ഡോ. യദുകൃഷ്ണൻ പ്രേമചന്ദ്രൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ
ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര…
രാവിലെ അടുക്കളത്തോട്ടത്തിൽ അച്ഛനെ സഹായിച്ചത്തിനു ശേഷം ചായയും കുടിച്ചുകൊണ്ട് പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ഭദ്ര ആ വാർത്ത ശ്രദ്ധിച്ചത്: “ജീനോം എഡിറ്റഡ് വിളകൾക്ക് കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി”.
ജീനോം എഡിറ്റിംഗിനെ കുറിച്ച് ഭദ്ര അവസാനമായി കേട്ടത് 2020 ലെ നോബൽ സമ്മാനം പ്രഖ്യാപിച്ചപ്പോഴാണ്. ക്രിസ്‌പർ എന്ന ജീനോം എഡിറ്റിംഗ് സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം ലഭിച്ചതെന്ന കാര്യം അവൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും എന്താണ് ജീനോം എഡിറ്റിംഗ് എന്ന് വ്യക്തമായി മനസിലാക്കാൻ വലിയ താല്പര്യം കാട്ടിയിരുന്നില്ല. പുതിയ പത്രവാർത്ത വായിച്ചപ്പോൾ ആശങ്കയും താല്പര്യവും ഒരുമിച്ചാണ് വളർന്നത്. നിയന്ത്രണങ്ങളാവശ്യമുള്ള ആപൽക്കരമായ എന്തോ ഒന്നിനെ നിയന്ത്രണാതീതമാക്കുന്നുവെന്ന ധ്വനിയാണ് പത്രവാർത്തയിലുടനീളം. പക്ഷേ ആപൽക്കരമായ ഒരു കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം നൽകുമോ! ഏതായാലും ബയോളജി ടീച്ചറോട് ചോദിച്ച് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താമെന്ന് അവൾ തീരുമാനിച്ചു.
“കുഞ്ഞൻ ബാക്ടീരിയ മുതൽ സസ്യങ്ങളും മനുഷ്യരും നീലത്തിമിംഗലവുമടക്കമുള്ള സകല ജീവികളുടെയും വളർച്ചയെയും ജീവൽ പ്രവർത്തനങ്ങളെയുമെല്ലാം നിയന്ത്രിക്കുന്നത് അവയുടെ ജീനുകൾ ആണെന്ന് ഭദ്രയ്ക്കറിയാമല്ലോ. കോശങ്ങൾക്കുള്ളിലുള്ള DNA എന്ന ജൈവതന്മാത്രയാണ് ജീനുകളായി പ്രവർത്തിക്കുന്നത്. ഒരു ജീവിയുടെ കോശത്തിലെ മുഴുവൻ DNA യും ഒരുമിച്ച് പരിഗണിച്ചാൽ അതിനെ ആ ജീവിയുടെ ജീനോം എന്ന് വിളിക്കാം. അതായത് ആ ജീവിയുടെ സമ്പൂർണ ജനിതക സാരം എന്നർത്ഥം! “എഡിറ്റിംഗ്” എന്നാൽ ചെറിയ മാറ്റങ്ങൾ വരുത്തുക എന്നാണല്ലോ. ജീനോമിൽ, അതായത് ജീവിയുടെ DNA യിൽ, നമുക്കാവശ്യമുള്ള ചിലയിടങ്ങളിൽ മാത്രം കൃത്യമായി ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനെയാണ് ജീനോം എഡിറ്റിംഗ് എന്ന് വിളിക്കുന്നത്.” ആ ദിവസത്തെ ക്ലാസ് അവസാനിപ്പിച്ച് തിരിച്ചു നടക്കവേ സംശയവുമായി വന്ന ഭദ്രയ്ക്ക് ടീച്ചർ മറുപടി നൽകി.
ടീച്ചറുടെ മറുപടിയിൽ നിന്ന് ഒരേകദേശ ധാരണ ലഭിച്ചെങ്കിലും ജീനോം എഡിറ്റഡ് വിളകളെക്കുറിച്ച് കുറച്ചുകൂടെ വിശദമായി അറിയാൻ ഭദ്രയ്ക്ക് താല്പര്യമായി. വൈകീട്ട് കാര്യം സൂചിപ്പിച്ചപ്പോൾ തന്റെ സ്നേഹിതനും കാർഷികകോളേജിലെ ബയോടെക്‌നോളജി അധ്യാപകനുമായ പ്രൊഫ. ജേക്കബിന്റെയടുത്ത് കൊണ്ടുപോകാമെന്ന് അച്ഛനേറ്റു.
