കോവിഡ് 19 നെതിരെയുള്ള നമ്മുടെ പ്രതിരോധത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും ഇത്തരം വ്യാജപ്രചരണങ്ങളിൽ പ്രചരിപ്പിക്കുന്നവരും അതിൽ വിശ്വസിക്കുന്നവരും ഉണ്ട് എന്നത് വലിയ വെല്ലുവിളിയാണ്.
ക്ഷാരസ്വഭാവമുള്ള പഴങ്ങൾ നൽകുന്ന അത്ഭുത കോവിഡ്പ്രതിരോധശേഷി! – ഒരു പച്ചനുണ
ചില പഴവർഗങ്ങൾ ധാരാളമായി കഴിച്ച് കോവിഡ് രോഗം തടയാമോ? അങ്ങനെയുമുണ്ട് പുതിയൊരു ‘അർബൻ മിത്ത്’. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ വളരെ നന്നായിരുന്നു! കോവിഡിനോടനുബന്ധിച്ച് വ്യാജസന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ധാരാളമായി ലോകമെങ്ങും പരന്നിട്ടുണ്ട്. ഇപ്പോഴും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നു. സാങ്കേതികപദങ്ങളും അർദ്ധസത്യങ്ങളും പരിപൂർണവ്യാജവിവരങ്ങളും കൂട്ടിച്ചേർത്ത് ശാസ്ത്രീയത അവകാശപ്പെടുകയും പ്രചരിപ്പിക്കയും ചെയ്യുക എന്നതാണ് ഒരു പ്രധാന രീതി. അത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വ്യാജസന്ദേശമാണിവിടെ പരിശോധിക്കുന്നത്. ചില പഴവർഗങ്ങൾ സ്ഥിരമായി കഴിച്ചാൽ കോവിഡിനെ തടയാം എന്നതായിരുന്നു പ്രചാരണത്തിന്റെ ചുരുക്കം. കാരണമായി പറയുന്നത് കൊറോണവൈറസ് അമ്ലസ്വഭാവമുള്ളതാണ്, അത്‌കൊണ്ട് ക്ഷാരസ്വഭാവമുള്ള പഴങ്ങൾ കഴിച്ച് വൈറസിനെ നേരിടാമെന്നാണ്. നിർദ്ദേശിക്കപ്പെട്ട പഴങ്ങൾ കഴിച്ചാൽ ശരീരത്തിന്റെ പി. എച്ച്. മൂല്യം ക്ഷാരസ്വഭാവത്തിന്റെ പരിധിയിലേക്ക് മാറും. അപ്പോൾ കൊറോണാ വൈറസ്സിന് ശരീരത്തിൽ നിലനില്ക്കാനാവാതെ വരും, അങ്ങനെ രോഗബാധ ഒഴിവാകുമെന്നാണ് അവകാശവാദം.
ചെറുനാരങ്ങ, മധുരനാരങ്ങ, അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്, ഡാൻഡിലിയോൺ തുടങ്ങിയ പഴവർഗങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊറോണാവൈറസിന്റെ പി എച്ച് ആറിൽ താഴെയെന്നാണ് പറയുന്നത്. ചെറുനാരങ്ങയുടേത് എട്ടിന് മുകളിലെന്നും, മധുരനാരങ്ങയുടേത് അതിന് മുകളിലും, അവക്കാഡോയുടേത് പതിനഞ്ചും ഡാൻഡിലിയോണിന്റേത് ഇരുപത്തിരണ്ടും ആണെന്നാണ് അവകാശപ്പെടുന്നത്. ഇപ്പറഞ്ഞ പരിധിക്കുള്ളിൽ വരുന്ന കുറേപ്പഴങ്ങളെക്കുറിച്ചും പറയുന്നുണ്ട്. പി എച്ച് ഉയർന്ന പഴങ്ങൾ കഴിച്ചാൽ മതി കോവിഡിനെ അകറ്റാമെന്നാണ് ചുരുക്കം. അപ്പോൾ കൊറോണ വൈറസിന് ശരീരത്തിൽ വളരാൻ കഴിയില്ല, അവ നശിച്ചു പോകും, അങ്ങനെ ഈ രോഗത്തെ തടയാം എന്നാണ് പറയുന്നത്.
