പുള്ളുനത്തെന്ന പുള്ളി അത്ര ചെറിയ പുളളിയേയല്ല. പുള്ളുകൾക്കിടയിലെ നത്തും നത്തുകൾക്കിടയിലെ പുള്ളും ആണിവർ. അതായത് കഴുത്തിനു മേലേക്ക് നത്തെന്നും കഴുത്തിന് താഴേക്ക് പുള്ളെന്നും വേണമെങ്കിൽ വിളിക്കാം.
ബൗൺ ഹോക്ക് ഔൾ അല്ലെങ്കിൽ ബ്രൗൺ ബുബുക് എന്നാണിതിന് ഇംഗ്ലീഷ് വിളിപ്പേര്. ഈ കുടുംബത്തിലെ മൂങ്ങകളെയെല്ലാം ബുബുക് എന്നാണ് വിളിച്ചു പോരുന്നത്. ബുബുക് എന്ന പേരിന് കിഴക്കേ ആസ്ട്രേലിയയിലെ ഇയോറ ആദിമ ഗോത്രത്തോളം പഴക്കമുണ്ടത്രേ!. അവിടെ എട്ടിനം വ്യത്യസ്ത ബുബുക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ട് ഇതേ വരെ. ഇവയിൽ കിഴക്കേ ആസ്ട്രേലിയയിലെ വളരെ വ്യത്യസ്തമായതും ഏറ്റവും വലുതുമായതുമായ മൂങ്ങയാണ് പവർഫുൾ ഔൾ എന്ന ബുബുക്. ഇത്തരം മൂങ്ങകളെ ഇയോറ ഗോത്രക്കാർ അവരുടെ കുടുംബത്തിൽ നിന്ന് മരിച്ചു പോകുന്ന ആത്മാക്കളായാണ് കരുതി പോന്നിരുന്നത്. നമ്മുടെ അധോലോകക്കാർക്ക് എന്തെല്ലാം കഥകളാണല്ലേ?
ആദ്യമായി പുള്ളുനത്തിനെ കണ്ടെത്തിയത് സുമാത്രയിൽ നിന്ന് 1822 ൽ സ്റ്റാംഫോർഡ് റാഫ്ൾസ് ആണെങ്കിലും 1837 ൽ ഇംഗ്ലീഷ് പ്രകൃതി നിരീക്ഷകനായ ബ്രയാൻ ഹൂട്ടൺ ഹോഡ്ജ്സൺ ആണ് ബുബുക് എന്ന സവിശേഷമായ കൂട്ടത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ആസ്ട്രേലിയയിലും ന്യൂസിലാൻ്റിലും ടാസ്മാനിയയിലും ക്രിസ്മസ് ദ്വീപിലും സോളമൻ ദ്വീപിലും ഫിലിപ്പൈൻ, ഇന്തോനേഷ്യൻ, ആന്തമാൻ ദ്വീപസമൂഹങ്ങളിലും മ്യാൻമാർ – തായ് ലന്റ് – വിയറ്റ്നാം – മലേഷ്യ എന്നീ രാജ്യങ്ങളിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എല്ലാം ചേർന്ന് 35 ഓളം ബുബുക്കുകളെ പക്ഷിനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ഓരോ ദ്വീപുകളിലെയും ഓരോ വ്യത്യസ്തമായ ഒരു ഇനം എന്ന മട്ടിൽ വൈവിധ്യം ഇവക്കിടയിലുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടു സംഭവിച്ച ദ്വീപുകളുടെ ചലനം മൂലം ഒറ്റപ്പെട്ട് വ്യത്യസ്തമായി പരിണമിച്ചുണ്ടായവ ആകാം ഇവയോരോന്നും. ബുബുക് അഥവാ പുള്ളുനത്ത് എന്നു പേരുള്ളവയെയെല്ലാം നൈനോക്സ് എന്ന ജീനസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം സ്ട്രൈഗിഡേ കുടുംബക്കാരാണ്. അതായത് മൂങ്ങകളിൽ തനതായ ആദിമവംശക്കാർ .
