Read Time:42 Minute

ശാസ്ത്രസാങ്കേതിക രംഗത്തെ ഊന്നൽ; 2047 ലേക്ക് കുതിക്കുന്ന ഇന്ത്യ

ശാസ്‌ത്ര-സാങ്കേതിക രംഗത്തെ വരുംകാലത്തെ പുരോഗതി ഏതെല്ലാം ദിശയിലായിരിക്കും.. ? നാം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം.. ഡോ.ടി.വി.വെങ്കിടേശ്വരൻ The Federal ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

1947 മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ യാത്ര ട്വിസ്റ്റുകളും തിരിവുകളും ആശ്ചര്യങ്ങളും അൽപ്പം ഉൾക്കിടിലവും കലർന്ന  ശ്രദ്ധേയമായ ഒരു കഥയാണ്. കേവലം രണ്ട് തലമുറകൾക്കുള്ളിൽ, രാജ്യത്തിന്റെ മുഖം ഒരു ദരിദ്ര രാഷ്ട്രത്തിൽ നിന്ന് വികസ്വര രാജ്യത്തിന്റേതായി മാറി.

75 വർഷങ്ങൾക്കിപ്പുറം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു. 100-ൽ 12 പേർക്ക് മാത്രമേ എഴുതാനും വായിക്കാനും അറിയാമായിരുന്നുള്ളൂ. നിസ്സാരമായ 32 കൊല്ലം; അതായിരുന്നു ആയുർദൈർഘ്യം. ഓരോ 1,000 ജനനങ്ങളിൽ ഏകദേശം 260 നവജാതശിശുക്കളും, പ്രസവസമയത്ത് 1,00,000 ഗർഭിണികളിൽ 2,000 പേരും മരിച്ചിരുന്നു.

ഇന്ന്, ശിശുമരണനിരക്ക് 1,000 ജനനങ്ങളിൽ വെറും 39 ആണ്. മാതൃമരണനിരക്കാകട്ടെ ഓരോ 1,00,000 ജനനങ്ങൾക്കും 103 ആയിരിക്കുമ്പോൾ  ആയുർദൈർഘ്യം ഏകദേശം 70 വർഷമാണ്. നിരവധി പോരായ്മകൾ ഉണ്ടായിരുന്നിട്ടും, നൂറു കോടിയിലധികം ആളുകൾക്കുള്ള ഭക്ഷണത്തിലും മെച്ചപ്പെട്ട ആരോഗ്യപരിപാലനത്തിലും നാം സ്വയംപര്യാപ്തത കൈവരിച്ചു.

ആഗോള അക്കാദമിക് രംഗങ്ങളിലും, അടിസ്ഥാന ശാസ്ത്ര ഗവേഷണം, ഐടി, ഫാർമ വ്യവസായം, ബഹിരാകാശ ഗവേഷണം മുതലായ മേഖലകളിലും ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെ  ഏർപ്പെട്ടിരിക്കുന്നു. രോഗങ്ങളുടേയും മഹാമാരികളുടേയും വീടെന്ന നിലയിൽ നിന്ന്, ഇന്ത്യ ഇപ്പോൾ 100-ലധികം വികസ്വര, ദരിദ്ര രാജ്യങ്ങളിലേക്ക് താങ്ങാനാവുന്ന വിലയിൽ ജീവൻ രക്ഷാ വാക്സിനുകളും മരുന്നുകളും കയറ്റുമതി ചെയ്ത്, ‘മൂന്നാം ലോകത്തിന്റെ ഫാർമസി’ എന്ന പേര് നേടുന്നു.

ജനസംഖ്യയെ പോഷിപ്പിക്കാൻ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ നിന്ന്, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി നമ്മൾ ഉയർന്നു. ശ്രദ്ധേയമായ ഈ പരിണാമത്തിനു നന്ദി പറയേണ്ടത് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നാം പ്രയോഗിച്ച ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കാണ്.

ശാസ്ത്ര സാങ്കേതികവിദ്യയുടെ മുന്നേറ്റം

ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിക്ഷേപത്തിന് 75 വർഷങ്ങൾക്ക് മുമ്പ് ഈ പുതുരാഷ്ട്രം നടത്തിയ നിക്ഷേപമില്ലായിരുന്നെങ്കിൽ ഈ  വലിയൊരു വഴിത്തിരിവ് സാധ്യമാകുമായിരുന്നില്ല. പല രാജ്യങ്ങളിലെയും കൊളോണിയൽ വിരുദ്ധ പോരാട്ടം പാളിപ്പോയി. സാംസ്കാരിക മേൽക്കോയ്മയുടെ കൊളോണിയൽ അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, ഈ രാജ്യങ്ങളിലെ നേതൃത്വം പഴമയുടെ പാത സ്വീകരിച്ചു. അവർ ആധുനിക ശാസ്ത്രത്തെ ‘പാശ്ചാത്യ’മെന്ന നിലയിൽ ഒഴിവാക്കുകയും അജ്ഞാതവാദികളുടെ (obscurantists)  പാരമ്പര്യങ്ങളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ രൂപപ്പെടുത്തിയ ദർശകരായ ഭഗത് സിംഗ്, ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു തുടങ്ങിയവർ അജ്ഞാതവാദികളെ അകറ്റിനിർത്തി,  മുന്നോട്ട് നോക്കുന്നവരായിരുന്നു. ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിനല്ല, പുനഃരുത്ഥിതയായ ഒരു പുതിയ ഇന്ത്യയെയാണ് അവർ ആഗ്രഹിച്ചത്.

