Read Time:17 Minute

ഡിസംബർ 10 – മനുഷ്യാവകാശദിനം

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം.

“എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തോടെ പിറന്നവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം”

1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പാരീസിൽ ചരിത്രപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനച്ചത്തിനു ശേഷം ലോകത്തിന്റെ ഗതിയിൽ ശുഭോദർക്കമായ മാനുഷിക പുരോഗതികളാണ് ഉണ്ടായിട്ടുള്ളത്. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഫലവത്തായ 75 വർഷങ്ങൾ നമ്മൾ ഇപ്പോൾ പൂർത്തിയാക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രേഖയും ഇതു തന്നെ. (സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം – മലയാള പരിഭാഷ വായിക്കാം)

പ്രദേശ വ്യത്യാസമില്ലാതെ നിയമപരമായുള്ള വർണ്ണ, വംശ, ജാതി, മത, ലിംഗ സമത്വമാണ് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനശില. ജീവനും സ്വത്തിനും ആശയവിനിമയത്തിനും നിയമത്തിനു മുന്നിൽ തുല്യതയ്ക്കുമുള്ള അവകാശങ്ങൾ ലോകത്ത് ഏതൊരു വ്യക്തിയുടെയും രാഷ്ട്രീയ-പൗരത്വ അവകാശങ്ങളാണ് ; ഭക്ഷണത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംസ്കാരം പ്രതിഫലിപ്പിക്കുവാനുള്ള അവകാശങ്ങൾ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളുമാണ്. ഏതൊരാൾക്കും സാർവ്വത്രികവും അവിഭാജ്യവുമായ അവകാശങ്ങളായി അവ പരിഗണിക്കപ്പെടുന്നു. ഇതിൽ പലതിനും നിയമപരമായ പരിരക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിൽ അവയെല്ലാം പലയിടത്തും പൂർണ്ണമായി നടപ്പിലാക്കുവാൻ കഴിയാത്തതു കൊണ്ടാണ് അവകാശസമരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഈ വിഷയങ്ങൾ ഇന്നും പ്രസക്തമാണ്.

സ്വാതന്ത്ര്യത്തിലേക്കാണ് മനുഷ്യന്റെ പിറവി എന്ന് പറയപ്പെടുന്നുവെങ്കിലും സാമൂഹ്യവ്യവസ്ഥിതികളുടെയും പശ്ചാത്തലസവിശേഷതകളുടെയും പ്രത്യേകതകളാൽ ജീവിതം പലപ്പോഴും പരിമിതികളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രാദേശികമായ പ്രത്യേകതകൾ നിയമങ്ങളെപ്പോലും രൂപപ്പെടുത്തിയ സാഹചര്യങ്ങളും ചൂണ്ടിക്കാണിക്കുവാനാകും.

പൊതുവായ ആവശ്യങ്ങൾക്കായി വ്യക്തികളുടെ നേതൃത്വത്തിൽ സംഘടിത സമൂഹം നടത്തുന്ന പ്രക്ഷോഭ സമരങ്ങളാണ് പോരാട്ടങ്ങൾ. നിയമപരമായ അവകാശലഭ്യതയ്ക്കായുള്ള നീക്കങ്ങൾ എന്ന നിലയ്ക്ക് ഭരണവർഗ്ഗം ഈ പോരാട്ടങ്ങളെ അടിച്ചമർത്തുവാനുള്ള പ്രവണതയാണ് സാധാരണ കണ്ടുവരുന്നത്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പല സമരങ്ങളും രക്തരൂഷിതമാകുവാനും രക്തസാക്ഷികളെ സൃഷ്ടിക്കുവാനും കാരണമാകുന്നത് അതുകൊണ്ടാണ്.

പരിശ്രമങ്ങളുടെ തുടക്കം

മനുഷ്യാവകാശങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് 1215 ലെ മാഗ്നാകാർട്ടയാണ്. ബ്രീട്ടീഷ് രാജാക്കന്മാരുടെ അടിച്ചമർത്തലുകളിൽ വീർപ്പുമുട്ടിയ ജനങ്ങൾ സംഘടിച്ച് ജോൺ രാജാവിനെ തടഞ്ഞുവച്ച് ഒപ്പിടുവിച്ച ഉടമ്പടിയാണത്. 1579 ൽ നെതർലന്റിൽ ഒപ്പിട്ട യൂണിയൻ ഓഫ് യൂട്രെക്‌സ്‌റ്റ്‌ ബിൽ, 1776 ലെ അമേരിക്കൻ ബിൽ ഓഫ് റൈറ്റ്സ്, 1779 ലെ ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം എന്നിവയും മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തിലെ സുപ്രധാന രേഖകളാണ്.

