ഡോ. എൻ ഷാജി”
ഇന്ന് സെപ്റ്റംബർ 23, സൂര്യൻ കൃത്യം കിഴക്ക് ഉദിക്കും. രാത്രിക്കും പകലിനും തുല്യദൈർഘ്യവും.
[dropcap]സെ[/dropcap]പ്റ്റംബർ 23-ന് ഉച്ചകഴിഞ്ഞ് 1.20 -ന് സൂര്യൻ ഭൂമദ്ധ്യരേഖക്കു മുകളിലെത്തും. കൂടാതെ അന്ന് സമരാത്ര ദിനമായിരിക്കും. വർഷത്തിൽ രണ്ടു ദിവസങ്ങളാണ് സമരാത്ര ദിനങ്ങൾ. കൂടാതെ ആ ദിവസങ്ങളിൽ സൂര്യൻ നേരെ കിഴക്കുദിക്കും. അതിനു ശേഷം 6 മാസക്കാലം സൂര്യൻ കുറച്ചു കൂടി തെക്കോട്ടോ വടക്കോട്ടോ നീങ്ങിയായിരിക്കും ഉദിക്കുക. സെപ്റ്റംബർ 23 മുതലുള്ള ആറു മാസക്കാലം ഉത്തരാർദ്ധഗോളത്തിൽ ചൂടു കുറവുള്ള കാലമായിരിക്കും. സൂര്യന്റെ ചുറ്റും ഭ്രമണം ചെയ്യുന്ന ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന് ഏകദേശം ഇരുപത്തിമൂന്നര ഡിഗ്രി ചരിവുണ്ട്. ഇതിനാലാണ് ഉത്തരായനവും ദക്ഷിണായനവും സംഭവിക്കുന്നത്. ഭൂമിയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ സൂര്യൻ വടക്കോട്ട് നീങ്ങുന്നതായി തോന്നുന്ന കാലമാണ് ഉത്തരായനകാലം. ഡിസംബർ 22/23 മുതൽ ജൂൺ 21/22 വരെയുള്ള ആറു മാസക്കാലമാണ് ഉത്തരായനം. പിന്നെ 6 മാസക്കാലം ദക്ഷിണായനം.
സൂര്യൻ 1.20-ന് ഭൂമദ്ധ്യരേഖക്കു മുകളിൽ വരുമെന്നു പറയുന്നത് കുറച്ചു വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഭൂമി ഒരു സാങ്കല്പിക അച്ചുതണ്ടിൽ തിരിഞ്ഞു കൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ സൂര്യന്റെ ചുറ്റും ഭ്രമണം ചെയ്യുന്നുമുണ്ട്. ഭൂമിയുടെ കറക്കം വഴി നിർവചിക്കപ്പെടുന്ന ഭൂമദ്ധ്യരേഖയുടെ (പൂജ്യം ഡിഗ്രി അക്ഷാംശം) തലവും (ഭൂമദ്ധ്യ രേഖാതലം – equatorial plane) സൂര്യനെ ചുറ്റുന്ന ഭ്രമണപഥം അടങ്ങിയ തലവും ഒന്നല്ല. അവ തമ്മിൽ 23.4 ഡിഗ്രിയുടെ ചരിവുണ്ട്. അതിനാൽ എല്ലാ ദിവസവും സൂര്യനുദിക്കുന്നതു് ഒരിടത്തല്ല. അത് തെക്കോട്ടും വടക്കോട്ടും നീങ്ങുന്നതായി കാണാം. ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ വർഷത്തിൽ രണ്ടു പ്രാവശ്യം ഭൂമദ്ധ്യരേഖയുടെ തലം സൂര്യനെ കടന്നു പോകും. അങ്ങനെയൊന്നു നടക്കുന്ന സന്ദർഭമാണ് 2019 സെപ്റ്റംബർ 23. കൃത്യതയോടെ പറഞ്ഞാൽ അന്ന് ഇന്ത്യൻ സമയം 1.20-നാണ് ഭൂമദ്ധ്യരേഖാതലം സൂര്യന്റെ കേന്ദ്രത്തെ ക്രോസ് ചെയ്യുന്നത്. ആറു മാസം കഴിഞ്ഞ് 2020 മാർച്ച് 20-ന് ഇന്ത്യൻ സമയം 9.19-ന് സൂര്യൻ വീണ്ടും ഭൂമദ്ധ്യരേഖയുടെ തലത്തെ മുറിച്ചുകടക്കും. 2019 മാർച്ച് 20(20/3/20) എന്ന ആ ദിവസവും ഒരു സമരാത്രദിന (equinox day) മായിരിക്കും.
അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ ദിനങ്ങളിൽ ഭൂമിയുടെ വ്യാസം അളക്കാനുള്ള ഒരു ലഘു പരീക്ഷണം ചെയ്തു നോക്കാം. വിശദാംശങ്ങൾ വെബ് സൈറ്റിൽ
https://eratosthenes.ea.gr/content/experiment