Read Time:12 Minute

ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ജിഎം കടുകും അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ജി എം വിളകളെ പറ്റി നമ്മൾ ഒട്ടനേകം കേട്ടിട്ടുള്ളതും രണ്ടു പതിറ്റാണ്ടായി നമ്മുടെ രാജ്യത്ത് അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതുമാണ്. ജി എം വിളകൾ എന്നാൽ ജനിതകമാറ്റം വരുത്തിയ വിളകൾ എന്ന സാമാന്യ അർത്ഥത്തിൽ ആണ് പ്രതിപാദിക്കുന്നത്.

എന്താണ് ജി എം ഭക്ഷ്യവിളകൾ?

ചെടികളുടെ ഡി എൻ. എയിൽ ജനിതക സാങ്കേതിക വിദ്യ  വഴി മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഭക്ഷ്യവിളകളെയാണ് ജി എം വിളകൾ എന്ന് പറയുന്നത്. സസ്യങ്ങൾക്ക് രോഗം ഉണ്ടാക്കുന്ന രോഗകാരികളിൽ നിന്നും മറ്റു സസ്യനാശകങ്ങളിൽ നിന്നും രക്ഷനേടാനുള്ള സ്വയം പ്രതിരോധം ഉണ്ടാക്കുക, സസ്യ ഭക്ഷ്യ  ഉൽപ്പന്നങ്ങളിൽ നമുക്കാവശ്യമുള്ള   പോഷകമൂല്യമുയർത്തുക,  കൂടുതൽ വിളവ് ഉണ്ടാക്കുക എന്നിവയാണ് ജി എം വിളകൾ ഉണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ജനിതകമാറ്റം വരുത്തിയ ആദ്യ ഭക്ഷ്യവിളയാണ് ജി എം കടുക്. ഇത് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്രസർക്കാർ നിയോഗിച്ചവിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചു എന്നതാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നത്.

എന്താണ് ജി എം കടുക്?

രണ്ടു വ്യത്യസ്ത കടുകിനങ്ങളെ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്തതാണ് ജി എം കടുക്. ജനിതകമാറ്റം വരുത്തിയ ഇന്ത്യൻ കടുകിനം വരുണയും കിഴക്കൻ യൂറോപ്പ്യൻ ഇനമായ ഏർ ലിഹിരെയും തമ്മിൽ സങ്കരണം നടത്തിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് 2  അഥവാ ഡി എം എച്ച് (DMH-11) എന്ന പേരിലാണ് ഇത് വിപണിയിൽ എത്തിക്കുക. ഉത്തരേന്ത്യയിലെ പ്രധാന എണ്ണവിളയാണ് കടുക്.

പ്രധാനമായും സ്വയം പരാഗണം നടക്കുന്ന വിളയാണ് കടുക്, അതിനാൽ തന്നെ ഇതിൻറെ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല. 1990ല്‍ ബെൽജിയത്തിലെ ശാസ്ത്രജ്ഞർ മണ്ണിൽ കാണപ്പെടുന്ന Bacillus amyloliquefaciens ബാക്ടീരിയയിൽ നിന്നും വേർതിരിച്ചെടുത്ത രണ്ട് ജീനുകൾ ഉപയോഗിച്ച് കടുകിന്റെ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുക്കാം എന്ന് കണ്ടെത്തുകയുണ്ടായി.  ഇവയിൽ ബാർണേസ് , ബാർസ്റ്റാർ എന്നീ ജീനുകൾ ഉപയോഗിച്ചാണ് ജി എം കടുക് വികസിപ്പിച്ചെടുത്തത്. മാതൃനിരയായി ഉപയോഗിച്ച വരുണയിൽ ആൺ സസ്യത്തിന്റെ പ്രത്യുല്പാദനം തടയുന്ന ബാർണേസ് (barnase) ജീനും പിതൃനിരയായി ഉപയോഗിച്ച ഇഎച്ച് ഇനത്തിൽ ആൺ സസ്യത്തിന്റെ പ്രത്യുൽപാദനശേഷി വീണ്ടെടുക്കുന്ന ബാർസ്റ്റാർ (barstar) ജീനും കൂട്ടിച്ചേർത്തിരിക്കുന്നു. ഈ രണ്ടിനങ്ങളിലും ബാർ (bar) എന്ന മൂന്നാമതൊരു ജീൻ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. കൂട്ടിച്ചേർക്കപ്പെട്ട ബാർണേസ് ജീനും ബാർസ്റ്റാർ ജീനും എവിടെയാണെന്ന് കാണിക്കുന്ന മാർക്കർ ജീനായിട്ടാണ് ബാർ ജീൻ ഉപയോഗിച്ചിട്ടുള്ളത്.

