Read Time:22 Minute

2024 ജൂലൈ 19 ന് ലോകത്തെയൊട്ടാകെ ഞെട്ടിച്ചതും ‘ഇതുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്’ എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ ഒരു പിഴവ് ഡിജിറ്റൽ ലോകത്ത് സംഭവിക്കുകയുണ്ടായി. ആഗോളമായി നിരവധിയിടങ്ങളിലായി വിൻഡോസ് മെഷീനുകൾ പണിമുടക്കി. അതിന്റെ പ്രത്യാഘാതമായി പല വിമാനത്താവളങ്ങളും ആശുപത്രികളും സർക്കാർ സേവനങ്ങളും നിശ്ചലമായി. അന്നെന്താണ് സംഭവിച്ചത് എന്ന് ലൂക്കയിലൂടെ തന്നെ വായനക്കാർ അറിഞ്ഞിട്ടുള്ളതുമാണ്. ആ പിഴവിലേക്ക് നയിച്ച സാഹചര്യങ്ങൾ നാം സാങ്കേതികതലത്തിലും മറ്റും മനസ്സിലാക്കുന്നതിനോടൊപ്പം രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ (political economy) തലത്തിലും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലേക്കായി ‘ഡിജിറ്റൽ ശൃംഖലാമുതലാളിത്തം’ എന്ന ഒരു ആശയം അവതരിപ്പിക്കുകയാണിവിടെ.

നമുക്ക് ഡിജിറ്റൽ ലോകത്തുനിന്നും അകലെയുള്ള ഒരു ഉദാഹരണം ആദ്യം പരിശോധിക്കാം. പത്തു വർഷം മുമ്പ് ഒരു ഭക്ഷണശാല നടത്തുന്ന ശശിച്ചേട്ടനാണ് നമ്മുടെ സാങ്കൽപ്പിക കഥയിലെ നായകൻ. അദ്ധേഹത്തിന്റെ സ്ഥാപനത്തിൽ നിരവധിയായ തൊഴിലാളികൾ ഉണ്ടായിരുന്നു. പാചകത്തിനും ഭക്ഷണം എടുത്തുകൊടുക്കുന്നതിനും ഉള്ളയാളുകളെക്കൂടാതെ പെറോട്ട അടിക്കുന്നതിനും മറ്റും സവിശേഷ പ്രാഗൽഭ്യം ഉള്ളയാളുകൾ വേറെ ഉണ്ട്. കൂടാതെ ഫോണിൽ വിളിച്ചു ഓർഡർ തരുന്നവർക്ക് വീട്ടിൽ ഭക്ഷണം കൊണ്ടെത്തിക്കാനായി രണ്ടു സ്കൂട്ടറും രണ്ടു ഡെലിവറി തൊഴിലാളികളും. അങ്ങനെയിരിക്കെ ചുറ്റും മെഷീൻ ഉപയോഗിച്ച് ചപ്പാത്തി, പത്തിരി, പെറോട്ട ഉണ്ടാക്കുന്ന ചില കടകൾ വന്നു – കുറഞ്ഞ വിലയ്ക്ക് അവയൊക്കെ ലഭ്യമായി തുടങ്ങി. അപ്പോൾ ശശിച്ചേട്ടൻ തന്റെ ഭക്ഷണശാലയിലെ ചപ്പാത്തി, പത്തിരി, പെറോട്ട നിർമ്മാണം നിർത്തലാക്കി അവിടുന്ന് മേടിക്കാൻ തീരുമാനിച്ചു, കാശ് ലാഭം. ഏതാനും വർഷം കൂടി കഴിഞ്ഞപ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ തലയുയർത്തി, അവർക്ക് ഡെലിവറി തൊഴിലാളികളുടെ ഒരു പട തന്നെയുണ്ട്. സ്കൂട്ടറും വിറ്റു ഡെലിവറി തൊഴിലാളികളെ ഒഴിവാക്കിയാൽ അവിടെയും ലാഭം. ഫോണിൽ വിളിച്ചു ഓർഡർ ചെയ്യുന്നവരോട് ആപ്പിൽ ഓർഡർ നൽകാൻ പറഞ്ഞാൽ മതിയല്ലോ. പിന്നെയുമെത്തി പരിഷ്‌കാരങ്ങൾ, പണമായി വാങ്ങുന്നതിന് പകരം യു പി ഐ ആക്കിയാൽ എളുപ്പത്തിലും കൃത്യമായും ഇടപാട് നടത്താം – ഒരു ക്യൂ ആർ കോഡ് പ്രിന്റ് എടുക്കേണ്ട കാര്യമേയുള്ളു. പത്തുവർഷം പിന്നിട്ടപ്പോൾ ഭക്ഷണശാലയിലെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞെങ്കിലും കച്ചവടം കൂടുതൽ കാര്യക്ഷമമായി എന്നതിൽ ശശിച്ചേട്ടൻ സംതൃപ്തനാണ്. സ്ഥാപനം ആകെ കളറായി!

