Read Time:58 Minute

ഡോ. സി ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ ഒൻപതാം ഭാഗം

കാർബൺ ക്രെഡിറ്റ്, കാർബൺ വിപണി എന്നിവയുടെ പൊതു മണ്ഡലത്തിലേക്കുള്ള പ്രവേശവും ഇന്നത്തെ പൊതുവായ അവസ്ഥയുമാണ് ഒന്നാം ഭാഗത്തിൽ നാം കണ്ടത്. ഇന്ത്യൻ കാർബൺ വിപണി, പാരിസ് ഉടമ്പടിയിലെ കാർബൺ ക്രഡിറ്റ് സംവിധാനങ്ങൾ, REDD+ യുടെ പ്രാധാന്യം, കാര്‍ബണ്‍ വിപണനത്തിന്‍റെ ഗുണദോഷങ്ങൾ എന്നിവയെക്കുറിച്ച് രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്യുന്നു.   

പാരിസ് ഉടമ്പടി പ്രകാരം ഇന്ത്യ 2022ൽ പുതുക്കി നല്കിയ ‘ദേശീയമായി നിശ്ചയിക്കപ്പെട്ട നടപടി’കളുടെ (NDCs) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാധാരണയുള്ള പദ്ധതികൾ മാത്രം മതിയാവില്ല. അതു മനസ്സിലാക്കിയാണ് സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങൾ മുഖേന കാർബൺ ഉൽസർജനം കുറയ്ക്കാൻ സഹായിക്കുന്ന എമിഷൻ റിഡക്ഷൻ ക്രെഡിറ്റുകളുടെ ആവശ്യം സൃഷ്ടിച്ചുകൊണ്ട് പുതിയ കാർബൺ ലഘൂകരണ അവസരങ്ങൾ ഒരുക്കുന്ന ‘ഇന്ത്യൻ കാർബൺ മാർക്കറ്റ്’ (ICM) സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്. എനർജി കൺസർവേഷൻ ആക്റ്റ് 2001, അതിന്റെ 2022 ലെ ഭേദഗതി  എന്നിവ പ്രകാരം കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം തുടങ്ങാനും വിവിധ സംവിധാനങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ‘കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ (CCC)’ നൽകാനും വ്യവസ്ഥ ചെയ്തിരുന്നു(1)

തുടർന്ന്,  ക്രെഡിറ്റുകളുടെ വിതരണത്തിനും വ്യാപാരത്തിനും ഒരു ഏകീകൃത ചട്ടക്കൂട് എന്ന ഉദ്ദേശവുമായി 2023 ജൂൺ 28-ന് കേന്ദ്രസർക്കാരിന്റെ ‘കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം’, 2023 (CCTS) വിജ്ഞാപനം പുറത്തുവന്നു(2). ഹരിതഗൃഹ വാതക (GHG) എമിഷൻ കുറയ്ക്കുന്നതിനും, അല്ലെങ്കിൽ ഒഴിവാക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിന്, കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകളുടെ വ്യാപാരത്തിലൂടെ CCTS വിഭാവനം ചെയ്യുന്നു. CCTS പ്രകാരം നിയന്ത്രിത വിപണിയും സന്നദ്ധ വിപണിയും ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യൻ കാർബൺ മാർക്കറ്റുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങളും നടപടിക്രമങ്ങളുമൊക്കെ  വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ, 2025-26 ഓടെ ഇന്ത്യയുടെ ആഭ്യന്തര നിയന്ത്രിത വിപണിയും  സന്നദ്ധ വിപണിയുമൊക്കെ പ്രവർത്തനക്ഷമമാകുമെന്ന് കരുതാം.   

കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമീന് (CCTS) അനുസൃതമായാണ് സർക്കാർ കാർബൺ ചട്ടങ്ങൾ നിർബന്ധമാക്കൽ സംവിധാനം (compliance mechanism) അവതരിപ്പിക്കുന്നത്. ഈ ചട്ടങ്ങൾ പ്രകാരം കേന്ദ്ര ഗവൺമെൻ്റ് തീരുമാനിക്കുന്ന ഹരിതഗൃഹ വാതക എമിഷൻ ലക്ഷ്യങ്ങൾ ബാധ്യതയുള്ള സ്ഥാപനങ്ങൾ പാലിക്കണം. ‘ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി’യുടെയും (BEE) ഇന്ത്യൻ കാർബൺ മാർക്കറ്റിനായുള്ള ‘നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റി’യുടെയും (NSC-ICM) ശുപാർശകളെ അടിസ്ഥാനമാക്കി നിബന്ധിത ചട്ടങ്ങൾക്ക് കീഴിൽ വരുന്ന മേഖലകളും ബാധ്യതയുള്ള സ്ഥാപനങ്ങളും ഏവയെന്ന് വൈദ്യുതി മന്ത്രാലയം (MoP) തീരുമാനിക്കും.

ആഭ്യന്തര കാർബൺ ക്രെഡിറ്റ് ട്രേഡിംഗിനായി സമഗ്രമായ ഒരു ചട്ടക്കൂട് ഈ പദ്ധതി അവതരിപ്പിക്കുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലുടനീളം മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൌഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. കാർബൺ മാർക്കറ്റിന്റെ മേൽനോട്ടം വഹിക്കാൻ ഒരു ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി (NSC-ICM) സ്ഥാപിക്കുന്നു. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ആയിരിക്കും ICM ന്റെ അഡ്മിനിസ്ട്രേറ്റർ. നിയമങ്ങൾ രൂപപ്പെടുത്തൽ, എമിഷൻ ടാർഗെറ്റുകൾ നിശ്ചയിക്കൽ, കാർബൺ ക്രെഡിറ്റുകൾ നൽകൽ, വ്യാപാരത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കൽ എന്നിവയുൾപ്പെടെ പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല BEE ക്ക് ആയിരിക്കും. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (ഗ്രിഡ്-ഇന്ത്യ)  ഇന്ത്യൻ കാർബൺ വിപണിയുടെ ‘രജിസ്ട്രി’ ആയി പ്രവർത്തിക്കുക. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിപണിയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിനും പങ്കാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള റെഗുലേറ്ററായി പ്രവർത്തിക്കും. സ്ഥിരീകരണ ഏജൻസികൾക്കും കംപ്ലയിൻസ് മെക്കാനിസങ്ങൾക്കുമുള്ള അക്രഡിറ്റേഷൻ പ്രക്രിയയും സ്കീം വിവരിക്കുന്നുണ്ട്.

ഇന്ത്യൻ കാർബൺ മാർക്കറ്റിന്റെ ‘നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റി’ (NSC-ICM) ICM-ന്റെ  ഭരണം, മേൽനോട്ടം, പ്രവർത്തനം എന്നിവയ്ക്ക് ഉത്തരവാദിയാണ്. സമിതിയുടെ അധ്യക്ഷൻ വൈദ്യുതി മന്ത്രാലയം സെക്രട്ടറിയും, സഹ അധ്യക്ഷൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) സെക്രട്ടറിയുമായിരിക്കും. NSC-ICM-ൽ ബന്ധപ്പെട്ട സർക്കാർ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പ്രതിനിധികൾ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ, വ്യവസായ വിദഗ്ധർ എന്നിവരും ഉൾപ്പെടുന്നു.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) 2024 ജൂലൈയിൽ ‘CCTS-ന് കീഴിലുള്ള കംപ്ലയൻസ് മെക്കാനിസത്തിനായുള്ള വിശദമായ നടപടിക്രമവും’(3) ‘അക്രഡിറ്റഡ് കാർബൺ വെരിഫിക്കേഷൻ ഏജൻസിക്കുള്ള (ACV) അക്രഡിറ്റേഷൻ നടപടിക്രമവും യോഗ്യതാ മാനദണ്ഡവും’(4) പുറപ്പെടുവിച്ചു. അക്രഡിറ്റഡ് കാർബൺ വെരിഫിക്കേഷൻ ഏജൻസി (ACV) എന്നാൽ കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന് കീഴിലുള്ള സ്ഥിരീകരണ പ്രവർത്തനങ്ങൾ നടത്താൻ BEE യുടെ അംഗീകാരമുള്ള ഒരു ഏജൻസി എന്നാണ് അർത്ഥമാക്കുന്നത്.

