Read Time:23 Minute

വൈദ്യുത-കാന്തിക- വികിരണങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഏറെ ഉപയോഗിക്കുന്നുണ്ട്. എക്സ് റേ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ രോഗനിർണയ ഉപാധികൾ, കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് വികിരണങ്ങൾ, വേദനകൾക്കായി ഉപയോഗപ്പെടുത്തുന്ന ഇൻഫ്രാ റെഡ് രശ്മികൾ, പലതരം ലേസറുകൾ എന്നിങ്ങനെ ഇവയുടെ ഉപയോഗങ്ങൾ നിരവധിയാണ്. ഇവ കൂടാതെ പലതരം കപട ചികിത്സകരും ഈ പ്രക്രിയകൾ ഉപയോഗപ്പെടുത്തി രോഗചികിത്സ നടത്തുന്നു എന്ന അവകാശവുമായി രംഗത്തുണ്ട്. കാന്തചികിത്സയും ഫാർ- ഇൻഫ്രാ റെഡ് ചികിത്സയും ഉദാഹരണങ്ങൾ.

കാന്ത ചികിത്സ

കാന്തിക വലയങ്ങൾക്ക് ചികിത്സാ ഗുണമുണ്ടെന്ന് കാന്ത ചികിത്സകർ അവകാശപ്പെടുന്നു. എല്ലാ കപടശാസ്ത്രങ്ങളിലും കാണുന്നതുപോലെ അതിരുകടന്ന അവകാശ വാദങ്ങൾ ഉന്നയിക്കപ്പെടുന്നു. പലതരം വേദന കൾ, ഉദര രോഗങ്ങൾ, സന്ധി രോഗങ്ങൾ, കാൻസർ, ആസ്ത്മ, പ്രമേഹം, ചിക്കൻപോക്സ്, പനി, ഉറക്കമില്ലായ്മ, തൈറോയ്ഡ് രോഗങ്ങൾ, കഷണ്ടി, ക്ഷീണം, ആർത്തവ രോഗങ്ങൾ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. ചുരുക്ക – ത്തിൽ കാന്ത ചികിത്സ സർവരോഗ സംഹാരിയാണ് 43

കാന്ത ശക്തി എങ്ങിനെയാണ് രോഗങ്ങളെ അകറ്റുന്നത്? ഇതാ വിശദീകരണം. 

  1. രോഗമുള്ള ശരീരഭാഗത്തിനടുത്ത് കാന്തം വെക്കുമ്പോൾ ആ ഭാഗത്തെ കോശങ്ങളിൽ ധ്രുവീകരണം നടക്കുന്നു. ആ ഭാഗത്തെ പ്രതിരോധം വർധിക്കുന്നു. രോഗങ്ങൾ ആട്ടിയോടിക്കപ്പെടുന്നു. 
  2. കാന്തങ്ങൾ രക്തത്തെ ധ്രുവീകരിക്കുന്നു. ഇത്തരത്തിൽ ധ്രുവീകരിച്ച രക്തം ശരീര ഭാഗത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. രക്തം മറ്റുഭാഗങ്ങളിലേക്ക് ഒഴുകുന്നതുകാരണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും സ്വാധീനിക്കുന്നു. – 
  3. കാന്തീകരിച്ച വെള്ളം കുടിക്കുമ്പോൾ ഉദരാവയവങ്ങൾ, രക്തചംക്രമണാവയവങ്ങൾ, വൃക്ക, മൂത്രാശയം എന്നിവയെ നല്ലരീതിയിൽ ബാധിക്കുന്നു43

കേട്ടാൽ അതീവ ലാളിത്യമുള്ള ഈ രോഗസിദ്ധാന്തത്തിനു തെളിവുകളോ? അവയെപ്പറ്റി കാന്തചികിത്സാ പുസ്തകങ്ങൾക്ക് ഏറെയൊന്നും പറയാനുണ്ടാവില്ല, ഈ തത്വങ്ങളൊന്നും പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ളവയല്ല എന്നതുകൊണ്ടുതന്നെ.

