ഡോ. സി.ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ പത്താംഭാഗം – ഗ്രീൻ ക്രഡിറ്റുമായും നഷ്ടപരിഹാര വനവത്കരണവുമായും ബന്ധപ്പെട്ടു വന്നിട്ടുള്ള പുതിയ ചർച്ചകൾ വിശകലനം ചെയ്യുന്നു
പാരിസ് ഉടമ്പടിയിലെ കക്ഷികളായ ഓരോ രാജ്യവും അവർ പ്രഖ്യാപിച്ച നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന് ദേശീയ കാലാവസ്ഥാ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുകയും അഞ്ചുവർഷം കൂടുമ്പോൾ പുതുക്കുകയും വേണം. ഇതാണ് ‘ദേശീയമായി നിശ്ചയിച്ച കാലാവസ്ഥാ നടപടികൾ’ (Nationally Determined Contributions, NDCs). ഇന്ത്യ 2015 ൽ സമർപ്പിച്ചിരുന്ന ദേശീയ കാലാവസ്ഥാ നടപടികൾ 2022 ഓഗസ്റ്റിൽ പുതുക്കി നൽകി. ഇതിൽ പുതുതായി ഉൾപ്പെടുത്തിയ ഒന്നാണ് 2021 ൽ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന COP 26 ൽ പ്രധാനമന്ത്രി നേരിട്ട് അവതരിപ്പിച്ച ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LIFE). ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ NDC യുടെ ഒന്നാമത്തെ ലക്ഷ്യത്തോടൊപ്പം കൂട്ടിചേർത്തു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തികളെയും സമൂഹത്തെയും സുസ്ഥിരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്നതാണ് LIFE ന്റെ ലക്ഷ്യം. LIFE ന്റെ പ്രവർത്തനം സുഗമമാക്കുന്നതിനാണ് ‘ഗ്രീൻ ക്രെഡിറ്റ്’ എന്ന ഒരു പുതിയ സംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഉദ്ദേശലക്ഷ്യങ്ങലൊക്കെ നന്നായിരുന്നു; പക്ഷേ, അതൊക്കെ പോയി വേറെഎന്തൊക്കെയോ ആയ പോലെയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ തോന്നുന്നത്! ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കുമ്പോൾ വ്യവസായികൾക്കും ഖനിമുതലാളിമാർക്കും രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ എളുപ്പത്തിൽ മറികടക്കാനുള്ള ഒരു മറയായി ഗ്രീൻ ക്രെഡിറ്റ് മാറി എന്ന വിമർശനം ശക്തമായി ഉയരുകയാണ്!
ഗ്രീൻ ക്രെഡിറ്റ്, ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ വേഗത്തിലാക്കാൻ!
‘ഗ്രീൻ ക്രെഡിറ്റ്’ എന്ന പുതിയ വിപണി അധിഷ്ഠിത സംവിധാനം ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’യുടെ(LIFE)പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുമെന്ന പ്രതീക്ഷയോടെ കൊണ്ടുവന്നതാണ്. അക്കാര്യം ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്റെ വിജ്ഞാപനത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്1.
ക്യോട്ടോ ഉടമ്പടി വഴി പ്രശസ്തമായ ‘കാർബൺ ക്രെഡിറ്റി’നെക്കാൾ മെച്ചമായ ഒന്ന് രീതിയിലാണ് ഇന്ത്യയിൽ ‘ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം’ കൊണ്ടുവരുന്നത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 2023 ലെ G20 ഉച്ചകോടിയിലെ പ്രസംഗത്തിന്റെ ഒരു ഭാഗം GCP (Green Credit Programme) വെബ് സൈറ്റിന്റെ ആദ്യ പേജിൽ തന്നെ ഉദ്ധരിച്ചിട്ടുണ്ട്2: “I have not been too comfortable with carbon credits system since it reflects ‘wrong doers penance’ in monetary terms. There is a need to develop a more positive approach. With this in mind, I exhorted my officials to develop the innovative scheme of green credits” (കാർബൺ ക്രെഡിറ്റ് സംവിധാനത്തിൽ എനിക്ക് അത്ര തൃപ്തിയില്ല, കാരണം അത് പണത്തിന്റെ അടിസ്ഥാനത്തിൽ ‘തെറ്റ് ചെയ്യുന്നവരുടെ പ്രായശ്ചിത്തം’ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ സുനിശ്ചിതമായ സമീപനം വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇത് കണക്കിലെടുത്താണ്, ഗ്രീൻ ക്രെഡിറ്റ് എന്ന നൂതന പദ്ധതി വികസിപ്പിക്കാൻ ഞാൻ എന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്). ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ‘പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം’ (MoEFCC) ‘ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം’ തയ്യാറാക്കുന്നത്.
ഗ്രീൻ ക്രെഡിറ്റുമായി ബന്ധപ്പെട്ട വിജ്ഞാപനം 2023 ഒക്ടോബർ 12-ന് ഇറങ്ങി 1. തുടർന്ന് 2023 നവംബറിൽ ദുബായിയിൽ വെച്ച് നടന്ന COP 28 ൽ ഇത് അവതരിപ്പിക്കപ്പെട്ടു. പക്ഷേ, വളരെ പ്രതീക്ഷകളോടെ കൊണ്ടുവന്ന ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല എന്നതാണ് ദു:ഖകരമായ വസ്തുത. ഇപ്പോഴും വിമർശനങ്ങളും സന്ദേഹങ്ങളും നിലനിൽക്കുന്നു. അതിനിടെ പാരിസ് ഉടമ്പടിയിലെ കാർബൺ ക്രെഡിറ്റ് സംവിധാനത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ 6 നടപ്പിലാക്കാൻ COP 29 ൽ തീരുമാനമായി. പക്ഷേ, ഗ്രീൻ ക്രെഡിറ്റ് അതിൽ ഉൾപ്പെടുകയില്ല! നമ്മുടെ പ്രധാനമന്ത്രി COP 29 ൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
എന്താണ് ഗ്രീൻ ക്രെഡിറ്റ്?
