Read Time:12 Minute

പി.കെ.നാരായണൻ

വിദ്യാഭ്യാസം  എന്നത് കേവലം അറിവ് നിർമാണ പ്രക്രിയ മാത്രം നടക്കുന്ന ഇടമാണ് എന്ന ധാരണയിൽ നിന്നാണ് കോവിഡ് മഹാമാരി കാലത്തെ വിദ്യാഭ്യാസ ചർച്ചകൾ തുടങ്ങുന്നതും തുടരുന്നതും. ഒരു പൗരന്റെ സർവതോന്മുഖമായ വളർച്ചയാണ് വിദ്യാഭ്യാസം എന്നത് കൊണ്ട് ലക്ഷ്യമിടുന്നത് എങ്കിൽ ഇങ്ങനെയാവുമോ ചർച്ചകൾ നടക്കുക?

ലോകമൊട്ടുക്ക് നൂറു കോടി കുട്ടികൾ ഈ മഹാമാരി കാലത്ത് പഠനത്തിൽ പിറകോട്ട് പോയി എന്നാണ് യൂനിസെഫ് പറയുന്നത്. പകർച്ച വ്യാധി പടർന്ന് പിടിച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ലോക രാജ്യങ്ങളിലെല്ലാം ആദ്യം അടച്ചിടപ്പെട്ടതും  അവസാനം തുറന്നതും വിദ്യാലയങ്ങൾ ആയിരുന്നു. ഇപ്പോൾ വീണ്ടും അവ അടയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഭരണാധികാരികൾക്ക് വളരെ പെട്ടെന്ന്  നിയന്ത്രിക്കാൻ കഴിയുന്നതും എന്നാൽ എന്തെങ്കിലും ചെയ്തു എന്ന് ജനങ്ങളെ ബോധിപ്പിക്കാനും ഉള്ള ഒരു നടപടിയായി വിദ്യാലയങ്ങൾ അടച്ചു പൂട്ടുക എന്ന രീതി വളർന്നു വരുന്നത് ആശാസ്യമാണോ? മാധ്യമങ്ങളുടെയും വിദ്യാഭ്യാസത്തെ കുറിച്ച് അറിയാത്ത ചിലരുടെയും ജനപ്രിയ വാദങ്ങളിൽ കുടുങ്ങി സർക്കാരുകൾ ഇത്തരം നടപടി സ്വീകരിക്കുമ്പോൾ യൂനിസെഫ് പറയുന്നത് മഹാമാരി കാലത്ത് അവസാനം അടക്കേണ്ടതും ആദ്യം തുറക്കേണ്ടതും വിദ്യാലയങ്ങളാണ് എന്നാണ്. എന്താണ് അങ്ങിനെ പറയാൻ കാരണം എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

വിദ്യാലയങ്ങൾ എവിടെയെങ്കിലും കോവിഡ് 19 ന്റെ പകർച്ചാ കേന്ദ്രങ്ങളായി എന്ന് പഠനങ്ങൾ ഉണ്ടെങ്കിൽ ഈ തീരുമാനത്തിന് ന്യായീകരണമാകും. ആരും കണക്കുകൾ വച്ച് സംസാരിക്കുന്നില്ല. ഏതെല്ലാം സ്ഥലങ്ങളിൽ കോവിഡ് കേസുകൾ കൂടുതൽ ഉണ്ടോ അവിടുത്തെ സ്‌കൂളുകളിലും കേസുകൾ കൂടുതൽ കാണും. അല്ലാതെ മറിച്ചൊരു    കണക്കും ഇല്ല. കുട്ടികൾ വഴി വീടുകളിൽ രോഗം പടരും എന്ന കണക്കുകളും ലഭ്യമല്ല…. കുട്ടികൾക്ക് വാക്സിൻ കൊടുത്തില്ല എന്നാണ് പലരും പറയുന്ന മറ്റൊരു കാരണം. കുട്ടികൾക്കിടയിലെ രോഗ  വ്യാപന തോത് കുറവാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത് . കോവിഡിന് എതിരെ ഇന്ന് ഉപയോഗിക്കുന്ന വാക്സിനുകൾ എല്ലാം രോഗ തീവ്രതയും പകർച്ചയും കുറയ്ക്കും എന്നേ പറയുന്നുള്ളു. രോഗ ബാധയെ അത് ചെറുക്കുംഎന്ന് പറയുന്നില്ലല്ലോ? കുട്ടികളിൽ പ്രയോഗിക്കാനുള്ള വാക്സിൻ വികസിപ്പിക്കാൻ കുറച്ചു കൂടി കാല താമസം എടുത്തേക്കാം. മാളുകളും തിയേറ്ററുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും എല്ലാം തുറക്കുമ്പോൾ ഉള്ള റിസ്ക് മാത്രമല്ലേ സ്‌കൂൾ തുറക്കുമ്പോഴും ഉള്ളു എന്ന് എന്താണ് സർക്കാരുകൾ  ചിന്തിക്കാത്തത് ?