തൊട്ടടുത്ത ഞായറാഴ്ചതന്നെ അവർ പ്രൊഫ. ജേക്കബിന്റെ വീട്ടിലെത്തി. “എന്താണ് ജീനോം എഡിറ്റിംഗ് വിളകളെക്കുറിച്ച് ഭദ്രയ്ക്കറിയേണ്ടത്?” നിറഞ്ഞ ചിരിയോടെ ജേക്കബ് അങ്കിൾ ചോദിച്ചു.
“അങ്കിൾ, ജീനോം എഡിറ്റിംഗ് വഴി ജീവികളിൽ ചെറിയ ജനിതകമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ടീച്ചർ പറഞ്ഞുതന്നു. ബി.ടി. വിളകൾ പോലുള്ളവയും ജനിതകമാറ്റം വരുത്തിയ വിളകൾ തന്നെയല്ലേ? എന്താണ് ജീനോം എഡിറ്റഡ് വിളകളും ബി.ടി. പരുത്തി പോലുള്ള ജെനിറ്റിക്കലി മോഡിഫൈഡ് വിളകളും തമ്മിലുള്ള വ്യത്യാസം?” ഭദ്ര തന്റെ സംശയങ്ങളുടെ കെട്ടഴിച്ചു.
“വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണ് ഭദ്രയിപ്പോൾ ചോദിച്ചത്. നമ്മുടെ കൃഷിക്ക് ഉപകാരപ്രദമായ പുതിയ ചില സ്വഭാവഗുണങ്ങൾ വിളകളിൽ കൊണ്ടുവരുന്നതിനാണല്ലോ ഇത്തരം സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത്. ഇതര ജീവികളിൽ നിന്നുമെടുത്ത ഒന്നോ അതിലധികമോ ജീനുകളെ സസ്യത്തിന്റെ ജനിതകഘടനയിൽ ജൈവസാങ്കേതികവിദ്യയുടെ സഹായത്താൽ സന്നിവേശിപ്പിച്ച് സസ്യത്തിൽ ഉപകാരപ്രദമായ ഒരു സ്വഭാവഗുണം കൂട്ടിച്ചേർക്കുകയാണ് ജനിറ്റിക്കലി മോഡിഫൈഡ് അഥവാ ജി.എം. വിളകളുടെ കാര്യത്തിൽ ചെയ്യുന്നത്.”
“ബി. ടി. വിളകളിൽ ബാസില്ലസ് തുരിഞ്ചിയെൻസിസ് (Bacillus thuringiensis) എന്ന ബാക്റ്റീരിയയുടെ ജീൻ ഉപയോഗിച്ചിട്ടുള്ളത് പോലെ!” ഭദ്ര ആവേശത്തോടെ പറഞ്ഞു.
“മിടുക്കി! അതുതന്നെ. ബി.ടി. വിളകളുടെ കാര്യത്തിൽ അപകടകാരികളായ ചില കീടങ്ങളെ ചെറുക്കാനുള്ള കഴിവാണെങ്കിൽ ഗോൾഡൻ റൈസിന്റെ കാര്യത്തിൽ വിറ്റാമിൻ A നിർമിക്കാനാവശ്യമായ ബീറ്റാ കരോട്ടീൻ ഉൽപാദിപ്പിക്കാനുള്ള കഴിവാണ്. അങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിലായി പല വിളകളിലും പല കഴിവുകളും ഈ സാങ്കേതിക വിദ്യകൊണ്ട് സന്നിവേശിപ്പിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.”
“പക്ഷേ ഇന്ത്യയിലെ ഒരേയൊരു ജി.എം. വിള ബി.ടി. പരുത്തി മാത്രമല്ലേ?” ഭദ്രയ്ക്ക് സംശയമായി.
“അതെ. അത് നമുക്ക് മറ്റു ജി.എം. വിളകൾ വികസിപ്പിച്ചെടുക്കാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല. മറിച്ച് അവയ്ക്ക് കൃഷിചെയ്യാനുള്ള അനുമതി ലഭിക്കാൻ തടസങ്ങളുള്ളതുകൊണ്ടാണ്. അന്യജീവികളിൽ നിന്നുള്ള ജീനുകൾ അടങ്ങിയിട്ടുള്ളതിനാൽ അവ സുരക്ഷിതമാണോ എന്ന അകാരണമായ ഭീതി തന്നെ പ്രധാന കാരണം. എല്ലാ ശാസ്ത്രീയമായ സുരക്ഷാ പരിശോധനകളും ഈ വിളകളിൽ നടത്തുന്നുണ്ടെങ്കിൽക്കൂടി.”
