Read Time:62 Minute

ഡോ. സി ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ എട്ടാം ഭാഗം

അടുത്ത കാലത്ത് വളരെയധികം സംസാരവിഷയമായി തീർന്ന ഒന്നാണ് കാർബൺ ക്രഡിറ്റ്. ഇത് എന്താണെന്നു ശരിയായി മനസ്സിലാക്കാതെയാണ് പലരും പ്രസംഗിക്കുന്നതും  എഴുതി വിടുന്നതും. കാർബൺ ക്രഡിറ്റ് വഴി ഉടൻ പണമുണ്ടാക്കാം എന്ന് പ്രചരിപ്പിക്കുന്നവരും ഉണ്ട്. ചിലർ ഷെയറുകൾ  എടുപ്പിക്കുന്നതായും കേൾക്കുന്നു. എന്താണ് ഈ സംഭവം, ഇപ്പോഴത്തെ അവസ്ഥയെന്താണ്, ആർക്കാണ് ഇത് കൊണ്ട് ഗുണമുണ്ടാകുക, എന്തൊക്കെ പരിശോധിക്കണം?  വിദഗ്ധരും, രാഷ്ട്രീയ നേതൃത്വവും, മാധ്യമ പ്രവർത്തകരും, പരിസ്ഥിതി പ്രവർത്തകരും, പൊതുജനങ്ങളും  കാർബൺ ക്രെഡിറ്റ് സംവിധാനത്തെക്കുറിച്ച് യഥാവിധി  കാര്യങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ 2022 ൽ കേരള വനവികസന കോർപ്പറേഷൻ (KFDC) ഗവിയിൽ  ഒരു കാർബൺ ക്രെഡിറ്റ് പ്രോജക്റ്റ് ഷെൽ കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ശ്രമിച്ചു പഴി കേട്ടത് പോലെയാകും! ചില മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെട്ട  പരിസ്ഥിതിപ്രവർത്തകരും കൂടി എന്തൊക്കെയാണ് പറഞ്ഞു പരത്തിയത്? നല്ല കണ്ണായ 800 ഹെക്ടർ വനം വിദേശ കമ്പനികൾക്ക് വിട്ടു കൊടുക്കുന്നു, വിദേശികൾ വന്നു ഫോട്ടോയെടുക്കുന്നു, ഓഫീസ് പണിയുന്നു……. പോരേ പൂരം! അവസാനം KFDC ക്ക് ഈ ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു!

അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങൾ (GHG) പുറത്തുവിടുന്നതിന്റെ മൊത്തത്തിലുള്ള വിലയിരുത്തലിൽ കാർബൺ ഉൽസർജനവും (emission)  പിടിച്ചുവെക്കലും (sequestration) തമ്മിലുള്ള വ്യത്യാസം പൂജ്യമാണെങ്കിൽ, അത് അസ്സൽ പൂജ്യം ഉൽസർജനം (net zero emission)  എന്ന അവസ്ഥയാണ്. പാരിസ് ഉടമ്പടി പ്രകാരം ലോകം മുഴുവൻ എത്രയും വേഗം ആ സ്ഥാനത്തെത്താൻ ശ്രമിക്കുകയാണ്. മിക്ക വികസിതരാജ്യങ്ങളും 2050-ഓടെ അസ്സൽ പൂജ്യത്തിലെത്തുമെന്ന് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ഇന്ത്യ 2070-ഓടെ നെറ്റ് സീറോ ആകാനുള്ള പുറപ്പാടിലാണ്, കേരളം 2050 ലും.

വിവിധ കാർബൺ ലഘൂകരണ  പ്രവർത്തനങ്ങളിലൂടെയോ (mitigation),  ഉചിതമായ കാർബൺ പിടിച്ചുവെക്കൽ വഴിയോ (carbon sequestration), കാർബൺ ഓഫ്സെറ്റിംഗ് (carbon offsetting)  എന്ന പ്രക്രിയയിലൂടെയോ GHG ഉദ്‌വമനം കുറയ്ക്കുന്നതിലൂടെ ‘അസ്സൽ ​​പൂജ്യ’ത്തിലേക്ക് എത്താനാകും. ഇതിൽ കാർബൺ ഓഫ്സെറ്റിംഗുമായി ബന്ധപ്പെട്ടാണ് ‘കാർബൺ ക്രഡിറ്റ്’ ഉയർന്ന് വന്നിട്ടുള്ളത്. അതുകൊണ്ട് കാർബൺ ഓഫ്സെറ്റിംഗിൽ തുടങ്ങാം. രാജ്യത്തിന് മാത്രമല്ല, സ്ഥാപനങ്ങൾക്കും, കമ്പനികൾക്കും, വ്യക്തികൾക്ക്  പോലും തങ്ങളുടെ കാർബൺ പദമുദ്ര കുറയ്ക്കാൻ കാർബൺ ക്രെഡിറ്റുകൾ സഹായിക്കും. ക്യോട്ടോ ഉടമ്പടിയുടെ കാലഘട്ടത്തിൽ തുടക്കമിട്ട കാർബൺ വ്യാപാരം പാരിസ് ഉടമ്പടിയിലും ആവർത്തിക്കുന്നുണ്ട്.  അതിനിടെ കേന്ദ്ര സർക്കാർ ‘ഗ്രീൻ ക്രെഡിറ്റും’ കൊണ്ട് വന്നു. അതു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. കാർബൺ ക്രെഡിറ്റും ഗ്രീൻ ക്രെഡിറ്റും തമ്മിൽ എന്താണ് വ്യത്യാസം? ഗ്രീൻ ക്രെഡിറ്റിന് സാധാരണ പറയുന്ന കാർബൺ വിപണിയുമായി ബന്ധമില്ല. അതുകൊണ്ട് ഇവയെ രണ്ടായി തന്നെ കാണണം.    കാർബൺ   ക്രഡിറ്റിനെക്കുറിച്ച് രണ്ടു ഭാഗങ്ങളായും   തുടർന്ന് ഗ്രീൻ ക്രെഡിറ്റിനെക്കുറിച്ചു പ്രത്യേകമായും എഴുതാം.

എന്താണ് കാർബൺ ഓഫ്‌സെറ്റിംഗ്?

ലളിതമായി പറഞ്ഞാൽ, കാർബൺ ഓഫ്‌സെറ്റിംഗ് എന്നത് വിവിധ മാർഗങ്ങളിലൂടെ മറ്റെവിടെയെങ്കിലും സംഭവിക്കുന്ന കാർബൺ ഉൽസർജനം ഓഫ്‌സെറ്റ് ചെയ്യുന്ന, തട്ടിക്കിഴിക്കുന്ന, ഒരു പരിപാടിയാണ്. കാലാവസ്ഥാ വ്യതിയാനം ഒരു പ്രാദേശിക പ്രതിഭാസമല്ലാത്തതിനാൽ കാർബൺ ഓഫ്‌സെറ്റിംഗിലൂടെ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നത് സാധ്യമാണ്. അതായത്, ആഗോളതലത്തിൽ GHG-കൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നതിനാൽ, അവ കൃത്യമായി എവിടെയാണ് കുറയുന്നതെന്നത് പ്രശ്നമല്ല; അവ എവിടെയും കുറയ്ക്കുന്നത് മൊത്തത്തിലുള്ള കാലാവസ്ഥാ സംരക്ഷണത്തിന് സംഭാവന നൽകും. ഉദാഹരണത്തിന്, ദക്ഷിണാർധ ഗോളത്തിലെ  പാപുവ ന്യൂഗിനിയ ആയാലും ഉത്തരാർധ ഗോളത്തിലെ   ഫിൻലാൻഡ് ആയാലും കാർബൺ ഉൽസർജനം കുറച്ചാൽ അത്  ലോകത്തിന് മൊത്തത്തിൽ  ഉപകാരപ്പെടും.

ഹരിതഗൃഹ വാതകം (GHG) പുറപ്പെടുവിക്കുന്നവരെ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാക്കുക എന്നതും കാർബൺ ഓഫ്‌സെറ്റിംഗിന് പിന്നിലെ ആശയമാണ്. ഹരിതഗൃഹ വാതകം പരിധിയിലധികം പുറപ്പെടുവിക്കുന്നവർ കാർബൺ ഉദ്‌വമനം കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ നല്കി തങ്ങളുടെ ഉദ്‌വമനത്തിന് പിഴയിടുകയാണെന്നും കരുതാം. മറ്റെവിടെയെങ്കിലും ഉദ്‌വമനം സന്തുലിതമാക്കുന്നതിനോ ‘ഓഫ്‌സെറ്റ്’ ചെയ്യുന്നതിനോ വേണ്ടി പ്രോജക്ടുകളിലൂടെ GHG ഉദ്‌വമനം കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന സമീപനമാണ് കാർബൺ ഓഫ്‌സെറ്റിംഗ്. ഉദാഹരണത്തിന്, ഒരു കമ്പനിക്ക് അവരുടെ കാർബൺ പാദമുദ്ര കുറയ്ക്കാൻ ആഗ്രഹമുണ്ട്, പക്ഷേ, നേരിട്ട് ചെയ്യാൻ കഴിയുന്നില്ല (ഉദാ: സാങ്കേതികവിദ്യയുടെ അഭാവം അല്ലെങ്കിൽ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ഉയർന്ന ചിലവ്). ഈ സാഹചര്യത്തിൽ, എമിഷൻ കുറയ്ക്കുന്ന ഒരു പ്രോജക്റ്റിൽ നിക്ഷേപിച്ച് ഉത്തരവാദിത്തം നിറവേറ്റാനാകും (ഉദാ: ഫോസിൽ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ പദ്ധതിക്ക് പകരം സൗരോർജ്ജ പദ്ധതി), അല്ലെങ്കിൽ കാർബൺ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നു (ഉദാ: ഭൂമി പുനരുദ്ധാരണം അല്ലെങ്കിൽ വൃക്ഷങ്ങളുടെ തോട്ടം).