പി.എച്ച് സ്‌കെയിൽ
രോഗത്തിന്റെ സങ്കീർണതയും, ചില പഴങ്ങൾ കഴിച്ച് അതൊക്കെ നേരിടാനാവുമോ എന്നതും അവിടെ നില്‍ക്കട്ടെ. ആദ്യം പി എച്ച് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. ജലലായനികളുടെ അമ്ലത അല്ലെങ്കിൽ ക്ഷാരതയുടെ അളവുകോലാണ് പി. എച്ച്. അമ്ലം എന്നാൽ ആസിഡും ക്ഷാരം എന്നാൽ ബേസ് അഥവാ ആൽക്കലിയുമാണ്. ബേസ്, ആൽക്കലി എന്നീ സംജ്ഞകൾ തമ്മിൽ സാങ്കേതികമായി ചെറിയ വ്യത്യാസമുണ്ട്. അതിലേക്ക് കടക്കേണ്ട കാര്യമില്ല. ആദ്യകാലത്ത് രുചിയാണ് അമ്ലവും ക്ഷാരവും വർഗ്ഗീകരിക്കാൻ മാനദണ്ഡമാക്കിയിരുന്നത്. അമ്ലഗുണം എന്ന് പറയുന്നത് പുളിരസം എന്നും ക്ഷാരഗുണം എന്ന് പറഞ്ഞാൽ കയ്പ് അല്ലെങ്കിൽ ചവർപ്പ് എന്നുമാണ് അർത്ഥമാക്കിയിരുന്നത്. ആധുനികശാസ്ത്രശാഖ എന്ന നിലയിൽ കെമിസ്ട്രിയുടെ ഉദയത്തിന് എത്രയോ മുമ്പ് തന്നെ മനുഷ്യർ ഇങ്ങനെയുള്ള നിരീക്ഷണങ്ങളും വർഗ്ഗീകരണങ്ങളും ആരംഭിച്ചിരുന്നു. ഇപ്പോൾ അമ്ലക്ഷാരവർഗീകരണത്തിന് നിയതമായ സാങ്കേതിക മാനദണ്ഡങ്ങളും നിർവചനങ്ങളുമൊക്കെയുണ്ട്. സാങ്കേതികവിശദാംശങ്ങളിലേക്ക് കടക്കുന്നില്ല ഈ ഗുണങ്ങളുള്ള ധാരാളം വസ്തുക്കൾ നിത്യജീവിതത്തിൽ കാണാറുണ്ട്. നമ്മുടെ ഭക്ഷണ പദാർത്ഥങ്ങളിൽ അമ്ലതയുള്ള പലവസ്തുക്കളുണ്ട്; കാർബണിക അഥവാ ഒർഗാനിക് അമ്ലങ്ങളാണ് മിക്കവയും. സസ്യങ്ങളിൽ നിന്നോ ജന്തുക്കളിൽ നിന്നോ ലഭിക്കുന്നത് എന്ന് മനസ്സിലാക്കാമെങ്കിലും കൃത്യമായി അങ്ങനെ വേണമെന്നില്ല. ലബോറട്ടറികളിൽ അവ മിക്കവയും നിർമിക്കാൻ കഴിയും. കാർബൺ മൂലകം അടങ്ങിയിട്ടുള്ളവ എന്നും മനസ്സിലാക്കാം. ചില ഉദാഹരണങ്ങൾ കാണാം. അസറ്റിക് ആസിഡ് എന്ന അമ്ലത്തിന്റെ നേർത്ത ലായനിയാണ് വിനാഗിരി എന്ന് പറയുന്നത്. നാരങ്ങാ വർഗത്തിലെല്ലാം ഉള്ള അമ്ലമാണ് ‘സിട്രിക് ആസിഡ്’. അസ്‌കോർബിക് ആസിഡ് ‘വൈറ്റമിൻ സി’യാണ്. അത് ഒട്ട് മിക്ക പഴവർഗ്ഗങ്ങളിലുമുണ്ട്. ചിലയിനം എറുമ്പുകളിൽ കാണപ്പെടുന്ന അമ്ലമാണ് ഫോമിക് ആസിഡ്. റബ്ബർ പാൽ ഉറഞ്ഞ് ഷീറ്റ് രൂപത്തിൽ ലഭിക്കാൻ ചേർക്കുന്നത് ഇതിന്റെ ലായനിയാണ്. പുളിയിലും മുന്തിരിയിലുമൊക്കെ ടാർടാറിക് ആസിഡ് ഉണ്ട്. ഇനോർഗാനിക് അമ്ലങ്ങൾ, മിനറൽ അമ്ലങ്ങൾ എന്നൊക്കെ പറയുന്നവ മിനറൽ ധാതുക്കളിൽ നിന്ന് ഉത്പതിപ്പിക്കപ്പെടുന്നവയാണ്. ഹെഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് ഒക്കെ ഉദാഹരണങ്ങളാണ്. ഓർഗാനിക് അമ്ലങ്ങളും മിനറൽ അമ്ലങ്ങളും താരതമ്യപ്പെടുത്തിയാൽ പൊതുവേ മിനറൽ അമ്ലങ്ങൾക്കാണ് വീര്യം കൂടുതൽ. അതായത് ഒരേ ഗാഢതയുള്ള അസറ്റിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും എടുത്താൽ വീര്യം കൂടുതൽ രണ്ടാമത്തേതിനാവും. ഒരേ ആസിഡിന്റെ തന്നെ പല ഗാഢതയുള്ള ലായനികളും സാധ്യമാണ്. അപ്പോൾ ഗാഢത വർദ്ധിക്കുന്നതനുസരിച്ച് അമ്ലസ്വഭാവം അഥവാ വീര്യം കൂടും. കാർബൺ ഡയോക്‌സൈഡ് വെള്ളത്തിൽ ലയിക്കുമ്പോൾ കിട്ടുന്നതാണ് കാർബോണിക് ആസിഡ്; ഇത് വീര്യം കുറഞ്ഞ അമ്ലമാണ്. ‘സോഡയെന്ന്’ വിളിക്കുന്ന പാനീയം ഇത് തന്നെയാണ്.