കാര്യക്ഷമതയുടെ കാര്യം ഒക്കെ നല്ലത് തന്നെ. പക്ഷെ, ഇങ്ങനെയുള്ള മാറ്റങ്ങളിലൂടെ മറ്റു ചിലതുകൂടി – പലപ്പോഴും പരോക്ഷമായി – നടക്കുന്നുണ്ട്. പുതിയ തലമുറ പറോട്ടക്കടയിൽ മെഷീൻ കേടായാൽ കടയിൽ വരുന്നവർക്ക് ശശിച്ചേട്ടൻ അത്താഴത്തിന് എന്ത് കൊടുക്കും? ഡെലിവറി ആപ്പിന്റെ സെർവർ കേടായി ഓർഡർ വരാതിരുന്നാൽ – അതിപ്പോൾ ഒരു മണിക്കൂർ ആണെങ്കിൽ പോലും – ഒരുപാട് ഭക്ഷണം പാഴായത് തന്നെ. എല്ലാം ഭംഗിയായിട്ടു താളത്തിന് നടക്കുന്നുണ്ടേൽ എല്ലാം കൊള്ളാം; പക്ഷെ, താളപ്പിഴ ഉണ്ടായാൽ പലതും തകിടം മറിയും. നാം സാമ്പത്തികകാര്യക്ഷമതയുടെ പിറകെ ഓടുമ്പോൾ പലപ്പോഴും നമ്മുടെ സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ – അതിലൂടെ നൽകുന്ന സേവനനിലവാരത്തിന്റെ – നിയന്ത്രണം നമുക്ക് നഷ്ടമാവുന്നു. മുമ്പ് പരിചയമില്ലാത്ത രീതിയിൽ ഉള്ള സിസ്റ്റം-പിഴവുകൾ സംഭവിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ ഡിജിറ്റൽ നിലനിൽപ്പ് ഭംഗുരം (brittle/fragile) ആവുന്നു.

