Read Time:21 Minute

സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്നിട്ടും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സെലിയാക് രോഗികൾ. ഗോതമ്പ്, ബാർലി, ഓട്ട്‌സ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കൂട്ടമായ ഗ്ലൂട്ടെൻ, അതു ദഹിപ്പിക്കാൻ കഴിയാത്ത ആളുകളിൽ (സെലിയാക് രോഗികൾ) ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിചയപ്പെടുത്തുന്നു. ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം.

അടുത്തകാലത്തായി പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിലും ഹോട്ടലുകളിലെ വിഭവവിവരപട്ടികകളിലും (menu) പാചകവിധികളിലും (recipe) ഗ്ലൂട്ടെൻ ഫ്രീ (Gluten Free) എന്ന് രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ആഹാരപദാർഥങ്ങളിൽനിന്ന് ഗ്ലൂട്ടെൻ ഒഴിവാക്കാനുള്ള പ്രവണത വർധിച്ചുവരുകയാണ്. എന്നാൽ, ശതാബ്ദങ്ങളായി ഗ്ലൂട്ടെൻ ഉൾക്കൊള്ളുന്ന ആഹാരപദാർഥങ്ങൾ മനുഷ്യർ കഴിക്കുന്നുണ്ട്.

എന്താണീ ഗ്ലൂട്ടെൻ?

ഗോതമ്പ് (Wheat), ബാർലി (Barley), ഓട്ട്‌സ് (Oats), വരക് (Rye) തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീൻകൂട്ടമാണ് ഗ്ലൂട്ടെൻ. എങ്കിലും ഗോതമ്പിലെ ഗ്ലൂട്ടെനാണ് കൂടുതലും പഠനവിധേയമായിട്ടുള്ളത്.

മുഴുഗോതമ്പ് ചക്കിൽ പൊടിച്ച മാവ് (ആട്ട – whole wheat atta) ആയിട്ടാണ് ഇന്ത്യൻ പാചകത്തിൽ മുഖ്യമായും ഉപയോഗിക്കുന്നത്. ആട്ടയുടെ പരസ്യത്തിലെ ആകർഷക വാചകവും ഇതാണ്. ചപ്പാത്തി, പൂരി, റൊട്ടി, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണല്ലോ ആട്ട പ്രധാനമായും ഉപയോഗിക്കുന്നത്. ഗോതമ്പുമാവിലെ ഗ്ലൂട്ടെൻ എന്ന സവിശേഷ പ്രോട്ടീൻ ജലയോജനത്തിനു വിധേയമാകുമ്പോൾ മാവിൽ ശക്തമായ ഇലാസ്തിക (elastic) തന്തുക്കൾ (fibres) രൂപപ്പെടുന്നു. യഥാർഥത്തിൽ, ഗ്ലൂട്ടെനിൻ (Glutenin) എന്നും ഗ്ലിയാഡിൻ (Gliadin) എന്നും രണ്ടു ഘടകങ്ങൾ ചേർന്നതാണ് ഗ്ലൂട്ടെൻ. ആട്ടയിൽ വെള്ളം ചേർത്ത് അമർത്തി കുഴയ്ക്കുമ്പോൾ ഗ്ലൂട്ടെനിനും ഗ്ലിയാഡിനും ചേർന്ന് വലിച്ചാൽ നീളുന്നതും പരത്താവുന്നതുമായ ഒരു ‘ഘടന’ (structure) രൂപപ്പെടുന്നു. ഈ പ്രോട്ടീൻ-ജല നെറ്റ്‌വർക്കാണ് ഗ്ലൂട്ടെന്റെ ഗുണധർമ്മങ്ങൾക്ക് അടിസ്ഥാനം.