“എന്റെ വീടിന് എല്ലാ വശങ്ങളിലും മതിലുകൾ സ്ഥാപിക്കാനും എന്റെ ജനാലകൾ കൊട്ടിയടയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ദേശങ്ങളുടെയും സംസ്കാരം എന്റെ വീടിന് ചുറ്റും കഴിയുന്നത്ര സ്വതന്ത്രമായി പ്രചരിപ്പിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”

– മഹാത്മാഗാന്ധി 1921 ജൂൺ 1 ന് യംഗ് ഇന്ത്യയിൽ

ഒരു പുതിയ ഇന്ത്യ എന്ന സ്വപ്നം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി; സ്വതന്ത്രമായ ചിന്ത, ആവിഷ്കാരം, വിശ്വാസം,  ആരാധന;  പദവിയുടെയും അവസരങ്ങളുടെയും സമത്വം എന്നിവയാൽ ഉത്തേജിതമായിരുന്നു.  ശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കുള്ള പിന്തുണയും ശാസ്‌ത്രീയ മനോഭാവം പരിപോഷിപ്പിക്കലും ഈ ധാർമ്മികതയുടെ ഭാഗമായിരുന്നു.

വീട്ടുതോട്ടത്തിലെ ഔഷധ വ്യവസായം

ഫാർമ വ്യവസായത്തിന്റെ കാര്യമെടുക്കാം. കൊളോണിയൽ ഭരണകാലത്ത്, കൂടിപോയാൽ, ഇറക്കുമതി ചെയ്ത മരുന്നുകളുടെ പാക്കേജിംഗ് മാത്രമാണു ഇന്ത്യയിൽ  ചെയ്തിരുന്നത്. ഇത് മരുന്നുകളുടെ വില ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർത്തി.

പ്രശസ്ത രസതന്ത്രജ്ഞനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആചാര്യ പ്രഫുല്ല ചന്ദ്ര റേ, ഏറെ ദീർഘവീക്ഷണത്തോടെ, 1901 ൽ ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ വർക്ക്  ആരംഭിച്ചു

ആധുനിക ഇന്ത്യൻ ശാസ്ത്രത്തിന്റെ ആദ്യകാല നേതാക്കൾ തുടങ്ങിയ കെമിക്കൽ എഞ്ചിനീയറിംഗിന്റെ ശക്തമായ അടിത്തറ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ പ്രാപ്തമാക്കി. ഇന്ത്യ സ്വതന്ത്രമായതോടെ ലഭ്യമായ മനുഷ്യശക്തി ഉപയോഗിച്ച് സർക്കാർ തുടങ്ങിയ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, ലക്നൌവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി, പുനെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറി, ജമ്മുവിലെയും ജോർഹട്ടിലെയും റീജിയണൽ റിസർച്ച് ലബോറട്ടറി എന്നിവ ഗവേഷണരംഗത്തെ പരിപോഷിപ്പിച്ചു.

ഈ സാഹചര്യം  ഇന്ത്യയിലെ കെമിക്കൽ എഞ്ചിനീയർമാരുടെ ശേഷി വികസിപ്പിച്ചെടുത്തു. 1970-ലെ ഇന്ത്യൻ പേറ്റന്റ് നിയമത്തിന്റെ രൂപത്തിൽ അനുയോജ്യമായ ഒരു നയതന്ത്ര അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടപ്പോൾ, ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ജനറിക് മരുന്നുകൾ റിവേഴ്സ്-എൻജിനിയറിംഗ് വഴി നിർമിക്കാൻ കഴിഞ്ഞു. ഈ അറിവും പ്രായോഗിക ജ്ഞാനവും ഉപയോഗിച്ച് ഇന്ത്യൻ ഫാർമ കമ്പനികൾ ശക്തമായി ഉയർന്നുവന്നു.

1990-കളോടെ അവശ്യമരുന്നുകളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു. ഈ സാഹചര്യമായപ്പോൾ, അവശ്യ മരുന്നുകൾ മുൻപത്തെ വിലയുടെ  ചെറിയയൊരു അംശത്തിനു നൽകാമെന്നായി.

മുന്നോട്ട് നോട്ടം

ഗൃഹാതുരത്വത്തോടെ തിരിഞ്ഞു നോക്കുന്നത് ചാരിതാർഥ്യമുള്ള കാര്യമാണെങ്കിലും അത്  നമ്മെ സ്വയം സംതൃപ്തരാക്കുന്നു. എന്നാൽ, മുന്നോട്ട് നോക്കുന്നത് നമ്മെ പുരോഗതിയിലേക്ക് നയിക്കുന്നു. ഭാവി അവിടെ പുറത്തങ്ങനെ നിൽക്കുകയല്ല, നമ്മുടെ പ്രവൃത്തികളും ഒഴിവാക്കലുകളും ഉപയോഗിച്ച് നമ്മൾ അതിനെ രൂപപ്പെടുത്തുകയാണു. ഇപ്പോൾ തുടങ്ങിയിരിക്കുന്ന ശാസ്ത്ര-സാങ്കേതിക പദ്ധതികളാണ് നമ്മെ ഭാവിയിലേക്ക് കൊണ്ടുപോകുന്നത്.

നമ്മൾ ആരംഭിക്കാൻ പോകുന്ന അഞ്ച് സുപ്രധാന ശാസ്ത്ര സാങ്കേതിക ശ്രമങ്ങൾ ഇവയൊക്കെയാണ്.

കൃത്രിമ സൂര്യൻ

1.കൃത്രിമ സൂര്യൻ (Artificial Sun)

സുരക്ഷിതവും ഹരിതവുമാണു സൂര്യനിലേയും  നക്ഷത്രങ്ങളിളേയും ഊർജ്ജശ്രോതസ്സ്. ഇന്ത്യയ്ക്കൊപ്പം  ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ ചേർന്ന്, സൂര്യന്റെ കാമ്പിലെ ഫ്യൂഷൻ പ്രക്രിയകളെ അനുകരിച്ചുകൊണ്ട് ടോകാമാക് എന്ന തെർമോ ന്യൂക്ലിയർ റിയാക്ടർ നിർമ്മിക്കാനുള്ള പ്രതീക്ഷാനിർഭരമായ ഒരു പദ്ധതിയിൽ ഏർപ്പെട്ടിരിക്കുകയാണ്.

