സകലദിക്കുകളിൽ നിന്നും ആബാലവൃദ്ധം ജനതതി വന്നു ചേർന്നു ശാസ്ത്രത്തെ ആഘോഷിക്കുന്ന, പുണരുന്നയിടം! എണ്ണമറ്റ മണ്ഡലങ്ങളിൽ ലോകത്തിനു വിളക്കുമാടമായ കേരളം ശാസ്ത്രത്തെ ജനങ്ങളിലേക്കെത്തിച്ച് ഈ തിരിഞ്ഞുനടപ്പു കാലഘട്ടത്തിൽ പുതുമാതൃക തീർക്കുന്ന മേളം! നൂറ്റാണ്ടുകൾക്കു മുമ്പ്, ഡാവിഞ്ചി, ഗലീലിയോ പ്രഭൃതി ദാർശനികർ മുതലിന്നോളം പ്രപഞ്ചരഹസ്യങ്ങൾ തുറക്കാൻ കലയെയും ശാസ്ത്രത്തെയും മിശ്രണമാക്കിയ പൈതൃകത്തെ, മനുഷ്യചിന്തയെ പിടിച്ചു കുലുക്കിയ, പുരോഗമിപ്പിച്ച ശാസ്ത്രചിന്തയുടെ ആശയാവിഷ്കാരങ്ങളെ കയ്യാളിക്കൊണ്ടൊരുക്കുന്ന പ്രദർശന മാമാങ്കം ! അരികെയകലെ, അണു മുതലാന വരെ, അടുക്കള മുതലാകാശവുമതിനുമപ്പുറവും വരെ, സൂക്ഷ്മ സ്ഥൂല പ്രപഞ്ചമാകെ കണ്ടറിഞ്ഞ മനുഷ്യന് ഉരുവായിയൂറിയുറവായ ജ്ഞാനം, ശാസ്ത്രം , അതിന്റെ സൗന്ദര്യം ഒക്കെയും പുതുസാങ്കേതികസങ്കേതങ്ങളാൽ, നൂതനത്വത്തത്താൽ, അതിരുകളില്ലാത്ത സർഗ്ഗാത്മകതയാൽ സംയോജിപ്പിക്കുന്ന, കലാവേലകളുടെ കാഴ്ചപ്പൂരം!
മാത്രമോ, മുൻപും പിൻപുമായി, സമാന്തരമായി നാടാകെ പരിപാടികൾ, പ്രവർത്തനങ്ങൾ, നമ്മളെങ്ങനെ നമ്മളായെന്നറിയുന്ന, നമ്മളെന്തെന്നറിയുന്ന, നമ്മളും പ്രപഞ്ചവും തമ്മിലെന്തെന്നറിയുന്ന ഒട്ടനേകം ശാസ്ത്രവഴി സഞ്ചാരങ്ങൾ ഒക്കെയും ഈ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെടുന്നു ! ഡിസംബർ 15 മുതൽ ജനുവരി അവസാനം വരെ തിരുവനന്തപുരം തോന്നക്കലിലെ ബയോ സയൻസ് പാർക്കിൽ. ലോകമൊട്ടാകെ നിന്നുള്ള വിദഗ്ധർ, ശാസ്ത്രജ്ഞർ, കലാകാർ, കാഴ്ചക്കാരൊക്കെ ഈ വലിയ പരിപാടിയുടെ ഭാഗമാകും. ലക്ഷക്കണക്കിനു മനുഷ്യർ സന്ദർശകരാകും. ലോകമാകെ നിന്നുള്ള വിവിധ ഏജൻസികൾ സഹകാരികളാകും.
ഏവർക്കും അണിചേരാം…. അറിയാം, ആസ്വദിക്കാം, ശാസ്ത്രത്തെ പുൽകാം. ആഘോഷിക്കാം! അതുവഴി അടിയുറച്ച ശാസ്ത്രീയ മനോവൃത്തിയിലൂന്നിയ പുതുസമൂഹം, നവകേരളം പടുക്കാം! എന്തെന്നോ? ശാസ്ത്രമാണഖിലസാരമൂഴിയിലും അതിനുമപ്പുറത്തും