ക്യോട്ടോ ഉടമ്പടി കാലഘട്ടത്തിലുണ്ടായിരുന്ന കാർബൺ വിപണി സംവിധാനം, പാരിസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6 ൽ പറയുന്ന കാർബൺ ഓഫ്സെറ്റ് സംവിധാനം എന്നിവയിലൊക്കെ പറയുന്ന ‘കാർബൺ ക്രെഡിറ്റി’ൽ നിന്നും തികച്ചും വിഭിന്നമായ ഒന്നാണ് ‘ഗ്രീൻ ക്രെഡിറ്റ്’. പാരിസ്ഥിതിക പ്രവർത്തനങ്ങൾ സ്വമേധയാ നടത്തുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വിപണി അധിഷ്ഠിത സംവിധാനമാണ് ഗ്രീൻക്രെഡിറ്റ് പ്രോഗ്രാം (GCP). ചിലപ്പോൾ, ഇതുവഴി കാർബൺ ലഘൂകരണവും നടന്നേക്കും. പാരിസ്ഥിതിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രീൻ ക്രെഡിറ്റുകൾ സൃഷ്ടിക്കുകയും, അത് ആഭ്യന്തര വിപണി പ്ലാറ്റ്‌ഫോമിൽ വ്യാപാരം ചെയ്യാൻ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം നിയന്ത്രിക്കുന്നത് മൂന്ന് പ്രധാന തട്ടുകൾ ഉൾക്കൊള്ളുന്ന ഒരു ഘടനാപരമായ ചട്ടക്കൂടാണ്—സ്റ്റിയറിംഗ് കമ്മിറ്റി, ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ കമ്മിറ്റികൾ എന്നിവ. പ്രോഗ്രാമിന്റെ ഫലപ്രദമായ നിർവ്വഹണത്തിനും മേൽനോട്ടത്തിനും ഓരോ ഘടകങ്ങളും ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. ഓരോ ഘടകത്തിന്റെയും പങ്ക് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
‘ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷൻ (ICFRE)’ ആണ് ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ. ഗ്രീൻ ക്രെഡിറ്റുകളുടെ രജിസ്‌ട്രേഷൻ, വാങ്ങൽ, വിൽപന എന്നിവ സുഗമമാക്കുന്നതിന് അഡ്മിനിസ്ട്രേറ്ററായ ICFRE ഗ്രീൻ ക്രെഡിറ്റ് രജിസ്ട്രിയും ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കണം. പ്രോഗ്രാം നടപ്പിലാക്കൽ, മാനേജ്മെന്റ്, നിരീക്ഷണം, പ്രവർത്തനം എന്നിവയ്ക്കും ICFRE ഉത്തരവാദിയാണ്. GCP ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വെബ്‌സൈറ്റിൽ (https://www.moefcc-gcp.in/)രജിസ്റ്റർ ചെയ്തുകൊണ്ട് ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ഈ പ്രോഗ്രാമിൽ ഏർപ്പെടാം2.
ഗ്രീൻ ക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങൾ
ഘട്ടം ഘട്ടമായി, എട്ട് പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നാണ് 2023 ഒക്ടോബർ 12-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.
- വൃക്ഷങ്ങളുടെ തോട്ടം (tree plantation): രാജ്യത്തുടനീളം വനാവരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
- ജലപരിപാലനം (water management): ജലസംരക്ഷണം, ജലസംഭരണം, ജലഉപയോഗ കാര്യക്ഷമത, മലിനജലത്തിന്റെ ശുദ്ധീകരണവും പുനരുപയോഗവും ഉൾപ്പെടെ ജലം ലാഭിക്കാനുതാകുന്ന പ്രവർത്തികൾ
- സുസ്ഥിര കൃഷി (sustainable agriculture): സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉൽപാദനക്ഷമത, മണ്ണിന്റെ ആരോഗ്യം, ഭക്ഷ്യവിഭവങ്ങളുടെ പോഷകമൂല്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഭൂക്ഷമത പുനഃസ്ഥാപിക്കുന്നതിനും
- മാലിന്യ സംസ്കരണം (waste management): മാലിന്യ ശേഖരണം, അവയുടെ വേർതിരിക്കൽ, പാരിസ്ഥിതിക സൗഹാർദ്ദവും, സുസ്ഥിരവും, മെച്ചപ്പെട്ടതുമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്
- വായു മലിനീകരണം കുറയ്ക്കൽ (air pollution reduction): വായു മലിനീകരണവും മറ്റ് മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളും കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന്
- കണ്ടൽ സംരക്ഷണവും പുനരുദ്ധാരണവും (mangrove conservation and restoration): കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന്
- ഇക്കോമാർക്ക് ലേബൽ വികസനം (ecomark label development): ഉഭഭോഗ വസ്തുക്കളുടെ നിർമ്മാതാക്കളെ അവരുടെ ചരക്കുകൾക്കും സേവനങ്ങൾക്കും പരിസ്ഥിതി സൌഹ്രദമാണെന്ന് സൂചിപ്പിക്കുന്ന ഇക്കോമാർക്ക് ലേബൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്
- പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും (sustainable building and infrastructure): പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളും വസ്തുക്കളും ഉപയോഗിച്ച് കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്
മേൽപ്പറഞ്ഞ പ്രവർത്തനങ്ങളിൽ, വൃക്ഷങ്ങളുടെ തോട്ടം, ജലപരിപാലനം എന്നിവയ്ക്കുള്ള രീതിശാസ്ത്രമടങ്ങിയ കരട് വിജ്ഞാപനം 2023 ഒക്ടോബറിൽ തന്നെ പുറപ്പെടുവിച്ചു3,4. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOEFCC) 2024 ഫെബ്രുവരി 22-ന് വൃക്ഷങ്ങളുടെ തോട്ടം എന്ന പദ്ധതിയുടെ അന്തിമ രീതിശാസ്ത്രവും വിജ്ഞാപനം ചെയ്തു5. ജല പരിപാലനത്തിന്റെ അന്തിമ രീതിശാസ്ത്രം ഇനിയും ഇറങ്ങിയിട്ടില്ല. അതിനിടെ, സുസ്ഥിരകൃഷിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേങ്ങൾ ഇറങ്ങുകയുണ്ടായി6, പക്ഷേ വിജ്ഞാപനങ്ങൾ വന്നിട്ടില്ല. ഇക്കോമാർക്ക് ലേബൽ വികസനത്തിന് അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്7. മറ്റുള്ളവയുടെ കാര്യത്തിൽ ഒന്നുമായിട്ടില്ല, അതിനു ഇനിയും സമയമെടുക്കാനാണ് സാധ്യത. ഇവയെല്ലാത്തിനും കരട് വിജ്ഞാപനം ആദ്യം ഇറക്കുകയും പിന്നീട് അന്തിമ വിജ്ഞാപനവും വരണം.
വൃക്ഷങ്ങളുടെ തോട്ടം
മുകളിൽ പരാമർശിച്ച ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിലെ എട്ട് പ്രവർത്തനങ്ങളിൽ ‘വൃക്ഷങ്ങളുടെ തോട്ടം’ എന്ന ആദ്യ ഘടകം ആരംഭിച്ചു കഴിഞ്ഞു. ഇത് പ്രകാരം വൃക്ഷത്തൈ നടുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങളുടെ പ്രയോജനം പണമായി കൈമാറ്റം ചെയ്യപ്പെടും. ഗ്രീൻ ക്രെഡിറ്റുകൾ സൃഷ്ടിക്കുന്നതിന് മറ്റ് തരം ഭൂമിക്കൊപ്പം ‘തുറന്ന വനങ്ങളിലും കുറ്റിവനങ്ങളിലും’ (open forests and scrub lands) വലിയ തോതിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഈ രീതിശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നു.
വൃക്ഷത്തൈ നടീൽ അധിഷ്ഠിത ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്റെ നടപ്പാക്കൽ ഏജൻസി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനം വകുപ്പുകൾ/വന വികസന കോർപ്പറേഷനുകൾ ആയിരിക്കും. അനുയോജ്യമായ പ്ലാന്റേഷൻ ബ്ലോക്കുകൾ തിരിച്ചറിയുന്നതിനും സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത ഭൂമിയിലെ തോട്ടം പ്രവർത്തനങ്ങൾ തുടർന്നു നടപ്പിലാക്കുന്നതിനും വനം വകുപ്പ് ഉത്തരവാദിയാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനം വകുപ്പുകളുടെ കീഴിലുള്ള അധഃപതിച്ച വനഭൂമി തുണ്ടുകളിലാണ് (degraded forestland parcels)പ്രോഗ്രാം നടപ്പിലാക്കുക. സാന്ദ്രത, വലുപ്പം, ബാധ്യതകളുടെ അഭാവം എന്നിവ സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഭൂമിയാണ് വൃക്ഷത്തൈ നടുന്നതിന് തിരഞ്ഞെടുക്കുക.
സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ (NGOs), സ്വകാര്യ കമ്പനികൾ/ഓർഗനൈസേഷനുകൾ/സ്ഥാപനങ്ങൾ, മനുഷ്യസ്‌നേഹികൾ (philanthropists), സൊസൈറ്റി രജിസ്‌ട്രേഷൻ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ എന്നിവർക്ക് ഗ്രീൻ ക്രെഡിറ്റിന് അപേക്ഷിക്കാം. GCP പോർട്ടലിൽ ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. GCP പോർട്ടലിൽ രജിസ്റ്റർ ചെയ്ത പ്ലാന്റേഷൻ ബ്ലോക്കുകളിൽ നിന്ന് കുറഞ്ഞത് 5 ഹെക്ടർ പ്രദേശം തിരഞ്ഞെടുക്കണം. നിശ്ചയിച്ച പണമടച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ തോട്ടം പൂർത്തീകരിക്കുന്നത് വനം വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അവർ തന്നെ തോട്ടം പൂർത്തീകരണവും പുരോഗതി റിപ്പോർട്ടുകളും GCP പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. 10 വർഷത്തേക്ക് തോട്ടം പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തവും വനം വകുപ്പിനാണ്. തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ നട്ടുപിടിപ്പിച്ച ആകെ മരങ്ങളുടെ എണ്ണവും വനം വകുപ്പ് ഓൺലൈനായി സൃഷ്ടിച്ച തോട്ടം പൂർത്തീകരണ സർട്ടിഫിക്കറ്റും അടിസ്ഥാനമാക്കിയാണ് സ്ഥാപനത്തിന് ഗ്രീൻ ക്രഡിറ്റുകൾ ലഭിക്കുക.
