തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ പ്രകൃതത്തില്‍ അതിപ്രധാന പങ്കു വഹിക്കുന്നവയാണ് എന്‍സോ (ENSO), ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD ), ഭൗമോപരിതല താപനില, അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിലെ കാറ്റുകള്‍ (Low Level Jet Sreams), മണ്‍സൂണ്‍ പാത്തിയുടെ സ്ഥാനവും സ്ഥിതിയും, മണ്ണിലെ ഈര്‍പ്പമാനം തുടങ്ങിയവ. എന്നാല്‍, നൂറ്റാണ്ടുകള്‍ ദൈര്‍ഘ്യമേറിയ ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലും ഓരോ മണ്‍സൂണ്‍ കാലവും കാലവര്‍ഷ പ്രകൃതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മറ്റുപല ഘടകങ്ങളെ പറ്റിയുള്ള പുതിയ അറിവുകളാണ് മുന്നോട്ടുവയ്ക്കുന്നത്. മധ്യപൂർവേഷ്യന്‍ മരുഭൂമികളില്‍ നിന്ന് കാറ്റുകള്‍ വഹിച്ചുകൊണ്ട് വരുന്ന പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുവാന്‍ ശേഷിയുണ്ടെന്ന് യു.എസിലെ കന്‍സാസ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠന പ്രകാരം കണ്ടെത്തിയിരിക്കുന്നു (Earth-Science Reviews 215 (2021) 103562).
പൊടിപടലങ്ങളും കാലവര്‍ഷവും
ഇന്ത്യയിലെ കാര്‍ഷിക രംഗം കാലവര്‍ഷവുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ജലസേചനം സാധ്യമല്ലാത്ത അവസ്ഥയില്‍ ഒട്ടുമിക്ക കര്‍ഷകരും കാര്‍ഷികാവശ്യത്തിനുള്ള ജലത്തിന് വേണ്ടി കാലവര്‍ഷമഴയെയാണ് ആശ്രയിക്കുന്നത്. മണ്‍സൂണിന്റെ തോതും പ്രകൃതവുമാകട്ടെ, നിരവധി അന്തരീക്ഷസമുദ്ര ഘടകങ്ങളാല്‍ നിയന്ത്രിതവുമാണ്. പ്രത്യക്ഷത്തില്‍ അപ്രധാനമെന്ന് തോന്നിയേക്കാവുന്ന ഘടകങ്ങള്‍ പോലും മണ്‍സൂണിന്റെ നിയന്ത്രണത്തില്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല എന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അക്കൂട്ടത്തില്‍ വരുന്ന ഒന്നാണ് അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍. വരണ്ട ഭൂപ്രദേശങ്ങളാണ് അന്തരീക്ഷത്തിലേക്കെത്തുന്ന പൊടിപടലങ്ങളുടെ പ്രധാന ഉറവിടങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ധൂളീ സ്രോതസ് ഉത്തരാഫ്രിക്കയാണ്. അന്തരീക്ഷത്തിലേക്കെത്തുന്ന പൊടിപടലങ്ങളുടെ 18 ശതമാനത്തോളം ഈ മേഖലയില്‍ നിന്നാണ്. ഉത്തരാഫ്രിക്ക കഴിഞ്ഞാല്‍ മധ്യഏഷ്യ, മധ്യപൂര്‍വേഷ്യ, ദക്ഷിണേഷ്യ എന്നിവയാണ് പിന്നീടു വരുന്നത്. ചില പ്രത്യേക പരിതസ്ഥിതികള്‍ ഒത്തുവരുമ്പോഴാണ് പൊടിപടലങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഉണ്ടാകുന്നത്. അതായത്, വരണ്ടതും ഇളകി കിടക്കുന്നതുമായ മണ്ണ് അഥവാ മണല്‍ തരികള്‍, ശക്തമായ കാറ്റ്, തീരെകുറഞ്ഞ സസ്യ സാന്നിധ്യം എന്നിവയാണവ.
