പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ

പി.കെ.ബാലകൃഷ്ണൻ

കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം

കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും അതിവേഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ജനജീവിതം പൂർണമായി സ്തംഭിച്ചിരിക്കുന്നു. രാഷ്ട്രാന്തരീയ യാത്രകൾക്ക് മുടക്കമുണ്ടാവുന്നു. രോഗവ്യാപനം ഇനിയും വർധിക്കാനിടയുണ്ടെന്നും വ്യാപനസാഹചര്യങ്ങൾ ഒഴിവാക്കൽ മാത്രമാണ് ഇപ്പോൾ പരിഹാരമായിട്ടുള്ളത് എന്നും വിദഗ്ധർ പറയുന്നു. ഇങ്ങനെ പറയുന്നതിനു കാരണം രോഗത്തെ പ്രതിരോധിക്കാനുള്ള ഔഷധങ്ങൾ ഇപ്പോൾ ലഭ്യമല്ല എന്നതാണ്.

രോഗവ്യാപനം ത്വരിതഗതിയിൽ വർധിക്കുന്നതിനാലും രോഗികളാണെന്നു കണ്ടെത്തുന്നവരിൽ 15 ശതമാനത്തിന് തീവ്രപരിചരണം വേണ്ടിവരുന്നതിനാലും പല രാജ്യങ്ങളിലും നിലവിലുള്ള ആശുപത്രി സംവിധാനങ്ങൾ മതിയാവില്ല. അതിനാൽ ഒരു പുതിയ ഔഷധം കണ്ടെത്തി പരീക്ഷിച്ച് വിജയിപ്പിക്കുന്നതുവരെ വ്യാപന നിയന്ത്രണം എന്ന ഒറ്റ ഉപാധി മതിയാവില്ല.

അടുത്ത കാലത്ത് വികസിപ്പിച്ചെടുത്ത ശ്വാസകോശ രോഗങ്ങളുടെ ഔഷധങ്ങളും, SARS, MERS എന്നീ കോറോണ വൈറസ് രോഗങ്ങൾക്ക് മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിപ്പിച്ച ഔഷധങ്ങളും, മലേറിയ രോഗത്തിനുള്ള ഔഷധവും ഉപയോഗിച്ചാണ് അടിയന്തിരസ്വഭാവത്തിലുള്ള ഈ പരീക്ഷണം നടത്താൻ തീരുമാനിച്ചത്.

നിലവിൽ ചികിത്സിക്കാനുള്ള ഓഷധങ്ങൾ ലഭ്യമല്ലെങ്കിലും രോഗത്തിൻ്റെ തീവ്രത കുറയ്ക്കാനുള്ള ഔഷധം ചില രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളതായി കാണുന്നു. അതിലൊന്ന് ക്യൂബ ചൈനയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഇൻ്റർഫെറോൺ ആൽഫ 2b (Interferon alpha2b) എന്ന ഔഷധമാണ്.

കോവിഡ് – 19 എന്ന മഹാമാരി ഇതിനകം മൂന്നരലക്ഷത്തിലധികം പേരെ ബാധിക്കുകയും 15000-ലധികം പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇതിന് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അടുത്ത കാലത്തു മാത്രം കണ്ടെത്തിയ ഒരു വൈറസ് രോഗമെന്ന നിലയിൽ ഇതിനെ ചികിത്സിച്ചു മാറ്റാൻ പറ്റിയതും ആഗോളതലത്തിൽ അംഗീകാരമുള്ളതുമായ ഏതെങ്കിലും മരുന്ന് ഇന്നു ലഭ്യമല്ല. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ പല രാജ്യങ്ങളിലും ചില മരുന്നുകൾ പരീക്ഷിച്ചു വരുന്നുണ്ട്. ഇത്തരം ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാൻ തുടർന്നു വായിക്കുക.