ചിരകാലമായി നാം ഭക്ഷിച്ചിരുന്ന റൊട്ടിയിലും ചപ്പാത്തിയിലും പൂരിയിലും പൊറോട്ടയിലും ബ്രഡിലും അടുത്തകാലത്ത് യുവജനങ്ങളുടെ ഇഷ്ടഭക്ഷണമായ പിസാ(Pizza)യിലുമൊക്കെ ഗ്ലൂട്ടെൻ ഉണ്ട്. കോടിക്കണക്കിന് ലോകജനത പശിയടക്കുന്നത് ഗ്ലൂട്ടെൻ ഉൾച്ചേർന്ന ധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരപദാർഥങ്ങൾ ഭക്ഷിച്ചിട്ടാണ്. ഗോതമ്പുമാവ് ചെറുനീരൊഴുക്കിൽ കഴുകിയാൽ അതിലുള്ള അന്നജം (Starch) പൂർണ്ണമായും ഒലിച്ചുപോകും. ശേഷിക്കുന്നത് റബർപോലുള്ള പശിമയുള്ള ഗ്ലൂട്ടെന്റെ ഗോളമാണ്. തീരെ കുറഞ്ഞതരം ഗോതമ്പിൽനിന്നും എടുക്കുന്ന മാവിനെ സമ്പുഷ്ടമാക്കാനും സോഹൻ-ഹൽവാ എന്ന പലഹാരം ഉണ്ടാക്കാനും ഇങ്ങനെ വേർതിരിച്ചെടുത്ത ഗ്ലൂട്ടെൻ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ എന്തുകൊണ്ട് ഗ്ലൂട്ടെൻ ഒരു തിരിച്ചടി (backlash) നേരിടുന്നു?

നമ്മുടെ ഭക്ഷണത്തിലെ ഒരു അവശ്യഘടകമാണല്ലോ പ്രോട്ടീൻ. എങ്കിലും ചില പ്രോട്ടീനുകൾ സുരക്ഷിതമല്ലാതെ വരാം. ലളിതമായ ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ച പാത ദീർഘവും ദുർഘടവുമായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിലെ ഇരുണ്ട കാലഘട്ടത്തിലാണ്, അതു വെളിച്ചംകണ്ടത്.

1944-1945 ലെ ക്ഷാമകാലത്ത് ഡച്ച് കുട്ടികൾ സൂപ്പ് കഴിക്കുന്നു

പട്ടിണിശൈത്യം

1944-45 കാലത്ത് ഹോളണ്ടിൽ ശൈത്യം അതിതീക്ഷ്ണമായിരുന്നു. രാജ്യം നാസിസേനയാൽ  ഉപരോധിക്കപ്പെട്ടിരുന്നു. അവശ്യവസ്തുക്കളുടെ വിതരണം ശത്രുസൈന്യം തടഞ്ഞു. കൊടും പട്ടിണിയുടെ ഭീതിയിലായി ഡച്ച് ജനത. അതിശൈത്യവും പഞ്ഞവും ഒന്നുചേർന്ന ആ അവസ്ഥ പട്ടിണിശൈത്യം (Hunger winter) എന്നാണറിയപ്പെട്ടത്. ഡച്ച് സർക്കാർ ദുരിതാശ്വാസമായി ജനങ്ങൾക്ക് നൽകിയിരുന്ന സൂപ്പ് ഏതാണ്ട് വെള്ളംതന്നെയായിരുന്നു. പൈ-ദാഹത്താൽ ജനങ്ങൾ നരകിച്ചു. ശാരീരികാരോഗ്യം കുറച്ചെങ്കിലും ഉണ്ടായിരുന്നവർ ഗ്രാമപ്രദേശങ്ങളിലേക്ക് കാൽനടയായി നീങ്ങി. അവിടെ ചിലർ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ചില ചരക്കുകൾ ഗ്രാമീണർക്ക് നൽകി പകരം അവരിൽനിന്ന് അല്പസ്വല്പം ആഹാരം വാങ്ങി. മറ്റുചിലർ ഭിക്ഷയാചിച്ച് പശിയടക്കി.