കാന്ത ചികിത്സ മൂന്നുതരത്തിലുണ്ടെന്നു പറയാം. 

  1. പ്രകമ്പന വൈദ്യുത കാന്തിക വലയങ്ങൾ (Pulsating electro-magnetic fields)
  2. നിശ്ചലകാന്തങ്ങൾ (Static magnets) 
  3. കാന്തീകരിച്ച ജലം (Magnetised water)

ഇതിൽ ആദ്യത്തേതിൽ കറങ്ങിക്കൊണ്ടിരിക്കുന്ന കാന്തങ്ങളാണ് ഉപയോഗിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ മൈക്കൽ ഫാരഡേ കാണിച്ചതുപോലെ ചലിക്കുന്ന കാന്തങ്ങൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ഒരു ശരീരഭാഗത്തിനു ചുറ്റും ഇത്തരത്തിലുള്ള പ്രകമ്പന വലയങ്ങൾ ഉള്ളപ്പോൾ ശരീര കലകളിൽ വൈദ്യുതവോൾട്ടേജ് ഉണ്ടാകുന്നു. അതിനാൽ ശരീരത്തിലുണ്ടാകാവുന്ന മാറ്റങ്ങൾ കാന്തിക ശക്തികൊണ്ടല്ല, മറിച്ച് വൈദ്യുതി മൂലമാണ്. ഈ അർഥത്തിൽ ഇതു കാന്ത ചികിത്സയല്ല, വൈദ്യുത ചികിത്സയാണ്. പൊട്ടിയ എല്ലുകൾ വേഗത്തിൽ കൂടുന്നതിനും, ചില പേശീ രോഗങ്ങൾക്കും ദീർഘകാലമായുള്ള വൃണങ്ങൾ വേഗം ഉണങ്ങുന്നതിനും ഈ രീതി ഫല പ്രദമായേക്കാമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. 44,45 എന്നാൽ ഇതിനു വലിയ ഫലപ്രാപ്തിയില്ലെന്നു മറ്റു ചില പഠനങ്ങൾ പറയുന്നു. ഏതായാലും കൂടുതൽ പഠിക്കേണ്ട ഒരു മേഖലയാണിതെന്നതിനു തർക്കമില്ല.

പ്രകമ്പന കാന്തങ്ങളുടെ പ്രയോഗം പരീക്ഷണ രൂപത്തിലാണെങ്കിലും മുഖ്യമായി നടക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുടക്കീഴിൽ തന്നെയാണ്, ‘കാന്ത ചികിത്സ’ എന്നറിയപ്പെടുന്ന അനുപൂരക വൈദ്യം നിശ്ചലകാന്തങ്ങളെയാണ് ഉപയോഗിച്ചു വരുന്നത്. ഇത് വലിയ വ്യവസായമായിത്തന്നെ വളർന്നിരിക്കുന്നു. വേദനയോ രോഗലക്ഷണമോ ഉള്ള ഭാഗത്തിനോടടുപ്പിച്ച് കാന്തിക ശക്തി പ്രയോഗിക്കുകയാണ് ചികിത്സാ രീതി. കാന്തിക പാഡുകൾ, ബാന്റേജുകൾ, കിടക്കകൾ, തലയിണകൾ, മാലകൾ, മറ്റ് ആഭരണങ്ങൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ രോഗശാന്തിയുടെ പേരു പറഞ്ഞ് വിറ്റഴിക്കപ്പെടുന്നു. ഇവയുടെ ഫലപ്രാപ്തിയും ശാസ്ത്രീയതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