ഡിജിറ്റൽ ലോകത്ത് മേൽപ്പറഞ്ഞ കഥയിലെ ശശിച്ചേട്ടൻ എടുത്തപോലെയുള്ള തീരുമാനങ്ങൾ നാം നിത്യജീവിതത്തിൽ നിരവധിയാണ് എടുക്കാറുണ്ട്. എന്തെങ്കിലും എഴുതുമ്പോൾ കംപ്യൂട്ടറിൽ ഡോക്യുമെന്റ് രൂപത്തിൽ സ്റ്റോർ ചെയ്യാതെ ഞാൻ ഇപ്പോൾ ഇതെഴുതുമ്പോൾ ചെയ്യുന്ന പോലെ ഗൂഗിൾ ഡോക്സിൽ എഴുതുമ്പോൾ ഏതു യന്ത്രത്തിൽ നിന്നും ഡോക്യുമെന്റ് അക്സസ്സ് ചെയ്യാം എന്ന സൗകര്യമുണ്ട്. പക്ഷെ അതേസമയം ഗൂഗിളിന്റെ സെർവർ പ്രവർത്തനം നിർത്തിയാൽ പെട്ടുപോവുകയും ചെയ്യും. സൗകര്യം, സാമ്പത്തികകാര്യക്ഷമത എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ മുൻനിർത്തി നാം എടുക്കുന്ന ഒരു തീരുമാനവും നമ്മുടെ പ്രവർത്തനമണ്ഡലത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സങ്കീർണ്ണത വർദ്ധിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള പിഴവുകളുടെ വൈവിധ്യവും എണ്ണവും വർദ്ധിക്കും. അതിസങ്കീർണ്ണ ഡിജിറ്റൽ സംവിധാനങ്ങൾ നമുക്ക് ധനകാര്യരംഗത്ത് അപരിചിതമല്ല എന്ന് കൂടി ഈ ഘട്ടത്തിൽ ഓർക്കാം. ഒരു കടയിൽ ചെന്ന് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ ഒരു നിമിഷം കൊണ്ട് നടക്കുന്നത് നിരവധിയായ വിനിമയങ്ങളാണ് – കാർഡിന്റെ മെഷീൻ പ്രവർത്തിപ്പിക്കുന്ന ബാങ്കിലൂടെ കാർഡിന്റെ വിവരങ്ങൾ വിസയുടെയോ മാസ്റ്റർകാർഡിന്റെയോ സർവറിലേക്ക് പോകുന്നു, അവിടെ അവർ നമ്മുടെ ബാങ്കുമായി ബന്ധപ്പെട്ടു ഇടപാട് നടത്താനുള്ള അനുമതിയുണ്ടോ എന്ന് പരിശോധിക്കുന്നു, അതിനുശേഷം ഇടപാട് നടത്തുകയും അത് ഒരു റസീപ്റ്റ് ആയി കാർഡ് മെഷീനിലേക്ക് വരികയും ചെയ്യുന്നു. ഇവിടെ എന്തെങ്കിലും ഒന്നിൽ ഒരു പിഴവ് സംഭവിച്ചാൽ ഇടപാട് നടക്കാതെ വരും. നാം ഒരു സൂപ്പർമാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിൽ അക്ഷമരായി കാത്തുനിൽക്കുമ്പോൾ തൊട്ടുമുമ്പിലുള്ള ആളുടെ കാർഡ് ഇടപാടിൽ ഒരു പ്രശ്നം സംഭവിക്കുകയും നാം അഞ്ചോ പത്തോ മിനുട്ടുകൾ അധികം കാത്തുനിൽക്കേണ്ടിവരികയും ചെയ്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ടാവും. ആ മുഷിവിന് നാം ശപിക്കേണ്ടത് മുന്നിൽ നിൽക്കുന്നയാളെയല്ല എന്നതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. താളത്തിൽ എല്ലാം നടക്കുമ്പോൾ എല്ലാം കാര്യക്ഷമം, എന്തെങ്കിലും പ്രശം സംഭവിച്ചാൽ മൊത്തത്തിൽ പ്രശ്നം – ഇതൊക്കെയാണ് സങ്കീർണ്ണ വ്യവസ്ഥകളുടെ ഒരു പൊതുരീതി.