ലക്ഷ്യങ്ങൾ മാറിമറിയുന്നു, പദ്ധതിയുടെ പേരു തന്നെ മാറ്റി!
വൃക്ഷത്തൈ നടീൽ എന്ന പരിപാടിയിലൂടെ ഗ്രീൻ ക്രെഡിറ്റുകൾ സൃഷ്ടിക്കുന്നതിനുള്ള അന്തിമ രീതിശാസ്ത്രം5, 2023 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കരട് പതിപ്പിൽ നിന്ന്3 വളരെയേറെ വിഭിന്നമാണ്. ഇത് വൻ വിമർശനങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. കരട് രീതിശാസ്ത്രത്തിൽ അപേക്ഷകൻ യഥാർത്ഥത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും 10 വർഷം വരെ തോട്ടത്തിന്റെ പരിപാലനം ഉറപ്പാക്കുകയും വേണമായിരുന്നു. ഈ കാലയളവിൽ പുരോഗതി അനുസരിച്ച് ക്രെഡിറ്റുകൾ ഇഷ്യൂ ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ, അപേക്ഷകർ മരങ്ങളുടെ അവസ്ഥ നിരീക്ഷിക്കുന്നതിന് പതിവായി സർക്കാരിന് പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണം. പക്ഷേ, മുകളിൽ സൂചിപ്പിച്ചതുപോലെ, അന്തിമ രീതിശാസ്ത്രം പ്രകാരം ആ ചുമതല വനം വകുപ്പിനാണ്. മാത്രമല്ല, അറ്റകുറ്റപ്പണികൾക്കോ റിപ്പോർട്ടിംഗിനോ അപേക്ഷകന് പ്രത്യേക ബാധ്യതകളൊന്നുമില്ല!
വിമർശനങ്ങളെ തണുപ്പിക്കാനാകും MoEFCC ചില അധിക നിർദേശങ്ങൾ, പ്രത്യേകിച്ച്, ചിലവ് കണക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ 12 ന് ഓഫീസ് മെമ്മോറാണ്ടമായി (F. No. HSM 12/24/2023-HSM (pt-2) Part (1) E-220847) ഇറക്കുകയുണ്ടായി8. ഇതിൽ ‘വൃക്ഷങ്ങളുടെ തോട്ടം’ എന്ന പദ്ധതിയുടെ പേര് തന്നെ മാറ്റി, ‘അധ:പതിച്ച കാടുകളുടെ പരിസ്ഥിതി പുനസ്ഥാപനം’ (Eco-restoration of degraded forests) എന്നാക്കി! ഈ വിജ്ഞാപനമനുസരിച്ച്, സംസ്ഥാന സർക്കാരുകൾ അവരുടെ ഭരണ നിയന്ത്രണത്തിലും മാനേജ്മെന്റിനും കീഴിലുമുള്ള തുറസ്സായ വനം, കുറ്റിവനങ്ങൾ, തരിശുഭൂമി, എന്നിവയുൾപ്പെടെയുള്ള ‘അധ:പതിച്ച ഭൂമി’ പരിസ്ഥിതി പുനസ്ഥാപനത്തിന് വേണ്ടി ലഭ്യമാക്കും. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ മരങ്ങൾ നടുന്നതിൽ മാത്രമായി മാത്രമായി പരിമിതപ്പെടുതേണ്ടതില്ല എന്നും പറഞ്ഞിട്ടുണ്ട്. വൃക്ഷങ്ങൾക്ക് പുറമെ, കുറ്റിച്ചെടികൾ, ഔഷധികൾ, പുല്ലുകൾ എന്നിവയുടെ നടീൽ, മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ, ടെറസുകൾ, മഴവെള്ള സംഭരണം, ആവശ്യമായ മറ്റ് നടപടികൾ എന്നിവയും ഉൾപ്പെടുത്താം. ആവശ്യമെങ്കിൽ വേലി കെട്ടി സംരക്ഷണവും നല്കാം. തദ്ദേശീയ ഇനങ്ങൾക്ക് മുൻഗണന നൽകണം. ഉയർന്ന ഗുണമേന്മയുള്ള തൈകൾ തന്നെ നടണം. പ്രദേശത്ത് സ്വാഭാവികമായി വളരുന്ന തൈകൾ നിലനിർത്തേണ്ടതുണ്ട്.
ഗ്രീൻ ക്രെഡിറ്റിന് വേണ്ടി അധ:പതിച്ച കാടുകളുടെ പരിസ്ഥിതി പുനസ്ഥാപനം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ, അഡ്മിനിസ്ട്രേറ്റർ മുകളിൽ വിവരിച്ച പ്രകാരം ഭൂമി തിരിച്ചറിഞ്ഞ് അപേക്ഷകനെ അറിയിക്കുകയും ഗ്രീൻ ക്രെഡിറ്റ് സൃഷ്ടിക്കുന്നതിനായി വൃക്ഷത്തൈ നടീൽ ഏറ്റെടുക്കുന്നതിനുള്ള ഒരു നിർദ്ദേശം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. നിർദ്ദേശം ലഭിക്കുമ്പോൾ, അഡ്മിനിസ്ട്രേറ്റർ ഒരു ഡിമാൻഡ് നോട്ട് തയ്യാറാക്കി അപേക്ഷകന് നൽകണം. അതിൻ പ്രകാരം, മരം നടുന്നതിനുള്ള ചെലവും അഡ്മിനിസ്ട്രേറ്റീവ് ചെലവുകളും ഒരു നിശ്ചിത കാലയളവിനുള്ളിൽ നൽകണം. തുക അടയ്‌ക്കുമ്പോൾ, മാനേജ്‌മെന്റ് പ്ലാനിനോ വർക്കിംഗ് പ്ലാനിനോ അനുസൃതമായി മരം നട്ടുപിടിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ വനം വകുപ്പിനോട് നിർദ്ദേശിക്കുകയും പണമടച്ച തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും. വൃക്ഷത്തൈ നടീൽ പൂർത്തിയാകുമ്പോൾ, വനംവകുപ്പ് ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും അപേക്ഷകന് മരം നട്ട് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. റിപ്പോർട്ട് ലഭിച്ച ശേഷം, വൃക്ഷത്തൈ നടീൽ പ്രവർത്തനത്തിന്റെ വിലയിരുത്തലിനും പരിശോധനയ്ക്കും ശേഷം, നിയുക്ത ഭൂമിയിൽ നട്ടുപിടിപ്പിച്ച മൊത്തം മരങ്ങളുടെ എണ്ണത്തിന്റേയും വൃക്ഷത്തൈ നടീൽ പൂർത്തിയാക്കിയതിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് ഗ്രീൻ ക്രെഡിറ്റ് നൽകുകയും ചെയ്യും.
