Read Time:12 Minute

Environment Impact Assessment-Notification 2020 (EIA 2020) സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കര്‍ണാടക ഹൈക്കോടതി സെപ്റ്റംബര്‍ 7 വരെ തടഞ്ഞിരിക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനു All India Peoples Science Network ഉം കേരള ശാസ്ത്രസാഹിത്യ പരിഷത്തും നേരത്തെ നൽകിയ നിര്‍ദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

കേന്ദ്ര പരിസ്ഥിതി -വനം -കാലാവസ്ഥാവ്യതിയാന മന്ത്രാലയം 2020ലെ കരട് ഇഐഎ വിജ്ഞാപനം (ഇനി മുതല്‍ 2020 ലെ കരട് ഇഐഎ എന്നു പറയുന്നു), കോവി‍ഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇതിന്മേലുള്ള പ്രതികരണങ്ങള്‍ക്കുള്ള സമയം 2020 ജൂണ്‍ 30 ന് അപ്പുറത്തേക്ക് നീട്ടിക്കിട്ടണം എന്ന് നിരവധി സംഘടനകളും വിദഗ്ദ്ധരും ആവശ്യപ്പെട്ടിട്ടും, നിര്‍ബന്ധമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ തീരുമാനിച്ചു എന്നത് ഏറെ ഖേദകരമാണ്. ഇഐഎ 2020 സംബന്ധിച്ച് പൊതുസമൂഹത്തിന്റെ പങ്കാളിത്തവും ചര്‍ച്ചകളും ഫലപ്രദമായി നടത്താന്‍ ആവശ്യമായ താഴേത്തട്ടിലുള്ള കൂടിയാലോചനകള്‍ക്ക്, പ്രത്യേകിച്ച് പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടും കഴിയുന്ന സമൂഹങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ഈ നിന്ത്രണങ്ങള്‍ വിഘാതമായി വന്നതിനാലാണ് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നിരുന്നാലും, 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന 40 ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഐപിഎസ്എന്‍, കരട് EIA 2020 യില്‍ സാദ്ധ്യമായ രീതിയില്‍ വിപുലമായ കൂടിയാലോചനകള്‍ നടത്തുകയും സമഗ്രമായ പ്രതികരണം സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഞങ്ങളുടെ പ്രതികരണം വിജ്ഞാപനത്തിന്റെ ഓരോ വകുപ്പുകളുെടയും കൃത്യമായ വിമര്‍ശനവും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഇവിടെ അതിലെ പ്രധാന കാര്യങ്ങളുടെ ഒരു രത്നച്ചുരുക്കമാണ് അവതരിപ്പിക്കുന്നത്.

അഖിലേന്ത്യാ ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പ്രതികരണങ്ങൾ (പി.ഡി.എഫ്.)