ഹൈഡ്രജന്റെ രണ്ട് ഐസോടോപ്പുകൾ, അതായത് ഡ്യൂട്ടീരിയം (ന്യൂക്ലിയസിൽ ഒരു ന്യൂട്രോണും പ്രോട്ടോണും ഉള്ളത്), ട്രിറ്റിയം (ന്യൂക്ലിയസിൽ രണ്ട് ന്യൂട്രോണുകളും ഒരു പ്രോട്ടോണും ഉള്ളത്), സംയോജിപ്പിക്കുകയോ, ഉരുകി ചേരുകയോ ചെയ്യുമ്പോൾ, അത് ഒരു ഹീലിയം ആറ്റമായി മാറുന്നു. ഡ്യൂറ്റീരിയത്തിന്റെയും ട്രിറ്റിയത്തിന്റെയും സംയുക്ത പിണ്ഡം ഹീലിയത്തിന്റെ പിണ്ഡത്തേക്കാൾ അൽപ്പം കൂടുതലാണ്. പ്രസിദ്ധമായ e=mc2 എന്ന സൂത്രവാക്യത്തിനനുസൃതമായി ഈ നഷ്ടപ്പെട്ട പിണ്ഡം ഊർജ്ജമായി മാറുന്നു.

ടോകമാക്കിന്റെ തെർമോ ന്യൂക്ലിയർ റിയാക്ടറിനുള്ളിൽ ഭീമാകാരമായ സമ്മർദ്ദവും ഉയർന്ന ചൂടുമുള്ള, സൂര്യന്റെ കാമ്പിനോട് താരതമ്യപ്പെടുത്താവുന്ന ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. ഉന്നത സമ്മർദ്ദത്തിലും  ചൂടിലും പോസിറ്റീവ് ചാർജുള്ള ഡ്യൂറ്റീരിയത്തിനും ട്രിറ്റിയത്തിനും ഇലക്‌ട്രോസ്റ്റാറ്റിക് വികർഷണത്തെ മറികടന്ന് ഒരുമിച്ച്ചേർന്ന് സംയോജിക്കാൻ കഴിയും.

International Thermonuclear Experimental Reactor (ITER) in southern France.

കൊവിഡ് പാൻഡെമിക് മൂലം വൈകിയ, 500 മെഗാവാട്ട് ശേഷിയുള്ള ടെസ്റ്റ് റിയാക്ടറിന്റെ നിർമ്മാണം,, തെക്കൻ ഫ്രാൻസിലെ സെന്റ് പോൾ-ലെ-ഡ്യൂറൻസിൽ ആരംഭിച്ചു. റിയാക്ടർ മെഷീൻ്റെ നിർമ്മാണവും പ്ലാന്റ് അസംബ്ലിയും നടന്നുകൊണ്ടിരിക്കുന്നു. റിയാക്ടറിന്റെ ഹൃദയം ITER ടൊകാമാക് (Tokamak) ആണ്;  ഒരു ഭീമൻ ഉഴുന്നുവട പോലെയുള്ള ഒരു   ഉപകരണമാണത്.

23,000 ടൺ ഭാരമുള്ള ഈ സങ്കീർണ്ണ യന്ത്രത്തിന് 1 ദശലക്ഷം ഘടകങ്ങളും 10 ദശലക്ഷം തനത് ഭാഗങ്ങളും ഉണ്ട്. പങ്കെടുക്കുന്ന ഓരോ രാജ്യവും ചില ഘടകങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു. പിന്നീട് ഈ ഭാഗങ്ങൾ ഫ്രാൻസിൽ കൊണ്ടുവന്ന് മുഴുവൻ യന്ത്രമായി സംയോജിപ്പിക്കും. റിയാക്ടറിന്റെയും സമുച്ചയത്തിന്റെയും മുഴുവൻ അസംബ്ലിയും 2035 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

India’s Institute for Plasma Research, IPR’s Steady-State Superconducting Tokamak or SST-1

1,250 ടൺ ക്രയോസ്റ്റാറ്റ് ബേസ് ഘടിപ്പിക്കുക എന്നതാണു  ടോകാമാക് സംയോജിപ്പിക്കുന്നതിലെ   ആദ്യത്തെ പ്രധാന പ്രതിഷ്ഠാപനം; ഇത് 2020 മെയ് മാസത്തിൽ നടന്നു. ക്രയോസ്റ്റാറ്റിന്റെ നിരവധി ഭാഗങ്ങൾ,  30 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള, സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ അൾട്രാ-ഹൈ വാക്വം പാത്രമടക്കം, ഇന്ത്യയിൽ നിർമ്മിച്ചു.  ഭാഗങ്ങൾ നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുപോയി ITER ൽ കൂട്ടിയോജിപ്പിച്ചു. 8,000 ബ്ലോക്കുകളുള്ള, ബോറേറ്റഡ് സ്റ്റീൽ (ചെറിയ അളവിൽ ബോറോൺ അലോയ് ചെയ്ത സ്റ്റീൽ) കൊണ്ട് നിർമ്മിച്ച 72,000 പ്ലേറ്റുകൾ ചേർന്ന  ഒരു അകഭിത്തി കവച സംവിധാനം ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഐറ്റർ (ITER )  പദ്ധതിക്കായി ക്രയോജനിക്, അയോൺ-സൈക്ലോട്രോൺ (cryogenic ion-cyclotron )  ഇലക്ട്രോൺ സൈക്ലോട്രോൺ ( electron cyclotron), ഡയഗ്നോസ്റ്റിക് ന്യൂട്രൽ ബീം സംവിധാനങ്ങൾ എന്നിവയും ഇന്ത്യ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യും.

പദ്ധതിയ്ക്കു വേണ്ട നിർമാണം, സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്ത് എന്നിവയുടെ ചെലവ് എല്ലാ അംഗരാജ്യങ്ങളും പങ്കിടും. ഓരോ അംഗ രാജ്യവും ഘടകങ്ങളുടെ ഒരു ഉപവിഭാഗം മാത്രമേ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നുള്ളൂവെങ്കിലും, സാങ്കേതികവിദ്യ പങ്കിടൽ കാരണം എല്ലാവർക്കും മുഴുവൻ പ്രായോഗിക ജ്ഞാനവും ലഭിക്കും.