സ്‌കൂളുകൾ തുറക്കാതിരുന്നപ്പോൾ കുട്ടികൾ നേരിട്ട പ്രശ്നങ്ങൾ മൂന്നായി തിരിക്കാം.

കേരളത്തിൽ 2020 ഫെബ്രുവരിയിൽ അടച്ച സ്‌കൂൾ തുറക്കുന്നത് 2021 നവമ്പറിൽ ആണല്ലോ ? ഇരുപത് മാസത്തിന് ശേഷം വിദ്യാലയത്തിൽ വന്ന കുട്ടികൾ കഴിഞ്ഞ വർഷം ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടേണ്ട അക്കാദമിക അറിവ് നേടിയിട്ടില്ല എന്ന് മാത്രമല്ല ചിലരെങ്കിലും പിറകോട്ട് പോയി എന്നാണ് അധ്യാപകർ പറയുന്നത്. ക്ലാസ്സ് റൂമിൽ നിന്ന് കിട്ടുന്ന അറിവ് ഓൺലൈനിലൂടെ ആർജിക്കാൻ  കുട്ടികൾക്ക് ആവുന്നില്ല എന്നാണ് ആഗോള തലത്തിലെ പഠനങ്ങൾ കാണിക്കുന്നത്. കേരളത്തിലെ മാത്രം കുഴപ്പമല്ല ഇത്. ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇന്റർനെറ്റിന്റെയും  ലഭ്യത മുതൽ സാങ്കേതിക വിദ്യ ടീച്ചർക്ക് പകരമാവാത്തതും തുടങ്ങി പലവിധ കാരണങ്ങളാവാം.

ഇങ്ങനെ ഒരു തലമുറ അറിവിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നത് നാടിന്റെ പുരോഗതിക്ക് വിഘാതമാവും. ചില കാര്യങ്ങൾ അറിയാനും തിരുത്താനും കഴിഞ്ഞില്ലെങ്കിൽ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾക്ക് ഈ സ്‌കൂൾ അടച്ചിടൽ കാരണമാകുമോ എന്ന് ഭയക്കണം. പ്രൈമറി – പ്രീ പ്രൈമറി കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ മുടങ്ങിയ അവസ്ഥയാണ്. മുതിർന്ന കുട്ടികൾക്ക് തന്നെ ഇതിനോട് മടുപ്പ് വന്ന് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിൽ മാത്രം ഓൺലൈൻ കുറേ  ഫലം ചെയ്യുന്നുണ്ടാവാം. എന്നാൽ അവയൊന്നും അടയ്ക്കുന്നും ഇല്ലല്ലോ? ചെറിയ കുട്ടികൾ ആ പ്രായത്തിൽ നേടേണ്ട അറിവ് നേടിയില്ലെങ്കിൽ അത് പിന്നീട് മേക്കപ്പ് ചെയ്യാം എന്ന ചിന്ത അപകടമാണ്. അറിവ് മാത്രമല്ല കുട്ടി വിദ്യാലയത്തിൽ നിന്ന് നേടുന്നത്. അവളുടെ സാമൂഹ്യവത്കരണവും മാനവികവത്‌ക്കരണവും നടക്കുന്നത് ക്‌ളാസ് മുറികളിലാണ്. നിങ്ങൾക്ക് അറിവ് കുത്തി നിറക്കാൻ സ്‌കൂളോ ടീച്ചറോ വേണ്ട എന്ന് തർക്കിക്കാം. യന്ത്രങ്ങൾക്ക് അത് കഴിയുമെന്നും വാദിക്കാം. എന്നാൽ കുട്ടിയെ ഒരു സാമൂഹ്യ ജീവിയായി കരുപിടിപ്പിക്കുന്നതിൽ ടീച്ചർക്കും കൂട്ടുകാർക്കും ക്ലസ്‌റൂമിനും ഉള്ള പങ്ക് നിരാകരിക്കാൻ ആകുമോ? അംഗൻവാടികൾ തുറക്കാതിരുന്നത് മൂലം അവർക്ക് രണ്ട് വർഷമായി കൂട്ടുകൂടാനും കളിക്കാനും കഴിയുന്നില്ല. പല വീട്ടുകാർക്കും മറ്റ് തിരക്ക് മൂലം കുട്ടികളെ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല.

