Read Time:20 Minute

ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ

ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നും നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും

അഖിൽ പി എഴുതുന്നു

നമുക്ക് ചുറ്റുപാടുമുള്ള ജീവശാസ്ത്രപരവും, സാമൂഹികവും, സാമ്പത്തികവും, ഭൗതീകവും, രാസികവുമായ വിവിധ ഘടകങ്ങളുടെ കൂടിച്ചേരലാണ് പരിസ്ഥിതി. അതുകൊണ്ടുതന്നെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ മനുഷ്യന്റെ ചുറ്റുപാടിനെ സംബന്ധിച്ചതും നാം വളരെയധികം ശ്രദ്ധയോടെ വിശകലനം ചെയ്ത് മനസ്സിലാക്കേണ്ടവയുമാണ്.

ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. വിവിധതരം പരിസ്ഥിതി മലിനീകരങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്ര-സാമൂഹിക വിഷയങ്ങളെക്കുറിച്ചും പല ലേഖനങ്ങളിലൂടെ വായനക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാൻ ‘ലൂക്ക’ സയൻസ് പോർട്ടൽ ശ്രമിച്ചുവരികയാണ്.  അത്തരത്തിൽ വളരെ പ്രാധാന്യമേറിയതും എന്നാൽ നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും‘ എന്നത്.

എന്താണ് ഫാസ്റ്റ് ഫാഷൻ?

ഭൂരിപഷംപേർക്കും മികച്ചത് എന്ന അഭിപ്രായമുള്ളതോ അല്ലെങ്കിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, വലിയ ആരാധക സമൂഹമുള്ള പ്രശസ്തരായ വ്യക്തികൾ പൊതുവേദികളിലും മറ്റും ധരിച്ചെത്തുന്ന വസ്ത്രങ്ങളാണ് നമ്മൾ പൊതുവിൽ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച വസ്ത്രധാരണ ‘ഫാഷൻ’ എന്നരീതിയിൽ പറയാറുള്ളത്. ആഗോളതലത്തിൽ പ്രശസ്തരായ മികച്ച വസ്ത്രകലാ വിദഗതരുടെ സഹായത്തോടുകൂടി ബഹുരാഷ്ട്ര കമ്പനികളാണ് സാധാരണയായി ഇത്തരത്തിലുള്ള പുതിയ ഫാഷൻ രീതികൾ അവതരിപ്പിക്കാറുള്ളത്.

ഒരു ചെറിയ സമയ പരിധിക്കുള്ളിൽതന്നെ അടുത്തത് എന്ന രീതിയിലാണ് ഫാഷൻ രംഗത്തെ പുതുമ മാറുന്നത്. പുതിയ ഡിസൈനുള്ളൊരു ഫാഷൻ വസ്ത്രം കമ്പോളത്തിൽ വന്നാൽ ഒന്നോ രണ്ടോ മാസത്തിനുള്ളിലോ അല്ലെങ്കിൽ ചിലപ്പോൾ ആഴ്ചകൾക്കുള്ളിൽത്തന്നെ അത് മാറി, അടുത്ത പുതിയ ഡിസൈൻ വരുന്നു. ഇത്തരത്തിൽ പുതിയ ഫാഷൻ വസ്ത്രങ്ങൾ വരുമ്പോൾ ആളുകൾക്ക് അത് സ്വന്തമാക്കാനുള്ള ആഗ്രഹം കൂടുകയും കമ്പോളത്തിൽ ‘ആവശ്യകത (Demand)’ വർധിക്കുകയും ചെയ്യുന്നു.

ഫാസ്റ്റ് ഫാഷൻ എന്നാൽ..

ഏറ്റവും പുതിയ ഫാഷൻ രീതികൾക്കനുസരിച്ച് മാറുന്ന കമ്പോളത്തിലെ ഉയർന്ന ‘ആവശ്യകത’ മനസ്സിലാക്കി, ചെറിയ വിലയിൽ വളരെയധികം അളവിൽ നിർമ്മിച്ച് കടകളിലേക്ക് പുതിയ വസ്ത്രങ്ങൾ എത്തിക്കുന്നതിനെയാണ് ‘ഫാസ്റ്റ് ഫാഷൻ’ എന്ന് പറയുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഉത്പാദിപ്പിക്കേണ്ടതിനാൽത്തന്നെ വസ്ത്രനിർമ്മാണ കമ്പനികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രകൃതി വിഭവങ്ങൾ വസ്ത്ര നിർമ്മാണത്തിനായ് അമിതമായി ഉപയോഗിക്കുന്നു എന്നതും, അതുമൂലമുള്ള വിവിധതരം മലിനീകരണ പ്രശ്ങ്ങൾ ഭൂമിയിലെ ജീവന് തന്നെ ഭീഷണിയുമാകുന്നു എന്നതാണ് ‘ഫാസ്റ്റ് ഫാഷന്റെ’ ദോഷവശം.