പൊടിപടലങ്ങളും മണ്‍സൂണ്‍ കാറ്റും
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന ധാതുധൂളികള്‍ വിവിധ ധാതുലവണങ്ങളുടെ ഓക്‌സൈഡുകള്‍ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ധൂളികള്‍ അടങ്ങിയ പൊടിപടലങ്ങള്‍ക്ക് വ്യത്യസ്ത സംഘടനയാണുള്ളത്. പൊടിപടലങ്ങളില്‍ കാണപ്പെടുന്ന ധാതു ധൂളികളില്‍ ഘടനാപരമായ വ്യത്യാസം കാണപ്പെടുന്നു. പൊടിപടലങ്ങള്‍ക്ക് സൗരോര്‍ജം ആഗിരണം ചെയ്യാനുള്ള ശേഷിയെ ആശ്രയിച്ചിരിക്കും അവയ്ക്ക് മണ്‍സൂണ്‍ തീവ്രതയിലുള്ള നിയന്ത്രണം. ധാതു ധൂളികളുടെ ഘടനാപരമായ വ്യത്യാസം കൃത്യമായി തിരിച്ചറിഞ്ഞാല്‍ മാത്രമേ അവയുടെ താപന ശേഷിയും സൂക്ഷ്മമായി വിലയിരുത്താനാവൂ. അതുവഴി മാത്രമേ മണ്‍സൂണ്‍ പ്രവണതകളും കൃത്യമായി പ്രവചിക്കാനാവൂ. മധ്യപൂര്‍േവഷ്യന്‍ മേഖലയില്‍ നിന്നുള്ള മണല്‍ തരികള്‍, ഇറാന്‍ പീഠഭൂമി, അറബിക്കടല്‍ എന്നീ മേഖലകള്‍ക്ക് മുകള്‍ ഭാഗത്തുള്ള ട്രോപോസ്ഫിയറില്‍ ചൂട് വര്‍ധിപ്പിക്കുന്നു. മധ്യപൂര്‍വേഷ്യയിയില്‍ നിന്നുള്ള അന്തരീക്ഷ ധൂളീ പടലങ്ങള്‍ക്ക് കാലവര്‍ഷത്തിനുമേല്‍ സ്വാധീനം ചെലുത്താനാകുമോയെന്ന കാര്യത്തില്‍ പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. മരുപ്രദേശങ്ങളില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ശക്തമായ കാറ്റ് വഴി അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് അവിടെ തങ്ങിനില്‍ക്കുന്നു. ഈ പൊടിപടങ്ങള്‍ക്ക് സൗരവികിരണങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. ചൂടേറിയ സൗരവികിരണങ്ങളുടെ ആഗിരണം മൂലം ഇവ ചൂട് പിടിക്കുന്നു. ഇവയില്‍ നിന്നുള്ള ചൂട് ഇവ അടങ്ങിയ അന്തരീക്ഷത്തെയും തപിപ്പിക്കുന്നത് മൂലം വായു മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന വ്യതിയാനം അന്തരീക്ഷത്തിലെ പര്യയന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ‘എലിവേറ്റഡ് ഹീറ്റ് പമ്പ് Elevated Heat Pump ‘ (അതി താപജന്യ വാതപ്രവാഹം) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മുഖേനയാണ് സമുദ്രത്തില്‍ നിന്നുള്ള ഈര്‍പ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിപ്പെടുന്നത്.
പൊടിപടലങ്ങള്‍ മണ്‍സൂണ്‍ ശക്തിപ്പെടുത്തുമോ?
പൊടിപടലങ്ങള്‍ സമുദ്രത്തില്‍ നിന്നും ആഗിരണം ചെയ്ത് സംഭരിക്കുന്ന ഈര്‍പ്പം മണ്‍സൂണിനെ ശക്തിപ്പെടുത്തുന്നു. പൊടിപടലങ്ങള്‍ക്കും ഇന്ത്യന്‍ മണ്‍സൂണിനും പരസ്പരം ഒരു അനുകൂല പരിപോഷണ സ്വഭാവമാണുള്ളത് (positive feedback).ഈ പ്രകൃതത്തിന് ഒരു ചാക്രിക സ്വഭാവവും ഉണ്ട്. പൊടി പടലങ്ങളിലെ ഈര്‍പ്പസാന്നിധ്യം മൂലം മണ്‍സൂണ്‍ മഴ ശക്തിപ്പെടുന്നത് ഒരു ഘട്ടം. കാലവര്‍ഷം മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ള കാറ്റുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. അതുവഴി തല്‍പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേക്കെത്തുകയും ചെയ്യുന്നു. ഇത് അടുത്തഘട്ടം.
