്ടീരിയയെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
Close