എന്തുകൊണ്ട് ഫാസ്റ്റ് ഫാഷൻ ഒരു ആഗോള പ്രശ്നമാകുന്നു?

“വിശപ്പും അസന്തുഷ്ടിയും ഉണ്ടാക്കിയാൽ ഏറ്റവും നല്ല വസ്ത്രത്തിനും സൗന്ദര്യമുണ്ടാവില്ല” എന്ന പ്രസിദ്ധമായ വാക്യത്തിത്തിന് ഇന്നും പ്രാധാന്യമേറെയുണ്ട്.

നാം വിവിധ സന്ദർഭങ്ങൾക്കൊത്ത് ധരിക്കാൻ പലവിധ വസ്ത്രങ്ങൾ വാങ്ങുന്ന സമയത്ത് എപ്പോഴെങ്കിലും ഈ വസ്ത്രങ്ങൾ എങ്ങനെ ഉത്പാദിപ്പിക്കുന്നുവെന്നും, ഇവയ്ക്ക് വ്യത്യസ്തമായ നിറങ്ങൾ എങ്ങനെ നൽകുന്നു എന്നെല്ലാം ആലോചിച്ചിട്ടുണ്ടോ.? നൂൽ ഉപയോഗിച്ച് തുണിയുണ്ടാക്കുന്നു, തുണിയിൽ നിന്ന് വിവിധ അളവിലുള്ള വസ്ത്രങ്ങൾ ഉണ്ടാക്കുന്നു എന്ന് നമുക്ക് ലളിതമായ് പറയാമെങ്കിലും, വസ്ത്ര നിർമ്മാണത്തിന്റെ പാരിസ്ഥിതിക വശം അത്ര ലളിതമല്ല.

ബിസിനസ്സ് ഇൻസൈഡർ (Business Insider) എന്ന വാർത്താ മാധ്യമം നടത്തിയ ഒരു പഠനം പറയുന്നത്, ലോകത്തെ ആകെ വായുമലിനീകരണത്തിന്റെ 10% വസ്ത്ര നിർമ്മാണ ഫാക്ടറികൾ മൂലമാണ് ഉണ്ടാകുന്നത് എന്നാണ്. പ്ലാസ്റ്റികിന് സമാനമായ രീതിയിൽ നിർമ്മിക്കുന്ന പോളിസ്റ്റർ വസ്ത്രങ്ങളുംമറ്റും ഉപയോഗശേഷം കത്തിച്ച് കളയുന്നതിലൂടെയുണ്ടാകുന്ന മലിനീകരണത്തിന്റെ കണക്കുകൂടി നോക്കുമ്പോൾ മേൽ പറഞ്ഞ 10% നും മുകളിലാണ് ഫാഷൻ മേഖലയുണ്ടാക്കുന്ന വായുമലിനീകരണത്തിന്റെ അളവ്.

ലോകത്തിലെ ജല-വായു ഗതാഗത സംവിധാനങ്ങൾ മൊത്തം അന്തരീക്ഷത്തിലുണ്ടാക്കുന്ന കാർബൺ മലിനീകരണത്തിന്റെ അളവ് 5% ആണെന്നിരിക്കെ ഫാസ്റ്റ് ഫാഷന്റെ ഭാഗമായുണ്ടാകുന്ന 10% മലിനീകരണം എത്ര വലുതാണ് എന്ന് നമുക്ക് മനസ്സിലാകും.

United Nations Framework Convention on Climate Change-ന്റെ പഠനപ്രകാരം, വസ്ത്ര നിർമ്മാണ മേഖലയിൽ നിന്നുള്ള കാർബൺ പുറംതള്ളലിന്റെയളവ് 2030 ആകുമ്പോഴേക്കും നിലവിലുള്ളതിനേക്കാൾ 60% അധികമായി ഉയരുമെന്നും പറയുന്നു.