മരങ്ങളുടെ എണ്ണം പ്രാദേശിക കാലാവസ്ഥ, മണ്ണിന്റെ അവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി, ഒരു ഹെക്ടറിന് 1100 മരങ്ങൾ എന്ന സാന്ദ്രത വരെയാകാം (3 മി X 3 മി അകലം പാലിക്കുമ്പോൾ). പ്രദേശത്തിന്റെയും വൃക്ഷ സ്പീഷിസിന്റെയും തരം അനുസരിച്ച് അകലത്തിൽ വ്യത്യാസം വരും, 1100 എന്നതിൽ മാറ്റം വരികയും ചെയ്യും. ഒരു മരത്തിന് ഒരു ഗ്രീൻ ക്രെഡിറ്റ് എന്ന നിരക്കിലാണ് കണക്കാക്കുക.
2024 ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്ത 28,197 ഹെക്ടർ ഭൂമി 1098 ബ്ലോക്കുകളിലായി പരിസ്ഥിതി പുനസ്ഥാപനത്തിന് ലഭ്യമാണെന്ന് സർക്കാർ സജ്ജീകരിച്ച ഗ്രീൻ ക്രെഡിറ്റ് വെബ്‌സൈറ്റ് പറയുന്നു2. ഇതിൽ 881 ബ്ലോക്കുകളിലായി 23,686 ഹെക്ടർ ഇക്കോ റിസ്റ്റോറേഷനുവേണ്ടി ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് (IOC) ഏറ്റവുമധികം സ്ഥലത്ത് പ്രൊജെക്റ്റ് ചെയ്യാൻ തയ്യാറായിട്ടുള്ളത്, 11,890 ഹെക്ടർ. രണ്ടാമൻ പവർഗ്രിഡ് കോർപറേഷനും (4372 ഹെ), മൂന്നാമൻ NTPC യുമാണ് (1853 ഹെ). ഇവയെല്ലാം പുതിയ ഭൂമിയല്ല, സർക്കാർ വനം വകുപ്പുകളുടെ കൈവശമുള്ള ‘അധഃപതിച്ച വനഭൂമി തുണ്ടു’കളാണ്(degraded forestland parcels) എന്ന കാര്യം പ്രത്യേകം ഓർക്കണം.
നഷ്ടപരിഹാര വനവൽക്കരണം കുഴപ്പത്തിൽ!
ചില പ്രത്യേക സാഹചര്യങ്ങളിൽ വനേതര ആവശ്യങ്ങൾക്കായി വനഭൂമി വഴിതിരിച്ചുവിടേണ്ടി വരും. അപ്പോഴാണ് ‘നഷ്ടപരിഹാര വനവൽക്കരണം’ (compensatory afforestation) ആവശ്യമാകുന്നത്. ‘നഷ്ടപരിഹാര വനവൽക്കരണം’ എങ്ങിനെയാണ് നമ്മുടെ രാജ്യത്ത് നടപ്പിലാകുന്നതെന്ന് നോക്കാം.