ലഭ്യമായ സാങ്കേതികവിദ്യകളും, അവ നടപ്പിലാക്കുന്നതിനുള്ള സാധ്യതയും ഉൾപ്പെടെയുള്ള പ്രസക്തമായ വശങ്ങൾ കണക്കിലെടുത്ത് തത്തുല്യ ഉൽപ്പന്നത്തിന്റെയോ ഔട്ട്‌പുട്ടിന്റെയോ കാർബൺ ഡൈ ഓക്സൈഡ് തുല്യത (tCO2e) അടിസ്ഥാനത്തിൽ ലക്ഷ്യങ്ങൾ വികസിപ്പിക്കും. CCTS-ന് കീഴിലുള്ള കംപ്ലയൻസ് സംവിധാനത്തിൻ കീഴിൽ നിർബന്ധിത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് (CO2), പെർഫ്ലൂറോകാർബൺ (PFCs) എന്നീ ഹരിതഗൃഹ വാതകങ്ങളാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഭാവിയിൽ മറ്റ് GHG-കളും ചേർത്തേക്കാം.

ബാധ്യതയുള്ള സ്ഥാപനങ്ങൾക്ക് അവരുടെ പ്രോജക്ടുകൾ ICM രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുന്നതിനും, തുടർന്ന് കാർബൺ ക്രഡിറ്റ് സർട്ടിഫിക്കറ്റുകൾ (CCC) നേടുന്നതിനുമുള്ള ഒരു നടപടിക്രമം കംപ്ലയൻസ് മെക്കാനിസം നൽകുന്നു. വൈദ്യുതി മന്ത്രാലയം (MoP)തീരുമാനിക്കുകയും, ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം പരിഗണിക്കുകയും ചെയ്യേണ്ട ഊർജ-ഇന്റൻസീവ് വ്യവസായങ്ങളായിരിക്കും ബാധ്യതയുള്ള സ്ഥാപനങ്ങൾ. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണ നിയമം, 1986 പ്രകാരം MoEFCC അറിയിക്കുന്ന നിർബന്ധിത സ്ഥാപനങ്ങൾക്കും GHG എമിഷൻ ലക്ഷ്യങ്ങൾ MoP ശുപാർശ ചെയ്യും.

ക്യോട്ടോ കാലഘട്ടത്തിൽ ഇന്ത്യക്ക് നിർബന്ധിത കാർബൺ റിഡക്ഷൻ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല.  അതിനാൽ ഇന്ത്യക്ക് വ്യക്തമായ നിയന്ത്രിത കാർബൺ വിപണിയും  ഇല്ലായിരുന്നു. പക്ഷേ,  കാർബൺ വിപണിയുമായി സാമ്യമുള്ള രണ്ട് പദ്ധതികളുണ്ടായിരുന്നു; ‘നിർവഹിക്കുക, നേടുക, വ്യവഹരിക്കുക’(Perform, Achieve, Trade, PAT), ‘പുനരുപയോഗ ഊർജത്തിന്റെ വാങ്ങലുമായി ബന്ധപ്പെട്ട ബാധ്യതകൾ’ (Renewable Energy Purchase Obligations, RPO) എന്നിവ. PAT ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രധാന ഊർജ മേഖലകളെയും ഉൾക്കൊള്ളുന്ന പദ്ധതിയാണ്. PAT മെക്കാനിസം ഊർജ്ജ-കാര്യക്ഷമതയും, കാർബൺ കുറഞ്ഞ സാങ്കേതികവിദ്യകളും ത്വരിതഗതിയിൽ സ്വീകരിക്കുന്നതിലൂടെ വലിയതോതിൽ  ഊർജ്ജം ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഊർജ്ജ തീവ്രത കുറയ്ക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 

2008 ൽ ആരംഭിച്ച ‘നാഷണൽ മിഷൻ ഫോർ എൻഹാൻസ്ഡ് എനർജി എഫിഷ്യൻസി’ (NMEEE) യുടെ ഘടകമായ പെർഫോം, അച്ചീവ് ആൻഡ് ട്രേഡ് (PAT) പദ്ധതി നടപ്പിലാക്കുന്നത് ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള BEE യാണ്. PAT പദ്ധതി ഊർജ്ജ തീവ്രമായ വ്യവസായങ്ങളിലെ നിശ്ചിത ഊർജ്ജ ഉപഭോഗം (specific energy consumption) കുറയ്ക്കുന്നതിനുള്ള ഒരു നിയന്ത്രണ പദ്ധതിയാണ്. നിലവിൽ 13 മേഖലകളിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ  ഇതിലുണ്ട്. അധിക ഊർജ്ജ സംരക്ഷണത്തിനുള്ള സർട്ടിഫിക്കറ്റുകൾ സൃഷ്ടിച്ച്, അനുബന്ധ മാർക്കറ്റ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച്, പിന്നീട് ട്രേഡ് ചെയ്യാം.  ഊർജ സംരക്ഷണ നിയമം പ്രകാരം നിയുക്ത ഉപഭോക്താക്കൾക്ക് (Designated Consumers, DC) അവരുടെ നിയമപരമായ ബാധ്യതകൾ കൈവരിക്കുന്നതിന് PAT സ്കീം സൗകര്യമൊരുക്കുന്നു. കൂടാതെ അവർക്കായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ പരിധിയെക്കാൾ കൂടുതൽ നേടുന്നതിന് ആവശ്യമായ വിപണി അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങൾ നൽകി പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 

PAT പദ്ധതിയനുസരിച്ച് നിശ്ചിത പരിധിയെക്കാൾ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിച്ച നിയുക്ത ഉപഭോക്താക്കൾക്ക് എനർജി സേവിംഗ് സർട്ടിഫിക്കറ്റുകൾ (ESCerts) ലഭിക്കും. കൂടാതെ, ലക്ഷ്യം നേടാൻ സാധിക്കാത്ത DC-കൾക്ക് എനർജി സേവിംഗ് സർട്ടിഫിക്കറ്റുകൾ വാങ്ങി  കുറവ് നികത്തുകയും ചെയ്യാം. അവരുടെ ബാധ്യത തീർക്കുന്നതിന് കൂടുതൽ ലക്ഷ്യങ്ങൾ നേടിയിട്ടുള്ളവരിൽ നിന്ന് ESCerts വാങ്ങണം. പവർ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമിലെ എനർജി സേവിംഗ് സർട്ടിഫിക്കറ്റുകളുടെ ട്രേഡിംഗ് വഴിയാണ് ഈ പ്രവർത്തനം സുഗമമാക്കുന്നത്. നിലവിൽ, രണ്ട് പവർ എക്സ്ചേഞ്ചുകളുണ്ട്: Power Exchange India Limited (PXIL), Indian Energy Exchange Limited (IEXL) എന്നിവയാണവ. 

‘റിന്യൂവബിൾ പർച്ചേസ് ഒബ്ലിഗേഷൻ’ (RPO) എന്നത് വൈദ്യുതിയുടെ ഒരു നിയന്ത്രണ സംവിധാനമാണ്. ചില സ്ഥാപനങ്ങൾ തങ്ങളുടെ വൈദ്യുതിയുടെ നിശ്ചിത ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് വാങ്ങേണ്ടതുണ്ട്. സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷൻ RPO നിർബന്ധമാക്കുകയും വിതരണ ലൈസൻസി (വൈദ്യുതി വിതരണ കമ്പനികൾ), ഓപ്പൺ-ആക്സസ് ആക്സസ് ഉപഭോക്താക്കൾ (പവർ എക്സ്ചേഞ്ചുകൾ, വ്യാപാരികൾ, അല്ലെങ്കിൽ ഉഭയകക്ഷി കരാറുകൾ വഴി വൈദ്യുതി വാങ്ങുന്നവർ), ക്യാപ്റ്റീവ് ഉപഭോക്താക്കൾ (ക്യാപ്റ്റീവ് കൽക്കരി അല്ലെങ്കിൽ പ്രകൃതി വാതക പവർ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനവും ഉപഭോഗവും നടത്തുന്നവർ) എന്നിവർക്ക് ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. 