1980-കളിൽ ഇന്ത്യ അതിന്റെ ആദ്യത്തെ പരീക്ഷണാത്മക ഫ്യൂഷൻ റിയാക്ടർ ആദിത്യ നിർമ്മിച്ചു. ഇപ്പോൾ, കൂടുതൽ വികസിത സ്റ്റെഡി സ്റ്റേറ്റ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് (SST-1) ഇന്ത്യൻ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ഒരു യഥാർത്ഥ ഫ്യൂഷൻ റിയാക്ടറിൽ പരിശീലനം നൽകാനുള്ള ഇടം നൽകുന്നു. ഈ രണ്ട് പരീക്ഷണ ഫ്യൂഷൻ റിയാക്ടറുകളും ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിലാണ് (IPR) സ്ഥാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര സഹകരണത്തിൽ നിന്ന് പഠിക്കുകയും ഭൗതികശാസ്ത്രവും സാങ്കേതികവിദ്യയും മനസ്സിലാക്കുകയും ചെയ്യുന്നത് ഭാവിയിൽ നമ്മുടെ സ്വന്തം ഫ്യൂഷൻ റിയാക്ടറുകൾ നിർമ്മിക്കാൻ ഇന്ത്യൻ ടീമിനെ സഹായിക്കും.

ഗ്രാവിറ്റേഷൻ വേവ് ഡിറ്റക്ടർ

2.ഗ്രാവിറ്റേഷൻ വേവ് ഡിറ്റക്ടർ (Gravitational wave detector)

ആൽബർട്ട് ഐൻസ്റ്റൈനു മുൻപ് വരെ, ഭൗതികശാസ്ത്രജ്ഞർ ചിന്തിരിച്ചിരുന്നത് സംഭവങ്ങൾ ഒരു സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് നടക്കുന്നു , സ്ഥലവും സമയവും സ്വതന്ത്ര ചരങ്ങളാണ് എന്നായിരുന്നു. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടതോടെ  അതെല്ലാം മാറി. സ്ഥലത്തിന്റെ മൂന്നു മാനങ്ങളും സമയത്തിൻ്റെ ഒരു മാനവും  ചേർന്ന , നാലു മാനങ്ങൾ ഉള്ള അദൃശ്യമായ സമയ -സ്ഥല ഫാബ്രിക്  രൂപപ്പെടുന്നുവെന്ന് ഐൻസ്റ്റൈൻ കാണിച്ചു തന്നു.

നിങ്ങളുടെ കൈ ചലിപ്പിക്കുമ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ള വായുവിൽ നിങ്ങൾ തിരമാലകൾ സൃഷ്ടിക്കുന്നു. ഇവ ശബ്ദതരംഗങ്ങളല്ലാതെ മറ്റൊന്നുമല്ല. ഒരു ചാർജ് ആന്ദോളനം ചെയ്യുമ്പോൾ, അത് വൈദ്യുതകാന്തിക മണ്ഡലത്തിൽ കമ്പനങ്ങൾ സൃഷ്ടിക്കുന്നു, അത് വൈദ്യുതകാന്തിക തരംഗങ്ങളായി പ്രസരിക്കുന്നു. പ്രകാശം, എക്സ്-റേ, റേഡിയോ, മൈക്രോവേവ് എന്നിവയെല്ലാം ഈ വൈദ്യുതകാന്തിക തരംഗ സ്പെക്ട്രത്തിന്റെ വ്യത്യസ്ത വശങ്ങളാണ്.

നിശ്ചലമായ തടാകത്തിൽ ബോട്ട് തുഴയുന്നത് ജലോപരിതലത്തിൽ അലകൾ സൃഷ്ടിക്കുന്നു.അതുപോലെ സ്ഥല-സമയ ഫാബ്രിക്കിലൂടെ, ചലിക്കുന്ന കൂറ്റൻ വസ്തുക്കൾ അതിനെ കമ്പനം ചെയ്യിക്കും. അത്തരം കമ്പനങ്ങൾ ഗുരുത്വാകർഷണ തരംഗങ്ങളായി സഞ്ചരിക്കും.

ഗുരുത്വാകർഷണ തരംഗങ്ങൾ ഉണ്ടെന്ന് 1915-ൽ ഐൻസ്റ്റൈൻ പ്രവചിച്ചു. എന്നിരുന്നാലും, ഏകദേശം 100 വർഷങ്ങൾക്ക് ശേഷം 2016 ഫെബ്രുവരിയിൽ മാത്രമാണ് ഇവയുടെ ആദ്യത്തെ കണ്ടെത്തൽ നടന്നത്. ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (LIGO) എന്ന് വിളിക്കപ്പെടുന്ന ഗുരുത്വാകർഷണ ഡിറ്റക്ടറുകൾ നിലവിൽ ജപ്പാനിലെ കഗുര, ജർമ്മനിയിലെ GEO 600, ഇറ്റലിയിലെ വിർഗോ,യുഎസ്എയിലെ  LIGO ഹാൻഫോർഡ്, LIGO ലിവിംഗ്സ്റ്റൺ എന്നിവിടങ്ങളിൽ നിലവിലുണ്ട്.

ലോകമെമ്പാടുമുള്ള നിരീക്ഷണ ശൃംഖലയുടെ ഭാഗമായി ഇന്ത്യയിൽ ഒരു നൂതന ഗുരുത്വാകർഷണ-തരംഗ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ LIGO (ഇൻഡിഗോ) നിർമ്മിക്കാൻ  മഹാരാഷ്ട്രയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന ഇന്ത്യൻ LIGO (ഇൻഡിഗോ)

തമോദ്വാരങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ തുടങ്ങിയ ഭീമാകാരമായ കോസ്മിക് വസ്തുക്കളുടെ കൂട്ടിയിടികൾ ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ പോലും കണ്ടെത്താൻ കഴിയുന്നത്ര ഉച്ചത്തിലുള്ള ഗുരുത്വാകർഷണ തരംഗങ്ങൾക്ക് കാരണമാകുന്നു. ഈ നിരീക്ഷണങ്ങൾ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പരിധികൾ പരിശോധിക്കുന്നതിനും കൂടുതൽ ആഴത്തിലുള്ള ഭൗതികശാസ്ത്രം കണ്ടെത്താൻ സഹായിക്കുന്നതിനും ഒരു സവിശേഷ അവസരം നൽകും.

കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന വിളകൾ

3. കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കുന്ന വിളകൾ (Climate resilient crops)

ആഗോളതാപനം യഥാർത്ഥമാണ്, അതിന്റെ അനന്തരഫലങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. 1750-കളിലെ, വ്യാവസായ വിപ്ലവത്തിനു  മുമ്പുള്ള 280 പാർട്‌സ് പെർ മില്യണിൽ (പിപിഎം) നിന്ന് അന്തരീക്ഷ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ഏകദേശം 415 പിപിഎമ്മായി വർദ്ധിച്ചു കഴിഞ്ഞു.

അന്തരീക്ഷത്തിൽ വർദ്ധിച്ചുവരുന്ന കാർബണിന്റെയും മറ്റ് ആഗോളതാപന വാതകങ്ങളുടെയും ഫലമായി, ആഗോള ശരാശരി താപനില 1750-കളെ അപേക്ഷിച്ച് +1 ഡിഗ്രി വർദ്ധിച്ചു. 2040-ഓടെ ഇത് +1.5 ഡിഗ്രിയാകും. നിയന്ത്രിക്കാതിരുന്നാൽ  ആഗോള താപനില 2 ഡിഗ്രി വരെ കൂടും, ഇത് കനത്ത നാശത്തിനിടയാക്കും.

കാലാവസ്ഥാ വ്യതിയാനം കാർഷിക വിളകളെയും അവയുടെ വിളവിനെയും ബാധിക്കും. ഉദാഹരണത്തിന്, ഉയർന്ന താപനില നെൽവിളകളുടെ നിർണായക ഘട്ടത്തെ ഗുരുതരമായി ബാധിക്കുന്നു. നെല്ലും ഗോതമ്പും ഓരോതരം പുല്ലുകളാണ്. സാധാരണഗതിയിൽ, ഏകദേശം 120 ദിവസത്തിനുള്ളിൽ പൂക്കൾ വിരിയുന്നു; തുടർന്ന്, ധാന്യങ്ങൾ ഏകദേശം ഒരു മാസത്തിനുള്ളിൽ  പാകമാകും. പൂമൊട്ട് വിരിയുന്ന സമയത്ത് ഉയർന്ന താപനില ധാന്യം നിറയുന്നതിനെ ഗുരുതരമായി ബാധിക്കുന്നു; അതായത്, ധാന്യം ഉണങ്ങിയ പിണ്ഡം ശേഖരിക്കുകയും തടിച്ചതായിത്തീരുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൂവിടുമ്പോൾ ഉയർന്ന താപനില ചെടിയുടെ ആത്യന്തിക വിളവിനെ ബാധിക്കും.

കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം ഉയർത്തുന്നു. ഇന്ന് ഉപയോഗിക്കുന്ന വിത്തിനങ്ങൾക്ക് ആഗോള താപനില വർദ്ധനയും കാലാവസ്ഥാ വ്യതിയാനവും അനുസരിച്ച്  വേണ്ടത്ര പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല. ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള  ജനിതകദ്രവ്യ (germplasm) ഉറവിടങ്ങൾക്കായി നമ്മൾ  ശ്രദ്ധിക്കേണ്ടതുണ്ട്. അതിരാവിലെ പലപ്പോഴും തണുപ്പ് കൂടുതലാണ്, അതിനാൽ അതിരാവിലെ പൂവിടുന്ന സ്വഭാവമുള്ള സസ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം സഹിക്കാൻ കഴിയും.

പൂമ്പൊടിയുടെ ഫലഭൂയിഷ്ഠത (pollen fertility), പൂമ്പൊടി ചൊരിയുന്ന ശതമാനം (shedding percentage), കളങ്കം സ്വീകരിക്കൽ (stigma receptivity), സ്പൈക്ക്ലെറ്റ് ഫെർട്ടിലിറ്റി (spikelet fertility) തുടങ്ങിയ വിവിധ ഘടകങ്ങൾ ചൂടിനോട് പെട്ടെന്ന് പ്രതികരിക്കുന്നവയാണു. സ്വഭാവസവിശേഷതകളുടെ ശരിയായ സംയോജനം തിരിച്ചറിയുകയും  പുതിയ ഇനങ്ങൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് മുതൽ ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ച് വരെയുള്ള ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങൾ ഉയർന്ന താപനില, ഉയർന്ന അന്തരീക്ഷ കാർബൺ സാന്ദ്രത മുതലായവയുള്ള ഭാവി സാഹചര്യങ്ങളെ കൃത്രിമമായി ഉണ്ടാക്കി പഠിക്കുന്നു .

അവർ കൃത്രിമ അറകളിൽ, അന്തരീക്ഷത്തിൽ കാർബൺ ഉയരുമ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ  സൃഷ്ടിക്കുകയും  താപസഹനശേഷിയുള്ളവയെ കണ്ടെത്താൻ  വിവിധ ഇനങ്ങൾ വളർത്തുകയും ചെയ്യുന്നു. ചൂടിനെ നേരിടാനുള്ള ഓരോ ഇനത്തിന്റെയും കഴിവ് എന്താണെന്ന് അവർ പഠിക്കുന്നു. കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള പ്രജനനം  വികസിപ്പിക്കുന്നതിന് അനുയോജ്യമായ ജനിതകദ്രവ്യ (germplasm)  ഉറവിടങ്ങൾ തിരിച്ചറിയുന്നതിനായി ഈ സാഹചര്യങ്ങളിൽ ഒന്നിലധികം ഇനം അരിയും ഗോതമ്പും വളർത്തുന്നു.

