Read Time:13 Minute

ണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലാണ് കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്നത്. ഓരോ വർഷവും വിവിധ രാജ്യക്കാരായ പതിനായിരങ്ങൾ മാർക്സിന്റെ ശവകുടീരം സന്ദർശിക്കാറുണ്ട്. എന്നാൽ 1883 ൽ മാർക്സിന്റെ മരണസമയത്ത് കുടുംബാംഗങ്ങളടക്കം 13 പേരാണ് (എണ്ണം സംബന്ധിച്ച് തർക്കമുണ്ട്) ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത് . അതിൽ രണ്ടുപേർ ശാസ്ത്രജ്ഞരായിരുന്നു. ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ റേ ലാങ്കെസ്റ്ററും, ജർമൻ രസതന്ത്രജ്ഞനായ കാൾ ഷോർലെമ്മറും.

ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്റെ ശവകുടീരം

മാർക്സിന്റെയും ഏംഗൽസിന്റെയും സുഹൃത്തും കമ്യൂണിസ്റ്റുമായ കാൾ ഷോർലെമ്മർ മാഞ്ചസ്റ്ററിലെ ഓവൻ കോളേജിൽ  ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. ഇംഗ്ലണ്ടിലെ തന്നെ ആദ്യത്തെ ഓർഗാനിക് കെമിസ്ട്രി ചെയറിന്റെ ആദ്യത്തെ അധ്യക്ഷൻ. അക്കാലത്ത് ഒരു കമ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ലഭിക്കാൻ അസാധ്യമായ സ്ഥാനം. ഹൈഡ്രോകാർബണുകളെ കുറിച്ചുള്ള പഠനത്തിന് അദ്ദേഹം നല്കിയ സംഭാവനകളാണ് അത്തരമൊരു സ്ഥാനത്തേക്ക് ഷോർലെമ്മറെ എത്തിച്ചത്. വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ ശാസ്ത്രീയമായ അടിത്തറയിൽ കാൾ ഷോർലെമ്മറിന്റെ സ്വാധീനവുമുണ്ടെന്ന് പിൽക്കാലത്ത് പലരും നിരീക്ഷിച്ചിട്ടുണ്ട്. മാർക്സ് കഴിഞ്ഞാൽ യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലെ ഏറ്റവും കഴിവുറ്റയാൾ എന്നാണ് ഏംഗൽസ് ഒരിക്കൽ ഷോർലെമ്മറെ വിശേഷിപ്പിച്ചത്.

കാൾ ഷോർലെമ്മർ

1834 ൽ ജർമ്മനിയിൽ ജനിച്ച ഷോർലെമ്മർ ഡാംസ്റ്റാറ്റ് ടെക്നിക്കൽ കോളേജിൽ  നിന്ന് ഫാർമസിയിലും, ഗീസൻ സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിലും വിദ്യാഭ്യാസം നേടി. പ്രശസ്ത ശാസ്ത്രജ്ഞൻ റോബർട്ട് വിൽഹെം ബുൻസന്റെ സ്വാധീനം കൊണ്ടാണത്രേ കാൾ ഷോർലെമ്മർ രസതന്ത്രം പഠിക്കാൻ തീരുമാനിച്ചത്. തുടർന്ന് അപ്പോത്തിക്കരി ആയി ജോലി ചെയ്യവേ മാഞ്ചസ്റ്ററിലെ ഓവൻസ് കോളേജിലെ പ്രൊഫസർ ഹെന്റി റോസ്കോയുടെ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടു. അവിടന്നങ്ങോട്ട് കാർബണിക രസതന്ത്രമായി ഷോർലെമ്മറുടെ ഗവേഷണ മേഖല. ഈഥേനും ഈഥൈൽ ഹൈഡ്രൈഡും ഒന്നാണെന്ന് തെളിയിച്ചത് ഷോർലെമ്മറാണ്. സെക്കന്ററി ആൽക്കഹോളിനെ പ്രൈമറി ആൽക്കഹോളാക്കി മാറ്റുന്ന ഒരു രീതിയും അദ്ദേഹം കണ്ടെത്തി. റോസാനിലിൻ, സാഫ്രാനിൻ തുടങ്ങിയ ചായങ്ങളിലും മറ്റ് ഓർഗാനിക് സംയുക്തങ്ങളിലും ഗവേഷണം നടത്തി. ആൽക്കേനുകൾ അഥവാ പാരഫീനുകളെക്കുറിച്ച് അന്നുണ്ടായിരുന്ന അറിവുകളിൽ പ്രധാന പങ്കും ഷോർലെമ്മറിന്റെ സംഭാവനയായിരുന്നു എന്ന് അദ്ദേഹത്തിന്റെ അനുസ്മരണത്തിൽ ഏംഗൽസ് പരാമർശിച്ചിരുന്നു. ഓർഗാനിക് കെമിസ്ട്രിയുടെ ശൈശവ ദശയായിരുന്നതിനാൽ ഈ നേട്ടങ്ങളെല്ലാം വളരെ പ്രസക്തമായിരുന്നു.

