Read Time:12 Minute

ഇന്ത്യൻ സർക്കാർ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയതിനെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചുകൊണ്ട് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് 2021 മെയ് 8ാം തിയ്യതി പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ മലയാള പരിഭാഷ വായിക്കാം. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്. പരിഭാഷ : ഷെബീബ എൻ നൂറൈങ്ങാനകം

കോവിഡ് – 19 മായി ബന്ധപ്പെട്ട് ഇന്ത്യയിൽ കാണുന്ന യാതനകൾ പെട്ടെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. മെയ് – 4 വരെ 20.2 ദശലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഓരോ ദിവസവും ശരാശരി  3,78,000 കോവിഡ് പോസിറ്റീവ് കേസുകൾ, കൂടെ 2,22,000 – ൽ അധികം മരണങ്ങളും. ഇത് ഏറ്റവും കുറഞ്ഞ കണക്കുകൾ മാത്രമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രികൾ നിറഞ്ഞു കവിയുന്നു, രാപകലില്ലാതെ ജോലി ചെയ്ത് ആരോഗ്യ പ്രവർത്തകർ തളർന്നിരിക്കുന്നു, അവരിൽ പലർക്കും രോഗം പടർന്നു പിടിച്ചിരിക്കുന്നു. ഓക്സിജൻ സിലിണ്ടറുകൾക്കു വേണ്ടിയും, ആശുപത്രിക്കിടക്കകൾക്കു വേണ്ടിയും, മറ്റു അവശ്യ സേവനങ്ങൾക്കു വേണ്ടിയുമുള്ള മെസ്സേജുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. മാർച്ച് മാസത്തിനു മുൻപ് തന്നെ Covid – 19 ന്റെ രണ്ടാം തരംഗം ആരംഭിച്ചിരുന്നു. “നമ്മൾ ഒരു Endgame ൽ ആണ് “ എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ഈ കോവിഡ് സാഹചര്യത്തേക്കുറിച്ച് പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തേക്കുറിച്ചും, മ്യൂട്ടേഷൻ വന്ന പുതിയ പതിപ്പിനേക്കുറിച്ചും തുടർച്ചയായ മുന്നറിയിപ്പ് ലഭിച്ചിട്ടും, കുറച്ചു മാസങ്ങളിലെ കുറഞ്ഞ പോസിറ്റീവ് നിരക്കു വെച്ച് ഇന്ത്യ Covid – 19 നെ നിയന്ത്രണത്തിലാക്കി എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ധാരണ. തെറ്റായ മോഡലുകൾ നിരത്തിക്കൊണ്ട് ഇന്ത്യ ഹേർഡ് ഇമ്യൂണിറ്റി (herd immunity) നേടിയിരിക്കുന്നു എന്ന് വരുത്തിയതിലൂടെ ചെയ്യുന്നത് ആളുകൾ പ്രതിരോധ നടപടികൾ (മാസ്ക്, അകലം, സാനിറ്റൈസർ) സ്വീകരിക്കുന്നത് നിർത്തുവാൻ അവരെ പ്രേരിപ്പിക്കുകയാണ്. പക്ഷേ 2021 ജനുവരിയിൽ ഇൻഡ്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസെർച്ച് (ICMR)  നടത്തിയ സിറോ സർവ്വേ (serosurvey) പ്രകാരം ഇന്ത്യൻ ജനസംഖ്യയിൽ 21 % പേർക്ക് മാത്രമേ SARS Cov-2 നെതിരെയുള്ള ആന്റിബോഡി ഉള്ളു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ നരേന്ദ്ര മോദി ഗവൺമെന്റ്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനേക്കാൾ കൂടുതലായി തങ്ങളെ വിമർശിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.