ഇനി ക്ഷാര സ്വഭാവമുള്ള പരിചിത വസ്തുക്കളിലേക്ക് വരാം. അമോണിയ ലായനി ക്ഷാര സ്വഭാവം ഉള്ളതാണ്. സോഡിയം കാർബണേറ്റാണ് അലക്കുകാരം, സോഡിയം ബൈകാർബണേറ്റ് അഥവാ സോഡിയം ഹൈഡ്രജൻ കാർബണേറ്റാണ് ബേക്കിങ്ങ് സോഡ. ഇവ രണ്ടും ക്ഷാരസ്വഭാവമുള്ളവയാണ്. അതീവക്ഷാരസ്വഭാവമുള്ള സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി ‘സോഡാലായനി’ എന്നാണറിയപ്പെടുന്നത് (പാനീയമായി ഉപയോഗിക്കുന്ന ‘സോഡാ’ വ്യത്യസ്തമാണ്, അത് അമ്ലസ്വഭാവമുള്ളതാണെന്ന് മുൻപ് പറഞ്ഞിരുന്നുവല്ലോ). ചില ഓർഗാനിക് സംയുക്തങ്ങൾ ക്ഷാരസ്വഭാവം കാണിക്കാറുണ്ട്. പല പച്ചക്കറികളിലും ഇലക്കറികളിലും നേരിയ ക്ഷാരസ്വഭാവമുള്ള ഓർഗാനിക് സംയുക്തങ്ങൾ കാണാറുണ്ട് ഇവയുടെ ക്ഷാരത മുൻപറഞ്ഞ ക്ഷാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. മുൻപറഞ്ഞവയിൽ തന്നെ അമോണിയാ ലായനിയും സോഡിയം ഹൈഡ്രോക്‌സൈഡ് ലായനിയും (ഒരേ ഗാഢതയുള്ള) താരതമ്യപ്പെടുത്തുമ്പോൾ, അമോണിയയേക്കാൾ വളരെ വീര്യം കൂടിയ ക്ഷാരമാണ് സോഡിയം ഹൈഡ്രോക്‌സൈഡ്. സോഡിയം കാർബണേറ്റിനും സോഡിയം ബൈകാർബണേറ്റിനും സോഡിയം ഹൈഡ്രോക്‌സൈഡിനേക്കാൾ ക്ഷാരത കുറവാണ്.
ജലലായനികളുടെ കാര്യത്തിലാണ് പി. എച്ച്. സ്‌കെയിൽ എന്ന അളവ്‌കോൽ പ്രാവർത്തികമാകുന്നത്. അമ്ലസ്വഭാവമോ ക്ഷാരസ്വഭാവമോ ഉള്ള വസ്തുക്കൾ ജലത്തിൽ ലയിച്ചാൽ കിട്ടുന്ന ലായനിയുടെ അമ്ലത അഥവാ ക്ഷാരത എത്രയുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരളവുകോലാണ് പി.എച്ച് സ്‌കെയിൽ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സോറൻ സോറൻസൺ എന്ന രസതന്ത്രജ്ഞനാണ് ഈ സ്‌കെയിൽ ആവിഷ്‌കരിച്ചത്. ‘പൊട്ടൻസ് ഹൈഡ്രജൻ’ എന്നതാണ് പി എച്ച്. ഹൈഡ്രജൻ അയോണുകളുടെ പൊട്ടൻസി അതിന്റെ ഗാഢതയുടെ അളവിനെ ആസ്പദമാക്കിയുള്ള ഒരു സ്‌കെയിലാണ്. സാധാരണ അന്തരീക്ഷ ഊഷ്മാവിലുള്ള (സാധാരണ അന്തരീക്ഷ ഊഷ്മാവ് അതായത് റൂം ടെമ്പറേച്ചച്ചർ എന്ന് പറയുന്നതിന്് കെമസ്ട്രിയൽ ഒരു നിശ്ചിതസ്റ്റാൻഡേർഡ് ഉണ്ട്, 25 ഡിഗ്രി സെൽഷ്യസ് ആണത്) ശുദ്ധജലം എുെത്താലും, അതിലെ എകദേശം അഞ്ചരക്കോടി തന്മാത്രയിലൊരെണ്ണം (ഒരു ലിറ്ററിൽ 10-7 മോൾ എന്നാണ് കൃത്യം കണക്ക്. ഒരു ലിറ്ററിൽ ഏകദേശം 55.5 മോൾ ജലമുണ്ടാകും) അയോണുകളായി വിഘടിക്കും. ചാർജ്ജുള്ള കണങ്ങളാണ് അയോണുകൾ. ഹൈഡ്രജൻ അയോണും (H+), ഹൈഡ്രോക്‌സൈഡ് അയോണും (OH-) ആയിട്ടാണ് വിഘടിക്കുന്നത്. ശുദ്ധജലത്തിൽ ഇവ തുല്യ അളവിൽ ആയിരിക്കും. അമ്ലങ്ങളുടെ സ്വഭാവമാണ് ഹൈഡ്രജൻ അയോണുകൾ ഉല്പാദിപ്പിക്കുക എന്നത്. അമ്ലലായനിയിൽ ഹൈഡ്രജൻ അയോണുകകളുടെ അളവ് കൂടും. അതനുസരിച്ച് ഹൈഡ്രോക്‌സൈഡ് അയോണുകകളുടെ അളവ് കുറയും. ക്ഷാരലായനികളിൽ നേരെ തിരിച്ചും. ഹൈഡ്രജൻ അയോണുകളുടെ ഗാഢതയുടെ അളവിന്റെ ലോഗരിതത്തെ അടിസ്ഥാനമാക്കിയാണ് സോറൻസൺ പി എച്ച് സ്‌കെയിൽ രൂപീകരിച്ചത്്. ഗണിതപരമായ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. സാമന്യേന സ്‌കെയിൽ.പൂജ്യം മുതൽ പതിനാല് വരെയാണ.് ശുദ്ധജലത്തിന്റെ പി.എച്ച്, മിഡ്‌പോയിന്റായ ഏഴാണ്. അമ്ലഗുണമോ ക്ഷാരഗുണമോ ഇല്ല. ചില ലായനികൾക്കും പി.എച്ച് ഏഴ് വരാം. ഉദാഹരണമായി പഞ്ചസാരയുടെയും ഉപ്പിന്റെയും ലായനികൾ. സോഡിയം ക്ലോറൈഡ് അഥവാ ഉപ്പിന് അമ്ലസ്വഭാവമോ ക്ഷാരസ്വഭാവമോ ഇല്ല. പക്ഷേ അമ്ലസ്വഭാവവമോ ക്ഷാരസ്വഭാവമോ ഉള്ള വസ്തുക്കൾ ലയിച്ചാൽ പി. എച്ചിന് വ്യത്യാസം വരും. അമ്ലങ്ങൾക്ക് ഏഴിൽ താഴെയും ക്ഷാരങ്ങൾക്ക് ഏഴിൽ കൂടുതലും ആയിരിക്കും. അമ്ലസ്വഭാവം കൂടിവരുന്നതനുസരിച്ച് പി എച്ച് ഏഴിൽനിന്ന് താഴേക്ക് വരും. അതായത് പി. എച്ച്. മൂല്യം അഞ്ച് ഉള്ള ലായനിക്ക്, ആറ് മൂല്യമുള്ള ലായനിയേക്കാൾ അമ്ലത കൂടുതലാണ്. ഉപയോഗിക്കുന്ന ആസിഡിന്റെ ഗാഢത പത്ത് മടങ്ങാകുമ്പോഴാണ്് പി എച്ച് ഒരു യൂണിറ്റ് വ്യത്യാസം വരുന്നത്. അതായത് ആറിൽ നിന്ന് അഞ്ചിലേക്കോ അഞ്ചിൽ നിന്ന് നാലിലേക്കോ എത്തുന്നത്. അതാണ് സ്‌കെയിലിന്റെ പ്രത്യേകത. ഇങ്ങനെ താഴേക്ക് പൂജ്യം വരെ എത്താം. അത്‌പോലെ ഒരു ലായനിയുടെ ക്ഷാരസ്വഭാവം വർദ്ധിക്കുന്നതനുസരിച്ച് പി എച്ച് ഏഴിൽ നിന്ന് മുകളിലേക്ക് പോയി പതിനാല് വരെ എത്താം. ജലലായനികൾക്ക് മാത്രമാണ് ഈ സ്‌കെയിൽ പ്രയോഗക്ഷമമാകുന്നത്. കാരണം ജലത്തിന്റെ അയോണുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്‌കെയിൽ രൂപീകരിച്ചിരിക്കുന്നത്്. സൈദ്ധാന്തികമായി സ്‌കെയിൽ പൂജ്യത്തിന് താഴേക്കും പതിനാലിന് മുകളിലേക്കും പോകാം. പക്ഷേ സാധാരണഗതിയിൽ പ്രകൃതിയിൽ 0-14 റേഞ്ചിന് പുറത്തേക്കുള്ള വസ്തുക്കൾ നമ്മൾ നേരിടാറില്ല. വളരെ ഉയർന്ന ഗാഢതയിൽ അമ്ലമോ ക്ഷാരമോ ആ രീതിയിൽ പി എച്ച് മൂല്യം കാണിക്കാം. പക്ഷേ വളരെ ഉയർന്ന ഗാഢതയിൽ അയോണുകളായി വിഘടിക്കുന്നതിൽ ചില സങ്കീർണതകളൊക്കെയുണ്ട്്. അത് തത്കാലം പരിഗണിക്കേണ്ട കാര്യമില്ല.