  1. AIPSN response to EIA 2020
  2. KSSP COMMENTS ON THE EIA NOTIFICATION 2020

സംഗ്രഹം 

ഇപ്പോഴത്തെ സര്‍ക്കാ‍ര്‍ 2014 ല്‍ ആദ്യമായി ചുമതല ഏറ്റെടുത്തതു മുതല്‍ ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങളിലും മാനദണ്ഡങ്ങളിലും ഗുരുതരമായി വെള്ളം ചേര്‍ക്കുന്നതിനും നിയന്ത്രണത്തിനും പരിശോധനയ്ക്കുമുള്ള അധികാരികളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും അതുവഴി “ബിസിനസ് നടത്തുക എളുപ്പമാക്കുന്നതിനും” കോര്‍പ്പറേറ്റുകള്‍ക്ക് സ്വാഭാവിക പരിസ്ഥിതിയെ കടന്നാക്രമിച്ചുകൊണ്ട് പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിനും നടപ്പാക്കുന്നതിനും എളുപ്പമാക്കുകയും ചെയ്യുന്നതിന് സഹായകമായ പാത മനപ്പൂര്‍വ്വമായി സ്വീകരിച്ചുവരികയാണ്. പരിസ്ഥിതിയെ ആശ്രയിച്ച് ജീവനും ജീവിതവും കെട്ടിപ്പടുക്കുന്ന കോടാനുകോടി ജനങ്ങളുടെ ചെലവിലാണിത്. ഇന്നാട്ടിലെ പരിസ്ഥിതിനിയമങ്ങളും പദ്ധതികളുടെ പരിശോധനയും അംഗീകാരവും നിരീക്ഷണവും നടത്തുന്നതിനുള്ള സംവിധാനങ്ങളുമൊക്കെ സാമൂഹ്യസംഘടനകളുടെയും പ്രശ്നബാധിതസമൂഹങ്ങളുടെയും പരിസ്ഥിതിരംഗത്തെ പ്രഗത്ഭരുടെയും ശാസ്ത്രസമൂഹത്തിന്റെയുമെല്ലാം വര്‍ഷങ്ങളോളം നീണ്ടുനിന്ന വേദനാനിര്‍ഭരമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി രൂപപ്പെടുത്തിയെടുത്തതാണ്; ഇവരെല്ലാം തങ്ങളുടെ ജീവിതത്തെ തന്നെ നിലനിര്‍ത്തുന്ന സ്വാഭാവിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം സ്ഥായിയായ വികസനം കാംക്ഷിക്കുന്നവരുമാണ്.

നിര്‍ഭാഗ്യവശാല്‍ മാനദണ്ഡങ്ങളെ ശക്തിപ്പെടുത്തുകയും നിക്ഷിപ്തതാല്പര്യക്കാരുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി അവയില്‍ നുഴഞ്ഞുകയറിപ്പറ്റിയ നിരവധി പഴുതുകള്‍ അടയ്ക്കുകയും ചെയ്യുന്നതിനു പകരം കരട് EIA 2020 പരിസ്ഥിതിനയമങ്ങളെ വീണ്ടും ദുര്‍ബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിന്റെ സുതാര്യതയും ഉത്തരവാദിത്തവും കുറയ്ക്കുകയും ചെയ്തു. നാളിതുവരെ എന്‍ജിടിയും ഹൈക്കോടതികളും സുപ്രീം കോടതി പോലും ഇഐഎ 2006 മായി ബന്ധപ്പെട്ട് കാലാകാലങ്ങളായി പുറത്തിറക്കിയ വിധികളെ പോലും മറികടക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് വാസ്തവത്തില്‍ പല വകുപ്പുകളും.

2020ലെ കരട് EIA വഴി കൊണ്ടുവരാനുദ്ദേശിക്കുന്ന, എതിര്‍ക്കപ്പെടേണ്ട പ്രധാന മാറ്റങ്ങള്‍ ഇവയൊക്കെയാണ്:

  • പരിസ്ഥിതിയില്‍ ഗുരുതരമായ ആഘാതം ഏല്പിക്കാന്‍ കഴിവുള്ള നിരവധി പ്രോജക്ടുകള്‍ ഉള്‍പ്പെടെ പലതരം പ്രോജക്ടുകളെ യാതൊരു അവലോകനമോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനയോ പബ്ലിക് ഹിയറിംഗോ ആവശ്യമില്ലാത്ത ബി.2 കാറ്റഗറിയിലേക്ക് മാറ്റിക്കൊണ്ടുള്ള റീ ക്ലാസ്സിഫിക്കേഷന്‍. ഉദാ: എണ്ണ/ പ്രകൃതിവാതക പര്യവേഷണം (തമിഴ്‍ നാട്ടിലെ കാവേരി ഡല്‍റ്റയില്‍ അമ്മാതിരി ഒന്നിന് അനുവാദം കൊടുത്തിരുന്നു, അത് വലിയ കര്‍ഷകസമരങ്ങള്‍ക്കിടയാക്കുകയും തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു.), ജലവിമാനത്താവളങ്ങള്‍, നദികളിലൂടെയുള്ള ജലപാതകള്‍, അതുപോലെ നദീതടഡ്രഡ്ജിംഗ് (2020 കരട് ഇഐഎ യില്‍ ‘ക്യാപ്പിറ്റല്‍ ഡ്രഡ്ജിംഗ്’ എന്നതിന്റെ നിര്‍വചനം ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയെങ്കിലും ഇത് അതുതന്നെയാണ്), 20,000 മുതല്‍ 1,50,000 ച.മീ. വരെയുള്ള നിര്‍മ്മാണവും സ്ഥലവികസനപദ്ധതികളും ( 20,000 മുതല്‍ 1,50,000 വരെയുള്ള പദ്ധതികളെ ഒിവാക്കുന്നതിനെതിരെ എന്‍ജിടി നേരത്തേ റൂളിംഗ് നല്‍കിയിരുന്നു, അതിനാലാണ് കരടു ഇഐഎ 2020 ല്‍ ഇത് ചേര്‍ത്തത്.), കൂടാതെ “ലീനിയര്‍ പ്രോജക്ടുകള്‍” അവ കടന്നുപോകുന്ന ദേശീയോദ്യാനം, സാങ്ച്വറികള്‍, കോറല്‍ റീഫ് എന്നിവിടങ്ങളില്‍ മാത്രമേ അവലോകനമോ വിലയിരുത്തലോ നടത്തുകയുള്ളൂ. (ഇവിടെയും പൈപ്പ് ലൈനുകള്‍ കടന്നുപോകുന്ന വന്‍കിട പാതകള്‍ ഒഴിവാക്കിയിട്ടുണ്ട്.)
  • സാരമായ പരിസ്ഥിതി ആഘാതം ഉളവാക്കുന്ന സൗരോര്‍ജ്ജ പ്രോജക്ടുകള്‍, സൗരതാപോര്‍ജ്ജ പദ്ധതികള്‍, സൗരോര്‍ജ്ജ പാര്‍ക്കുകള്‍, കല്‍ക്കരി-ധാതുപര്യവേഷണം, മറ്റൊരു കൂട്ടം “ആര്‍&ഡി പദ്ധതികള്‍”, 2000 ഹെക്ടര്‍ വരെ സംഭരണശേഷിയുള്ള ചെറുകിട ജലസേചന പദ്ധതികള്‍, ഹസാര്‍ഡസ് വേസ്റ്റ് (വിഷമാലിന്യ) സംസ്കരണ യൂണിറ്റുകള്‍ തുടങ്ങിയവയും രാജ്യരക്ഷാ ഉപകരണങ്ങളും സ്ഫോടകവസ്തുക്കളും ഉല്പാദിപ്പിക്കുന്ന യൂണിറ്റുകളും വ്യക്തതയില്ലാത്ത മറ്റൊരു കൂട്ടം പ്രോജക്ടുകളെയും (ഇപ്പോള്‍ കളിമണ്‍ തൊഴിലാളികളെപ്പോലുള്ള കൈത്തൊഴില്‍ മേഖലയിലുള്ളവരെ കളിമണ്ണ് ശേഖരിക്കുന്നതിന് ഒഴിവാക്കപ്പെട്ടതുപോലെ) മുന്‍കൂട്ടിയുള്ള പരിസ്ഥിതി ക്ലിയറന്‍സ് നേടുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • കേന്ദ്ര സര്‍ക്കാര്‍ “തന്ത്രപ്രധാനം” എന്നു വിവക്ഷിക്കുന്നവ ഉള്‍പ്പെടെ രാജ്യരക്ഷയ്ക്കം ദേശീയസുരക്ഷയ്ക്കുമുള്ള പ്രോജക്ടുകള്‍ അവലോകനം, പബ്ലിക് ഹിയറിംഗ് എന്നിവയില്‍ നിന്ന് ഒഴിവാക്കപ്പെടും. കൂടാതെ ഇത്തരം