കരയും കടലും തമ്മിലുള്ള താപവ്യതിയാനമാണ് മണ്‍സൂണിന്റെ പ്രേരകഘടകം. ജൂലൈ മാസത്തില്‍ കിട്ടുന്ന കനത്ത മണ്‍സൂണ്‍ മഴക്ക് കാരണം ഭൂസ്പര്‍ശമണ്ഡലത്തിലെ (troposphere) മധ്യഭാഗത്തും മേല്‍ഭാഗത്തും മണ്‍സൂണ്‍ ആരംഭഘട്ടത്തിലെ കനത്തമഴമൂലം സംജാതമാകുന്ന ലീനതാപമാണ് (latent heat). ഇതിനുപുറമെ, അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ അധികതോതില്‍ ഉള്ള പക്ഷം, അവ ആഗിരണം ചെയ്ത് സംഭരിച്ച് വച്ചിരിക്കുന്ന താപം, കടലും കരയും തമ്മിലുള്ള താപവ്യതിയാനത്തെ അധികരിപ്പിക്കുന്നു. മണ്‍സൂണ്‍ തുടങ്ങുന്നതിനു മുന്‍പോ അല്ലെങ്കില്‍ മണ്‍സൂണ്‍ ആരംഭത്തിലോ ആണ് താപവ്യതിയാനം കൂടിയ തോതില്‍ ആകുന്നത്. മണ്‍സൂണ്‍ ഉച്ചസ്ഥായിയിലെത്തുന്നതോടുകൂടി ഭൂസ്പർശമണ്ഡലത്തിന്റെ മധ്യമേല്‍ഭാഗത്ത് പുറന്തള്ളപ്പെടുന്ന ലീനതപം കൂടുകയും, ആ മേഖലയില്‍ മര്‍ദ്ദം കുറയുകയും ചെയ്യുന്നു. മര്‍ദ്ദം കുറഞ്ഞ മേഖലയിലേക്ക് ജലസമ്പന്നമായ കാറ്റുകളും ജലം പേറുന്ന പൊടിപടല മര്‍മ്മങ്ങളും എത്തിച്ചേര്‍ന്ന് മേഘരൂപീകരണം ശക്തിപ്പെട്ട് മഴ വര്‍ധിക്കുന്നു.
പൊടിപടലങ്ങൾ മൺസൂണിനെ സ്വാധീനിക്കുന്നതെങ്ങനെ?