സെലിയാക് രോഗം  

പട്ടിണിശൈത്യം ഭീകരമായ അക്കാലത്തും വൈദ്യശാസ്ത്രരംഗത്ത് ഒരു സുപ്രധാന വഴിത്തിരിവുണ്ടായി. അതിന്റെ മാറ്റൊലികൾ ഇന്നും അനേകലക്ഷം ജനങ്ങളെ ബാധിക്കുന്ന സെലിയാക് (Celiac) എന്ന രോഗത്തിന്റെ ചികിത്സയ്ക്ക് ഉതകുന്നു. സെലിയാക് ദീർഘകാലം വിടാതെ നിൽക്കുന്ന (Chronic) ഒരു ‘ഓട്ടോ ഇമ്മ്യൂണിറ്റി’ (Glut)  രോഗമാകുന്നു (ശരീരത്തിൽ തന്നെയുള്ള ചില പ്രത്യേക പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച് സ്വപ്രതിവസ്തുക്കൾ നിർമ്മിക്കുന്ന സ്ഥിതിവിശേഷമാണ് ഓട്ടോ ഇമ്മ്യൂണിറ്റി.) നാം കഴിക്കുന്ന ഭക്ഷണപദാർഥങ്ങൾ മുഴുവനും ആഗിരണം ചെയ്യപ്പെടുന്നത് ചെറുകുടലിൽ (Small Intestine)നിന്നാണ്. ദഹനം ഒരതിർത്തിവരെ നടന്നശേഷമാണ് ഭക്ഷണം ചെറുകുടലിൽ എത്തുന്നത്. ചെറുകുടലിന്റെ പ്രവർത്തനത്തെയാണ് സെലിയാക് രോഗം ബാധിക്കുന്നത്. ഗോതമ്പുപോലുള്ള ധാന്യങ്ങളിൽ ഉള്ള ഗ്ലൂട്ടെനെ ദഹിപ്പിക്കാൻ സെലിയാക് രോഗികൾക്ക് സാധിക്കുന്നില്ല. ചികിത്സിക്കാതിരുന്നാൽ ഈ ഗ്ലൂട്ടെൻ അസഹിഷ്ണുത മൊത്തം ദഹനവ്യവസ്ഥയെ താറുമാറാക്കും. തീവ്രഅതിസാരം (diarrhea), കുപോഷണം (malnutrition), മെലിച്ചിൽ (weight loss) തുടങ്ങിയ അസ്വസ്ഥതകളിലേക്കും ചിലപ്പോൾ മരണത്തിലേക്കുതന്നെയും നയിക്കും. സുഭിക്ഷഭക്ഷണം ലഭ്യമായിട്ടും അക്ഷരാർഥത്തിൽത്തന്നെ പട്ടിണികിടന്നു മരിക്കാനാണ് സെലിയാക് രോഗികളുടെ വിധി!

സുരക്ഷിതമായി ഉൾക്കൊള്ളാവുന്ന പോഷകങ്ങളുടെ ആഗിരണം, ഗ്ലൂട്ടെനുമായുള്ള രോഗികളുടെ പ്രതിപ്രവർത്തനം നിമിത്തം തടസ്സപ്പെടുന്നു.

അല്പം ചരിത്രം…

സെലിയാക് ഒരു പാരമ്പര്യ (Celiac) രോഗമാകുന്നു. ഗ്ലൂട്ടെൻ ഉൾച്ചേർന്ന ഭക്ഷണം കഴിച്ചുതുടങ്ങുന്ന ഒരാളിൽ എപ്പോൾ വേണമെങ്കിലും ഈ രോഗം പ്രത്യക്ഷപ്പെടാം. ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗം അറിയപ്പെട്ടിരുന്നു. ഏതാണ്ട് എ ഡി ഒന്നാംനൂറ്റാണ്ടിൽ ഗ്രീക്ക് ഭിഷഗ്വരൻ കാപ്പാഡോസിയയിലെ അരട്ടേയൂസ് (Aretaeus of Cappadocia) ഈ രോഗത്തെ സംബന്ധിച്ച പ്രാഥമികവിവരങ്ങൾ രേഖപ്പെടുത്തി. രോഗികളുടെ ശരീരത്തിലൂടെ ഭക്ഷണം ദഹിക്കാതെ കടന്നുപോകുന്നതിനാലാണ് രോഗം ഉണ്ടാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. കോലിയ ഡയാതെസിസ് (Coelia diathesis) എന്ന പേരാണ് ഈ രോഗത്തിന് അദ്ദേഹം നൽകിയ പേര്. ഗ്രീക്ക് ഭാഷയിൽ Koalia എന്നാൽ ഉദരം (abdomen) എന്നർഥം. യഥാർഥ കാരണമോ ചികിത്സയോ അറിയാത്തതിനാൽ, രോഗം ബാധിച്ചയാൾക്ക് വധശിക്ഷ ലഭിച്ചതായിട്ടാണ് അന്ന് പരിഗണിക്കപ്പെട്ടത്.