ഷോർലെമ്മറും ശാസ്ത്രചരിത്രവും

ശാസ്ത്രവും ശാസ്ത്രചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രബന്ധങ്ങളും  ഷോർലെമ്മർ എഴുതിയിരുന്നു. റോസ്കോയുമായി ചേർന്ന് എഴുതി, 1877 ൽ പ്രസിദ്ധീകരിച്ച A Treatise on Chemistry അദ്ദേഹത്തിന്റെ അക്കാലത്ത് പ്രശസ്തമായ പുസ്തകമാണ്. പിന്നീട് അദ്ദേഹം എഴുതിയ The Rise and Development of Organic Chemistry ഓർഗാനിക് കെമിസ്ട്രിയുടെ ചരിത്രം പറയുന്ന ആദ്യ ഗ്രന്ഥമാണ്. പിന്നീട് അദ്ദേഹം കെമിസ്ട്രിയുടെ ആദ്യകാലം തൊട്ടന്നോളമുള്ള ചരിത്രം പറയുന്ന വിശദമായ ഒരു ഗ്രന്ഥം എഴുതിയെങ്കിലും പൂർത്തിയാക്കാനായില്ല. 1100 പേജുകളുള്ള ആ മാനുസ്ക്രിപ്റ്റ് പിന്നീട് ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. പൂർത്തിയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കിൽ രസതന്ത്രത്തിന് മാത്രമല്ല  ശാസ്ത്രചരിത്രത്തിനും വലിയ മുതൽക്കൂട്ടായേനെ ആ പുസ്തകം. 

ഭൌതികവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ശാസ്ത്രചരിത്രത്തെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു മേൽപ്പറഞ്ഞ രണ്ട് ശാസ്ത്ര ചരിത്ര ഗ്രന്ഥങ്ങളും. ജെ ഡി ബർണൽ Science in History എഴുതുന്നതിനും അര നൂറ്റാണ്ടിലേറെ മുന്പാണ് ഷോർലെമ്മറുടെ ഭാഗത്തു നിന്ന് അത്തരമൊരു ബൃഹത് ശ്രമമുണ്ടാകുന്നത്. മാഞ്ചസ്റ്ററിലെ ജോൺ റെയ്ലാന്റ്സ് ലൈബ്രറിയിലാണ് ആ കൈയെഴുത്തുപ്രതി സൂക്ഷിച്ചിരിക്കുന്നത്.

ചുവന്ന രസതന്ത്രജ്ഞൻ

മാർക്സും, ഏംഗൽസുമായും  ഇരുവരുടേയും കുടുംബങ്ങളുമായും വളരെ അടുത്തബന്ധമാണ് ഷോർലെമ്മറിന് ഉണ്ടായിരുന്നത്. മാഞ്ചസ്റ്ററിലെ ഒരു ശാസ്ത്ര/രാഷ്ട്രീയ ചർച്ചാവേദിയിൽ വെച്ചാണ് ഏംഗൽസ് ഷോർലെമ്മറെ പരിചയപ്പെട്ടത്. കാർഷിക മേഖലയിലെ പുതിയ രാസവളങ്ങളുടെ കണ്ടുപിടിത്തങ്ങളെപ്പറ്റി ചർച്ച ചെയ്തുകൊണ്ടാണ് മാർക്സുമായുള്ള ഷോർലെമ്മറുടെ ബന്ധം തുടങ്ങുന്നത്. ഒന്നാം ഇന്റർനാഷണലിലും, ജർമ്മൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയിലും അംഗമായിരുന്നു അദ്ദേഹം. മുൻപേ കമ്യൂണിസ്റ്റായ ഷോർലെമ്മർ ഒരുപക്ഷേ തങ്ങളിൽ നിന്ന് പഠിച്ചത് സാമ്പത്തിക ശാസ്ത്രം മാത്രമായിരിക്കും എന്നാണ് ഏംഗൽസ് പറഞ്ഞത്. മാർക്സും ഏംഗൽസും പോലീസ് നിരീക്ഷണത്തിലായിരുന്ന കാലത്ത് അവർക്കുള്ള കത്തിടപാടുകൾക്കും ആദ്ദേഹത്തിന്റെ വിലാസം ഉപയോഗിച്ചിരുന്നു.

