Read Time:8 Minute

കെട്ടുകഥകൾ ശാസ്ത്ര സത്യങ്ങളല്ല

വീഡിയോ കാണാം

കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല

കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ പ്രാചീനകാലത്തേ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി. മനുഷ്യന്റെ ശരീരത്തിൽ ആനയുടെ തല പ്ലാസ്റ്റിക് സർജറി വഴി യോജിപ്പിച്ചാണ് ഗണപതിയെ നിർമിച്ചതുപോലും. ക്ലോണിംഗിന്റെ മികച്ച ഉദാഹരണമായി കൗരവരുടെ ജനനത്തെ ഉദ്ധരിക്കുന്നവരുമുണ്ട്.

യൂറോപ്പിൽ മതത്തിന്റെ പിടി അയഞ്ഞതുകൊണ്ട് എല്ലാ അറിവുകളും ബൈബിളിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഖുറാനിൽ ആധുനിക ശാസ്ത്രം കണ്ടെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല എന്നർഥം. പൗരോഹിത്യം എക്കാലത്തും ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഭീതിയോടെ കാണുകയും കപടശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ മതങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ഭൂരിപക്ഷവർഗീയതയ്ക്ക് ശക്തിപകരാൻ പതിന്മടങ്ങ് ഊർജത്തോടെയാണ് ഇപ്പോൾ കപടശാസ്ത്രങ്ങളെ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. 

തെരിയാൻത്രോപ്പുകൾ – ശിലാചിത്രങ്ങളും ശിൽപങ്ങളും

ഗണപതി ആരാണ്?

ശിലായുഗകാലം മുതൽ മനുഷ്യർ ആരാധിച്ചുപോന്ന തെരിയാന്ത്രോപ്പുകൾ എന്ന പേരിലുള്ള ദേവതകളുണ്ട്. നായാടിജീവിതത്തിനും കാടുകളിൽ പുതിയ ആവാസകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും തടസ്സമായി നിൽക്കുന്ന വന്യമൃഗങ്ങളെ ആരാധിക്കുന്ന രീതിയാണത്. ഇവയ്ക് മനുഷ്രരുടെ ഉടൽ നൽകിയാണ് ആരാധിക്കുന്നത്. കുതിരമനുഷ്യനായ സെന്റോർ, കാട്ടുപോത്തും മനുഷ്യനും ചേർന്ന മിനോട്ടോർ, നരസിംഹമായ സ്ഫിൻക്സ് എന്നവരെപ്പോലെയാണ് ഗണപതിയും എല്ലാവരും വിഘ്നേശ്വരന്മാരാണ്. വഴിക്കാവൽക്കാർ.

കാട്ടുപോത്തും മനുഷ്യനും ചേർന്ന മിനോട്ടോർ

തെരിയാൻത്രോപ്പുകൾ പ്ലാസ്റ്റിക് സർജറിവഴിയും മറ്റും രൂപപ്പെടുത്തി എന്നൊക്കെ പറയുന്ന മണ്ടത്തരമാണ്. അങ്ങനെയാണെങ്കിൽ ലോകമാസകലം ശിലായുഗം മുതൽ പ്ലാസ്റ്റിക്ക് സർജറി ഉണ്ടായിരുന്നു എന്നു പറയേണ്ടി വരും. ഇതു പോലെ സ്വയം ചിറകു ഘടിപ്പിച്ച് ആകാശത്ത് പറന്ന ഡെഡാലസ്സിന്റെ കഥ ഗ്രീക്കുകാർ പറയുന്നുണ്ട്. അതു കൊണ്ട് അവിടെ വിമാനമുണ്ടാക്കിയതായി ആരും പറയുന്നില്ല. എറിക് ഫോൺ ഡാനിക്കൻ (Erich von Däniken) എന്നയാൾ പ്രാചീനസ്മാരകങ്ങളെല്ലാം അന്യഗ്രഹജീവികളുടെ ആക്രമണങ്ങളെ തെളിയിക്കുന്നതായി വാദിച്ചിരുന്നു. ഭാഗ്യത്തിന് ശാസ്ത്രലോകം ഇത്തരം വാദങ്ങൾക്ക് ചെവികൊടുത്തിട്ടില്ല.

തല മാറ്റിവെക്കാനാകുമോ ?