ഗ്ലുഫോസിനേറ്റ് എന്ന കളനാശിനിയെ പ്രതിരോധിക്കുന്ന  ജീനാണ്  ബാർ ജീൻ.  ഒരു മാർക്കർ മാത്രമായിട്ടാണ്  ബാർ ജീൻ ഉപയോഗിച്ചിരിക്കുന്നത് എങ്കിലും  പ്രതിരോധശേഷി പകർന്നിരിക്കുന്നതിനാൽ  ഈ കളനാശിനിക്ക് എതിരെ  ജി എം കടുകിന് പ്രതിരോധമുണ്ട്. ഇന്ത്യൻ കടുകിനങ്ങളും കിഴക്കൻ യൂറോപ്പ്യൻ ഇനങ്ങളും തമ്മിൽ സങ്കരണം നടത്തി വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളിൽ ഉൽപാദനം കൂടുതലായിരിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. 2002 ലാണ് ഡിഎംഎച്ച് 2 വികസിപ്പിച്ചെടുത്തത്.  2008 മുതൽ ഇതിന്റെ ജൈവ സുരക്ഷാ പഠനം ആരംഭിച്ചിരുന്നു. ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസിലർ ദീപക് കുമാർ പെൻഡാലും  സംഘവുമാണ് ഇത് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

ദീപക് കുമാർ പെൻഡാ

ജനിതകമാറ്റം വരുത്തിയ വിളകളും അവയുടെ സുരക്ഷിതത്വവും എന്നും വിവാദത്തിലാണ്. 2002 ലാണ് ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്ക് അനുമതി നൽകിയത്. അന്നുമുതൽ അതിൻറെ ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെ പറ്റിയും ശാസ്ത്രസമൂഹവും പൊതുജനങ്ങളും ചർച്ചചെയ്യുന്നുണ്ട്.  2002 ൽ വികസിപ്പിച്ചെടുത്ത ഡി എം എച്ച് 2 ന്റെ ജൈവ സുരക്ഷാ പഠനം 2008 ൽ ആരംഭിച്ചു , എങ്കിലും  വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയത് 2022ലാണ്. അതിനിടയിൽ ഒട്ടേറെ ജി എം വിളകൾ പരീക്ഷിച്ചും പഠനം നടത്തിയും വികസിപ്പിച്ചു എങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല. 

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത, ജനിതകമാറ്റം വരുത്തി വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി ലഭിച്ച ആദ്യ ഭക്ഷ്യവിളയാണ് ജിഎം കടുക്.

ഇന്ത്യയിലെ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകളുടെ പരീക്ഷണത്തിന്റെ നാൾവഴികൾ:

ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്ക് ഇന്ത്യ അംഗീകാരം നൽകി

2002

ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്ക് ഇന്ത്യ അംഗീകാരം നൽകി

ജനിതകമാറ്റം വരുത്തിയ പരുത്തിയിനം ബോൾഗാർഡ് രണ്ടിന് അനുമതി

2006

ജനിതകമാറ്റം വരുത്തിയ പരുത്തിയിനം ബോൾഗാർഡ് രണ്ടിന് അനുമതി

വഴുതനയുടെ പരീക്ഷണ കൃഷി കേന്ദ്രം തടഞ്ഞു

2010

വഴുതനയുടെ പരീക്ഷണ കൃഷി കേന്ദ്രം തടഞ്ഞു

ഇത്തരത്തിലുള്ള എല്ലാ വിളകളുടെയും പരീക്ഷണ കൃഷി തടയാൻ പാർലമെൻററി കാര്യ സമിതി ശുപാർശ

2012

ഇത്തരത്തിലുള്ള എല്ലാ വിളകളുടെയും പരീക്ഷണ കൃഷി തടയാൻ പാർലമെൻററി കാര്യ സമിതി ശുപാർശ

ജനിതകമാറ്റം വരുത്തിയ എല്ലാ വിളകൾക്കും സുപ്രീംകോടതി നിയോഗിച്ച സമിതി പത്തു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു

2013

ജനിതകമാറ്റം വരുത്തിയ എല്ലാ വിളകൾക്കും സുപ്രീംകോടതി നിയോഗിച്ച സമിതി പത്തു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു

ഇത്തരത്തിലുള്ള 11 വിളകളുടെ കൃഷി പരീക്ഷണങ്ങൾക്ക് ജി ഈ എ സി അനുമതി നൽകി

2014

ഇത്തരത്തിലുള്ള 11 വിളകളുടെ കൃഷി പരീക്ഷണങ്ങൾക്ക് ജി ഈ എ സി അനുമതി നൽകി

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷി പരീക്ഷണങ്ങൾക്ക് ജി ഇ എ സി അനുമതി നൽകിയെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു.  പരുത്തിയിൽ കൂടുതൽ സമാന പരീക്ഷണങ്ങൾ നടത്താനുള്ള അപേക്ഷ അഗ്രോ കെമിക്കൽ കമ്പനിയായ മോൻ സാന്റോ പിൻവലിച്ചു.

