Read Time:9 Minute


വി.എസ്.ശ്യാം

ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു.

നിങ്ങൾക്കറിയാമോ കഴിഞ്ഞയാഴ്ച അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ശ്രദ്ധേയമായ ഒരു പഠനഫലം പുറത്തുവന്നു. അവിടെ റൊസാലി സിൻക്ലെയർ (Rosalie Sinclair) എന്ന മിടുക്കിയായ ശാസ്ത്രജ്ഞ ഉൾപ്പെട്ട ഒരു സംഘം നമ്മുടെ ചീരയുടെ ഇലകൾക്കുള്ളിൽ കാർബൺ നാനോട്യൂബുകളിൽ അതിവിദഗ്ദ്ധമായി സന്നിവേശിപ്പിച്ച് സസ്യങ്ങളെ നല്ല ഉത്തമ സെൻസറുകളാക്കി മാറ്റി! അതായത് വേണമെങ്കിൽ ഒരു ഈമെയിൽ വരെ അയയ്ക്കാൻ കഴിയുന്ന ചെടികൾ! സ്ഫോടകവസ്തുക്കളെ വരെ തിരിച്ചറിയാനും സ്മാർട്ട്‌ഫോണിന് സമാനമായ ഒരു ഹാൻഡ്‌ഹെൽഡ് ഉപകരണത്തിലേക്ക് വയർലെസ് സന്ദേശം റിലേ ചെയ്യാനും ഒക്കെ ഈ നാനോട്യൂബുകൾ വഴി ആ ചെടികൾക്ക് കഴിയും. സസ്യങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും വിള ഉൽ‌പാദനം മെച്ചപ്പെടുത്തുന്നതിനും കർഷകർക്ക് ഈ സെൻസറുകളോട് സംവദിക്കാം. പിന്നെയോ? പ്രതിരോധ, നിയമ നിർവ്വഹണ മേഖലകളിൽ, സെൻസറുകളിൽ ഉൾച്ചേർത്ത സസ്യങ്ങൾക്ക് സ്ഫോടകവസ്തുക്കളും ദോഷകരമായ വായുവിലൂടെയുള്ള രാസവസ്തുക്കളും മലിനീകരണ വസ്തുക്കളും കണ്ടെത്താനാകും. എന്തെല്ലാം സാധ്യതകൾ !!? എത്ര അതിശയകരം !

റൊസാലി സിൻക്ലെയർ (Rosalie Sinclair)

തീർന്നില്ല, ഇങ്ങ് നമ്മുടെ കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോടെക്‌നോളജിയിലെ ഗവേഷകയായിരുന്ന മൂവാറ്റുപുഴക്കാരി ഡോ.എ.ആർ.അജിത ഈ നാനോ ട്യൂബുകളെ ഉപയോഗിച്ച് എന്തു ചെയ്തെന്നോ ? പറയാം. മൊബൈൽ ഫോൺ വികിരണങ്ങൾ തടയാനായി ഷീൽഡുകൾ എന്ന നിലയ്ക്ക് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത് മെറ്റലുകൾ ആണ്. ഇതിനു പകരം പോളിമർ ഉപയോഗിക്കാമോ എന്നായിരുന്നു അജിത ചിന്തിച്ചത്. പോളിമറുകൾക്ക് ലോഹങ്ങളെ അപേക്ഷിച്ച് വിലയും ഭാരവും കുറവുമാണ്. പക്ഷെ വികിരണങ്ങളെ തടയാനുള്ള ഉപയോഗത്തിനായി വൈദ്യുതിയെ കടത്തിവിടുന്ന നല്ല ചാലകശക്തിയുള്ള പോളിമറുകൾ വേണം. എന്നാൽ ഇത്തരം പോളിമറുകൾക്ക് വലിയ ചിലവുമാണ്. അപ്പോൾ എന്തുയ്യും? തലങ്ങും വിലങ്ങും പഠിച്ചു. പരീക്ഷിച്ചു. എന്നിട്ടോ? പോളിട്രൈമെഥ്ലിൻ ടെറെഫ്താലേറ്റ്, പോളി പ്രൊപ്പിലിൻ തുടങ്ങി ചെലവുകുറഞ്ഞ പോളിമറുകൾ കണ്ടെത്തി തെരഞ്ഞെടുത്തു അവയിലേക്ക് ചാലകശേഷി കൂടുതലുള്ള കാർബൺ നാനോ ട്യൂബുകൾ കൂടി സംയോജിപ്പിച്ചു ! ഫലം? അത്ഭുതം ! 20 ഡെസിബെൽ എന്ന നിരക്കിലൊക്കെ നിന്ന വിദ്യുത്കാന്തിക വികിരണങ്ങളുടെ ഷീൽഡിങ് ശേഷി ഇരട്ടിയായി! കണ്ടെത്തിയ പോളിമർ കൂട്ടിന് പേറ്റന്റും!!