നൂറ്റാണ്ടുകളായി മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നുവെങ്കിലും ആഗോളതലത്തിൽ മനുഷ്യാവകാശ സംരക്ഷണം ചർച്ചയാകുന്നത് 1899ൽ ഹേഗിൽ കൂടിയ സമ്മേളനത്തോടെയാണ്. റഷ്യൻ ചക്രവർത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമനും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന നിക്കോളായേവിച്ച് മുറവ്യോവും മുൻകൈയ്യെടുത്താണ് ആ സമ്മേളനം നടത്തിയത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും കര, കടൽ യുദ്ധരംഗങ്ങളിലും സംരക്ഷിക്കപ്പെടേണ്ട മാനവികവിഷയങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാകുവാൻ ഈ സമ്മേളനത്തിനു കഴിഞ്ഞു. കൊളോണിയലിസം, സാമ്രാജ്യത്വം, അടിമത്തം, വംശീയത, പുരുഷാധിപത്യം, പ്രാദേശികമായ അടിച്ചമർത്തൽ എന്നിവയുടെയൊക്കെ ഫലമായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രാഥമികമായ നീക്കമായി ഇതിനെ വിശേഷിപ്പിക്കാം

1904 ൽ രൂപം കൊണ്ട കോംഗോ റിഫോം അസ്സോസിയേഷൻ (Congo Reform Association) ആണ് മനുഷ്യാവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ആദ്യ സംഘടന. കോംഗോയിലെ തൊഴിലാളികൾക്കെതിരെയുള്ള ബൽജിയത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കുവാനായിട്ടാണ് അത് രൂപം കൊണ്ടത്. തൊഴിലാളികൾക്കെതിരെയുള്ള ക്രൂരതകളുടെ തെളിവുകളായി അതിന്റെ ഫോട്ടോകൾ സംഘടന പ്രസിദ്ധീകരിക്കുകയും അതിന് വ്യാപകമായ വാർത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു.

കൂടുതൽ സംഘടനകൾ വരുന്നു

ആഗോള തലത്തിലുള്ള തൊഴിലാളി മുന്നേറ്റങ്ങളുടെ ഭാഗമായി 1920 ൽ ഫ്രാൻസിൽ അന്തർദ്ദേശീയ തൊഴിലാളി യൂണിയൻ (International labor union) രൂപം കൊണ്ടു. അത് പിന്നീട് International Federation of Human Rights ആയി മാറിയതോടെ വിവിധ രാജ്യങ്ങളിൽ മനുഷ്യാവകാശ വിഷയങ്ങളിൽ സജീവമായ ഇടപെടലുകളുണ്ടായി.

ഐക്യരാഷ്ട്രസഭയുടെ രേഖകളിൽ മനുഷ്യാവകാശ വിഷയങ്ങൾ ഇടം പിടിച്ചത് മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു കമ്മീഷൻ (UN Commission on Human Rights) രൂപീകരിച്ചതിനു ശേഷമാണ്.

മനുഷ്യാവകാശ നയം രൂപീകരിക്കുന്നതിനായി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കമ്മീഷനു മേൽ സമ്മർദ്ദം ചെലുത്തി. അതിന്റെ ഫലമായി 1945 ൽ സാൻഫ്രാൻസിസ്കോ സമ്മേളനത്തിൽ മനുഷ്യാവകാശ നയത്തിന്റെ കരടുരൂപം തയ്യാറാക്കി. രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ നേതൃത്വത്തിൽ വിഷവാതക പ്രയോഗത്തിലൂടെയും കൂട്ടവെടിവയ്പിലൂടെയും അരങ്ങേറിയ ഭീകരമായ ജൂതഹത്യയുടെ പശ്ചാത്തലവും അതിനെത്തുടർന്നുള്ള ന്യൂറംബർഗ് വിചാരണയും ഇതിന് പ്രേരണയായി.

മനുഷ്യാവകാശ നീക്കങ്ങൾ

ആദിവാസി സമൂഹങ്ങളുടെ  മുന്നേറ്റ പരിശ്രമങ്ങൾ, കർഷക പ്രക്ഷോഭങ്ങൾ, പരിസ്ഥിതി സംരക്ഷണനീക്കങ്ങൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, ദളിത് അവകാശ പോരാട്ടങ്ങൾ, ഭിന്നശേഷി സമൂഹത്തിന്റെ തുല്യതാ നീക്കങ്ങൾ, ബാലാവകാശ സംരക്ഷണ പരിശ്രമങ്ങൾ തുടങ്ങിയവയാണ് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രധാനം.

