Read Time:14 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ഇന്ന് ഫെഡ്രറിക്ക് ഏംഗൽസിന്റെ 200-മത് ജന്മദിനം(നവംബർ 11, 1820- ആഗസ്റ്റ് 5, 1895)
കാൾ മാർക്സുമായി ചേർന്ന് ഫെഡ്രറിക്ക് ഏംഗൽസ് അർത്ഥശാസ്ത്ര മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളും ഏംഗൽസ് സ്വന്തം നിലയിൽ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ഗ്രന്ഥത്തിൽ മുന്നോട്ട് വച്ചിട്ടുള്ള പാരിസ്ഥിതിയ കാഴ്ച്ചപ്പാടുകളും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട് എന്നാൽ ആരോഗ്യത്തിന്റെ സാമൂഹ്യ ഉറവിടങ്ങളെ പറ്റി ഏംഗൽസ് നൽകിയ സംഭവനകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

ഏംഗൽസിന്റെ നിരീക്ഷണം

മാർക്സിസ്റ്റ് സാഹിത്യത്തിൽ പൊതുവെ അവഗണിക്കപ്പെട്ട് പോയ ഏംഗൽസിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി (Conditions of Working Class in England 1845 ) എന്ന പഠന ഗ്രന്ഥത്തിലാണ് സമകാലീനമായി ഏറെ ചർച്ചചെയ്യപ്പെട്ടുവരുന്ന ആരോഗ്യവും സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളും തമ്മിലുള്ള ബന്ധം (Social Determinants of Health) ആദ്യമായി വിശകലനം ചെയ്യപ്പെട്ടത്. വ്യവസായവൽക്കരണത്തിന്റെ ആദ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതദുരിതങ്ങളാണ് ഏംഗൽസ് ഈ പുസ്തകത്തിൽ പരിശോധിക്കുന്നത്. അക്കാലത്ത് തൊഴിലാളികളെ ബാധിച്ചിരുന്ന മിക്കരോഗങ്ങളും അവരുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് ഏംഗൽസ് കണ്ടെത്തുന്നുണ്ട്. തൊഴിലാളികളുടെയിടയിൽ വ്യാപകമായി കണ്ടുവന്നിരുന്ന ക്ഷയം, സിലിക്കോസിസ്, ന്യൂമോകോണിയോസിസ് എന്നീ ശ്വാസകോശരോഗങ്ങളും ലെഡ് പോയിസണിങ് തുടങ്ങിയ രോഗങ്ങളും തൊഴിൽജന്യ കാരണങ്ങളാൽ ഉണ്ടാവുന്നതാണെന്ന് വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുന്നതിനേക്കാൾ നിരവധി വർഷങ്ങൾക്ക് മുൻപ് തന്റെ പഠനത്തിൽ ഏംഗൽസ് വ്യക്തമാക്കിയിരുന്നു.
ജർമ്മൻ ഡോക്ടറും രാഷ്ടീയപ്രവർത്തകനും മാർക്സിന്റേയും ഏംഗൽസിന്റേയും സമകാലീനനുമായിരുന്ന റഡോൾഫ് വിർക്കോയാണ് (Rudolf Virchow 1811-1902) രോഗത്തിന്റേയും രോഗാവസ്ഥയുടെയൂം സാമൂഹിക ഉറവിടങ്ങളെപ്പറ്റിയുള്ള എംഗത്സിന്റെ കാഴ്ച്ചപ്പാട് പിന്നീട് തന്റെ അപ്പർ സെലേസ്യ റിപ്പോർട്ടിൽ കൂടുതൽ വികസിപ്പിച്ചെടുത്തു. 1848 ലെ അപ്പർസിലേസ്യ റിപ്പോർട്ടിനേക്കാൾ മൂന്നുവർഷം മുൻപ് 1845 പ്രസിദ്ധീകരിക്കപ്പെട്ട എംഗൽസിന്റെ വേണ്ടത്ര പ്രചാരം കിട്ടാതെ പോയ പുസ്തകത്തിലാണ് രോഗാവസ്ഥകളുടെ സമൂഹ്യ ഉറവിടങ്ങളെപ്പറ്റി ആദ്യമായി സൂചിപ്പിക്കപ്പെട്ടതെന്ന് വിർക്കോ വെളിപ്പെടുത്തുന്നുണ്ട്. ജീവിത സാഹചര്യങ്ങളാണ് അടിസ്ഥാനപരമായി മനുഷ്യരുടെ ആരോഗ്യസ്ഥിതി നിശ്ചയിക്കുന്ന നിർണ്ണായക ഘടകങ്ങളെന്ന ഏംഗൽസിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിർക്കോ അപ്പർസിലേസ്യ റിപ്പോർട്ട് തയ്യാറാക്കിയത്.