കാർബൺ ഉദ്‌വമനം കുറയ്ക്കുകയോ നീക്കംചെയ്യുകയോ ചെയ്യുന്നവർക്ക് സാമ്പത്തിക സഹായം കൊടുക്കുന്ന ഏർപ്പാട് ക്യോട്ടോ ഉടമ്പടിക്ക് ശേഷം വ്യാപകമായിട്ടുണ്ട്. ‘കാർബൺ ക്രെഡിറ്റ്’  എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഒരു ക്രെഡിറ്റ് എന്നത് ഒരു മെട്രിക് ടൺ CO2 ന്റെ അല്ലെങ്കിൽ മറ്റ് തത്തുല്യ GHG-കളുടെ (CO2e) എമിഷൻ കുറയ്ക്കുന്നതിനെ, അല്ലെങ്കിൽ നീക്കം ചെയ്യുന്നതിനെ  പ്രതിനിധീകരിക്കുന്നു. ഒരു കാർബൺ ക്രെഡിറ്റ് വാങ്ങുന്ന സ്ഥാപനത്തിന് അവരുടെ സ്വന്തം GHG യിലെ കുറവ് അവകാശപ്പെടാൻ ഈ ക്രെഡിറ്റുകൾ ‘റിട്ടയർ’ ചെയ്യിക്കാം. ഒരു കാർബൺ ക്രെഡിറ്റ് എമിഷൻ ഓഫ്‌സെറ്റ് ചെയ്യാൻ ഉപയോഗിച്ചതിന് ശേഷം സർക്കുലേഷനിൽ നിന്ന് ശാശ്വതമായി നീക്കം ചെയ്യുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് ‘റിട്ടയർ’ എന്നത്.  ഇത് പ്രസ്തുത ക്രെഡിറ്റിന്റെ എമിഷൻ കുറയ്ക്കൽ ഉദ്ദേശം ഒരു തവണ മാത്രമേ നടക്കുന്നുള്ളൂ എന്നും അത് വീണ്ടും ഉപയോഗിക്കാനോ മറ്റൊരു സ്ഥാപനത്തിന് അവകാശപ്പെടാനോ കഴിയില്ലെന്നും ഉറപ്പാക്കുന്നു.

നമുക്കറിയാവുന്നതുപോലെ, കാർബൺ ഡയോക്സൈഡ് (CO2) ആണ് മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴി ഉൽപ്പാദിപ്പിക്കുന്ന   ഏറ്റവും സാധാരണമായ ഹരിതഗൃഹ വാതകം(GHG). കൂടാതെ, നാം മറ്റ് നിരവധി GHG-കൾ സൃഷ്ടിക്കുകയും പുറത്തുവിടുകയും ചെയ്യുന്നുണ്ട്.  അവയിൽ മിക്കതും CO2-നേക്കാൾ വളരെ വലിയ താപന  ശേഷിയുള്ളവയാണ്. മീതെയിൻ (CH4), നൈട്രസ് ഓക്സൈഡ് (N2O), ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs), പെർഫ്ലൂറോകാർബണുകൾ (PFCs), സൾഫർ ഹെക്സാഫ്ലൂറൈഡ് (SF6) എന്നിവയാണ് ഇവയിൽ പ്രധാനം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ എല്ലാ GHG-കളുടെയും എമിഷൻ കുറയ്ക്കണം. കാര്‍ബണ്‍ വിപണനത്തിന് ഒരു പൊതുഅളവെടുപ്പ് യൂണിറ്റായി GHG കളെ കാര്‍ബണ്‍ ഡയോക്സൈഡ് തുല്യത (CO2e) അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് പറയുക.

കാർബൺ ക്രെഡിറ്റും കാർബൺ ഓഫ്‌സെറ്റും 

കാർബൺ വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ടു പദങ്ങൾ—കാർബൺ ക്രെഡിറ്റ്,  കാർബൺ ഓഫ്‌സെറ്റ് എന്നിവ പ്രചാരത്തിലുണ്ട്. കാർബൺ ക്രെഡിറ്റുകളും കാർബൺ ഓഫ്‌സെറ്റുകളും പര്യായപദങ്ങൾ പോലെ പറയുമെങ്കിലും ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്(1).  കാർബൺ ഓഫ്‌സെറ്റുകളെ പലപ്പോഴും ‘ഓഫ്‌സെറ്റ് ക്രെഡിറ്റുകൾ’ എന്നും വിളിക്കും. ഇതിനകം വിവരിച്ചതുപോലെ കാർബൺ ക്രെഡിറ്റുകൾ ചിലർക്ക് കാർബൺ ഉൽസർജനത്തിനുള്ള അനുമതി പത്രം പോലെ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഒരു കമ്പനി ഒരു കാർബൺ ക്രെഡിറ്റ് വാങ്ങുമ്പോൾ (മിക്കവാറും സർക്കാരിൽ നിന്ന്), അവർമൂലം ഉണ്ടാകുന്ന ഒരു ടൺ CO2 ന് പകരമായി ഇത് കണക്കാക്കുന്നു.   കാർബൺ ക്രെഡിറ്റുകൾ വഴിയുള്ള വരുമാനം കമ്പനികളിൽ നിന്ന് റെഗുലേറ്ററുകളിലേക്ക് ലംബമായി ഒഴുകുന്നു. അധിക ക്രെഡിറ്റുകൾ  കൈവശമുള്ള കമ്പനികൾക്ക് അവ മറ്റ് കമ്പനികൾക്ക് റെഗുലേറ്റർ മുഖേന വിൽക്കാൻ കഴിയും. ഈ പരിപാടിയാണ് നിയന്ത്രിത വിപണിയിൽ (compliance market) നടക്കുന്നത്.

നേരെമറിച്ച്, കാർബൺ ഓഫ്‌സെറ്റുകൾ തിരശ്ചീനമായി ഒഴുകുന്നു, അതായത് ഒരു കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക്. ഒരു കമ്പനി അവരുടെ സാധാരണ ബിസിനസ്സ് പ്രവർത്തനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ നിന്ന് ഒരു യൂണിറ്റ് കാർബൺ നീക്കം ചെയ്യുമ്പോൾ, ഒരു കാർബൺ ഓഫ്സെറ്റ് സൃഷ്ടിക്കാൻ കഴിയും. മറ്റ് കമ്പനികൾക്ക് അവരുടെ സ്വന്തം കാർബൺ പാദമുദ്ര കുറയ്ക്കാൻ മേൽപ്പറഞ്ഞ ഓഫ്സെറ്റ്കൾ  വാങ്ങാം. സന്നദ്ധ  കമ്പോളങ്ങളിൽ (voluntary market) ഇതാണ് നടക്കുന്നത്.

അതായത് ‘കാർബൺ ക്രെഡിറ്റുകളും’ ‘കാർബൺ ഓഫ്‌സെറ്റുകളും’ രണ്ട് വ്യത്യസ്ത വിപണികളിലേക്ക് നയിക്കുന്നു. നിയന്ത്രിത കമ്പോളങ്ങളിൽ (compliance market) ‘ക്രെഡിറ്റുകളും’ സന്നദ്ധ കമ്പോളങ്ങളിൽ  (voluntary market) ‘ഓഫ്‌സെറ്റു’ കളുമാണ്  വിപണനം ചെയ്യപ്പെടുക.  പക്ഷേ, ട്രേഡ് ചെയ്യുന്ന അടിസ്ഥാന യൂണിറ്റ് ഒന്നുതന്നെയാണ്, ഒരു ടൺ കാർബൺ ഡയോക്സൈഡ് തുല്യത  (CO2e).

കാർബൺ ക്രെഡിറ്റുകളും കാർബൺ ഓഫ്‌സെറ്റുകളും തമ്മിലുള്ള  ആശയക്കുഴപ്പം ഒഴിവാക്കാനാകണം, കേന്ദ്ര സർക്കാർ സന്നദ്ധ വിപണിയിലെ ഓഫ്‌സെറ്റുകൾക്കും ‘കാർബൺ ക്രെഡിറ്റ്’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ,  സന്നദ്ധ വിപണി ഓഫ്‌സെറ്റ് മാർക്കറ്റിന്റെതാണെന്ന്  പറഞ്ഞിട്ടുണ്ട്(2,3). 2023 ജൂൺ 23 ലെ ഗസറ്റ് വിജ്ഞാപനം(2) പ്രകാരം ‘കാർബൺ ക്രെഡിറ്റ്’ എന്നാൽ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനോ, നീക്കം ചെയ്യുന്നതിനോ, ഒഴിവാക്കുന്നതിനോ നിയുക്തമായ ഒരു ടൺ കാർബൺ ഡൈ ഓക്‌സൈഡിന്റെ തുല്യത (tCO2e) അടിസ്ഥാനത്തിലുള്ള  മൂല്യമാണ്. ഇവിടെ മൂന്നു കാര്യങ്ങൾ പറഞ്ഞു; എമിഷൻ കുറയ്ക്കുക, നീക്കം ചെയ്യുക, ഒഴിവാക്കുക. ഈ പ്രയോഗങ്ങൾ കൊണ്ട് എന്താണ് അർഥമാക്കുന്നത്  എന്ന് നോക്കാം. അതായത്, എമിഷൻ ആഘാതം കുറച്ച് കാർബൺ ക്രെഡിറ്റകൾ ഉണ്ടാകുന്നത് താഴെപ്പറയുന്ന മൂന്ന് തരത്തിലാണ്.

