Read Time:9 Minute

ഒ.ആർ.അസ് ലായനിയുടെ പിതാവിന് വിട.. ഒ.ആര്‍.എസ് (Oral Rehydration Solution) എന്ന പൊതുജനാരോഗ്യ മുന്നേറ്റത്തിന് തുടക്കം കുറിച്ച ലോക പ്രശസ്ത ഇന്ത്യൻ ശിശുരോഗ വിദഗ്ധൻ ഡോ.ദിലിപ് മഹലനാബിസ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ എൺപത്തി ഏഴാമത്തെ വയസ്സിൽ ശ്വാസകോശ രോഗ ബാധയെ തുടർന്ന് 16 ഒക്ടോബർ 2022 നു അന്തരിച്ചു.

ഡോ. ദിലീപ് മഹലനാബിസ്

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ശിശുമരണങ്ങൾ ഏറിയ  പങ്കും സംഭവിക്കുന്നത്  വയറിളക്കരോഗങ്ങൾ കൊണ്ടുണ്ടാവുന്ന നിർജലീകരണം കാരണമാണ്. വയറിളക്കരോഗങ്ങൾക്കെതിരെ നിര്‍ജലനീകരത്തിനുള്ള ഒ.ആർ.അസ് ലായനി, കോളറ അടക്കമുള്ള വയറിളക്കരോഗങ്ങൾക്കെതിരെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഒ.ആര്‍.എസ് (പഞ്ചസാര, ഉപ്പ് എന്നിവയുടെ മിശ്രിതം) ചികിത്സ മറ്റൊരു ചികിത്സ രീതിയായ  ഇൻട്രാ വീനസു ഫ്ലുയിഡ് ചികിത്സയേക്കാൾ എളുപ്പം നൽകാവുന്നതും, പരിശീലനം ആവശ്യമില്ലാത്തതും ചെലവ് കുറഞ്ഞതാണെന്നു തെളിയിക്കുകയും അനേകായിരം ജീവനുകൾ രക്ഷപ്പെടുത്തുകയും ചെയ്‌ത വിപ്ലവകരമായ കണ്ടുപിടുത്തതിന്റെ ഉപജ്ഞാതാവാണ് ഡോ: ദിലിപ് മഹലനോബിസ്.

വിദ്യാഭ്യാസം

1934 ൽ അവിഭക്ത ബംഗാളിലെ കിഷോരഞ്ജിനിയിൽ ജനിച്ച അദ്ദേഹം 1958 ൽ കൊൽക്കത്ത മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടി. ബ്രിട്ടീഷ് ഗവണ്മെന്റ് 1950 ൽ നാഷണൽ ഹെൽത്ത് സർവീസ് ആരംഭിക്കുകയും ഡോ.ദിലിപ് അതിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തത്‌ ബ്രിട്ടനിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം ചെയ്യാൻ വഴിയൊരുക്കി. ലണ്ടൻ , എഡിൻബർഗ് യൂണിവേഴ്സിറ്റികളിൽ നിന്നും ഉപരി പഠനം നേടിയ ശേഷം അദ്ദേഹം കുട്ടികളുടെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യൻ രജിസ്ട്രാർ ആയി നിയമിതനായി.

പിന്നീട് അമേരിക്കൻ ഗവണ്മെന്റ് ജോൺ ഹോപ്കിൻസ് ഇന്റർനാഷണൽ സെന്ററിന്റെ കീഴിൽ കൊൽക്കട്ടയിൽ സ്ഥാപിച്ച ബെല്യഘട്ട ഇന്ഫക്ഷന്സ് ഡിസീസ് ഹോസ്പിറ്റലിൽ നിന്നും കോളറ അടക്കമുള്ള വയറിളക്ക രോഗങ്ങളിൽ ചികിത്സ – ഗവേഷണങ്ങളില്‍  പ്രാവീണ്യം   നേടി.