നിശ്ചലകാന്തങ്ങൾ വഴിയുള്ള കാന്തികശക്തി ശരീരത്തിൽ എങ്ങനെ ഫലമുണ്ടാക്കുന്നു എന്നതിനെപ്പറ്റി തൃപ്തികരമായ വിശദീകരണമില്ല. രോഗ ബാധിത പ്രദേശത്ത് രക്തത്തിന്റെ ഒഴുക്കിന്റെ വേഗത വർധിപ്പിക്കുന്നു എന്നാണ് ഒരു അവകാശവാദം. രക്തത്തിലെ ചുവന്ന കോശങ്ങളിലുള്ള ഹിമോഗ്ലോബിനിൽ ഇരുമ്പിന്റെ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ടാണെന്നു മറ്റു ചിലർ. എന്നാൽ സാധാരണ ഇരുമ്പിന്റെ കാന്തീകരണം അനേകം ഇരുമ്പ് ആറ്റങ്ങൾ ഒന്നിച്ചു നിൽക്കുന്നതുകൊണ്ടാണ്. ഹിമോഗ്ലോ ബിനിലെ ഇരുമ്പ് ആറ്റങ്ങൾ വെവ്വേറെയായി നിൽക്കുന്നതുകാരണം കാര്യമായ കാന്തീകരണ പ്രഭാവം അസാധ്യമാണ്. വിരലിൽ ഒരു സൂചികൊണ്ട് കുത്തി, ചോരത്തുള്ളിയുടെ അടുത്ത് അതിശക്തമായ ഒരു കാന്തം പിടിച്ചു നോക്കു. ഒന്നും സംഭവിക്കുന്നില്ലെന്ന് ഏവർക്കും കാണാവുന്നതാണ്.

രക്തപ്രവാഹം കൂടുന്ന ശരീരഭാഗങ്ങളിൽ ചൂടും ചുവപ്പുനിറവുമുണ്ടാകും. ഏറ്റവും ശക്തിയുള്ള നിശ്ചലകാന്തങ്ങൾ പോലും ഇത്തരത്തിലൊരു മാറ്റമുണ്ടാക്കുന്നില്ല.  

ദ്രാവകങ്ങളിലെ അയണീകരണമാണ് മറ്റൊരു വിശദീകരണം. ഇതു സംഭാവ്യമാണ്. എന്നാൽ അതിന് അതിശക്തമായ കാന്തങ്ങൾ വേണം. രോഗ നിർണയത്തിനുപയോഗിക്കുന്ന എം.ആർ.ഐ (Magnetic Resonance Imaging) സ്കാനറുകളിൽ ഏതാണ്ട് ഒരു ടെസ്ല (1 ടെസ്ല = 10,000 ഗോസ്സ്) ശക്തിയുള്ള കാന്തങ്ങളുണ്ട്. എന്നാൽ എം.ആർ.ഐ സ്കാനറുകൾ ശരീരത്തിൽ വളരെ സാരമായ മാറ്റങ്ങളൊന്നുമുണ്ടാക്കുന്നില്ല. മിക്ക നിശ്ചലകാന്തങ്ങളിലും 100 മുതൽ 500 വരെ ഗോസ്സ് മാത്രമാണ് കാന്തശക്തി. ഇതുകൊണ്ട് കാര്യമായ രോഗശമനമുണ്ടാകുമെന്ന് കരുതാൻ പ്രയാസമാണ്. ചികിത്സയ്ക്കായി നിർദേശിക്കുന്ന നിശ്ചലകാന്തങ്ങൾ മിക്കതിനും ശരീരത്തിന്റെ തൊലിക്കപ്പുറം പ്രഭാവമുണ്ടാക്കാനുള്ള കഴിവില്ലെന്നതാണ് സത്യം.

നാഡികളിലും കോശസ്തരങ്ങളിലുമൊക്കെ അയണീകരിച്ച തന്മാത്രകളുണ്ട്. ഇവയിൽ മാറ്റങ്ങൾ വരുത്തണമെങ്കിലും എതാനും ടെസ്ല ശക്തിയുള്ള കാന്തങ്ങൾ വേണം, ഇന്ന് ചികിത്സയ്ക്കുപയോഗിക്കുന്നവയ്ക്ക് അവ സാധ്യമാകാനിടയില്ല. നാഡികളിലൂടെയുള്ള വൈദ്യുതിപ്രേഷണം കുറയ്ക്കുക വഴി വേദന കുറയ്ക്കാമെന്നു വാദിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള  പ്രേഷണം പത്തുശതമാനം കുറയ്ക്കണമെങ്കിൽ 24 ടെസ്ല (2,40,000 ഗോസ്സ്) കാന്തികശക്തി വേണ്ടിവരും. നിശ്ചലകാന്തങ്ങളിലൂടെ ഇത് അസാധ്യമാണ്.

