Read Time:8 Minute

തത്സമയം കാണാം – 2023 ജൂൺ 29-നു രാത്രി ഇന്ത്യൻ സമയം 11.30-ന്


എന്തായിരിക്കാം ആ വാർത്ത ?

അത്ഭുതകരമായ വാർത്തകൾ കൊണ്ട് സയൻസ് നമ്മളെ എപ്പോഴും അതിശയിപ്പിച്ചു കൊണ്ടിരിക്കും. കുറച്ചുകാലം മുമ്പ് ഹിഗ്ഗ്സ് ബോസോൺ (Higgs boson) കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. അടിസ്ഥാന കണങ്ങളെ (elementary particles) സംബന്ധിച്ച പഠനങ്ങൾക്ക് അത് വലിയ മുതൽക്കൂട്ടായി.  ഇന്നിതാ രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു.  അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്.  അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത വരുന്നത്.

ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory), അന്റാർട്ടിക്ക

ദക്ഷിണ ധ്രുവപ്രദേശത്തെ അമുൻഡ്‌സൺ – സ്കോട്ട് സ്റ്റേഷൻ (Amundsen- Scott South Pole Station) ഒരു സാധാരണ പരീക്ഷണ കേന്ദ്രം അല്ല. ഭൂമിയിലുള്ള ഏറ്റവും വലിയ ന്യൂട്രിനോ നിരീക്ഷണ കേന്ദ്രമാണത്.

എന്താണ് ന്യൂട്രിനോകൾ?

ചാർജ് ഇല്ലാത്ത, മാസ്സ് വളരെ കുറഞ്ഞ, ദ്ര്യവ്യവുമായി വളരെ കുറഞ്ഞ അളവിൽ മാത്രം പ്രതിപ്രവർത്തിക്കുന്ന കുഞ്ഞു കണങ്ങളാണ് ന്യൂട്രിനോകൾ. സൂപ്പർ നോവ, ഗാമാ റേ സ്ഫോടനങ്ങൾ, തമോദ്വാരങ്ങളും ന്യൂട്രോൺ താരങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇവയെക്കുറിച്ചെല്ലാം വിവരങ്ങൾ തരാൻ പ്രാപ്തമായ കണങ്ങളാണിവ.

ന്യൂട്രിനോകളെക്കുറിച്ച് കൂടുതലറിയാൻ ലേഖനം – ന്യൂട്രിനോ പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ – ലേഖനം -വായിക്കാം

പ്രപഞ്ച വിസ്മയത്തെക്കുറിച്ച് പഠിക്കാൻ ഏറെ ജിജ്ഞാസയുള്ള ഒരു വലിയ അന്താരാഷ്ട്ര ശാസ്ത്ര സംഘത്തിൻറെ ഒത്തൊരുമയോടുള്ള പ്രവർത്തനമാണ് ഐസ്ക്യൂബ് സാദ്ധ്യമാക്കിയത്. ഒരു കിലോമീറ്റർ നീളവും വീതിയും ഉയരവും ഉള്ള ഒരു ഐസ്ക്യൂബിനെ സങ്കൽപ്പിക്കുക. അതിനകത്തായി നിരവധി ഫോട്ടോ ഡിറ്റക്ടറുകൾ വിന്യസിച്ചിരിക്കുന്നു. ഇവയാണ് ന്യൂട്രിനോകളെ തിരയുന്ന കണ്ണുകൾ. 14 രാജ്യങ്ങളിൽ നിന്നായി 58 സ്ഥാപനങ്ങളിലെ 300 ഭൗതിക ശാസ്ത്രജ്ഞർ ഈ പഠനങ്ങളിൽ പങ്കാളികളാണ്. നമ്മുടെ പ്രപഞ്ചത്തെ സംബന്ധിച്ച ധാരണകൾ മാറ്റിമറിക്കാൻ പോകുന്ന ഗവേഷണമാണ് അവർ നടത്തുന്നത്

ന്യൂട്രിനോകളെ പഠിക്കുക എന്നത് മാത്രമല്ല ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ലക്ഷ്യം. കോസ്മിക് രശ്മികൾ ഭൂമിയുടെ അന്തരീക്ഷവുമായി പ്രതിപ്രവർത്തിച്ച് ഉണ്ടാകുന്ന കണങ്ങളെയും അത് പഠിക്കുന്നു. ഡാർക്ക് മാറ്റർ എന്നറിയപ്പെടുന്ന ഇരുണ്ട ദ്രവ്യത്തെ സംബന്ധിച്ച പഠനങ്ങളും ഇവിടെ നടക്കുന്നു.