2018

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷി പരീക്ഷണങ്ങൾക്ക് ജി ഇ എ സി അനുമതി നൽകിയെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു.  പരുത്തിയിൽ കൂടുതൽ സമാന പരീക്ഷണങ്ങൾ നടത്താനുള്ള അപേക്ഷ അഗ്രോ കെമിക്കൽ കമ്പനിയായ മോൻ സാന്റോ പിൻവലിച്ചു.

ജനിതക മാറ്റം വരുത്തിയ  കടുക് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അനുമതി.

2022

ജനിതക മാറ്റം വരുത്തിയ  കടുക് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അനുമതി.

എന്താണ് ജി.ഇ.എ.സി. ?

ജി.ഇ.എ.സി. എന്നാൽ ജനറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റി.  പരിസ്ഥിതി-വന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജി ഇ എ സി ആണ് ഇന്ത്യയിൽ ജനിതക എൻജിനീയറിങ് വഴി മാറ്റങ്ങൾ വരുത്തിയ ഉൽപ്പന്നങ്ങൾക്ക് അനുമതി നൽകുന്നത്. ജനിതക മാറ്റം വരുത്തിയഗവേഷണത്തിന്റെ സാധുതയെ കുറിച്ചും പൊതുസേവനങ്ങൾക്കായി ജനിതകമാറ്റം വരുത്തിയ ജീവികളെ അവതരിപ്പിക്കുന്നതിന്റെ സുരക്ഷയെ കുറിച്ചും തീരുമാനങ്ങൾ എടുക്കുന്നത് ജി.ഇ.എ.സി. ആണ്.

ജി.എം. കടുകിന്റെ ഗുണങ്ങൾ

ഡി .എം.എച്ച്. 2 മറ്റു കടുകിനങ്ങളേക്കാൾ 25 മുതൽ 30 ശതമാനം വരെ അധിക വിളവ് നൽകുമെന്നാണ്  ഇത് വികസിപ്പിച്ചെടുക്കാൻ  നേതൃത്വം നൽകിയ  ഡൽഹി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും അറിയപ്പെടുന്ന ജനിതക ശാസ്ത്രജ്ഞനുമായ  ദീപക് കുമാർ പെൻ്റാളും സംഘവും അവകാശപ്പെടുന്നത്. മനുഷ്യർക്കും മൃഗങ്ങൾക്കും  പരിസ്ഥിതിക്കും  ദോഷകരമല്ല എന്ന് തെളിഞ്ഞിട്ടുള്ള  ജി.എം. കടുകിന്റെ കൃഷി രാജ്യത്തെ എണ്ണക്കുരു ഉത്പാദനം  വർദ്ധിപ്പിക്കും.  അതുപോലെ തന്നെ  രോഗപ്രതിരോധശേഷിയും  കീടങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷിയും  ജിഎം കടുകിന്  കൂടുതലാണ്. കൂടുതൽ എണ്ണ ലഭിക്കും എന്നതിനാൽ  സാമ്പത്തിക ലാഭവും  ഇതിൽ നിന്നുണ്ടാകും .

ജി എം കടുകിന് എതിരായ വാദങ്ങൾ

ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകൾക്കും സമാന പരാഗണ ജീവികൾക്കും ഹാനികരമാണെന്ന് ജി.എം കടുകിനെ എതിർക്കുന്നവർ ആരോപിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകളിൽ നിന്നും  കളനാശിനികൾക്ക് എതിരെ ഉള്ള പ്രതിരോധം മറ്റു വന്യ സസ്യങ്ങളിലേക്ക് പകർന്നു കിട്ടാനും അത് വഴി സൂപ്പർ കളകളുടെ രൂപീകരണത്തിനും വഴി വെക്കുമെന്നതാണ് മറ്റൊരു വിമർശനം. ഈ ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല.


റേഡിയോ ലൂക്ക

പോഡ്കാസ്റ്റ് കേൾക്കാം

ലേഖനം

Happy
Happy
21 %
Sad
Sad
7 %
Excited
Excited
61 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

One thought on “ജി എം കടുക് – അറിയേണ്ട കാര്യങ്ങള്‍

Leave a Reply

Previous post വാനിലയ്ക്ക് പിന്നിലെ കറുത്ത കൗമാരം
Next post കാൾ സാഗൻ, ശാസ്ത്രത്തിന്റെ കാവലാൾ
Close