Read Time:7 Minute

ക്യാമ്പുകൾക്ക് തുടക്കമായി

ആകാശത്തെ വിസ്മയലോകത്തെ ആഴത്തിൽ അറിയാൻ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സിന്റെ ആദ്യക്യാമ്പുകൾക്കു സംസ്ഥാനത്തെ മുന്നു കേന്ദ്രങ്ങളിൽ തുടക്കമായി. കോഴ്സിൽ ചേർന്ന ആയിരം പേരിൽ 200 പേരാണ് ആദ്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്.

ലൂക്ക സയന്‍സ് പോര്‍ട്ടലും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ബാലവേദിയും ജ്യോതിശാസ്ത്രകൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സ് സംഘടിപ്പിച്ചത്. 2022 നവംബർ 1-നു തുടങ്ങിയ കോഴ്സ് പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങളും കാലം, കാലൻഡർ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്സി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആഴത്തിലുള്ള ശാസ്ത്രീയാറിവുകളും നേടാനും ടെലസ്കോപ്പിലൂടെയുള്ള വാനനിരീക്ഷണം പരിശീലിക്കാനുമൊക്കെ അവസരമായി.

തിരുവനന്തപുരം ജില്ലയിൽ വെമ്പായം നെടുവേലി പിയറി പോൾ പബ്ലിക് സ്കൂൾ, ഏറണാകുളത്ത് ആലുവ വൈ‌എംസി‌എ, പാലക്കാട്ട് കുനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, കണ്ണൂരിൽ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. ഓറിയോൺ, ആൻഡ്രോമിഡ, മിൽക്കിവേ, സിറിയസ് എന്നിങ്ങനെയാണ് യഥാക്രമം ക്യാമ്പുകൾക്കു പേര്. തിങ്കളാഴ്ച രാവിലെ 10-നു തുടങ്ങിയ ക്യാമ്പുകൾ ചൊവ്വാഴ്ച രാവിലെ 9-വരെ തുടരും. പാലക്കാട് ക്യാമ്പ് ഡിസംബർ 27,28 നാണ് നടക്കുക.

ജ്യോതിശാസ്ത്രവിദഗ്ദ്ധനും ഒട്ടേറെ ജ്യോതിശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമായ പ്രൊഫ. കെ. പാപ്പൂട്ടിയാണ് കോഴ്സ് ഡയറക്ടർ. ജ്യോതിശ്ശാസ്ത്രജ്ഞരും പ്രഗത്ഭരായ അദ്ധ്യാപകരും നേതൃത്വം നല്കുന്ന ക്ലാസുകളും സംവാദങ്ങളും ചോദ്യോത്തരസെഷനുകളും ചേർന്നതാണു പഠനം.

സിറിയസ് – പയ്യന്നൂർ വാനനിരീക്ഷ കേന്ദ്രത്തിൽ നടന്ന താരനിശയിൽ നിന്നും

ഫോട്ടോകൾ : രോഹിത് കെ.എ

മാനത്തു നോക്കുമ്പോൾ എന്ന ആമുഖക്ലാസോടെ തുടങ്ങിയ കോഴ്സിൽ വാനനിരീക്ഷണവും കാലഗണനയും, ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും, സൗരയൂഥം, നെബുലകളും ഗാലക്സികളും, പ്രപഞ്ചചിത്രം ന്യൂട്ടൻ വരെ, നക്ഷത്രങ്ങളുടെ ജനനവും പരിണാമവും, ആധുനികപ്രപഞ്ചചിത്രം, ടെലിസ്കോപ്പിന്റെ കഥ എന്നീ വിഷയങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഊന്നി ‘സ്പുട്നിക് മുതൽ ജെയിംസ് വെബ്ബ് വരെ’ പോലെയുള്ള ക്ലാസുകളും. കൂടാതെ വാനനിരീക്ഷണത്തിനുള്ള മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുന്ന സെഷനും അസ്ട്രോ ഫോട്ടോഗ്രഫി പരിശീലനവും അടക്കം അമച്വർ അസ്ട്രോണമർ ആവാൻ വേണ്ട അടിസ്ഥാനകാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരുന്നു.