സ്‌കൂളുകൾ അടച്ചു വീട്ടിൽ കഴിയേണ്ടി വരുന്ന കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ കൂടിവരുന്നതായി മനശ്ശാസ്ത്രജ്ഞരും പീഡിയാട്രിഷ്യൻ മാരും പറയുന്നു. വീട്ടിൽ രക്ഷിതാക്കൾ ജോലിക്ക് പോയാൽ ഒറ്റക്ക് കഴിയേണ്ടി വരുന്ന കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലും വേദനയും അവരിൽ  മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൂട്ട് കൂടലും കളിയും നഷ്ടപ്പെടുന്ന ബാല്യം അവരിൽ ഉണ്ടാക്കുന്ന വൈകല്യങ്ങൾ ഭാവിയിൽ ഗുരുതര പഠന വൈകല്യങ്ങളിലേക്കും മാനസിക പ്രശ്നങ്ങളിലേയ്ക്കും നയിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഇതിന് പുറമേ  കോവിഡ് മൂലം വീട്ടിൽ ഉണ്ടാവുന്ന സാമ്പത്തിക -തൊഴിൽ പരമായ രക്ഷിതാക്കളുടെ സംഘർഷങ്ങളും കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കുന്നു. അതിനാലാണ് ഈ മാസം 21 മുതൽ സ്‌കൂൾ അടയ്ക്കുമെന്ന വാർത്ത കുട്ടികളെ ഒട്ടും സന്തോഷിപ്പിക്കാതിരുന്നത്. അവർക്ക് സ്‌കൂൾ തുറക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. അതിനായി കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ അവരെല്ലാം തയ്യാറും ആയിരുന്നു. 

മൂന്നാമത്തെ കാര്യം സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി മുടങ്ങുന്നത് മൂലം പട്ടിണി ആകുന്ന കുട്ടികൾ ഇന്നും കേരളത്തിൽ ഉണ്ട് എന്ന വസ്തുതയാണ്. പോഷകാംശം നിറഞ്ഞ ഭക്ഷണം കുട്ടികൾക്ക് അംഗനവാടിയിൽ നിന്നും സ്‌കൂളിൽ നിന്നുമാണ് കിട്ടിയിരുന്നത്. ഇവ അടഞ്ഞതോടെ പട്ടിണിയിലായവർ കുറേ  പേരുണ്ട്. വളർച്ചാ സമയത്ത് കിട്ടേണ്ട പോഷക മൂലകങ്ങൾ കിട്ടാതെ വളർച്ച മുരടിക്കാനും വിദ്യാലയങ്ങളുടെ അടച്ചിടൽ കാരണമാകുന്നു. കേരളത്തിൽ അംഗൻവാടികൾ ഭക്ഷണ സാധനങ്ങൾ കുട്ടികൾക്ക് വീട്ടിൽ കൊടുത്തയക്കുന്നുണ്ട് എങ്കിലും അവ ഈ ദരിദ്ര കാലത്ത് കുട്ടിക്ക് തന്നെ കിട്ടുന്നു എന്ന് ഉറപ്പിക്കാൻ ആവുമോ ?