അമിതമായ അളവിൽ ജലം ഉപയോഗിക്കുന്നുവെന്നതും, ശുദ്ധജലം മലിനമാക്കുന്നു എന്നതുമാണ് ഫാസ്റ്റ് ഫാഷന്റെ മറ്റൊരു പ്രശനം. ഉദാഹരണത്തിന്, ഒരു ജോടി ജീൻസ് വസ്ത്രം നിർമ്മിക്കാൻ ആവശ്യമായ പരുത്തി (cotton) കൃഷി ചെയ്യാൻ ഏകദേശം 7000 ലിറ്ററോളം വെള്ളം വിവിധ ഘട്ടങ്ങളിൽ ആവശ്യമാണ്. അതിന് നിറം നൽകുന്ന ഡൈയിംഗ് (Dying) പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്കൂടി ആലോചിക്കൂ.!

ഫാസ്റ്റ് ഫാഷന്റെ ചുവടുപിടിച്ച് കുറഞ്ഞ പുനരുപയോഗ നിലവാരമുള്ള വസ്തുക്കൾ കൊണ്ട് വളരെ കുറച്ച് പ്രാവശ്യം മാത്രം ഉപയോഗിക്കാൻ മാത്രം നിലവാരമുള്ള വസ്ത്രങ്ങൾ വലിയ അളവിൽ നിർമ്മിക്കുന്നു.  വിവിധ സർവേകൾ പറയുന്നത്, ഉപയോഗ ശേഷം 85% വസ്ത്രങ്ങളും വലിച്ചെറിയപ്പെടുന്നു എന്നാണ്. ഇങ്ങനെ വലിച്ചെറിയപ്പെടുന്ന വസ്ത്രങ്ങൾ ഭൂമിയിലെ വിവിധ ശുദ്ധ ജല സ്ത്രോതസ്സുകളും കടലുകളും മലിനമാക്കുന്നുവെന്നതും, ജല ജീവികളുടെ ജീവന് ഇവ വലിയ വെല്ലുവിളിയുയർത്തുന്നതും പരിഥിതിക്ക് ദോഷമായ കാര്യമാണ്. (ചിത്രത്തിന് കടപ്പാട്: European Parliament News)

പോളിസ്റ്റർ വസ്ത്രങ്ങൽ നിർമ്മിക്കുന്നത് പ്ലാസ്റ്റികിന് സമാനമായ സിന്തറ്റിക് നൂലുകൾ ഉപയോഗിച്ചാണ്. ലോകത്ത് അകെ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളിൽ 72 ശതമാനത്തിലും സിന്തറ്റിക് നൂലുകളാലാണ് ഉപയോഗിക്കുന്നത്

വസ്ത്രങ്ങൾക്ക് നിറം നൽകുന്ന ഡൈയിംങ് (Dying) പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ ശുദ്ധജല മലിനീകരണത്തിന് വലിയതോതിൽ കാരണമാകുന്നുണ്ട്. ഭൂരിഭാഗം വസ്ത്ര നിർമ്മാണ ഫാക്ടറികളും ഡൈയിംഗ് (Dying) പ്രവർത്തനത്തിന് ശേഷം രാസപദാർത്തങ്ങൾ അടങ്ങിയ ജലം നിരപ്പായ ഭൂപ്രദേശങ്ങളിലേക്കും കനാലുകളിലേക്കും മറ്റും ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇത് മണ്ണും വെള്ളവും രാസപദാർത്ഥങ്ങളാൽ മലിനമാകാൻ കാരണമാകുന്നു. ആഗോള മലിനജലത്തിന്റെ 20%, അല്ലെങ്കിൽ ഏകദേശം 93 ബില്യൺ ക്യുബിക് മീറ്റർ ടെക്സ്റ്റൈൽ ഡൈയിംഗ് മൂലമാണെന്നാണ് യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പഠനങ്ങൾ പറയുന്നത്. ലോകത്ത് ഏകദേശം 900 മില്യൺ ആളുകൾക്ക് ശുദ്ധജല ലഭ്യത ഇല്ല എന്നകണക്കുകൂടി ഇതിനോടപ്പം വായിക്കുമ്പോൾ ഈ പ്രശ്നം എത്ര ഗൗരവമുള്ളതാണ് എന്ന് നമുക്ക് മനസ്സിലാകും.

