സ്നിഗേന്ദു ഭട്ടാചാര്യ
Freelance journalist
വിവർത്തനം : സുനന്ദകുമാരി കെ.
‘Principles of science originated in the Vedas, but repackaged as western discoveries’ – ISRO chairman S Somanath pic.twitter.com/ZMUIPSIMTS
— HinduJagrutiOrg (@HinduJagrutiOrg) August 25, 2023
അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞുതുടങ്ങിയിരിക്കുന്നു, മറ്റെല്ലാ സംസ്‌കാരങ്ങളേക്കാളും വേദങ്ങളുടെ ശ്രേഷ്ഠതയിൽ വിശ്വസിക്കുന്നവർ ആവേശത്തോടെ “ഇതാ നോക്കൂ.. ശാസ്‌ത്രജ്ഞൻമാർ പോലും ഞങ്ങളുടെ വീക്ഷണത്തെ എങ്ങനെ അനുകൂലിക്കുന്നു” എന്ന് എതിർപക്ഷത്തുള്ളവരോട് എടുത്തുപറയുന്നു. #വേദോം_സേ_വിജ്ഞാൻ ( #वेदों_से_विज्ञान -വേദങ്ങൾ മുതൽ ശാസ്ത്രം വരെ) എന്ന ഹാഷ്ടാഗും അവർ ആരംഭിച്ചിട്ടുണ്ട്.
യാഥാർത്ഥ്യമില്ലാത്ത അവകാശവാദങ്ങൾ
ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള സംസ്‌കൃതപുസ്തകമായ ‘സൂര്യ സിദ്ധാന്ത’ യിലെ സൗരയൂഥം, ഭൂമിയുടെ വലുപ്പം, ചുറ്റളവ് എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങളിലൂടെ കടന്നുപോയപ്പോഴാണ് റോക്കറ്റ് ശാസ്ത്രജ്ഞനായ താൻ അവയിൽ ആകൃഷ്ടനായത് എന്ന് സോമനാഥ് വിശദീകരിക്കുന്നു. ജ്യോതിശ്ശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, എയറോനോട്ടിക്സ് എന്നിവയെക്കുറിച്ച് വേദങ്ങളിൽ സംസ്കൃതത്തിൽ എഴുതിവെച്ച ധാരണകൾ ‘പൂർണ്ണമായി ഉപയോഗപ്പെടുത്തുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടില്ല’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനുപുറമെ ബീജഗണിതം, വർഗ്ഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള ആശയങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം, വ്യോമയാനം എന്നിവയെല്ലാം വേദങ്ങളിൽ നിന്നാണ് ആദ്യം കണ്ടെത്തിയതത്രെ. ഈ അറിവ് അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിൽ എത്തി. പിന്നീടത് പാശ്ചാത്യലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി മാറി എന്ന് സോമനാഥ് പറഞ്ഞു. പാശ്ചാത്യ ശാസ്‌ത്രജ്ഞര്‍ ഇന്ത്യൻ ഋഷിമാരുടെ കണ്ടെത്തലുകൾ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം വാദിക്കുന്നു.
ഈ പ്രസംഗത്തിന് തൊട്ടുപിന്നാലെ, ശാസ്ത്ര കൂട്ടായ്മയായ ‘ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി’ (ബിഎസ്എസ്), സോമനാഥിന്റെ അഭിപ്രായങ്ങളെ ‘യാഥാർഥ്യബോധമില്ലാത്ത അവകാശവാദം‘ എന്ന് വിശേഷിപ്പിച്ചു. അതിശയോക്തിപരമായും വാഴ്ത്തുപാട്ടിന്റെ രൂപത്തിലും അവതരിപ്പിച്ച് ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും അവർ നിരീക്ഷിക്കുന്നു.