ആഹാരപദാർഥത്തിലും പാചകവിധികളിലും വലിയ പരിഷ്‌കാരങ്ങൾ വരുത്തി. ഭക്ഷണശീലത്തിൽ മാറ്റങ്ങൾ വരുത്തിയ ചില രോഗികൾക്ക് അസുഖം ഭേദപ്പെടുന്നതായും ശരീരഭാരം വർധിക്കുന്നതായും ഭിഷഗ്വരന്മാർ നിരീക്ഷിച്ചു. പരീക്ഷണാർഥം അവശ്യപോഷകങ്ങൾ അടങ്ങിയ ഒരു ആഹാരക്രമം രോഗികൾക്ക് അവർ നിർദേശിച്ചു. മുഖ്യമായും അരി, കക്കയിറച്ചി, വാഴപ്പഴം മുതലായവ അടങ്ങിയ ആഹാരക്രമമാണ് രോഗികളിൽ പരീക്ഷിച്ചത്. പരീക്ഷണം വിജയമായിരുന്നുവെങ്കിലും ഫലം ഏകരൂപമായിരുന്നില്ല. ഓരോ വ്യക്തിയിലും ഉണ്ടായ മാറ്റം വ്യത്യസ്തമായിരുന്നു. എന്നാൽ, ഈ ‘പഥ്യാഹാരക്രമം’ ക്രമേണ രോഗികൾക്ക് പിടിക്കാതായി. അതിനാൽ പരീക്ഷണം തുടരാൻ കഴിഞ്ഞില്ല.

വില്യം കാരൽ ഡൈക്ക് (Willem Karel-Dicke)

പട്ടിണിയിൽ പിറന്ന ശാസ്ത്രം

ഒരു ഒഴിയാബാധപോലെ സെലിയാക് രോഗപഠനം തലയ്ക്കുപിടിച്ച ഡച്ച് ശിശുരോഗവിദഗ്ധനായിരുന്നു, വില്യം കാരൽ ഡൈക്ക് (Willem Karel-Dicke). 1930 കളിൽ ഒട്ടേറെ സെലിയാക് രോഗികളുമായി അദ്ദേഹം ബന്ധപ്പെട്ടു. ബ്രഡോ, ബിസ്‌ക്കറ്റോ കഴിച്ചുകഴിഞ്ഞാൽ തങ്ങളുടെ രോഗലക്ഷണങ്ങൾ കൂടുതൽ വഷളാകുന്നതായി ചില രോഗികൾ ഡൈക്കിനെ അറിയിച്ചു. അതിൽനിന്നും രോഗത്തിന് ബ്രഡുമായി എന്തോ ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചു.

1944-ൽ പട്ടിണിശൈത്യം അഴിഞ്ഞാടിത്തുടങ്ങിയപ്പോൾ, ബ്രഡിന്റെ പ്രഭാവം നേരിട്ട് മനസ്സിലാക്കാൻ ഡൈക്കിന് കഴിഞ്ഞു. നെതർലൻഡ്‌സിന്റെ പടിഞ്ഞാറ് ഭാഗത്തു ജീവിച്ചിരുന്ന ജനങ്ങൾക്ക് പ്രതിദിനം 500-1000 കലോറി – ചിലപ്പോൾ അതിലും കുറവ് ഊർജംകൊണ്ട് അതിജീവനം നടത്തേണ്ടിവന്നിരുന്നു. ക്ഷാമത്തിന്റെ ഭീകരരൂപം അവിടെ ദൃശ്യമായിരുന്നു. ഏതാണ്ട് 40 ലക്ഷം ജനങ്ങൾ കൊടുംപട്ടിണിയിലായി. 20,000-30,000 ജനങ്ങൾ മരിച്ചു.

നഗരങ്ങളിലെ കടകളിൽനിന്ന് ബ്രഡ് അപ്രത്യക്ഷമായി. എന്നാൽ, കരിഞ്ചന്തയിൽ തീപിടിച്ച വിലയ്ക്ക് കണ്ടാൽ അറപ്പുതോന്നുന്ന ബ്രഡ് വിറ്റിരുന്നു. ഗോതമ്പിന് ദൗർലഭ്യം ഇല്ലായിരുന്നു. പക്ഷേ, മാർക്കറ്റിൽ എത്തിയില്ല. എന്നാൽ, ഈ വറുതിയിൽപോലും സെലിയാക് രോഗം ബാധിച്ച കുട്ടികളുടെ ആരോഗ്യനില അല്പാല്പം മെച്ചപ്പെടുന്നതായി ഡൈക്ക് നിരീക്ഷിച്ചു. ചിലർക്കെങ്കിലും ശരീരഭാരത്തിൽ ലേശം വർധന പോലും ഉണ്ടായി. ഈ നിരീക്ഷണങ്ങൾ അദ്ദേഹത്തെ കൂടുതൽ ജിജ്ഞാസുവാക്കി.