ഡൈയിംഗ് പ്രവർത്തനത്തിൽ തൊഴിലെടുക്കുന്ന വസ്ത്ര നിർമ്മാണ ഫാക്ടറിയിലെ തൊഴിലാളികൾ

പോളീസ്റ്റർ വസ്ത്രങ്ങൽ നിർമ്മിക്കുന്നത് പ്ലാസ്റ്റികിന് സമാനമായ സിന്തറ്റിക് നൂലുകൾ ഉപയോഗിച്ചാണ്. ലോകത്ത് അകെ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളിൽ 72 ശതമാനത്തിലും സിന്തറ്റിക് നൂലുകളാലാണ് ഉപയോഗിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയപ്പെടുന്ന പോളീസ്റ്റർ വസ്ത്രങ്ങൾ ജൈവ വിഘടനത്തിന് വിധേയമാകുന്നില്ല, അവ വിഘടിക്കാൻ 200 വർഷം വരെ എടുത്തേക്കാം. ആയതിനാൽ ഫാസ്റ്റ് ഫാഷന്റെ ഭാഗമായി നാം ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന വസ്ത്രങ്ങൾ ഭൂമിയിൽ വലിയ അളവിൽ മാലിന്യക്കൂമ്പാരമായി മാറുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങൾ ഇന്ന് ലോകത്തിലെ വിവിധയിടങ്ങളിൽ ഒരു സാധാരണ കാഴചയായി മാറിയിരിക്കുകയാണ്.

ഡൈയിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി രാസ പദാർത്ഥങ്ങൾ അടങ്ങിയ ചുവന്ന ചായത്താൽ മലിനമായ വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിലെ ജിയാൻ നദി

ഫാസ്റ്റ് ഫാഷന്റെ സാമൂഹിക പ്രശ്നങ്ങൾ

പാരിസ്ഥിതിക പ്രശ്നങ്ങളെ പോലെതന്നെ ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളും ‘ഫാസ്റ്റ് ഫാഷന്റെ’ ഭാഗമായുണ്ട്. World Resources Institute-ന്റെ കണക്കുപ്രകാരം ഫാഷൻ വിപണികളിലെത്തുന്ന 80% വസ്തുക്കളുടെയും നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത് 18 നും 24 നും ഇടയിൽ പ്രായമായ സ്ത്രീകളാണ്. ഇവരിൽ ഭൂരിഭാഗവും അമിത സമയവും മറ്റും കുറഞ്ഞ വേദനത്തിൽ ജോലി ചെയ്യുന്നവരും, പലവിധത്തിലുള്ള തൊഴിൽ ചൂഷണങ്ങൾക്ക് വിധേയരാവുന്നവരുമാണ്. അർജന്റീന, ബംഗ്ലാദേശ്, ബ്രസീൽ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തുർക്കി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ വസ്ത്ര നിർമ്മാണ ഫാക്ടറികളിൽ ബാലവേല വലിയൊരളവിൽ നടക്കുന്നുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

ബംഗ്ലാദേശിലെ ധാക്കയ്ക്കടുത്ത് കെരാനിഗഞ്ചിൽ ഒരു ചെറിയ വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്യുന്ന കുട്ടി

2013-ൽ ബംഗ്ളാദേശിലെ ധാക്കയിൽ 8 നിലകളുള്ള ഒരു വസ്ത്ര നിർമ്മാണ ഫാക്ടറി തകർന്ന് 1100-ൽ അധികം ആളുകൾ മരിക്കുകയും ഏകദേശം 2500-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തത സംഭവം വലിയ വാർത്തയായിരുന്നു. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാതെ ഇപ്പോഴും ലോകത്തിന്റെ വിവിധയിടങ്ങളിൽ വസ്ത്ര നിർമ്മാണ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. മാറുന്ന ഫാഷൻ വൈവിധ്യങ്ങൾക്ക് പിന്നാലെ ലാഭം മാത്രം നോക്കി കുതിക്കുന്ന പല വസ്ത്ര നിർമ്മാണ കമ്പനികൾക്കും തൊഴിടങ്ങളിലെ സുരക്ഷയും പാരിസ്ഥിതിക പ്രശ്ങ്ങളും ശ്രദ്ധിക്കാൻ സമയം ലഭിക്കാത്തരീതിയിൽ ഫാസ്റ്റ് ഫാഷൻ പ്രവണത ലോകത്ത് വളർന്നുകൊണ്ടിരിക്കുകയാണ്.

വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ

എന്താണ് ഫാസ്റ്റ് ഫാഷനൊരു പ്രതിവിധി?