കോവിഡ് കാലത്ത് നടന്ന ഹരിദ്വാർ കുംഭമേള കടപ്പാട് : Reuters

അനിയന്ത്രിതമായ പടർന്നു പിടിക്കലിന്റെ (superspread) അപകട സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മതപരമായ ഉത്സവങ്ങൾക്കും, കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ നഗ്നമായി ലംഘിച്ചുകൊണ്ടുള്ള പതിനായിരങ്ങൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികൾക്കും ഗവൺമെന്റ്  അനുമതി നൽകി. വാക്സിനേഷൻ കാമ്പയിൻ ഇഴഞ്ഞു നീങ്ങുകയാണ്, ഏതാണ്ട് നിലച്ച മട്ടിലാണ് എന്നു തന്നെ പറയാം. രാജ്യത്ത് ഇതുവരെ മൊത്തം ജനസംഖ്യയുടെ 2% ത്തിൽ താഴെ മാത്രമേ പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടുള്ളു. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തേയാണ് വാക്സിൻ നയത്തിലൂടെ കേന്ദ്ര സർക്കാർ തകർക്കുന്നത്, സംസ്ഥാന സർക്കാരുകളോട് യാതൊരു ചർച്ചയും കൂടാതെ വാക്സിൻ നയത്തിൽ പെട്ടെന്ന് മാറ്റം വരുത്തി, 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകുകയും എന്നാൽ വാക്സിൻ വിതരണം നിർത്തിവെക്കുകയും ചെയ്തതിലൂടെ വലിയ ആശയക്കുഴപ്പമാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. സംസ്ഥാന സർക്കാരുകളും മറ്റു ആശുപത്രികളും മാർക്കറ്റിൽ വാക്സിൻ ലഭ്യതയ്ക്കായി മത്സരിക്കേണ്ട അവസ്ഥയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.

മുംബൈയിലെ BCM ഹോസ്പിറ്റലിൽ നിന്നും

ഈ പ്രതിസന്ധി ഘട്ടം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയല്ല അനുഭവപ്പെട്ടത്, യുപി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ  വളരെ പെട്ടെന്ന് കൂടിക്കൊണ്ടിരിക്കുന്ന ഈ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സജ്ജമായിരുന്നില്ല, അതുകൊണ്ടുതന്നെ അവരുടെ മെഡിക്കൽ ഓക്സിജനും, ആശുപത്രി കിടക്കകൾക്കും ക്ഷാമം നേരിടുകയും, ശ്മശാനങ്ങൾ നിറഞ്ഞു കവിയുകയും ചെയ്തു. ചില സംസ്ഥാന ഗവൺമെന്റുകൾ അവരോട്  മെഡിക്കൽ ഓക്സിജനോ, ആശുപത്രി കിടക്കകളോ ആവശ്യപ്പെടുന്നവരെ ദേശീയ സുരക്ഷാ നിയമങ്ങൾ കൊണ്ട് ഭീഷണിപ്പെടുത്തുകയാണ്. പക്ഷേ കേരളം, ഒഡീഷ പോലുള്ള സംസ്ഥാനങ്ങൾ സുസജ്ജമായിരുന്നു, അവർ ഈ കോവിഡ് രണ്ടാം തരംഗത്തിലും ആവശ്യത്തിനുള്ള മെഡിക്കൽ ഓക്സിജൻ നിർമ്മിക്കുകയും അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.

ഇത്തരുണത്തിൽ ഇന്ത്യ നയതന്ത്രപരമായ രണ്ടു കാര്യങ്ങൾ പിൻതുടരേണ്ടതുണ്ട്. ആദ്യത്തേത്: കൃത്യതയില്ലാതെ നടക്കുന്ന വാക്സിനേഷൻ കാമ്പയിൻ യുക്ത്യാനുസൃതമാക്കുകയും നിയമപരായിത്തന്നെ സാധ്യമായ വേഗതയിൽ അത്  നടപ്പിലാക്കുകയും വേണം. വാക്സിനുമായി ബന്ധപ്പെട്ട മാർഗ്ഗതടസ്സം നീക്കുക, വാക്സിൻ വിതരണം വർദ്ധിപ്പിക്കുക (ചിലത് വിദേശത്തു നിന്നും വരേണ്ടവയാണ് ) അതിന്റെ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, കൂടാതെ അവ നഗരപ്രദേശങ്ങളിലുള്ളവർക്കു മാത്രമല്ല ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന ദരിദ്രരും-സാധാരണക്കാരുമായ മൊത്തം ജനസംഖ്യയുടെ 65% ത്തിലധികം ( 800 മില്യൺ അധികം ) വരുന്ന അവർക്കുകൂടി മുൻഗണന നൽകുകയും, പൊതുജനാരോഗ്യ പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങളുടെ ക്ഷാമം പരിഹരിക്കുകയും ചെയ്യുക.

