Read Time:15 Minute

ബ്രിട്ടീഷ് ഇംഗ്ലീഷ് വഴി നമ്മൾ അറിയുന്ന ‘ബിസ്ക്കറ്റ്’ എന്ന പദത്തിന്റെ അമേരിക്കൻ വകഭേദം ആണ് ‘കുക്കി’ (cookie). ബേക്കറികളിലൊക്കെ ചോക്ലേറ്റ് ചിപ്പ് കുക്കികൾ പലരും കണ്ടിരിക്കും. അത്ര തന്നെ സ്വാദിഷ്ടമല്ലാത്തതാണെങ്കിലും നമ്മുടെ ഇന്റർനെറ്റ് ജീവിതത്തിൽ നിരന്തരം കാണുന്ന ഒന്നാണ് ബ്രൗസർ കുക്കികൾ (internet or browser cookies).


പുതിയതായി ഒരു വെബ്‌സൈറ്റിൽ പോവുമ്പോൾ ‘നിങ്ങൾ കുക്കികൾ സ്വീകരിക്കാൻ തയ്യാറുണ്ടോ’ എന്നൊരു ചോദ്യം പലരും കണ്ടിരിക്കും. അധികമൊന്നും ആലോചിക്കാതെ പലരും ആ ചോദ്യത്തിന് ‘അതെ’ എന്ന് ഉത്തരം മൂളി മുന്നോട്ട് പോകും. എന്താണീ കുക്കികൾ? അവയുടെ ഉപയോഗം എന്താണ്? എന്തുകൊണ്ട് അത് ഉപയോഗിക്കാൻ നമ്മുടെ അനുവാദം ചോദിക്കുന്നു? എല്ലാത്തരം കുക്കികളും ഉപയോഗിക്കാൻ നാം അനുവാദം കൊടുക്കേണ്ടതുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ

ഒരു ബ്രൗസറും വെബ്സൈറ്റും തമ്മിലുള്ള ആശയ വിനിമയം (request – response) സ്റ്റേറ്റ്ലെസ്സ് (stateless) ആയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്ന് വെച്ചാൽ, ബ്രൗസർ (അതിലൂടെ നമ്മൾ) ആവശ്യപ്പെടുന്ന ഒരു വെബ്സൈറ്റ് നൽകി കഴിഞ്ഞാൽ, ബ്രൗസറോ വെബ് സെർവറോ ഒന്നും ഓർത്തിരിക്കുന്നില്ല. അങ്ങനെ നൂറ് ശതമാനം ഓർമയില്ലായ്മയിലൂടെയാണ് ഇവർ പ്രവർത്തിക്കുന്നതെങ്കിൽ, അതിലൊരു ബുദ്ധിമുട്ടുണ്ട്. അതെന്താണെന്ന് മനസ്സിലാക്കുന്നതിന് പേഴ്സണലൈസേഷൻ (personalization), കസ്റ്റമൈസേഷൻ (customization) എന്നീ വാക്കുകൾ അറിഞ്ഞിരിക്കണം. 

ഒരേ വെബ്സൈറ്റ് ഒരു മൊബൈൽ ഫോണിലെ ബ്രൗസറിലും ലാപ്ടോപ്പിലെ ബ്രൗസറിലും തുറന്നാൽ അവ പ്രദർശിപ്പിക്കപ്പെടുന്ന വിധം വേറെ ആയിരിക്കും. സ്‌ക്രീനിന്റെ നീളവും വീതിയും അനുസരിച്ച് കൂടുതൽ ഉപയോഗയോഗ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നത് കൊണ്ടാണ് ഈ വ്യത്യാസം സംഭവിക്കുന്നത്. അപ്പോൾ വെബ്സൈറ്റ് ആവശ്യപ്പെടുന്ന യൂസർ മൊബൈൽ ഫോണാണോ ലാപ്ടോപ്പാണോ ഉപയോഗിക്കുന്നത് എന്ന് സെർവറിന് അറിയണം. അതേ പോലെ, രണ്ട് ആളുകൾ ഒരേ വെബ്സൈറ്റ് തുറക്കുമ്പോൾ ആ രണ്ട് പേരും കാണുന്നത് ഒന്നുതന്നെ ആവണമെന്നില്ല. ആ ആളുകൾ രണ്ട് രാജ്യക്കാരാണെങ്കിൽ ചിലപ്പോൾ അവരവരുടെ ഭാഷയിൽ ഉള്ള വെബ്സൈറ്റ് ആവും അവർക്ക് നൽകുക. അത് പോലെ കൂടുതൽ ഇന്റർനെറ്റ് സ്പീഡ് ഉള്ള ഒരാൾക്ക് കൂടുതൽ വിവരങ്ങളോട് കൂടിയും (കൂടുതൽ ചിത്രങ്ങൾ ഒക്കെ ആയി) കുറഞ്ഞ ഇന്റർനെറ്റ് സ്പീഡ് ഉള്ള ഒരാൾക്ക് അത്യാവശ്യം വേണ്ട വിവരങ്ങൾ മാത്രമായും ചിലപ്പോൾ  ഒരേ വെബ്സൈറ്റ് പ്രദര്ശിപ്പിക്കപ്പെടാറുണ്ട്. ഇങ്ങനെ ഉള്ളടക്കത്തിനെ (content) വ്യക്തിവൽക്കരിക്കുന്നതിനെ ആണ് പേഴ്സണലൈസേഷൻ അഥവാ  കസ്റ്റമൈസേഷൻ എന്ന് പറയുന്നത്.