യുദ്ധം അവസാനിക്കുന്നു

രണ്ടാംലോകമഹായുദ്ധം അവസാനിച്ചതോടെ ക്ഷാമത്തിനും അറുതിയായി. 1945 മെയ്മാസത്തിൽത്തന്നെ സഖ്യകക്ഷികളിൽ (Allied forces) നിന്ന് വന്ന ഗോതമ്പും ബ്രഡുംകൊണ്ട് നെതർലൻഡ്‌സിലെ കടകമ്പോളങ്ങൾ നിറഞ്ഞുതുടങ്ങി. ആ സമയത്താണ് വിസ്മയകരമായ ഒരു കാര്യം ഡൈക്ക് നിരീക്ഷിച്ചത്. സെലിയാക് രോഗം പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നു.

സെലിയാക് രോഗലക്ഷണങ്ങളും ഭക്ഷണവും തമ്മിലുള്ള ബന്ധം ആഴത്തിൽ പഠിക്കാൻ ഈ നിരീക്ഷണം ഡൈക്കിനെ പ്രേരിപ്പിച്ചു. അടുത്ത 5 വർഷങ്ങൾ ഗോതമ്പ് ഒഴിവാക്കിയ ആഹാരക്രമങ്ങളെ അടിസ്ഥാനമാക്കി അനേകം പരീക്ഷണങ്ങൾ ഡൈക്ക് നടത്തി. ഗോതമ്പും അതിനോട് സാമ്യമുള്ള ധാന്യങ്ങളും ഒഴിവാക്കിയ ഭക്ഷണം നൽകിയപ്പോൾ രോഗികളിൽ അതിസാരത്തിന് ശമനം ഉണ്ടാകുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്നതായി അദ്ദേഹം മനസ്സിലാക്കി. അവർ ക്രമേണ കൂടുതൽ ഉത്സാഹത്തോടെ ജീവിതത്തെ കാണാൻ തുടങ്ങി.

സെലിയാക് രോഗത്തെപ്പറ്റി ഇഴകീറി പഠിക്കാൻ തുനിഞ്ഞ ശാസ്ത്രജ്ഞരുടെ ഒരു സംഘത്തിന് സുപ്രധാനമായ ചില സൂചനകൾ ലഭിച്ചു. ഗ്ലൂട്ടെനിലെ ഗ്ലിയാഡിൻ (Gliadin) പ്രോട്ടീൻ ഘടകമാണ് കുടൽവീക്ക (bowel inflamation) ത്തിന് കാഞ്ചിവലിക്കുന്നതെന്ന് കാരോൾ സെമ്രാഡ് (Carol Semrad) എന്ന സെലിയാക് രോഗവിദഗ്ധൻ കണ്ടെത്തി. ചിക്കാഗോ യൂണിവേഴ്‌സിറ്റി, സ്‌കൂൾ ഓഫ് മെഡിസിൻ പ്രൊഫസർ ആയ അദ്ദേഹത്തിന്റെ വാക്കുകൾ:

”സെലിയാക് രോഗത്തിനുള്ള ആധുനിക ചികിത്സാവിധി – ഗ്ലൂട്ടെൻ ഒഴിവാക്കിയ ഭക്ഷണം (a glutenfree diet), അതിലേക്കാണ് ഈ കണ്ടെത്തലുകൾ നമ്മെ നയിക്കുന്നത്… കുടൽരോഗത്തിൽനിന്നും പരിപൂർണ്ണ മോചനം വളരെ കർക്കശമായ ഗ്ലൂട്ടെൻരഹിത ഭക്ഷണം ശീലമാക്കുകവഴി ഭൂരിപക്ഷം രോഗികൾക്കും നേടാം.”

ഗ്ലൂട്ടെൻരഹിത ലോകം

7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഡൈക്കിന്റെ കണ്ടുപിടിത്തം, സെലിയാക് രോഗചികിത്സയുടെ ആണിക്കല്ലായി തുടരുന്നു. പക്ഷേ, ചികിത്സയെ സംബന്ധിച്ച ചില പ്രശ്‌നങ്ങൾ തങ്ങിനിൽക്കുന്നുണ്ട്. ഗ്ലൂട്ടെൻരഹിത ഭക്ഷണം, സെലിയാക്‌രോഗ ചികിത്സയ്ക്ക് വളരെയധികം ഉതകും. എന്നാൽ, പാശ്ചാത്യരുടെ ഭക്ഷണവിധിയിൽ ഉൾപ്പെടുന്ന, ബ്രഡ്, പാസ്ത, പിസാ, ഡിസേർട്ട് (dessert), സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിലെല്ലാം ഗ്ലൂട്ടെൻ അടങ്ങിയിട്ടുണ്ട്.