പദ്ധതികളേക്കുറിച്ച് യാതൊരു വിവരവും പൊതുസമൂഹത്തിന്റെ അറിവില്‍ വയ്ക്കുകയില്ലെന്ന മറ്റൊരു ഉപാധിയും അവയ്ക്കുണ്ട്. മിലിട്ടറി/സുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിവാക്കേണ്ടതില്ല, എന്നാല്‍ അവയുടെ ആവശ്യമായ സ്ഥലത്തിന്റെ പരിധി, തീരദേശത്തു വരാവുന്ന നര്‍മ്മിതികള്‍, വായുമലിനീകരണം, ജലമലിനീകരണം തുടങ്ങിയ കാര്യങ്ങള്‍ വെളിവാക്കുകയും പരിശോധിക്കപ്പെടുകയും വേണം. കൂടാതെ ചില പദ്ധതികളെ ‘തന്ത്രപ്രധാനം’ എന്ന് മുദ്രകുത്തുന്നത് അവ്യക്തവും അതാര്യവും എല്ലാതരം പദ്ധതികളും ജനകീയ പരിശോധനയ്ല്‍ നിന്ന് മറച്ചു വയ്ക്കുന്നതുവഴി ദുരുപയോഗത്തിന് ഇടയാക്കുകയും ചെയ്യും.
  • പൊതുജനങ്ങളുടെ പ്രതികരണത്തിന് അനുവദിച്ച നോട്ടീസ് സമയം മുമ്പേ തന്നെ അപര്യാപ്തമായ 30 ദിവസം എന്നതില്‍ നിന്ന് 20 ദിവസമായി കുറച്ചു. ലംഘനങ്ങളുമായി ബന്ധപ്പെട്ട, അതായത് മുന്‍കൂട്ടിയുള്ള പരിസ്ഥിതി അനുമതി (ക്ലിയറന്‍സ്) ലഭിക്കാതെ നിര്‍മ്മാണം ആരംഭിക്കുകയോ പ്രവര്‍ത്തനം ആരംഭിക്കുകയോ വികസനമോ ആധുനികവല്‍ക്കരണമോ നടത്തുകയോ ചെയ്തിട്ടുള്ള പദ്ധതികള്‍ക്ക് ഇനിമുതല്‍ മുന്‍കാലപ്രാബല്യത്തോടെയുള്ള ക്ലിയറന്‍സ് നല്‍കുകയും ചെറിയ ഫൈന്‍ അടപ്പിച്ചുകൊണ്ട് പ്രവര്‍ത്തനം തുടരാനായി അനുവദിക്കുകയും ചെയ്യും എന്നതാണ് കരട് ഇഐഎ 2020ലെ ഏറ്റവും മോശമായ വകുപ്പുകളില്‍ ഒന്ന്. (ഉദാഹരണത്തിന് വിശാഖപട്ടണത്തെ എല്‍ജി പോളിസ്റ്റൈറീന്‍ പ്ലാന്റ് പരിസ്ഥിതി അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക ആയിരുന്നു. അവര്‍ മുന്‍ കാല അനുമതി തേടിക്കൊണ്ടിരിക്കുകയും ആയിരുന്നു,) എന്‍ജിടിയും സുപ്രീം കോടതിയും മുന്‍കാല അനുമതിയെന്നത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് ആവര്‍ത്തിച്ച് വിധിച്ചിട്ടുള്ളതാണ്. കരട് ഇഐഎ 2020 ഇത്തരം വകുപ്പുകള്‍ ചേര്‍ക്കുന്നതു വഴി ഈ വിധികളെ മറികടക്കാനുള്ള ശ്രമമാണ്.

വിവർത്തനം : ജി.ഗോപിനാഥൻ

നിങ്ങളുടെ പ്രതികരണങ്ങൾ eia2020moefcc@gov.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.  പോസ്റ്റൽ വിലാസം : The Secretary, Ministry of Environment, Forest and Climate Change, Indira Paryavaran Bhawan, Jor Bagh Road, Aliganj, New Delhi-110 003


അധികവായനയ്ക്ക് 

  1. Environment Impact Assessment-Notification 2020 (EIA 2020)
  2. പരിസ്ഥിതിക്ക് സാവധാന മരണം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 2
Next post മറുക് ഉണ്ടാകുന്നത് എങ്ങനെ ?
Close