ഓരോ തവണയും ഖനനം (കൽക്കരി, ഇരുമ്പയിർ പോലുള്ളവ), വ്യവസായം, റോഡുകൾ, അണക്കെട്ട് എന്നിങ്ങനെയുള്ള ഒഴിവാക്കാൻ പറ്റാത്ത വനേതര ആവശ്യങ്ങൾക്കായി വനഭൂമി വഴിതിരിച്ചുവിടുമ്പോൾ, വനം മുമ്പ് ചെയ്തിരുന്ന ആവാസവ്യവസ്ഥാ സേവനങ്ങൾ നഷ്ടമാകുന്നു. ഇതിന് ബദലായാണ് ‘നഷ്ടപരിഹാര വനവൽക്കരണം’ (compensatory afforestation) എന്ന പദ്ധതി കൊണ്ടുവരുന്നത്. വനഭൂമിയിലെ മരങ്ങൾ വനേതര അവശ്യങ്ങൾക്ക് വേണ്ടി വെട്ടിമാറ്റുമ്പോൾ പ്രസ്തുത വനഭൂമിയുടെ തുല്യ വിസ്തൃതിയിൽ വനങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തൽപ്പര ഏജൻസി ചിലവ് വഹിക്കണം, അല്ലെങ്കിൽ അത്തരം ഭൂമി തീർത്തും ലഭ്യമല്ലാതെ വരുമ്പോൾ, നശിപ്പിച്ച വനഭൂമിയുടെ രണ്ട് മടങ്ങ് ആവാസ പുനസ്ഥാപനം ഏറ്റെടുക്കണം. നഷ്ടപരിഹാര വനവൽക്കരണ ഫണ്ട് ചട്ടങ്ങൾ (The Compensatory Afforestation Fund (CAF Act), 2016 and Rules, 2018) CAMPA (Compensatory Afforestation Fund Management and Planning Authority) എന്നിവയൊക്കെ ഈ പ്രവർത്തനങ്ങൾക്ക് വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
വികസന പദ്ധതികൾക്ക് വനമേഖല ഏറ്റെടുക്കേണ്ടത് അത്യാവശ്യമാകുമ്പോൾ, പൊതുമേഖല ഉൾപ്പെടെയുള്ള സംരംഭകർ ‘നഷ്ടപരിഹാര വനവൽക്കരണം’ ഏറ്റെടുത്താൽ മാത്രമേ അനുമതി ലഭിക്കൂ. മരംവെട്ടി തെളിക്കുന്ന കാടുകളുടെ നിലവിലെ മൊത്തം മൂല്യം (Net Present Valu, NPV) അടിസ്ഥാനമാക്കിയാണ് ചിലവ് കണക്കാക്കുക. ഒരു വിദഗ്ധ സമിതിയാണ് അറ്റ മൊത്തം മൂല്യം കണക്കാക്കുന്നത്, അത് വഴിതിരിച്ചുവിടുന്ന വനങ്ങളുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാണ് ചെയ്യുക. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുന്നത്. CAMPA ആണ് പണം കൈകാര്യം ചെയ്യുന്നത്. വൃഷ്ടിപ്രദേശങ്ങളുടെ പരിസ്ഥിതി വികസനം, പ്രകൃതി സംരക്ഷണം, വനപരിപാലനം, വന്യജീവി സംരക്ഷണം, സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ നിയന്ത്രിക്കൽ, പരിശീലനവും ബോധവൽക്കരണവും, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കും ഈ CAMPA ഫണ്ട് ഉപയോഗിക്കാം.
നഷ്ടപരിഹാര വനവൽക്കരണത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഗ്രീൻ ക്രെഡിറ്റ് ചട്ടങ്ങൾ അനുസരിച്ചുണ്ടാകുന്ന ക്രെഡിറ്റുകൾ കൈമാറ്റം ചെയ്യാവുന്നതാണ് എന്ന് അസന്നിഗ്ധമായി വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്3. ഇതോടെ ഗ്രീൻ ക്രെഡിറ്റ് പദ്ധതിയുടെ യഥാർഥ ലക്ഷ്യമെന്താണ് എന്ന സംശയത്തിലാണ് വിദഗ്ദർ! ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ അവഗണിച്ചു കൊണ്ട് നഷ്ടപരിഹാര വനവൽക്കരണത്തിൽ വെള്ളം ചേർക്കുന്നത്തിലേക്ക് മാത്രമായി ലക്ഷ്യം ചുരുങ്ങി പോയിരിക്കുന്നു എന്നതാണ് വസ്തുത! കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം (Corporate social responsibility, CSR), പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണം (Environmental. Social, and Governance, ESG) എന്നിവയ്ക്ക് കീഴിലുള്ള ബാധ്യതകൾ നിറവേറ്റുന്നതിന് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഈ ഗ്രീൻ ക്രെഡിറ്റുകൾ വാങ്ങാമെന്നും പറഞ്ഞിട്ടുണ്ട്.
നിലവിലുള്ള നഷ്ട പരിഹാര വനവൽക്കരണ നിയമം പ്രകാരം, വനഭൂമിയുടെ ഏതെങ്കിലും തരം മറ്റത്തിന് അതേ വലുപ്പത്തിലുള്ള ഭൂമിയിൽ വനവൽക്കരണത്തിനുള്ള നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. പക്ഷേ, പുതിയ ഗ്രീൻ ക്രെഡിറ്റ് നയമനുസരിച്ച്, ഗ്രീൻ ക്രെഡിറ്റുകൾ വാങ്ങുന്നതിലൂടെ അത്തരം വനനശീകരണം നികത്താനാകും, പകരം കമ്പനികൾ ഭൂമി നൽകേണ്ടതില്ല! അതായത്, നിലവിലുള്ള നിയമപ്രകാരമുള്ള പാരിസ്ഥിതിക ബാധ്യതകൾ നിറവേറ്റുന്നതിനെക്കാൾ ഗ്രീൻ ക്രെഡിറ്റ് പദ്ധതി വഴി പാരിസ്ഥിതിക അനുമതികൾ നേടുന്നത് കോർപ്പറേഷനുകൾക്കും കമ്പനികൾക്കും എളുപ്പമാകും!
രാജ്യത്തെ വിരമിച്ച 91 സിവിൽ സർവീസ് ഉദ്യോഗസ്ഥർ (കേരള കേഡറിലെ റിട്ട IFS ഓഫീസർ പ്രകൃതി ശ്രീവാസ്തവ ഉൾപ്പെടെ) 2024 മാർച്ച് 19 ന് MoEFCC യ്ക്ക് എഴുതിയ ഒരു തുറന്ന കത്തിൽ, ഈ പദ്ധതിയെ ‘അശാസ്ത്രീയം’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി 9. അവരുടെ അഭിപ്രായത്തിൽ, നമ്മുടെ രാജ്യത്ത് ഇതിനകം ഏറ്റെടുത്തിട്ടുള്ള നഷ്ടപരിഹാര വനവൽക്കരണ തോട്ടങ്ങളുടെ (Compensatory Afforestation Plantations) വിജയ നിരക്ക് സംശയാസ്പദമാണ്. എന്തുതന്നെയായാലും, ഇത്തരം വനവൽക്കരണ പരിപാടികൾക്കായി സർക്കാരിന് വൻതോതിൽ ചെലവഴിക്കാത്ത CAMPA ഫണ്ടുണ്ട്. ഇത് കൂടാതെ സ്വകാര്യ ഏജൻസികളിൽ നിന്നും കൂടുതൽ നിക്ഷേപം ആവശ്യമില്ല. തകർച്ചയിലായ വനഭൂമിയെ വെറുതെ സംരക്ഷിച്ച് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ സാധിക്കും. ‘അധ:പതിച്ച വനഭൂമി’ എന്നതിന്റെ നിർവചനവും എതിർപ്പിന് കാരണമായിട്ടുണ്ട്.