പ്രത്യേക ഇടപെടലുകളുടെ ഫലമായി മനുഷ്യ പ്രേരിത CO2 ഉദ്‌വമനം കുറയുന്ന പദ്ധതികളാണ് ഇവ. ഇക്കൂട്ടത്തിൽ പുനരുപയോഗ ഊർജ്ജം, ഊർജ്ജ കാര്യക്ഷമതാ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. പാചകത്തിന് വിറകിന്റെ ഉപയോഗം കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആയ ഒരു കുക്ക്സ്റ്റൗ പ്രോജക്റ്റ് ഉദാഹരണമാണ്.  മാലിന്യ സംസ്കരണ പദ്ധതികളും ഇക്കൂട്ടത്തിൽ പെടുന്നു. .

മനുഷ്യ പ്രേരിത CO2 അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ഇടപെടലുകളുടെ ഫലമായി ഭൗമമോ സമുദ്രമോ ആയ സംഭരണികളിൽ സ്ഥിരമായി സംഭരിക്കപ്പെടുകയും ചെയ്യുന്നു. വനവൽക്കരണം (afforestation) അല്ലെങ്കിൽ പുനർവനവൽക്കരണ (reforestation) പദ്ധതികൾ ഉദാഹരണം.

എമിഷൻ ഒഴിവാക്കൽ (avoided emissions)

ഹരിതഗൃഹവാതക ഉദ്‌വമനം ഇല്ലാത്തതോ, കുറവോ മാത്രമായ ഇടപെടലുകളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാത്ത മനുഷ്യപ്രേരിത CO2 ഉദ്‌വമനം. ഉദാഹരണങ്ങളിൽ REDD പ്രോജക്ടുകൾ ഉൾപ്പെടുന്നു (REDD എന്താണെന്നു രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നുണ്ട്) .

കാർബൺ വിപണി 

കാർബൺ ക്രെഡിറ്റുകൾ  കൈമാറ്റം ചെയ്യുന്ന ഒരു സൌകര്യത്തെയാണ് കാർബൺ വിപണി (carbon market) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ, കാർബൺ വിപണികൾ രണ്ട് തരത്തിലാണ്, സർക്കാരുകളോ അന്താരാഷ്ട്ര ഏജൻസികളോ നിയന്ത്രിക്കുന്ന ‘നിയന്ത്രിത വിപണി’യും  (compliance carbon markets), എമിഷൻ കുറയ്ക്കുന്നതിന് പ്രോത്സാഹനം നൽകുന്ന ‘സന്നദ്ധ വിപണി’യും (voluntary carbon markets, VCM). നിയന്ത്രിത വിപണിയിൽ നിന്ന് വ്യത്യസ്തമായി സന്നദ്ധ അഥവാ സ്വയംപ്രേരിത വിപണിയിലെ പങ്കാളിത്തം സ്വമേധയാ ഉള്ളതാണ്. മിക്കവാറും കാർബൺ മാർക്കറ്റ് എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് VCM ആണ്.  ബിസിനസ്സ് സ്ഥാപനങ്ങളും വ്യക്തികളും അവരുടെ കാർബൺ ഉദ്‌വമനം നികത്താൻ സ്വന്തം ഇഷ്ടപ്രകാരം ഓഫ്‌സെറ്റ് ക്രെഡിറ്റുകൾ വാങ്ങുന്ന ഒരു സന്നദ്ധ വിപണിയാണ് ഇത്. ഓർക്കുക, നിയന്ത്രിത മാർക്കറ്റ് നിർബന്ധിതമാണ്, അതേസമയം, സന്നദ്ധ വിപണി സ്വയംപ്രേരിതമാണ്(optional).

1989-ൽ ‘അപ്ലൈഡ് എനർജി സർവീസസ് (AES)’ എന്ന അമേരിക്കൻ സ്ഥാപനം ഒരു പുതിയ കൽക്കരി പവർപ്ലാന്റിൽ നിന്നുള്ള എമിഷന് പകരമായി ഗ്വാട്ടിമാലയിലെ ഒരു അഗ്രോഫോറസ്ട്രി പ്രോജക്ടിന് ധനസഹായം നല്കാൻ തുടങ്ങിയതാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കാർബൺ ഓഫ്‌സെറ്റിംഗ് സംഭവങ്ങളിലൊന്ന്(4). ഇത് സൂചിപ്പിക്കുന്നത് കാർബൺ വിപണി എന്ന ആശയം 1997-ൽ ക്യോട്ടോ പ്രോട്ടോക്കോൾ പ്രകാരം കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംവിധാനങ്ങളിലൊന്നായി സർക്കാരുകൾ ചർച്ച ചെയ്യുന്നതിനു മുമ്പ് തന്നെ ഇവിടെ ഉണ്ടായിരുന്നു എന്നാണ്.

ക്യോട്ടോ ഉടമ്പടിയിലെ വിപണി സംവിധാനങ്ങൾ  

വികസിത രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക രാഷ്ട്രീയ പ്രത്യാഘാതങ്ങളില്ലാതെ കാര്‍ബണ്‍ ന്യൂനീകരണ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകരമായി 1997 ലെ ക്യോട്ടോ പ്രോട്ടോക്കോൾ മൂന്ന് കാർബൺ വിപണി സംവിധാനങ്ങൾ സൃഷ്ടിച്ചിരുന്നു.  അതിലൊന്നായ ‘ഇന്റർനാഷണൽ എമിഷൻ ട്രേഡിംഗ്’ (International Emission Trading, IET) എമിഷൻ ട്രേഡിംഗ് മാർക്കറ്റുകളിലേക്ക് നയിച്ചു. ഒരുപക്ഷേ, ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ‘യൂറോപ്യൻ യൂണിയൻ എമിഷൻസ് ട്രേഡിംഗ് സിസ്റ്റം’ (EU-ETS) ആയിരിക്കും. മറ്റ് രണ്ട് മാർക്കറ്റ് സംവിധാനങ്ങൾ പ്രോജക്ട് അധിഷ്ഠിതമാണ്, ‘സംയുക്ത നിര്‍വ്വഹണവും’  (ജോയിന്റ് ഇംപ്ലിമെൻ്റേഷൻ, JI), ‘സംശുദ്ധ വികസന തന്ത്ര’വും (ക്ലീൻ ഡെവലപ്‌മെന്റ് മെക്കാനിസം, CDM).  ഇതിൽ ആദ്യം പറഞ്ഞ രണ്ടു പ്രവര്‍ത്തന തന്ത്രങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കു മാത്രമുള്ളതായിരുന്നു. ഈ സംവിധാനങ്ങളാൽ സൃഷ്ടിക്കപ്പെട്ട കാർബൺ വിപണി ക്യോട്ടോ പ്രോട്ടോക്കോൾ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള എമിഷൻ കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരുന്നു. 

ക്യോട്ടോ പ്രോട്ടോക്കോൾ സൃഷ്ടിച്ച മൂന്ന് കാർബൺ വിപണി സംവിധാനങ്ങളുടെ പ്രത്യേകതകൾ
  1. എമിഷൻ ട്രേഡിംഗ്: നിർദ്ദിഷ്ട പരിധിയിലും താഴെ മാത്രം ഉൽസർജ്ജനമുള്ള വികസിത രാജ്യങ്ങളിലെ  ഉപയോഗിക്കാത്ത എമിഷൻ അലവൻസുകൾ മലിനീകരണ പരിധി കവിഞ്ഞ രാജ്യങ്ങൾക്ക് കൈമാറാനുള്ള സംവിധാനമാണിത്.
  2. സംയുക്ത നിർവ്വഹണം: മറ്റ് വികസിത രാജ്യങ്ങളുമായി സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ വ്യാവസായിക രാജ്യങ്ങളെ ജോയന്റ്   ഇംപ്ലിമെൻറേഷൻ (JI) പ്രാപ്‌തമാക്കുന്നു. ഇതില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ ക്രെഡിറ്റുകള്‍ പദ്ധതി ആവിഷ്ക്കരിച്ച രാജ്യത്തിനു വാങ്ങുകയും അവരുടെ ഉത്സര്‍ജ്ജന ന്യൂനീകരണ ലക്ഷ്യം കൈവരിക്കുകയും ചെയ്യാം.
  3. സംശുദ്ധ വികസന തന്ത്രം (Clean Development Mechanism, CDM): വികസിതരാജ്യങ്ങള്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ക്കു ഉൽസർജ്ജനം കുറയ്ക്കുന്ന പദ്ധതികളുടെ  ആവിഷ്കരണത്തിന് സാമ്പത്തിക സാങ്കേതിക സഹായം നല്‍കുന്ന ഒരു പദ്ധതിയാണ് CDM. പ്രതിഫലമായി വികസിത രാജ്യങ്ങള്‍ക്ക് എമിഷൻ ന്യൂനീകരണ ക്രെഡിറ്റുകള്‍ ലഭിക്കും. തത്ഫലമായി വികസിത രാജ്യങ്ങള്‍ക്കു അവരുടെ ക്യോട്ടോ ഉത്സര്‍ജ്ജന ന്യൂനീകരണ ലക്ഷ്യം തട്ടിക്കിഴിക്കുവാന്‍ സാധിക്കുമായിരുന്നു.  CDM പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റുകളെ ‘സര്‍ട്ടിഫൈഡ് എമിഷന്‍ റിഡക്ഷൻ’ (CER) എന്നാണു പറയുക. ഊര്‍ജ്ജക്ഷമതാ പദ്ധതികള്‍,  കാര്യക്ഷമമായ ഗതാഗതം,  മീതെയിൻ വിമുക്ത പദ്ധതികള്‍,   അനുബന്ധ ഉത്പാദന പദ്ധതികള്‍ തുടങ്ങി ഒട്ടേറെ വിവിധതരം ഹരിതഗൃഹവാതക ന്യൂനീകരണ പദ്ധതികള്‍ ഇങ്ങിനെ നടപ്പിലാക്കിയിട്ടുണ്ട്.