പതിനാല് വയസ്സ് വരെ വിദ്യാഭ്യാസം ലഭിക്കുക എന്ന കുട്ടിയുടെ ഭരണഘടനാ ദത്തമായ അവകാശമാണ് സ്‌കൂളുകൾ പൂട്ടിയപ്പോൾ എടുത്ത് കളയപ്പെട്ടത് എന്ന് കൂടി ചേർത്ത് പറയേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസം തടസ്സപ്പെടുന്നത് ദരിദ്രരെയും ദുർബലരായവരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ബുദ്ധിമാന്ദ്യവും മറ്റ് പഠന വൈകല്യവും ഉള്ള ഡിഫറെന്റലി ഏബിൾഡ് ആയ കുട്ടികളുടെ വിദ്യാഭ്യാസം ഈ അടച്ചിടൽ കാലത്ത് മുടങ്ങി കിടക്കുകയാണ്. അവർക്ക് പുതിയ സാങ്കേതിക വിദ്യാധിഷ്ഠിതമായ വിദ്യാഭ്യാസം പിന്തുടരാൻ പറ്റുന്നില്ല.

ഇരുപത് മാസത്തെ അടച്ചിടൽ കുട്ടികളിൽ മാനസിക മായുണ്ടാക്കിയ തളർച്ച പരിഗണിക്കാതെ വീണ്ടും അടക്കാനുള്ള തീരുമാനം ആരെ പേടിച്ചായിരുന്നു? കുട്ടികളുടെ ശാരീരികവും മാനസസികവും ബൗദ്ധികവും  വൈജ്ഞാനികവുമായ വികാസത്തെ ഹനിക്കുന്ന ഈ പ്രവൃത്തി എന്തായാലും കുട്ടികൾക്കും അവരെ സ്നേഹിക്കുന്നവർക്കും അവരിലൂടെ നല്ല നാളെയെ സ്വപ്നം കാണുന്നവർക്കും ഇഷ്ടപ്പെടില്ല.

ഓരോ വിദ്യാലയത്തിലെയും അവസ്ഥകൾ പരിഗണിച്ച് ആരോഗ്യ പ്രവർത്തകരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ ശാസ്ത്രീയ മാർഗങ്ങൾ പാലിച്ചു കൊണ്ട് (മാസ്ക്-സോപ്പ് -അകലം ) വിദ്യാലയങ്ങൾ  തുറക്കാൻ കഴിയണം. പ്രാദേശികമായ സാഹചര്യം അനുസരിച്ചു് സ്‌കൂൾ അടയ്ക്കുന്ന തീരുമാനം സ്‌കൂൾ തലത്തിൽ പി ടി എ യും സ്‌കൂൾ മേധാവികളും  ചേർന്ന് എടുത്താൽ മതിയായിരുന്നില്ലേ?  വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മഹിമയുള്ള കേരളത്തിന് ഇങ്ങനെയും വ്യത്യസ്തമാകാമായിരുന്നു.  വിദ്യാർഥികളുടെ നഷ്ടകാലത്തെ കുറിച്ച് പിന്നീട് വേവലാതി പൂണ്ടിട്ട് കാര്യമില്ല. ഇപ്പോൾ ചെയ്യേണ്ടത് ചിന്തിച്ചും എല്ലാവരെയും ഉൾപ്പെടുത്തി ചർച്ച ചെയ്‌തും ചെയ്യുക തന്നെ വേണം.

    കുട്ടിയുടെ പക്ഷത്തു നിന്ന് ചിന്തിച്ചാൽ  സംസ്ഥാനം ഒട്ടുക്ക് വിദ്യാലയങ്ങൾ അടച്ചിട്ട  ഇപ്പോഴത്തെ നടപടി  ഒഴിവാക്കണമായിരുന്നു.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷക്ക് വിദ്യാർത്ഥിപക്ഷ സമീപനം സ്വീകരിക്കണം
Next post ഗാന്ധിപ്രതിമ
Close