Read Time:23 Minute

മനുഷ്യ വൈവിധ്യങ്ങളും ചർമ്മത്തിന്റെ നിറഭേദങ്ങളും

മനുഷ്യ ചർമ്മത്തിന്റെ നിറഭേദങ്ങൾ വംശീയതയുടെ ചരിത്ര നിർമ്മിതി സാധ്യമാക്കിയതെങ്ങനെ ? ഏതെങ്കിലും നിറത്തിന് ജീവശാസ്ത്രപരമായ പ്രത്യേകമായ ഗുണങ്ങളുണ്ടോ ? തൊലിയുടെ നിറത്തിനു പിന്നിലെ ശാസ്ത്രീയത, മെലാനിൻ എന്ന രാസവസ്‌തുവിന്റെ അളവിലുള്ള വ്യതിയാനങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ കവർസ്റ്റോറി ലേഖനം..

നിറഭേദങ്ങളും വംശീയ ചരിത്ര നിർമ്മിതിയും

മനുഷ്യ വൈവിധ്യങ്ങൾ ഏറ്റവും വ്യക്തതയോടെ മനസ്സിലാകുന്നത് ചർമ്മത്തിൽ പ്രകടമാകുന്ന നിറഭേദങ്ങളിലൂടെയാണ്. പല ഇടങ്ങളിൽ ജീവിക്കുന്നവർക്ക് നിറവ്യത്യാസങ്ങൾ കാണാം. എന്നാൽ, ജീവശാസ്ത്രപരമായ കാര്യങ്ങൾക്കപ്പുറം സാമൂഹിക ആധിപത്യത്തിന്റെ അടയാളപ്പെടുത്തലുകളുടെ മാനദണ്ഡമായി മനുഷ്യ ചർമ്മത്തിന്റെ നിറഭേദങ്ങൾ മാറിയിരിക്കുന്നു. വംശം, വർണ്ണം, അടിമത്തം എന്നീ ഭാഷാപ്രയോഗങ്ങൾ 1500 മുതൽ നിലവിലുണ്ടായിരുന്നു എന്ന് സങ്കല്പിക്കാമെങ്കിലും ഇന്നത്തെ അർഥത്തിൽ ആയിരുന്നില്ല പദങ്ങൾ ഭാഷയിൽ പ്രയോഗിക്കപ്പെട്ടത്. യൂറോപ്യൻ യാത്രികർ ഇത്തരം ആശയങ്ങൾ അമേരിക്കയിലേക്ക് കൊണ്ടു പോകുകയും അവിടെ അവ വേരുറപ്പിക്കുകയും ചെയ്തതായി കരുതപ്പെടുന്നു.

പതിനേഴാം നൂറ്റാണ്ടിലെ കൊളോണിയൽ യാത്രകളാണ് വർണ്ണം, ചർമ്മം, എന്നിവ ചേർത്ത് ആധിപത്യം, മേൽക്കോയ്മ, ശ്രേഷ്ഠത്വം എന്നീ ധാരണകളെ സൃഷ്ടിച്ചത്. ഡേവിഡ് റോഡിജർ രചിച്ച, ‘വംശീയതയുടെ ചരിത്ര നിർമ്മിതി’ എന്ന ലേഖനത്തിൽ ഇക്കാര്യം അന്വേഷിക്കുന്നു. ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലെ നിറവ്യത്യാസമുള്ള മനുഷ്യരെ കണ്ടെത്തിയപ്പോൾ മുതൽ മനുഷ്യചർമ്മത്തിന്റെ വർണ്ണവ്യത്യാസങ്ങളുടെ പ്രസക്തി ചർച്ചചെയ്യപ്പെട്ടുപോന്നു. യൂറോപ്യൻ പ്രബോധോദയ സങ്കല്പ‌ങ്ങൾ വർണ്ണവും ഉച്ചനീചത്വവും തമ്മിൽ ബന്ധപ്പെടുത്താൻ സഹായിച്ചതായി കാണാം. വെള്ളക്കാരല്ലാത്തവർ നീചരായ മനുഷ്യരാണെന്നും, അവർക്ക് സാമർഥ്യം കുറവാണെന്നും വാദമുണ്ടായി. അതിനാൽത്തന്നെ, അവർ പൂർണ്ണമായ ആത്മാവുള്ളവർ അല്ലെന്നും വന്നു. അധിനിവേശം, അക്രമം, അടിമത്തം എന്നിവ സ്ഥാപിക്കാൻ ഇതോടെ എളുപ്പവുമായി.

