ആയുർവേദം, സിദ്ധവൈദ്യം, യുനാനി, മർമചികിത്സ, പലതരം നാട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിരവധി വൈദ്യശാസ്ത്രങ്ങളുടെ നാടാണ് ഇന്ത്യ. ഇവയൊക്കെ തമ്മിൽ നൂറ്റാണ്ടുകളായി ആശയവിനിമയം വഴിയുള്ള പരസ്പര ബന്ധവുമുണ്ട്.
ആയുർവേദത്തിന്റെ ദർശനവും രോഗനിർണയ, ചികിത്സാരീതികളും മറ്റും ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ നമുക്ക് ലഭ്യമാണ്. ഇന്നു ലഭ്യമായ പതിപ്പുകൾ 1000- 1500 വർഷം മുമ്പ് രചിക്കപ്പെട്ടതാണ്. ചരകസംഹിതയുടെ ആദ്യപതിപ്പുകൾ ഇതിലും പഴയതായിരിക്കാനാണ് സാധ്യത. പ്രാചീനകാല വൈദ്യങ്ങളിൽ ഇന്നത്തെ ശാസ്ത്രമാനദണ്ഡങ്ങൾ വെച്ചു പരിശോധിച്ചാൽ ഏറ്റവും ശാസ്ത്രീയം ആയുർവേദമായിരുന്നുവെന്നു കാണാൻ കഴിയുന്നതാണ്. അനുഭവജ്ഞാന സിദ്ധാന്തത്തിനു (Empiricism) നൽകിയിരുന്ന പ്രാമുഖ്യമാണ് ഇതിനു കാരണം. പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഉപയോഗിച്ചു രോഗിയേയും പരിസരത്തേയും മറ്റും വിശദമായി പരിശോധിക്കുന്ന രോഗനിർണയരീതി, ശരീരത്തെപ്പറ്റി പഠിക്കാൻ ശവംകീറി പരിശീലനം നടത്തുന്ന സമ്പ്രദായം ഇവയൊക്കെ ആയുർവേദത്തിന്റെ ശാസ്ത്രീയതയുടെ ഉദാഹരണങ്ങളാണ്. അതിവിപുലമായ ഔഷധവിജ്ഞാനവും ആയുർവേദത്തിനു സ്വന്തമായിരുന്നു. ആധുനിക വൈദ്യത്തിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്ന പ്രാചീന ഗ്രീസിലെ ഹിപ്പോക്രാറ്റസിന്റെ വൈദ്യത്തെക്കാൾ ഒരു പടി മുന്നിലായിരുന്നു ആയുർവേദമെന്ന് നിഷ്പക്ഷമായ അന്വേഷണങ്ങൾ കാണിക്കുമെന്നതിൽ സംശയമില്ല.
ആയുർവേദ ഔഷധങ്ങൾ ആധുനിക രീതിയിലുള്ള RCTകൾ വഴി ടെസ്റ്റു ചെയ്യുന്നതിനു പ്രതിബന്ധങ്ങളൊന്നുമില്ല. കമ്പവാതമെന്ന പേരിലറിയപ്പെട്ടിരുന്ന പാർക്കിൻസൺ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിച്ച സസ്യങ്ങളിൽ ഇന്ന് ഈ രോഗത്തിന്റെ ശമനത്തിനായി ഉപയോഗിക്കുന്ന ആന്റി കോളിനെർജിക്കുകൾ, ലീവോഡോപ്പ എന്നിവ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഫലപ്രാപ്തിയെപ്പറ്റിയും പഠനങ്ങളുണ്ട്. ആധുനിക രോഗനിർണയരീതികളും ആയുർവേദ വിധിപ്രകാരമുള്ള ചികിത്സകളും സംയോജിപ്പിച്ചു നടത്തേണ്ട ഇത്തരം പഠനങ്ങൾ വളരെ പരിമിതമായ തോതിൽ മാത്രമേ ഇന്നു നടക്കുന്നുള്ളു. ആധുനിക വൈദ്യരംഗത്തും ആയുർവേദ -നാട്ടുവൈദ്യരംഗങ്ങളിലും പ്രവർത്തിക്കുന്നവർ പരസ്പര സഹ കരണത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ.
