Read Time:16 Minute

വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽ‍തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016, 2017, 2019, 2023 വർ‍ഷമാകുമ്പോഴേക്ക് താപനിലയിലെ ശരാശരി വർ‍ധന 1.5 ഡിഗ്രി സെൽഷ്യസിലെത്തി. അതും പോരാഞ്ഞ് 2024 ൽ‍ എപ്പോൾ‍ വേണമെങ്കിലും രാജ്യാന്തരതലത്തിൽ‍ അനുവദിക്കപ്പെട്ടിരിക്കുന്ന പരമാവധി പരിധി മറികടന്നേക്കുമെന്ന റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുന്നു.

2050 ഓടെ ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില താങ്ങാവുന്നതിനുമപ്പുറം പോകാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്വാഭാവികമായും തണുപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടി വരും. താപനിലയിലെ വര്‍ധന അത്യുഷ്ണത്തിന് വഴിവെക്കുമെന്ന് മാത്രമല്ല, ധ്രുവങ്ങളിലെയും ഹിമാലയത്തിലെയും ഹിമാവരണം വന്‍തോതില്‍ ഉരുകുന്നതിന് ഇത് കാരണമാകും. ഇത് പേമാരി ഉണ്ടാകാനും സമുദ്രനിരപ്പ് ഉയരാനും വഴിവെക്കുകയും മനുഷ്യന്‍റെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.

മറ്റൊരു വശത്ത് വലിയ തോതിൽ മണ്ണിടിച്ചിലും കാട്ടുതീയും മിന്നല്‍ പ്രളയങ്ങളും ചുഴലിക്കാറ്റുമൊക്കെ ഇന്ത്യയടക്കം ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നേരിടേണ്ടി വരുന്നു. ഇത് വന്‍തോതില്‍ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തി വെക്കുന്നുണ്ട്. ആഗോള താപനം വരുത്തി വെക്കുന്ന മാറ്റങ്ങള്‍ നൂറ്റാണ്ടുകൾകൊണ്ടോ സഹസ്രാബ്ദങ്ങളകൊണ്ടോ പരിഹരിക്കാനാവാത്തതാണെന്നാണ് ഏറ്റവും ഒടുവിലത്തെ യു എന്‍ റിപ്പോര്‍ട്ട് പറയുന്നത്.

പ്രത്യേകിച്ച് സമുദ്രനിരപ്പ് ഉയരുന്നതും മഞ്ഞുപാളികളുടെ ശോഷിക്കുന്നതും സമുദ്രതാപനില മാറുന്നതുമൊക്കെ മാറ്റമില്ലാതെ തുടരും. ശാസ്ത്രീയമായ പഠനങ്ങള്‍ തരുന്ന മുന്നറിയിപ്പ് വ്യക്തമാണ്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നാം എത്രതന്നെ കുറയ്ക്കാന്‍ ശ്രമിച്ചാലും കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു കൊണ്ടു തന്നെയിരിക്കും. അതിന്‍റെ പ്രത്യാഘാതം ലഘൂകരിക്കാൻ ശ്രമിക്കുക എന്നതുമാത്രമാണ് നമുക്ക് ആകെ ചെയ്യാവുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അതിനോട് ഇണങ്ങിപ്പോകാൻകൂടി നമുക്ക് കഴിയണം.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ എല്ലായ്പ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതുമായി ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുക. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ത്തുന്നതില്‍ പ്രധാന വില്ലനായ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് അന്തരീക്ഷത്തില്‍ 417 പാര്‍ട്സ് പെര്‍ മില്യണ്‍ ആണെന്ന് 2022ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില നിലവിലുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടാതിരിക്കാനുള്ള പോംവഴികളും ഇതിനായി കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് എത്രകണ്ട് കുറയ്ക്കേണ്ടി വരുമെന്നുമൊക്കെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു എന്‍ കോണ്‍ഫറന്‍സായ COP പോലുള്ള വേദികളില്‍ ലോക രാഷ്ട്രങ്ങള്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടത്താറുണ്ട്. ഓരോ രാജ്യവും കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് കുറച്ചുകൊണ്ടുവരുന്നതിനുള്ള സമയക്രമവും നിശ്ചയിക്കാറുണ്ട്.