“സോമനാഥിനോടുള്ള ലളിതമായ ഒരു ചോദ്യം ഇതാണ്. ജ്യോതിശ്ശാസ്ത്രം, എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് മുതലായവയിൽ മികച്ച അറിവ് സംസ്‌കൃതത്തിലെ പുരാതന ഗ്രന്ഥങ്ങളിൽ ലഭ്യമാണെങ്കിൽ, എന്തുകൊണ്ടാണ് ഐഎസ്ആർഒ അവ ഉപയോഗപ്പെടുത്താത്തത്? വേദങ്ങളിൽനിന്ന് കണ്ടെത്തിയ ഏതെങ്കിലും അറിവ് ഉപയോഗിച്ച് ഐഎസ്ആർഒ നിർമിച്ച ഒരു റോക്കറ്റോ ഉപഗ്രഹമോ കാണിക്കാമോ?” – അവർ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. സോമനാഥിന്റെ അവകാശവാദങ്ങൾ പുതിയതല്ല എന്നുമാത്രമല്ല ഇതുസംബന്ധമായി നേരത്തെയുള്ള അവകാശവാദങ്ങൾ പൊളിച്ചെഴുതുന്നതുമല്ല.
മേഘ്‌നാഥ് സാഹയുടെ 1939-ലെ ലേഖനം
ഇന്ത്യയിലെ പ്രസിദ്ധ ശാസ്ത്രജ്ഞനും ആസ്ട്രോ ഫിസിക്സിസ്റ്റുമായ മേഘ്‌നാഥ് സാഹ, 1939 ൽ ബംഗാളിയിലെ ശ്രദ്ധേയമായ സാഹിത്യമാസികയായ ‘ഭാരത്‌ബർഷ’യിൽ തുടർച്ചയായി എഴുതിയ ലേഖനങ്ങളിൽ അത്തരം അവകാശവാദങ്ങളെ തള്ളിക്കളയുക മാത്രമല്ല, കണക്കിന് പരിഹസിക്കുകയും ചെയ്‌തിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ രചനകളൊന്നും മറ്റേതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതായി അറിവില്ല .
‘ആധുനിക് ബിജ്ഞാൻ ഓ ഹിന്ദു ധർമ്മോ’ (ആധുനിക ശാസ്ത്രവും ഹിന്ദുമതവും) എന്ന തലക്കെട്ടിലുള്ള ലേഖനങ്ങളിൽ ഒന്നില്‍ സാഹ എഴുതി – “കഴിഞ്ഞ ഇരുപതുവർഷമായി, വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ, ജ്യോതിഷഗ്രന്ഥങ്ങൾ, ശാസ്ത്രത്തെക്കുറിച്ചുള്ള പുരാതനഗ്രന്ഥങ്ങൾ എന്നിവയിൽ ഞാൻ സൂക്ഷ്മമായി തിരഞ്ഞെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ ഒരംശംപോലും അവയിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. വേദങ്ങളിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടാൻ ‘ഫോസിലായി’മാറിയ ജ്ഞാനികളല്ലാതെ മറ്റാരും ധൈര്യപ്പെടില്ല.” അദ്ദേഹം എഴുതി.
“എല്ലാ പ്രാചീനസംസ്കാരങ്ങളിലേയും പണ്ഡിതന്മാർ പ്രപഞ്ചത്തിലെ ഭൂമിയുടെ സ്ഥാനം, ചന്ദ്രൻ, സൂര്യൻ, ഗ്രഹങ്ങൾ എന്നിവയുടെ ചലനം, രസതന്ത്രം, ജന്തുശാസ്ത്രം, എന്നിവയെക്കുറിച്ച് വിവിധ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ആധുനികശാസ്ത്രം എന്നത് കഴിഞ്ഞ മൂന്നുനൂറ്റാണ്ടുകളായി ആഗോളതലത്തിലുള്ള, -പ്രത്യേകിച്ചും യൂറോപ്യൻ ശാസ്ത്രജ്ഞരുടെ- കൂട്ടായ ഗവേഷണ പ്രവർത്തനത്തിന്റെ ഫലമാണ് എന്നതാണ് യാഥാർത്ഥ്യം,” അദ്ദേഹം എഴുതി.