നമ്മുടെ കഥയിലെ ശശിച്ചേട്ടൻ പുറമെ നിന്ന് ചപ്പാത്തിയും പറോട്ടയും വാങ്ങുന്ന ഒരു രീതിയിലേക്ക് മാറാനായി ആ കടയിൽ ചെന്ന് അവരോടു സംസാരിച്ചു ദിവസവും വേണ്ടത്ര എണ്ണം കടയിലേക്ക് എത്തിക്കാനുള്ള ഒരു സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിൽനിന്നും വ്യത്യസ്തമായി ഡിജിറ്റൽ കമ്പനികൾ നടത്തുന്ന ശശിച്ചേട്ടന്മാർക്ക് ഇതെല്ലാം ഒരു നിമിഷം കൊണ്ട് ചെയ്യാം. ഇന്ന് ഡിജിറ്റൽ ലോകത്തുള്ള ചെറുകമ്പനികൾ മിക്കവാറും തന്നെ സ്വന്തമായി സെർവറുകൾ പ്രവർത്തിപ്പിക്കാറില്ല – അവ ആമസോണിന്റെ വെബ് സേവനങ്ങളോ സമാന സംവിധാനങ്ങളോ ഉപയോഗിക്കുകയാണ് പതിവ്. ചെറു കമ്പനികളുടെയെല്ലാം വിവരശേഖരങ്ങളും വെബ്ബിൽ – കൃത്യമായി പറഞ്ഞാൽ ക്‌ളൗഡിൽ – തന്നെ; അവയുടെ ചുമതല ആ സേവനം നൽകുന്ന കമ്പനിക്കാണ്. കഴിഞ്ഞ ദിവസം ചെറുകമ്പനികൾ ആശ്രയിക്കുന്ന അസൂർ (azure) എന്ന മൈക്രോസോഫ്റ്റ് സേവനത്തിന്മേൽ ഒരു സൈബർ ആക്രമണം വരികയും നിരവധി സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. കാര്യക്ഷമതയ്ക്കും സൗകര്യത്തിനുമായി എടുക്കുന്ന ഓരോ തീരുമാനവും ഓരോരോ കണ്ണികൾ സൃഷ്ടിക്കുന്നു എന്ന് കണ്ടാൽ ഇന്നത്തെ ഡിജിറ്റൽ ലോകം എന്നത് അനേകം കണ്ണികൾ അനേകം ദിശകളിൽ പോകുന്ന തരത്തിൽ ക്രമീകരിച്ച ഒരു സങ്കീർണ്ണശൃംഖലയാണെന്ന് കാണാം.

സാമ്പത്തികവും അതുപോലെയുള്ളതുമായ കാര്യക്ഷമത അന്വേഷിച്ചുപോവുന്ന ഡിജിറ്റൽ മുതലാളിത്തം അതിസങ്കീർണ്ണമായ ശൃംഖലകൾ സൃഷ്ടിക്കുമ്പോൾ അവയുടെ പ്രത്യാഘാതങ്ങൾ അനവധിയാണ്. ഒന്ന് എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ടു കിടക്കുമ്പോൾ ഉണ്ടാവുന്ന ഭംഗുരത (brittleness). രണ്ടാമത് ഓരോ വിഷയവും മറ്റു പലതുമാണ് ആശ്രയിച്ചു കഴിയുന്ന അവസ്ഥയിൽ ഉള്ള സുതാര്യതയില്ലായ്മയും ഒന്ന് മറ്റെല്ലാത്തിനേയും ആശ്രയിച്ചുപ്രവർത്തിക്കുന്ന അവസ്ഥ. മൂന്നാമത് ഈ ശൃംഖലയിൽ പെട്ട ഓരോ കണ്ണിക്കും അവരുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ. നാലാമത് ഒരു പിഴവ് സംഭവിക്കുമ്പോൾ അത് ആരുടെ ഉത്തരവാദിത്തം ആണെന്നുള്ളത് വ്യക്തമല്ലാതിരിക്കുമ്പോൾ ഉള്ള നിയമപരമായ ബാധ്യത നിർണ്ണയിക്കാൻ പറ്റാത്ത അവസ്ഥ. ഇവയിൽ ആദ്യത്തേതൊഴികെ ബാക്കിയെല്ലാം ഡിജിറ്റൽ മുതലാളിത്തത്തിന് അനുകൂലമായ കാര്യങ്ങളാണ്. കാര്യക്ഷമത അന്വേഷിച്ചു കമ്പനികളും വ്യക്തികളും എടുക്കുന്ന തീരുമാനങ്ങൾ സൃഷ്ടിക്കുന്ന ഡിജിറ്റൽ ശൃംഖലാമുതലാളിത്തം നമ്മെ നയിക്കുന്നത് അനവധി പ്രശ്നങ്ങൾ സംഭവിക്കാവുന്നതും, അങ്ങനെ സംഭവിക്കുമ്പോൾ ആരെയും വ്യക്തമായി നിയമപരമായി ഉത്തരവാദിത്തം ഏൽപ്പിക്കാൻ കഴിയാത്തതും ആയ അവസ്ഥയിലേക്കാണ്. ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടത് ഈ സങ്കീർണ്ണത സൃഷ്ടിക്കപ്പെടുന്നത് ഡിജിറ്റൽ ഉപയോക്താക്കളുടെ ആവശ്യം മുൻനിർത്തിയല്ല എന്നതും അതെ സമയം കമ്പനികളുടെ സാമ്പത്തികതാല്പര്യങ്ങൾ മുൻനിർത്തിയാണെന്നും ഉള്ളതാണ് – അതുകൊണ്ടാണ് അത് വെറും ഡിജിറ്റൽ ശൃംഖലാവ്യവസ്ഥ എന്നത് മാത്രമാവാതെ ഡിജിറ്റൽ ശൃംഖലാമുതലാളിത്തമാവുന്നത്.