ഭാവി ഗതാഗതം

4. ഭാവി ഗതാഗതം (Futuristic transportation)

ആഗോള കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) ഉദ്‌വമനത്തിന്റെ അഞ്ചിലൊന്ന് ഗതാഗത മേഖലയിൽ നിന്നാണ്. ലോകത്തിലെ നാലാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളാണ് നിലവിലെ ഓട്ടോമൊബൈൽ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. ഡ്രൈവറില്ലാത്ത കാറുകൾ മുതൽ   IoT (Internet of things)യും  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്‌തമാക്കിയ സാങ്കേതികവിദ്യകളും വരെ ഗതാഗത വ്യവസായത്തെ സമൂലമായി പരിവർത്തനം ചെയ്യാൻ സജ്ജമാണ്. എന്നാൽ ശുദ്ധമായ ഊർജ്ജവും ഹരിത, (കാർബൺ കുറഞ്ഞ )  ഊർജ്ജ ഇന്ധനങ്ങളും ആസന്നമായ മാറ്റത്തിന്  വഴിയൊരുക്കും.

ഇന്ത്യ ഒരു വലിയ മുന്നേറ്റം നടത്തുന്നു, 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 30% ൽ കുറയാതെയിരിക്കണമെന്നാണു സർക്കാർ ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള മാർഗമായി ഇലക്ട്രിക് മൊബിലിറ്റിയേയും ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളേയും കണക്കാക്കുന്നു.

വൈദ്യുതവാഹനങ്ങളുടെ (EV)  ദ്രുതഗതിയിലുള്ള വ്യാപനത്തിന്  തടസ്സം നിൽക്കുന്ന മുഖ്യ സാങ്കേതിക വിദ്യകളിലൊന്ന് ബാറ്ററികളുടേതാണ്. യൂറോപ്പിലും യുഎസിലും വികസിപ്പിച്ചെടുത്ത മിക്ക ബാറ്ററികളും ഇന്ത്യൻ സാഹചര്യങ്ങളിൽ പരാജയപ്പെടുന്നു. ചുറ്റുപാടുമുള്ള  താപനില ഒരു EV ബാറ്ററിയുടെ പ്രവർത്തനത്തെ അതിന്റെ ആയുസ്സിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ബാധിക്കുന്നു. 15-40 ഡിഗ്രി സെൽഷ്യസ് താപനില പരിധിയിൽ മാത്രമേ ഇത്തരം ബാറ്ററികൾക്ക് കാര്യക്ഷമതയുള്ളൂ. ഇത് ഇന്ത്യൻ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല.ഇന്ത്യയിൽ  ഉത്തരാഖണ്ഡിലും മേഘാലയയിലും തണുപ്പും രാജസ്ഥാനിലും കേരളത്തിലും ചൂടുമാണ്.

കൂടാതെ, ഇന്ത്യയിലെ റോഡുകളുടെ അവസ്ഥയും റോഡുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്ന രീതിയും ബാറ്ററികളുടെ പ്രകടനത്തെ ബാധിക്കുന്നു. യൂറോപ്പിലും യുഎസിലും വികസിപ്പിച്ച ബാറ്ററി സാങ്കേതികവിദ്യ ഇവയ്‌ക്ക് അനുയോജ്യമല്ല. ബാറ്ററികൾ അപൂർവ്വമായി പൊട്ടിത്തെറിക്കുന്നതും ആശ്രയിക്കാൻ പറ്റാത്ത പ്രകടനവും പെട്ടെന്ന് ബാറ്ററി ചത്ത് പോകുന്നതും അത്തരം ബാറ്ററികൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതിന്റെ ഫലങ്ങളാണ്.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക, അതായത് ഉയർന്ന ഊർജ്ജ സാന്ദ്രതയും   വേഗത്തിലുള്ള ചാർജിംഗും ചാർജിംഗിൽ നിന്നുള്ള ഡീഗ്രേഡേഷൻ കുറവുളളതുമായ ബാറ്ററികൾ നിർമിക്കുക എന്നത് ഇവി (EV)കൾക്ക് ഇന്ത്യയിൽ വേരൂന്നാൻ അത്യന്താപേക്ഷിതമാണ്.

ഡോ എൻ കലൈശെൽവി – സിഎസ്ഐആർ) ഡയറക്ടർ ജനറൽ

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതയായ ഡോ എൻ കലൈശെൽവി, മികച്ച ലിഥിയം അയൺ ബാറ്ററികൾ വികസിപ്പിക്കുന്നതിൽ  പ്രത്യേകിച്ച്, ബാറ്ററികൾക്കായി നിരവധി ഇലക്ട്രോഡുകൾ വികസിപ്പിക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ്. അവർ  നാഷണൽ മിഷൻ ഫോർ ഇലക്ട്രിക് മൊബിലിറ്റി (എൻഎംഇഎം) സംബന്ധിച്ച സാങ്കേതിക റിപ്പോർട്ട് വികസിപ്പിച്ച ടീമിന്റെ ഭാഗവുമായിരുന്നു. അവർ കാര്യങ്ങളുടെ ചുക്കാൻ പിടിക്കുമ്പോൾ, ഇവി വിന്യസിക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും.

സൂപ്പർ കമ്പ്യൂട്ടറുകൾ

5.സൂപ്പർ കമ്പ്യൂട്ടറുകൾ (Supercomputers)

ഒരു ഇന്റൽ കോർ i7 പ്രോസസറിന് സെക്കൻഡിൽ 158 ബില്യൺ കണക്കുകൂട്ടലുകൾ നടത്താൻ കഴിയും. എന്നാൽ ക്രേ ടൈറ്റൻ സൂപ്പർ കമ്പ്യൂട്ടറിന് സെക്കൻഡിൽ 2,70,00,000 ബില്യൺ കണക്കുകൂട്ടലുകൾ നടത്താൻ കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്റൽ കോർ i7 ചെയ്തു തീർക്കാൻ 48 മണിക്കൂർ എടുക്കുന്ന കാര്യം ക്രേ ടൈറ്റൻ ഒരു സെക്കൻഡിനുള്ളിൽ ചെയ്യും. അതാണ് സൂപ്പർ കമ്പ്യൂട്ടർ 101.