മൺസൂൺ പൂർവ്വമാസങ്ങളായ മാർച്ച്, ഏപ്രിൽ മാസങ്ങളില് പശ്ചിമ ചൈനയിലെ മരുപ്രദേശങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ തിബറ്റൻ പീഠഭൂമിയുടെ വടക്കേ ചെരുവിലും പാക്കിസ്താൻ മധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ നിന്നുള്ള ധൂളീ പടലങ്ങൾ പീഠഭൂമിയുടെ തെക്കേ ചെരുവിലും നിക്ഷേപിക്കപ്പെടുന്നു. പീഠഭൂമിയുടെ തെക്കേ ചെരുവിലുള്ള പൊടിപടലങ്ങങ്ങളും ഫോസില് ഇന്ധനങ്ങളുടെ അപൂർണദഹനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന ‘ബ്ലാക്ക് കാർബണുകളും’ ചേര്ന്ന് സൗരവികിരണങ്ങൾ വൻതോതില് ആഗിരണം ചെയ്യുന്നതുവഴി തത്പ്രദേശത്തെ വായുവിന് ചൂടേറുന്നു. തല്ഫലമായി തൽപ്രദേശത്തെ ഭൂസ്പർശമണ്ഡലത്തിന്റെ മധ്യഭാഗം, മേൽ ഭാഗം എന്നിവിടങ്ങളിൽ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടുന്നു. ഇതുമൂലം കടലും കരയും തമ്മിൽ നിലനിന്നിരുന്ന താപവ്യതിയാനത്തിന്റെ തോത് വർധിക്കുന്നു. തുടർന്ന് മെയ് മാസത്തിലും ജൂൺ ആരംഭത്തിലും ഇപ്രകാരം വികിരണ താപനം മൂലമുണ്ടാകുന്ന അന്തരീക്ഷപര്യയന വ്യവസ്ഥകൾക്ക് തീക്ഷ്ണതയേറുന്നു. ചൂടുപിടിച്ച വായു പീഠഭൂമിയുടെ മുകൾ ഭാഗത്തേക്ക് ഉയരുകയും അത് തല്പ്രദേശത്തെ ഭൂസ്പർശമണ്ഡലത്തിന്റെ തെക്കുവടക്കായി നിലനിൽക്കുന്ന താപവ്യതിയാന തോതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി പീഠഭൂമിയുടെ ദക്ഷിണ ഭാഗത്ത് അന്തരീക്ഷ മർദ്ദം കുറയുകയും, താരതമ്യേന മര്ദ്ദം കൂടുതൽ അനുഭവപ്പെടുന്ന വടക്കുഭാഗത്തുനിന്നും ശക്തമായ വായുപ്രവാഹം അവിടേക്ക് വീശിയെത്തുകയും ചെയ്യുന്നു. തല്ഫലമായി പീഠഭൂമിയുടെ തെക്കേ ഭാഗത്ത് അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മധ്യപൂർവേഷ്യന് പൊടിപടലങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗത്തേക്ക് തള്ളി നീക്കപ്പെടുന്നു. പൊടിപടലങ്ങൾ കടലിലെ ജലബാഷ്പം ആഗിരണം ചെയ്യും.
ഈ സഞ്ചാരത്തിനിടയിൽ പൊടിപടലങ്ങൾ അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള ജലബാഷ്പം കനത്ത തോതിൽ ആഗിരണം ചെയ്യുന്നു. ഈ പ്രതിഭാസം മൂലം ഇന്ത്യൻ ഉപഭൂഖണ്ഡമേഖലയിൽ പ്രവേശിക്കുന്ന ബാഷ്പവാഹിനികളായ പൊടിപടലങ്ങൾ മൂലം മേഘരൂപീകരണം ശക്തിയാര്ജ്ജിക്കുകയും സാധാരണ ഗതിയിലും നേരത്തെ ആരംഭിക്കുന്ന മൺസൂണിന് കാരണമാകുകയും ചെയ്യുന്നു. ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ ശക്തിയാര്ജ്ജിക്കുന്ന മൺസൂൺ മാസാന്ത്യത്തോടെയോ പിന്നീട് ആഗസ്ത് മാസത്തോടെയോ ശക്തിക്ഷയിക്കുന്ന അവസ്ഥയിലാവുന്നു. കനത്തമഴയിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിന്ന് നീക്കംചെയ്യപ്പെട്ടതിനാൽ മഴ ക്രമേണ ശക്തി കുറയുകയും ചെയ്യുന്നു.