അപ്പർ സിലേസ്യ റിപ്പോർട്ട്

1847 ൽ ജർമ്മനിയിലെ പോളിഷ് ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ താമസിക്കുന്ന അപ്പർ സിലേസ്യ (Upper Silesia) എന്ന പ്രദേശത്ത് ടൈഫസ് എന്ന പകർച്ച വ്യാധി ബാധിച്ച് ആയിരക്കണക്കിനാളുകൾ മരണമടഞ്ഞു. ഇതേ പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ വിർക്കോയെ നിയോഗിച്ചു. വിർക്കോ അപ്പർ സിലേസ്യ സന്ദർശിക്കയും രോഗബാധയുടെ അടിസ്ഥാനകാരണങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും ചെയ്തു. വിർക്കോ തയ്യാറാക്കിയ അപ്പർ സിലേസ്യ റിപ്പോർട്ട് ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ സാമൂഹ്യ സാമ്പത്തിക രാഷ്ടീയ ഘടകങ്ങളെ അനാവരണം ചെയ്യുന്നതിലൂടെ ആധുനിക വൈദ്യശാസ്ത്രത്തിലെ അടിസ്ഥാന രേഖകളിലൊന്നായി മാറി. ആരോഗ്യത്തിന്റെ സാമൂഹ്യ ഉറവിടങ്ങളെ പറ്റി സമഗ്രമായ കാഴ് ചപ്പാട് അവതരിപ്പിക്കുന്നു എന്നതാണ് അപ്പർ സിലേസ്യ റിപ്പോർട്ടിന്റെ സവിശേഷതയും പ്രസക്തിയും. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ ടൈ രോഗങ്ങൾ തടയുന്നതിനായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ടീയമായും വരുത്തേണ്ട മാറ്റങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ആരോഗ്യത്തെ ഡോക്ടർ-ആശുപത്രി-മരുന്നു എന്ന സമവാക്യത്തിലൊതുക്കുന്ന പരമ്പരാഗതമായ രീതി വെടിഞ്ഞ് ആഹാരം- പാർപ്പിടം-ശുചിത്വം-തൊഴിൽ-രാഷ്ടീയ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹ്യ ഘടകങ്ങളിലേക്ക് പുന:പ്രതിഷ്ഠ നടത്തി എന്നതാണ് വിർക്കോ നൽകിയ സംഭാവന. ഇത്തരമൊരു കാഴ്ച്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതിൽ വിർക്കോയ് ആശ്രയിച്ചത് എംഗൽസിന്റെ ഇക്കാര്യത്തിലുള്ള നിരീക്ഷണങ്ങളാണ്.