മതിയായ റാം ഇല്ലാത്ത  ഒരു പഴയ ലാപ്‌ടോപ്പ് സങ്കൽപ്പിക്കുക. നിങ്ങൾ മൗസ് ചലിപ്പിക്കുന്നു, എന്നാൽ സ്‌ക്രീനിൽ കഴ്‌സർ നീങ്ങുന്നതിന് ഒരുപാട് സമയം എടുക്കും. എന്നാൽ മെച്ചപ്പെടുത്തിയ റാം ഉള്ള വേഗതയേറിയ കമ്പ്യൂട്ടറിൽ, സ്‌ക്രീൻ ഒരു നിമിഷത്തിനുള്ളിൽ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു. കൂടുതൽ കമ്പ്യൂട്ടിംഗ് പവർ, അത് വേഗത്തിൽ പ്രോസസ്സ് ചെയ്യാനും ഡാറ്റ അവതരിപ്പിക്കാനും ( render ) കഴിയും.

ഒരു ഇമെയിൽ അയയ്‌ക്കാനോ സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യാനോ ഓൺലൈൻ മാർക്കറ്റ് ചെയ്യാനോ സിനിമ കാണാനോ നിങ്ങളും ഞാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു, ഇവയെല്ലാം Core i7 ഉപയോഗിച്ച് ചെയ്യാനാവുന്നതാണ്. എന്നാൽ കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് മുന്നിൽ വരുന്ന കാലാവസ്ഥയെ കണക്കാക്കാൻ ദശലക്ഷക്കണക്കിന് ഡാറ്റ പോയിന്റുകൾ പ്രോസസ്സ് ചെയ്യേണ്ടതുണ്ട്. ഭൂമിയുടെ കാലാവസ്ഥയുടെ മാതൃക സൃഷ്ടിക്കാൻ കാലാവസ്ഥാ ശാസ്ത്രജ്ഞർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ്റാണ്ടുകാലം ശേഖരിച്ച ഡാറ്റ പ്രോസസ്സ് ചെയ്യണം. ഒരു ബയോ ഇൻഫോർമാറ്റിക്സ് ഗവേഷകയ്ക്ക്  കോടിക്കണക്കിന് ക്രമമാറ്റങ്ങളിലൂടെയും സങ്കലനങ്ങളിലൂടെയും അരിച്ചെടുപ്പ് നടത്തിയാണു തന്മാത്രാ പ്രക്രിയയുമായി ബന്ധപ്പെട്ട ജീനുകളെ  തിരിച്ചറിയുന്നത്.

നമുക്ക് വേണമെങ്കിൽ നമ്മൾ തന്നെ ഉണ്ടാക്കണം.

ചൈന, യുഎസ്, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് സൂപ്പർ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ മുന്നിൽ നിൽക്കുന്നത്. ഒരു ആറ്റം ബോംബ് അനുകരിക്കാനോ ശത്രു കോഡുകൾ രഹസ്യഭാഷയിൽ നിന്ന് തർജ്ജമ്മ ചെയ്യാനോ (decrypt)   ഇതേ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നതിനാൽ, സൂപ്പർകമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയെ ‘ഇരട്ട ഉപയോഗമുള്ളവ (dual use)’ എന്ന് തരംതിരിക്കുന്നു. അതായത്, കാലാവസ്ഥാ പ്രവചനം പോലുള്ള സമാധാനപരമായ പൊതുജന ആവശ്യങ്ങൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. അതിനാൽ, ഒരു രാജ്യവും സാങ്കേതികവിദ്യ പങ്കിടുകയോ ഉയർന്ന പ്രവർത്തനക്ഷമതയുള്ള സൂപ്പർ കമ്പ്യൂട്ടർ വിൽക്കുകയോ ചെയ്യില്ല. നമുക്ക് വേണമെങ്കിൽ നമ്മൾ തന്നെ ഉണ്ടാക്കണം.

ലോകത്തിലെ ഏറ്റവും മികച്ച 500 സൂപ്പർ കമ്പ്യൂട്ടറുകളിൽ കഷ്ടിച്ച് രണ്ട് മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. എൻഐടി-ട്രിച്ചിയിൽ ഉൾപ്പെടെ 70 ഓളം ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് (high-performance computing) സൗകര്യങ്ങൾ സ്ഥാപിച്ച് നമ്മുടെ ദേശീയ അക്കാദമിക, ഗവേഷണ-വികസന സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണൂ നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ വിഭാവനം ചെയ്യുന്നത്. ഈ മിഷനിൽ ആയിരത്തോളം വരുന്ന  സങ്കേതിക വിദഗ്ദരെ ഇത്തരം കമ്പ്യൂട്ടിങ്ങ് സൗകര്യങ്ങൾ  രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും പരിശീലിപ്പിക്കുകയും ചെയ്യും.. ഇതുവരെ 10 സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചു, അഞ്ചെണ്ണം കൂടി കമ്മീഷൻ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണ്

ആദ്യ ഘട്ടത്തിൽ, വാങ്ങാൻ കിട്ടുന്ന (off-the-shelf products) ഉൽപ്പന്നങ്ങളിൽ നിന്ന് സൂപ്പർ കമ്പ്യൂട്ടറുകൾ കൂട്ടിച്ചേർക്കപ്പെട്ടു. രണ്ടാം ഘട്ടത്തിൽ  നിർണായക ഘടകങ്ങൾ രാജ്യത്ത് നിർമ്മിക്കപ്പെടുന്നു. മൂന്നാം ഘട്ട സൂപ്പർ കംപ്യൂട്ടർ ഇന്ത്യ തന്നെയാണ് രൂപകല്പന ചെയ്ത് നിർമ്മിക്കുക.