ഇനി മുൻപ് പറഞ്ഞ വ്യജസന്ദേശത്തിലെ പഴവർഗങ്ങളുടെ കാര്യമെടുക്കാം. അവിടെ പറയുന്നതനുസരിച്ച് ചെറുനരങ്ങായുടെ പി എച്ച്. എട്ട് ആണ്, ഓറഞ്ചിന് അതിലുമധികം. അവക്കാഡോയുടേത് പതിനഞ്ചും, ഡാൻഡിലിയോണിന് ഇരുപത്തിരണ്ടുമാണ്്. സാധാരണ സ്‌കെയിലിന് പുറത്തേക്ക് പോയെന്നർത്ഥം. ഒർഗാനിക് വസ്തുക്കളുടെ കാര്യത്തിൽ അതിന് സാധ്യതയില്ല. എങ്കിലും സൈദ്ധാന്തികമായി ആ സാദ്ധ്യത പരിശോധിക്കാം. ഉദാഹരണമായി സോഡിയം ഹൈഡ്രോക്‌സൈഡ് എന്ന് പറയുന്ന സോഡാലായനിയുടെ കാര്യമെടുക്കാം. 40 ഗ്രാം സോഡിയം ഹൈഡ്രോക്‌സൈഡ് വെള്ളത്തിൽ ലയിപ്പിച്ച് ഒരു ലിറ്റർ ലായനി ഉണ്ടാക്കിയാൽ, അതിന്റെ പി എച്ച് 14 ആയിരിക്കും. 13 മതിയെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ ഇതിന്റെ പത്തിലൊന്ന് എടുത്താൽ മതി. അതായാത് നാല് ഗ്രാം. സാങ്കേതികമായി പറഞ്ഞാൽ സോഡിയം ഹൈഡ്രോക്‌സൈഡിന്റെ ഒരു ‘ഇക്വലന്റ് മാസ്’ ആണ് നാല്പത് ഗ്രാം. പൊതുവേ കുറേക്കൂടിപരിചയമുള്ള സോഡിയം കാർബണേറ്റിന്റെ അതായത് അലക്കുകാരത്തിന്റെ കാര്യമെടുക്കാം. 53 ഗ്രാമാണ് അതിന്റെ ‘ഇക്വലന്റ് മാസ്’. പക്ഷേ 53 ഗ്രാം സോഡിയം കാർബണേറ്റ് വെള്ളത്തിൽ അലിയിച്ച് ഒരു ലിറ്റർ ലായനി ഉണ്ടാക്കിയാൽ അതിന്റെ പി എച്ച് 14 ആവില്ല.. കാരണം ക്ഷാരം എന്ന നിലയിൽ അതിന്റെ വീര്യം സോഡിയം ഹൈഡ്രോക്‌സൈഡിനേക്കാൾ കുറവാണ്. ആ വ്യത്യാസം പരിഗണിക്കാതെ പി എച്ച് 14 എന്ന് സൌകര്യപൂർവം സങ്കല്പ്പിക്കാം. അങ്ങനെയാണെങ്കിൽ പി എച്ച് പതിമൂന്ന് മതിയെങ്കിൽ ഇതിന്റെ പത്തിലൊന്ന് മതി. പി എച്ച് 15 വേണമെങ്കിൽ പത്തിരട്ടി വേണം ഒരു ലിറ്റർ ലായനിക്ക്. അതായത് 530 ഗ്രം. ഇനി 22-ൽ എത്തിക്കാൻ എത്ര സോഡിയം കാർബണേറ്റ് വേണമെന്ന് നോക്കാം. പി എച്ച് ഒരോ യൂണിറ്റ് വർദ്ധിപ്പിക്കാൻ ഗാഢത പത്ത് മടങ്ങ് വീതം വർദ്ധിപ്പിക്കണം. 14-ൽ നിന്ന് 22-ൽ എത്തിക്കാൻ സോഡിയം കാർബണേറ്റിന്റെ അളവ് പത്ത് കൊണ്ട് എട്ട് തവണ പെരുക്കണം. അപ്പോൾ നമ്മുടെ സോഡിയം കാർബണേറ്റിന്റെ അളവ് 530 കോടി ഗ്രാം ആവുന്നു. അതായത് അരക്കോടി കിലോ ഗ്രാമിലധികം. അത്രയധികം ലീനപദാർത്ഥം ഒരു ലിറ്റർ ലായനിയിലുണ്ടാവണം. എങ്കിൽ മാത്രമേ പി എച്ച് 22 ആവുകയുള്ളൂ. ഇത്ര ഭീമമായ അളവ് ലയിക്കില്ല എന്ന് പറയേണ്ട കാര്യമില്ല. എത്ര വലിയ അസംബന്ധമാണ് പി എച്ച് 22 എന്നൊക്കെ പറയുന്നത്? അങ്ങനെ ഒരു പി.