Read Time:5 Minute
വ്ലാഡിമിർ നബക്കോവ്, നമുക്കെല്ലാമറിയാം, ലോകപ്രശസ്തനായ സാഹിത്യകാരനാണ്. എന്നാൽ നബക്കോവ് Lepidopterology എന്ന മേഖലയിൽ ഏറെ സംഭാവനകൾ ചെയ്ത ചിത്രശലഭ വിദഗ്ധനായിരുന്നു എന്ന് ആർക്കൊക്കെ അറിയാം? കാർലോ റോവേലിയുടെ Lolita and the Blue Icarus എന്ന ലേഖനത്തിൽ രസകരമായ വസ്തുത – ജി സാജൻ എഴുതുന്നു…
ബ്ലൂ ഇകാരസ് എന്ന ചിത്രശലഭത്തിന്റെ ദേശാന്തര യാത്രകളെക്കുറിച്ചു നബക്കോവ് കണ്ടെത്തിയ പുതിയ ഉൾക്കാഴ്ചകൾ ഈ അടുത്ത കാലത്തു മാത്രമാണ് ശാസ്ത്രലോകം അംഗീകരിച്ചത്. 1945 ൽ ആണ് നബക്കോവ് ഈ സിദ്ധാന്തം അവതരിപ്പിക്കുന്നത്. അതനുസരിച്ചു അമേരിക്കയിൽ കാണപ്പെടുന്ന ഈ ചിത്ര ശലഭങ്ങൾ ഏഷ്യയിൽ ഉത്ഭവിച് അഞ്ചു വിവിധ തരംഗങ്ങളിൽ ബെറിങ്ങ് കടലിടുക്ക് കടന്ന് പത്തു ദശലക്ഷം വർഷം കൊണ്ട് അമേരിക്കയിൽ എത്തുകയായിരുന്നുവത്രെ! അക്കാലത്തു ആരും അദ്ദേഹത്തെ ഗൗരവമായി എടുത്തില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജീവിക്കുന്ന ചിത്രശലഭങ്ങൾ ഇത്രയും പണിപ്പെട്ട് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ദേശാന്തര ഗമനം ചെയ്യും എന്നൊരു സാധ്യത അതിവാദമായാണ് പലരും കണ്ടത്.
എന്നാൽ അടുത്തുണ്ടായ DNA പഠനങ്ങൾ നബക്കോവിന്റെ സിദ്ധാന്തം ശരിയാണ് എന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ പഠനം കുറച്ചു വർഷങ്ങൾക്ക് മുൻപ് Proceedings of the Royal Society of London പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹാർവാർഡ് സർവകലാശാലയുടെ സുവോളജി വകുപ്പിലുള്ള മ്യൂസിയത്തിന്റെ ക്യൂറേറ്റർ ആയിരുന്നു നബക്കോവ്. ധാരാളം ചിത്രശലഭങ്ങളെക്കുറിച്ചു വിശദമായ പഠനങ്ങൾ ഇക്കാലത്ത് അദ്ദേഹം തയ്യാറാക്കി.
ചിത്രശലഭങ്ങളെ ശേഖരിക്കുക എന്നത് അക്കാലത്തെ പ്രഭുകുടുംബങ്ങൾക്ക് ഇഷ്ടപ്പെട്ട ഒഴിവുസമയ വിനോദമായിരുന്നു. നബക്കോവും തന്റെ ചെറുപ്പത്തിൽ ഇത്തരം ഹോബികൾ ആസ്വദിക്കുകയും ചെയ്തു. എന്നാൽ പിൽക്കാലത്തു ഈ രംഗത്തു കൃത്യമായ ശാസ്ത്രീയ പഠന രീതികൾ അദ്ദേഹം സ്വീകരിച്ചു.
എന്നാൽ നബക്കോവ് മരിച്ചു പത്തു വർഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഈ രംഗത്തെ പഠനങ്ങൾ ലോക ശ്രദ്ധ നേടിയത്. 1999 ൽ Nabakov’s Blues എന്നൊരു പുസ്തകം പുറത്തിറങ്ങി. അദ്ദേഹം പഠനവിധേയമാക്കിയ ഒരു ചിത്രശലഭത്തിന് ആദര സൂചകമായി Nabokovia cuzquenha എന്ന പേര് നൽകുകയും ചെയ്തു. എന്നാൽ നബാക്കോവിന്റെ പഠനങ്ങൾ ശാസ്ത്ര ജേർണലുകളിൽ എത്താൻ വീണ്ടും സമയമെടുത്തു. നബോക്കോവിന്റെ ശാസ്ത്രവും സാഹിത്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് റോവേലി ചോദിക്കുന്നുണ്ട്. ലോലിതയെ ഒരു ചിത്രശലഭമായി അദ്ദേഹം കണ്ടിരുന്നുവോ?
റോവേലി മാത്രമല്ല സ്റ്റീഫൻ ജെ ഗൗൾഡും ഈ ചോദ്യം ചോദിക്കുന്നു. There is no science without imagination, and no art without facts: The butterflies of Vladimir Nabokov എന്ന പ്രബന്ധത്തിൽ ശാസ്ത്രത്തിന് വേണ്ട അതെ സൂക്ഷ്മത സാഹിത്യത്തിലും നബോക്കോവ് കാണിക്കുന്നു എന്ന് ഗൗൾഡ് പറയുന്നു.  ഒരു കവിയുടെ കൃത്യതയും ശാസ്ത്രജ്ഞന്റെ ഭാവനയും ഒരു എഴുത്തുകാരന് ഉണ്ടായിരിക്കണം എന്ന് നബക്കോവും എഴുതിയിട്ടുണ്ട്. എന്ന് മാത്രമല്ല ഒരു എഴുത്തുകാരൻ എന്നതിനേക്കാൾ ഒരു ചിത്രശലഭത്തിന്റെ ഗോഡ് ഫാദർ എന്നറിയപ്പെടാനാണ് തനിക്കിഷ്ടം എന്ന് On discovering a butterfly എന്ന ഒരു കവിതയിലും അദ്ദേഹം കുറിക്കുന്നു
‘I found it and named it,
Being versed
In Taxonomic Latin; thus became
Godfather to an insect and its first
Describer-and I want no other fame’
കവിതയിലായാലും ശാസ്ത്രത്തിലായാലും വിശദാംശങ്ങളല്ല സൗന്ദര്യമാണ് നാം കാണേണ്ടത് എന്ന് പറഞ്ഞാണ് റോവേലി തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ലോക പ്രശസ്ത Theoretical Physicist ആയ കാർലോ റോവേലി എഴുതിയ There are places in the world where rules are less important than kindness എന്ന പുസ്തകത്തിലാണ് ഈ ലേഖനമുള്ളത്. ശാസ്ത്രം, സമൂഹം, ചരിത്രം ദർശനം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളാണ് ഈ പുസ്തകം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post 2022-ലെ ആബെൽ പുരസ്കാരം പ്രൊഫ.ഡെന്നിസ് പി. സള്ളിവാന്
Next post ദാരിദ്ര്യവും പനയും തമ്മില്‍ എന്താണ് ബന്ധം?  
Close