കൂടുതൽ കാലം ഉപയോഗിക്കാവുന്ന തരത്തിൽ ഗുണ നിലവാരമുള്ളതും, ഉപയോഗം ശേഷം റീസൈക്കിൾ ചെയ്യാൻ പറ്റുന്നതുമായ വസ്ത്രങ്ങൾ വിപണയിൽ ഇറക്കുക എന്നതാണ് വസ്ത്ര നിർമ്മാണ മേഖലയ്ക്ക് ചെയ്യാൻ കഴിയുന്നത്. ഡൈയിംഗ് (Dying) പ്രവർത്തനത്തിന് ശേഷം വെള്ളം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതിന് പകരം, ആ വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗപ്രദമാക്കുക, അതുവഴി ഡൈയിംഗ് (Dying) പ്രക്രിയയ്ക്കായ് ജലശ്രോതസ്സുകളിൽ നിന്ന് എടുക്കുന്ന ശുദ്ധ ജലത്തിന്റെ അളവ് കുറയ്ക്കുക എന്നതും ഒരു പരിഹാരമാണ്. ഡൈയിംഗ് (Dying) പ്രവർത്തനത്തിന് രാസപദാർങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും മലിനീകരണം ഇല്ലാതാക്കാൻ സഹായിക്കും.

ഫാസ്റ്റ് ഫാഷൻ പ്രവണതയുടെ കുതിപ്പിനും അതിന്റെ ദോഷങ്ങൾക്കും നമ്മൾ ഉപഭോക്താക്കൾ വിചാരിച്ചാൽ ഒരുപരിധിവരെ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. ഈ പറയുന്നതിന്റെയർത്ഥം നമ്മൾ പുതിയ വസ്ത്ര ഫാഷനുകൾ അപ്പാടെ ബഹിഷ്കരിക്കണം എന്നല്ല; മറിച്ച് പരസ്യങ്ങൾക്കും ഭ്രമിപ്പിക്കുന്ന വിലക്കുറവിനും പുറകെപോയി, ആവശ്യത്തിലധികം വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാവാക്കാൻ ശ്രമിക്കണമെന്നാണ്.

ഉപയോഗ ശേഷം വസ്ത്രങ്ങൾ വലിച്ചെറിയുന്നതും, കത്തിക്കുന്നതും നമുക്ക് ഒഴിവാക്കാം, പകരം റീസൈക്കിൾ പ്രവർത്തനത്തിനും, പാഴ് വസ്തുക്കളിൽ നിന്ന് പുതിയ വസ്തുക്കൾ നിർമ്മിക്കുന്നതിനും മറ്റുമായി പഴയ വസ്ത്രങ്ങൾ നമുക്ക് നല്കുവാൻ സാധിക്കും.  വിവിധ സർക്കാരിതര സംഘടനകൾ (എൻ‌.ജി‌.ഒ കൾ) ഇന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ വസ്ത്ര മാലിന്യം കുറച്ചുകൊണ്ടുവരാൻ സാധ്യമായ പുതിയ ആശയങ്ങൾക്ക് സ്റ്റാർട്ട് അപ്പ് പദ്ധതിയുടെ ഭാഗമായും മറ്റും വിവിധ സർക്കാർ സംവിധാനങ്ങൾ വളരെയധികം പ്രോത്സാഹനം നല്കുന്നുവെന്നതും പ്രതീക്ഷയുളവാക്കുന്നതാണ്.

പെട്ടന്ന് ഒരു നിയന്ത്രണം കൊണ്ടുവന്ന് അവസാനിപ്പിക്കാൻ സാധിക്കുന്നതല്ല ഫാസ്റ്റ് ഫാഷന്റെ പ്രശ്നങ്ങൾ. ദീർഘ വീക്ഷണത്തോടുകൂടി കൃത്യമായി പദ്ധതികൾ ആവിഷ്കരിച്ചുമാത്രമേ നമുക്കത് നിയന്ത്രിക്കാൻ സാധിക്കൂ. ‘ലൂക്ക’യുടെ പ്രിയപ്പെട്ട വായനക്കാർ നിങ്ങൾ ഈ ലേഖനം വായിച്ച ശേഷം സമയം കിട്ടുന്നമുറയ്ക്ക് നിങ്ങളുടെ അലമാരയിലും മറ്റുമായി സൂക്ഷിച്ച വസ്ത്രങ്ങളിൽ ഒരു കണക്കെടുപ്പ് നടത്തി നോക്കാമോ? എത്ര വസ്ത്രങ്ങളുണ്ട് നിങ്ങൾ ഒന്നുപയോഗിച്ചിട്ട് തന്നെ നാളുകൾ ആയവ.?!



ലേഖനം വായിക്കാം
Happy
Happy
5 %
Sad
Sad
25 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
45 %

Leave a Reply

Previous post ശാസ്ത്രസാങ്കേതിക രംഗത്തെ ഊന്നൽ; 2047 ലേക്ക് കുതിക്കുന്ന ഇന്ത്യ
Next post 2022 സെപ്തംബറിലെ ആകാശം
Close