ക്യോട്ടോ ഉടമ്പടിയെ അടിസ്ഥാനമാക്കി, വികസിത രാഷ്ട്രങ്ങളിൽ ‘നിയന്ത്രിത വിപണികൾ’ സൃഷ്ടിക്കുന്ന നിർബന്ധിത ‘ക്യാപ്-ആൻഡ്-ട്രേഡ്’ സംവിധാനങ്ങളുമായി രാജ്യങ്ങൾ വരുന്നതും വിപണി സംവിധാനങ്ങളുടെ ഭാഗമായാണ്. 2005-ൽ ആരംഭിച്ച ‘യൂറോപ്യൻ യൂണിയൻ എമിഷൻസ് ട്രേഡിംഗ് സ്കീം’ (EU ETS) ആണ് ഇക്കൂട്ടത്തിൽ പ്രശസ്തമായത്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ഉദ്‌വമനത്തിന് മാർക്കറ്റ് നിയമപരമായി നിർബന്ധിത പരിധി നിശ്ചയിക്കുകയും കമ്പനികൾക്ക് എമിഷൻ പരിധികൾ നിറവേറ്റുന്നതിനായി ട്രേഡ് ചെയ്യാവുന്ന അലവൻസുകൾ നൽകുകയും ചെയ്യുന്നു.

അതേ സമയം, തങ്ങളുടെ ഉദ്‌വമനം നികത്താൻ സ്വമേധയാ പങ്കെടുത്ത വ്യക്തികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​വേണ്ടിയും, പ്രത്യേകിച്ച്, വികസ്വര രാഷ്ട്രങ്ങളിലെ CDM പദ്ധകളിൽ  നിന്നുള്ള ക്രെഡിറ്റുകൾക്കായി സന്നദ്ധ വിപണികൾ വികസിച്ചുവന്നു. 2003-ൽ സ്ഥാപിതമായ ചിക്കാഗോ ക്ലൈമറ്റ് എക്‌സ്‌ചേഞ്ച് (CCX) ആണ് അത്തരത്തിലുള്ള ആദ്യത്തെ വിപണികളിലൊന്ന്. CCX-ൽ ട്രേഡ് ചെയ്യപ്പെടുന്ന ചരക്ക്, മൂന്നാം കക്ഷി ഏജൻസികൾ സാധൂകരിച്ച ‘സർട്ടിഫൈഡ് എമിഷൻ റിഡക്ഷൻ’ (CER-കൾ) ആയിരുന്നു. അത്തരം വിപണികൾ ‘സന്നദ്ധ കാർബൺ മാർക്കറ്റുകൾ’ അഥവാ ‘വോളണ്ടറി കാർബൺ മാർക്കറ്റുകൾ’ എന്നറിയപ്പെട്ടു.

സന്നദ്ധ കാർബൺ മാർക്കറ്റുകൾ സാധാരണയായി ബേസ്‌ലൈൻ-ക്രെഡിറ്റിംഗ് (baseline and crediting)  സംവിധാനത്തിൽ പ്രവർത്തിക്കുന്നു. ഇത് ക്യാപ്-ആൻഡ്-ട്രേഡ് സിസ്റ്റത്തിൽ നിന്ന്  വ്യത്യസ്തമാണ്. എമിഷൻ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് അളക്കുന്ന റഫറൻസ് ലെവലാണ് ബേസ്‌ലൈൻ.  കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കുകയും ട്രാക്കുചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ് ക്രെഡിറ്റിംഗ് സംവിധാനം.

നിയന്ത്രിത കാർബൺ വിപണി (Compliance Carbon Market)

ഹരിതഗൃഹ വാതക (GHG) ഉദ്‌വമനം പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്ന സർക്കാർ നിയന്ത്രിത സംവിധാനങ്ങളാണ് നിയന്ത്രിത വിപണികൾ. ഓരോ സ്ഥാപനത്തിനും അല്ലെങ്കിൽ വ്യവസായത്തിനും  ഒരു നിശ്ചിത അളവ് GHG പുറത്തുവിടാനുള്ള ക്രഡിറ്റുകളോ പെർമിറ്റുകളോ നൽകിക്കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളിൽ പുറന്തള്ളാൻ കഴിയുന്ന GHG-കളുടെ അളവിന് ഒരു പരിധി (cap) നിശ്ചയിക്കുന്നു. ഒരോരുത്തരും അവരുടെ ക്രെഡിറ്റുകൾ പ്രകാരം അനുവദിക്കുന്നതിനേക്കാൾ കൂടുതൽ GHG കൾ പുറപ്പെടുവിക്കുകയാണെങ്കിൽ, അവർക്ക് മാർക്കറ്റിൽ നിന്ന് അധിക ക്രെഡിറ്റുകൾ  വാങ്ങി കാര്യം ശരിയാക്കാം. വിപണി അധിഷ്‌ഠിത സംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന VCMൽ നിന്ന് വ്യത്യസ്തമായി, സർക്കാരുകളോ അന്താരാഷ്ട്ര സംഘടനകളോ GHG ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി നിയന്ത്രണവിധേയ വിപണികൾ സ്ഥാപിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

നിയന്ത്രിത വിപണികൾ പലപ്പോഴും ‘ക്യാപ്-ആൻഡ്-ട്രേഡ്’ മാർക്കറ്റുകൾ എന്നും  വിളിക്കപ്പെടുന്നു. കാർബൺ ഉദ്‌വമനത്തിന് റെഗുലേറ്റർമാർ ഒരു പരിധി നിശ്ചയിക്കുന്നു, അഥവാ, ‘ക്യാപ്പ്’ ചെയ്യുന്നു. പല വ്യവസായ സ്ഥാപനങ്ങൾക്കും ആ പരിധിക്കുള്ളിൽ തുടരുന്നത്  ബുദ്ധിമുട്ടുണ്ടാക്കും.  ഇതിൽ അധികമാകുമ്പോഴാണ് നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൂടുതൽ കാർബൺ ക്രെഡിറ്റുകൾ വേണ്ടിവരുന്നത്. ഓരോ വർഷവും നൽകുന്ന ക്രെഡിറ്റുകളുടെ എണ്ണം സാധാരണയായി എമിഷൻ ലക്ഷ്യങ്ങളെ  അടിസ്ഥാനമാക്കിയുള്ളതാണ്. കാനഡ, ഇ.യു., യു.കെ., ചൈന, ന്യൂസിലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ക്യാപ്-ആൻഡ്-ട്രേഡ് പ്രോഗ്രാമുകൾ ഏതെങ്കിലും രൂപത്തിൽ നിലവിലുണ്ട്. പുതുതായി, നിരവധി രാജ്യങ്ങളും സംസ്ഥാനങ്ങളും ഇവ നടപ്പിലാക്കുന്നത് പരിഗണിക്കുന്നു. ഇന്ത്യയും ഇതിന് തുടക്കമിട്ടു കഴിഞ്ഞു (വിശദ വിവരങ്ങൾ  രണ്ടാം ഭാഗത്തിൽ).

സന്നദ്ധ  കാർബൺ വിപണി (Voluntary Carbon Market)

സന്നദ്ധ  അല്ലെങ്കിൽ സ്വയംപ്രേരിത കാർബൺ വിപണികൾ സർക്കാർ നിർബന്ധിതമല്ല, കമ്പനികൾക്കും, സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും അവരുടെ GHG ഉദ്‌വമനം സ്വമേധയാ ഓഫ്‌സെറ്റ് ചെയ്യാനുള്ള, കുറയ്ക്കാനുള്ള, അവസരം ഈ വിപണി  വാഗ്ദാനം ചെയ്യുന്നു. പ്രോജക്റ്റ് ഡെവലപ്പർമാരിൽ നിന്നോ ബ്രോക്കർമാരിൽ നിന്നോ, കാർബൺ ക്രെഡിറ്റുകൾ വാങ്ങാം. ഇത് അന്തരീക്ഷത്തിൽ നിന്നുള്ള GHG ഉദ്‌വമനം കുറയ്ക്കുന്നതിനെയോ നീക്കംചെയ്യുന്നതിനെയോ പ്രതിനിധീകരിക്കുന്നു. കാർബൺ കുറയ്ക്കൽ നിയമാനുസൃതവും ശരിയായിട്ടുള്ളതുമാണെന്ന് ഉറപ്പാക്കാൻ ഒരു സ്വതന്ത്ര മൂന്നാം കക്ഷി സ്റ്റാൻഡേർഡ് സ്ഥാപനം (ഉദാ: Verra, Gold Standard) ക്രെഡിറ്റുകൾ പരിശോധിക്കും.

അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കുന്ന പ്രവർത്തനങ്ങളുള്ള സ്ഥാപനങ്ങൾക്ക് പുനരുപയോഗ ഊർജത്തിൽ നിക്ഷേപിക്കുകയോ മരങ്ങൾ നട്ടുപിടിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പദ്ധതികളിലൂടെ കാർബൺ ഓഫ്‌സെറ്റുകൾ സമ്പാദിക്കാം. ഈ ഓഫ്‌സെറ്റുകളുടെ കൊടുക്കൽ-വാങ്ങലുകൾ  സ്ഥാപനങ്ങൾ സ്വമേധയാ ചെയ്യുന്നതാണ്. അതിനാലാണ് കാർബൺ ഓഫ്‌സെറ്റുകൾ ‘വോളണ്ടറി കാർബൺ മാർക്കറ്റ്’(VCM) എന്നറിയപ്പെടുന്നത്. സന്നദ്ധ കാർബൺ മാർക്കറ്റുകൾ പ്രധാനമായും സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. എന്നാൽ ‘ഓസ്‌ട്രേലിയൻ എമിഷൻ റിഡക്ഷൻ ഫണ്ട്’ അല്ലെങ്കിൽ ‘തായ്‌ലൻഡ് വോളണ്ടറി എമിഷൻ റിഡക്ഷൻ പ്രോഗ്രാം’ പോലെ സർക്കാർ പ്രവർത്തിപ്പിക്കുന്ന VCM വിപണികളുമുണ്ട്.

ആഗോള കാർബൺ സന്നദ്ധ വിപണി 2019 മുതൽ അതിവേഗം വളർന്നുകൊണ്ടിരിക്കയാണ്. 2022-ൽ, സന്നദ്ധ കാർബൺ ക്രെഡിറ്റുകളുടെ വിപണി ആവശ്യം ഏകദേശം 160 ദശലക്ഷം മെട്രിക് ടൺ (tCO2e) ആയിരുന്നു.  2030 ഓടെ ആവശ്യം 330 ദശലക്ഷത്തിനും 1.5 ശതകോടിക്കും (tCO2e) ഇടയിൽ എത്തുമെന്ന് കണക്കാക്കുന്നു(5). തങ്ങളുടെ കാർബൺ ഉദ്‌വമനം നികത്തുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമുള്ള ‘കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി’ (CSR) ശ്രമങ്ങളുടെ ഭാഗമായി ഈ വിപണികൾ പലപ്പോഴും സ്ഥാപനങ്ങൾ ഉപയോഗിക്കുന്നു. മാത്രമല്ല, VCM ൽ നിന്നും കാർബൺ ഓഫ്‌സെറ്റുകൾ വാങ്ങുന്നതിലൂടെ, കമ്പനികൾക്ക് അവർ പുറന്തള്ളുന്ന CO2e അളവ് കുറയ്ക്കാനും നല്ലൊരു പരിസ്ഥിതിസ്നേഹ പ്രതിച്ഛായ സ്രഷ്ടിക്കാനുമാകും.

വോളണ്ടറി കാർബൺ വിപണികൾ പ്രത്യേക നിയന്ത്രണ മേൽനോട്ടമൊന്നുമില്ലാതെയാണ്  പ്രവർത്തിക്കുന്നത്. ഏകീകൃതനിലവാരവും ഇല്ല. രജിസ്ട്രികൾ, പ്രോജക്റ്റ് ഡെവലപ്പർമാർ, വാലിഡേറ്റർമാർ, വെരിഫയർമാർ, വ്യാപാരികൾ, ബ്രോക്കർമാർ, കാർബൺ എക്സ്ചേഞ്ചുകൾ എന്നിവയിലൂടെയാണ് അവ കൈകാര്യം ചെയ്യുന്നത്. ഒരു കാർബൺ ക്രെഡിറ്റിന്റെ മൂല്യം വിപണിയുടെ ചലനാത്മകതയെ ആശ്രയിച്ച് US $1 മുതൽ $100 വരെ വ്യത്യാസപ്പെടാം. 2022 അവസാനത്തോടെ, ഒരു ക്രെഡിറ്റിന് (tCO2e) മൊത്തവ്യാപാരത്തിന് $4 മുതൽ $8 വരെയായിരുന്നു ശരാശരി വില (പ്രോജക്റ്റ് ഡെവലപ്പറിന് നൽകുന്ന വില), പ്രോജക്റ്റിന്റെ തരം അനുസരിച്ച് വിലകൾ വ്യത്യാസപ്പെടുന്നു. ക്രെഡിറ്റുകൾ എങ്ങിനെയുണ്ടാവുന്നു, ആര് സാക്ഷ്യപ്പെടുത്തുന്നു എന്നിവയൊക്കെ മൂല്യത്തെയും സ്വാധീനിക്കും.   പലപ്പോഴും വിൽപ്പനക്കാരും വാങ്ങുന്നവരും തമ്മിലുള്ള അതാര്യമായ ക്രമീകരണം കൊണ്ടും ഇങ്ങിനെ സംഭവിക്കാം.

കാർബൺ ക്രെഡിറ്റ് പരിശോധന 

കാർബൺ ക്രെഡിറ്റുകളും ഓഫ്‌സെറ്റുകളും ഉണ്ടാവുന്നത് നിയമാനുസൃതമായിരിക്കണം. ക്രെഡിറ്റുകളുടെ ഗുണനിലവാരം (quality) പ്രധാന്യമുള്ളതാണ്. ഇതിനൊക്കെ സർക്കാർ അല്ലെങ്കിൽ അന്താരാഷ്ട്ര റെഗുലേറ്ററി സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും വിപണിയുടെ വിവിധ മേഖലകളെ നിയന്ത്രിക്കുന്ന മൂന്നാം കക്ഷി ഏജൻസികൾ മുഖേന ആ മാനദണ്ഡങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു. വ്യക്തമായ പരിശോധന ആവശ്യമുണ്ട്. വെരിഫിക്കേഷൻ എന്നത് ചില റെഗുലേറ്ററി ആവശ്യകതകൾ പാലിക്കുന്നത് മാത്രമല്ല, ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന് ശരിയായ മൂല്യം ലഭിക്കുന്നുണ്ടന്നും ഉറപ്പാക്കണം.

ക്രെഡിറ്റുകളുടെ നിയമസാധുത ഉറപ്പാക്കുന്നതിനുള്ള വിവിധ ഘട്ടങ്ങൾ ഉൾപ്പെടുന്ന ഒരു കർശനമായ പ്രക്രിയയാണ് കാർബൺ ക്രെഡിറ്റ് പരിശോധന. കാർബൺ കുറയ്ക്കൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ക്രെഡിറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രോജക്റ്റ് ഡെവലപ്പർമാരിൽ നിന്നാണ് സ്ഥിരീകരണ പ്രക്രിയ സാധാരണയായി ആരംഭിക്കുന്നത്. മോണിറ്ററിംഗ് ഡാറ്റ, പ്രോജക്റ്റ് റിപ്പോർട്ടുകൾ, മറ്റ് പ്രസക്തമായ ഡോക്യുമെന്റേഷൻ എന്നിവ പോലുള്ള കാർബൺ കുറയ്ക്കുന്നതിന്റെ തെളിവുകൾ അവർ നൽകേണ്ടതുണ്ട്.

പ്രോജക്റ്റ് ഡെവലപ്പർമാർ പ്രസക്തമായ ഡാറ്റ ശേഖരിച്ചുകഴിഞ്ഞാൽ, ആ ഡാറ്റ വിലയിരുത്തുകയും തിരഞ്ഞെടുത്ത കാർബൺ ക്രെഡിറ്റ് സ്റ്റാൻഡേർഡിന്റെ എല്ലാ ആവശ്യകതകളും പ്രോജക്റ്റ് നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു മൂന്നാം കക്ഷി വെരിഫയർക്ക് സമർപ്പിക്കുന്നു. വെരിഫയർ ഡാറ്റയിൽ എന്തെങ്കിലും പിശകുകളോ പൊരുത്തക്കേടുകളോ ഉണ്ടോയെന്ന് പരിശോധിക്കുകയും പ്രോജക്റ്റ് റിപ്പോർട്ടിന്റെ കൃത്യത പരിശോധിക്കുകയും ചെയ്യും. പ്രോജക്റ്റ് എല്ലാ ആവശ്യകതകളും നിറവേറ്റുന്നുവെന്ന് വെരിഫയർക്ക് ബോധ്യപ്പെട്ടാൽ അവർ കാർബൺ ക്രെഡിറ്റുകൾ നൽകുന്നു; അത്തരം ക്രെഡിറ്റുകൾ കാർബൺ മാർക്കറ്റിൽ വിപണനം നടത്താൻ കഴിയും.

സ്റ്റാൻഡേർഡ് ഉറപ്പാക്കുന്ന സ്ഥാപനങ്ങൾ 

കാർബൺ വിപണിയെ ലക്ഷ്യം വെച്ചുള്ള പ്രോജക്റ്റുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ക്രെഡിറ്റ് ‘രജിസ്‌ട്രികൾ’ പ്രവർത്തിപ്പിക്കുന്ന, അതായത്, ‘സ്റ്റാൻഡേർഡ്’ ഉറപ്പ് വരുത്തുന്ന പ്രശസ്തമായ ചില സ്ഥാപനങ്ങളുണ്ട്.