ഇന്റർനെറ്റ് ആശയവിനിമയത്തിലുള്ള ‘ഓര്‍മയില്ലായ്മ’ ഇത്തരം വ്യക്തിവൽക്കരണത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. വ്യക്തിവൽക്കരണം എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്നത് അല്പം സമയമെടുക്കുന്ന പരിപാടി ആണ് (ഒരു പക്ഷെ സെക്കന്റുകൾ). ഈ പ്രക്രിയ നമ്മൾ ഓരോ തവണയും ഒരു  വെബ്‌സൈറ്റിൽ പോവുമ്പോൾ നടക്കുകയാണെങ്കിൽ, അതുമൂലമുണ്ടാവുന്ന വേഗതക്കുറവ് നമ്മളെ അലോസരപ്പെടുത്താൻ വഴിയുണ്ട്. ഓരോ യൂസറിനും എത്തരത്തിലുള്ള വ്യക്തിവൽക്കരണമാണ് നടത്തിയത് എന്ന് ഓർത്തിരിക്കാൻ കഴിഞ്ഞാൽ ഈ കുറവ് പരിഹരിക്കാനാവും. ആ ‘ഓർത്തിരിക്കൽ’ ആണ് ബ്രൗസർ കുക്കി വഴി സാധ്യമാവുന്നത്. 1994-ൽ ലു മോൺടുലി (Lou Montulli) എന്ന കമ്പ്യൂട്ടർ എഞ്ചിനീയർ ആണ് ബ്രൗസർ കുക്കി എന്ന ആശയം മുന്നോട്ട് വെച്ചത്.  ഏറ്റവും ആദ്യത്തെ ബ്രൗസറുകളിൽ ഒന്നായ ലിങ്ക്സ് (Lynx)  വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ആളാണ് ലു.

ഇത് പോലെ ‘ഓർത്തിരിക്കൽ’ വഴി സാധ്യമാവുന്ന മറ്റൊരു സംഭവം ആണ് സെഷൻ മാനേജ്‌മെന്റ് (session management). സാധനങ്ങൾ ഇന്റർനൈറ്റിലൂടെ വാങ്ങിക്കുന്ന വെബ്സൈറ്റുകളിൽ എല്ലാം ഒരു ഷോപ്പിംഗ് കാർട്ട് നമ്മൾ കണ്ടിരിക്കും. ഇത്തരം ഒരു ഷോപ്പിംഗ് കാർട്ടിലേക്ക് നമ്മൾ എടുത്തിടുന്ന സാധനങ്ങൾ കുറേ നേരം കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കുന്നത് കാണാൻ കഴിയും. ഒരു പക്ഷെ ബ്രൗസർ ക്ലോസ് ചെയ്ത് വീണ്ടും തുറന്നാൽ പോലും. ബ്രൗസർ വഴി ഒരു സമയ പരിധിക്കുള്ളിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളെ ഓർത്തിരിക്കലാണ് സെഷൻ മാനേജ്‌മെന്റ് എന്ന് ലളിതമായി പറയാം. ഇതിനും ബ്രൗസർ കുക്കി സഹായകമാവും.

ഇനി ബ്രൗസർ കുക്കി എന്താണെന്നും മേലെ പറഞ്ഞ സംവിധാനങ്ങളൊക്കെ അത് വഴി എങ്ങനെ നടക്കുന്നുവെന്നും നമുക്ക് നോക്കാം.  ഒരു വെബ്സൈറ്റ് അഡ്രസ്സ് ബ്രൗസറിൽ ടൈപ്പ് ചെയ്യുമ്പോൾ, ബ്രൗസർ അത് ഒരു റിക്വസ്റ്റ് ആയിട്ടാണ് സെർവറിലേക്ക് അയക്കുന്നത്. വെബ്സൈറ്റിലെ വിവരങ്ങൾ (content) സെർവർ തിരിച്ചയക്കുന്നത് അതിനുള്ള മറുപടി അല്ലെങ്കിൽ റെസ്പോൺസ് ആയിട്ടാണ്. ആ റെസ്പോണ്സിനൊപ്പം അയക്കുന്ന മറ്റൊരു ചെറിയ കഷ്ണം ഡാറ്റ ആണീ കുക്കി. നമ്മൾ ഉപയോഗിക്കുന്ന ബ്രൗസർ ഈ കുക്കി അത് അയച്ച വെബ്സൈറ്റുമായി ബന്ധപ്പെടുത്തി ഓർത്തു വെക്കും. നമ്മൾ ഓരോ തവണ അതേ വെബ്സൈറ്റ് സന്ദർശിക്കുമ്പോളും ബ്രൗസർ നേരത്തേ  പറഞ്ഞ റിക്വസ്റ്റിനൊപ്പം ഈ കുക്കിയും സെർവറിലേക്ക് അയക്കും. അതായത്, നമ്മൾ നേരത്തേ കണ്ട വ്യക്തിവൽക്കരണത്തെ പറ്റിയുള്ള വിവരങ്ങളോ ഷോപ്പിംഗ് കാർട്ടിലെ സാധനങ്ങളുടെ വിവരമോ സെർവർ കുക്കി ആയി അയച്ചാൽ നമ്മൾ ഉപയോഗിക്കുന്ന ബ്രൗസർ അത് സൂക്ഷിച്ച് വെച്ച് അടുത്ത തവണത്തെ റിക്വസ്റ്റിനൊപ്പം അയക്കും. ഇങ്ങനെയാണ് ഇന്റർനെറ്റ് ആശയവിനിമയത്തിലെ ഓർമയില്ലായ്മയെ ബ്രൗസർ കുക്കി പരിഹരിക്കുന്നത്. 

ഫസ്റ്റ് പാർട്ടി കുക്കിയും തേർഡ് പാർട്ടി കുക്കിയും

അടുത്തതായി ഫസ്റ്റ് പാർട്ടി കുക്കി, തേർഡ് പാർട്ടി കുക്കി എന്നൊരു വേർതിരിവിനെ കുറിച്ച് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. ബ്രൗസറിൽ നമ്മൾ ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, അങ്ങേ ഭാഗത്ത് ഒന്നിലധികം ആളുകൾ (സെർവറുകൾ) ഉണ്ടാവും എന്നതാണ് വസ്തുത. ഒരു പേജിൽ കാണുന്ന പരസ്യങ്ങൾ ആണ് പ്രധാനമായും മറ്റ് സെർവറുകളിൽ നിന്ന് വരുന്നത്. നമ്മൾ സന്ദർശിക്കാൻ ഉദ്ദേശിച്ച സെർവറിനെ ഫസ്റ്റ് പാർട്ടി എന്നും പരസ്യങ്ങൾ പോലുള്ള വിവരങ്ങൾ അതേ പേജുവഴി നമ്മളിലേക്ക് അയക്കുന്ന സെർവറുകളെ തേർഡ് പാർട്ടി എന്നും വിളിക്കാം. ഇതിൽ ആര് അയക്കുന്നു എന്നത് അനുസരിച്ച് കുക്കികളെയും ഫസ്റ്റ് പാർട്ടി കുക്കി എന്നും, തേർഡ് പാർട്ടി കുക്കി എന്നും വേർതിരിച്ച് വിളിക്കാറുണ്ട്. ഫസ്റ്റ് പാർട്ടി കുക്കികൾ വ്യക്തിവൽക്കരണം, സെഷൻ മാനേജ്‌മന്റ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുമ്പോൾ,  തേർഡ് പാർട്ടി കുക്കികൾ നമ്മൾ ഇൻറർനെറ്റിൽ എന്ത് ചെയ്യുന്നു എന്ന് നോക്കി അതിനനുസരിച്ചുള്ള പരസ്യങ്ങൾ നമ്മളെ കാണിക്കാനാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ നമ്മുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം കൊണ്ടാണ് തേർഡ് പാർട്ടി കുക്കികൾ ചിലപ്പോൾ അപകടകാരികളാവുന്നത്. 

കുക്കികളെ എങ്ങനെ കൈകാര്യം ചെയ്യണം ?