കൊളോണിയൽ ചരിത്രം ഭരണത്തിലും അധികാരത്തിലും ഒതുങ്ങിനിന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലും കൊണ്ടുവന്ന സസ്യമൃഗാദികളിലും വെള്ളക്കാരുടെ കണ്ണ് പതിഞ്ഞിരുന്നു. വിചിത്ര (exotic) സ്വഭാവമുള്ള മനുഷ്യരും മൃഗങ്ങളും ചിലരെയെങ്കിലും ആകർഷിച്ചുവെന്നു കരുതുന്നതിൽ തെറ്റില്ല. മൃഗങ്ങളെ പിടിച്ചടക്കി യൂറോപ്പിൽ പ്രദർശിപ്പിക്കുക എന്നത് വലിയ സാമ്പത്തിക ലാഭമുള്ള ഏർപ്പാടായിരുന്നു. ഹഗേൻബെക്ക് (Richard Girling: The Hunt for the Golden Mole) എന്ന സംരംഭകൻ മൃഗ പ്രദർശനത്തിൽ വൻ നേട്ടമുണ്ടാക്കി. അപ്പോഴാണ് അയാളിൽ മറ്റൊരാശയം ഉദിച്ചത്. മൃഗങ്ങൾക്കൊപ്പം വിചിത്ര (exotic) മനുഷ്യരെക്കൂടി പ്രദർശിപ്പിക്കുക. വടക്കൻ ഫിൻലൻഡ് പ്രദേശത്തെ തദ്ദേശീയരായി ജീവിക്കുന്ന ലാപ്പ് (Lapp, Laplander) കുടുംബത്തെക്കൂടി പിടിച്ചടക്കി 1874-ൽ മൃഗങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചു. വലിയ വിജയമായിരുന്നു അത്. തുടർന്ന്, സൊമാലികൾ, ഇന്ത്യൻ വംശജർ, സിംഹളീസ്, പാറ്റഗോണിയൻ വംശജർ തുടങ്ങി, അനവധി പേർ പ്രദർശനവസ്തുക്കളായി. ചർമ്മം അനേകം അടയാളപ്പെടുത്തലുകൾക്ക് വിധേയമായി എന്നർഥം.

നിറത്തിന്റെ ജീവശ്ശാസ്ത്രം

പത്തൊമ്പതാം നൂറ്റാണ്ടിലെ നിരവധി ശാസ്ത്രപഠനങ്ങളുടെ ശ്രദ്ധ വർണ്ണത്തിന്റെയും വംശത്തിന്റെയും ശരികൾ കണ്ടെത്തുന്നതിലായിരുന്നു. ജീവശാസ്ത്രം നരവംശ പഠനം എന്നീ മേഖലകൾ ഈ ദൗത്യത്തിൽ പങ്കുചേർന്നു. അന്നത്തെ അംഗീകൃത ശാസ്ത്ര പദ്ധതിയിൽ ഇതും സ്ഥാനം പിടിച്ചു. വെള്ളക്കാരും കറുത്തവരും രണ്ടു വ്യത്യസ്ത വർഗമാണെന്നു ശഠിക്കുന്ന ശാസ്ത്രജ്ഞരുണ്ടായിരുന്ന കാലം. ലൂയി അഗസ്സിസ് (Louis Agassiz) ഇതിന്റെ വക്താവായിരുന്നു. ശരീരത്തിന്റെയും തലയോട്ടിയുടെയും അളവുകളുടെ അടിസ്ഥാനത്തിൽ വെള്ളക്കാർ ശ്രേഷ്‌ഠരാണെന്ന വിശ്വാസം സ്ഥാപിക്കാൻ അവർ ശ്രമിക്കുകയുണ്ടായി. ദക്ഷിണ ഇറ്റലിയിലെ ഇരുണ്ട ചർമ്മമുള്ള മനുഷ്യരെ ഇകഴ്ത്തി പറയുവാനുള്ള ഭാഷാപ്രയോഗങ്ങളും ഇക്കാലത്തു സുലഭമായി.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവശാസ്ത്രജ്ഞനായ കാൾ നിൽസൺ ലിനേയസ്(Carl Nilsson Linnaeus) മരഷ്യരെ വിവിധ വർഗങ്ങളാക്കിവെച്ചു. കണ്ടാൽ തിരിച്ചറിയുന്ന ഗുണം നിറം തന്നെയെന്നതിനാൽ അതായിരുന്നു വർഗീകരണത്തിന്റെ അടിസ്ഥാനം. അവരുടെ പെരുമാറ്റ രീതി, വസ്ത്രധാരണം, ബൗദ്ധിക നിലവാരം എന്നിവയും നിറവുമായി ഒത്തുപോകുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

മനുഷ്യചർമ്മത്തിന്റെ നിറഭേദങ്ങൾ അനവസ്ഥിതമായ (variable) സ്വഭാവ വിശേഷമാണ്. അതിന്റെ കഥ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്; എങ്കിലും വിദഗ്‌ധർക്ക് ചില കാര്യങ്ങളിൽ ഏകാഭിപ്രായമാണുള്ളത്. ഏതാണ്ട് 70 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആദ്യകാല മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ദേശാന്തരാഗമനം ആരംഭിച്ചിരിക്കണം. അന്നത്തെ ആദിമമനുഷ്യർക്ക് രോമാവൃതമായ ശരീരമുണ്ടായിരുന്നു; കട്ടിയിൽ കറുത്ത രോമങ്ങളുടെ ആവരണവും അതിനു കീഴിൽ പ്രായേണ വെളുത്ത തൊലിയും. ഇന്നു കാണുന്ന ചിമ്പാൻസിയിൽ (ആൾക്കുരങ്ങ്) കാണുമ്പോലെ. നാൽപതു ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മനുഷ്യരിലും മാറ്റങ്ങൾ ഉളവാക്കി. വൃക്ഷങ്ങളിൽ നിന്ന് താഴെ ഇറങ്ങാനും രണ്ടുകാലിൽ നടക്കാനും കാരണമായി. ഏതാണ്ട് ഇക്കാലത്തുതന്നെ ശരീരത്തിലെ രോമങ്ങൾ കൊഴിയാനും തുടങ്ങിക്കാണണം. ദീർഘദൂരം ഓടാനുള്ള കഴിവ്, ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ അനിവാര്യമാക്കി; പ്രത്യേകിച്ചും ഊഷ്‌മാവ് നിയന്ത്രിക്കാൻ പറ്റുന്ന ചർമ്മം, പുതിയ സ്വേദ ഗ്രന്ഥികൾ എന്നിവ അക്കാലത്തു ആവിർഭവിച്ചതാവണം.

മനുഷ്യചർമ്മത്തിന്റെ നിറം അതിലടങ്ങിയ മെലാനിൻ പിഗ്മെന്റ് അനുസരിച്ചായിരിക്കും. കറുത്തത് എന്നർഥം വരുന്ന ഗ്രീക്ക് പദമാണ് മെലാനിൻ. ചർമ്മത്തിന്റെ എപ്പിഡെർമൽ – ഡർമ്മൽ സന്ധിപ്പിൽ കാണപ്പെടുന്ന മെലാനോസൈറ്റ് കോശങ്ങളാണ് മെലാനിൻ ഉൽപാദനം നിർവഹിക്കുന്നത്. മെലാനോ സൈറ്റിൽ അടങ്ങിയ മെലനോസോമുകൾ മെലാനിൻ ഉൽപാദനം, സംഭരണം, വിതരണം എന്നീ ധർമ്മങ്ങൾ നടത്തുന്നു. പൊതുവെ പറഞ്ഞാൽ കറുത്തവരിൽ മെലാനോ സൈറ്റ് കോശങ്ങൾ ഏറെക്കുറെ തുല്യമായിരിക്കും. ധാരാളം പിഗ്മെന്റ് ഉള്ള ചർമ്മത്തിൽ പിഗ്മെൻറ്റ് കുറഞ്ഞതിനേക്കാൾ അഞ്ചിരട്ടിയോളം മെലാനോസൈറ്റ് കോശങ്ങൾ കണ്ടുവരുന്നു. കോശങ്ങൾ വലുപ്പമേറിയതും ചർമ്മത്തിന്റെ ബാഹ്യഭാഗങ്ങളിൽക്കൂടി നിക്ഷേപിച്ചിരിക്കുന്നതായും കാണാം. മനുഷ്യരിൽ മെലാനോസൈറ്റ് കോശങ്ങൾക്ക്  മാത്രമല്ല, മെലാനിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ്. നേത്രാന്തര പടലം (retina), മിഴിപടലം (iris), എന്നിവയിലെ എപ്പിത്തീലിയം, ചില തരം നാഡീകോശങ്ങൾ തുടങ്ങിയവയിലും മെലാനിൻ ഉൽപാദിപ്പിക്കാം.

മെലാനിൻ എന്ന രാസവസ്‌തുവിന്റെ അളവിലുള്ള വ്യതിയാനങ്ങൾ

മെലനോസോമുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന മെലാനിൻ പിഗ്മെന്റ് ഗ്ലോബ്യൂളിൽ (PG – Pigment Globule) സ്ഥിതിചെയ്യുന്നു. ക്രമേണ ഇത് മെലനോസൈറ്റ് പാർശ്വത്തിലെ ഡെൻഡ്റൈറ്റ്കളിൽ എത്തപ്പെടും. ഇവിടെവെച്ചു പിഗ്മെന്റ് കോശത്തിന്റെ പുറത്തേക്ക് തള്ളുന്നു. പുറത്തെത്തുന്ന പിഗ്മെന്റിനെ ചുറ്റുപാടുമുള്ള കെരാറ്റിനോസൈറ്റ് കോശങ്ങൾ വലിച്ചെടുക്കുകയാണ് പതിവ്. മലാനോസൈറ്റുകളുടെ ഘടനയിലും മെലാനിൻ ഉൽപാദിപ്പിക്കാനുള്ള കഴിവിലും വെള്ളക്കാരിലും കറുത്തവരിലും വ്യതിയാനങ്ങളുണ്ടാകും.

മലാനോസൈറ്റുകൾ പ്രവർത്തിക്കുന്നതും മെലാനിൻ തന്മാത്രകൾ ചർമ്മത്തിൽ കൃത്യമായി വിന്യസിക്കുന്നതും സങ്കീർണ്ണമായ പ്രവർത്തനമാണ്. ചർമ്മം തികച്ചും വ്യത്യസ്ത‌മായ അനേകം കോശങ്ങളും നാഡീവ്യൂഹങ്ങളും ധമനികളും ലസികാവാഹിനികളും (lymphatic vessels), കൊലാജൻ, ഇലാസ്റ്റിക് എന്നീ നാരുകളും അസംഖ്യം തന്മാത്രകളും കൊണ്ട് സമ്പുഷ്ടമായ വിശാല സാഗരമായി കണക്കാക്കാം. മെലാനോസൈറ്റ്, ഫൈബ്രോബ്ലാസ്റ്റ്, കെരാറ്റിനോസൈറ്റ്, കോശങ്ങൾ തമ്മിൽ ആശയവിനിമയം പോലും നടക്കുന്നു. കോശങ്ങൾ തമ്മിൽ സമ്പർക്കം സ്ഥാപിച്ചുകൊണ്ടോ, അവർ ഉൽപാദിപ്പിക്കുന്ന വിശേഷ തന്മാത്രാ പ്രവർത്തനം മൂലമോ ആണ് ഇത് സാധ്യമാകുന്നത്. ശരീരത്തിന് പുറത്തുള്ള പരിസ്ഥിതി, റേഡിയേഷൻ, വെളിച്ചം, ഊഷ്മാവ് എന്നിവ കോശങ്ങളുടെ പ്രവർത്തനങ്ങളെ സൂക്ഷ്മതലത്തിൽ സ്വാധീനിക്കുന്നു. മെലാനോസൈറ്റുകൾ സക്രിയമായ ചർമ്മഘടകമാണ്. ഇതര കോശങ്ങളെയും ചർമ്മത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്ന അനേകം ഘടകങ്ങൾ ഇവ ഉൽപാദിപ്പിക്കുന്നു. അതിന്റെ പട്ടിക നമ്മെ അദ്ഭുതപ്പെടുത്തും. : cytokines (IL- 1a, IL-2, IL-3, IL-6, IL-10 and TNF-a), chemokines (IL-8, CCL2), transforming growth factor (TGF-B), catecholamines, eicosanoids, serotonin, melanocyte stimulating factor (a-MSH) and nitric oxide (NO) എന്നിവ മെലാനോസൈറ്റുകളുടെ സംഭാവനയാണ്.

മെലാനിൻ തന്മാത്രയാണ് ഇരുണ്ട നിറത്തിനാധാരം എന്നു പറയുമ്പോഴും മെലാനിനിൽ നിന്ന് നിറത്തിലേക്കുള്ള പാത എളുപ്പത്തിൽ മനസ്സിലാക്കാവുന്നതല്ല. മെലാനിൻ കുറഞ്ഞാൽ വെളുപ്പും കൂട്ടിയാൽ കറുപ്പും എന്ന ലളിതമായ ഫോർമുലയിലല്ല ചർമ്മനിറഭേദങ്ങളുടെ ജീവശാസ്ത്രം പ്രവർത്തിക്കുന്നത്. ടൈറോസിൻ അമിനോ ആസിഡിൽ നിന്ന് ജന്യമായ മെലാനിൻ രണ്ടു തരത്തിലാണ് ശരീരത്തിൽ കാണപ്പെടുന്നത്. സിസ്റ്റീൻ (cysteine) സമ്പന്നമായ ഫിയോമെലാനിൻ (pheomelanin) തന്മാത്രയ്ക്ക് നേർത്ത മഞ്ഞ നിറമാണുള്ളത്. ഇരുണ്ട നിറമുള്ള യുമെലാനിൻ (eumelanin) തന്മാത്രയാണ് മറ്റൊന്ന്. വെള്ളത്തൊലിയും ബ്രൗൺ മുടിയുമുള്ളവരിൽ ഫിയോമെലാനിൻ വർധിച്ച രീതിയിൽ കാണും; യുമെലാനിൻ അല്പ‌മാത്രവും. ഒരൊറ്റ ജീനിൽ സംഭവിക്കുന്ന പ്രവർത്തനരാഹിത്യം മൂലമാണ് ഇത് സംഭവിക്കുന്നത്. യുമെലാനിൻ സംശ്ലേഷണം നടത്തുന്ന-melanocortin 1 receptor (MC1R) നിഷ്ക്രിയമാകുന്നതാണ് കാരണം. ഹാരിസൺ, അവൻ (Harrison and Owen) എന്നിവരുടെ പഠനം നാല്‌പതോളം ജീൻ പ്രവർത്തന സാധ്യത പറയുന്നു.

റെനറ്റോ ബാസുറ്റി (Renato Basutti) മനുഷ്യചർമ്മത്തിന്റെ നിറ വ്യതിയാനവും ഭൂമിയുടെ അക്ഷാംശ രേഖയും തമ്മിൽ ബന്ധമുണ്ടന്ന സിദ്ധാന്തം മുന്നോട്ടുവെച്ചു. ഇരുണ്ട തൊലിയും ഭൂമധ്യരേഖയുമായുള്ള സാമീപ്യവും മാപ്പുചെയ്യുകയാണ് അദ്ദേഹം ചെയ്തത്. മറ്റ് അന്ത്രപ്പോളജി വിദഗ്ധർ ഈ ആശയം വിപുലീകരിക്കാൻ ശ്രമിക്കുകയുണ്ടായി. റിലേത് ഫോർഡ് (Relethford, 1997) നടത്തിയ ചർമ്മത്തിലെ റിഫ്ലക്റ്റൻസ് (Skin Reflectance) പഠനമനുസരിച്ച് ഭൂമധ്യരേഖയ്ക്ക് വടക്കോട്ട് അക്ഷാംശം പത്തു ഡിഗ്രി നീങ്ങുമ്പോൾ റിഫ്ളെക്ടൻസ് 8% വർധിക്കുമെന്നും, തെക്കോട്ടായാൽ 4% വീതം വർധിക്കുമെന്നും കണ്ടെത്തി. ഇത് നിലവിൽ അൾട്രാ വയലറ്റ് (Ulcraviolet – UV) സാന്ദ്രതയുമായി പൊരുത്തമുണ്ടെന്നും കാണാം. അന്തരീക്ഷത്തിലെ UV സാന്ദ്രത കഴിഞ്ഞ ദശലക്ഷം വർഷത്തിൽ മാറിയതെങ്ങനെ എന്ന് ഇനിയും അറിയില്ല. ചരിത്രാതീത കാലം മുതൽ മനുഷ്യർ നടത്തിയ അനവധി ദേശാന്തര ഗമനങ്ങളെക്കുറിച്ചും അതിലിലൂടെയുണ്ടായ നിറവ്യത്യാസങ്ങളെക്കുറിച്ചും നാമിന്നും അജ്ഞരാണ് എന്നും ഇതോടൊപ്പം കാണണം.

നരവംശ ഗവേഷകർ അൾട്രാ- വയലറ്റ് സ്വാധീനത്തെ പരോക്ഷമായി അംഗീകരിക്കുന്നു. ഭൂമധ്യരേഖാ പരിസരത്തു ഇരുട്ടു ചർമ്മവും അകലങ്ങളിൽ വെളുപ്പേറിയ ചർമ്മവും തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നവർ കരുതുന്നു. ധ്രുവപദേശത്തോടടുക്കുമ്പോൾ വിറ്റാമിൻ ഡി ലഭിക്കാൻ ചർമ്മത്തിന്റെ നേർത്ത നിറം സഹായകമാകാം. വടക്കൻ ധ്രുവപ്രദേശത്തെ ബ്രൗൺ വംശജരുടെ ഭക്ഷണത്തിൽ വളരെയേറെ വിറ്റാമിൻ ഡി ഉണ്ടെന്നതും ഈ ധാരണയ്ക്ക് ആക്കം കൂട്ടുന്നു. വ്യാവസായിക വിപ്ലവം കൊണ്ടുവന്ന ജീവിതശൈലീമാറ്റം യൂറോപ്യൻ സമൂഹത്തിൽ വിറ്റാമിൻ ഡി പോരായ്‌മ വർധിച്ചതും ചേർത്തു വായിക്കേണ്ടതാണ്. അൾട്രാ-വയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷണം നൽകി, മെലാനിൻ കാൻസർ തടയാനും സഹായിക്കുന്നുണ്ടാകാം. മനുഷ്യശരീരത്തിൽ പിഗ്മെന്റ് വിന്യസിക്കുന്നതിന്റെ ശാസ്ത്രം പഠിക്കുന്നത് ഇക്കാലത്തു കൂടുതൽ സുഗമമായി വരുന്നു. സ്പെക്ട്രോ-ഫോട്ടോമെട്രി, എപ്പിഡെമിയോളൊജി, സ്റ്റാറ്റിസ്റ്റിക്സ് പഠനങ്ങൾ, ജീനോം വിജ്ഞാനീയം, മറ്റു നവീന കമ്പ്യൂറ്റേഷനൽ ടെക്നോളജി എന്നിവ മനുഷ്യരിൽ നിറഭേദങ്ങൾ പഠിക്കാൻ ഉപകരിക്കുമെന്ന് കരുതാം.

പിഗ്മെന്റ് കൂടുന്നതും കുറയുന്നതും പഠനവിഷയമാകുന്നത് പോലെ പിഗ്മെന്റ് ഇല്ലാത്ത അവസ്ഥയും പേടിക്കേണ്ടതായുണ്ട്. ചർമ്മം, മുടി, കണ്ണുകൾ എന്നിവിടങ്ങളിൽ മെലാനിൻ സാന്നിധ്യം കാര്യമായി ഇല്ലാതാകുന്ന അവസ്ഥയെ (Albinism) എന്ന് പറയുന്നു. അനവധി വേരിയൻറ്റുകൾ അൽബൈനിസവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. മെലാനിൻ ശരീരത്തിൽ ഇല്ലാത്തതിനാൽ തൊലി, കണ്ണ്, മുടികൾ എന്നിവ വെളുത്തനിറമായിരിക്കും. ജനിതകമായി കൈമാറാവുന്ന മ്യൂട്ടേഷനാണ് പലപ്പോഴും ഇതിനു കാരണം. പത്തിലധികം വേരിയണറ്റുകൾ വിവരിക്കപ്പെട്ടു കാണുന്നു. മിക്കതും സരൂപ ക്രോമസോമിൽ കാണപ്പെടുന്ന റെസസ്റ്റീവ് (recessive) സ്വഭാവമുള്ളതത്രേ. X ക്രോമോ സോം വഴി കൈമാറുന്ന അവസ്ഥയും വിരളമായി കാണാം. സൂര്യപ്രകാശം സഹിക്കാനാവാത്തതു കാരണം വീടിനു പുറത്തു പോകുന്നതും തൊഴിലെടുക്കുന്നതും പ്രയാസമാണ്. കാഴ്‌ച പരിമിതി മൂലം അൽബൈനിസം വ്യക്തികൾക്ക് സാമൂഹിക പങ്കാളിത്തത്തിൽ ഗണ്യമായ പരിമിതിയുണ്ടാകുന്നു. സൂര്യപ്രകാശത്തെ ചെറുക്കാനാവാത്തതിനാൽ ചർമ്മത്തിൽ കാൻസർ സാധ്യത മറ്റുള്ളവരെക്കാൾ 1000 ഇരട്ടിയോളമാകുമെന്നാണ് റിപ്പോർട്ട്. ബേസൽ സെൽ, സ്ക്വാമസ് സെൽ, കാൻസറുകൾ അവരിൽ സാധാരണമാണ്; അതിനാൽ, പലരും തങ്ങളുടെ നാല്പ‌തുകളിൽ മരണപ്പെടാറുണ്ട്.