“അത് കഷ്ടം തന്നെ. ജി.എം. വിളകൾ എന്താണെന്ന് പിടികിട്ടി. പക്ഷേ എങ്ങനെയാണ് ജീനോം എഡിറ്റഡ് വിളകൾ ജി.എം. വിളകളിൽ നിന്ന് വ്യത്യസ്തമാകുന്നതെന്ന് അങ്കിൾ പറഞ്ഞില്ലല്ലോ.” ഭദ്രയ്‌ക്ക് ആകാംക്ഷ.
“അതെ, അതിലേക്കാണ് നമ്മൾ വരുന്നത്.” ജേക്കബ് അങ്കിൾ തുടർന്നു: “ജി.എം. വിളകളിൽ നിന്ന് വ്യത്യസ്തമായി ജീനോം എഡിറ്റഡ് വിളകളിൽ ഇതര ജീവികളിൽ നിന്നുള്ള ജീനുകളെ സന്നിവേശിപ്പിക്കുന്നില്ല. സസ്യത്തിന്റെ തനതു ജനിതകഘടനയിൽ നേരിട്ട് ചില മാറ്റങ്ങൾ വരുത്തുകവഴി അവയുടെ സ്വഭാവഗുണങ്ങൾ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്.”
“അതുകൊള്ളാമല്ലോ!” ഭദ്ര ആശ്ചര്യപ്പെട്ടു. “അപ്പോൾ ജീനോം എഡിറ്റഡ് വിളകളിൽ ബാക്റ്റീരിയയുടേയോ ഇതരജീവികളുടേയോ ജീനുകൾ ഒന്നും തന്നെയില്ല അല്ലേ?”
“ഇല്ല ഭദ്രക്കുട്ടീ. നമ്മൾ സാധാരണയായി പിന്തുടർന്നുവരുന്ന രീതികൾക്ക് പകരം ജൈവസാങ്കേതികവിദ്യയുപയോഗിച്ച് സസ്യങ്ങളുടെ സ്വഭാവസവിശേഷതകളിൽ മാറ്റമുണ്ടാക്കുന്നുവെന്നുമാത്രം.”
“ഇതിനുപയോഗിക്കുന്ന സാങ്കേതികവിദ്യയാണോ അങ്കിൾ ക്രിസ്‌പർ?”
“ആഹാ! ഭദ്ര ക്രിസ്‌പറിനെ കുറിച്ച് കേട്ടിട്ടുണ്ടല്ലേ?” തെല്ലതിശയഭാവത്തോടെ പ്രൊഫസർ തുടർന്നു. “പറഞ്ഞത് ശരിയാണ്. സിങ്ക് ഫിംഗർ ന്യൂക്ലിയേസുകൾ, ടാലെനുകൾ തുടങ്ങി മറ്റു സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും ക്രിസ്‌പർ അഥവാ ക്രിസ്‌പർ-കാസ് സാങ്കേതികവിദ്യയാണ് ഏറ്റവും എളുപ്പമുള്ളതും ചെലവുകുറഞ്ഞതും ഏറ്റവും പ്രാബല്യത്തിലുള്ളതുമായ ടെക്നോളജി. ജീനോം എഡിറ്റിങ്ങിന്റെ സാധ്യതകളെ വിപ്ലവകരമാംവിധം മാറ്റിമറിച്ച സാങ്കേതികവിദ്യയും ഇതുതന്നെ. തീർച്ചയായും നോബൽ സമ്മാനം അർഹിക്കുന്ന ഒരു കണ്ടുപിടിത്തം!“
“അപ്പോൾ മറ്റു ജീവികളിൽ നിന്നുള്ള ജീനുകൾ ഇല്ലാത്തതുകൊണ്ടാണോ ജിനോം എഡിറ്റഡ് വിളകൾക്ക് ജി.എം വിളകൾക്കുള്ളതുപോലെ കർശന പരിശോധനകൾ ആവശ്യമില്ല എന്നു തീരുമാനിച്ചിട്ടുള്ളത്?”