ഇത്രയും മനസ്സിലായി കഴിഞ്ഞാൽ അടുത്ത ചോദ്യം കുക്കികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ്. ഇൻറർനെറ്റിൽ പൊതുവേ  ചെയ്യേണ്ടത്, വിശ്വസനീയമായ വെബ്സൈറ്റുകൾ മാത്രം സന്ദർശിക്കുക എന്നതാണ്. അവയെല്ലാം കുക്കികൾ ഉപയോഗിക്കാനായി നമ്മുടെ അനുവാദം ചോദിക്കും. നമ്മുടെ അനുവാദമില്ലാതെ നമ്മളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാടില്ല എന്ന് പല രാജ്യങ്ങളിലും നിയമമുണ്ട്. അത്തരം നിയമങ്ങളിൽ പ്രമുഖമായ ഒന്നാണ് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR). കുക്കികൾ ഉപയോഗിക്കാൻ നമ്മുടെ അനുവാദം ആവശ്യപ്പെടുമ്പോൾ അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കുക എന്നതാണ് രണ്ടാമതായി ചെയ്യേണ്ടത്. താഴെ കാണുന്ന ചിത്രത്തിൽ ഗാർഡിയൻ എന്ന പ്രശസ്തമായ കമ്പനിയുടെ വെബ്സൈറ്റിൽ കുക്കി ഉപയോഗിക്കാനുള്ള അനുവാദം ചോദിക്കുന്ന  ചോദ്യത്തിന്റെ വിശദരൂപമാണ്.

 ‘Manage or reject cookies’ എന്ന ബട്ടൺ ക്ലിക്ക് ചെയ്‌താൽ ഈ വിശദരൂപത്തിലേക്ക് എത്താൻ സാധിക്കും. അത് നോക്കിയാൽ കുക്കികൾ വെച്ച് ഇവർ എന്തെല്ലാം ചെയ്യുന്നു എന്നതിന്റെ ഒരു ഏകദേശ രൂപം നമുക്ക് കിട്ടും. 

ഒരു യൂസറിനെ ആസ്പദമാക്കി എന്തെല്ലാം  പേഴ്സണലൈസേഷൻ ചെയ്യണം, അവർക്ക് എന്ത് പരസ്യങ്ങൾ കാണിക്കണം, അങ്ങനെ കാണിക്കുന്ന പരസ്യങ്ങൾ എത്രത്തോളം ഫലവത്താണ് എന്നിവയെ പറ്റിയെല്ലാം ഡാറ്റ ശേഖരിക്കപ്പെടുന്നുണ്ട് എന്ന് നമുക്ക് ഇതിൽ നിന്ന് മനസ്സിലാവും. ഇങ്ങനെ നമ്മളോട് കാര്യങ്ങൾ വിശദമാക്കാൻ ഈ വെബ്സൈറ്റുകൾ എല്ലാം നിയമപ്രകാരം ബാധ്യസ്ഥരാണ്. വെബ്സൈറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ കുക്കികൾ നിർബന്ധമായും അനുവദിക്കണം എന്ന് മിക്ക വെബ്സൈറ്റുകളും ആവശ്യപ്പെടും. ബാക്കി പരസ്യ സംബന്ധിയായ തേർഡ് പാർട്ടി അല്ലെങ്കിൽ പാർട്ണർ കുക്കികളെ അനുവദിക്കാതിരിക്കുക എന്നതാണ് നമ്മുടെ സുരക്ഷിതത്വത്തിന് നല്ലത്. 

ഇന്റർനെറ്റ് ഉപയോഗവും നമ്മുടെ സ്വകാര്യതയും പരസ്യങ്ങളും എല്ലാം വളരെ ബന്ധപ്പെട്ട് കിടക്കുന്ന ആശയങ്ങളാണ്. ആ ശ്രേണിയിലെ ഒരു പ്രധാന കണ്ണിയാണ് ഈ കുക്കികൾ. കുക്കികളെ കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാൻ ഈ ലേഖനത്തിന് കഴിഞ്ഞു എന്ന് കരുതുന്നു.


മറ്റു ലേഖനങ്ങൾ

Happy
Happy
41 %
Sad
Sad
0 %
Excited
Excited
35 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
24 %

Leave a Reply

Previous post mRNA വാക്സിനുകളുടെ പ്രസക്തി – ഡോ.ടി.എസ്. അനീഷ്
Next post മാനസികാരോഗ്യം മനുഷ്യാവകാശം – പാനൽ ചർച്ച
Close