Read Time:7 Minute

ശാസ്ത്രം – ഇരുളിൽ ഒരു കൈത്തിരി

കാൾ സാഗന്റെ The Demon-Haunted World : Science as a Candle in the Dark എന്ന പുസ്തകത്തെക്കുറിച്ച് വായിക്കാം


മനുഷ്യ സംസ്കൃതിയിൽ ശാസ്ത്രത്തോളം തന്നെ പഴക്കമുണ്ട് കപട ശാസ്ത്രങ്ങൾക്ക്. മനുഷ്യൻ ജ്യോതിശാസ്ത്രത്തിലൂടെ ആകാശഗോളങ്ങളുടെ ചലനങ്ങളെ പറ്റി മനസ്സിലാക്കാൻ തുടങ്ങിയതിനോടൊപ്പം തന്നെ, ഇതേ ആകാശഗോളങ്ങളെ ഉപയോഗിച്ച് പ്രവചനങ്ങൾ നടത്തുന്ന ജ്യോതിഷവും ലോകമെമ്പാടും ഉദയം ചെയ്തു. വൈദ്യശാസ്ത്രത്തോടൊപ്പം തന്നെ കപട ചികിത്സകരും ബ്ലാക്ക് മജീഷ്യൻമാരും ഉടലെടുത്തു. ഇന്നും ഇത് മാറ്റമില്ലാതെ തുടരുന്നു. ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം കപട ശാസ്ത്രങ്ങളും വളരുകയും, ശാസ്ത്രത്തിന്റെ മൂടുപടം അണിയിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന കല അഭ്യസ്തവിദ്യരെ പോലും കെണിയിൽ വീഴ്ത്തി മുന്നേറുന്നു.

എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The Demon-Haunted World : Science as a Candle in the Dark” എന്ന പുസ്തകം.

പൊതുവെ അമേരിക്കൻ പശ്ചാത്തലത്തിൽ 1980 കളിലും 90 കളിലും ഉണ്ടായിരുന്ന കപടശാസ്ത്ര പ്രചാരണങ്ങളെ (കപട ചികിത്സകൾ, അന്യഗ്രഹജീവികളെ കണ്ടതായുള്ള അവകാശ വാദങ്ങൾ, അത്ഭുത സംഭവങ്ങൾ തുടങ്ങിയവ) ആണ് സാഗൻ ഈ പുസ്തകത്തിൽ ഉദാഹരണങ്ങളായി തുറന്നു കാണിക്കുന്നത്. പക്ഷെ അദ്ദേഹം ഇവിടെ ഉപയോഗിച്ചിരിക്കുന്ന ടൂളുകൾ ഇന്നത്തെ നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ കാണപ്പെടുന്ന കപടശാസ്ത്ര പ്രചാരണങ്ങളെയും പൊളിച്ചടുക്കാൻ പര്യാപ്തമാണ്.

പത്താരപ്പുരയിലെ ഡ്രാഗൺ

അതിമനോഹരങ്ങളായ ഉപമകളും ചിന്താപരീക്ഷണങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. നമ്മിൽ പലരും കേട്ടിട്ടുള്ള പത്തായപ്പുരയിലെ ഡ്രാഗൺ എന്ന ചിന്താപരീക്ഷണം ഈ പുസ്തകത്തിലാണുള്ളത്. എന്റെ വീട്ടിലെ പത്തായത്തിൽ തീ തുപ്പുന്ന ഒരു ഡ്രാഗൺ ഉണ്ടെന്ന് ഞാൻ അവകാശപ്പെടുന്നു എന്ന് കരുതുക. എന്നിട്ട് ഡ്രാഗണെ കാണുന്നില്ലല്ലോ എന്ന് നിങ്ങൾ ചോദ്യം ചെയ്‌താൽ എനിക്ക് പറയാം അത് അദൃശ്യനായ ഒരു ഡ്രാഗൺ ആണെന്ന്. ഡ്രാഗൺ തുപ്പുന്ന തീയെവിടെ എന്ന് ചോദിച്ചാൽ എനിക്ക് പറയാം അത് അദൃശ്യമായ, ചൂടില്ലാത്ത ഒരു പ്രത്യേക തരം തീയാണെന്ന്. കപട ശാസ്ത്രവാദികൾ തങ്ങളുടെ ഗോൾ പോസ്റ്റ് നിരന്തരം മാറ്റുന്നതെങ്ങനെ എന്ന് ഹാസ്യരൂപേണ കാണിക്കാനാണ് സാഗൻ ഈ ഉപമ ഉപയോഗിച്ചത്.

അതോടൊപ്പം തന്നെ ശാസ്ത്രചിന്തയുടെ  രാഷ്ട്രീയവും സാഗൻ അവസാന അധ്യായങ്ങളിൽ വരച്ചു കാണിക്കുന്നുണ്ട്. “Real patriots ask questions” എന്ന ശക്തമായ പൊസിഷൻ മുന്നോട്ടു വയ്ക്കുകയും, ശാസ്ത്രവും സാഹിത്യവും അറിവിന്റെ വ്യാപനവുമാണ് ഏതൊരു രാജ്യത്തിന്റെയും സന്തോഷത്തിന്റെ സൂചകം എന്ന ജോർജ് വാഷിങ്ടണിന്റെ നിലപാടിനെ ഉയർത്തിപിടിക്കുകയും ചെയ്യുന്നുണ്ട് സാഗൻ ഇവിടെ.

കപടശാസ്ത്രങ്ങൾ പൊളിച്ചടുക്കാൻ ഒരു “ടൂൾകിറ്റ്”

പക്ഷെ ഈ പുസ്തകം നിങ്ങൾക്കായി കാത്തു വച്ചിരിക്കുന്ന അമൂല്യമായ നിധി മറ്റൊന്നാണ്. “The fine art of baloney detection” എന്ന പന്ത്രണ്ടാം അധ്യായം! കപട ശാസ്ത്ര പ്രചാരകരുമായി എങ്ങനെ ഡിബേറ്റ് ചെയ്യാം എന്നും അവരുടെ തള്ളുകളിൽ അടങ്ങിയിരിക്കുന്ന ധാരണാവൈകല്യങ്ങൾ (Cognitive Biases) എങ്ങനെ പൊളിച്ചെടുക്കാം എന്നും രസകരമായ രീതിയിൽ സാഗൻ അവതരിപ്പിക്കുന്നു. സാഗന്റെ ഈ ടൂൾ കിറ്റിനെ പറ്റി രണ്ടു ഭാഗങ്ങളുള്ള ഒരു ലേഖനം ഈ ലേഖകൻ എഴുതിയിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.

ശാസ്ത്രീയ മനോവൃത്തി സമൂഹത്തിൽ പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ പുസ്തകം മികച്ച ഒരു വായനാനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല.


ലൂക്കയിൽ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി എന്തുബന്ധം ?
Next post സൗര ബഹിരാകാശ ദൗത്യങ്ങളുടെ നാൾവഴി
Close