ആഗോള താപനം ലഘൂകരിക്കാനുള്ള ദീര്‍ഘകാലപദ്ധതികളെക്കുറിച്ച് നമ്മളൊക്കെ ഏറെ കേട്ടിട്ടുണ്ട്. ഇതും അതിന്‍റെ ഭാഗമാണ്. എന്നാല്‍ അടുത്തെത്തിയ യാഥാര്‍ത്ഥ്യവുമായി എങ്ങിനെ ഇണങ്ങിപ്പോകാനാവും എന്നത് കൂടുതലായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാലാവസ്ഥാമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന  ലോകസമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം ആവാസ വ്യവസ്ഥയിലേല്‍പ്പിക്കുന്ന ആഘാതമാണെന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര പാനലതന്നെ വ്യക്തമാക്കുന്നു.

ആഗോള താപനം കാരണം പരിസ്ഥിതിയിലും സമൂഹത്തിലും പൊതുജനാരോഗ്യത്തിലും സാമ്പത്തിക രംഗത്തും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങളെയാണ് അഡാപ്റ്റേഷന്‍സ് ടു ക്ലൈമറ്റ് ചേഞ്ച് എന്ന് പൊതുവേ പറയുന്നത് . ഇത് സാധ്യമാക്കാന്‍ ഓരോ രാജ്യത്തിനും അവരുടേതായ സാഹചര്യങ്ങളില്‍ അവരുടേതായ പ്രായോഗിക പരിഹാരം ആവശ്യമാണ്. ഓരോ മേഖലയിലുമുള്ളവരുടെ സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥാ മാറ്റം അവരുടെ സമൂഹത്തില്‍ എന്തുമാറ്റം ഉണ്ടാക്കുമെന്ന് കണക്കാക്കി വേണം പരിഹാരത്തിനു മുതിരേണ്ടത്.

ആവാസവ്യവസ്ഥയുടെ സംരക്ഷണംതൊട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തി ഉപയോഗിക്കുന്നതു വരെയുള്ള മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കാം. കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഉണ്ടാകാനിടയുള്ള ആഘാതം ലഘൂകരിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയും  പ്രകൃതിദത്തമായ ഉപായങ്ങള്ളും ഉപയോഗപ്പെടുത്തിയാൽ അതുമായി ഇണങ്ങിപ്പോകാനാവും.

ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുകവഴി കാലാവസ്ഥ കൊടുംചൂടിലേക്കും അതി ശൈത്യത്തിലേക്കും പോകുന്നത് ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താനാകും. സമുദ്രനിരപ്പ് ഉയരുന്നതുവഴി ഉണ്ടാകാനിടയുള്ള വെള്ളപ്പൊക്കത്തില്‍ കരമുങ്ങിത്താഴുന്നതിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയും.  മാരക പ്രഹരശേഷിയോടെ ആഞ്ഞുവീശുന്ന പ്രചണ്ഡവാതങ്ങളെ ഒരല്‍പ്പം ശമിപ്പിക്കാനായേക്കുമെന്നുകൂടി പ്രതീക്ഷീക്കുന്നു..

ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യാന്‍ പുതിയ തന്ത്രങ്ങള്‍ കൈക്കൊള്ളാം. കന്നുകാലി പരിപാലനത്തില്‍ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ പിന്തുടരാം. സുസ്ഥിരകൃഷിരീതി പിന്തുടരാം. തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കാം.

കാലാവസ്ഥയുമായി ഇണങ്ങിപ്പോകുന്നതും പരിസ്ഥിതിക്കിണങ്ങുന്നതുമായ കാര്‍ഷിക രീതികളാണ് ആവശ്യമെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ തോതിൽ മാത്രമുള്ള ജലസേചനവും  വളപ്രയോഗവും കൃഷിപ്പണികളും കൊണ്ടുതന്നെ കൃഷിചെയ്യാനാകുമെന്ന്  വിദഗ്ധര്‍ പറയുന്നു. വൻതോതില്‍ വിളവ് നല്‍കുന്ന വിത്തിനങ്ങള്‍ തിരിച്ചു കൊണ്ടുവരണമെന്ന് അവര്‍ നിര്‍ദേശിക്കുന്നു. സൂക്ഷ്മ കാലാവസ്ഥ വിലയിരുത്തി ഓരോ പ്രദേശത്തിനും ഇണങ്ങുന്ന ഹൈബ്രിഡ് വിത്തിനങ്ങൾ ഉപയോഗിക്കാം. കീടബാധ കാരണമോ പ്രതികൂല കാലാവസ്ഥകാരണമോ ഉണ്ടാകാനിടയുള്ള വ്യാപകമായ വിള നാശത്തിന് അത് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപ്പുവെള്ളം കയറുന്ന സാഹചര്യത്തിലും കീടാക്രമണത്തിലും അടിക്കടിയുണ്ടാകാവുന്ന വരള്‍ച്ചയിലുമൊക്കെ ഈ വിത്തിനങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് വിശദമായിത്തന്നെ പഠിക്കണം. കടല്‍ക്കരയിലും നദിക്കരകളിലുമുള്ള നഗരങ്ങളില്‍ പ്രളയം അതിജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള നഗരാസൂത്രണവും കാലാവസ്ഥാ അനുബന്ധ പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം.