റോസ്കോയുമായി ചേർന്ന് എഴുതി, 1877 ൽ പ്രസിദ്ധീകരിച്ച A Treatise on Chemistry

ശാസ്ത്രത്തെപ്പറ്റിയുള്ള മാർക്സിന്റെയും ഏംഗൽസിന്റെയും അഭിപ്രായങ്ങൾക്ക് വ്യക്തത വരുത്താൻ ഷോർലെമ്മർ സഹായിച്ചിരുന്നു. മാർക്സും ഏംഗൽസും വിയോജിക്കുന്ന സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. ഏംഗൽസിന്റെ Dialectics of Nature, Herr Eugen Dühring’s Revolution in Science എന്നീ പ്രശസ്ത പ്രബന്ധങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. തിരിച്ച് A Treatise on Chemistry എന്ന പുസ്തകത്തിൽ മാർക്സിന്റെ നിർദ്ദേശങ്ങൾക്കും തിരുത്തുകൾക്കുമുള്ള ക്രെഡിറ്റ് അദ്ദേഹം മാർക്സിന് നല്കിയ കോപ്പിയിൽ സൂചിപ്പിക്കുന്നു. The Rise and Development of Organic Chemistry യിൽ ആന്റി ഡുറിങ്ങിൽ നിന്ന് ഉദ്ധരണി ചേർക്കുകയും ആൽക്കേനുകളുടെ ഹോമോലോഗസ് സീരീസിൽ CH2 ഗ്രൂപ്പുകളുടെ എണ്ണം കൂടുമ്പോൾ സ്വഭാവങ്ങളിലുണ്ടാകുന്ന വ്യത്യാസം വിശദീകരിക്കാൻ ഏംഗൽസിന്റെ ആശയം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ജർമ്മനിയിലേക്ക് പോകാത്ത ഒഴിവു സമയങ്ങളിലെല്ലാം ഷോർലെമ്മർ മാർക്സിനും, ഏംഗൽസിനുമൊപ്പം ലണ്ടനിൽ താമസിച്ചിരുന്നു. ഏംഗൽസിനൊപ്പം അമേരിക്കയിലും, കാനഡയിലും, നോർവേയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചിരുന്നു. മാർക്സിന്റെ അന്ത്യയാത്ര ചടങ്ങുകളിലും ആ അടുത്ത സുഹൃത്ത് പങ്കെടുത്തു. അതിന്റെ പേരിൽ പിന്നീട് അദ്ദേഹം നേരിട്ടത് പോലീസ് റെയ്ഡാണ്. എങ്കിലും ഓർഗാനിക് കെമിസ്ട്രിയിലെ അദ്ദേഹത്തിന്റെ മികവ് ജോലിയിൽ തുടരാൻ അദ്ദേഹത്തെ സഹായിച്ചു. റോയൽ സൊസൈറ്റിയിലും ഷോർലെമ്മർ അംഗമായിരുന്നു. 1892 ജൂൺ 27 നാണ് അദ്ദേഹം അന്തരിച്ചത്. ഏംഗൽസ് എഴുതിയ അനുശോചനക്കുറിപ്പിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചല്ലോ. ഷോർലെമ്മറുടെ ജീവചരിത്രം എഴുതുക ഒരു രസതന്ത്രജ്ഞനും സോഷ്യൽ ഡമോക്രാറ്റിനും ഒരേപോലെ അസാധ്യമാണ് എന്ന് ഏംഗൽസ് പറയുന്നുണ്ട്. രണ്ടും സമ്മേളിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹമെന്നും. ശാസ്ത്രത്തിനും സാമൂഹ്യശാസ്ത്രത്തിനും ഇടയിലുള്ള കണ്ണിയായി നിൽക്കാൻ ഷോർലെമ്മറിന് കഴിഞ്ഞു.

ഷോർലെമ്മറുടെ മരണശേഷം അദ്ദേഹത്തിന്റെ പേരിൽ ഓവൻസ് കോളേജിൽ വലിയ ഒരു ഗവേഷണശാല സ്ഥാപിക്കപ്പെട്ടു. ഓർഗാനിക് കെമിസ്ട്രിക്ക് മാത്രമായി ഇംഗ്ലണ്ടിലുണ്ടായ ആദ്യ ഗവേഷണ ശാലയായിരുന്നു അത്. 1954 ൽ ജർമ്മനിയിലെ ലീപ്സിഗിനടുത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു സാങ്കേതിക സർവകലാശാല സ്ഥാപിക്കപ്പെട്ടിരുന്നു.

ഇന്ന് മറ്റൊരാവശ്യത്തിനായി സ്റ്റീഫൻ ജേ ഗൌൾഡിന്റെ The Richness of Life വായിച്ചപ്പോഴാണ് ഷോർലെമ്മർ ശ്രദ്ധയിൽ വരുന്നത്. അദ്ദേഹത്തെപ്പറ്റി എപ്പോഴെങ്കിലും എഴുതണം എന്ന് തീരുമാനിച്ച് നോക്കുമ്പോൾ ചരമദിനം, ജൂൺ 27 ന്. അങ്ങനെ ഇന്ന് അതെഴുതി.


അധികവായനയ്ക്

Happy
Happy
31 %
Sad
Sad
0 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
31 %

Leave a Reply

Previous post EvoLUCA – ജീവപരിണാമം ക്യാമ്പ്
Next post പൾസാറുകളുടെ പൾസുകൾ പറയുന്ന കഥ – NANOGrav Result Live
Close