അൽമ അത്താ പ്രഖ്യാപനം

ഏംഗൽസും വിർക്കോയും മുന്നോട്ട് വച്ച സമീപനത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയെ പരിവർത്തനം ചെയ്യുന്നതിനായി സാർവ്വദേശീയ തലത്തിൽ ആദ്യ ശ്രമം നടന്നത് മുൻ സോവിയറ്റ് യൂണിയനിലെ അൽമ അത്തായിൽ വച്ച് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ സമ്മേളനത്തിൽ വച്ചായിരുന്നു. സമ്മേളനത്തിൽ വച്ച് സമഗ്രമായ പ്രാഥമികാരോഗ്യസേവനത്തിൽ ഊന്നിനിന്നുകൊണ്ടുള്ള രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനം അംഗീകരിക്കപ്പെട്ടു. ജനങ്ങളുടെ ആരോഗ്യാവസ്ഥയെ നിർണ്ണയിക്കുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സമഗ്രമായ പരിപാടി അവതരിപ്പിച്ചു എന്നതാണ് അൽമാ അത്ത പ്രഖ്യാപനത്തിന്റെ സവിശേഷത. ആരോഗ്യ പദ്ധതികളെ ഒറ്റപ്പെടുത്തി കാണാതെ വിദ്യാഭ്യാസം, ആഹാര ലഭ്യത, ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ ഘടകങ്ങളെ കൂടി കണക്കിലെടുത്ത് കൊണ്ടുള്ളതാവണമെന്ന് പ്രഖ്യാപനം ആവശ്യപ്പെടുന്നു.

പ്രഖ്യാപനം അട്ടിമറിക്കപെടുന്നു

അൽമ അത്താ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായ സമഗ്രമായ സാമൂഹ്യ മാറ്റത്തിന് പലരാജ്യങ്ങളിലേയും ഭരണാധികാരികൾ തയ്യാറായിരുന്നില്ല.. മാത്രമല്ല രോഗപ്രതിരോധത്തിലും സാമൂഹ്യാരോഗ്യത്തിലും ഊന്നിയ ആരോഗ്യ പദ്ധതികളെ അട്ടിമറിക്കാൻ വൈദ്യലോകത്തെ പ്രതിലോമ സാമ്പത്തിക താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഔഷധ വ്യവസായ ഉപകരണനിർമ്മാതാക്കളുടെ ലോബിയും വൈദ്യ വ്യവസായ കൂട്ടുകെട്ടും അതിന് കൂട്ടുനിൽകുന്ന ചില പ്രൊഫഷണൽ സംഘടനകളും രംഗത്ത് വന്നു. ചെയ്തു. യൂനിസെഫ് സമഗ്രമായ പ്രാഥമികാരോഗ്യ സേവനത്തിനു പകരമായി പരിമിതമായ പ്രാഥമികാരോഗ്യ സേവനം എന്ന പരിപാടി മുന്നോട്ട് വച്ചു.
എന്നാൽ പോഷണം, വിദ്യാഭ്യാസം, ശുദ്ധജല ലഭ്യത, പരിസരശുചിത്വം തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത് അവഗണിച്ചതിനാൽ ഈ പരിമിതമായ പരിപാടിപോലും വിജയിപ്പിക്കാനും ശിശുമരണനിരക്ക് കുറച്ച് കൊണ്ടുവരാനും പലരാജ്യങ്ങൾക്കും കഴിഞ്ഞതുമില്ല.

നവലിബറൽ സാമ്പത്തിക നയങ്ങൾ

അന്തരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ലോക വ്യാപാര സംഘടന തുട്രങ്ങിയ അന്തരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ സ്വാധീനത്തിൽ നടപ്പിലാക്കിതുടങ്ങിയ നവലിബറൽ സാമ്പത്തിക നയങ്ങൾ മറ്റ് മനുഷ്യ വികസന മേഖലകളോടൊപ്പം ആരോഗ്യമേഖലയിലും ലോകവ്യാപകമായി വമ്പിച്ച പ്രതിസന്ധികൾ സൃഷ്ടിച്ചു. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ ജനങ്ങളുട്രെ മൌലികാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ചുമതലയില്ലെന്നും സർക്കാർ മുതൽ മുടക്ക് സേവനമേഖലയിൽ കുറവുവരുത്തേണ്ടതാണെന്നുമുള്ള ലോകബാങ്കിന്റെ നിർദ്ദേശം പല രാജ്യങ്ങളും നടപ്പിലാക്കിത്തുടങ്ങി, ആരോഗ്യ മേഖല വമ്പിച്ച സ്വകാര്യവൽക്കരണത്തിന് വിധേയമാക്കപ്പെട്ടതിന്റെ ഫലമായി ദരിദ്രർക്ക് മാത്രമല്ല ഉടത്തരക്കാർക്കും ചികിത്സ അപ്രാപ്യമായി. ഇതിന്റെയെല്ലാം ഫലമായി വികസ്വരരാജ്യങ്ങൾ ആരോഗ്യമേഖലയിൽ 1980 കളോടെ കൈവരിച്ച പരിമിതമായ നേട്ടങ്ങൾ പോലും നഷ്ടപെട്ടുതുടങ്ങി. 1995 ൽ ലോകവ്യാപരസംഘടന രൂപീകരിക്കപ്പെട്ടതിനെ തുടർന്ന് നടപ്പിലാക്കിത്തുടങ്ങിയ ബൌദ്ധികസ്വത്തവകാശനിയമങ്ങൾ വികസ്വരരാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള മരുന്ന് ലഭ്യമാക്കി പാവപ്പെട്ടവരുടെ മരുന്നു കട എന്ന പദവി കൈവരിച്ച ഇന്ത്യൻ ഔഷധ മേഖലയെ വിദേശകുത്തകകൾക്ക് കീഴ്പ്പെടുത്തി..