1990-കളുടെ അവസാനത്തിൽ ആദ്യത്തെ കാർബൺ ഓഫ്‌സെറ്റ് പ്രോജക്റ്റുകൾ വന്നു തുടങ്ങിയതോടെ കാർബൺ ക്രെഡിറ്റുകൾ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ട്രേഡ് ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സജ്ജമാക്കാൻ സംഘടനകളും രൂപീകൃതമായി. 2001-ൽ കോർപ്പറേഷനുകൾ, ഓർഗനൈസേഷനുകൾ, സർക്കാർ ഏജൻസികൾ മുതലായവയുടെ GHG ഉദ്‌വമനത്തിന്റെ ഒരു റിപ്പോർട്ടിംഗ് ഫോറമായി ‘കാലിഫോർണിയ ക്ലൈമറ്റ് ആക്ഷൻ രജിസ്ട്രി’(ഇപ്പോൾ, ക്ലൈമറ്റ് ആക്ഷൻ റിസർവ്) സ്ഥാപിതമായി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) 2003-ൽ ‘ഗോൾഡ് സ്റ്റാൻഡേർഡ്’ രൂപീകരിക്കുകയും, 2006-ഓടെ വോളണ്ടറി കാർബൺ മാർക്കറ്റുകൾക്കായുള്ള സ്റ്റാൻഡേർഡ് പ്രോഗ്രാം ആരംഭിക്കുകയും ചെയ്തു. വോളണ്ടറി കാർബൺ വിപണികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ബിസിനസ്സ്, പരിസ്ഥിതി പ്രവർത്തകർ 2007 ൽ വെറ (Verra) ക്ക് രൂപം നല്കി (സംഘടനയുടെ പ്രവർത്തനത്തെയും ദൗത്യത്തെയും പ്രതിഫലിപ്പിക്കുന്ന verification, terra എന്നീ പദങ്ങളുടെ സംയോജനമാണ് Verra എന്ന പേര്). ഈ സ്ഥാപനം മുമ്പ് ‘വെരിഫൈഡ് കാർബൺ സ്റ്റാൻഡേർഡ്’ (VCS) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സന്നദ്ധ കാർബൺ വിപണികളിലെ ഏറ്റവും വലിയ കാർബൺ ക്രെഡിറ്റ് പ്രോഗ്രാമുകളിൽ ഒന്നാണ് ‘വെറ’. ഇവയെപ്പോലെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട വിവിധ ‘സ്റ്റാൻഡേർഡ്സ്’ സ്ഥാപനങ്ങൾ, അല്ലെങ്കിൽ രജിസ്ട്രികൾ ഉണ്ട്. ചില പ്രമുഖ സ്ഥാപനങ്ങൾ:

  • Verra
  • Gold Standard
  • The American Carbon Registry (ACR)
  • Climate Action Reserve (CAR)
  • Puro.Earth
  • Plan Vivo
  • Woodland Carbon Code

കാർബൺ ഓഫ്‌സെറ്റ് പദ്ധതികൾക്കായുള്ള പൊതുവായ നിയമങ്ങളും ആവശ്യകതകളും വികസിപ്പിക്കൽ, GHG ഉദ്‌വമനം കുറയ്ക്കുന്നതിനോ അല്ലെങ്കിൽ നീക്കം ചെയ്യുന്നതിനോ വേണ്ടി നിർദ്ദിഷ്ട തരത്തിലുള്ള പ്രോജക്ടുകളുമായി ബന്ധപ്പെട്ട അളവ്, സ്ഥിരീകരണം, റിപ്പോർട്ടിംഗ് നടപടിക്രമങ്ങൾ എന്നിവ നിർദ്ദേശിക്കുന്ന രീതിശാസ്ത്രങ്ങൾ പരിപാലിക്കുക എന്നിവയൊക്കെയാണ്  ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്. കൂടാതെ ക്രെഡിറ്റുകളുടെ ഇഷ്യൂവും റിട്ടയർമെന്റും ട്രാക്കുചെയ്യുന്നു.

കാർബൺ ക്രെഡിറ്റിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന മാനദണ്ഡങ്ങൾ 

പദ്ധതി നിര്‍വ്വഹണത്തിനു താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നു മിക്ക സ്റ്റാൻഡേർഡ്സ് സ്ഥാപനങ്ങളും പരിശോധിക്കാറുണ്ട്.

യഥാർത്ഥമാവണം (real):  ഹരിതഗൃഹ വാതകങ്ങൾ (GHG) കാർബൺ ഡയോക്സൈഡ്(CO2e) അടിസ്ഥാനത്തിൽ ഒഴിവാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് യഥാർത്ഥത്തിൽ സംഭവിക്കേണ്ടതാണ്. 

അളക്കാവുന്നത് (measurable). കാർബൺ എമിഷനിലുണ്ടാകുന്ന കുറവ്  യാഥാർഥ്യ ബോധത്തോടെ  അളന്ന് രേഖപ്പെടുത്താൻ സാധിക്കണം.

അനുബന്ധത (additionality):   GHG കളുടെ എമിഷൻ കുറയ്ക്കൽ അല്ലെങ്കിൽ നീക്കം ചെയ്യലുകൾ പദ്ധതി നടപ്പാക്കിയില്ലെങ്കിലും സംഭവിക്കാമായിരുന്ന GHG ലഘൂകരണത്തിന്  പുറമെയായിരിക്കണം. കാർബൺ വിപണികൾ അധിക കാലാവസ്ഥാ ലഘൂകരണത്തിന് സംഭാവന ചെയ്യുന്നുണ്ടെന്ന് അഡീഷണാലിറ്റി ഉറപ്പാക്കുന്നു. കാർബൺ ക്രെഡിറ്റുകൾ വാങ്ങുന്നവർ തങ്ങളുടെ സംഭാവന യഥാർത്ഥ എമിഷൻ കുറയ്ക്കലുകളെ ഉത്തേജിപ്പിച്ചിട്ടുണ്ടെന്ന് അറിയാൻ അനുബന്ധതയെ ആശ്രയിക്കുന്നു.

സ്ഥിരത (permananence):  നീക്കം ചെയ്തതോ ഒഴിവാക്കുന്നതോ ആയ GHG അന്തരീക്ഷത്തിന് പുറത്ത് എത്രനേരം ഉണ്ടാകും എന്നതിനെക്കുറിച്ചാണ് ഇത്.  വനവത്ക്കരണ പദ്ധതികള്‍ക്കു അഗ്നിബാധ, കടന്നുകയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരികയാല്‍ അത്തരം പദ്ധതികളുടെ കാലാവധി 5-30 വര്‍ഷത്തിനുള്ളിലാണ്.  അതിനാല്‍ അവയുടെ രേഖകള്‍ പുതുക്കേണ്ടതുണ്ട്.

ചോര്‍ച്ച (leakage) : പ്രൊജക്ട് നടപ്പിലാക്കുമ്പോള്‍ അറിയാതെ സംഭവിക്കാവുന്ന GHG ചോര്‍ച്ചയാണ് ഇവടെ പരിഗണിക്കുന്നത്. ഉദാഹരണത്തിന്, ഒരു പ്രദേശം വനവല്ക്കരിക്കുന്നുവെന്നു കരുതക. ഇവിടെ നിന്നും ഒഴിഞ്ഞു പോവുന്നവര്‍ മറ്റൊരിടത്ത് വനം നശിപ്പിച്ച് കൃഷിയിറക്കിയാല്‍ പ്രയോജനമില്ലാതാവും.

സ്വതന്ത്ര പരിശോധന (Independent verification): എല്ലാ എമിഷൻ കുറയ്ക്കലുകളും നീക്കം ചെയ്യലുകളും സ്വതന്ത്രവും യോഗ്യതയുള്ളതുമായ ഒരു മൂന്നാം കക്ഷി പരിശോധിച്ചുറപ്പിച്ചിരിക്കണം.

അദ്വിതീയത (uniqueness): ഒരു കാർബൺ ക്രെഡിറ്റിനെ ഒരു എമിഷൻ റിഡക്ഷൻ അല്ലെങ്കിൽ നീക്കം ചെയ്യലുമായി മാത്രമേ ബന്ധപ്പെടുത്താൻ കഴിയൂ. ഇരട്ട കൗണ്ടിംഗ് (double counting)  തടയാൻ ഇത് സഹായിക്കുന്നു. ഒന്നിലധികം സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യത്യസ്ത കാർബൺ രജിസ്ട്രികളിൽ ഒരേ എമിഷൻ റിഡക്ഷൻ ക്ലെയിം ചെയ്യപ്പെടുമ്പോൾ, അല്ലെങ്കിൽ ഒരു കാർബൺ ക്രെഡിറ്റ് ഒന്നിലധികം തവണ കണക്കാക്കുമ്പോൾ ഇരട്ട കൗണ്ടിംഗ് സംഭവിക്കുന്നു.  ഇത് കാർബൺ ക്രെഡിറ്റ് പ്രോജക്റ്റുകളുടെ സമഗ്രതയെ തകർക്കും. അതിനാൽ,  കാർബൺ ക്രെഡിറ്റുകൾ ഒരു സ്വതന്ത്ര രജിസ്ട്രിയിൽ സൂക്ഷിക്കുകയും റിട്ടയർ ചെയ്യുകയും വേണം.

സന്നദ്ധ  വിപണിയിലെ  മറ്റ് പങ്കാളികൾ 

സ്റ്റാൻഡേർഡ് ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കുപുറമെ സന്നദ്ധ  കാർബൺ വിപണിയുടെ ഭാഗമായി നിരവധി മറ്റ് സ്ഥാപനങ്ങളും  ഉയർന്നുവന്നിട്ടുണ്ട്. കാർബൺ വിപണി സിസ്റ്റത്തിൽ ഏർപ്പെടുന്നതിന് പലരും അവരുടേതായ പ്രത്യേക പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ വ്യത്യസ്ത താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും  കാർബൺ ക്രെഡിറ്റുകൾ വിപണനം ചെയ്യുന്നതിനുള്ള വൈവിധ്യമാർന്ന സമീപനങ്ങളിലേക്ക് നയിക്കുന്നു. കാർബൺ മാർക്കറ്റിൽ ഇടപെടുന്ന വ്യത്യസ്ത കളിക്കാരെ കുറിച്ചും അവരുടെ റോളുകളെ കുറിച്ചും സമഗ്രമായ ധാരണ ആവശ്യമാണ്(4).