അമേരിക്കയിലെയും ബ്രിട്ടനിലെയും സ്ത്രീ വോട്ടവകാശപോരാട്ടങ്ങൾ, അമേരിക്കയിലെ പൗരാവകാശസമരങ്ങൾ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെയുള്ള സംഘടിതനീക്കങ്ങൾ, അമേരിക്കൻ ഐക്യനാടുകളിലെ സ്വവർഗ്ഗാനുരാഗികളുടെ അവകാശസമരങ്ങൾ, അർജന്റീനയിലെ ‘നീ ഉന മെനോസ് ‘ ( വനിതാ മുന്നേറ്റ സമരം), നൈജീരിയയിലെ ‘എൻഡ് സാർസ് ‘ (ഔദ്യോഗിക കുറ്റകൃത്യ വിരുദ്ധ സമരം), അമേരിക്കയിലെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ ‘ (കറുത്ത വർഗ്ഗക്കാരുടെ തുല്യതാ സമരം), ഇന്ത്യയിലെ കർഷക സമരങ്ങൾ, ഹോങ്കോങ്ങിലെ ജനാധിപത്യാവകാശ സമരങ്ങൾ തുടങ്ങിയവയാണ്  മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ ജനമുന്നേറ്റങ്ങൾ.

വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ വെല്ലുവിളികളെ നേരിടുന്നതിന് നിരവധി യു.എൻ മനുഷ്യാവകാശ സംഘടനകൾ ഇന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും LGBTI ( Lesbian, Gay, Bisexual, Transgender and Intersex) വിഭാഗത്തിൽപ്പെടുന്നവർക്കും സ്വന്തം കുടുംബങ്ങളിൽ നിന്നു പോലും കടുത്ത അവഗണനയാണ് പലപ്പോഴും നേരിടേണ്ടിവരുന്നത്. ഇവയുടെ ശാശ്വത പരിഹാരമാണ് ഈ സംഘടനകളുടെ ആത്യന്തികമായ ലക്ഷ്യം. അതിനായുള്ള കൂട്ടായ പരിശ്രമങ്ങളിൽ അവർ നിരന്തരം വ്യാപൃതരായിരിക്കുന്നു.

പൗര-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ 1966 ലെ അന്താരാഷ്ട ഉടമ്പടി ഈ വിഷയത്തിലുള്ള ശ്രദ്ധേയമായ നീക്കം തന്നെ. 1970 മുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഊർജ്ജസ്വലമാകുകയുണ്ടായി. ചിലി, അമേരിക്ക, സോവിയറ്റ് യൂണിയൻ തുടങ്ങിയുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശധ്വംസനങ്ങൾ കൂടുതൽ എതിർപ്പുകൾക്കു കാരണമായി. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഇടപെടലുകൾ കൂടുതൽ ശക്തമാകുകയും പരക്കെ സ്വീകാര്യത കൈവരിക്കുകയും ചെയ്തു. 1977 ൽ ആംനെസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചതോടെ സംഘടനയുടെ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. 1990നു ശേഷം വനിതാവകാശ വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകളുണ്ടായി. അതോടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി വർദ്ധിച്ചു. അർജന്റീനയിലെ മദേഴ്സ് ഓഫ് ദ പ്ലാസാ ഡി മേയോ ( Mothers of the Plaza de Mayo) സൈനികാധിനിവേശങ്ങൾക്കെതിരെ പൊരുതിയ വനിതാമുന്നേറ്റമാണ്.

അർജന്റീനയിലെ മദേഴ്സ് ഓഫ് ദ പ്ലാസാ ഡി മേയോ ( Mothers of the Plaza de Mayo) 1982 ഡിസംബർ 10 ന് നടത്തിയ പ്രകടനം

