Read Time:6 Minute

സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ (90) അന്തരിച്ചു.

നോബേൽ സമ്മാനം കിട്ടിയ അപൂർവ്വം സൈക്കോളജിസ്റ്റുകളിൽ ഒരാളാണ് പ്രൊഫസർ ഡാനിയൽ കാനെമാൻ. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002-ൽ അദ്ദേഹം പുരസ്കാരത്തിന് അർഹനായത്.

എമൊസ് ട്വെഴ്സ്കിയും (Amos Tversky) പ്രൊഫസർ കാനെമാനും (Daniel kahneman)

Behavioral Economics എന്ന സാമൂഹ്യ ശാസ്ത്ര ശാഖയുടെ തുടക്കക്കാരായി കരുതപ്പെടുന്നത് പ്രൊഫസർ കാനെമാനും അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന എമൊസ് ട്വെഴ്സ്കിയും (Amos Tversky; 1937 – 1996) ആണ്. കാനെമാനും ട്വെഴ്സ്കിയും ചേർന്ന് 1960-കളിൽ തുടങ്ങിയ ഗവേഷണമാണ് നോബേൽ സമ്മാനത്തിലേക്ക് നയിച്ചത്. ജീവിതത്തിൽ ഒരിക്കലും ഇക്കണോമിക്സ് പഠിച്ചിട്ടില്ലാത്ത തനിക്ക് 2017-ലെ നോബേൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ റിച്ചാർഡ് തേലറുമായി (Richard Thaler) ഉണ്ടായ അടുപ്പമാണ് ഈ മേഖലയിലെ ഗവേഷണത്തിന് സഹായകമായതെന്ന് കാനെമാൻ പറഞ്ഞിട്ടുണ്ട്.

റിച്ചാർഡ് തേലർ (Richard Thaler)

Cognitive Biases അഥവാ ചിന്താ വൈകല്യങ്ങളെയും പ്രശ്ന പരിഹാരത്തിന് തലച്ചോറ് സ്വീകരിക്കുന്ന എളുപ്പവഴികളെയും (heuristics) സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളും കണ്ടെത്തലുകളും പ്രൊഫസർ കാനെമാന്റെ വകയായി ഉണ്ട്. Anchoring, Availability heuristic, Hindsight bias, Loss aversion തുടങ്ങി ധാരാളം ബയസുകളെ കാനെമാനും ട്വെഴ്സ്കിയും പഠിച്ചിട്ടുണ്ട്. നാം ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന പ്രക്രിയയെ System 1, System 2 എന്നിങ്ങനെ രണ്ടു രീതികൾ ഉപയോഗിച്ച് വിശദീകരിക്കാമെന്ന് പ്രൊഫസർ കാനെമാൻ പറയുന്നു.

അതിൽ ആദ്യത്തേത് (System 1) വേഗത്തിൽ, നൈസർഗികമായി, ഏറെക്കുറെ വൈകാരികമായി നടക്കുന്നതാണ്. രണ്ടാമത്തേത് (System 2) പതിയെയും, യുക്തിസഹമായും, കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചും നടക്കുന്നതാണ്. സാധാരണ ഗതിയിൽ System 1 വഴി തീരുമാനിക്കുന്ന പല കാര്യങ്ങളും System 2 ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നവയാണ് (അതത്രെ എളുപ്പമല്ലെങ്കിലും).

തന്റെയും ട്വെഴ്സ്കിയുടെയും പഠനങ്ങളെ ആസ്പദമാക്കി കാനെമാൻ 2011-ൽ പ്രസിദ്ധീകരിച്ച Thinking, Fast and Slow എന്ന പുസ്തകം ഒരു Bestseller ആയിരുന്നു. ഇതിന്റെ ഇരുപത്തഞ്ച് ലക്ഷത്തിലധികം കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത്. പല ലോകഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

സൈക്കോളജി ഗവേഷണത്തിലെ replication crisis സംബന്ധിച്ച വിവാദങ്ങൾക്ക് കാനെമാന്റെ ചില പഠനങ്ങളും പാത്രമായിട്ടുണ്ട്. ചില വിമർശനങ്ങൾക്ക് മറുപടിയായി, Priming effect പോലെയുള്ള പ്രതിഭാസങ്ങൾ വിശദീകരിക്കാൻ താൻ ആവശ്യത്തിൽ കുറവ് സാമ്പിളുകൾ ഉള്ള (underpowered) പഠനങ്ങളെ ആശ്രയിച്ചു എന്നും, ഇത് തെറ്റായിരുന്നു എന്നും 2017-ൽ കാനെമാൻ പ്രസ്താവിച്ചിരുന്നു. താൻ കണ്ടെത്തിയ ഒരു ചിന്താ വൈകല്യത്തിന് താൻ തന്നെ അടിപ്പെട്ടത് ഒരു പ്രത്യേക വിരോധാഭാസം ആണെന്ന് അദ്ദേഹം പറഞ്ഞു.

1934 മാർച്ചിൽ, ടെൽ അവീവിലാണ് ഡാനിയൽ കാനെമാൻ ജനിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കെലിയിൽ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിൽ സൈക്കോളജി അധ്യാപകനായി ആദ്യ ജോലി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കെലി എന്നിവിടങ്ങളിലും ജോലി ചെയ്തു. നിലവിൽ പ്രിൻസ്ടൺ സർവ്വകലാശാലയിൽ എമെരിറ്റസ് പ്രൊഫസറാണ്. 2007-ൽ APA-യുടെ Lifetime Contribution Award, 2013-ൽ USA – Presidential Medal of Freedom തുടങ്ങിയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്.

എഴുതിയത്

Happy
Happy
22 %
Sad
Sad
56 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?
Next post ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ
Close