വ്യക്തമായ കഴുത്തില്ലാത്ത ആനയുടെ തല എവിടം വെച്ചാവും അന്ന് ആ മഹാനായ പ്ലാസ്റ്റിക് സർജൻ മുറിച്ചെടുത്തിട്ടുണ്ടാവുക? വലിയ രക്തക്കുഴലുകൾ തുന്നിച്ചേർക്കാൻ ആയിരത്തി തൊള്ളായിരത്തിന്റെ തുടക്കത്തിൽ പോലും ലോകത്തെ സർജന്മാർക്ക് അറിയില്ലായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന സാദി കർനോട്ട് ഒരു പരിപാടിയിൽ പങ്കെടുക്കവെ 1894 ൽ കുത്തേറ്റിരുന്നു. അറ്റുപോയ പോർട്ടൽ വെയിൻ തുന്നിച്ചേർക്കാൻ ആകില്ല എന്നായിരുന്നു ആന്നത്തെ അവസ്ഥ. അദ്ദേഹം അതുകൊണ്ട് തന്നെ ആ മുറിവ് തുന്നിച്ചേർക്കാനാകാത്തത് മൂലം മരിച്ച് പോയി. അലെക്സി കാരൽ എന്ന യുവ സർജന് ഇതൊരു വലിയ ഷോക്കായിരുന്നു. അദ്ദേഹം രക്തക്കുഴലുകൾക്ക് നാശം വരാതെ കൃത്യമായി അടയും വിധം തുന്നിച്ചേർക്കാനുള്ള പ്രത്യേകരീതിയിലുള്ള തുന്നൽ വികസിപ്പിച്ചു. എംബ്രോയിഡറി വർക്കുകൾ ചെയ്യുന്നവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ത്രികോണ രീതിയിലുള്ള പ്രത്യേക തുന്ന്. അത് സർജറി രംഗത്തെ വലിയൊരു കുതിച്ച് ചാട്ടത്തിന് കാരണമായി. നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു. അവയവ മാറ്റങ്ങളുടെ സർജറികൾക്ക് വഴിമരുന്നിട്ടു. ഈ മഹത്തായ കണ്ട്പിടുത്തത്തിന് 1912 ലെ നോബേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. കൂടെ പ്രവർത്തിച്ചിരുന്ന, വാഷിങ്ടൻ യൂനിവേർസിറ്റിയിലെ ഫിസിയോളജി- ഫാർമക്കോളജി പ്രഫസർ ആയിരുന്ന ചാൾസ് ക്ലോഡ് ഗത്രി ആയിരുന്നു വാസ്കുലാർ സർജറിയിലെ ആ മഹത്തായ കണ്ടുപിടുത്തങ്ങൾക്ക് നേരവകാശി എന്നും പറയപ്പെടുന്നു. പക്ഷെ അദ്ദേഹത്തെ അന്ന് നൊബേൽ സമ്മാനത്തിന് പരിഗണിക്കാതിരുന്നത് അദ്ദേഹം നടത്തിയ തലമാറ്റിവെക്കൽ പരീക്ഷണങ്ങളോട് മൃഗസ്നേഹികൾ വലിയ എതിർപ്പു പ്രകടിപ്പിച്ചിരുന്നതിനാലാണ്.

1908 ൽ ഇവർ രണ്ടുപേരും കൂടി ഒരു നായയുടെ തല മുറിച്ചെടുത്ത് വേറൊരു നായയിൽ അതിന്റെ തല മാറ്റാതെ തുന്നിപ്പിടിപ്പിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു. തുന്നിപ്പിടിപ്പിച്ച തല ആദ്യമൊക്കെ ചില പ്രതികരണങ്ങൾ കാണിച്ചെങ്കിലും കുറച്ച് സമയം കൊണ്ട് നിലച്ചു. മൃഗത്തെ മണിക്കൂറുകൾക്കകം കൊന്നുകളഞ്ഞു. ഈ ഒരു പരീക്ഷണത്തിനെതിരെ ആണ് മൃഗസ്നേഹികൾ വലിയ പുകിലുകൾ ഉണ്ടാക്കിയത്. പക്ഷെ ഇവരുടെ പരീക്ഷണങ്ങളാണ് പിന്നീട് കരൾ, കിഡ്നി, ഹൃദയം ഒക്കെ മാറ്റിവെക്കാനുള്ള വഴി തുറന്നത്. എന്തായാലും മനുഷ്യന് ഒരു ആനയുടെ തല ഫിറ്റ് ചെയ്യാനുള്ള സർജറി അടുത്ത കാലത്തൊന്നും ചെയ്യാനാവില്ല.

ഇന്ത്യയിൽ ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന അസംബന്ധങ്ങളെ തിരസ്കരിക്കേണ്ടതാണ്. വിശ്വാസം കൊണ്ടു ശാസ്ത്രസത്യങ്ങളെ തിരസ്കരിക്കാമെന്ന ധാരണ പ്രാകൃതകാലത്തിലേക്കുള്ള തിരിച്ചു പോക്കാണ്.


കടപ്പാട് : ഡോ.കെ.എൻ. ഗണേഷ്, വിജയകുമാർ ബ്ലാത്തൂർ എന്നിവരുടെ ഫേസ്ബുക്ക് കുറിപ്പ്


ലേഖനം വായിക്കാം

ശാസ്ത്രം കെട്ടുകഥയല്ല -ലഘുലേഖ

പോസ്റ്ററുകൾ


ശാസ്ത്രവും ശാസ്ത്രബോധവും


Happy
Happy
54 %
Sad
Sad
13 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
13 %

Leave a Reply

Previous post പുരുഷന്മാർക്കും മുലയൂട്ടാം…
Next post ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Close