“അതുതന്നെ കാരണം. അതുകൊണ്ടാണ് ജെനിറ്റിക്കലി മോഡിഫൈഡ് ജീവികളുടെ നിയന്ത്രണത്തിനായി നിലവിൽ വന്ന “റൂൾസ് 1989” എന്നറിയപ്പെടുന്ന ചട്ടത്തിന്റെ പരിധിയിൽ നിന്ന് ജീനോം എഡിറ്റഡ് വിളകളെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. അതിനർത്ഥം ഒട്ടും നിയന്ത്രണങ്ങളോ പരിശോധനകളോ ഇല്ലെന്നല്ല കേട്ടോ. പരീക്ഷണങ്ങൾ നടക്കുന്ന സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു Institutional Biosafety Committee അഥവാ സ്ഥാപനതല ജൈവസുരക്ഷാ കമ്മിറ്റിയ്ക്കാണ് ഇതിന്റെ ചുമതല.”
“എന്താണങ്കിൾ ഈ കമ്മറ്റിയുടെ ഉത്തരവാദിത്തം?”
“ക്രിസ്‌പർ ഉപയോഗിച്ച് ജീനുകളിൽ മാറ്റം വരുത്തണമെങ്കിൽ ആദ്യം അതിനു സഹായിക്കുന്ന കാസ് 9 (Cas 9) എന്ന എൻസൈമും നാം മാറ്റം വരുത്താനാഗ്രഹിക്കുന്ന DNA യുടെ സ്ഥാനത്ത് ഈ എൻസൈമിനെ കൃത്യമായി എത്തിക്കാൻ സഹായിക്കുന്ന ഒരു ഗൈഡ് RNA യും സസ്യത്തിൽ നിർമിക്കപ്പെടേണ്ടതുണ്ട്. അതിനാവശ്യമായ ജീനുകളെ ആദ്യം സസ്യത്തിലേക്ക് സന്നിവേശിപ്പിക്കണം. ഗൈഡ് RNA യുടെയും Cas 9 എൻസൈമിന്റെയും പ്രവർത്തനഫലമായി സസ്യത്തിന്റെ ജനിതകഘടനയിൽ അനന്തരതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുംവിധത്തിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽപിന്നെ പുറം സ്രോതസ്സുകളിൽ നിന്നുള്ള ഈ ജീനുകൾ നമുക്കാവശ്യമില്ല.”
“ആവശ്യം കഴിഞ്ഞാൽ അവയെ നീക്കം ചെയ്തു കളയാൻ പറ്റുമോ?” ഭദ്ര ചോദിച്ചു.
“പറ്റും. പുതുതായി വരുത്തിയ മാറ്റങ്ങളും ബാക്കിയുള്ള ജനിതകഘടനയും അതുപോലെ നിലനിർത്തിക്കൊണ്ട് അവയെ നീക്കം ചെയ്യാൻ സാധിക്കും. ഈ ജീനുകൾ മുഴുവനായും നീക്കം ചെയ്യുന്നതുവരെ പരീക്ഷണസസ്യങ്ങൾ വളരുന്നത് ബാഹ്യലോകത്തേക്ക് ചെന്നെത്താൻ കഴിയാത്തവിധം നിയന്ത്രണങ്ങളോടുകൂടിയ സംവിധാനങ്ങൾക്കുള്ളിലാണെന്ന് ഉറപ്പുവരുത്തേണ്ടത് ഗവേഷണം നടക്കുന്ന സ്ഥാപനത്തിലെ ജൈവസുരക്ഷാ കമ്മിറ്റിയുടെ ചുമതലയാണ്. മാത്രമല്ല, സസ്യത്തിന്റെ ജീനോമിൽ ലക്ഷ്യമാക്കാത്ത ഇടങ്ങളിൽ അഥവാ ഓഫ് ടാർഗെറ്റ് സൈറ്റുകളിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നും പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല ഈ കമ്മിറ്റിയ്ക്കുണ്ട്.”
“ആരൊക്കെയാണ് ഈ കമ്മറ്റിയിൽ അംഗങ്ങളാകുന്നത്? എല്ലാവരും ഒരേ സ്ഥാപനത്തിലെ ആളുകൾ തന്നെയാണെങ്കിൽ പക്ഷപാതപരമായ വിലയിരുത്തലുകൾ നടക്കാമല്ലോ?”