എച്ചിലേക്ക് എത്തിക്കാൻ കഴിയില്ല. പി എച്ച് 14 ഉള്ള സോഡിയം കാർബണേറ്റിന്റേയോ സോഡിയം ഹൈഡ്രോക്‌സൈഡിന്റേയോ ബേക്കിങ്ങ് സോഡയുടെയോ ലായനിയുടെ കാര്യമെടുക്കാം. ആ ഗാഢതയിൽ പോലും അത് കുടിക്കാൻ കഴിയില്ല, രുചി അസഹനീയമാവും. ബേക്കിങ്ങ് സോഡാ മരുന്നായി ഉപയോഗിക്കാറുണ്ട്. വയറിൽ അമ്ലത കൂടുന്ന പ്രശ്‌നമുള്ളപ്പോഴും മറ്റ് ചില രോഗാവസ്ഥയിലും ഉപയോഗിക്കാറുണ്ട്. നേർത്ത ലായനിയായൊ ചെറുഗുളികകളുടെ രൂപത്തിലോ ആണുപയോഗിക്കുന്നത്. വളരെ ചെറിയ അളവിലാണ് അത് കഴിക്കുന്നത്. എന്തായാലും ഉയർന്ന ഗാഢതയിൽ ക്ഷാരതയുള്ള വസ്തുക്കൾ നമുക്ക് കഴിക്കാൻ കഴിയില്ല എന്നത് വളരെ വ്യക്തമാണ്.
പഴങ്ങളുടെ പി എച്ച്
പഴവർഗങ്ങളുടെ കാര്യമെടുത്താൽ എതാണ്ടെല്ലാം തന്നെ ഏറിയും കുറഞ്ഞും അമ്ലസ്വഭാവമുള്ളതാണ്. പഴങ്ങളിലെല്ലാം വൈറ്റമിൻ സിയും മറ്റ് പല അമ്ലങ്ങളും ഘടകങ്ങളായുണ്ട്. ചെറുനാരങ്ങയുടെ പി എച്ച് മൂല്യം ഏകദേശം രണ്ടും ഓറഞ്ചിന്റേത് ഏശദേശം നാലുമാണ്. ബട്ടർഫ്രൂട്ടും ഡാൻഡിലിയോണും കുറഞ്ഞ അമ്ലസ്വഭാവമുള്ളത് തന്നെയാണ്. പി എച്ച് ഏഴിൽ താഴെയാണ്. ബട്ടർ ഫ്രൂട്ടിന്റേത് ഏകദേശം 6.5 ആണ്. ഇവയിലൊക്കെ ജലാംശം അധികമായുള്ളത് കൊണ്ടാണ് പിഎച്ച് സ്‌കെയിലിന് സാംഗത്യമുള്ളത്. അപ്പോൾ അവാസ്തവവും അസംബന്ധവുമായ കാര്യങ്ങളാണ് വ്യാജസന്ദേശത്തിൽ നല്കിയിരുന്നെതെന്ന് വ്യക്തം.
വൈറസിന് പി എച്ച്?
ഇനി വൈറസിന്റെ പി എച്ചിലേക്ക് വരാം. കൊറോണാവൈറസിന് പി എച്ച് മൂല്യമൊന്നും സങ്കൽപ്പിക്കാൻ ആവില്ല. ദ്രവാവസ്ഥയിലോ കുഴമ്പ് രൂപത്തിലോ ജെൽ രൂപത്തിലെങ്കിലുമോ നിലനില്ക്കുന്ന ധരാളം ജലാംശമുള്ള വസ്തുവിന് മാത്രമേ പി എച്ച് കണ്ടെത്താനാവൂ, സംഗത്യമുള്ളൂ. ജനിതക വസ്തുവായ ആർ എൻ ഏയും അല്പം കൊഴുപ്പ് കലർന്ന ഒരു പ്രോട്ടീൻ കവചവുമാണ് യഥാർത്ഥത്തിൽ കൊറോണാ വൈറസ് കണം. വളരെ ചുരുക്കമായി ജലതന്മാത്രകളുണ്‌ടെങ്കിലായി എന്നേയുള്ളൂ. ഒരു പി.എച്ച് മൂല്യം കൽപ്പിക്കാൻ പറ്റിയ ഒരു വസ്തുവല്ല വൈറസ്.