തുടക്കത്തിൽ വിജയിച്ചെങ്കിലും, അമിത വിതരണം, അന്താരാഷ്ട്ര വിപണികളുമായുള്ള കൊടുക്കൽ  വാങ്ങലുകളുടെ (fungibility)അഭാവം, നിബന്ധനകൾ പ്രാവർത്തികമാക്കുന്നതിനുള്ള ഭീമമായ ചെലവുകൾ (compliance cost)  എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്ത് ഇവയെ പുതിയ ഇന്ത്യൻ കാർബൺ വിപണിയുടെ ഭാഗമാക്കും. ESCerts, RECs എന്നിവ CO2e യിലേക്ക് മാറ്റി വിപണനം നടത്തുമെന്നാണ് മനസ്സിലാക്കാനാകുന്നത്. 2022 ൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ കാർബൺ മാർക്കറ്റിന്റെ (ICM) ഡ്രാഫ്റ്റ് പോളിസി പേപ്പറിൽ പറയുന്ന പ്രകാരം(5), ഏകദേശം 56 ലക്ഷം റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റുകളും (RECs), 44 ലക്ഷം എനർജി സേവിംഗ് സർട്ടിഫിക്കറ്റുകളും (ESCerts) വിറ്റഴിക്കാതെ കിടക്കുന്നുണ്ട്.

കാർബൺ ക്രെഡിറ്റുകൾ വാങ്ങുന്നതിന് മുമ്പ്, കമ്പനികൾ അവരുടെ ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിന് ആവശ്യമായ സാങ്കേതിക കണ്ടുപിടുത്തങ്ങൾ, മെച്ചപ്പെട്ട മാനേജ്മെന്റ് രീതികൾ എന്നിവയിൽ ആദ്യം നിക്ഷേപിക്കണം. അവരുടെ ഹരിതഗൃഹ വാതകങ്ങൾ സാധ്യമാകുന്നിടത്തോളം കുറച്ചുകഴിഞ്ഞാൽ, അവശേഷിക്കുന്ന എമിഷൻ നികത്താൻ അവർക്ക് കാർബൺ ക്രെഡിറ്റുകൾ ഉപയോഗിക്കാനും അങ്ങനെ കൂടുതൽ ദ്രുതഗതിയിലുള്ള കാലാവസ്ഥാ പുരോഗതി കൈവരിക്കാനും കഴിയും.

നിലവിൽ, ചെറിയ തോതിലുള്ള ഒരു സന്നദ്ധ വിപണി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഇത് പൂർണ്ണമായും സ്വകാര്യമേഖലയും സർക്കാരിതര സ്ഥാപനങ്ങളുമാണ് കൊണ്ടുനടക്കുന്നത്. ‘വെറ’, ‘ഗോൾഡ് സ്റ്റാൻഡേർഡ്’  തുടങ്ങിയ രജിസ്റ്ററികളുടെ മേൽനോട്ടത്തിൽ കയറ്റുമതി ലക്ഷ്യം വെച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ക്യോട്ടോ കാലഘട്ടത്തിൽ തുടങ്ങിയ  CDM (Clean Development Mechanism) പദ്ധതികളുടെ തുടർച്ചയായാണ് സന്നദ്ധ വിപണികൾ വികസിച്ചു വന്നത്. ക്യോട്ടോയുടെ CDM ന് കീഴിൽ ഇന്ത്യ CER കൾ (Certified Emission Reduction) വികസിപ്പിക്കുന്നതിൽ മുമ്പിൽ തന്നെയായിരുന്നു. 2015 വരെ 150 കോടി CER കൾ CDM വഴി ഇഷ്യൂ ചെയ്തു (ആകെ 13.1%). ചൈനയുടെ 59 ശതമാനം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം. പാരിസ് ഉടമ്പടിയോടെ ക്യോട്ടോ യുഗം അവസാനിച്ചു, പകരം, സന്നദ്ധ വിപണികൾ ശക്തി പ്രാപിച്ചു തുടങ്ങി. 2023 ജൂൺ വരെ ഇന്ത്യയിൽ  860 പ്രോജക്ടുകൾ രജിസ്റ്റർ ചെയ്തു, 298 ദശലക്ഷം ക്രെഡിറ്റുകൾ നേടി. ഇവയിൽ 55 ശതമാനവും റിട്ടയർ  ചെയ്തു (ഉപയോഗിച്ചു)(6). ഇവ ഒരു ക്രെഡിറ്റിന് ശരാശരി 4 ഡോളർ വെച്ച് കണക്ക് കൂട്ടിയാൽ 120 കോടി ഡോളർ (ഏകദേശം 10,000 കോടി രൂപ) വരും. കൂടാതെ, ‘വെറ’, ഗോൾഡ് സ്റ്റാൻഡേർഡ്   രജിസ്ട്രികളിൽ 1451 പ്രോജക്ടുകൾ പരിഗണയുടെ വിവിധ അവസ്ഥകളിലുണ്ട്.  ചുരുക്കത്തിൽ സന്നദ്ധ വിപണി കുതിപ്പിൽ  തന്നെയാണുള്ളത്! 

നിലവിലെ രീതിയനുസരിച്ച് കാർബൺ ഓഫ്‌സെറ്റ് പ്രോജക്റ്റുകളിൽ പങ്കെടുത്ത് അല്ലെങ്കിൽ വോളണ്ടറി കാർബൺ മാർക്കറ്റിൽ (VCM) നിന്ന് കാർബൺ ക്രെഡിറ്റുകൾ വാങ്ങുന്നതിലൂടെ സ്വമേധയാ കാർബൺ എമിഷൻ നികത്താൻ കമ്പനികളെ അനുവദിക്കുന്നു. പക്ഷേ, പാരിസ് ഉടമ്പടിക്ക് ശേഷം ഓരോ രാജ്യത്തിനും NDC കൾ പ്രകാരം എമിഷൻ കുറയ്ക്കൽ ടാർഗറ്റുകൾ ഉള്ളത് കൊണ്ട് ഇത് എങ്ങിനെ പരിണമിക്കുമെന്ന കാര്യം വ്യക്തമായി പറയാൻ കഴിയില്ല. COP 29, സർക്കാർ നയങ്ങൾ എന്നിവയ്ക്കുവേണ്ടി കാത്തിരിക്കുക.  

കേന്ദ്ര സർക്കാർ, 2023 ജൂൺ 28-ന് കൊണ്ടുവന്ന കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം (CCTS) വിപണിയിലെ വിവിധ ഏജൻസികളുടെ റോളുകൾ വ്യക്തമാക്കുന്നു.  കൂടാതെ ഇന്ത്യൻ കാർബൺ വിപണി നിർബന്ധിത വ്യാപാരവും സന്നദ്ധ വ്യാപാരവും സംയോജിപ്പിക്കുന്ന ഒരു സങ്കര വിപണിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രിത മാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി, VCM-ന് ദേശീയ അല്ലെങ്കിൽ അന്തർദേശീയ പൊതു അധികാരികൾ സജ്ജമാക്കിയ ഒരു ഭരണസമിതി നിലവിലില്ല. പ്രോജക്റ്റ് സർട്ടിഫിക്കേഷനും മറ്റ് മാനദണ്ഡങ്ങളുമൊക്കെ സ്വകാര്യ സ്ഥാപനങ്ങളാണ് (പലപ്പോഴും സർക്കാരിതര സ്ഥാപനങ്ങൾ) നോക്കുന്നത്. CCTS, 2023 ന് കീഴിൽ അടുത്തിടെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി VCM പ്രവർത്തങ്ങൾക്കും  മേൽനോട്ടം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്റ്റിയറിംഗ് കമ്മറ്റിയുടെ ഫലപ്രാപ്തി കാലക്രമേണ മാത്രമേ വ്യക്തമാകൂ. 