ഹിന്ദുമതത്തിലെ ‘ദശാവതാര സിദ്ധാന്തം’ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ സൂചിപ്പിക്കുന്നു എന്ന വാദത്തെ അദ്ദേഹം പരിഹസിച്ചു. അവതാരങ്ങളുടെ എണ്ണത്തെക്കുറിച്ചും അവയുടെ ക്രമത്തെക്കുറിച്ചും ഹിന്ദുമതഗ്രന്ഥങ്ങളിൽ ഏകാഭിപ്രായമില്ലെന്നും എടുത്തുപറയുന്ന ‘ദശാവതാരം'(10 അവതാരങ്ങൾ) പോലും പരിണാമത്തെ വിവരിക്കുന്നതിന്റെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐസക് ന്യൂട്ടനേക്കാൾ (1643-1727) നൂറ്റാണ്ടുകൾക്കുമുമ്പ് ഗുരുത്വാകർഷണ നിയമങ്ങൾ പന്ത്രണ്ടാംനൂറ്റാണ്ടിലെ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ഭാസ്‌കരാചാര്യർ കണ്ടെത്തിയിരുന്നു എന്ന അവകാശവാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഭാസ്‌കരാചാര്യർ ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുകയോ ഗുരുത്വാകർഷണത്തിന്റെയും ചലനത്തിന്റെയും നിയമങ്ങൾ പ്രയോഗിച്ച് ഈ ഭ്രമണപഥങ്ങൾ കണ്ടെത്താനാകുമെന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുസിദ്ധാന്തമായ ‘അവതാരവാദത്തെ'(ദശാവതാരത്തെ) പരിണാമ സിദ്ധാന്തവുമായി തുലനം ചെയ്യുന്നത് അഗസ്ത്യമുനിയുടെ സമുദ്രപാനത്തെക്കുറിച്ചുള്ള മിത്തിനെ ‘വൈദ്യുതവിശ്ലേഷണം’ എന്ന് വിശേഷിപ്പിച്ച സംസ്‌കൃത പണ്ഡിതൻ ശശാധർ തർക്കച്ചുരമണിയുടെ (Shashadhar Tarkachuramani) വിശദീകരണത്തേക്കാൾ പരിഹാസ്യമാണെന്നും സാഹ പറഞ്ഞു.
“വ്യക്തമായി മനസ്സിലാക്കാവുന്ന കണ്ടുപിടുത്തങ്ങളും നന്നായി പരീക്ഷിക്കപ്പെട്ട സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് പരിണാമസിദ്ധാന്തം. പുരാതന കാലംമുതൽ ശാസ്ത്രജ്ഞർ ശേഖരിച്ച ആയിരക്കണക്കിന് ജീവജാലങ്ങളുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം ഇതിനുപിന്നിലുണ്ട്. ഈ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി തരംതിരിച്ചവയാണ്. അവയുടെ കാലക്രമം നിർണ്ണയിച്ചത് ശാസ്ത്രീയമായ പഠനങ്ങളിലൂടെയും യുക്തിഭദ്രമായുമാണ്. ഭൗതിക ശാസ്ത്രത്തിലെ കുറ്റമറ്റ മാർഗങ്ങളിലൂടെയാണ് കാലഗണന കണക്കാക്കിയത്.” അദ്ദേഹം എഴുതി.
സാഹയുടെ രചനകൾ, ആധുനിക ശാസ്ത്രങ്ങളുടെ വേദേതിഹാസങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഹിന്ദു ദേശീയവാദികളുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിലൂടെ കടന്നുപോയ പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ ശ്രദ്ധേയമായ പരിശ്രമങ്ങളിൽ ഒന്നാണ്.