അമേരിക്കയിലെ ബെയ്ലർ സർവകലാശാലയിൽ നടന്ന ഒരു പഠനമാണ് നിശ്ചലകാന്ത ചികിത്സയെ ന്യായീകരിക്കുന്ന ഏക ആർ.സി.ടി. പഠനം. പോളിയോ ബാധിതരായ 29 പേർക്ക് കാന്തവും 21 പേർക്ക് പ്ലസീബോ ഉപകരണവും 45 മിനുട്ട് നേരം വേദനയുള്ള ഭാഗത്തുവെച്ച ശേഷം വേദന അളക്കുന്ന ചോദ്യാവലി നൽകി സ്കോർ ചെയ്യുന്നതാണ് പഠനം. ഇരുഗ്രൂപ്പുകളിലും വേദന കുറഞ്ഞു. കാന്ത ഗ്രൂപ്പിൽ പ്ലസീബോ ഗ്രൂപ്പിനെ അപേക്ഷിച്ച് വേദനയിൽ കൂടുതൽ കുറവുണ്ടായി48. ഈ പഠനത്തിന് പല ന്യൂനതകളുമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ ഗ്രൂപ്പിൽ പ്ലസീബോ ഗ്രൂപ്പിന്റേതിന്റെ ഇരട്ടി സ്ത്രീകളുണ്ടായിരുന്നു. സ്ത്രീകളിൽ പ്ലസീബോ പ്രഭാവം കൂടുതലാണെങ്കിൽ പരീക്ഷണത്തിൽ കണ്ട വ്യതിയാനം അതുകൊണ്ടായേക്കാം. അതുപോലെ പ്ലസീബോ ഗ്രൂപ്പിന്റെ ശരാശരി പ്രായം 4 വയസ്സു കൂടുതലായിരുന്നു. പ്രായക്കൂടുതലുള്ളവരുടെ വേദന മാറ്റാൻ പ്രയാസമുണ്ടെങ്കിൽ അതും നിരീക്ഷണത്തിൽ കണ്ട് വ്യത്യാസത്തിന് വിശദീകരണമാകാം.

കൂടുതൽ കൃത്യതയോടെ നടന്ന രണ്ടു പഠനങ്ങളിൽ കാന്ത ചികിത്സയ്ക്ക് പ്ലസീബോവിനെ അപേക്ഷിച്ച് ഗുണമില്ല എന്നാണ് തെളിഞ്ഞത്. ആദ്യത്തേതിൽ കാലിന്റെ വേദന കുറയ്ക്കാനും രണ്ടാമത്തേതിൽ പുറം വേദന കുറയ്ക്കാനും കാന്തങ്ങൾക്ക് പ്ലസീബോയെ അപേക്ഷിച്ച് കൂടുതൽ കഴിവില്ല. എന്നുകാണുകയാണുണ്ടായത് 49,50. കാന്ത നെക്ലേസുകൾ ധരിച്ചതു കൊണ്ട് കഴുത്തിനും ചുമലിനുമുള്ള വേദനകൾക്ക് ഗുണമില്ല എന്ന് മുമ്പ് നടന്ന ഒരു പഠനവും കാണിച്ചിരുന്നു.