ഇക്കൂട്ടരുടെ രാത്രിഞ്ചര കഴിവുകൾക്കു കിട്ടിയ ഒരംഗീകാരം ഇതാ- ആസ്ട്രേലിയൻ പട്ടാളത്തിന്റെ രാത്രിക്കാഴ്ച സാധ്യമാക്കാനുള്ള സാങ്കേതിക വിദ്യക്ക് ആകെപ്പാടെ പ്രൊജക്റ്റ് നൈനോക്സ് എന്നാണ് പേര്. ഇപ്രകാരം നമ്മുടെ പുള്ളുനത്ത് ആഗോളതലത്തിൽ തന്നെ ഒരു വലിയ പുളളിയാണെന്ന് മനസ്സിലായിക്കാണുമല്ലോ. തമാശ തോന്നുന്ന മറ്റൊരു കാര്യം ലോകത്താകെ 35 ഹോക് ഔളുകൾ ഉണ്ടെങ്കിലും വടക്കൻ അർദ്ധഗോളത്തിൽ കാണുന്ന നോർത്തേൺ ഹോക് ഔൾ സത്യത്തിൽ ഒരു ഹോക് ഔളേയല്ല. പിഗ്മി ഔളെന്ന കുഞ്ഞൻ മൂങ്ങകളുടെ വംശാവലിയിലാണ് അയാളെ ഉൾപ്പെടുത്തിയിട്ടുള്ളത്. വേഷം മാറി നടക്കുന്ന ഒരു വിരുതൻ -അല്ലേ?
പുള്ളുനത്തിന്റെ പാട്ട് കേൾക്കാം
ബൂ…ബുക്ക് ബൂ…ബുക്ക് എന്ന് രാവിലെയും രാത്രിയും ആവർത്തിച്ച് കേൾക്കാം ഇവരുടെ ഗാനം. ഇതായിരിക്കണം ബുബുക്ക് എന്ന പേര് ഇവക്ക് നേടിക്കൊടുത്തത്. ഇന്ദുചൂഡൻ മാഷ് ഇതിനെ കുറച്ചു കൂടി കൃത്യമായി കൂ…വപ്പ് കൂ…വപ്പ് എന്നാണെന്ന് പറയുന്നുണ്ട്. ഏറെക്കുറെ പുള്ളിനെപ്പോലെ (falcons) യുള്ള ശരീരഘടനയാണിവക്ക്. നീണ്ടുയർന്ന ശരീരവും നീണ്ട, കുറുകെ പട്ടകളുള്ള വാലും ഇവയിൽ കാണാം. നിശ്ചിതമായ മുഖഫലകം ഇവയിൽ കാണുകയേയില്ല. മറിച്ച് ഉരുണ്ട ചാരനിറത്തിലുള്ള തലയും വലിയ മഞ്ഞക്കണ്ണുകളും ഒറ്റനോട്ടത്തിൽ ശ്രദ്ധ ആകർഷിക്കും. ബ്രൗൺ നിറത്തിലുള്ള മുതുകും വെള്ളയിൽ ബ്രൗൺ പുള്ളികളുള്ള നെഞ്ചും വയറുമുണ്ട് ഇവക്ക്. കണ്ണുകൾക്കു നടുവിലായി കൊക്കിനു മുകളിൽ കൂട്ടു പുരികം പോലെ നരച്ചൊരു ത്രികോണാകൃതിയിലുള്ള ഭാഗം കാണാം. ചാരനിറത്തിലുള്ള ചെറിയ കൊക്കാണിവയ്ക്ക്. പുള്ളുകളെപ്പോലെ താണു പറന്നും ചിറകടിക്കാതെ തെന്നിനീങ്ങിയും ആണിവ ഇരപിടിക്കുന്നത്. മേഘാവൃതമായ പകലുകളിലും സജീവമായി കാണാറുണ്ട്. ഒരു കൊമ്പിലിരുന്ന് മുകളിലേക്ക് ചാടിയും പറന്നു കൊണ്ട് വായുവിൽ വച്ചും ഇരപിടിക്കുന്നതിൽ മിടുക്കരാണിവ. എല്ലാം ചേർത്തു വായിക്കുമ്പോൾ വളരെ സാമർത്ഥ്യക്കാരനായ ഒരു മൂങ്ങയെന്നു നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റുപറയാനാവില്ല -കാരണം ശരിക്കും അതിസമർത്ഥരായ വേട്ടക്കാർ തന്നെയാണിവർ.