ആധുനിക മനുഷ്യന് പഴമയോടുള്ള ആദരവും കൗതുകവും മുതലെടുത്ത് ആയുർവേദത്തെ വിപണനം ചെയ്യാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. ആയുർവേദമെന്ന ബ്രാൻഡ് നാമമുപയോഗിച്ച് മരുന്നുകൾ മുതൽ സോപ്പും തൊലിവെളുപ്പിക്കൽ ക്രീമുകളും വരെ വിറ്റഴിക്കുന്നു. ഇവയുടെ ശാസ്ത്രീയതയെപ്പറ്റി ചോദ്യങ്ങൾ ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹിമാലയ ഔഷധ കമ്പനി 1955 മുതൽ ലിവ്-52 (Liv-52) എന്ന മരുന്ന് – വിപണനം ചെയ്യുന്നു. ആയുർവേദ വിധിപ്രകാരമുള്ള പല മരുന്നുകൾ – ചേർത്തുണ്ടാക്കിയ ഈ ഗുളികകൾ കരളിന്റെ പ്രവർത്തനത്തിനു സഹായകരമാണെന്നും കരൾ രോഗങ്ങൾ പടരുന്നത് തടയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഡോക്ടർമാർ വഴി എന്നതിനു പകരം ജനങ്ങളെ ലക്ഷ്യമാക്കി നേരിട്ടുള്ള പരസ്യങ്ങളാണ് മുഖ്യ വിപണന രീതി. മദ്യം കഴിക്കുന്നവർക്ക് കരൾ രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു എന്നാണ് പരസ്യങ്ങളിലൂടെ കമ്പനി പറയുന്നത്. മദ്യത്തിലെ ഈഥൈൽ ആൽക്കഹോൾ അസറ്റാൽഡിഹൈഡ് ആയിമാറുന്നതാണ് മദ്യത്തിന്റെ പ്രധാന ആപത്തെന്നും അസറ്റാൽഡിഹൈഡ് ഉണ്ടാക്കുന്ന തോത് കുറയ്ക്കുക വഴി – ലിവ്-52 കരളിന് രക്ഷ നൽകുന്നുവെന്നും, മദ്യം മൂലമുള്ള “ഹാംഗ് ഓവർ’ കുറയ്ക്കുന്നുവെന്നും കമ്പനിയുടെ ലബോറട്ടറിയിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.79,80 ഇവയൊന്നും സ്വത്രന്ത ഗവേഷകർ സ്ഥിരീകരിച്ചിട്ടില്ല. അര നൂറ്റാണ്ടോളം പഴക്കമുള്ള ഈ ഔഷധത്തിന്റെ ഫലസിദ്ധിയെപ്പറ്റി ആകെ ഒരു RCT പഠനമേയുള്ളൂ. 2003-ൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ മദ്യം മൂലമുള്ള കരൾ രോഗമുള്ളവരിൽ ലിവ്-52 പ്ലസീബോയെ അപേക്ഷിച്ച് ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് കണ്ടത്. ഈ പഠനത്തിന്റെ ഫലങ്ങൾ കൂടെ തങ്ങളുടെ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ ഹിമാലയ കമ്പനി തയ്യാറാവുമോ?
കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ ഏറ്റവുമധികം പരസ്യം ചെയ്യുന്ന കമ്പനികളിലൊന്നാണ് പങ്കജകസ്തുരി ഹെർബൽ ലിമിറ്റഡ്. പങ്കജകസ്തുരി തരികൾ, പ്രമേഹത്തിനുള്ള ഐലോജൻ എക്സൽ, രക്തസമ്മർദത്തിനുള്ള – ഡോമറ്റോൺ ഗുളികകൾ, മുടികൊഴിച്ചിലിനും നരയ്ക്കുമെതിരെയുള്ള കസ്തുരി ഹെയർ ടോണിക് എന്നിവ ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ്. തൊലിവെളുപ്പിക്കാനുള്ള കാവേരി ഫെയർനസ്സ് ക്രീമിന്റെ (എന്തൊരു ചെയ്തഞ്ച്!) പ്രകടമായ സ്ത്രീവിരുദ്ധ പരസ്യവും ഇവരുടേതുതന്നെ. “പങ്കജകസ്തുരി പ്രതിരോധശക്തി വർധിപ്പിക്കുന്നു, സ്വന്തം ഡോക്ടറെപ്പോലെ” എന്നാണ് ഒരു പരസ്യം (സ്വന്തം ഡോക്ടർ എങ്ങനെ പ്രതിരോധശക്തി – വർധിപ്പിക്കുന്നു എന്നു വ്യക്തമല്ല). പ്രതിരോധശക്തി അളക്കാൻ ആധുനികശാസ്ത്രത്തിൽ നിരവധി മാർഗങ്ങളുണ്ട്. ആന്റിബോഡികളുടെ തോത്, ലിംഫോസൈറ്റ് കോശങ്ങളുടെ എണ്ണം എന്നിങ്ങനെ പലതും. ഇത്തരത്തിലുള്ള എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ ഈ അവകാശവാദം? ആണെങ്കിൽ തന്നെ അതു കമ്പനി പുറത്തു പറയുന്നില്ല. ആധുനിക – വൈദ്യത്തിലെ ഏതെങ്കിലും മരുന്ന് പരസ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ഇങ്ങനെ വിപണനം ചെയ്യാൻ അനുവദിക്കുമോ?
സാർസ് രോഗം പൊട്ടിപ്പുറപ്പെട്ടെന്നു കേട്ടപ്പോൾ എന്തുസംഭവിച്ചെന്നു കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നതു കേൾക്കുക82 “സാർസിനെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേട്ടപ്പോൾ ഡോക്ടർ ജെ.ഹരീന്ദ്രൻനായർ (കമ്പനിയുടെ സ്ഥാപകൻ) ഇതിന്റെ പരിഹാരത്തിനും മനുഷ്യരുടെ ഉന്നമനത്തിനുമായി റിസർച്ച് സെന്ററിൽ ഏതാനും ദിവസങ്ങൾ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം വിജയം കണ്ടു. അങ്ങനെ പങ്കജകസ്തുരി -ഡികാർഡ് എന്ന ദിവ്യഔഷധം രൂപംകൊണ്ടു. എല്ലാ ഗവേഷണവും ഇത എളുപ്പമായിരുന്നെങ്കിൽ! പുതിയ മഹാരോഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ വൈറസ്സിനെ കണ്ടെത്തലും ലബോറട്ടറിയിൽ അവയെ വളർത്തലും, രോഗികളിൽ പല ഔഷധങ്ങൾ പരീക്ഷിക്കലും ഒന്നും വേണ്ട. ഹരീന്ദ്രൻനായർ റിസർച്ച് സെന്ററിൽ ഒന്ന് കയറിക്കിട്ടിയാൽ മാത്രം മതി!
റഫറന്‍സ്
- Manyam BV. Paralysis agitans and levodopa in “Ayurveda”: ancient Indian medical treatise. Mov Disord 1990;5(1):47-8
- An alternative medicine treatment for Parkinson’s disease: results of a multicenter clinical trial. HP-200 in Parkinson’s Disease Study Group. J Altern Complement Med 1995 Fall;1(3):249-55
- Chauhan BL, Kulkarni RD. Effect of Liv.52, a herbal preparation, on absorption and metabolism of ethanol in humans. Eur J Clin Pharmacol. 1991;40(2):189-91.
- Chauhan BL, Kulkarni RD. Alcohol hangover and Liv.52. Eur J Clin Pharmacol. 1991;40(2):187-8.
- de Silva HA, Saparamadu PA, Thabrew MI, Pathmeswaran A, Fonseka MM, de Silva HJ. Liv.52 in alcoholic liver disease: a prospective, controlled trial. J Ethnopharmacol. 2003 Jan;84(1):47-50.
- http://www.pankajakasthuri.com/DR_Hareendran_nair.htm (accessed on 24.07.03
- Klaus Linde K, Vickers A, Hondras M et al. Systematic reviews of complementary therapies – an annotated bibliography. Part 1: Acupuncture. MC Complement Altern Med 2001;1(1):
- Lee A, Done ML. The use of nonpharmacologic techniques to prevent postoperative nausea and vomiting: a meta-analysis Anesth Analg 1999;88:1362-1369.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും
തുടര്‍ ലേഖനങ്ങള്‍