എംഗൽസിന്റെ തിരിച്ച് വരവ്

ആഗോള ആരോഗ്യപ്രതിസന്ധികൾക്കു കാരണമായ സാമൂഹിക സാമ്പത്തിക ഘടകങ്ങളെ സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങൾ പൊതുജനാരോഗ്യപ്രവർത്തകരെ എംഗത്സിലേക്ക് തിരികെ എത്തിച്ചിരിക്കയാണ്. ഏംഗൽസും വിർക്കോയും വികസിപ്പിച്ചെടുത്ത ആരോഗ്യത്തിന്റെ പകർച്ച വ്യാധികൾക്കും ജീവിതരീതി രോഗങ്ങൾക്കും മറ്റും കാരണമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ പരിഗണിക്കപ്പെടാതെ പോയതിനെ തുടർന്ന് കൂടിയാണ് ലോകമെമ്പാടും ആരോഗ്യമേഖല പ്രതിസന്ധികളെ നേരിട്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യത്തിന്റെ സാമൂഹ്യ ഉറവിടങ്ങളെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുനരാരംഭിച്ചിട്ടുള്ളത്. ആഗോള ആരോഗ്യ പ്രതിസന്ധി പരിഗണിച്ച് ലോകാരോഗ്യസംഘടന ആരോഗ്യത്തിന്റെ സാമൂഹ്യ ഉറവിടങ്ങളേക്കുറിച്ചു പഠിക്കാൻ ഒരു കമ്മീഷനെ (Commission on Social Determinants of Health)നിയോഗിക്കുകയുണ്ടായി. 2008 പ്രസിദ്ധീകരിച്ച കമ്മിഷന്റെ റിപ്പോർട്ട് എംഗൽ സും റഡോൾഫ് വിർക്കോയും തുടക്കമിട്ട സാമൂഹ്യാരോഗ്യ സങ്കല്പനങ്ങളൂടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ലോകരാജ്യങ്ങളുടെ സമഗ്രവികസനത്തിനായി കോഫി അന്നൻ സെക്രട്ടറി ജനറലായിരുന്ന കാലത്ത് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളൂം 2015 ആരംഭിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളൂം ഇതേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
മറ്റ് മാർക്സിസ്റ്റ് ക്ലാസിക്കുകളോടൊപ്പം എംഗൽസിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി എന്ന ഗ്രന്ഥവും വിവിധ രാജ്യങ്ങളിലെ പ്രസാധകർ പുന: പ്രസിദ്ധീകരിക്കയും നിരവധി മെഡിക്കൽ സർവ്വകലാശാലകളിലെ സാമൂഹ്യാരോഗ്യവിഭാഗങ്ങളിൽ പഠനവിഷയമാക്കയും ചെയ്തു വരികയാണ്. ഏംഗൽസിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്.
Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്ലാസ്റ്റിക്കുകളെ ജനപ്രിയമാക്കിയ കാള്‍ സീഗ്ലര്‍
Next post ലാപിസ് ലാസുലിയും കലാചരിത്രവും
Close