നൈനോക്സ് സ്കുട്ടുലേറ്റ എന്ന നമ്മുടെ നാട്ടിൽ കാണുന്ന പുള്ളുനത്ത് കൂടാതെ ബ്രൗൺ ഹോക്ക് ഔളുകളിൽ എട്ട് ഉപവിഭാഗങ്ങൾ കൂടിയുണ്ട്. പതിമൂന്ന് ഇഞ്ചു വരെയാണ് സാധാരണ വലിപ്പം. എന്നാൽ നേരത്തേ പറഞ്ഞ ആസ്ട്രേലിയൻ സഹോദരൻ പവർഫുൾ ഔളിന് 26 ഇഞ്ചു വരെ വലിപ്പമുണ്ട്. നീണ്ട വാലും പുള്ളുകളെപ്പോലെ ചിറകടിച്ചു പറക്കാനുള്ള കഴിവും ഇവരെ മികച്ച വേട്ടക്കാരാക്കി മാറ്റുന്നുണ്ട്. സന്ധ്യ കഴിഞ്ഞ് നല്ല വൃക്ഷ നിബിഢമായ പ്രദേശങ്ങളിൽ ഇവ തുടർച്ചയായി പറന്ന് ഇരപിടിക്കുന്നത് കാണാം. പൊതുവെ രാവിലെയും സന്ധ്യക്കും സജീവമാകുന്ന (crepuscular)കൂട്ടരാണിവ. രാത്രി വൈകുവോളവും സജീവമായി കാണാറുമുണ്ട്. നിശാശലഭങ്ങൾ, പുൽച്ചാടികൾ പോലെയുള്ള മറ്റു ഷഡ്പദങ്ങൾ, എലികൾ, ചെറിയ ഉരഗങ്ങൾ എന്നിവയെല്ലാം മെനുവിൽ ഉൾപ്പെടും. ഏപ്രിൽ മെയ് ജൂൺ മാസങ്ങളിലാണ് പ്രജനനകാലം. വല്ലാതെ ഉയരമില്ലാത്ത മരപ്പൊത്തുകളിലാണ് കൂടു വയ്ക്കൽ.
ഒരേ ഇണയെ മാത്രം വരിക്കുന്ന ഇവ പ്രജനനകാലത്ത് കൂവപ്പ് കൂവപ്പെന്ന് നിരന്തരം പാടിക്കൊണ്ടേയിരിക്കും. ആണും പെണ്ണും മാറി മാറി പാടിപ്പാടി ആ പ്രദേശത്തുള്ള പുള്ളു നത്തുകളെല്ലാം കൂടെപ്പാടി ഒടുവിൽ ഒരു കോറസ് പരിപാടിയായി അതു പരിണമിക്കും. എവിടെയൊക്കെ ബുബുക് പാടിത്തുടങ്ങുന്നുവോ അവിടെയൊക്കെ ഇടയ്ക്കെപ്പോഴെങ്കിലും ചെമ്പൻ നത്തോ പുള്ളി നത്തോ ഞാനിവിടെ ഉണ്ടെന്ന് അറിയിക്കുന്നത് കേൾക്കാറുണ്ട്.