സമസ്ഥാപനം (homeostasis)
മനുഷ്യശരീരത്തിത്തിന്റെ കാര്യമെടുത്താൽ എല്ലായിടത്തും ഒരുപോലെ അല്ല പി.എച്ച്. രക്തത്തിന് അല്പം ക്ഷാരസ്വഭാവമാണുള്ളത്. 7.3 മുതൽ 7.4 വരെ ചെറിയ ഒരു പരിധിക്കുള്ളിൽ ആണ് വരുന്നത്. എന്നാലേ ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങൾ ശരിയായി നടക്കൂ. രക്തത്തിന്റെ ജൈവധർമം നടക്കണമെങ്കിൽ പി എച്ച് ഈ റേഞ്ചിൽ തന്നെ നില്‍ക്കണം. അല്ലെങ്കിൽ ജീവനപകടമെന്നാണർത്ഥം. സോഡിയം കാർബണേറ്റും ചില എൻസൈമുകളുമൊക്കെ ചേർന്നാണ് പി എച്ച് ബാലൻസ് നിലനിർത്തുന്നത്
അന്നപഥത്തിന്റെ കാര്യമെടുക്കാം. ആമാശയത്തിനുള്ളിൽ നല്ല അമ്ലസ്വഭാവമാണുള്ളത്. 1.5 മുതൽ 3.5 വരെയാണ് പി എച്ച് റേഞ്ച്. ഭക്ഷണം ദഹിക്കാൻ ഈ പരിധി ആവശ്യമാണ്. ആമാശയത്തിലെ ദഹനരസത്തിൽ ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ക്ലോറൈഡും ഒക്കെയുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പി.എച്ച് കുറയും, അമ്ല സ്വഭാവം കൂടും, കൂടുതൽ ആസിഡ് ഉല്പാദിപ്പിക്കും. ഭക്ഷണം ഇല്ലാത്തപ്പോൾ പി.എച്ച് കുറച്ച് ഉയരും. 3.5 വരെ എത്താം. അല്പം ക്ഷാരസ്വഭവമുള്ള പിത്തരസമാണ് ചെറുകുടലിലെ പ്രധാനദ്രവം. ചെറുകുടൽ ആമാശയവുമായി ചേരുന്ന ഭാഗമായ ‘ഡുവോഡിനത്തിൽ’ പി എച്ച് ഏകദേശം 6 ആവും. പിന്നീട് അത് കൂടി കൂടി വന്ന് ഏഴിലേക്കും, അവിടെ നിന്ന് പിന്നെ 7.4 – 7.5 വരയൊക്കെ എത്തും.. വൻകുടലിൽ എത്തുമ്പോൾ അവിടെ ദഹന പ്രക്രീയ ഇല്ല. അവിടെ മറ്റ് കാരണങ്ങളാൽ ചെറിയൊരു അമ്ല സ്വഭാവം ഉണ്ടാവും. പി എച്ച് ഏഴിനല്പം താഴെയെത്തും.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ നിയതമായ പി എച്ച് റേഞ്ച് ഉണ്ട്. ജീവൻ എന്ന പ്രക്രീയക്ക് ആവശ്യമായ സമസ്ഥാപനത്തിന്റെ ഭാഗമാണിത്. ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിലെ പി എച്ച് അങ്ങനെ മാറിപ്പോകില്ല. ഓരോ ഭാഗത്തും നിയതമായ റേഞ്ചിനുള്ളിലുള്ള വ്യതിയാനങ്ങൾ മാത്രമേ വരൂ. അതിനുതകുന്ന ശരീരിക പ്രക്രീയകൾ സമസ്ഥാപനത്തിന്റെ ഭാഗമാണ്. വലിയ വ്യതിയാനങ്ങൾ മരണത്തിലേക്ക് നയിക്കാവുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. കിഡ്‌നിയിലൂടെ അരിച്ച് മാറ്റുന്ന മൂത്രത്തിന് സാധാരണ ഗതിയിൽ അമ്ലസ്വഭാവമാണുള്ളത്. ശരീരത്തിന്റെ പി എച്ച് നിലനിർത്തുന്നതിൽ കിഡ്‌നിക്കും പങ്കുണ്ടെന്ന് വ്യക്തമാണ്. ക്ഷാരസ്വഭാവമുള്ള ഭക്ഷണം അധികം കഴിച്ചാൽ മൂത്രത്തിന്റെ പി എച്ചിൽ കുറച്ച് വ്യത്യാസം ഉണ്ടാകും. ക്ഷ>രസ്വഭാവമുള്ള സോഡിയംബൈകാർബണേറ്റ്, പൊട്ടാസ്യംസിട്രേറ്റ് തുടങ്ങിയവ മരുന്നായി ഉപയോഗിക്കാറുണ്ട്. മൂത്രത്തിന്റെ പി എച്ചിൽ വ്യത്യാസം വരുത്താനാണിത്. മൂത്രക്കല്ലിന്റെ അസുഖം ഉള്ളവർക്ക് കൊടുക്കാറുണ്ട്. സധാരണ അമ്ലസ്വഭാവമുള്ള മൂത്രം ചെറിയ ക്ഷാരസ്വഭാവമുള്ളതായി മാറിയാൽ മൂത്രക്കല്ല് അടിയുന്നത് ഒഴിവാക്കാം. കല്ല് വളരാതെയിരിക്കും, അല്പമലിഞ്ഞ് ഇളകിപ്പോരാനും സദ്ധ്യതയുണ്ട്.