ഡോ.എ.ആർ.അജിത

നാനോ – മൈക്രോ ലോകത്ത് നിന്ന് മാക്രൊലോകത്തിലേക്ക് വന്നാൽ തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഫിസിക്സ് പഠിച്ചു തുടങ്ങി മദ്രാസ് ഐഐടി വഴി ബോസ്റ്റൺ സർവകലാശാലയിൽ എത്തിയ തുഷാരാപിള്ള ഭൂമിയിൽ നിന്ന് 1,400 പ്രകാശവർഷം അകലെയുള്ള സെർപൻസ് സൗത്ത് എന്ന ഏതാണ്ട് അറുന്നൂറോളം നക്ഷത്രങ്ങളുള്ള ഒരുസ്റ്റാർ ക്ലസ്റ്ററിനെ നിരീക്ഷിച്ചു. ക്ലസ്റ്ററിലെ നക്ഷത്രങ്ങൾ താരതമ്യേന ചെറുപ്പമാണ്. ഭൂമിയ്ക്ക് അല്പം അടുത്തും. ചെറുപ്പക്കാര് നക്ഷത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള തന്മാത്രാ മേഘങ്ങളുടെ അവസ്ഥ മനസിലാക്കി. അവയ്ക്കുള്ളിലെ കാന്തികക്ഷേത്രത്തിന്റെ പുനഃക്രമീകരണങ്ങളും മറ്റുംകണ്ടറിഞ്ഞു പകർത്തി! നക്ഷത്രക്കുഞ്ഞുങ്ങളുടെ ജനനവും അവ എങ്ങനെ രൂപപ്പെട്ടുണ്ടായി വരുന്നെന്നും അതിന് ഇന്റർസ്റ്റെല്ലാർ ബഹിരാകാശത്തെ തന്മാത്രാ മേഘങ്ങൾ എങ്ങനെ സഹായിക്കുന്നുവെന്നും വളരുന്ന നക്ഷത്രങ്ങളെ പോഷിപ്പിക്കാൻ അതെങ്ങനെ സ്വാധീനിക്കുന്നുവെന്നുമൊക്കെയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഡോ.തുഷാരയുടെ പഠനങ്ങൾ വഴി കാട്ടിയാവുകയാണ് !

തുഷാരാ പിള്ള

എത്ര റൊസാലിമാർ… എത്ര അജിതമാർ… എത്ര തുഷാരമാർ…. മേരി ക്യൂറിയുടെ, ജാനകി അമ്മാളിന്റെ പിന്മുറക്കാർ…. കോവിഡ് വരിഞ്ഞു മുറുക്കിയ ലോകത്തിനു വെളിച്ചമായി, ശാസ്ത്രത്തിന്റെ ദീപശിഖയുമായി മുന്നിൽ നിന്നു നയിച്ച, നയിക്കുന്ന പെണ്ണുങ്ങൾ… ഫെബ്രുവരി 11 ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസമാണ്. ഇക്കൊല്ലം നാം “കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുൻനിരയിലുള്ള വനിതാ ശാസ്ത്രജ്ഞർ” എന്ന വിഷയത്തെ അഭിസംബോധന ചെയ്യും, കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാൻഡെമിക്കുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന പെണ്ണുങ്ങളിലേക്ക് ആദരവോടെ നോക്കും. അവരെ അറിയും.

2015 ഡിസംബർ 22 ന് യുഎൻ ജനറൽ അസംബ്ലി സ്ഥാപിക്കപ്പെട്ടതു മുതൽ, ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി നാമീ അവസരം വിനിയോഗിക്കുന്നു. കോവിഡ് വൈറസിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിലെല്ലാം നാം കാണുന്നത് സ്ത്രീകളെയാണ്. കോവിഡ് പ്രതിരോധത്തിൽ, അതിന്റെ വിവിധ ഘട്ടങ്ങളിൽ വനിതാ ഗവേഷകരുടെ നിർണായക പങ്ക് വൈറസിനെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നത് മുതൽ പരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളും ഒടുവിൽ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൽ വരെയും.എന്നാലോ ? ഉലകിൽ പെണ്ണുങ്ങൾ ജനസംഖ്യയുടെ പകുതിയുണ്ടെങ്കിലും ശാസ്ത്രരംഗത്ത് ഇന്നും മുപ്പതുശതമാനത്തോളമേ സ്ത്രീകളുള്ളൂ. പുതിയ സാങ്കേതികാവിദ്യാ സംരഭങ്ങളിൽ വെറും രണ്ടു ശതമാനത്തിൽ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ! ആ കുഴപ്പം , ആ ചേർച്ചക്കുറവ് കാണുന്നില്ലേ? അത് മാറേണ്ടതുണ്ട്

.

അതേസമയം, COVID-19 പാൻഡെമിക് വനിതാശാസ്ത്രജ്ഞരെ സാരമായി ബാധിച്ചിട്ടുമുണ്ട്, പ്രത്യേകിച്ചും തങ്ങളുടെ കരിയറിന്റെ ആദ്യഘട്ടത്തിലുള്ളവരെ. ശാസ്ത്രത്തിൽ നിലവിലുള്ള ലിംഗപരമായ വിടവ്, ശാസ്ത്രവ്യവസ്ഥയിലെ ലിംഗപരമായ അസമത്വം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, ലഭ്യമാകുന്ന അവസരങ്ങളിൽ ഉള്ള വിവേചനം തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങളും ശാസ്ത്രരംഗത്ത് സ്ത്രീകൾ നേരിടുന്നു. ശാസ്ത്രത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിനും കൂടുതലായി അവരെ ഈ രംഗത്തേക്ക് എത്തിക്കുന്നതിനും വേണ്ട പുതിയ നയങ്ങളും സംരംഭങ്ങളും സംവിധാനങ്ങളും നമുക്കുണ്ടാവേണ്ടതുണ്ട്. കൂടുതൽ കൂടുതൽ അജിതമാരും തുഷാരമാരും ഉണ്ടാവട്ടെ. അവർ വഴി കാട്ടട്ടെ. ഊർജ്ജമാകട്ടെ.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Ask LUCA – ജീവപരിണാമം-ചോദ്യോത്തരങ്ങൾ
Next post ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!
Close