മുട്ടകൾ വിരിയും വരെ അടയിരിക്കുന്ന ജോലി അമ്മയുടേതും അമ്മക്കു വേണ്ട ഭക്ഷണം എത്തിക്കുന്ന ജോലി അച്ഛന്റേതും ആണ്. വയനാട് 2012 ആഗസ്ത് മാസത്തിൽ ഒരു പുള്ളുനത്ത് കുടുംബത്തെ കണ്ടതോർക്കുന്നു. ഒരരുവിയുടെ കരയിൽ നിലാവിൽ ചെറിയ അനക്കം കണ്ടാണ് ശ്രദ്ധിച്ചത്. അച്ഛനും അമ്മയും ചേർന്ന് തുടർച്ചയായി നിശാശലഭങ്ങളെയും ഷഡ്പദങ്ങളെയും പിടിച്ചു കൊണ്ടുവന്ന് കുഞ്ഞുങ്ങളെ ഊട്ടുകയായിരുന്നു. നിശാശലഭങ്ങളുടെ ചിറകെല്ലാം പറിച്ചു കളഞ്ഞ് ശരീരം മാത്രമായിരുന്നു കുഞ്ഞുങ്ങൾക്ക് കൊടുത്തിരുന്നത്. വെളിമ്പ്രദേശങ്ങൾ അതിരിടുന്ന അധികം ഉയരമില്ലാത്ത മരങ്ങളുടെ തുറന്ന കൊമ്പുകളാണ് ഇരപിടിക്കും നേരം ഇരിപ്പിടമായി തിരഞ്ഞെടുക്കാറ്. 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇവയെ കാണാനാവും. പകൽ ഇലച്ചാർത്തുകൾക്കിടയിലും വള്ളിപ്പടർപ്പുകൾക്കിടയിലും ഒളിച്ചിരിക്കും. ആരെങ്കിലും ശല്യപ്പെട്ടുത്തിയാൽ ഉടനടി അവിടെ നിന്ന് മാറിയിരിക്കാനും ഇവർക്ക് മടിയില്ല. ഇവയെ ഒരു കാട്ടു പക്ഷിയെന്ന് പറയാനാവില്ല, കാരണം നാട്ടിൻപുറങ്ങളിൽ ധാരാളം മരങ്ങളുള്ളിടത്തും പാടത്തും വിളക്കു കാലുകളിലുമൊക്കെ സജീവമായി ഇക്കൂട്ടരെ കാണാറുണ്ട്.
ചെറു പക്ഷികളെപ്പോലും വേട്ടയാടിപ്പിടിച്ച് തട്ടിവിടാനും നമ്മുടെ കക്ഷിക്ക് മടിയില്ല. തട്ടേക്കാട് വച്ച് ഒരിക്കൽ രാവിലെ എട്ടു മണിക്ക് ഒരു പുള്ളുനത്തിനെ കണ്ട സമയത്ത് അതിന്റെ കാലിൽ ഒരു പക്ഷിയിരിപ്പുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ സ്ലേറ്റി ബ്രസ്റ്റഡ് റേൽ എന്ന, അത്ര സാധാരണ കാണാത്ത പക്ഷിയായിരുന്നു അത്. ഈ പക്ഷിയെങ്ങനെ എന്റെ കാലിന്നടിയിൽ വന്നെന്ന ഭാവത്തോടെ ഞാനൊന്നും അറിഞ്ഞതല്ലെന്ന് ആ പുള്ളിനത്ത് എന്നെ കണ്ണുരുട്ടി നോക്കിക്കൊണ്ടിരുന്നു.
അങ്ങനെ സാധാരണ നത്തുകളെന്ന് വിളിക്കുന്ന കുഞ്ഞൻ കൂട്ടരിൽ ഏറ്റവും മിടുക്കരും വ്യത്യസ്തരും ആയ മൂങ്ങകളാണ് പുള്ളുനത്തുകൾ.
ഗംഭീരം. ഞാനൊരിക്കൽ ഇതിനെപ്പറ്റി എഴുതാൻ പറഞ്ഞിരുന്നല്ലോ . ഓർമയുണ്ടോ ?
ലേഖനം തകർത്തു… ചിത്രങ്ങളും 👌