ഹാരിപോട്ടർ കഥകൾ
അപ്പോൾ പ്രചരിപ്പിച്ച കഥ ശുദ്ധ അസംബന്ധം. ഏതെങ്കിലുമൊക്കെ ഭക്ഷണമോ പഴങ്ങളോ കഴിച്ചാൽ ശരീരത്തിന്റെ പി എച്ച് മാറി ക്ഷാരസ്വഭാവം ആർജിച്ച് അമ്ലസ്വഭാവമുള്ള കൊറോണാ വൈറസ്സിനെ നശിപ്പിക്കുമെന്നൊക്കെ പറയുന്നത് ഹാരിപോട്ടർ കഥകൾ പോലെയേ ഉള്ളൂ. പിന്നെ ഈ പഴങ്ങളിലൊക്കെ സി ഉൾപ്പടെയുള്ള പല വൈറ്റമിനുകളും മറ്റ് പോഷാകാംശങ്ങളും ഉണ്ട്. പൊതുവായ ആരോഗ്യത്തിനും പ്രതിരോധവ്യവസ്ഥയുടെ സന്തുലിതമായ പ്രവർത്തനതിനുമൊക്കെ സഹായകരവുമാണ്. പക്ഷേ അധികമായി കഴിച്ചാൽ പ്രതിരോധശേഷി ആനുപാതികമായി വർദ്ധിക്കുമെന്നത് തികഞ്ഞ അബദ്ധധാരണയാണ്. വലിയ അളവിൽ കഴിച്ചിട്ട് കാര്യമൊന്നുമില്ല എന്നതാണ് വസ്തുത.
നമ്മുടെ ലക്ഷ്യം VACC-SMS: വിജയിപ്പിക്കുക VACC-SMS
കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും രണ്ടാം തരംഗത്തിലേക്ക് കടന്ന സാഹചര്യത്തിൽ നമ്മുടെ അടിയന്തിര കടമ VACC-SMS വിജയിപ്പിക്കുകയാണ്. വ്യാജസന്ദേശങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനുപകരം ശാസ്ത്രീയമായ വിവരങ്ങൾ പ്രചരിപ്പിക്കാം.
VACC: Vaccination: 45 വയസ്സിനുമുകളിലുള്ള എല്ലാവരും ഒട്ടും വൈകാതെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായി മുന്നോട്ട് വരണം. വാക്സിൻ എടുക്കാൻ മടിച്ച് നിൽക്കുന്നവരെ വാക്സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അതിനായി പ്രേരിപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും സുഹൃത്തുക്കളും പൊതുപ്രവർത്തകരും തയ്യാറാവണം.
SMS: S: Social Distance (ശരീര ദൂരം), M: Mask (മാസ്ക് ധാരണം), S: Sanitize കൈകഴുകൽ എന്നീ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അതിലേക്കായി മറ്റുള്ളവരെ നിർബന്ധിക്കണം. ഔപചാരിക സന്ദർഭങ്ങളിൽ മാത്രമല്ല ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും മറ്റും ശരീരദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
3 സി (3C) : ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങൾ (Closed Spaces) , ആൾകൂട്ട സ്ഥലങ്ങൾ (Crowded Places) , അടുത്ത ബന്ധപ്പെടൽ (Close Contacts) എന്നിവ കർശനമായി ഒഴിവാക്കികൊണ്ടുള്ള 3 സി (3C) നടപടികൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.