മഴകൂടുന്നതിനു പിന്നിൽ
തെളിഞ്ഞ അന്തരീക്ഷത്തോട് കൂടിയ ഒരു മൺസൂൺക്കാലത്തെ അപേക്ഷിച്ച് പൊടിപടലങ്ങളുടെ ആധിക്യമുള്ള മൺസൂൺ മാസങ്ങൾ ശക്തമായ അന്തരീക്ഷപര്യയന വ്യവസ്ഥകൾ, മേഘാധിക്യം, കനത്ത മഴ എന്നിവയാൽ വ്യതിരിക്തമായിരിക്കും. തിബറ്റൻ പീഠഭൂമിയിൽ അടിഞ്ഞ് കൂടുന്ന ആഗിരണ സ്വഭാവമുള്ള ധൂളീകണങ്ങളാൽ താപനനിരക്ക് കൂടുന്നതിനാലാണിത്. മേല് വിവരിച്ച പ്രക്രിയകൾ ഒന്നാകെ അറിയപ്പെടുന്നത് ‘എലിവേറ്റഡ് ഹീറ്റ് പമ്പ്” (Elevated Heat Pump EHP) എന്നാണ്. ഭൂസ്പര്ശമണ്ഡലത്തിന്റെ താഴ്ന്ന വിതാനങ്ങളിലൂടെ വീശുന്ന മൺസൂൺ കാറ്റുകളിൽ (low level jet streams), EHP പ്രേരിത വർധനവ് കാണാറുണ്ട്. ഈ കാറ്റുകൾ മധ്യപൂർവേഷ്യന് മണലാരണ്യങ്ങളിൽ നിന്നും കൂടിയ തോതിൽ പൊടിപടലങ്ങളും അറബിക്കടലിൽ നിന്ന് അധിക തോതിൽ ജലബാഷ്പവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വഹിച്ച് എത്തിക്കുന്നു. ഇതു മൺസൂൺ മഴയെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, കനത്ത മഴമൂലം അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഇല്ലാതാകുന്ന പ്രക്രിയ വലിയൊരളവുവരെ പരിഹരിക്കുകയും മൺസൂൺ കാലം ഏറെക്കുറെ മുഴുവനായി തന്നെ EHP പ്രേരിത അന്തരീക്ഷപ്രഭാവങ്ങൾ നിലനിർത്തുകയും ചെയ്യുന്നു.
കാറ്റും മഴയും തമ്മിൽ
മൺസൂൺ കാലത്ത് ശക്തമായ കാറ്റുകൾ ഉണ്ടാകാറുണ്ട്. കാറ്റുകളുടെ ഗതിയിലോ, ശക്തിയിലോ വ്യതിയാനമുണ്ടായാൽ സമുദ്രത്തിൽ നിന്ന് കരയിലേക്ക് അവ വഹിച്ചുകൊണ്ട് വരുന്ന ജലബാഷ്പത്തിന്റെ തോതിലും വ്യത്യാസമുണ്ടാകും. കാറ്റുകളുടെ ശക്തികൂടുന്ന അവസരത്തിൽ മഴ കനക്കുന്നു. ദക്ഷിണേഷ്യയിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൃഷി, കുടിവെള്ളം എന്നിവക്ക് മഴ അനിവാര്യമാണ്. മധ്യപൂർവേഷ്യൻ മേഖലകളില് നിന്നുള്ള പൊടിപടലങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയെ സമ്പന്നമാക്കുന്നു. ശക്തമായ മൺസൂൺ മഴയാകട്ടെ, മദ്ധ്യപൂർവേഷ്യൻ മേഖലകളിൽ കാറ്റുകളുടെ സാന്നിധ്യം വർധിപ്പിക്കാനിടയാക്കുകയും അതുവഴി കൂടുതൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെടാനിടയാവുകയും ചെയ്യുന്നു. പൊടിപടലങ്ങളുടെ നിക്ഷേപത്തെ വന്തോതിൽ പരിപോഷിപ്പിക്കുവാൻ മൺസൂൺ മഴക്ക് കഴിയും. മൺസൂൺകാലത്ത് ശക്തമായ മഴമൂലം മേഘങ്ങളിലെ ഹിമപ്പരലുകളിലെ ലീനതപം വിമോചിതമാവുക മൂലം അന്തരീക്ഷത്തിന്റെ ഉയര്ന്ന തലങ്ങളിൽ ചൂടേറുന്നു. മുകളിലേക്ക് താപം എത്തപ്പെടുന്ന സംവഹന പ്രക്രിയ അന്തരീക്ഷപാളിയിൽ ഏകദേശം 10 കിലോമീറ്ററോളം ഉയരത്തിൽ വരെ വ്യാപിക്കാറുണ്ട്. താപസംവഹനം മൂലം അന്തരീക്ഷത്തിന്റെ മേൽപാളിയില് മര്ദ്ദം കുറഞ്ഞ മേഖല രൂപം കൊള്ളുന്നു. ഈ മേഖലക്ക് മുകളിലും താഴെയും താരതമ്യേന മര്ദ്ദം കൂടുതലുള്ള മേഖലകളാണുള്ളത്. മർദ്ദ വ്യതിയാനം മൂലം തരംഗിത പ്രകൃതമുള്ള ഈ ഭിന്നമർദ്ദ മേഖലകളാണ് മധ്യപൂർവ്വേഷ്യയിലേക്ക് വായു പ്രവാഹത്തെ ഗതിതിരിച്ചു വിടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മർദ്ദം കൂടിയ മേഖലയില് നിന്നുള്ള വായു, മർദ്ദം കുറഞ്ഞ മേല് പാളിയില് എത്തിച്ചേരുകയും ഇത് മധ്യപൂർവേഷ്യയിലേക്ക് നീങ്ങി അവിടെ നിന്ന് താഴേക്ക് ചെരിയുകയും ചെയ്യുന്നു. താഴേക്ക് സഞ്ചരിക്കുന്ന ഈ വായു പ്രവാഹം ഭൗമോപരിതലത്തിൽ മുട്ടാനിടയാവുമ്പോൾ പൊടിപടലങ്ങൾ വൻ തോതിൽ അന്തരീക്ഷത്തിലേക്ക് എത്തുന്നു.
പൊടിയെത്തുന്നത് അറേബ്യൻ മരുഭൂമിയിൽ നിന്ന്
അറേബ്യൻ മരുഭൂമിയിൽ നിന്നുള്ള പൊടിപടലങ്ങൾക്ക് ഇന്ത്യന് മൺസൂണിനെ പരിപോഷിപ്പിക്കുന്നതിൽ അതിപ്രധാനമായ പങ്ക് ഉള്ളതുപോലെ തന്നെ ഇറാൻ പീഠഭൂമിയിൽ നിന്നുള്ള പൊടിപടലങ്ങൾക്കും സമാനമായ പങ്ക് മണ്സൂണിനുമേൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മധ്യപൂർവേഷ്യന് മണലാരണ്യത്തിനും തിബറ്റൻ പീഠഭൂമിക്കും ഇടയിലാണ് ഇറാൻ പീഠഭൂമിയുടെ സ്ഥാനം. വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സൗരവികിരണങ്ങൾ തട്ടി ശക്തമായി ചൂട് പിടിക്കുന്നു. പീഠഭൂമിക്ക് മേലെയുള്ള ചൂടേറിയ വായു മൺസൂൺ പര്യയനങ്ങളിൽ വ്യതിയാനം ഉളവാക്കുവാന് പര്യാപ്തമാണ്. മാത്രമല്ല, അത് അറേബ്യന് മരുഭൂമികൾക്ക് മേലെയുള്ള അന്തരീക്ഷ പര്യയനവ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി വൻ തോതിൽ പൊടിപടലങ്ങള് വഹിക്കുകയും ഈപ്രക്രിയ മുന് സൂചിപ്പിച്ചതുപോലെ മൺസൂൺ കാലത്തെ പര്യയന വ്യവസ്ഥകൾ, മഴ എന്നിവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മധ്യപൂർവേഷ്യൻ പ്രദേശത്തുനിന്നുള്ള പൊടിപടലങ്ങളും ഇന്ത്യൻ മൺസൂണും തമ്മിലുള്ള സ്വാധീനത്തിന് ഒരു ത്വരകം (Driver) ആയി വർത്തിക്കുന്ന ഒന്നാണ് ഇറാനിയൻ പീഠഭൂമി.