കാന്തീകരിച്ച വെള്ളം കുടിച്ചാൽ എല്ലാവിധ രോഗങ്ങളും മാറിക്കിട്ടുമെന്നാണ് മറ്റൊരു അവകാശവാദം. രോഗമില്ലാത്തവർക്കും ഇതൊരു ടോണിക്കായി സേവിക്കാം, ആയുസ്സ് നീട്ടിക്കിട്ടാനും രക്തധമനികളിൽ കൊളസ്ട്രോൾ കുമിഞ്ഞുകൂടാതിരിക്കാനും ഇതു സഹായിക്കുമത്രെ. മഹാമാരികൾ ഉളളയിടങ്ങളിൽ കാന്തീകരിച്ച വെള്ളം കഴിക്കുന്നവർക്കുമാത്രം രോഗം – വരുന്നില്ല 43, സാധാരണയായി കാന്തത്തിന്റെ ഇരു ധ്രുവങ്ങളും വെള്ളത്തിൽ – ഇറക്കിവെച്ചാണ് വെള്ളം കാന്തീകരിക്കേണ്ടത്. എന്നാൽ ചില രോഗങ്ങൾക്ക് ദക്ഷിണധ്രുവം മാത്രവും ചിലതിന് ഉത്തരധ്രുവം മാത്രവും വെച്ചാണ് കാന്തീകരണം നടത്തേണ്ടത്. 

ഇതെല്ലാം കേട്ടാൽ തോന്നും ആരൊക്കെയോ ഏറെ പഠിച്ചിട്ടാണ് ഈ വിവരങ്ങളൊക്കെ ഇത് കൃത്യമായി കണ്ടെത്തിയതെന്ന്. ഈ പഠനങ്ങൾ തേടിപ്പിടിക്കാമെന്നു വിചാരിച്ചാൽ നിങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവരും. കാരണം ഈ “സത്യങ്ങൾ വെളിപ്പെടുത്തിയവർ അവ പുറത്തു വിട്ടിട്ടില്ല.

ആധുനിക ഭൗതികശാസ്ത്രം പറയുന്നതെന്താണെന്നു നോക്കാം. ഏതാനും ചില ലോഹങ്ങളെ മാത്രമേ സ്ഥിരമായി കാന്തീകരിക്കാനാവൂ. വെള്ളത്തിനെ കാന്തീകരിക്കാൻ ശ്രമിച്ചാൽ അതിൽ താൽക്കാലികമായ, ശക്തികുറഞ്ഞ (ഉപയോഗിക്കുന്ന കാന്തത്തിന്റെ ലക്ഷത്തിലൊന്നെന്ന തോതിൽ) കാന്തവലയം രൂപം കൊള്ളും. പുറത്തുനിന്നുള്ള കാന്തം മാറ്റപ്പെടുമ്പോൾ വെള്ളത്തിലുള്ള ഈ കാന്തികവലയവും അപ്രത്യക്ഷമാവും. കാന്തീകരിച്ച വെള്ളം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഇതിനാൽ അസാധ്യമായിത്തീരുന്നു.

വെള്ളം രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും അടങ്ങിയ ലളിതമായ തന്മാത്രയാണെങ്കിലും അവ ദ്രാവകരൂപത്തിൽ തന്മാതാ ശ്യംഖലകളായി (Clusters) നിലകൊള്ളുന്നുവെന്ന് ആധുനിക പഠനങ്ങൾ കാണിക്കുന്നു. കാന്തീകരിച്ച വെള്ളത്തിൽ ശൃംഖലകളുടെ വലുപ്പത്തിലും ഘടനയിലുമെല്ലാം മാറ്റം വരുന്നുണ്ട്. ഇതിനു പ്രത്യേകം തെളിവൊന്നുമില്ല. വെള്ളം കൂടുതൽ ക്ഷാരഗുണമുള്ളതാവുമെന്ന് ചിലർ. ഇതിനും തെളിവ് ആരും നൽകുന്നില്ല. എല്ലാം ഊഹങ്ങൾ മാത്രം. രസതന്ത്രത്തിലെ ചില പദങ്ങളും പ്രമാണങ്ങളും ചുമ്മാ എടുത്തങ്ങ് പ്രയോഗിക്കുകയാണ് കാന്ത ചികിത്സകരുടെ പതിവ്. രസതന്ത്രക്കാർ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ; സാധാരണക്കാരിൽ ചിലരെങ്കിലും വിശ്വസിച്ചേക്കും. അങ്ങിനെ തങ്ങളുടെ വെള്ളവും വെള്ളം കാന്തീകരിക്കാനുള്ള ഉപകരണങ്ങളും ഫ്ളാസ്കകളും മറ്റും വിറ്റഴിക്കാമല്ലോ.