രണ്ടാമത്തേത്: ഇന്ത്യ വാക്സിൻ ഇറങ്ങുമ്പോഴേക്കും SARS CoV -2 ന്റെ പ്രസരണം കഴിയുന്നത്ര കുറയ്ക്കണം. കേസുകൾ തുടർച്ചയായി ഉയർന്നു കൊണ്ടിരിക്കുന്നതു കൊണ്ട് സർക്കാർ കൃത്യമായ ഡാറ്റ സമയബന്ധിതമായി പുറത്തിറക്കുകയും എന്താണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും, കോവിഡ് പ്രസരണത്തിന്റെ ഗ്രാഫ് താഴ്ത്തിക്കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടതെന്നും, ഒരു ലോക്ഡൗണിനുള്ള സാധ്യത എത്ര മാത്രമാണെന്നും വളരെ സ്പഷ്ടമായി ജനങ്ങളെ ബോധ്യപ്പെടുത്തണം. കൂടുതൽ പ്രസരണ ശേഷിയുള്ള SARS CoV – 2 വകഭേദത്തിനെ മനസ്സിലാക്കുന്നതിനും, നിയന്ത്രിക്കുന്നതിനും ജീനോം സീക്വൻസിങ്ങ് ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. പ്രദേശികമായി വൈറസിന്റെ പ്രസരണം തടയുന്നതിന്നുള്ള സാമൂഹിക നിയന്ത്രണവ്യവസ്ഥകൾ രൂപപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരുകളാണ്, എന്നാൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കുക, സ്വമേധയാ ക്വാറൻ്റെൻ ൽ പോവുക, ടെസ്റ്റ് ചെയ്യുക തുടങ്ങിയവയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടത്  കേന്ദ്ര സർക്കാരിന്റെ കൂടി കർത്തവ്യമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ തുറന്ന ചർച്ചകളേയും, വിമർശനങ്ങളേയും അമർച്ച ചെയ്യാൻ ശ്രമിക്കുന്ന മോഡിയുടെ ശ്രമങ്ങൾ നീതീകരിക്കാവുന്നവയല്ല.

ഖാസിപൂരിലെ ശ്മശാനം Photo: Naomi Barton/The Wire
ആഗസ്റ്റ് 1 നകം COVID – 19 നാൽ ഇന്ത്യയിൽ ഒരു ദശലക്ഷം മരണങ്ങൾ ഉണ്ടാകുമെന്ന്  Institute for Health Metrics and Evaluation കണക്കാക്കുന്നു . അങ്ങനെ സംഭവിച്ചാൽ സ്വയം വരുത്തിവെച്ച ഒരു ദേശീയ ദുരന്തത്തിന്റെ ഉത്തരവാദിത്തം മോദി സർക്കാരിനു മാത്രമായിരിക്കും.
ഇന്ത്യ COVID – 19 നിയന്ത്രിക്കുന്നതിൽ തുടക്കത്തിൽത്തന്നെ പരാജയപ്പെട്ടു, അവരുടെ കോവിഡ് ടാസ്ക് ഫോഴ്സ് ആദ്യം പ്രവർത്തന ക്ഷമമായിരുന്നില്ല, അതിന്റെ അനന്തരഫലം നമുക്കു മുമ്പിൽ വ്യക്തമാണ്, പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ അതിൻ്റെ പ്രതികരണങ്ങൾ പുനഃക്രമീകരിക്കേണ്ടതാണ്. പ്രയത്നത്തിന്റെ വിജയം ബന്ധപ്പെട്ടു നിൽക്കുന്നത് തെറ്റുകളെ അംഗീകരിക്കുകയും, ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ നേതൃത്വം കാഴ്ചവെക്കുകയും, ശാസ്ത്രീയതയിലൂന്നിയ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലുമാണ്.


വിവർത്തനം : ഷെബീബ എൻ നൂറൈങ്ങാനകം

ലാൻസെറ്റ് എഡിറ്റോറിയൽ : India’s COVID-19 emergency, Editorial| Volume 397, ISSUE 10286, P1683, May 08, 2021


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചൈനീസ് റോക്കറ്റ് – തത്സമയ വിവരങ്ങൾ
Next post കോവിഡ് വാക്സിനുകളും ബൗദ്ധിക സ്വത്തവകാശവും – ഡോ.ബി.ഇക്ബാൽ RADIO LUCA
Close