ബ്ലാക്ക് കാർബണും ഹിമപാളികളും
പൊടിപടലങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ മണ്സൂണിനെ സ്വാധീനിക്കുന്ന മറ്റ് മൂന്ന് വസ്തുതകൾ കൂടി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇതിൽ ആദ്യത്തെ വസ്തുത മഞ്ഞുപാളികളുടെ ശുഭ്രത കുറയുന്നുവെന്നതാണ് (Snow darkening effect). ബ്ലാക്ക് കാര്ബൺ, പൊടിപടലങ്ങൾ എന്നിവയുടെ നിക്ഷേപം മൂലം ഹിമപാളികളുടെ പ്രതിഫലന ശേഷി കുറയുന്നു. തന്മൂലം ഹിമപ്രദേശങ്ങളില് പതിക്കുന്ന സൂര്യരശ്മികൾ ബാഹ്യാകാശത്തേക്ക് തിരിച്ച് പ്രതിഫലിക്കപ്പെടുന്ന നിരക്കും കുറയുന്നു. ഇതുമൂലം അന്തരീക്ഷത്തിന് ചൂടേറുന്നു. സൂര്യപ്രകാശം മങ്ങുന്ന (Solar dimming ) പ്രവണതയാണ് രണ്ടാമത്തേത്. അന്തരീക്ഷത്തിൽ അധിക തോതിൽ നിക്ഷേപിക്കപ്പെടുന്ന പൊടിപടലങ്ങൾ (Aerosols) മൂലം സൂര്യരശ്മികൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന തോത് കുറയാനിടവരുന്നു. ഇതുമൂലം അന്തരീക്ഷത്തിന് മങ്ങൽ അനുഭവപ്പെടുന്നതോടൊപ്പം ചൂട് കുറയുകയും ചെയ്യുന്നു. സൂര്യ രശ്മികളെ ആഗിരണം ചെയ്യുകയോ ചിന്നിച്ചിതറിക്കുകയോ ചെയ്യുന്നത് മൂലമാണ് അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തി ചേരാനിടക്കാത്തത്. ഇതുമൂലം അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞ് അതുവഴി കടലും കരയും തമ്മിൽ നിലനിൽക്കുന്ന തപാന്തരം കുറയുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷം ഇന്ത്യന് മൺസൂണിനെ ദുർബലമാകുന്നു. പൊടി പടങ്ങൾക്ക് മേഘരൂപീകരണ പ്രക്രിയയിൽ ആവശ്യമായ ഘനീഭവന മർമങ്ങളായി (Condensation nuclei) വർത്തിക്കാനാവും എന്നതാണ് അതിപ്രധാനമായ മൂന്നാമത്തെ വസ്തുത. അന്തരീക്ഷത്തിൽ കൂടിയ തോതിൽ പൊടിപടലങ്ങൾ ഉണ്ടായാൽ, കൂടിയ തോതിൽ തന്നെ ഘനീഭവന മർമങ്ങളും ഉണ്ടാകാം. ഇവക്ക് മേഘങ്ങളുടെ ഭൗതികസ്വഭാവം നിർണയിക്കുന്നതില് പ്രധാന പങ്കുണ്ട്. ഘനീഭവന മർമങ്ങളുടെ ആധിക്യം മൂലം മേഘങ്ങളുടെ ജലവാഹക ശേഷി ഇത്തരം സാഹചര്യങ്ങളിൽ കൂടുന്നു. കനത്ത തോതിൽ മഴ നൽകുന്ന ഇത്തരം മേഘങ്ങളുടെ രൂപീകരണ സാധ്യത കൂടുന്ന സാഹചര്യമാണുള്ളത്. ഇതുവഴി മൺസൂൺകാലത്ത് കനത്ത മഴ ലഭിക്കുന്നു.