വൃക്ഷങ്ങളുടെ നടീലുമായി ബന്ധപ്പെട്ട ഗ്രീൻ ക്രെഡിറ്റ് പദ്ധതി ‘മെച്ചപ്പെട്ടത്’ എന്ന് തോന്നിപ്പിക്കുന്ന, നിലവിലുള്ള പ്രാഥമിക വനങ്ങളുടെ നാശത്തിന് പ്രേരണ നൽകുന്ന, ‘ഗ്രീൻവാഷ്’ മാത്രമാണ് എന്നാണ് പ്രകൃതി ശ്രീവാസ്തവയും ബിന്ദ്രയും അഭിപ്രായപ്പെടുന്നത്! (10) വനങ്ങളുടെ സംരക്ഷണത്തിനുപകരം ധനസമ്പാദനത്തിലേക്കും വ്യാപാരത്തിലേക്കും നീങ്ങുന്നതിന്റെ സൂചനയാണിത്. ‘ഭൂമിക്ക് പകരം ഭൂമി’, അല്ലെങ്കിൽ ‘വൃക്ഷത്തിന് പകരം വൃക്ഷം’ എന്ന തത്വത്തിൽ നിന്ന് ‘വനഭൂമിക്ക് പകരം പണം’ എന്നതിലേക്കുള്ള മാറ്റം! പാരിസ്ഥിതിക ബാധ്യതകൾ നിറവേറ്റുന്നതിനും സ്വമേധയാ ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും കോർപ്പറേഷനുകളെ നിർബന്ധിതമാക്കുന്നതിന് പകരം, ഗ്രീൻ ക്രെഡിറ്റ് നിയമങ്ങൾ വികസന പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നേടുന്നത് എളുപ്പമാക്കും എന്നതാണ് പ്രധാന ആശങ്ക. മാത്രമല്ല, അവരുടെ അഭിപ്രായത്തിൽ, ഗ്രീൻ ക്രെഡിറ്റ് നിയമങ്ങൾ പ്രകാരം വനഭൂമി കണ്ടെത്തുന്ന രീതി 12/12/1996 ലെ സുപ്രീം കോടതിയുടെ WP202/96 സുപ്രധാന ഉത്തരവിന് വിരുദ്ധമാണ്(ഗോദവർമ്മൻ ഉത്തരവ് എന്ന് അറിയപ്പെടുന്നത്); അത് വനം എന്ന പേരിലുള്ള എല്ലാ ഭൂമിയും സംരക്ഷിക്കപ്പെടണമെന്ന് വിഭാവനം ചെയ്യുന്നു. ഇത്തരം ഭൂമി, അധഃപതിച്ച വനഭൂമിയാണെങ്കിലും ഗ്രീൻ ക്രെഡിറ്റുകൾ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കാൻ കഴിയില്ല. കാരണം അത് വനഭൂമിയെ വനേതര ഭൂമിയായി കണക്കാക്കുന്നതിന് തുല്യമാണ്.
അതുപോലെ തന്നെ, പദ്ധതിയുടെ പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ചും നിയമപരമായ വിടവുകളെക്കുറിച്ചും ആക്ഷേപങ്ങളുണ്ട്. വ്യക്തികൾ, സഹകരണ സ്ഥാപനങ്ങൾ, ചെറുകിട കർഷകർ എന്നിവരുടെ സംഭാവനകൾക്ക് ഊന്നൽ നൽകുന്ന കരട് വിജ്ഞാപനത്തിൽ3 ഉൾപ്പെടുത്തിയിട്ടുള്ള നിരവധി വിശദാംശങ്ങൾ അന്തിമ രീതിശാസ്ത്രം5 ഉപേക്ഷിക്കുന്നു. വൃക്ഷതൈകളുടെ നിലനിൽപ്പും അവയുടെ മൂപ്പിന്റെ തെളിവുകളും അനുസരിച്ച് 10 വർഷത്തിനുള്ളിൽ ക്രമാനുഗതമായി ക്രെഡിറ്റുകൾ നൽകണമെന്നാണ് ഡ്രാഫ്റ്റ് നിർദ്ദേശിച്ചിരുന്നത്. ഒരു ഹെക്ടറിൽ നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ ഏറ്റവും കുറഞ്ഞ എണ്ണം 100, പരമാവധി 1000 എന്നിങ്ങനെയും നിർദ്ദേശിച്ചു. നട്ടുപിടിപ്പിക്കുന്നതിന് ഉത്തമമായ വൃക്ഷങ്ങളുടെ പേരുവിവരമടക്കം ഡ്രാഫ്റ്റ് മെത്തഡോളജി പരിഗണിച്ചു. പക്ഷേ, ഈ വിശദാംശങ്ങളൊന്നും അന്തിമ പതിപ്പിൽ എത്തിയില്ല!