വെള്ളത്തിലെ തന്മാത്രാ ശേഖരങ്ങളിൽ മാറ്റവും ക്ഷാരഗുണവുമൊക്കെ ഉണ്ടാവുമെന്ന് സമ്മതിച്ചുകൊടുത്താൽ തന്നെ രോഗചികിത്സയ്ക്ക് ഇതു കൊണ്ട് ഗുണമുണ്ടാവണമെന്നുണ്ടോ? ഇതിനും പഠനങ്ങളൊന്നുമില്ല. അനുഭവസ്ഥരുടെ സാക്ഷ്യപ്രതങ്ങൾമാത്രം. കാന്തചികിത്സ ഫലപ്രദമല്ലെങ്കിലും അതുകൊണ്ടു ദോഷമൊന്നുമില്ലല്ലോ എന്നു ചിലരെങ്കിലും കരുതിയേക്കാം. ഇതും ശരിയല്ല. അപ്പൻഡിസൈറ്റിസിനുള്ള കാന്തചികിത്സ എന്താണെന്നോ? ഉദരത്തിന്റെ വലതുഭാഗത്ത് ശക്തിയായ കാന്തം 45 മിനുട്ട് വെക്കുക!. പലപ്പോഴും മരണത്തിനുവരെ കാരണമായേക്കാവുന്ന ഒരു രോഗത്തിനാണീ ചികിത്സ എന്നോർക്കുക.

ഫാർ-ഇൻഫ്രാറെഡ് ചികിത്സ 

5 മുതൽ 16 വരെ മൈക്രോൺ തരംഗദൈർഘ്യമുള്ള രശ്മികളാണ് ഫാർ – ഇൻഫ്രാറെഡ് (FIR).

ഇവ ആരോഗ്യത്തിനു വളരെ ഗുണകരമാണെന്നു പറയപ്പെടുന്നു. ആരു പറയുന്നു? ഫാർ-ഇൻഫ്രാറെഡ് ചികിത്സയ്ക്കായി പലതരം വസ്തുക്കൾ വിൽക്കുന്ന കച്ചവടക്കാർ. കോണിബയോ, തെർമോഫ്ളോ തുടങ്ങിയ കമ്പനികളാണ് ഈ ചികിത്സയുടെ പ്രധാന വക്താക്കൾ. അവർക്ക് കോടിക്കണക്കിന് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് ശാസ്ത്രീയ അടിത്തറയൊന്നും തന്നെ ഇല്ല. പ്രത്യേകമായി നിർമിച്ചെടുക്കുന്ന ചില കളിമണ്ണുകൾക്ക് (ceramic) ഫാർ-ഇൻഫ്രാറെഡ് വികിരണങ്ങളെ പുറത്തുവിടാനുള്ള കഴിവുണ്ടത്. ഇത്തരം കളിമണ്ണു ചേർന്നതാണ് ഈ കമ്പനികളുടെ ഉൽപ്പന്നങ്ങൾ. സോക്സ്, ബനിയൻ, ബ്രാ, ഷഡികൾ, കിടക്ക, തലയിണ, പാഡുകൾ, ഷർട്ട്,  ബെൽറ്റ്, ക്രീമുകൾ, ആഭരണങ്ങൾ എന്നിങ്ങനെ എന്തിലും കളിമൺ ചേർത്ത് വിൽക്കുക എന്നതാണു തന്ത്രം, സാധാരണ സോക്സിനും ബനിയനുമുള്ളതിന്റെ അനേകമിരട്ടി വിലയ്ക്ക്.