സന്നദ്ധ വിപണി സംവിധാനത്തിന് കീഴിൽ BEE യുടെ  വിശദമായ നടപടിക്രമം അനുസരിച്ച് കാർബൺ ഉൽസർജനം കുറയ്ക്കാൻ നിയമപരമായി ബാധ്യതയില്ലാത്ത സ്ഥാപനങ്ങൾക്ക് (non-obligated entities) GHG എമിഷൻ കുറയ്ക്കുന്നതിനോ, നീക്കം ചെയ്യുന്നതിനോ, ഒഴിവാക്കുന്നതിനോ പ്രോജക്ടുകൾ രജിസ്റ്റർ ചെയ്യാൻ കഴിയും. ഇങ്ങിനെ ബാധ്യതയില്ലാത്ത സ്ഥാപനങ്ങൾക്കായി ‘ഓഫ്‌സെറ്റ് മെക്കാനിസത്തിനായുള്ള വിശദമായ നടപടിക്രമം’ പ്രകാരം പരിശോധന നടത്താൻ ‘അക്രഡിറ്റഡ് കാർബൺ വെരിഫിക്കേഷൻ എജൻസി’ (Accredited Carbon Verification Agency, ACV Agency)കൾക്ക് അധികാരം നൽകുമെന്ന് അക്രഡിറ്റേഷൻ നടപടിക്രമത്തിൽ പറയുന്നുണ്ട്. പക്ഷേ, ‘ഓഫ്‌സെറ്റ് മെക്കാനിസത്തിനായുള്ള വിശദമായ നടപടിക്രമം’ ഇതുവരെ BEE പബ്ലിഷ് ചെയ്തിട്ടില്ല. ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

സന്നദ്ധ വിപണിയുടെ ഓഫ്‌സെറ്റ് സംവിധാനത്തിൽ ഇനിപ്പറയുന്ന മേഖലകൾ ഘട്ടം ഘട്ടമായി ഉൾപ്പെടുത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഓരോ മേഖലയ്ക്കും ബാധകമായ ചട്ടക്കൂടുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തയ്യാറാക്കണം.  

  1. ഊർജ്ജം (Energy)
  2. വ്യവസായങ്ങൾ (Industries)
  3. കൃഷി (Agriculture)
  4. മാലിന്യം കൈകാര്യം ചെയ്യലും ഒഴിവാക്കലും (Waste handling and disposal)
  5. വനം (Forestry)
  6. ഗതാഗതം (Transport )
  1. ഫ്യൂജിറ്റീവ് എമിഷൻ (Fugitive emissions)
  2. നിർമ്മാണം (Construction)
  3. ലായക ഉപയോഗം (Solvent use)
  4. CO2 ന്റെ കാർബൺ പിടിച്ചെടുക്കലും സംഭരണവും മറ്റ് നീക്കം ചെയ്യലും (Carbon capture and storage of CO2 and other removal)

ക്യോട്ടോ പ്രോട്ടോക്കോളിൽ, കാർബൺ ക്രഡിറ്റ് വ്യക്തവും പ്രമുഖവുമായ ഒരു തന്ത്രമായിരുന്നു. ക്യോട്ടോയിൽ വ്യാവസായിക രാജ്യങ്ങൾക്ക്  മാത്രമായിരുന്നു  ഉദ്‌വമനം കുറയ്ക്കാനുള്ള ബാധ്യസ്ഥത. അവർക്ക് വികസ്വര രാജ്യങ്ങളിലെ കാർബൺ പ്രോജക്റ്റുകൾക്ക് ഫണ്ട് നൽകാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും ഇത് വഴി ഉദ്ദേശിച്ചിരുന്നു. പകരമായി, വ്യാവസായിക രാജ്യങ്ങൾക്ക് ഈ പദ്ധതികൾവഴി കൈവരിച്ച GHG യിലുള്ള കുറവുകൾ ഉപയോഗിച്ച് അവരുടെ ബാധ്യതകൾ  നിറവേറ്റാനുമായി. ചില വികസ്വര രാജ്യങ്ങൾ അത്തരമൊരു കൈമാറ്റത്തിൽ നിന്ന് വലിയ തോതിലുള്ള പ്രയോജനങ്ങൾ നേടി. പക്ഷേ, പാരിസ്  ഉടമ്പടി ഈ പഴയ ചിത്രത്തെ വളരെയധികം സങ്കീർണ്ണമാക്കുകയാണ്. പാരിസ് ഉടമ്പടി പ്രകാരം എല്ലാ രാജ്യങ്ങൾക്കും, വികസിത, വികസ്വര ഭേദമില്ലാതെ,  ഉദ്‌വമനം കുറയ്ക്കാൻ ബാധ്യതയുണ്ട്. ഇതിനർത്ഥം, മറ്റ് രാജ്യങ്ങളിൽ നിന്ന് കാർബൺ ക്രഡിറ്റുകൾ വാങ്ങി തട്ടിക്കിഴിക്കാനുള്ള അവസരങ്ങൾ കുറവായിരിക്കുമെന്നാണ്! 

കടപ്പാട്: www.senken.io

പാരീസ് ഉടമ്പടിയിലെ  ആർട്ടിക്കിൾ 6 കാർബൺ വ്യാപാരത്തിന്റെ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കിയിരിക്കുകയാണ്(7). ഇത് പ്രകാരം കാർബൺ ക്രെഡിറ്റുകൾ ട്രേഡ് ചെയ്യുന്നതിലൂടെ രാജ്യങ്ങൾക്ക് അവരുടെ ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനകൾ (NDC) നേടുന്നതിൽ അന്യോന്യം സഹകരിക്കാനാകും. രാജ്യങ്ങൾ അവരുടെ NDC-കൾ എങ്ങനെ നിറവേറ്റാൻ പദ്ധതിയിടുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തവും സുതാര്യവുമായ അക്കൗണ്ടിംഗിലൂടെ മാത്രമേ ഇത് സാധ്യമാകൂ. എന്നാൽ,  ആർട്ടിക്കിൾ 6-ൽ പറഞ്ഞപ്രകാരമുള്ള അന്താരാഷ്ട്ര കാർബൺ വ്യാപാരത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നത് 2021-ന്റെ അവസാനം മാത്രമാണ്.  ഒരു വർഷത്തിന് ശേഷം, ഈജിപ്തിലെ ഷാം എൽ-ഷൈക്കിലെ COP27-ൽ, റിപ്പോർട്ടിംഗ് നിയമങ്ങൾ, രജിസ്ട്രികൾ, ഭരണസമിതികൾ മുതലായവയുടെ കാര്യം അംഗീകരിച്ചതോടെ ഈ പ്രക്രിയയിലേക്ക് കൂടുതൽ വെളിച്ചം വീശാനായി. കാര്യമായ പുരോഗതിയില്ലെങ്കിലും, ദുബായിലെ COP28ൽ നിരവധി ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കുകയും, വാങ്ങുന്നവരും വിൽക്കുന്നവരുമായി ധാരാളം രാജ്യങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ നിന്നുള്ള പാഠങ്ങൾകൂടി ഉൾക്കൊണ്ട്, ഒരു പുതിയ മാർക്കറ്റ് സംവിധാനമാണ് ഉദ്ദേശിക്കുന്നത്.  ആർട്ടിക്കിൾ 6 പ്രകാരം രണ്ട് വിപണി സംവിധാനവും (6.2, 6.4 ) ഒരു വിപണിയിതര (6.8)  സംവിധാനവുമാണുള്ളത്.   

ഒരു രാജ്യത്തിന് അതിന്റെ NDC ലക്ഷ്യം കൈവരിക്കുന്നതിന്, കാർബൺ ക്രെഡിറ്റ് യൂണിറ്റുകളിൽ നിക്ഷേപം നടത്താനും, ശേഷിവർദ്ധനക്കുള്ള പിന്തുണയും, ആഭ്യന്തരമായി ലഭ്യമല്ലാത്ത സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനവും ആർട്ടിക്കിൾ 6.2 പ്രാപ്തമാക്കുന്നു. ഇതുപ്രകാരം രാജ്യങ്ങൾ തമ്മിൽ കാർബൺ ക്രെഡിറ്റുകളുടെ ഉഭയകക്ഷി, അല്ലെങ്കിൽ ബഹുമുഖ വ്യാപാരം അനുവദിക്കുന്നു.  ഇങ്ങിനെ ക്രയവിക്രയം ചെയ്യുന്ന ക്രെഡിറ്റുകളെ ITMO കൾ (Internationally Transferred Mitigation Outcomes, ITMOs) അഥവാ ‘അന്താരാഷ്ട്രതലത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ലഘൂകരണ യൂണിറ്റുകൾ’ എന്ന് വിളിക്കുന്നു (ചുരുക്കി ‘ലഘൂകരണ യൂണിറ്റ്’ എന്ന് പറയാം).  ഏതെങ്കിലും രാജ്യം ITMO കൾ വാങ്ങുന്നത് സ്വന്തം ഉൽസർജന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ ഏതെങ്കിലും വിടവുകൾ പരിഹരിക്കാനാണ്. വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അധികം കരാറുകളൊന്നും ആർട്ടിക്കിൾ 6.2 പ്രകാരം ശരിയായിട്ടില്ല.  ആർട്ടിക്കിൾ 6 നടപ്പിലാക്കുന്നതിനുള്ള ആഭ്യന്തര ചട്ടക്കൂടുകളുടെ അഭാവമാണ് കാരണമായി പറയുന്നത്. ട്രേഡിംഗ് ക്രെഡിറ്റുകൾക്കായി രാജ്യങ്ങൾ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ തീരുമാനിക്കുന്നതിനാൽ ഇതൊരു വികേന്ദ്രീകൃത സമീപനമാണ്.