ഗ്ലൂട്ടെൻരഹിത പെരുമാറ്റച്ചട്ടം പാലിക്കുകയെന്നത് ദുഷ്‌കരമാണ്. തീർത്തും ഗ്ലൂട്ടെൻ ഇല്ലാത്ത ഭക്ഷ്യപദാർഥങ്ങളുടെ ഉൽപാദനം ഏതാണ്ട് അസാധ്യമാണെന്ന് നിർമ്മാതാക്കൾ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് നവീന ചികിത്സാരീതികൾ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ ഗ്ലൂട്ടെനെ പൂർണ്ണമായും ദഹിപ്പിക്കാൻ കഴിയുന്ന ഒരു എൻസൈം വികസിപ്പിച്ചെടുക്കുന്നതിൽ ഗവേഷണം വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. മറ്റൊരു മാർഗം, ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു വാക്‌സിന്റെ കണ്ടുപിടിക്കലാണ്. ഈ രണ്ട് ശ്രമങ്ങളും വിജയംവരിക്കുമെന്ന പ്രതീക്ഷയാണ് കാരോൾ സെമ്രാഡ് വച്ചുപുലർത്തുന്നത്. അങ്ങനെ സംഭവിച്ചാൽ സെലിയാക് രോഗികൾക്ക് സാധാരണജനങ്ങൾ ഭക്ഷിക്കുന്നതെന്തും ഭയമില്ലാതെ ആസ്വദിക്കാൻ കഴിയും.

അതേസമയം, രോഗലക്ഷണമൊന്നും ഇല്ലാത്ത പലരും ഗ്ലൂട്ടെൻരഹിത ഭക്ഷണം ശീലമാക്കിയിട്ടുണ്ട്. അവർക്ക്, അതിനാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുമോയെന്നത് ഇപ്പോഴും വ്യക്തമല്ല. സെലിയാക് രോഗമില്ലാത്ത ചിലരും ഗ്ലൂട്ടെന് സെൻസിറ്റീവാണെന്ന് കണ്ടിട്ടുണ്ട്. അതിനെപ്പറ്റി കൂടുതൽ പഠിക്കാൻ ഗവേഷകർ തയ്യാറായിട്ടുണ്ട്. അവർ അനുഭവിക്കുന്ന കുടൽ അസ്വസ്ഥതകൾക്ക് കാരണം ഗ്ലൂട്ടെൻ തന്നെയാണോയെന്ന കാര്യത്തിലും സംശയം ഉണ്ട്.

മാരകരോഗം എന്ന സ്ഥാനത്തിൽനിന്നും ചികിത്സയ്ക്ക് വഴങ്ങുന്ന രോഗമെന്ന സ്ഥാനത്തേക്ക് സെലിയാക് രോഗത്തെ എത്തിച്ചത് മെഡിക്കൽ സയൻസിന്റെ വിജയമാണ്. വർഷങ്ങളോളം നീണ്ട, അനേകായിരം പേരുടെ ഗവേഷണ തപസ്യയാണ് ഈ വിജയത്തിനു കാരണം. അതിൽ നാം പ്രത്യേകം കടപ്പെട്ടിരിക്കുന്നത്, അതിജിജ്ഞാസുവായ ആ ഡച്ച് ശിശുരോഗവിദഗ്ധൻ ഡൈക്കിനോടാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ യുദ്ധം നടന്ന കാലത്ത്, പട്ടിണിശൈത്യത്തിന്റെ കറുത്ത ദിനങ്ങളിലാണ് ആ ശാസ്ത്രജ്ഞൻ തന്റെ ഗവേഷണങ്ങൾ നടത്തിയത് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.


ശാസ്ത്രഗതി ഓൺലൈനായി വരിചേരാം


അനുബന്ധ വായനയ്ക്ക്


Happy
Happy
25 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ‘നീരാളിത്തോട്ടം’ കണ്ടെത്തി
Next post ഇന്ന് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്
Close