ഇവ എങ്ങനെ പ്രവർത്തിക്കുന്നു? ശരീരത്തിലെ ജല തന്മാത്രകളെ ഊർജിതപ്പെടുത്തുന്നു, മെറ്റബോളിസം വർധിപ്പിക്കുന്നു, രക്തപ്രവാഹം കൂട്ടുന്നു, ചികിത്സാപര ഊർജം (Therapeutic energy) വർധിപ്പിക്കുന്നു, ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നു (Re vitalizes) എന്നെല്ലാമാണ് വിശദീകരണങ്ങൾ, മിക്കതും അർഥമില്ലാത്ത, അളക്കാനാവാത്ത കപടശാസ്ത്ര വിശ ദീകരണങ്ങൾ, അളക്കാവുന്നവയ്ക്ക് (ഉദാ: രക്തപ്രവാഹം കൂടുന്നു എന്നിവ പോലുള്ളവ) ഒരു തെളിവുമില്ല. ഹൃദ്രോഗം, പ്രമേഹം, എല്ലാതരം വേദനകളും, ഉറക്കമില്ലായ്മ, പ്രോസ്റ്റേറ്റ് രോഗങ്ങൾ, മലബന്ധം, ഉദരരോഗങ്ങൾ എന്നിങ്ങനെ സർവവിധ രോഗങ്ങൾക്കും ചികിത്സയാണത്രേ ഈ ഉൽപ്പന്നങ്ങൾ. മലേഷ്യയിലുള്ള കോണി ബയോ കമ്പനിയുടെ വെബ്സൈറ്റിൽ ഇത്രതന്നെ അവകാശവാദങ്ങളില്ല. കാരണം അവിടത്തെ നിയമങ്ങൾ ആരോഗ്യമേഖലയിലെ അമിത അവകാശവാദങ്ങൾ അനുവദിക്കാത്തതുകൊണ്ടാവണം, കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റ് അമിതവാദങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.

ശാസ്ത്രീയ പഠനങ്ങൾ ഏറെ നടത്തിയിട്ടാണെന്നു തെറ്റിദ്ധരിക്കേണ്ട. ആകെയുള്ളത് രണ്ടേ രണ്ടു പഠനങ്ങൾ. കളിമൺ ഡിസ്ക് ധരിച്ച് മുലയുട്ടുന്ന അമ്മമാർക്ക് മുലപ്പാലൊഴുക്ക് കൂടിയെന്നാണ് ഒരു പഠനത്തിന്റെ കണ്ടെത്തൽ, നിയന്ത്രിത ഗ്രൂപ്പില്ലാത്ത ഈ പഠനം പ്രസിദ്ധീകരിച്ചത് മുഖ്യധാരാ വൈദ്യശാസ്ത്ര ജേർണലിലല്ല; മറിച്ച് നരവംശശാസ്ത്ര ജേർണലിൽ. രണ്ടാമത്തെ പഠനം റെയ്നോഡ്സ് രോഗത്തിന് എഫ്.ഐ.ആർ കൈയുറ ഉപയോഗപ്രദമാണെന്നു കാണിക്കുന്നതാണ്. ചൂടു കൂടുതൽ പ്രദാനം ചെയ്യുന്ന എന്തും ഈ രോഗത്തിന്റെ ശമനത്തിനു കാരണമായേക്കാം. നിയന്ത്രിത ഗ്രൂപ്പിൽ ഉപയോഗിച്ചത് സാധാരണ പരുത്തിയുടെ കൈയുറകളായിരുന്നു. ഇതിനു പകരം കമ്പിളിയുടെ കൈയുറകളുപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷേ തിരിച്ചാകുമായിരുന്നേനെ നിഗമനം53,