ഔദ്യോഗിക ജീവിതം

1970 കളിലെ ബംഗ്ലാദേശിന്റെ വിമോചനയുദ്ധത്തിനിടയിൽ  കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാർഥികൾക്കിടയിൽ ഉണ്ടായ  കോളറ വ്യാപനത്തിനെതിരെ പ്രവർത്തിക്കാൻ വേണ്ടി നോർത്ത് 24 ഡിസ്ട്രിക്ടിൽ എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അഭയാർത്ഥി ക്യാമ്പുകളിലെ പ്രതികൂല സാഹചര്യങ്ങളിലും ഓ.ർ.എസ്‌ ലായനി ഉപയോഗിച്ചു കോളറ പകർച്ചയെ കാര്യക്ഷമമായി പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

UNICEF ന്റെ ORS പാക്കറ്റ്

ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം

പശ്ചിമ ബംഗാളിലെ 350,000 അഭയാർത്ഥികളെ പാർപ്പിച്ച അഭയാർത്ഥി ക്യാമ്പുകളിൽ ഡോ. മഹലനാബിസ് ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഉപയോഗിച്ചു. മൂവായിരത്തിലധികം രോഗികളുടെ ചികിത്സയ്ക്കായി ഒആർടി വിതരണം ചെയ്യാൻ ഡോക്ടർ ദിലീപ് മഹലനാബിസ് തന്റെ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഉപയോഗിച്ച്, ഇൻട്രാവണസ് ഫ്ലൂയിഡ് തെറാപ്പി മാത്രം ഉപയോഗിക്കുന്ന 20-30% മായി താരതമ്യപ്പെടുത്തുമ്പോൾ മരണനിരക്ക് 3% ആയി കുറഞ്ഞു. ഒരു ദുരന്ത സാഹചര്യത്തിൽ റീഹൈഡ്രേഷൻ ലായനിയുടെ ആദ്യത്തെ ഫീല്‍ഡ് തലത്തിലുള്ള വലിയ തോതിലുള്ള  ഉപയോഗമായിരുന്നു ഇത്. തൽഫലമായി, ഇതിന് അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ അംഗീകാരം ലഭിക്കുകയും അതിന്റെ പ്രയോഗം ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു.

വയറിളക്ക രോഗം പ്രതിരോധത്തിനായി ഒരു നുള്ള് ഉപ്പും ഒരു കോരി പഞ്ചസാരയും ഒരു ഗ്ലാസ് ശുദ്ധജലത്തിൽ (A Pinch of Salt, A Scoop of Sugar in a glass of clean Water) കലക്കി കുടിക്കുക എന്ന ഏറ്റവും ലളിതമായ സന്ദേശം ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വിജയകരമായി പ്രചരിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും യൂനിസെഫും ചേർന്ന് സോഡിയം ക്ലോറൈഡ്, പൊട്ടാഷ്യം ക്ലോറൈഡ്, ഗ്ലൂക്കോസ്, ട്രൈ സോഡിയം സിട്രേറ്റ് എന്നിവയടങ്ങിയ കൂടുതൽ ശാസ്തീയവും ഫലപ്രദവുമായ ഓ ആർ എസ് തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1975 മുതൽ 1979 വരെ ലോകാരോഗ്യ സംഘടനയുടെ അഫ്ഘാനിസ്ഥാൻ,ഈജിപ്ത്, യമൻ എന്നിവിടങ്ങളിലെ കോളറ നിയന്ത്രണ യൂണിറ്റുകളിൽപ്രവർത്തിച്ചു.  1980 കളിൽ ലോകാരോഗ്യസംഘടനയുടെ രോഗാണു നിയന്ത്രണ പ്രവർത്തനങ്ങളുടെ പ്രതിനിധിയായി പ്രവർത്തിച്ചു. 1990 ലെ ആഫ്രിക്കയിലെ മൊസാംബിക്കിലും മലാവിയിലും ആഭ്യന്തരയുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ കോളറാ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒ.ആർ.എസ് ഉപയോഗിച്ച് കൊണ്ടുള്ള പാനീയ ചികിത്സയിലൂടെയാണ് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷപ്പെടുത്തിയത്.

ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയിൽ ഓ ആർ എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ വയറിളക്ക് രോഗം മൂലമുള്ള മരണം തടയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് കൊണ്ടാണ് ഓ ആർ എസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നത്.

ഡോ.ദിലീപ് മഹലനാബിസിന് ആദരാഞ്ജലികൾ


അധികവായനയ്ക്ക്

Happy
Happy
14 %
Sad
Sad
86 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചത് എങ്ങനെ ?
Next post ഫിസിക്സിൽ പ്രേമത്തിനെ എങ്ങനെ നിർവ്വചിക്കും ?
Close