ആഗോള താപനത്തിന് പ്രാമുഖ്യമുള്ള കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളിൽ സ്വാഭാവിക ധൂളീപടലങ്ങൾ അന്തരീക്ഷത്തിലെത്തുന്നതിന്റെ സാധ്യത വർധിച്ചു വരുന്നു. ഏഷ്യയിലെ ചില പ്രദേശങ്ങൾ കൂടുതല് കൂടുതല് വരൾച്ച പ്രാപിക്കുന്നത് അന്തരീക്ഷത്തിലേക്കുള്ള പൊടിപടല നിക്ഷേപം വര്ധിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ പ്രവർത്തന ശൈലികൾ മൂലം, ചൈന, പൂർവേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ അന്തരീക്ഷ മലിനീകരണം കൂടിയ തോതിലാണ്. എങ്കിൽ പോലും അന്തരീക്ഷ വായുവിന്റെ സംശുദ്ധത കാത്ത് സൂക്ഷിക്കുന്നതിൽ ജനങ്ങൾ ജാഗ്രത കാണിച്ച് തുടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ മലിനീകരണം മൂലമുണ്ടാകുന്ന കൃത്രിമ ധൂളീ പടലങ്ങളെക്കാൾ സ്വാഭാവിക പൊടിപടലങ്ങളുടെ തോത് മുന്നിട്ട് നിൽക്കുന്ന സാഹചര്യമാണുള്ളത്. ഒരു പക്ഷെ, സ്വാഭാവിക പൊടിപടലങ്ങൾ ആയിരിക്കാം ഭാവിയിൽ കാലാവസ്ഥയെ, താപനത്തെ, മഴയെ ഒക്കെ നിർണയിക്കുന്നത് !
(ലേഖകന്‍ കാലാവസ്ഥാ വ്യതിയാന ശാസ്ത്രജ്ഞനും കോളമിസ്റ്റും കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ സയിന്റിഫിക് ഓഫിസറുമാണ്)
കാലാവസ്ഥാലേഖനങ്ങൾ
Happy
00 %
Sad
00 %
Excited
00 %
Sleepy
00 %
Angry
00 %
Surprise
00 %
Related
One thought on “മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ?”
മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ? by ഡോ. ഗോപകുമാര്‍ ചോലയില്‍ published in LUCA on April 30, 2021
The article is highly appreciated.
We are in the midst of repeating floods in 2018 and 2019, with varying cyclones passing through Arabian Sea (since one noticed in 1993).
The daily dust overcast position in all major cities in India in November every year attracts one to https://earth.nullschool.net/#current/particulates/surface/level/overlay=pm2.5/patterson=-272.07,1.37,293/loc=85.833,-80.104.
This year we have recurrent unusual summer rain since March 10.2021.
I raise a doubt whether the westerlies, originating in north polar molten ice is bringing lot of dust that was there in Arabian sea for log periods, and whether they bring COVID virus along with it, as the super spread in India is in same period.
I base this doubt on a study reported on NHK channel regarding spread of mushroom seed carried upward and forming a part of the bio-matter found in dust seeding the rain-clouds for propagation to vast area.
I understand it may not be easy to defend humanity in such a case. But the Chinese had on such defence on the origin of the virus. Sir Fred Hoyle had in his book of 1984 ‘ From grains to bacteria’ such a theory on cosmic origin of life.
Please share this doubt to meteorologist community (as I do not have any contacts).
Ramachandran P.K.
മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ? by ഡോ. ഗോപകുമാര്‍ ചോലയില്‍ published in LUCA on April 30, 2021
The article is highly appreciated.
We are in the midst of repeating floods in 2018 and 2019, with varying cyclones passing through Arabian Sea (since one noticed in 1993).
The daily dust overcast position in all major cities in India in November every year attracts one to https://earth.nullschool.net/#current/particulates/surface/level/overlay=pm2.5/patterson=-272.07,1.37,293/loc=85.833,-80.104.
This year we have recurrent unusual summer rain since March 10.2021.
I raise a doubt whether the westerlies, originating in north polar molten ice is bringing lot of dust that was there in Arabian sea for log periods, and whether they bring COVID virus along with it, as the super spread in India is in same period.
I base this doubt on a study reported on NHK channel regarding spread of mushroom seed carried upward and forming a part of the bio-matter found in dust seeding the rain-clouds for propagation to vast area.
I understand it may not be easy to defend humanity in such a case. But the Chinese had on such defence on the origin of the virus. Sir Fred Hoyle had in his book of 1984 ‘ From grains to bacteria’ such a theory on cosmic origin of life.
Please share this doubt to meteorologist community (as I do not have any contacts).
Ramachandran P.K.