ക്ലിപ്പർ (Clipper – Parthenos sylvia)
പൊതുവെ കാടുകളിലാണ് ഇവയെ കാണാറുള്ളതെങ്കിലും ഇടനാടൻ കാവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. കൊങ്ങിണിപ്പൂവുകളിൽ തേനുണ്ട് നിൽക്കാൻ ഏറെ ഇഷ്ടമാണിവയ്ക്ക്. 105 മുതൽ 125 മില്ലീ മീറ്റർ വരെ ചിറകളവുള്ള ശലഭങ്ങളാണിവ. ഉഷാറായി ചിറകുകൾ മടക്കി നിവർത്തി വായുവിലൂടെ ഒഴുകി നീങ്ങിപ്പറക്കുന്ന സുന്ദര ശലഭം ആണിവർ. ചിറകിന്റെ മുകൾ ഭാഗം പിച്ചളപ്പച്ച നിറമാണ്. ഏതാനും വെളുത്ത വലിയ പൊട്ടുകൾ ഉൺറ്റ്. അരികുകളിൽ വീതിയുള്ള കറുത്ത ബോർഡർ ഉണ്ട്. ഉയരമുള്ള മരത്തലപ്പുകൾക്ക് മുകളിലൂടെയാണ് സധാരണ തേൻ തേടി പറക്കുകയെങ്കിലും ഇടയ്ക്ക് നിലത്തോട് ചേർന്ന നനവിടങ്ങളിലും പഴുത്ത പഴങ്ങളിലും , പൂക്കളിലും, മരക്കറയിലും ഒക്കെ വന്നിരിയ്ക്കും.
വിളറിയ പച്ച നിറമുള്ള മുട്ടകൾ ആണിടുക. മുതുക്ക (Adenia bondala) ചിറ്റമൃത് ( Tinospora cordifolia) എന്നിവയാണ് ലാർവ ഭക്ഷണ സസ്യങ്ങൾ. ഇളം പച്ച നിറമുള്ള ലാർവകൾക്ക് ഇളം മഞ്ഞ നിറമുള്ള വരകൾ അരികുകളിൽ ഉണ്ട്. കൂടാതെ തവിട്ട് നിറമുള്ള മുള്ളുകൾ ദേഹത്ത ഉണ്ടാകും .