പ്രൊഫ.വി.വി.രാമന്റെ നിരീക്ഷണം
ന്യൂയോർക്ക് ആസ്ഥാനമായുള്ള റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫിസിക്‌സ് ആൻഡ് ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റിലെ എമരിറ്റസ് പ്രൊഫസറായ വി.വി.രാമൻ 2010ൽ എഴുതിയ ഒരു ലേഖനത്തിൽ ഇപ്രകാരം പറഞ്ഞു. “ഇന്ത്യയിലെ ഇപ്പോഴത്തെ മിക്ക ശാസ്ത്രജ്ഞരും ഈ വിഷയങ്ങളിൽ നിശ്ശബ്ദത പാലിക്കാൻ ഇഷ്ടപ്പെടുന്നവരായി തോന്നുന്നു. അവരിൽ പലരും യഥാർത്ഥശാസ്ത്രത്തിൽ മാത്രം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതോടൊപ്പം ശാസ്ത്രചരിത്രത്തെക്കുറിച്ചുള്ള അസംബന്ധ വീക്ഷണം പിന്തുടരുന്നു എന്നതും കൂടിയാണ്.”രാമൻ എഴുതി.
ശാസ്ത്രചരിത്രകാരിയായ മീരാ നന്ദയുടെ 2006 ലെ ലേഖനം പറയുന്നത് ഇത്തരം വിമർശനം നിലവിലെ ശാസ്ത്രജ്ഞർക്ക് മാത്രമല്ല, മുൻനൂറ്റാണ്ടുകളിലെ ശാസ്ത്രജ്ഞർക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാം എന്നാണ്. വേദങ്ങളെ ആധുനിക ശാസ്ത്രവുമായി കൂട്ടിയോജിപ്പിക്കുന്നത് ഇവരുടെ ഒരു സാധാരണ തന്ത്രമാണ്. ഇന്ത്യയിൽ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ തുടക്കം മുതലേ അത് നടക്കുന്നുണ്ട്. 18-ാം നൂറ്റാണ്ടിലേക്ക് തിരിഞ്ഞുനോക്കിയാൽ ഇന്നത്തെ അളവിലുള്ള സാംസ്കാരിക മേധാവിത്വമൊന്നും ഇന്ത്യയിലെ യുക്തിവാദികൾക്ക് അക്കാലത്ത് ലഭിച്ചിരുന്നില്ല.”
ജയന്ത് നാർലിക്കറുടെ പഠനങ്ങൾ
സാഹയ്ക്ക് ശേഷം, സാർവദേശീയ അംഗീകാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പ്രാചീന ഇന്ത്യയുടെ ശാസ്ത്രീയമികവ് കണ്ടെത്താൻ സംസ്‌കൃത ഗ്രന്ഥങ്ങൾ സമഗ്രമായി പഠിച്ച ഒരു പ്രമുഖൻ ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിന്റെ (IUCAA) സ്ഥാപക-ഡയറക്ടറായ ജ്യോതിശ്ശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറാണ്.
2003 ൽ എഴുതിയ ‘The Scientific Edge: The Indian Scientist from Vedic to Modern Times‘ എന്ന പുസ്തകത്തിൽ ബൗധായന, അപസ്തംഭ, ആര്യഭട്ട, ബ്രഹ്മഗുപ്തൻ, ഭാസ്കര രണ്ടാമൻ തുടങ്ങിയവരുടെ മികവ് അദ്ദേഹം എടുത്തുകാട്ടുകയുണ്ടായി. അതേസമയം ‘പുരാതന ഗ്രന്ഥങ്ങളിൽ എല്ലാമുണ്ട്’ എന്ന് പറയുന്ന പ്രവണതയ്‌ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
“നമ്മുടെ പൂർവ്വികരായ ആചാര്യന്മാർ ആധുനിക ശാസ്ത്രം ഇന്ന് നമ്മോട് പറയുന്നതെല്ലാം മുൻകൂട്ടി കണ്ടിരുന്നുവെന്നും ആധുനിക കാലഘട്ടത്തിന് തുല്യമായ സാങ്കേതികവിദ്യ അവർക്കുണ്ടായിരുന്നുവെന്നുമൊക്കെ നാം പതിവായി കേൾക്കുന്നു. ചില പുരാതന ദാർശനിക ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾവെച്ച് ചിലർ ക്വാണ്ടം സിദ്ധാന്തം, സ്ട്രിംഗ് സിദ്ധാന്തം, ഏകീകൃത ഫീൽഡ് സിദ്ധാന്തം, ആപേക്ഷികതാ സിദ്ധാന്തം – എന്നിങ്ങനെയുള്ള ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളൊക്കെയും അവയിലുണ്ടെന്ന വ്യാഖ്യാനങ്ങളെ നാർലിക്കർ ഉദാഹരണ സഹിതം നിരാകരിക്കുന്നുണ്ട്.