ഈ രണ്ടു പഠനങ്ങളുടെ ബലത്തിൽ എന്തെല്ലാമാണിവർ വിറ്റഴിക്കുന്നതെന്നു നോക്കൂ. 540 രൂപ വിലവരുന്ന സോക്സ് ധരിച്ചാൽ പ്രമേഹത്തിനു ശമനമാകും54. മുഖത്തു ചുളിവുകൾ വരാതിരിക്കണമോ? എഫ്.ഐ.ആർ സോപ്പുപയോഗിക്കുക! ഒരു സോപ്പിന് 280 രൂപ മാത്രം! ഏറ്റവും രസകരമായത് ‘ആരോഗ്യകാർഡ്’ ആണ്. ചെറിയ ക്രഡിറ്റ് കാർഡ് പോലെയുള്ള ഇത് പോക്കറ്റിലിട്ടു കൊണ്ടുനടന്നാൽ മതി ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ!

ശ്യംഖലാ വിപണന രീതി ഉപയോഗിച്ചാണ് കോണിബയോ കമ്പനി ഈ തട്ടിപ്പത്രയും നടത്തിയത്. ഉപഭോക്താവിനെ തന്നെ വിപണനവും ഏൽപ്പിക്കുമ്പോൾ പിന്നീടവർ ഉൽപ്പന്നത്തെപ്പറ്റി നല്ലതുമാത്രം പറയാൻ ബാധ്യസ്ഥരായിത്തീരുമല്ലോ. 

തലയിൽ കളിമണ്ണുള്ളവർക്കുവേണ്ടി പ്രത്യേകം നിർമിച്ചവയ എഫ്.ഐ.ആർ ഉൽപ്പന്നങ്ങൾ.


റഫറന്‍സ്

  1. Gala DR, Gala D, Gala S. Be your own doctor with magnet therapy. 1998; Navneet Publications (India) Ltd, Pune.
  1. Sharrard, W. A double blind trial of pulsed electromagnetic fiedls for delayed union of tibial fractures. J Bone and Joint Surg [Br] 72: 347-355, 1990.
  1. Ieran, M., et al. Effect of Low Frequency Pulsing Electromagnetic Fields on Skin Ulcers of Venous Origin in Humans: A Double-Blind Study. J Orthop Res 8(2): 276-282, 1990.
  2. Barker, A.T. Pulsating Electromagnetic Field Therapy for the Treatment of Tibial Non-Union Fractures. Lancet 8384 (1): 994-996, 1984
  3. Wikswo, J.P. and Barach, J.P. An estimate of the Steady Magnetic Field Strength required to influence nerve conduction. IEEE Transactions on Biomedical Engineering BME-27(12): 722-723, 1980
  1. Vallbona C, Hazlewood CF, Jurida G. Response of pain to static magnetic fields in postpolio patients: a double-blind pilot study. Arch Phys Med Rehabil. 1997 Nov;78(11):1200-3.
  1. Caselli MA, Clark N, Lazarus S, Velez Z, Venegas L. Evaluation of magnetic foil and PPT Insoles in the treatment of heel pain. J Am Podiatr Med Assoc 1997;87(1):11-6
  1. Collacott, EA, Zimmerman, JT, White, DW, Rindone, JP. Bipolar permanent magnets for the treatment of chronic low back pain: A pilot study. JAMA, 2000; 283(10)1322- 1325
  1. Hong CZ, Lin JC, Bender LF, Schaeffer JN, Meltzer RJ, Causin P. Magnetic necklace: its therapeutic effectiveness on neck and shoulder pain. Arch Phys Med Rehabil. 1982;63(10):462-6.
  1. Ogita S, Imanaka M, Matsuo S, Takebayashi T, Nakai Y, Fukumasu H, Matsumoto M, Iwanaga K. Effects of far-infrared radiation on lactation. Ann Physiol Anthropol 1990;9(2):83-91
  1. Ko GD, Berbrayer D. Effect of ceramic-impregnated “thermoflow” gloves on patients with Raynaud’s syndrome: randomized, placebo-controlled study. Altern Med Rev. 2002;7(4):328-35

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും

തുടര്‍ ലേഖനങ്ങള്‍

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനോശാരീരിക ചികിത്സകൾ
Next post ജൈവ ഊർജ ചികിത്സകൾ 
Close