UNFCCC യുടെ മേൽനോട്ടത്തിൽ ഒരു പുതിയ ആഗോള കാർബൺ വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ‘പാരീസ് കരാർ ക്രെഡിറ്റിംഗ് മെക്കാനിസം’ (Paris Agreement Crediting Mechanism. PACM), എന്നറിയപ്പെടുന്ന ആർട്ടിക്കിൾ 6.4 മെക്കാനിസം പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പ്രക്രിയകളും വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ചുമതലപ്പെടുത്തിയ ഒരു സൂപ്പർവൈസറി ബോഡിയുണ്ട്. സൂപ്പർവൈസറി ബോഡി രീതിശാസ്ത്രങ്ങൾ അംഗീകരിക്കുകയും പ്രോജക്റ്റുകൾ രജിസ്റ്റർ ചെയ്യുകയും രജിസ്ട്രി നിയന്ത്രിക്കുകയും ചെയ്യും. PACM കാലാവസ്ഥാ അഭിലാഷം ഉയർത്താനും ദേശീയ കർമ്മ പദ്ധതികൾ കൂടുതൽ താങ്ങാനാവുന്ന രീതിയിൽ നടപ്പിലാക്കാനും രാജ്യങ്ങളെ അനുവദിക്കുന്നു. ഇത് പരിശോധിച്ചുറപ്പിക്കാവുന്ന കാർബൺ മലിനീകരണം കുറയ്ക്കുന്നതിനുള്ള അവസരങ്ങൾ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  അവ നടപ്പിലാക്കുന്നതിന് ഫണ്ടിംഗ് അന്വേഷിക്കുന്നു. ഈ സംവിധാനം വഴി, ഒരു രാജ്യത്തെ ഒരു കമ്പനിക്ക് ആ രാജ്യത്തെ എമിഷൻ  കുറയ്ക്കാനും ആ കുറവ് ക്രെഡിറ്റ് ചെയ്യാനും കഴിയും. ഈ ക്രെഡിറ്റുകൾ മറ്റൊരു രാജ്യത്തെ വേറൊരു കമ്പനിക്ക് വാങ്ങി അവരുടെ എമിഷൻ റിഡക്ഷൻ ബാധ്യതകൾ പാലിക്കുന്നതിന് ഉപയോഗിക്കാം.

2024-25-ൽ PACMന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ കാർബൺ വ്യാപാരം സാധ്യമാക്കിയ പഴയ സംശുദ്ധ വികസന തന്ത്രത്തിന് (Clean development mechanism, CDM) സമാനമായിട്ടാണ് ഈ സംവിധാനം. ഈ സിസ്റ്റത്തിന് പ്രത്യേക പേര് ഇല്ലെങ്കിലും തത്കാലം  ‘Article 6.4 Emission Reduction’   (A6.4ER) എന്നു വിളിക്കാം.  ഇവയിൽ നിന്നുള്ള എമിഷൻ റിഡക്ഷൻ യൂനിറ്റുകൾ (ER) രാജ്യങ്ങൾക്കോ കമ്പനികൾക്കോ വ്യക്തികൾക്കോ വാങ്ങാം. ITMO-കളിൽ നിന്ന് വ്യത്യസ്തമായി, ER ക്രെഡിറ്റുകൾ UNFCCC മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം. രാജ്യങ്ങളെ അവരുടെ NDC-കൾ നേടാൻ സഹായിക്കുന്നതിനൊപ്പം, A6.4 ER രൂപകൽപ്പന ചെയ്തിരിക്കുന്നത് സുസ്ഥിര വികസനത്തിന് പിന്തുണ നൽകുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമപ്പുറം ലഘൂകരണശ്രമങ്ങളിൽ പങ്കാളികളാകുന്നതിന് സ്വകാര്യ മേഖലയെ അണി നിരത്തുന്നതിനും കൂടിയാണ്. 

പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.4 മെക്കാനിസത്തിന് കീഴിൽ ഇന്ത്യയിൽ അന്തിമമാക്കിയ പ്രവർത്തനങ്ങളുടെ പട്ടിക (8) താഴെ കൊടുക്കുന്നു: 

  1. സംഭരണത്തോടുകൂടിയ പുനരുപയോഗ ഊർജം 
  2. സോളാർ തെർമൽ പവർപ്ലാന്റ് 
  3. സമുദ്ര തീരത്തെ കാറ്റ്
  4. ഗ്രീൻ ഹൈഡ്രജൻ
  5. കംപ്രസ്ഡ് ബയോഗ്യാസ്
  6. ഇന്ധന സെല്ലുകൾ പോലുള്ള മൊബിലിറ്റി പരിഹാരങ്ങൾ
  7. ഊർജ്ജ കാര്യക്ഷമതയ്ക്കുള്ള ഹൈ-എൻഡ് സാങ്കേതികവിദ്യ
  8. സുസ്ഥിര വ്യോമയാന ഇന്ധനം
  9. കുറയ്ക്കാൻ പ്രയാസമായ സെക്ടറുകളിലെ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ
  10. ടൈഡൽ എനർജി, ഓഷ്യൻ തെർമൽ എനർജി, ഓഷ്യൻ സാൾട്ട് ഗ്രേഡിയന്റ് എനർജി, ഓഷ്യൻ വേവ് എനർജി, ഓഷ്യൻ കറന്റ് എനർജി
  11. ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് ട്രാൻസ്മിഷൻ, നവീകരണ ഊർജ്ജ പദ്ധതികൾ
  12. പുനരുപയോഗ ഊർജം ഉപയോഗിച്ച് ക്ലീൻ പാചകം (സർക്കാർ അല്ലെങ്കിൽ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ മാത്രം)
  1. ഗ്രീൻ അമോണിയ
  1. കാർബൺ പിടിച്ചെടുക്കൽ, ഉപയോഗം, സംഭരണം

പാരിസ്  ഉടമ്പടിയുടെ ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിലൊന്ന് ആർട്ടിക്കിൾ 6.8 ൽ അടങ്ങിയിരിക്കുന്ന ‘മാർക്കറ്റ് ഇതര സംവിധാനങ്ങളുടെ’ (non-market approaches, NMA) നിർവചനത്തെ സംബന്ധിച്ചാണ്.  രാജ്യങ്ങൾ തമ്മിലുള്ള കാലാവസ്ഥാ സഹകരണത്തിനായുള്ള മാർക്കറ്റ് ഇതര സമീപനങ്ങൾക്ക് ഒരു ഔപചാരിക ചട്ടക്കൂട് ഈ ആർട്ടിക്കിൾ നൽകുന്നു. പക്ഷേ,  അവിടെ പുറന്തള്ളലിന്റെ വ്യാപാരം ഉൾപ്പെടുന്നില്ല. ഉദാഹരണത്തിന്, സാങ്കേതികവിദ്യ കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ, വികസന സഹായം അല്ലെങ്കിൽ ഉൽസർജനം നിരുത്സാഹപ്പെടുത്തുന്നതിനുള്ള നികുതികൾ എന്നിവ.  മാർക്കറ്റ് ഇതര സംവിധാനങ്ങൾക്കായി ഒരു ചട്ടക്കൂട് സൃഷ്ടിക്കാനും ധാരണയായിട്ടുണ്ട്.  പക്ഷേ, നിലവിലുള്ള വിപണി ഇതര സമീപനങ്ങളെ ആർട്ടിക്കിൾ 6.8 മെക്കാനിസം എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ച് വ്യക്തതയായിട്ടില്ല. 

പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6 പ്രകാരമുള്ള അന്താരാഷ്ട്ര കാർബൺ മാർക്കറ്റ് ക്രമീകരണങ്ങളിൽ നിന്ന് ആഭ്യന്തര വിപണി സംവിധാനം വ്യത്യസ്തമാണ്. കൂടാതെ ആർട്ടിക്കിൾ 6 മാർക്കറ്റ് മെക്കാനിസത്തിൽ വ്യാപാരം ചെയ്യുന്നതിന് അന്താരാഷ്ട്ര വിപണികൾക്ക് പകരം വയ്ക്കാൻ ആഭ്യന്തര വിപണി സംവിധാനത്തിന് കഴിയില്ല. ICM ലെ വ്യാപാരത്തിനുള്ള കാർബൺ ക്രെഡിറ്റുകൾ ആഭ്യന്തര ക്രമീകരണങ്ങൾക്ക് കീഴിലായിരിക്കുമ്പോൾ, ആർട്ടിക്കിൾ 6 പ്രകാരമുള്ള അന്താരാഷ്ട്ര വ്യാപാരം അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ അനുസരിച്ചായിരിക്കും. ദേശീയ ചട്ടങ്ങൾ പ്രകാരം നിർബന്ധിത സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ടാർഗെറ്റുകൾ GDP യുടെ GHG തീവ്രത മെച്ചപ്പെടുത്തുന്നതിനുള്ള NDC ലക്ഷ്യവുമായി യോജിപ്പിക്കും. ഈ ടാർഗെറ്റുകൾക്ക് മുകളിലുള്ള ഏതെങ്കിലും അധിക GHG ലഘൂകരണ പ്രവർത്തനങ്ങൾ ആർട്ടിക്കിൾ 6 മെക്കാനിസങ്ങൾക്ക് കീഴിൽ കാർബൺ ക്രെഡിറ്റിന് അർഹമായേക്കാം. അത്തരം അധിക ലഘൂകരണവുമായി ബന്ധപ്പെട്ട കാർബൺ സർട്ടിഫിക്കറ്റുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമാണെങ്കിൽ മാത്രം!

കാർബൺ ക്രെഡിറ്റുകളുടെ രണ്ട് വ്യത്യസ്ത ധാരകൾ, അതായത്, ദേശീയ അധികാരികൾ നൽകുന്ന ICM നുള്ള ആഭ്യന്തര കാർബൺ ക്രെഡിറ്റുകളും (ഓഫ്സെറ്റുകൾ ഉൾപ്പെടെ), അന്താരാഷ്ട്ര കാർബൺ മാർക്കറ്റിനായുള്ള പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6 വ്യവസ്ഥകൾ പ്രകാരം നൽകുന്ന കാർബൺ ക്രെഡിറ്റുകളും രണ്ട് തരത്തിൽ തന്നെ കാണണം. 

മുമ്പ് സൂചിപ്പിച്ചത് പോലെ, ക്യോട്ടോ പ്രോട്ടോക്കോൾ പ്രകാരം വികസ്വര രാജ്യങ്ങൾക്ക് കാർബൺ ഉൽസർജനം കുറക്കുന്നതിന്  നിർബന്ധിത ലക്ഷ്യങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് CDM വഴി സൃഷ്ടിക്കുന്ന കാർബൺ ക്രെഡിറ്റുകൾ അന്താരാഷ്ട്ര തലത്തിൽ വിൽക്കാൻ കഴിയുമായിരുന്നു.  ഇപ്പോൾ, പാരീസ് ഉടമ്പടി പ്രകാരം, എല്ലാ രാജ്യങ്ങളും NDC വഴിയുള്ള ഉദ്‌വമനം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്. പാരീസ് ഉടമ്പടി പ്രകാരം സന്നദ്ധ കാർബൺ വിപണിയെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, സന്നദ്ധ കാർബൺ വിപണിയിൽ നിന്നുള്ള ഓഫ്സെറ്റുകൾ NDC യിലേക്ക് കണക്കാക്കാമോ എന്നതിനെക്കുറിച്ച് തീരുമാനമൊന്നും ആയിട്ടില്ല. 

വന നശീകരണം, അധഃപതനം എന്നിവയിൽ നിന്നുള്ള ഉദ്‌വമനം കുറയ്ക്കുന്നതിനും വനങ്ങളുടെ സുസ്ഥിര പരിപാലനത്തിനും വനത്തിലെ കാർബൺശേഖരം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെയാണ്  REDD+ സൂചിപ്പിക്കുന്നത്(9). UNFCCC-യുടെ കീഴിലുള്ള ഈ സംവിധാനം നിരവധി വർഷത്തെ ചർച്ചകളിലൂടെ സ്ഥാപിതമായതാണ്.  പ്രത്യേകിച്ച് REDD+ ക്ക് വേണ്ടിയുള്ള വാഴ്സോ ചട്ടക്കൂട് (Warsaw Framework). വികസ്വര രാജ്യങ്ങൾക്ക് വനങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനുമുള്ള സാമ്പത്തിക  പ്രോത്സാഹനങ്ങൾക്കുള്ള ഒരു ചട്ടക്കൂട് സംരക്ഷണത്തിനും, നിരീക്ഷണത്തിനും, കണക്കെടുപ്പിനുമുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതകളോടെ സ്ഥാപിക്കുന്നു. പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 5.2, REDD+ നുള്ള നയസമീപനങ്ങൾ നടപ്പിലാക്കാനും പിന്തുണയ്ക്കാനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കടപ്പാട്: 8billiontrees.com

REDD ആണ് ആദ്യം ഉണ്ടാകുന്നത്. ‘വികസ്വര രാജ്യങ്ങളിലെ വനങ്ങളുടെ നശീകരണത്തിൽ നിന്നും അധഃപതനത്തിൽ നിന്നും ഉണ്ടാകുന്ന കാർബൺ ഉൽസർജനം കുറയ്ക്കുക’ (Reducing Emissions from Deforestation and forest degradation in Developing countries, REDD) എന്ന അജണ്ട 2005-ൽ വനനശീകരണത്തിൽ നിന്നും വനഅധപതനത്തിൽ നിന്നുമുള്ള ഉദ്‌വമനം പരിഹരിക്കുന്നതിനുള്ള കാലാവസ്ഥാ വ്യതിയാന ലഘൂകരണ ഓപ്ഷനായി UNFCC യിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു.  വനങ്ങളുടെ സംരക്ഷണവും സുസ്ഥിര പരിപാലനവും നയപരമായ സമീപനമായി  ഉൾപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ഇടപെടലോടെ, ‘വനസംരക്ഷണം, വനങ്ങളുടെ സുസ്ഥിര പരിപാലനം, ഫോറസ്റ്റ് കാർബൺ സ്റ്റോക്ക് വർദ്ധിപ്പിക്കൽ’ (Sustainable management of forests and the conservation and enhancement of forest carbon stocks) എന്നിവയുടെ പങ്കിനെ സൂചിപ്പിക്കുന്ന ഒരു പ്ലസ് ചിഹ്നം കൂടി ചേർത്തു,  അങ്ങിനെ, ഈ ആശയം REDD+ ആയി. 

ഇന്ത്യയിൽ, ദേശീയ GHG ഇൻവെന്ററി തയ്യാറാക്കുന്നതിന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (FSI) ഉപയോഗിക്കുന്ന വനത്തിന്റെ നിർവചനം തന്നെയായിരിക്കും REDD+ യിലും. അതായത്, വനമെന്നാൽ “ഒരു ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ളതും, ഉടമസ്ഥാവകാശം, ഭൂവിനിയോഗം, നിയമപരമായ നില എന്നിവ പരിഗണിക്കാതെ 10 ശതമാനത്തിലധികം മരങ്ങളുടെ സാന്ദ്രതയുള്ളതുമായ എല്ലാ ഭൂമിയും ഉൾപ്പെടും”. അത്തരം ഭൂമികൾ രേഖപ്പെടുത്തപ്പെട്ട വനമേഖല ആയിരിക്കണമെന്നില്ല, അതിൽ തോട്ടവിളകളും, മുളയും, പനമരങ്ങളും ഉൾപ്പെടുന്നു. REDD+ ൽ അഞ്ച് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു:

  • വനനശീകരണത്തിൽ (deforestation) നിന്നുള്ള എമിഷൻ കുറയ്ക്കൽ 
  • വന അധഃപതനത്തിൽ (forest degradation) നിന്നുള്ള എമിഷൻ കുറയ്ക്കൽ 
  • ഫോറസ്റ്റ് കാർബൺ സ്റ്റോക്കിന്റെ സംരക്ഷണം
  • സുസ്ഥിര വന മാനേജ്മെന്റ് 
  • ഫോറസ്റ്റ് കാർബൺ സ്റ്റോക്കിന്റെ വർദ്ധനവ്

ഈ പ്രവർത്തനങ്ങളെല്ലാം എമിഷൻ കുറയ്ക്കൽ, ഒഴിവാക്കൽ, അല്ലെങ്കിൽ നീക്കം ചെയ്യൽ എന്നിവ നിർവഹിക്കുന്നതിനാൽ ഒരു ITMO യുടെ (ആർട്ടിക്കിൾ 6.2)  പരിധിയിൽ വരും. എല്ലാ മേഖലകളുടെയും കാര്യത്തിലെന്നപോലെ, ആതിഥേയ രാജ്യങ്ങൾ അവരുടെ REDD+ പ്രോഗ്രാമുകൾ ആർട്ടിക്കിൾ 6 ആവശ്യകതകൾ നിറവേറ്റുന്നത് എങ്ങനെയെന്ന് കാണിക്കേണ്ടതുണ്ട്. ഈ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ശക്തമായ അടിത്തറയാണ് വാഴ്സോ ചട്ടക്കൂടും  (Warsaw Framework) കാൻകുൻ  രക്ഷാ സംവിധാനവും (Cancun Safeguards)നല്കുന്നത്. 

REDD+ന്റെ അഞ്ച് പ്രവർത്തനങ്ങൾക്കും വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി വർദ്ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്. ഇത് രാജ്യത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ 33 ശതമാനമെങ്കിലും വനമേഖലയിൽ കൊണ്ടുവരിക എന്ന ദേശീയ വനനയത്തിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നു. രാജ്യത്തിന്റെ ഗണ്യമായ വനപ്രദേശങ്ങൾ മിതമായി ഇടതൂർന്നതും (moderately dense),  തുറസ്സായ വനങ്ങൾ തുടർച്ചയായ നശീകരണത്തിനും വളരെ ചെറിയ അളവിൽ അധ:പതനത്തിനും വിധേയമാകുന്നു എന്നതും വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന വസ്തുതകളാണ്.   NDC പ്രകാരം 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ CO2 ന് തുല്യമായ അധിക ഫോറസ്റ്റ് കാർബൺ സിങ്ക് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് വനങ്ങൾക്ക് പുറത്തുള്ള മരങ്ങളെ സംബന്ധിച്ചുള്ള REDD+ പ്രവർത്തനം. 

UNFCC യിലെ വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സ്രോതസ്സുകളും സാങ്കേതിക പിന്തുണയും നൽകുന്നതിന് REDD+ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്ന രാജ്യങ്ങൾ ഇനിപ്പറയുന്ന ഘടകങ്ങൾ വികസിപ്പിക്കണം. (1). ഒരു ദേശീയ REDD+ പ്രവർത്തന തന്ത്രം അല്ലെങ്കിൽ കർമ്മ പദ്ധതി , (2). വിലയിരുത്തിയ ഒരു ദേശീയ ഫോറസ്റ്റ് റഫറൻസ് എമിഷൻ ലെവൽ അല്ലെങ്കിൽ ഫോറസ്റ്റ് റഫറൻസ് ലെവൽ (FREL/FRL), (3). REDD+ പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനും റിപ്പോർട്ടിംഗിനുമായി ശക്തവും സുതാര്യവുമായ ദേശീയ വന നിരീക്ഷണ സംവിധാനം, (4). REDD+ സുരക്ഷാസംവിധാനങ്ങൾ എങ്ങനെ അഭിസംബോധന ചെയ്യപ്പെടുന്നു, കണക്കിലെടുക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള ഒരു സംവിധാനം, കൂടാതെ (5). REDD+ ഉദ്ദേശിക്കുന്ന ഫലങ്ങൾ സൃഷ്ടിക്കുക (എമിഷൻ കുറയ്ക്കൽ, നീക്കം ചെയ്യൽ, ഒഴിവാക്കൽ). ഈ ആവശ്യകതകളെല്ലാം നിറവേറ്റുകയാണെങ്കിൽ, വനനശീകരണം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് പ്രതിഫലം തേടാൻ രാജ്യങ്ങൾക്ക് അർഹതയുണ്ട്.

ഇന്ത്യ ഇക്കാര്യത്തിൽ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഇന്ത്യ തയാറാക്കിയ കർമ പദ്ധതി, ‘ദേശീയ REDD+ കർമ്മ പദ്ധതി’  (National REDD+ Strategy) എന്ന പേരിൽ പ്രസിദ്ധീകരിച്ചീട്ടുണ്ട്(10). രാജ്യങ്ങൾ അവരുടെ ദേശീയ REDD+ കർമ്മപദ്ധതി വികസിപ്പിക്കുന്ന സമയത്ത് ഒരു അടിസ്ഥാന സാഹചര്യമായി ‘റഫറൻസ് ലെവൽ’ വികസിപ്പിക്കുന്നു. കൂടാതെ, ഈ റഫറൻസ് ലെവൽ അവരുടെ എമിഷൻ കുറയ്ക്കുന്നതിനുള്ള ഒരു മാനദണ്ഡമായി വർത്തിക്കുന്നു. REDD+ പ്രോജക്‌റ്റുകൾക്കുള്ള ധനസഹായം വിവിധ സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്; അത് വിപണിയും അല്ലാത്തവയുമാകാം. 

കാര്‍ബണ്‍ വിപണനത്തിന് അതിന്‍റേതായ ഗുണദോഷവശങ്ങളുണ്ട്. ഒരു പ്രധാന മെച്ചമായി പറയുന്നത് കാലാവസ്ഥാവ്യതിയാന ഉച്ചകോടിയുടെ അത്യന്തിക ലക്ഷ്യങ്ങള്‍ സ്വായത്തമാക്കുന്നതിന് ഇത് സഹായിക്കുന്നുമെന്നതാണ്. വിദേശമൂലധന നിക്ഷേപത്തിന്‍റെ സാദ്ധ്യതയാണ് മറ്റൊന്ന്. വികസ്വര-അവികസിത രാജ്യങ്ങളിലെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്ക് കാര്‍ബണ്‍ വിപണി സഹായകമാകും എന്ന പ്രതീക്ഷയുമുണ്ട്. തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നതിനും സാദ്ധ്യതയുണ്ട്. കാർബൺ ക്രെഡിറ്റ് പദ്ധതികളുടെ ആവിഷ്ക്കരണത്തിലൂടെ വ്യവസായിക കാര്യക്ഷമതയും വര്‍ദ്ധിക്കും. ചുരുക്കത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍ക്കായി വിദേശ മൂലധനം ആകര്‍ഷിക്കാന്‍ കഴിയുന്നു. വികസിത രാജ്യങ്ങള്‍ക്കാകട്ടെ, അവരുടെ ഇന്നത്തെ വികസന കുതിപ്പിന് തടയിടാതെ തന്നെ മുമ്പോട്ട് പോകാന്‍ കഴിയുകയും ചെയ്യും. 

കാർബൺ ക്രെഡിറ്റ് എന്നത് ഒരു മാർക്കറ്റ് അധിഷ്ഠിത സംവിധാനമാണ്; അതിനർത്ഥം കാർബൺ ക്രെഡിറ്റ് അല്ലെങ്കിൽ ഓഫ്സെറ്റുകൾക്ക് ഡിമാൻഡ് ഉണ്ടാവണം എന്നാണ്. അതിലും പ്രധാനമായി, തല്പരകക്ഷികൾ സൃഷ്ടിക്കുന്ന ക്രെഡിറ്റുകൾക്ക് ആകർഷകമായ വിലയും ഉണ്ടായിരിക്കണം. വില ആകർഷകമല്ലെങ്കിൽ, മുഴുവൻ പരിപാടിയും തകരും. വ്യക്തികൾക്കും സമൂഹങ്ങൾക്കും താൽപര്യം നഷ്ടപ്പെടും. ക്രെഡിറ്റുകളുടെ വില, അവ എങ്ങിനെയുണ്ടാകുന്നു, ആര് സർട്ടിഫൈ ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് കൊണ്ട് ഇത് പ്രധാനമാണ്. വൻകിട കാർബൺ  സ്റ്റാൻഡേർഡുകളായ വെറ, ഗോൾഡ് സ്റ്റാൻഡേർഡ്  എന്നിവരുമായുള്ള ഇടപാടുകൾക്ക് വിശ്വാസ്യതയും ഡിമാൻഡുമുണ്ടെങ്കിലും നല്ല ചിലവ് വരുമെന്ന പ്രശ്നമുണ്ട്. അത് കൊണ്ടാണ് ചെറുകിട കാർബൺ പരിപാടികൾ പ്രായോഗികമല്ല എന്ന് പറയുന്നത്. ഇക്കാരണത്താൽ തൽപ്പര കക്ഷികൾ ഇന്ത്യൻ കാർബൺ വിപണിയുടെ വരവ് പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.     