പ്രോജക്റ്റ് ഡെവലപ്പർമാർ (Project developers)

അന്തരീക്ഷത്തിൽ നിന്ന് GHG-കൾ കുറയ്ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ലക്ഷ്യമിട്ടുള്ള കാർബൺ ക്രെഡിറ്റ് പ്രോജക്ടുകൾ വികസിപ്പിക്കുന്നതിന് പ്രോജക്റ്റ് ഡെവലപ്പർമാർ ഉത്തരവാദികളാണ്.  മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചു കൊണ്ടാകണം ഇത്. പ്രോജക്ടിന്റെ ഫലമായുണ്ടാകുന്ന GHG ഉദ്‌വമനത്തിന്റെ യഥാർത്ഥ കുറവ് അല്ലെങ്കിൽ നീക്കം ചെയ്യൽ ട്രാക്കുചെയ്യുന്നതും പരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇവ കമ്പനികൾ, സർക്കാരിതര സ്ഥാപനങ്ങൾ, അല്ലെങ്കിൽ   പൊതു സ്ഥാപനങ്ങളോ ആകാം. Anew Climate, EKI (Enking International), Infinite EARTH, Ecosecurities, Wildlife Works എന്നിവയെല്ലാം സന്നദ്ധ കാർബൺ വിപണിയുടെ പ്രോജക്ട് ഡെവലപ്പർമാരാണ്.

സാധൂകരണ, പ്രമാണീകരണ സ്ഥാപനങ്ങൾ (Validation and verification bodies)

പ്രോജക്റ്റുകൾ സ്വതന്ത്രമായി സാധൂകരിക്കാനും ഓഫ്‌സെറ്റുകൾ പരിശോധിക്കാനും ഡെവലപ്പർമാർ ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാം കക്ഷികളാണ് സാധൂകരണ, പ്രമാണീകരണ സ്ഥാപനങ്ങൾ അഥവാ VVBs. വോളണ്ടറി ഓഫ്‌സെറ്റ് മാർക്കറ്റിൽ, ഈ കക്ഷികൾക്ക് സ്റ്റാൻഡേർഡ്സ് സ്ഥാപനങ്ങൾ അംഗീകാരം നൽകുന്നു. ഒരു ഡവലപ്പർക്ക് അവരുടെ പ്രോജക്റ്റിനായി VVB ആയി പ്രവർത്തിക്കാൻ ഒരു അംഗീകൃത കമ്പനിയെ തിരഞ്ഞെടുക്കാം. ഇന്ത്യയിൽ  ബംഗളൂരു ആസ്ഥാനമായുള്ള EPIC Sustainability യും ഡൽഹി ആസ്ഥാനമായുള്ള Carbon Check ഉം VVB കളുടെ ഉദാഹരണങ്ങളാണ്.

ഓഫ്‌സെറ്റുകളുടെ ഉപഭോക്താക്കൾ (Buyers) 

കാർബൺ ഓഫ്‌സെറ്റുകൾ വാങ്ങുന്നതിലൂടെ ഉൽസർജനം കുറയ്ക്കാൻ  ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ സന്നദ്ധ കാർബൺ വിപണികൾ ആകർഷിക്കുന്നു. കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ (NGOs), തുടങ്ങിയവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് ഉപഭോക്താക്കൾ വരും. സുസ്ഥിരതയോടും കാർബൺ പൂജ്യത്തോടുമുള്ള  തങ്ങളുടെ പ്രതിബദ്ധത കാണിക്കുന്നതിനുള്ള ഒരു ഉപാധിയായി അവർ കാർബൺ ഓഫ്‌സെറ്റുകൾ വാങ്ങുന്നു. ഈ വാങ്ങുന്നവരിൽ നിന്നുള്ള ഡിമാൻഡാണ് സന്നദ്ധ വിപണികളുടെ ചാലകശക്തി. മൈക്രോസോഫ്റ്റ്, ഡിസ്നി, നൈക്ക് തുടങ്ങി ഓഫ്‌സെറ്റുകൾ വൻതോതിൽ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്.

ബ്രോക്കർമാർ (Brokers)

വോളണ്ടറി കാർബൺ വിപണികളിലെ ബ്രോക്കർമാർ സാധാരണ വാണിജ്യ മാർക്കറ്റുകളിൽ പ്രവർത്തിക്കുന്നത് പോലെ തന്നെ പ്രവർത്തിക്കുന്നു. ഡെവലപ്പർമാരെ ഓഫ്സെറ്റ് വാങ്ങുന്നവരുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിക്കുന്നു. ബ്രോക്കർമാർക്ക് ഓഫ്‌സെറ്റ് ക്രെഡിറ്റുകൾ വാങ്ങി, തുടർന്ന് കാർബൺ ക്രെഡിറ്റ് രജിസ്ട്രിയിലെ ക്രെഡിറ്റുകൾ അവരുടെ കക്ഷികൾക്കയി ഒരു ഫീസിനോ കമ്മീഷനോ ആയി ട്രാൻസ്ഫർ ചെയ്യുകയോ റിട്ടയർ ചെയ്യിക്കുകയോ ചെയ്യാം. ‘ക്ലൈമറ്റ് പാർട്ണർ’, ‘മൈ ക്ലൈമറ്റ്’, ‘സൗത്ത് പോൾ ഹോൾഡിംഗ്’ തുടങ്ങിയ കമ്പനികൾ സന്നദ്ധ വിപണിയിലെ ചില പ്രമുഖ ബ്രോക്കർമാരാണ്.

വിപണന സ്ഥലങ്ങളും വ്യാപാര പ്ലാറ്റ്‌ഫോമുകളും (Market places and trading platforms)

ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും വിപണന സ്ഥലങ്ങളും വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടനിലക്കാരായി പ്രവർത്തിക്കുന്നു. വോളണ്ടറി കാർബൺ ക്രെഡിറ്റുകൾക്കായുള്ള ആദ്യത്തെ സ്പോട്ട് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകളിലൊന്നായി 2009-ൽ ലണ്ടനിൽ കാർബൺ ട്രേഡ് എക്‌സ്‌ചേഞ്ച് സ്ഥാപിതമായി. വിൽപ്പനക്കാർ എക്സ്ചേഞ്ച് ഉപയോഗിച്ച് അക്കൗണ്ടുകൾ പരിപാലിക്കുകയും വെറ, ഗോൾഡ് സ്റ്റാൻഡേർഡ് മുതലായവയിൽ നിന്നുള്ള ക്രെഡിറ്റുകൾ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ലിസ്‌റ്റ് ചെയ്‌ത ക്രെഡിറ്റുകൾക്ക് വാങ്ങുന്നവർ പണം നൽകുകയും ക്രെഡിറ്റുകൾ തത്സമയം തീർക്കുകയും ചെയ്യുന്നു. എയർ കാർബൺ എക്സ്ചേഞ്ച് (Air Carbon Exchange), NCX, ക്ലോവർലി (Cloverly),  പുറോ. എർത്ത് (Puro. Earth) എന്നിവ ക്രെഡിറ്റുകൾ ട്രേഡ് ചെയ്യുന്ന മാർക്കറ്റ് സ്ഥലങ്ങളുടെ ഉദാഹരണങ്ങളാണ്.

കാർബൺ വിപണിയിലെ മറ്റ് ‘കളിക്കാർ’ 

കാർബൺ വിപണിയിൽ ഇടപെടുന്നവർ ഇനിയുമുണ്ട്.  ഉദാഹരണത്തിന്, സിൽവേരയും (Sylvera) ബെസീറോയും (BeZero) കാർബൺ ക്രെഡിറ്റുകളുടെ ഗുണനിലവാരം വിലയിരുത്തുന്ന റേറ്റിംഗ് കമ്പനികളാണ്. ടൂക്കൻ (Toucan), ഫ്ലോ കാർബൺ (Flow carbon), സിംഗിൾ എർത്ത് (Single Earth)എന്നിവ പോലുള്ള ചില കമ്പനികൾ കാർബൺ ക്രെഡിറ്റുകളെ ഡിജിറ്റൽ ടോക്കണുകളിലേക്ക് മാറ്റുന്നു. ക്രെഡിറ്റുകൾ ടോക്കണൈസ് ചെയ്‌ത ശേഷം, അവർ അവയെ വികേന്ദ്രീകൃത ധനകാര്യ (Decentralized Finance, DeFi) വിപണികളിൽ അവതരിപ്പിക്കുന്നു.

കാർബൺ പ്രോജക്റ്റുകൾ പലതരം 

ക്രെഡിറ്റ് ഉത്ഭവിക്കുന്ന മേഖലകളെ അടിസ്ഥാനമാക്കി പദ്ധതികളെ തരംതിരിക്കാം. അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കംചെയ്യൽ, ഒഴിവാക്കൽ, അല്ലെങ്കിൽ നിലവിലുള്ള ഒരു പ്രവർത്തനത്തിൽ നിന്നുള്ള എമിഷൻ കുറയ്ക്കൽ എന്നിവയായിരിക്കാം ഉദ്ദേശിച്ച ഫലങ്ങൾ. പ്രമുഖങ്ങളായ ചില പ്രോജക്റ്റുകൾ നോക്കാം.