ഇന്ത്യയിലേക്കു വരുമ്പോൾ

‘വസുധൈവ കുടുംബകം’ , ‘സർവേ ഭവന്തു സുഖിന’ തുടങ്ങിയ ആപ്തവാക്യങ്ങൾ പ്രാചീനഭാരതത്തിലെ മനുഷ്യാവകാശ സങ്കല്പങ്ങളുടെ പ്രതിഫലനമായിരുന്നെങ്കിലും സാമൂഹ്യവ്യവസ്ഥിതിയിൽ അവ പ്രകടമായിരുന്നില്ല. ജാതീയമായ വിവേചനങ്ങൾക്കെതിരെയും അവസരസമത്വത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമായുള്ള ഒറ്റപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ പത്തൊൻപതാംനൂറ്റാണ്ടു മുതൽ ഇന്ത്യയിൽ ആരംഭിച്ചതായി കാണാം. പൗരാവകാശങ്ങൾക്കായുള്ള മുറവിളികൾ ശക്തമായത് ഇരുപതാം നൂറ്റാണ്ടിലാണ്. 1918 ൽ ബോംബെയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തിൽ പൗരാവകാശ വിഷയങ്ങൾ ചർച്ച ചെയ്യുകയും ബ്രിട്ടീഷ് ഭരണാധികാരികൾക്കുമുന്നിൽ ഒരു പ്രമേയമായി സമർപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച നിയമങ്ങളുടെ അഭാവവും അതുമൂലം ഭരണരംഗത്തു പ്രകടമാകുന്ന അനിശ്ചിതത്വവും പ്രത്യേകം പരാമർശിക്കപ്പെട്ടു. മൊണ്ടേഗു – ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളിൽ പൗരാവകാശ സംരക്ഷണവും ഉൾക്കൊള്ളിക്കണമെന്ന അഭ്യർത്ഥനയായിരുന്നു അത്. കാര്യമായ ഫലങ്ങളൊന്നും ഉണ്ടായില്ലെങ്കിലും മനുഷ്യാവകാശങ്ങളുടെ പ്രസക്തിയെക്കുറിച്ച് ജനങ്ങളിൽ ബോധമുണർത്തുവാൻ അതുവഴി കഴിഞ്ഞു. സ്വാതന്ത്ര്യം കൈവന്നതോടെ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഭരണഘടനയിൽ മനുഷ്യാവകാശ സംരക്ഷണം ഉൾക്കൊള്ളിക്കുവാൻ അതിന്റെ ശില്പികൾക്കു സാധിച്ചു. ഇന്ത്യൻ ഭരണഘടന മനുഷ്യാവകാശസംരക്ഷണം ഉറപ്പുതരുന്നുണ്ട്. സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സംസ്കാരം ഉൾക്കൊള്ളുവാനും പ്രതിഫലിപ്പിക്കുവാനുമുള്ള അവകാശം, ഇഷ്ടപ്പെടുന്ന മത വിശ്വാസപ്രകാരം ജീവിക്കുവാനുള്ള അവകാശം എന്നിവ പ്രത്യേകം എഴുതപ്പെട്ടിട്ടുള്ളതാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും നിർദ്ദേശക തത്ത്വങ്ങളും ഇവ അംഗീകരിക്കുന്നുമുണ്ട്. ഇവയെല്ലാം പരിപാലിക്കപ്പെടുന്നു വെന്ന് ഉറപ്പുവരുത്തുവാനുള്ള അധികാരം ഭരണഘടന സുപ്രീം കോടതിക്കു നൽകുകയും ചെയ്യുന്നു.

1993 ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ മനുഷ്യാവകാശ വിഷയപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പൊതുവേദി സൃഷ്ടിക്കപ്പെട്ടു. താമസിയാതെ സംസ്ഥാനങ്ങളിലും കമ്മീഷനുകൾ നിലവിൽ വന്നതോടെ താഴേതട്ടിലും പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി ഏകീകരിക്കുവാൻ കഴിഞ്ഞു. പരാതികൾ ലഭിക്കാതെ തന്നെ മനുഷ്യാവകാശ ലംഘനങ്ങളിൽ സ്വതന്ത്രമായി ഇടപ്പെട്ട് അന്വേഷണങ്ങൾ നടത്തുവാനും നടപടികൾ സ്വീകരിക്കുവാനുമുള്ള അധികാരം സിവിൽ കോടതികൾക്കു സമാനമായ കമ്മീഷനുകൾക്കുണ്ട്. 2019 ലെ നിയമഭേദഗതിയിലൂടെ കൂടുതൽ അധികാരാവകാശങ്ങൾ മനുഷ്യാവകാശ കമ്മീഷനുകൾക്ക് കൈവന്നിട്ടുണ്ട്.


Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിസ്സീമമായ ബുദ്ധിയുടെ വഴിത്താരകൾ
Next post നടക്കുന്ന ഇല – ഇല പ്രാണികളുടെ അത്ഭുത മിമിക്രി
Close