“ഒരു ശാസ്ത്രീയ സിദ്ധാന്തത്തിന്, പലപ്പോഴും അളവിലുള്ള വിശദാംശങ്ങളോടെ, വ്യക്തതയോടെ പ്രവചനം നടത്താനാകും. കൃത്യമായി പറഞ്ഞാൽ പ്രവചനമാണ് ഏറ്റവും ലളിതമായ സിദ്ധാന്തം എന്നും പറയാം. കൂടാതെ എല്ലാ ആധുനിക ശാസ്ത്രങ്ങളുടെയും വേരുകൾ അവകാശപ്പെടാൻ പുരാതനഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നവർക്ക് പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ പ്രവചനത്തിലൂടെ ശാസ്ത്രത്തെ കൂടുതൽ നന്നായി സഹായിക്കാൻ കഴിയേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഋഗ്വേദത്തിലെ ‘നാസാദിയ സൂക്ത‘ത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ആധുനിക പ്രപഞ്ചശാസ്ത്രജ്ഞർ ചോദിക്കുന്ന ചോദ്യങ്ങളുമായുള്ള ശ്രദ്ധേയമായ സാമ്യം നാർലിക്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രീക്ക് തത്ത്വചിന്തകനായ ഡയോഫാന്റസിന് എത്രയോമുമ്പ് രചിക്കപ്പെട്ട ‘ശുൽബ സൂത്ര’ങ്ങളിൽ ഡയോഫാന്റൈൻ സമവാക്യങ്ങൾ കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആധുനിക ശാസ്ത്രത്തെ നയിക്കുന്ന അതേ ശാസ്ത്രീയമായ ജിജ്ഞാസ നമ്മുടെ പൂർവ്വികർക്കും ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ലെങ്കിലും ആധുനികശാസ്ത്രം ഇന്ന് എന്താണ് വിശദീകരിക്കുന്നത് എന്നൊക്കെ അവർക്ക് അറിയാമായിരുന്നു എന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് നാർലിക്കർ എടുത്തുപറഞ്ഞു.
“നമ്മുടെ വേദാന്തദർശനത്തിൽ ക്വാണ്ടം സിദ്ധാന്തവും അനിശ്ചിതത്വ തത്വവും ഉണ്ടെന്ന് അവകാശപ്പെടുന്നത് രണ്ട് ആശയങ്ങളോടും ചെയ്യുന്ന അനീതിയാണ്. ശാസ്ത്രത്തിന്റെ എല്ലാ ആധുനിക കണ്ടുപിടുത്തങ്ങളും വേദങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്ന അവകാശവാദങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമായവയല്ല. പുരാതന ഇന്ത്യയിലെ യഥാർഥ കണ്ടെത്തലുകളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഇത്തരം അവകാശവാദങ്ങൾ ഇടവരുത്തുക എന്നതിനാൽ ഗുണത്തേക്കാളേറെ ദോഷഫലമാണ് ഉളവാക്കുക.”
ആധുനിക ശാസ്ത്രനേട്ടങ്ങളിലെ ഇന്ത്യയുടെ പൗരാണിക സംഭാവനകൾ നിരാകരിക്കുന്നത് കോളനിവൽക്കരണത്തിന്റെ നേരിട്ടുള്ള ആഘാതമായി രാമൻ നിരീക്ഷിക്കുന്നു. കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലെ ആളുകൾ, കൊളോണിയൽ നയങ്ങളാൽ ബുദ്ധിമുട്ടി, യൂറോപ്പിന്റെ ശ്രേഷ്ഠത സംബന്ധിച്ച അവകാശവാദങ്ങളെ നിഷേധിക്കുന്നതിനായും ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചു.
ഗുരുത്വാകർഷണവും തെർമോഡൈനാമിക്സും മുതൽ ജനിതകശാസ്ത്രവും ക്വാണ്ടം മെക്കാനിക്സും വരെയുള്ള ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ സംസ്കൃതത്തിലെ പഴഞ്ചൊല്ലുകളിലും തോറയിലും, ഖുറാനിലും ഒളിഞ്ഞിരിക്കുന്നതായി കാണിക്കുന്നത് യുക്തിസഹമല്ല. ചരിത്രവിരുദ്ധമാണ്. എന്ന് രാമൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് പ്രചോദനമായ 19-ാം നൂറ്റാണ്ടിലെ ഹിന്ദുമതനേതാക്കൾ ജനങ്ങളിൽ ‘ആത്മാഭിമാനവും അന്തസ്സും നിറയ്ക്കാൻ പ്രശംസനീയവും സന്ദർഭോചിതവുമായ പ്രയത്നം’ നടത്തിയെന്നും എന്നാൽ അത്തരമൊരു സമീപനത്തിന് ഇന്നത്തെ ലോകത്ത് സ്ഥാനമില്ല എന്നും സ്വതന്ത്ര ഇന്ത്യ സ്വന്തം നേട്ടങ്ങളിൽ മഹത്വം അവകാശപ്പെടുന്ന ഈ കാലത്തും രാമന് തോന്നി.
“ഇത്തരം അവകാശവാദങ്ങൾ പുരാതന ഇന്ത്യക്കാരുടെ യഥാർഥ സംഭാവനകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. കൂടാതെ ആധുനിക ശാസ്ത്രം എന്താണെന്ന് പരിചയമുള്ളവരിൽ അത് ചിരിയുണർത്തുകയേ ഉള്ളൂ.” രാമൻ എഴുതി. ഒരു വശത്ത് ജ്ഞാനം, ഉൾക്കാഴ്ച, സാമാന്യബുദ്ധി എന്നിവയും മറുവശത്ത് ശാസ്ത്രവും തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല പ്രാചീനരും തിരിച്ചറിഞ്ഞതുപോലെ, മുകളിലേക്ക് എറിയപ്പെട്ട എല്ലാ വസ്തുക്കളും വീണ്ടും നിലത്തുവീഴുന്നുവെന്നത് സാമാന്യബുദ്ധിയാണെന്നും ചില പുരാതന ഹിന്ദുചിന്തകർ പ്രസ്താവിച്ചതുപോലെ, അവയുടെ ആന്തരിക ഗുണം കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതും രസകരമായ ഒരു ആശയമാണ്. എന്നാൽ ഐസക് ന്യൂട്ടൺ രൂപപ്പെടുത്തിയ ചലനനിയമമനുസരിച്ച് പ്രപഞ്ചത്തിലെ ഓരോ പിണ്ഡവും മറ്റെല്ലാ പിണ്ഡത്തെയും തന്നിലേക്ക് ആകർഷിക്കാനുള്ള ശക്തി ചെലുത്തുന്നു എന്നത് ശാസ്ത്രമാണ്.” എന്നും അദ്ദേഹം എഴുതി.
വീഡിയോ കാണാം
ശാസ്ത്രബോധം
100-ലേഖനങ്ങൾ