ആൻഡ്രോമിഡ – ആലുവയിൽ നടന്ന താരനിശയിൽ നിന്നും

ഫോട്ടോകൾ : അഭിലാഷ് അനിരുദ്ധൻ

ഓൺലൈൻ ക്ലാസുകളിലൂടെ മനസിലാക്കിയ കാര്യങ്ങളുടെ പ്രായോഗികപ്രവർത്തനങ്ങൾക്കും നിരീക്ഷണപരീക്ഷണങ്ങൾക്കും ആയിരുന്നു ക്യാമ്പുകളിൽ ഊന്നൽ. നിഴൽയന്ത്രം സ്ഥാപിച്ചുകൊണ്ടായിരുന്നു ക്യാമ്പുകളുടെ ഉദ്ഘാടനം. തുടർന്ന് പിൻഹോൾ ക്യാമറ നിർമ്മാണം, സൗരയൂഥപരിചയവും മാതൃകനിർമ്മാണവും, ആംഗിൾ ഡാംഗിൾ മീറ്റർ അഥവ സൂര്യദർശിനി, സമാന്തരഭൂമി, ഋതുഭേദങ്ങളുടെ ജ്യാമിതി തുടങ്ങിയ വിഷയങ്ങളുടെ അവതരണം ആയിരുന്നു. ഋതുഭേദങ്ങളുടെ കാരണം, അച്ചുതണ്ടിന്റെ ചരിവ്, അയനചലനങ്ങൾ എന്നിവ ത്രിമാനമാതൃക ഉപയോഗിച്ചു വിശദീകരിച്ചു.

ഒറിയോൺ – വെമ്പായത്ത് നടന്ന താരനിശയിൽ നിന്നും

ഫോട്ടോകൾ : പ്രശാന്ത് വെമ്പായം

മൂന്നുമണിയോടെ നിഴൽയന്ത്രം പരീക്ഷണം പൂർത്തിയാക്കി അതിൻ്റെ ശാസ്ത്രം ചർച്ച ചെയ്തു. തുടർന്ന് ടെലസ്കോപ്പ് നിർമ്മാണത്തിൻ്റെ അവതരണവും പരിശീലനവും വിവിധതരം ടെലസ്കോപ്പുകളെ പരിചയപ്പെടുത്തലും ആയിരുന്നു.

സന്ധ്യയ്ക്കു സൂര്യാസ്തമയം നിരീക്ഷിക്കുകയും അതിനോടു ബന്ധപ്പെട്ട ശാസ്ത്രകാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അതിനുമുമ്പായി ആകാശത്തെ പരിചയപ്പെടുത്തി. വാനനിരീക്ഷണത്തിൻ്റെ അടിസ്ഥാനപാഠങ്ങളും നക്ഷത്രമാപ്പ് ഉപയോഗവും പരിശീലിപ്പിച്ചു. ഇരുൾ വീണതോടെ ആസ്ട്രോഫോട്ടോഗ്രഫിയുടെ അടിസ്ഥാനപാഠങ്ങൾ അഭ്യസിക്കലായി. അതും കഴിഞ്ഞ് ആയിരുന്നു ആകാശനിരീക്ഷണവും ആസ്ട്രോഫോടോഗ്രാഫിയും. ഫോൺ ഉപയോഗിച്ച് ആകാശചിത്രങ്ങൾ പകർത്താനുള്ള പരിശീലനത്തിലൊക്കെ വമ്പിച്ച ആവേശമായിരുന്നു പങ്കാളികൾക്ക്.

മിൽക്കിവേ – പാലക്കാട് കുനിശ്ശേരിയിൽവെച്ച് നടന്ന താരനിശയിൽ നിന്നും

ഫോട്ടോകൾ: അനീഷ് കുനിശ്ശേരി

ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, രാശികൾ, കൃത്രിമോപഗ്രഹങ്ങൾ, മറ്റു ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങൾ, മറ്റ് ആകാശവസ്തുക്കൾ എന്നിവയെയൊക്കെ തിരിച്ചറിയാനും ദൂരദർശിനിയിലൂടെ നിരീക്ഷിക്കാനും ഒക്കെ കിട്ടിയ അവസരം അവർ മതിയാവോളം ആസ്വദിച്ചു. രാവിലെ സൂര്യോദയനിരീക്ഷണവും കഴിഞ്ഞേ ക്യാമ്പു പിരിയൂ.

പാലക്കാട് ക്യാമ്പ് നടന്ന വാമലയിൽ നിന്നും

ഫോട്ടോകൾ : അരുൺ സി മോഹൻ

സിറിയസ് താരനിശ പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ എം.എൽഎ. ടി.ഐ.മധുസൂദനൻ നിഴൽയന്ത്രം സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

ആൻ്ഡ്രോമിഡ താരനിശ ആലുവ ക്യാമ്പ് അംഗങ്ങൾ

ഫോട്ടോ ഗാലറി

Happy
Happy
76 %
Sad
Sad
0 %
Excited
Excited
21 %
Sleepy
Sleepy
0 %
Angry
Angry
3 %
Surprise
Surprise
0 %

Leave a Reply

Previous post ഒമിക്രോൺ ഉപ വകഭേദം – എന്ത് ചെയ്യണം ?
Next post ന്യൂക്ലിയർ ഫ്യൂഷൻ രംഗത്ത് പുതിയ മുന്നേറ്റം: ശുദ്ധ ഊര്‍ജ്ജത്തിന് പുത്തൻ പ്രത്യാശയോ?
Close