കാർബൺ വിപണികൾക്കെതിരെ ധാരാളം വിമർശനങ്ങളുമുണ്ട്.  ഭൂരിഭാഗം കാർബൺ ക്രഡിറ്റ്  പ്രോജക്റ്റുകളും ശാശ്വതമല്ലെന്നും യഥാർത്ഥത്തിൽ ഉദ്‌വമനം കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാണിച്ചതോടെ, ക്രെഡിറ്റുകളുടെ ഗുണനിലവാരം തർക്കത്തിലായി. സന്നദ്ധ കാർബൺ വിപണികളെക്കുറിച്ചുള്ള സംശയവും അവിശ്വാസവും അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്. ഗ്രീൻവാഷിംഗ് (green washing), വഞ്ചന (fraud)  തുടങ്ങിയ ആരോപണങ്ങൾ പെരുകി. കാർബൺ ക്രഡിറ്റുകളുടെ പേരിൽ പല രാജ്യങ്ങളും ചെയ്യുന്നത് ‘ഗ്രീൻ വാഷിങ്’ ആണ് എന്നതാണ് വലിയൊരു വിമർശനം. ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവിയോൺമെന്റ് (CSE) എന്ന സ്ഥാപനം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിക്കുകയുണ്ടായി, ‘Discredited: The Voluntary Carbon Market in India: Do People and Climate Benefit?(6)

നിരീക്ഷകരും പങ്കാളികളും സിസ്റ്റത്തിൽ നിന്ന് സുതാര്യതയും ഉത്തരവാദിത്തവും എല്ലാറ്റിനുമുപരിയായി പരിസ്ഥിതി സമഗ്രതയും ആവശ്യപ്പെടുന്നു. സന്നദ്ധ കാർബൺ വിപണികളെ നിയന്ത്രിക്കേണ്ടതല്ലേ എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. സ്വതന്ത്രമായ സന്നദ്ധ കാർബൺ ക്രെഡിറ്റ് പ്രോഗ്രാമുകൾക്ക് കീഴിൽ കാർബൺ ഓഫ്‌സെറ്റ് പദ്ധതികളുടെ സിംഹഭാഗവും വിതരണം ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾ കൂടുതൽ പ്രധാനമാണ്. അത് കൊണ്ട് കൂടിയാണ് ഇന്ത്യ സന്നദ്ധ വിപണിക്ക് കൂടി ബാധകമായ നിയമങ്ങൾ കൊണ്ട് വരാൻ  ശ്രമിക്കുന്നത്.   

വികസിത രാജ്യങ്ങളിലെ വന്‍ കുത്തകകളെ തൃപ്തിപ്പെടുത്താനാണ് കാർബൺ വ്യാപാരം എന്ന് പറയുന്നവര്‍ ധരാളമുണ്ട്.  വികസ്വര-അവികസിത രാജ്യങ്ങളിലെ അനിയന്ത്രിത വനവത്കരണ പദ്ധതികള്‍ വ്യവസായിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. സസ്യഎണ്ണ ഉൽപ്പാദന പദ്ധതികളുടെ നിര്‍വ്വഹണം ഭക്ഷ്യ സുരക്ഷക്കു ഭീഷണിയുയര്‍ത്തുന്നു. പദ്ധതികളുടെ നിര്‍വ്വഹണകാലഘട്ടത്തില്‍ ഉണ്ടാകാവുന്ന അനിയന്ത്രിത കാര്‍ബണ്‍ ഡയോക്സൈഡ് ഉത്സര്‍ജ്ജനവും  ഒരു ഭീഷണിയാണ്.  തങ്ങളുടെ കമ്പനികളെ കാര്‍ബണ്‍ രഹിതമാക്കാനുള്ള സൂത്രപ്പണിയായി കാര്‍ബണ്‍ കമ്പോളത്തെ കാണുന്നവരും ഉണ്ട്. അതിനാല്‍ത്തന്നെ നിരവധി സ്ഥാപനങ്ങളും കമ്പനികളും ആഗോളതാപനത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കിട്ടിയ സുവര്‍ണ്ണാവസരമായി കാര്‍ബണ്‍ കമ്പോളത്തെ കാണുന്നുണ്ട്.  കാര്‍ബണ്‍ കമ്പോളത്തിന്‍റെ വളര്‍ച്ച അതുകൊണ്ട് തന്നെ പെട്ടെന്നായിരുന്നു.   ഇനിയും ഇത് വര്‍ദ്ധിച്ചു വരികയേ ഉള്ളൂ.  ഇന്ത്യന്‍ കുത്തകകളും സർക്കാരിതര  സ്ഥാപനങ്ങളും ഇതൊരു ലാഭകരമായ അവസരമായിക്കണ്ട് കാര്‍ബണ്‍ വ്യാപാരത്തിലേക്ക് കാലെടുത്ത് വെച്ചുകഴിഞ്ഞു.  

കാര്‍ബണ്‍ വിപണനം പോലുള്ള പുത്തൻ സംവിധാനങ്ങളെ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് കുറച്ചുകൊണ്ടുവരിക എന്ന വിശാല ദൗത്യത്തിന്‍റെ ഭാഗമായി മാത്രം കാണുന്നതാണ് പ്രായോഗികം. സ്വന്തം രാജ്യത്തിന്‍റെ കാര്‍ബണ്‍ ഉത്സര്‍ജനം കുറച്ചു കൊണ്ടുവരിക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിച്ചുനിര്‍ത്താനാവില്ല. ഇതുള്‍പ്പെടെയുള്ള വിവിധ തന്ത്രങ്ങളിലൂടെ മാത്രമേ കാലാവസ്ഥാമാറ്റം എന്ന വന്‍ വിപത്തിനെ ചെറുത്തു തോല്‍പ്പിക്കുവാന്‍ കഴിയൂ.

References

  1. MoP [ Ministry of Power] 2022. Gazette Notification: The energy conservation (amendment) Act, 2022.>>>
  2. BEE [Bureau of Energy Efficiency] 2023.  Gazette notification on ‘Carbon Credit Trading Scheme, 2023’. >>>
  3. BEE [Bureau of Energy Efficiency] 2024. Detailed Procedure for Compliance Mechanism under CCTS.  BEE, New Delhi, 53p. >>> 
  4. BEE [Bureau of Energy Efficiency] 2024. Accreditation Procedure and Eligibility Criteria for Accredited Carbon Verification Agency. BEE, New Delhi, 46p. >>>
  5. BEE [Bureau of Energy Efficiency] 2022. Draft Policy paper for Indian Carbon Market, BEE, New Delhi, 89 p.  
  6. Dev, T. and Krishnamurthy, R. 2023. Discredited: The Voluntary Carbon Market in India: Do People and Climate Benefit? Centre for Science and Environment, New Delhi, 123p. >>>
  7. Granziera, B., Hamrick, K., and Verdiec J. 2024. Article 6 explainer: Questions and answers about the COP decisions on carbon markets and what they mean for NDCs, nature, and the voluntary carbon markets. The Nature Conservancy. >>> 
  8. MoEFCC [Ministry of Environment, Forest and Climate Change] 2024. List of activities under Article 6.4 mechanism (F No. CC -13008/238/2022-CC (E-1877650 DATED 7/6/2024 of MoEFCC)
  9. Granziera, B., Hamrick, K.,  Perrone, M.,  and Fernandez, J. 2022.  International REDD+ Standards and Financing: Eligibility Requirements. The Nature Conservancy and Conservation International.  >>>
  10. MoEFCC [Ministry of Environment, Forest and Climate Change) 2018. National REDD+ Strategy India, MoEFCC, Govt . of India, 42 p. >>>

CLIMATE DIALOGUE

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോലം മാറുന്നതു കാലം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 15
Close