ഒരു ദശലക്ഷം നീന്തൽ കുളങ്ങളിൽ നിറയ്ക്കാൻ ആവശ്യമായ ജലം അവിടെ ഐസ് രൂപത്തിൽ ഈ പരീക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു. 60 വീതം ഡിജിറ്റൽ ഒപ്റ്റിക്കൽ മോഡ്യൂളുകൾ (Digital Optical Module, DOM) ഘടിപ്പിച്ച 86 കേബിളുകൾ അതിനകത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഉപരിതലത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മുതൽ രണ്ടര കിലോമീറ്റർ വരെ താഴ്ചയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഈ 5160 DOM കളിൽ ഓരോന്നിലും വളരെ സെൻസിറ്റീവായ ഫോട്ടോ മൾട്ടിപ്ലൈയർ ട്യൂബുകൾ (photomultiplier tubes) ശേഖരിക്കുന്ന ഡേറ്റയെ മിനി കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഉപരിതലത്തിലേക്ക് അയക്കുന്നു. ഇത് കൂടാതെ മുകളിലായി ഐസ്ടോപ്പ് എന്ന പേരിൽ 324 DOM കളും വിന്യസിച്ചിരിക്കുന്നു.

Three dimensional layout of the neutrino detector

2004 മുതൽ 2010 വരെയുള്ള ഏഴ് വർഷക്കാലയളവിലാണ് ഈ ഐസ്ക്യൂബ് നിർമ്മിക്കപ്പെട്ടത്. അന്റാർട്ടിക്കയിലെ പ്രത്യേക കാലാവസ്ഥ മൂലം ഓരോ വർഷവും ഏതാനും മാസങ്ങളിൽ മാത്രമാണ് അവിടെ നിർമ്മാണ പ്രവൃത്തികൾ ചെയ്യാൻ സാധിച്ചിരുന്നത്. ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലമായ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലാണ് ഇത് സാധ്യമായിരുന്നത്. ഓരോ സുഷിരങ്ങളും ഡ്രിൽ ചെയ്യാൻ വേണ്ടി 48 മണിക്കൂർ സമയം എടുത്തിരുന്നു. ആഴങ്ങളിൽ ഉന്നത മർദ്ദം മൂലം ഐസിലെ വായു കുമിളകൾ അപ്രത്യക്ഷമാകുന്നതിനാൽ ഐസ് വളരെ സുതാര്യമായിരിക്കും എന്നുള്ളത് വലിയ ഒരു നേട്ടമായിരുന്നു.

ഇനി അവിടെ നിന്ന് എന്തു വാർത്തയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെന്ന് നോക്കാം. പല സാധ്യതകളും ഉണ്ട്. താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്നാകാം ഇത്തവണ വലിയ വാർത്തയാകാൻ പോകുന്നത്.

  1. നമ്മുടെ ഗാലക്സിക്കും അപ്പുറത്തു നിന്നുള്ള ന്യൂട്രിനോകൾ.
  2. ഗാമാറേ സ്ഫോടനങ്ങളിൽ (Gamma Ray Bursts, GMR) നിന്നുള്ള ന്യൂട്രിനോകൾ.
  3. ഇരുണ്ട ദ്രവ്യവുമായി (Dark Matter) ബന്ധമുള്ളവ.
  4. ഗുരുത്വ തരംഗങ്ങളുമായി ബന്ധപ്പെട്ടവ.
  5. പ്രപഞ്ച ന്യൂട്രിനോ പശ്ചാത്തലത്തിന്റെ മാപ്പ് (Cosmic Neutrino Background Map).

ഏതായാലും നമുക്ക് ആ ചൂടൻ വാർത്തക്കായി കാത്തിരിക്കാം.


അധികവായനയ്ക്ക്

  1. https://icecube.wisc.edu/about-us/overview/
  2. https://icecube.wisc.edu/about-us/facts/
  3. https://icecube.wisc.edu/news/collaboration/2023/06/icecube-webinar-2/
  4. https://arxiv.org/abs/2211.09972 (Evidence for neutrino emission from the nearby active galaxy NGC 1068)
  5. https://arxiv.org/abs/2302.05459 (Limits on Neutrino Emission from GRB 221009A from MeV to PeV using the IceCube Neutrino Observatory)
  6. https://arxiv.org/abs/2303.13663 (Search for neutrino lines from dark matter annihilation and decay with IceCube)
  7. https://arxiv.org/abs/2303.15970 (A Search for IceCube sub-TeV Neutrinos Correlated with Gravitational-Wave Events Detected By LIGO/Virgo

Happy
Happy
0 %
Sad
Sad
0 %
Excited
Excited
89 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post പൾസാറുകളുടെ പൾസുകൾ പറയുന്ന കഥ – NANOGrav Result Live
Next post വിജ്ഞാനവും വിജ്ഞാനഭാഷയും – ഇ ബുക്ക് സൗജന്യമായി വായിക്കാം
Close