സോളിഡാരിറ്റി

മറ്റു ചില രോഗങ്ങളെ പ്രതിരോധിക്കാൻ നിർമിച്ച് വിജയം കണ്ട ഔഷധങ്ങൾ പുതിയ കൊറോണ വൈറസ് രോഗികളിൽ പരീക്ഷിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ രോഗ തീവ്രത കുറയ്ക്കാനും, അവരെ മരണത്തിൽ നിന്ന് രക്ഷിക്കാനും  പര്യാപ്തമാണോ എന്നറിയുകയാണ്.  കോവിഡ്- 19 രോഗികളെ ചികിത്സിക്കാൻ കഴിയുമെന്നു കരുതുന്ന വിവിധയിനം ചികിത്സാരീതികളെ / മരുന്നുകളെ ലോകമെമ്പാടും ആയിരക്കണക്കിനു രോഗികളിൽ പരീക്ഷിച്ചു നോക്കാൻ ഉദ്ദേശിച്ച് ലോകാരോഗ്യ സംഘടന ആരംഭിച്ചിട്ടുള്ള ബൃഹദ് പദ്ധതിയാണ് സോളിഡാരിറ്റി. വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിനു രോഗികളെ സന്നദ്ധരാക്കി നടത്തുന്ന വിപുലമായ ആഗോള പരീക്ഷണം. വിവിധ ശാസ്ത്രജ്ഞർ ഡസൻ കണക്കിന് സംയുക്തങ്ങൾ നിർദേശിച്ചിരുന്നെങ്കിലും നാലു തരത്തിലുള്ള മരുന്നുകളാണ് ഇവിടെ പരിശോധിക്കുന്നത്. സാധാരണ ഗതിയിൽ ഡബിൾ ബ്ലൈൻഡ് (double blind) രീതിയിലാണ് ഇത്തരം പരിശോധനകൾ നടത്തുക. ഇതാണ് ഏറ്റവും യുക്തിപൂർവമെങ്കിലും അത് ഏറെ സമയവും വിഭവങ്ങളും വേണ്ട സങ്കീർണപ്രക്രിയയാണ്. 

സമയം ലാഭിക്കാൻ വേണ്ടി ലളിതമായ മറ്റൊരു രീതിയാണ് ഇത്തവണ അവലംബിക്കുക. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ചികിത്സാരംഗത്തുള്ളവരുടെ സമയം അതിനായി ചെലവാക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം. ഇതിൽ പങ്കെടുക്കുന്ന ഓരോ രോഗിയുടെയും ചില വിവരങ്ങളും സമ്മതപത്രവും ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം. തുടർന്ന് ഏതു മരുന്നുകൾ നൽകണമെന്ന നിർദേശം ലഭിക്കും. തുടർ ഡോക്യുമെന്റേഷനുകൾ എല്ലാം തന്നെ ഒഴിവാക്കിയിരിക്കുകയാണ്. ഒടുവിൽ രോഗി സുഖം പ്രാപിച്ച് ആശുപത്രി വിടുകയോ അല്ലെങ്കിൽ രോഗത്താൽ മരിച്ചു പോവുകയോ ചെയ്യുമ്പോൾ ആ തീയതി വെബ്സൈറ്റിൽ ചേർത്താൽ ജോലി പൂർത്തിയായി. ആയിരക്കണക്കിനു രോഗികളെ സംബന്ധിച്ച് ലഭിക്കുന്ന വിവരത്തിൽ നിന്ന് നമുക്ക് മരുന്നുകളുടെ പ്രയോജനം സംബന്ധിയായ ശാസ്ത്രീയ നിഗമനങ്ങളിലെത്താം.

ഇപ്പോൾ ലോകത്തിനു പ്രതീക്ഷ നൽകുന്നത് WHO പ്രഖ്യാപിച്ച 4 വ്യത്യസ്ത പ്രതിരോധ ഔഷധങ്ങളുടെ പരീക്ഷണമാണ്.

സോളിഡാരിറ്റി (SOLIDARITY) പരീക്ഷണത്തിനു വിധേയമാക്കുന്ന ഔഷധങ്ങൾ.

  1. ക്ലോറോക്വിൻ സംയുക്തങ്ങൾ

1940കൾ മുതൽ മലേറിയക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് ക്ലോറോക്വിൻ. നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പെറുവിലെ തദ്ദേശീയർ ഇത് പനിക്കെതിരെ ഉപയോഗിച്ചിരുന്നു. സിങ്കോണ എന്ന ചെടിയുടെ തൊലിയിൽ നിന്നാണ് ഇതടങ്ങിയ മരുന്ന് എടുത്തിരുന്നത്. പിന്നീട് 1934-ൽ ചില ജർമൻ ശാസ്ത്രജ്ഞർ ഇതിൽ നിന്ന് ക്ലോറോക്വിൻ എന്ന സംയുക്തം വേർതിരിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേറിയക്കെതിരെ ഇത് വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഇതു വ്യാപകമായി ഉപയോഗിച്ചു വരുന്നു.

2020 ജനുവരിയിൽ തന്നെ ചൈനീസ് ശാസ്ത്രജ്ഞർ ഇതു കോവിഡിനെതിരെ ഫലപ്രദമാണോ എന്ന പരിശോധന തുടങ്ങിയിരുന്നു. പ്രാഥമിക ഫലങ്ങൾ അനുസരിച്ച് കോവിഡിനെത്തുടർന്നുണ്ടാകുന്ന ന്യുമോണിയ ഭേദമാക്കാൻ ക്ലോറോക്വിൻ ഫോസ്ഫേറ്റ് എന്ന സംയുക്തം സഹായകരമാണ്.