“തികച്ചും ന്യായമായ സംശയം. അത് മുൻകൂട്ടി കണ്ടുകൊണ്ടാണ് കമ്മിറ്റിയിലെ അംഗങ്ങൾ ആരായിരിക്കണം എന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിന്റെ മേധാവി, DNA സംയോജന പരീക്ഷണങ്ങളിലേർപ്പെടുന്ന ശാസ്ത്രജ്ഞർ, ഒരു മെഡിക്കൽ ഡോക്ടർ, പിന്നെ കേന്ദ്രഗവൺമെന്റിനു കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി നാമനിർദേശം ചെയ്യുന്ന ഒരു വിദഗ്ദ്ധൻ/ വിദഗ്ദ്ധ എന്നിവരടങ്ങുന്നതായിരിക്കണം സ്ഥാപനതല ജൈവസുരക്ഷാ കമ്മിറ്റി. പരീക്ഷണങ്ങളുടെ മേൽനോട്ടത്തിന്റെ വിശദശാംശങ്ങൾ ഓരോ ഘട്ടത്തിലും ഡിപ്പാർട്മെൻറ് ഓഫ് ബയോടെക്നോളോജിയുടെ നിയന്ത്രണത്തിലുള്ള റിവ്യൂ കമ്മിറ്റി ഓൺ ജനറ്റിക് മാനിപ്പുലേഷൻ അഥവാ RCGM ന് റിപ്പോർട്ട് ചെയ്യുന്ന ഉത്തരവാദിത്തവും സ്ഥാപനതല ജൈവസുരക്ഷാ കമ്മിറ്റിയ്ക്കുണ്ട്.”
“അപ്പോൾ അന്യജീവികളിൽ നിന്നുമുള്ള DNA മുഴുവനായും നീക്കം ചെയ്തുവെന്ന് വിദഗ്ധരുടെ മേൽനോട്ടത്തിൽ ഉറപ്പുവരുത്തിയ ശേഷമേ ജീനോം എഡിറ്റഡ് വിളകൾ പുറംലോകം കാണുകയുള്ളുവെന്നർത്ഥം. അല്ലേ അങ്കിൾ?”
“അതെ. ഇത്തരത്തിൽ പുറമെ നിന്നുള്ള DNA പൂർണമായും നീക്കം ചെയ്യപ്പെടുന്നതരത്തിൽ വികസിപ്പിച്ചെടുക്കുന്ന ജീനോം എഡിറ്റഡ് വിളകൾ സാങ്കേതികമായി സൈറ്റ് ഡിറക്ടഡ് ന്യൂക്ലിയേസ് (SDN) – 1, SDN-2 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ പെടുന്നു. നാം നിർദേശിക്കുന്ന കൃത്യമായ വാർപ്പ് മാതൃകയെ അനുസരിച്ചുകൊണ്ടോ അല്ലാതെയോ DNA യിൽ ചെറുമാറ്റങ്ങൾ ഉണ്ടാക്കാൻ ജീനോം എഡിറ്റിംഗിന് സാധിക്കും. അതിനെ അടിസ്ഥാനമാക്കിയാണ് ജീനോം എഡിറ്റഡ് വിളകളെ SDN1, SDN2 എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നത്.” പ്രൊഫസർ വിശദീകരിച്ചു.
“ബി.ടി. പരുത്തിയേയും ഗോൾഡൻ റൈസിനെയും പോലെ മറ്റു ജീവികളിൽ നിന്നും കടംകൊള്ളുന്ന നൂതനമായ സ്വഭാവഗുണങ്ങൾ സസ്യങ്ങളിൽ കൂട്ടിച്ചേർക്കാൻ ജീനോം എഡിറ്റിംഗിന് പറ്റില്ലേ?”
“അതും സാധ്യമാണ്. പക്ഷേ അതിന് ഇതരജീവികളിൽ നിന്നും പകർത്തിയ ജീനുകളുടെ കോപ്പിയെ ജനിതകഘടനയിൽ നിലനിർത്തിയേ മതിയാകൂ. ഇവയെ SDN-3 ജീനോം എഡിറ്റഡ് വിളകൾ എന്നാണ് വിളിക്കുന്നത്. ഫലത്തിൽ ജി.എം. വിളകൾക്ക് സമാനം തന്നെയെന്നതിനാൽ SDN-3 വിളകൾക്ക് ജി.എം. വിളകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ബാധകമാണ്. അവയെ SDN-1, SDN-2 വിളകളെപ്പോലെ റൂൾസ് 1989-ൽ നിന്ന് ഒഴിവാക്കിയിട്ടില്ല.”