ഉല്‍പ്പാദനവും ഉപഭോഗവും ഒരു പോലെ നടക്കുന്ന സര്‍ക്കുലര്‍ ഇക്കണോമി പിന്തുടരാം. റീസൈക്ലിങ്ങിലൂടെ മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കാം.

ഇത്തരത്തില്‍ കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാനുള്ള നീക്കങ്ങള്‍ക്ക് പുതിയ ബിസിനസ് മാതൃക കണ്ടെത്തണം. സര്‍ക്കാരും സമൂഹവും ഒരുമിച്ചുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനം ഇതിനാവശ്യമാണ്. കാലഹരണപ്പെട്ട കാര്‍ബണ്‍ അധിഷ്ഠിത സാങ്കേതിക വിദ്യയ്ക്കുപകരം പരിസ്ഥിതിക്കിണങ്ങുന്ന സാങ്കേതികവിദ്യകള്‍ പ്രോല്‍സാഹിപ്പിക്കണം. സമൂഹത്തിലെ പാവപ്പെട്ടവർക്കാണ്  കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവപ്പെടുക.

അത്തരക്കാര്‍ക്കെല്ലാം ആവശ്യത്തിന് വിഭവങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങള്‍ ഇല്ലാതാവണം. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാനുള്ള പരമ്പരാഗത രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്താനുള്ള പരിശ്രമം ഉണ്ടാവണം. രാഷ്ട്രീയമായി എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമാവണം വികസനപദ്ധതികൾ. അല്ലെങ്കിൽ ആരോഗ്യകരമായ ഒരു സാമൂഹ്യമാറ്റം അസാധ്യമാകും.

2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിതന്നെ ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ഇണങ്ങി ജീവിക്കുക ഒരു ലക്ഷ്യമാവണമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗ്ലോബല്‍ ഗോള്‍ ഓഫ് അഡാപ്റ്റേഷന്‍ അഥവാ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ലക്ഷ്യത്തിലേക്ക് നമുക്ക് ഏറെയൊന്നും മുന്നേറാന്‍ സാധിച്ചിട്ടില്ല എന്ന് യു എന്‍ റിപ്പോര്‍ട്ടുകൾതന്നെ സമ്മതിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രാജ്യാന്തര സമ്മേളനങ്ങള്‍ നിരവധി നടക്കുന്നുണ്ട് ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇത്തരം വേദികളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിലൊന്നാണ് ക്ലൈമറ്റ് ഫിനാന്‍സ്. കാലാവസ്ഥാവ്യതിയാനത്തിന്‍റെ ദുരിതം ഏറെയും പേറേണ്ടിവരുന്ന തെക്കൻ രാജ്യങ്ങള്‍ ദുരന്തനിവാരണ ഫണ്ട് ഇനിയുമേറെ ഉയര്‍ത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.

700 ദശലക്ഷം ഡോളര്‍ മാത്രമാണ് നിലവില്‍ ഈയിനത്തില്‍ നീക്കിവെച്ചിരിക്കുന്നത്. ഇത് ഗണ്യമായി ഉയര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ദുബായില്‍ സമാപിച്ച COP 28 ല്‍ വകയിരുത്തിയ തുകപോലും യഥാര്‍ത്ഥത്തില്‍ ആവശ്യമായ തുകയുടെ നാലയലത്ത് എത്തില്ല. ഫണ്ടിങ്ങിലെ ഈ അന്തരം കുറച്ചുകൊണ്ടുവരുന്നതും ഒരു വെല്ലുവിളിയാണ്. ഇതിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫണ്ടിന്റെ പരിമിതികാരണം ദുരന്തനിവാരണപദ്ധതികൾ മന്ദഗതിയിലാകുന്നത് ഭാവിയില്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് മാത്രമല്ല ലോകത്തിനാകെത്തന്നെ ഭീഷണിയാകുമെന്നതിൽ സംശയമില്ല.

അനുബന്ധ വീഡിയോകൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
33 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു
Next post ഡാനിയൽ കാനെമാൻ അന്തരിച്ചു
Close