2024 ജൂലൈ 19ലെ ഡിജിറ്റൽ പിഴവ് മൂലം വിമാനത്താവളങ്ങളിൽ ഉണ്ടായ തിരക്കിൻ്റെ ഒരു ദൃശ്യം.

ഈ ഡിജിറ്റൽ ശൃംഖലാമുതലാളിത്തത്തിന്റെ ഭംഗുരതയുടെ ഒരു പ്രത്യക്ഷ ഉദാഹരണമായി 2024 ജൂലൈ 19 ലെ പിഴവിനെ കാണാം. നാം ആരും തന്നെ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കമ്പനിയാണ് ക്രൗഡ് സ്ട്രൈക്ക് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. അവരുടെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് എന്നല്ല ആ കമ്പനിയുടെ ഏതൊരു പ്രവൃത്തിക്കും ഇത്തരം വ്യാപകമായ ഒരു പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നുള്ളത് കമ്പനിക്ക് പോലും ധാരണയുണ്ടായിരുന്നിരിക്കാൻ വഴിയില്ല. എല്ലാം മറ്റെല്ലാത്തിനോടും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീർണ്ണ വ്യവസ്ഥയുടെ – ഡിജിറ്റൽ ശൃംഖലാമുതലാളിത്തത്തിന്റെ – ഭംഗുരത ഏറ്റവും വ്യക്തമായ രീതിയിൽ തുറന്നുകാട്ടപ്പെടുകയാണുണ്ടായത്. അതിന്റെ ഭാഗമായി സംഭവിച്ച അനേകം പിഴവുകൾക്ക് – അതിൽ ഡോക്ടർമാരെ കാണാതെ വിഷമിച്ച രോഗികളും, ഫ്ലൈറ്റ് യാത്ര മുടങ്ങിയ യാത്രക്കാരും, നിത്യപ്രവർത്തനം മുടങ്ങിയ സർക്കാർ ഡിപ്പാർട്മെന്റുകളും എല്ലാം ഉൾപ്പെടും – നിയമപരമായ ബാധ്യത ആർക്കാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ഈ വ്യവസ്ഥയോട് സുതാര്യതയില്ലായ്മയിലേക്കും അതിലൂടെ ഡിജിറ്റൽ കമ്പനികൾക്ക് ലഭിക്കുന്ന രക്ഷാമാർഗ്ഗങ്ങളിലേക്കും ഒരു സംശയത്തിനും ഇടനൽകാത്ത വിധത്തിൽ നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നു. ഇനിയും ഇത്തരം പിഴവുകൾ ആവർത്തിക്കും, അപ്പോഴും ഡിജിറ്റൽ ഭീമന്മാർ ഉത്തരവാദിത്തം ഏൽക്കാതെ രക്ഷപ്പെടും. ഇതിനുള്ള പരിഹാരം കാര്യക്ഷമതയോടൊപ്പം തന്നെ ഉത്തരവാദിത്തവും പരിഗണിക്കുന്ന ഒരു വ്യവസ്ഥയുണ്ടാവുക എന്നതാണ്. അത് തികച്ചും രാഷ്ട്രീയമായ ഒരു ലക്‌ഷ്യം കൂടിയാണ് എന്ന് നാം തിരിച്ചറിയണം.

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ – പഠനം
Next post സൂര്യകുടുംബത്തിന്റെ ഓട്ടപ്പാച്ചിൽ – വഴിക്കുരുക്കിൽപ്പെട്ട പൂവ് 3
Close