മുന്നോട്ടുള്ള വഴി

ശാസ്‌ത്ര-സാങ്കേതിക രംഗത്തെ പുരോഗതി ദ്രുതഗതിയിലായിരിക്കുമോ അതോ കുറയുകയും മരിക്കുകയും ചെയ്യുമോ എന്ന് നാല് നിർണായക ഘടകങ്ങൾ നിർണ്ണയിക്കും.

ഒന്ന്, ഇന്ത്യൻ ഗവേഷക സമൂഹത്തിൽ ഇപ്പോഴും വൈവിധ്യം കുറവാണ്. ശാസ്ത്രത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഒട്ടും തന്നെ  തൃപ്തികരമല്ല. പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളുടെയും ഉൾപ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെയും അംഗസംഖ്യ വളരെ കുറവാണ്. വൈവിധ്യമാർന്ന വിഭാഗങ്ങൾ അതിന്റെ ഭാഗമായില്ലെങ്കിൽ ശാസ്ത്ര സാങ്കേതിക വികസനത്തിന്റെ ഫലങ്ങൾ തുല്യമായി ഒഴുകുകയില്ല.

മതിയായ പങ്കാളിത്തം ഇല്ലെങ്കിൽ, ശാസ്ത്രത്തോടുള്ള പൊതുജനങ്ങളുടെ മതിപ്പ് കുറയും. ഇത് ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് രാഷ്ട്രീയ സംവിധാനത്തിൽ നിന്നുണ്ടാവേണ്ട പിന്തുണയ്ക്ക് വെല്ലുവിളി ഉയർത്തുകയും അതിനെപ്രതികൂലമായി ബാധിക്കുകയും ചെയ്യും.

രണ്ടാമതായി,  ശാസ്ത്രവും സാങ്കേതികവിദ്യയും അഭിവൃദ്ധിപ്പെടുന്നതിന് ആശയസ്വാതന്ത്ര്യം (freedom of conciseness), അഭിപ്രായ സ്വാതന്ത്ര്യം (dissent),   നിലനിൽക്കുന്ന ജ്ഞാനത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന ഒരു ബൗദ്ധിക അന്തരീക്ഷം ആവശ്യമാണ്. ആര്യഭട്ടന്റെ കാലത്തെ ചന്ദ്രഗുപ്തന്റെ കൊട്ടാരമായാലും അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് അൽ-ഖ്വാരിസ്മിയെപ്പോലുള്ള പണ്ഡിതന്മാരുള്ള ബാഗ്ദാദ് ആയാലും സംവാദങ്ങളും വിയോജിപ്പുകളും അവിടെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

മൂന്നാമത്തേത്, മനുഷ്യവിഭവശേഷിയാണ്. സമീപകാല ശാസ്ത്ര സൂചകമനുസരിച്ച്, ഒരു ദശലക്ഷം നിവാസികളിൽ  ഇന്ത്യയിൽ   ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് വെറും 253 പേർ മാത്രമാണ്. ദക്ഷിണ കൊറിയ 7,980, സിംഗപ്പൂർ 6,803, ജപ്പാൻ 5,331, മലേഷ്യ 2,379, യുഎഇ 2,379, ഇറാൻ 1,475, ചൈന 1,307, വിയറ്റ്നാം 708, ഖത്തർ 577 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ വളരെ താഴെയാണ്. 336 ഉള്ള പാകിസ്ഥാൻ പോലും നമ്മേക്കാൾ മികച്ചതാണ്. ഇത്രയും കുറഞ്ഞ ആളുകൾ ഗവേഷണ-വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സമൂഹത്തിൽ ഒരു വിജ്ഞാന സമൂഹം എന്ന സ്വപ്നം  പ്രായോഗികമല്ല.

നാലാമത്തേത് സാമ്പത്തിക സ്രോതസ്സുകളാണ്. ജിഡിപിയുടെ 0.69 ശതമാനം മാത്രമാണ് ഇന്ത്യ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും വേണ്ടി നീക്കിവെക്കുന്നത്. 1990-കളിൽ ഇത് 0.6 ആയിരുന്നു, 2010-ൽ ഇത് 0.8% ആയി വർദ്ധിച്ചു. അതിനുശേഷം, വിഹിതം താഴോട്ടു പോകുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ ജിഡിപി 1990-കളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതായതിനാൽ തീർച്ചയായും എസ് ആൻഡ് ടി നിക്ഷേപങ്ങളുടെ കേവല  (absolute) അളവ് വർദ്ധിച്ചീട്ടുണ്ട്. ചൈന അതിന്റെ ജിഡിപിയുടെ 2.05% ശാസ്ത്രത്തിനായി ചെലവഴിക്കുന്നു, അതിൻ്റെ ഫലം ദൃശ്യവും വ്യക്തവുമാണ്. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഒരാൾക്ക് ശരാശരി 269.2 ഡോളർ ചൈന  നിക്ഷേപിക്കുമ്പോൾ, ദക്ഷിണ കൊറിയ $1,484.7, ജർമ്മനി $1,383.8, ബ്രസീൽ $194.4, ദക്ഷിണാഫ്രിക്ക $91.3, ഇന്ത്യ തുച്ഛമായ $38.9 ഡോളർ എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്. കാലാവസ്ഥ നിരീക്ഷിക്കാനും  കാർഷിക ഗവേഷണത്തിനുമുള്ള ഐഎസ്ആർഒയുടെ ഗഗാൻയാനും ഈ ബജറ്റിൽ ഉൾപ്പെടുന്നു.


കടപ്പാട് : The Federal പ്രസിദ്ധീകരിച്ച Science and tech focus helps India shine, propels nation toward 2047 എന്ന ലേഖനം

Happy
Happy
43 %
Sad
Sad
7 %
Excited
Excited
21 %
Sleepy
Sleepy
14 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post ഇന്ത്യൻ നാനാത്വത്തിന്റെ നാൾവഴികൾ – ഒരു തിരിഞ്ഞുനോട്ടം
Next post ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ
Close