ഗ്രീൻ ക്രെഡിറ്റിന്റെ ഭാവി
അന്താരാഷ്ട്ര തലത്തിൽ, കാർബൺ ക്രെഡിറ്റിന് പകരമായി ഗ്രീൻ ക്രെഡിറ്റിനെ ഉയർത്തിക്കൊണ്ട് വരാൻ ഇന്ത്യ ശ്രമിച്ചിരുന്നു. 2023 ഡിസംബർ 1-ന് ദുബായിൽ നടന്ന COP-28-ൽ ‘ഗ്രീൻ ക്രെഡിറ്റ്സ് പ്രോഗ്രാം’ എന്ന വിഷയത്തിൽ ഇന്ത്യയും യു.എ.ഇ. യും ചേർന്ന് ഒരു ഉന്നതതല പരിപാടി സംഘടിപ്പിക്കുകയും, ഗ്ലോബൽ ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവ് (Global Green Credit Initiative, GGCI) സമാരംഭിക്കുകയും ചെയ്തു. ഈ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയങ്ങളുടെയും മികച്ച സമ്പ്രദായങ്ങളുടെയും ശേഖരമായി വർത്തിക്കുന്ന ഒരു വെബ് പ്ലാറ്റ്‌ഫോമും തുടങ്ങി (https://ggci-world.in/) 11. കാർബൺ പുറന്തള്ളലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത സമീപനം മാറ്റി, വിശാലമായ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം. പക്ഷേ, ഒരു വർഷത്തിന് ശേഷവും, വെബ് പ്ലാറ്റ്ഫോം തുടങ്ങിയതൊഴിച്ചാൽ കാര്യമായ പുരോഗതിയൊന്നും കാണുന്നില്ല.
‘പരിസ്ഥിക്കുള്ള ജീവിതശൈലി’ (LIFE) എന്ന പ്രചാരണം സുഗമമാക്കുക എന്ന പൊതുവായ ലക്ഷ്യവുമായാണ് ഗ്രീൻ ക്രഡിറ്റ് കൊണ്ടുവരുന്നത്. വിവിധ മേഖലകളിൽ, സ്വമേധയാ ഉള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന വിപണി അധിഷ്ഠിത സംവിധാനമാണ് ഗ്രീൻ ക്രഡിറ്റ് പദ്ധതിയെന്നും കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് വ്യവസായങ്ങളെയും, കമ്പനികളെയും, മറ്റ് സ്ഥാപനങ്ങളെയും അവരുടെ നിലവിലുള്ള ബാധ്യതകൾ നിറവേറ്റാൻ പ്രോത്സാഹിപ്പിക്കുകയും, അതേസമയം മറ്റ് വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വമേധയാ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പരമമായ ലക്ഷ്യമെന്ന് പറയുന്നു. പക്ഷേ, പദ്ധതികളുടെ വികാസ പരിണാമങ്ങൾ ശ്രദ്ധിക്കുന്ന ആർക്കും ഇക്കാര്യങ്ങളിൽ ഉത്കണ്ഠയുണ്ടാകും. ‘വൃക്ഷങ്ങളുടെ തോട്ടം’ എന്ന ഒരു ഗ്രീൻ ക്രഡിറ്റ് പദ്ധതിയുടെ കാര്യം മാത്രമാണ് നമ്മളിവിടെ ചർച്ച ചെയ്തത്. ബാക്കിയുള്ളവ വരാനിരിക്കുന്നതെയുള്ളൂ. എന്തായലും, ഇതിനകം ചർച്ച ചെയ്തത്പോലെ, മാർക്കറ്റ് ശക്തികൾക്ക് പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയുമുൾപ്പെടെയുള്ള ലക്ഷ്യങ്ങളെ എത്രത്തോളം പിന്തുണയ്ക്കാൻ കഴിയുമെന്നതിനെക്കുറിച്ച് പരക്കെ ആശങ്കയുണ്ട്.
References
- MoEFCC [Ministry of Environment, Forest, and Climate Change] 2023. Green Credit Rules, 2023. >>>
- MoEFCC [Ministry of Environment, Forest, and Climate Change] 2024. Green Credit Programme Website. >>>
- MeEFCC [Ministry of Environment, Forest, and Climate Change] 2023. Draft Methodology for Tree Plantation based Green Credit. >>>
- MeEFCC [Ministry of Environment, Forest, and Climate Change] 2023. Draft Methodology for Water Harvesting based Green Credit. >>>
- MoEFCC [Ministry of Environment, Forest, and Climate Change] 2024. Methodology for calculation of green credit in respect of tree plantation. >>>
- MoAFW [Ministry of Agriculture and Farmers Welfare] 2024. Framework for Voluntary Carbon Market In Agriculture Sector. MoAFW, Govt. of India, New Delhi, 42p.>>>
- MoEFCC [Ministry of Environment, Forest, and Climate Change] 2024. Ecomark Rules, 2024. >>>
- MeEFCC [Ministry of Environment, Forest, and Climate Change] 2024. Guidelines for Cost Estimates (F. No. HSM 12/24/2023-HSM (pt-2) Part (1) E-220847 dated on April 12, 2024) GCP. >>>
- CCG (Constitutional Conduct Group) 2024. CCG Open letter to Union Minister for Environment, Forests & Climate Change on Green Credits. >>>
- Srivastava, P. and Bindra, P.S. 2024. Green Credit Programme: Greenwashing the Destruction of Forests. Sanctuary Nature Foundation >>>
- GGCI [Global Green Credit Initiative] 2023. GGCI home page. >>>
CLIMATE DIALOGUE
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും