Read Time:6 Minute
ഈ പ്രപഞ്ചത്തിനെത്ര വലിപ്പമുണ്ടാകും?
അതു പറയുന്നതിനു മുന്നേ നമ്മുടെ വലിപ്പം അറിയണമല്ലോ. ഒരു ഒന്നര ഒന്നേമൂക്കാൽ മീറ്റർ നീളം വരും. ഒരു കിലോമീറ്റർ നീളമുള്ള റോഡിൽ ഒരു അറുന്നൂറ് – എഴുന്നൂറു പേരെയൊക്കെ നീളത്തിൽ കിടത്താം. ഭൂമിയുടെ ചുറ്റളവ് ഏതാണ്ട് നാൽപ്പതിനായിരം കിലോമീറ്ററാണ്. ഭൂമി കണ്ടുതീർക്കുക എന്നതുതന്നെ ഒട്ടും എളുപ്പമല്ലാത്ത കാര്യം. അപ്പോ സൂര്യന്റെ കാര്യമെടുത്താലോ! ചുറ്റളവ് നോക്കിയാൽ തല കറങ്ങും. 44ലക്ഷം കിലോമീറ്റർ! ഭൂമിയും സൂര്യനും തമ്മിലുള്ള അകലം നോക്കിയാൽ ഒരു പതിനഞ്ചുകോടി കിലോമീറ്റർ വരും. ഈ ദൂരവും സംഖ്യയുമൊന്നും നമുക്കങ്ങ് ഉൾക്കൊള്ളാൻ ഇച്ചിരി ബുദ്ധിമുട്ടുതന്നെയാണ്.
സൂര്യനും മറ്റു ഗ്രഹങ്ങളും ഒക്കെയുള്ള നമ്മുടെ സൗരയൂഥത്തിന്റെ കാര്യമെടുത്താൽ തലകറക്കം മാത്രമല്ല ബോധക്ഷയവും ഉണ്ടാവും. പ്ലൂട്ടോയുടെ ഓർബിറ്റിന്റെ വ്യാസംതന്നെ ഏതാണ്ട് 80സൗരദൂരം വരും. അതായത്, ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 80 ഇരട്ടി. തൊട്ടടുത്ത നക്ഷത്രത്തിലേക്കു നോക്കിയാലോ, നാലരവർഷമെടുക്കും പ്രകാശത്തിനുപോലും അവിടെയെത്താൻ!
സൗരയൂഥത്തിനുതന്നെ നമുക്ക് ഉൾക്കൊള്ളാനാവാത്ത വലിപ്പം അല്ലേ. പക്ഷേ ഈ സൗരയൂഥം എന്നു പറയുന്നത് പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം വെറും ഒരു കരടു മാത്രമാണ്. അത്രമേൽ ചെറിയ ഒരിടം. കാരണം നമ്മുടെ ഗാലക്സി എടുത്താൽപ്പോലും അതിൽ പതിനായിരംകോടി നക്ഷത്രയൂഥങ്ങൾ കാണുമത്രേ! തീർന്നില്ല,
അങ്ങനെയുള്ള ഗാലക്സികളുടെ എണ്ണംതന്നെ എണ്ണിയാലൊടുങ്ങില്ല.
അവിടേക്കാണ് വെബ്സ്പേസ് ടെലിസ്കോപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യചിത്രം എത്തുന്നത്. നമ്മുടെ കൈയകലത്തിൽ ഒരു മണൽത്തരി പിടിച്ചു എന്നിരിക്കട്ടേ. ആ മണൽത്തരിയുടെ വലിപ്പമുള്ള സുഷിരത്തിലൂടെ ആകാശത്തേക്കു നോക്കിയാൽ കാണുന്ന ചിത്രമാണത്. ഗാലക്സികളുടെ പാരാവാരമാണ് ഈ ചിത്രത്തിൽ.
ഒരു മണൽത്തരിയുടെ വലിപ്പത്തിലുള്ള ഇടത്തിലേക്ക് നോക്കുമ്പോൾത്തന്നെ ഇങ്ങനെ. അങ്ങനെയെങ്കിൽ മുഴുവൻ ആകാശവും നോക്കിയാലോ! വെബ് ടെലിസ്കോപ്പ് നൂറുകണക്കിനു വർഷം പണിയെടുത്താലും അതു സാധ്യമാവില്ല. അത്രയ്ക്കു വലിപ്പമുണ്ട് നമ്മുടെ ആകാശത്തിനും അതിലൂടെ കാണുന്ന പ്രപഞ്ചത്തിനും.
ഇത്രയും വിശാലമായ ഈ പ്രപഞ്ചത്തിൽ, ആരുമറിയാത്ത, ഒട്ടും പ്രസക്തമല്ലാത്ത ഒരിടം മാത്രമാണ് നമ്മുടെ ഗാലക്സിപോലും. ഭൂമിയുടെ കാര്യം പറയാനേ ഇല്ല. പക്ഷേ ഇവിടെ നമ്മളിരുന്ന് തമ്മിൽത്തല്ലുകയാണ്. യുദ്ധം ചെയ്യുകയാണ്. പ്രപഞ്ചത്തോളം വലിയ അഹങ്കാരത്താൽ പരസ്പരം വെറുക്കുകയാണ്.
വെബ് ടെലിസ്കോപ്പ് പകർത്തിയ ഈ ഡീപ് ഫീൽഡ് ചിത്രം കാണുമ്പോഴെങ്കിലും പ്രപഞ്ചത്തിൽ നമ്മുടെ നിസ്സാരതയെക്കുറിച്ചോർക്കാം. നല്ല മനുഷ്യരാവാം.
(നവനീത് കൃഷ്ണൻ എസ് ഫേസ്ബുക്കിൽ കുറിച്ചത്)
ആ കാലുള്ളവയൊഴികെയുളള എല്ലാ പൊട്ടുകളും ഗാലക്സികളാണ്. അവയിലോരോന്നിലും കോടാനുകോടി നക്ഷത്രങ്ങൾ, നമ്മുടെ സൂര്യനെപ്പോലെ… അവയിൽ പലതിലും ചുറ്റും ഭൂമിയെപ്പോലുള്ള ഗ്രഹങ്ങൾ ഉണ്ടാകും. അതിലേതിലെങ്കിലും നമ്മളെപ്പോലുള്ള ജീവികൾ ഉണ്ടാകുമോ? എങ്ങനെ അറിയാനാണ്! നമുക്ക് ഇങ്ങനൊരു പടമെടുക്കാൻ തന്നെ ലക്ഷക്കണക്കിന് വർഷങ്ങളുടെ ജീവപരിണാമവും, ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹികചരിത്രവും, നൂറുകണക്കിന് വർഷങ്ങളുടെ സാങ്കേതികവിദ്യാമുന്നേറ്റങ്ങളും വേണ്ടിവന്നു. ഇക്കൂട്ടത്തിലേതെങ്കിലും ഗാലക്സിയിലെ ഏതെങ്കിലും നക്ഷത്രത്തെ ചുറ്റുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിലിരുന്ന് ആരെങ്കിലും ഉണ്ടാക്കിവിട്ടൊരു ടെലിക്സോപ്പ് എടുത്ത ഇതുപോലൊരു പടത്തിൽ നമ്മളും പതിഞ്ഞിട്ടുണ്ടാവുമോ എന്തോ!
കാൾ സാഗന്റെ കോസ്മോസിൽ നിന്നും ഒരു ഭാഗം – വീഡിയോ
പ്രപഞ്ച വലിപ്പം – ഒരു വീഡിയോ
സാമാന്യ ബുദ്ധിയാൽ അറിയാനാകാത്ത പ്രപഞ്ചം
Related
0
0