തൊലികറുത്തവർ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ നമുക്ക് പരിചിതമാണ്. അൽബൈനിസം മറ്റു ചില ഡിസബിലിറ്റി അനുഭവങ്ങൾ വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്നു. സാമൂഹികമായ പുറന്തള്ളൽ അനുഭവം അവർക്കുണ്ടാകും; ഒരു തരം, ‘ഞാൻ ഇവിടാരുമല്ല (I don’t belong) എന്ന അവവസ്ഥ. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ വിവേചനം അനുഭവിക്കുകയും ചെയ്യുന്നു.

മനുഷ്യചർമ്മം ഏതെങ്കിലും നിറം വഹിക്കുന്ന ഉപകരണമല്ല. ജീവശാസ്ത്രപരവും പരിണാമപരവുമായ കാരണങ്ങളാൽ ചർമ്മത്തിന് നിറവ്യതിയാനങ്ങൾ ഉണ്ടാകുന്നു എന്നത് ശരിതന്നെ. ഏതെങ്കിലും ഒരു നിറം ശരിയാണെന്നും മറ്റുള്ളവ പോരായ്മയാണെന്നും ഉള്ള പാഠം തീർച്ചയായും അംഗീകരിക്കാനാവില്ല. ജീവശാസ്ത്രപരമായ പ്രത്യേക ഗുണങ്ങൾ ഏതെങ്കിലും നിറം/ വർണ്ണം എന്നിവയ്ക്കുള്ളതായി തെളിവുമില്ല. എങ്കിലും, മനുഷ്യരിൽ ഇത്രയധികം സാമൂഹിക അവസ്ഥാ നിർണ്ണയോപാധിയായും അധിനിവേശം അടിച്ചമർത്തൽ, കൊളോണിയലിസം എന്നിവ സ്ഥാപിക്കാനും നിറം/ വർണ്ണം കാരണമാകുന്നു.

ആംഗല സാഹിത്യകാരനായ ജോസഫ് കോൺറാഡ് രചിച്ച “ദ് ഹാർട്ട് ഓഫ് ഡാർക്നെസ്സ് (The Heart of Darkness, 1902) നോവലിൽ വെള്ളക്കാരുടെ നോട്ടത്തിൽ കറുപ്പിന്റെ നറേറ്റീവ് വികസിക്കുന്നത് കാണാം : ‘Black shapes crouched, lay, sat between the trees leaning against the trunks, clinging to the earth, half coming out, half effaced within the dim light, in all the attitudes of pain, abandonment, and despair.”

അധികവായനയ്ക്ക്
  1. David R Roediger: Historical Foundations of Race
  2. Richard Girling: The Hunt for the Golden Mole – Chatto & Windus, 2014
  3. Mosca, S.; Morrone, A. Human Skin Pigmentation: From a Biological Feature to a Social Determinant. Healthcare 2023, 11, 2091. https://doi.org/10.3390/ healthcare11142091
  4. Cichorek M, Wachulska M, Stasiewicz A, Tymin-ska A. Skin melanocytes: biology and development. Postepy Dermatol Alergol. 2013 Feb;30(1):30-41. doi: 10.5114/pdia.2013.33376. Epub 2013 Feb 20. PMID: 24278043; PMCID: PMC3834696.
  5. Barsh GS. What controls variation in human skin color? PLoS Biol. 2003 Oct;1(1):E27. doi: 10.1371/ journal.pbio.0000027. Epub 2003 Oct 13. Erratum in: PLoS Biol. 2003 Dec;1(3):445. PMID: 14551921; PMCID: PMC212702.

അനുബന്ധ വായനയ്ക്ക്

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സിന്റെ മഹോത്സവം ഇന്നാരംഭിക്കുന്നു
Next post അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറു ജൈവഫാക്ടറികൾ 
Close