“SDN-1, SDN-2 ജീനോം എഡിറ്റിംഗ് രീതിയിലൂടെ എന്തൊക്കെ സ്വഭാവഗുണങ്ങളാണ് വിളകളിൽ മെച്ചപ്പെടുത്താൻ സാധിക്കുക?”
“സസ്യത്തിന്റെ തനതു ജനിതകഘടനയിൽ ജീനോം എഡിറ്റിംഗിലൂടെ ചെറുമാറ്റങ്ങൾ കൊണ്ടുവരുന്നതു വഴി ഉപകാരപ്രദമായ നിരവധി സ്വഭാവഗുണങ്ങൾ കൂട്ടിച്ചേർക്കാൻ പറ്റുമെന്ന് ഇതിനോടകം തന്നെ പല വിളകളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന വിളവ്, രോഗ-കീട പ്രതിരോധശേഷി, വരൾച്ചയെയും കൊടുംചൂടിനേയും പ്രതിരോധിക്കാനുള്ള കഴിവ്, മെച്ചപ്പെട്ട പോഷകാഗിരണശേഷി, അങ്ങനെ പലതും. നിലവിലുള്ള സാമ്പ്രദായിക രീതികളെക്കാൾ വളരെ വേഗത്തിൽ ഇനങ്ങൾ വികസിപ്പിച്ചെടുക്കുവാനും ജീനോം എഡിറ്റിംഗിലൂടെ സാധിക്കും. കാലാവസ്ഥാവ്യതിയാനം കാരണം കാർഷികമേഖല നേരിടാനിരിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ നേരിടാൻ ഈ സാങ്കേതികവിദ്യ വളരെയേറെ സഹായകമായേക്കും.”
“ശരി അങ്കിൾ” സംശയങ്ങൾ ഏറെക്കുറെ അവസാനിച്ച മട്ടിൽ ഭദ്ര തലയാട്ടി.
“ഭദ്രയുടെ സംശയങ്ങൾക്ക് തൽക്കാലത്തേക്ക് പരിഹാരമായോ?” പ്രൊഫസർ ചോദിച്ചു.
“പരിഹാരമായി. ഇനിയും സംശയങ്ങളുണ്ടാവുമ്പോൾ ഞാൻ കൂടുതൽ വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാം. അതിനുള്ള പ്രാഥമിക അറിവ് അങ്കിൾ പറഞ്ഞുതന്നുവല്ലോ.”
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ഭദ്ര അച്ഛനോട് ചോദിച്ചു: “ജീനോം എഡിറ്റഡ് വിളയിനങ്ങൾ ലഭ്യമായിത്തുടങ്ങിയാൽ അവ നമ്മുടെ തോട്ടത്തിൽ വളർത്താൻ അച്ഛൻ റെഡിയാണോ?”
“പിന്നല്ലാതെ! അങ്കിൾ പറഞ്ഞതെല്ലാം ഞാനും കേട്ടതല്ലേ.” അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് മറുപടിനല്കി.
അധികവായനയ്ക്ക്:
- Biotech Consortium India Limited (2022) Frequently asked questions about gene edited plants. https://biotech.co.in/sites/default/files/2022-02/FAQ%20about%20gene%20edited%20plants.pdf
- Department of Biotechnology, Ministry of Science and Technology, Government of India (2022) Guidelines for the safety assessment of Genome Edited Plants, 2022. https://dbtindia.gov.in/latest-announcement/guidelines-safety-assessment-genome-edited-plants2022
- Gao, C. (2021) Genome engineering for crop improvement and future agriculture. Cell. 184: 1621-1635. https://doi.org/10.1016/j.cell.2021.01.005
- Ministry of Environment, Forest and Climate Change, Government of India (2022) Exemption of the genome edited plants falling under categories SDN1 and SDN2 from the provisions of the Rules, 1989. http://forest.delhigovt.nic.in/exemption-genome-edited-plants-falling-under-categories-sdn1-and-sdn2-provisions-rules-1989
- Pixley, K. V. et al. (2022) Genome-edited crops for improved food security of smallholder farmers. Nature Genetics. 54: 364-367. https://doi.org/10.1038/s41588-022-01046-7
- Robert Sanders (2022) In 10 years, CRISPR transformed medicine. Can it now help us deal with climate change? Berkeley News. https://news.berkeley.edu/2022/06/28/in-10-years-crispr-transformed-medicine-can-it-now-help-us-deal-with-climate-change/
ലേഖനപരമ്പരയിലെ മറ്റു ലേഖനങ്ങൾ