GHG ഉദ്‌വമനം കുറയ്ക്കുന്നതിന് ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം ഈ വിഭാഗം പ്രോത്സാഹിപ്പിക്കുന്നു. സൌരോർജം, കാറ്റ്, ജലവൈദ്യുതി, ​​ജിയോതെർമൽ അല്ലെങ്കിൽ ബയോമാസ് എന്നിവയിൽ നിന്ന് ഗ്രിഡുമായി ബന്ധിപ്പിച്ച വൈദ്യുതി ഉൽപ്പാദനം സാധാരണ പദ്ധതികളിൽ ഉൾപ്പെടുന്നു. സന്നദ്ധ കാർബൺ വിപണികളിൽ ഉൾപ്പെടുന്ന ക്രെഡിറ്റുകളുടെ നല്ലൊരു പങ്ക് ഈ വിഭാഗത്തിൽ പെട്ടതാണ്. പുനരുപയോഗ ഊർജ പദ്ധതികളിൽ നിന്നുള്ള ക്രെഡിറ്റുകളുടെ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് ഏറ്റവുമധികം വഴിവെക്കുന്ന ഒന്നാണ് ഗതാഗതം.  വാഹനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയുടെ ഫോസിൽ ഇന്ധന ഉപയോഗത്തിൽ കുറവ് വരുത്തുക എന്നതാണ് തത്ത്വം. ഗതാഗത മേഖലയുടെ പരിഷ്കരണം GHG കൾ കുറക്കുന്നതിനുള്ള നല്ലൊരു പദ്ധതിയായിരിക്കും.   മിക്ക പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളിലും, പൊതുഗതാഗതത്തിനുള്ള ഊർജ്ജ കാര്യക്ഷമത പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ധനമായി ഗ്രീൻ ഹൈഡ്രജൻ  നല്ലൊരു ബദലായിരിക്കും.

വനങ്ങൾ, കണ്ടൽക്കാടുകൾ, വിളനിലങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക,  കൈകാര്യം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളെയാണ് പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾ (Nature based solutions, NbS) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. UNFCCC ചർച്ചകളിൽ, IPCC നിർദ്ദേങ്ങൾ പ്രകാരം പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളെ പൊതുവെ ‘ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റങ്ങൾ, വനവൽക്കരണം’ (LULUCF), അല്ലെങ്കിൽ കുറച്ചു കൂടി വിശാലമായി ‘കൃഷി, വനം, മറ്റ് ഭൂവിനിയോഗം’ (AFOLU) എന്ന് വിളിക്കുന്നു. പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾ (NbS) എന്ന പദം UNFCCC യുമായി ബന്ധപ്പെട്ട് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 2022-ൽ COP27-ന്റെ കവർ ടെക്‌സ്‌റ്റിലാണ്.    സാമൂഹികവും പാരിസ്ഥിതികവുമായ സംരക്ഷണങ്ങൾ ഉറപ്പാക്കിക്കൊണ്ട് കാർബൺ ലഘൂകരണത്തിനും പൊരുത്തപ്പെടലിനുമായുള്ള പ്രവർത്തനങ്ങൾക്കായി NbS അല്ലെങ്കിൽ ഇക്കോസിസ്റ്റം അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾ പരിഗണിക്കാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ഓഫ്സെറ്റ് ക്രെഡിറ്റുകളുടെ നല്ലൊരു പങ്ക് ഈ വിഭാഗത്തിൽ വരുന്നുണ്ട്.  ഇക്കൂട്ടത്തിൽ ക്ലീൻ കുക്ക്സ്റ്റൗ പ്രോജക്ടുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഗാർഹിക, കമ്മ്യൂണിറ്റി ഉപകരണങ്ങളുടെ പ്രോജക്റ്റ്റുകൾ പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് പ്രയോജനം ചെയ്യുന്നതിനും അവരുടെ അറിവ് ഉപയോഗിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയകളിൽ അവരെ ഉൾപ്പെടുത്തുന്നതിനും ഉപകരിക്കുന്നു. ഈ പദ്ധതികൾക്ക് കേവലം കാർബൺ ബഹിർഗമനം ഒഴിവാക്കുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങളുണ്ട്.

ഈ വിഭാഗത്തിൽ കാർബൺ പിടിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്ന പ്രോജക്റ്റുകൾ ഉൾപ്പെടുന്നു. ‘കാർബൺ ക്യാപ്‌ചർ ആൻഡ് സ്‌റ്റോറേജ്’ (CCS) എന്നത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കാർബൺ ഡൈ ഓക്‌സൈഡ് (CO2) ഉദ്‌വമനം പിടിച്ചെടുക്കുകയും വേർതിരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. വ്യാവസായിക പ്രവർത്തനങ്ങൾ, വൈദ്യുത നിലയങ്ങൾ, മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ള CO2 ശേഖരിക്കുകയും അത് സ്ഥിരമായി സംഭരിച്ചിരിക്കുന്ന ഒരു സംഭരണ ​​സൈറ്റിലേക്ക്, സാധാരണയായി ഭൂഗർഭത്തിലേക്ക്, കൊണ്ടുപോകുകയും ചെയ്യുന്നു. മലിനീകരണം കൂടുതലുള്ള വ്യവസായങ്ങളിൽ നിന്നുള്ള ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെയും നിലവിലുള്ള ഇൻഫ്രാസ്ട്രക്ചറിൻ്റെ പുനർനിർമ്മാണത്തിലൂടെയും CCS ആപ്ലിക്കേഷനുകൾക്ക് ഡീകാർബണൈസേഷനെ പിന്തുണയ്ക്കാൻ കഴിയും.

മാലിന്യ മേഖലയിൽ നിന്നുള്ള പദ്ധതികൾ എമിഷൻ കുറക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. പരിസ്ഥിതിയിലും മനുഷ്യന്റെ ആരോഗ്യത്തിലും അതിന്റെ ആഘാതം കുറയ്ക്കുന്നതിന് മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉൽപ്പാദന ശൃംഖലയുടെ അവസാന ഭാഗമായി മാലിന്യം സംസ്കരിക്കുന്നതിനുപകരം, ഈ പദ്ധതികൾ മാലിന്യങ്ങൾ ഉപയോഗിച്ച് ഊർജ്ജ സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും പ്രവർത്തിക്കുന്നു.

കണ്ടൽക്കാടുകൾ, ഉപ്പ് ചതുപ്പുകൾ (salt marshes), കടൽപ്പുല്ലുകൾ തുടങ്ങിയ ലോകത്തിലെ തീരദേശ, സമുദ്ര ആവാസവ്യവസ്ഥകളിൽ സംഭരിച്ചിരിക്കുന്ന കാർബൺ ഡൈഓക്സൈഡിനെ  സൂചിപ്പിക്കാനാണ് ബ്ലൂ  കാർബൺ എന്ന പദം ഉപയോഗിക്കുന്നത്. മൊത്തം സമുദ്രോപരിതലത്തിന്റെ ഏകദേശം 2.0 ശതമാനം മാത്രമേ അവ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും  സമുദ്രത്തിലെ ആകെ കാർബൺ ആഗിരണത്തിന്റെ 50 ശതമാനം വരും(6). ഉദാഹരണത്തിന്, ഒരു ഹെക്ടർ കണ്ടൽക്കാടുകൾ കരയിലെ സമാനമായ വനപ്രദേശത്തേക്കാൾ അഞ്ചിരട്ടി കാർബൺ സംഭരിക്കുന്നു. ബ്ലൂ  കാർബൺ ആവാസവ്യവസ്ഥയുടെ കാർബൺ വേർതിരിക്കലും സംഭരണവും പ്രതിവർഷം 190 ശതകോടി ഡോളർ മൂല്യമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഉയർന്ന നിലവാരമുള്ള ബ്ലൂ കാർബൺ ക്രെഡിറ്റുകൾ വിപണിയിൽ എത്തിക്കുന്നതിനും നല്ല വില നേടുന്നതിനുമുള്ള പ്രോജക്ടുകൾ വികസിപ്പിക്കുന്നതിന് ലോകബാങ്ക് സർക്കാരുകളെ പിന്തുണയ്ക്കുന്നു.

  1. Carbon credits.com 2024. The Ultimate Guide to Understanding Carbon Credits.  >>>
  2. GOI [Govt of India] 2023.  Gazette notification on ‘Carbon Credit Trading Scheme, 2023’. >>>
  3. GOI [Govt of India] 2023.  Gazette notification on Amendments to the Carbon Credit Trading Scheme, 2023. >>>
  4. Dev, T. and Krishnamurthy, R. 2023. Discredited: The Voluntary Carbon Market in India: Do People and Climate Benefit? Centre for Science and Environment, New Delhi, 123p. >>>
  5. de León Baridó, P. P.,   Nielsen, J., Porsborg-Smith, A.,   Pineda, J., Owolabi, B., and Gordon, M. 2023. In the voluntary carbon market, buyers will pay for quality. Boston Consulting Group, 20p.  >>>
  6. Sridhar, S. and Purwar, A.  2024. Harnessing Blue Carbon: A Key Strategy for Sustainable Development and Mitigating Climate Change. 15 Jan. 2024 Blog, Blue Sky Analytics. >>>

CLIMATE DIALOGUE

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൈക്രോ ആർ.എൻ.എ-യ്ക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം
Next post ഫിസിക്സ് നൊബേൽ പുരസ്കാരം 2024 – നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
Close