ചൈന, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലൊക്കെ കോവിഡിനെ ചികിത്സിക്കാൻ ഇതുപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ അതോടൊപ്പം തന്നെ ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്ളവർക്ക് ഇത് മോശമായ പാർശ്വഫലം ഉണ്ടാക്കുന്നതായും കണ്ടെത്തി. പിന്നീട് ഹൈഡ്രോക്സിൻ ക്ലോറോക്വിൻ എന്ന സംയുക്തം കുറച്ചു കൂടി അഭികാമ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മലേറിയ എന്നത് വൈറസ് മൂലമുണ്ടാകുന്ന രോഗമല്ലെങ്കിൽ കൂടി അതിനെതിരെ ഉപയോഗിക്കുന്ന മരുന്നിന് കോവിഡിന്റെ കാര്യത്തിൽ പ്രസക്തിയുണ്ട് എന്നത് കൗതുകം ഉണ്ടാക്കുന്ന ഒരു അറിവാണ്. ഈ മരുന്നിനു വേണ്ടി അമേരിക്ക ഇന്ത്യൻ കമ്പനികളെ സമീപിച്ചതായും വാർത്തയുണ്ട്.

  1. ലോപിനാവിർ (lopinavir), റിടൊനോ വിർ(ritonavir) മരുന്നുകൾ.

ഇതു് കുറച്ചു കാലമായി വിവിധ രാജ്യങ്ങളിൽ എച്ച്. ഐ. വി. (എയ്ഡ്സ്) ചികിത്സക്ക് ഉപയോഗിച്ചു വരുന്ന മരുന്നാണ്. ഇത് ചൈന ഏതാണ്ട് 200 കോവിഡ് രോഗികളിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഫലം അത്ര ആശാവഹമായില്ല. ഇന്ത്യയിലും കോവിഡ് രോഗികളിൽ പ്രയോഗിച്ചിട്ടുണ്ട്. എത്രത്തോളം ഫലപ്രദമാണെന്നറിയാൻ ഇനിയും കാത്തിരിക്കണം. ഇതിനേയും ലോകാരോഗ്യ സംഘടന വിശദമായ പഠനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.

  1. എച്ച്. ഐ.വി. മരുന്ന് + ഇൻറർ ഫെറോൺ ബീറ്റ

മേൽ സൂചിപ്പിച്ച ആന്റി വൈറൽ മരുന്നുകൾക്കു പുറമേ ഇന്റർഫെറോൺ ബീറ്റ തന്മാത്രകൾ കൂടി ചേർത്ത മറ്റൊരു ചേരുവ ഇപ്പോൾ തന്നെ സൗദി അറേബ്യയിൽ പരീക്ഷിക്കുന്നുണ്ട്. ഇതു് സോളിഡാരിറ്റി പ്രോജക്ടിലും ഉൾപെടുത്തിയിട്ടുണ്ട്.

  1. Remdesevir

ഇതു് ഇബോള വൈറസിനെ തോൽപിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത മരുന്നാണ്. എന്നാൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഇത്  ഇബോളക്കെതിരെ ഫലപ്രദമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ യു.എസ്.എ.യിൽ ഈ മരുന്ന് കൊറോണ ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിപുലമായ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുക്കുകയാണ്.

WHOവിൻ്റെ ഈ പരീക്ഷണ പരിപാടി ഏറ്റെടുത്തു കൊണ്ട് ഫ്രാൻസ്,ബ്രിട്ടൻ, ജർമനി, ബെൽജിയം, ലക്സംബർഗ്, സ്പെയിൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിെലെ 3200 രോഗികളെ ഉൾപ്പെടുത്തി യൂറോപ്പിൽ മാർച്ച് 22 ന് പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൻ്റെ ഭാഗമായല്ലെങ്കിലും ജപ്പാനിൽ ഫ്ലൂവിനെതിരായി വികസിപ്പിച്ചതും ചൈനയിൽ രോഗികൾക്ക് നൽകി എന്ന് പറയപ്പെടുന്നതുമായ ഫെവിപിറവിർ (Favipiravir) എന്ന ഒരൗഷധം ജപ്പാൻ പരീക്ഷണ വിധേയമാക്കുന്നുണ്ടത്രെ.

ഈ ശാസ്ത്ര പരീക്ഷണങ്ങൾ വിജയിച്ചാൽ ചരിത്രത്തിലെ ഏറ്റവും വ്യാപന സാധ്യതയുള്ള COVID -19 നെ നിയന്ത്രണ വിധേയമാക്കാം എന്നു നമുക്കു പ്രതീക്ഷിക്കാം.

അധികവായനയ്ക്ക്

  1.  https://www.sciencemag.org/news/2020/03/who-launches-global-megatrial-four-most-promising-coronavirus-treatments
  2. https://www.theverge.com/2020/3/23/21188167/coronavirus-treatment-clinical-trials-drugs-remdesivir-chloroquine-covid
  3. https://www.euronews.com/2020/03/23/clinical-trials-starting-in-europe-as-new-drug-offers-hope-of-potential-coronavirus-treatm

Leave a Reply