പോഡ്കാസ്റ്റ് കേൾക്കാം
ബ്രൗൺ ഫിഷ് ഔൾ (മീൻ കൂമൻ)
പേരുകേട്ട അധോലോക കുടുംബങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ? അതേ പോലെ നമ്മുടെ ഈ അധോലോകക്കാരുടെ രണ്ട് പ്രധാന കുടുംബങ്ങളാണ് സ്ട്രൈഗിഡേയും ടൈറ്റോണിഡേയും. ഇതിൽ സ്ട്രൈഗിഡേ കുടുംബക്കാർ പുരാതനമായി നില നിന്നു പോരുന്നതിനാൽ ടിപ്പിക്കൽ ഔൾസ് എന്നും പറയാറുണ്ട്. നമ്മുടെ കട്ടപ്പ (Ketupa zeylonensis) ഇപ്രകാരം സ്ട്രൈഗിഡേ കുടുംബക്കാരനായി വരും.
രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം.
ഏതാണ്ട് 60 സെൻ്റീമീറ്ററോളം നീളം വരുന്ന വലിയൊരു മൂങ്ങയാണിത്. മഞ്ഞക്കണ്ണുകൾക്ക് നടുവിലായി തന്നെ ഇരുണ്ട നിറത്തിലുള്ള കൊക്ക് (Mandible) തുടങ്ങുന്നു. ക്യത്യമായി കൂർത്തു വളഞ്ഞ ഒരു മൂക്കിനെ ഓർമ്മിപ്പിക്കും അത്. നിശ്ചിതമായ ഒരു മുഖഫലകം ഉണ്ടായിരിക്കുകയില്ല ഇവക്ക്. തൊണ്ടയിൽ നിന്നും നെഞ്ച് വരെ നരച്ച വെള്ള നിറമാണ്. ഹുപ് ഹൂ… ഹു.. എന്നു കൂവുമ്പോഴൊക്കെ ഈ നരച്ച വെള്ളത്താടി തള്ളി വരുന്നതു കാണാം.
ഹുപ് ഹൂ… ഹു.. കേൾക്കാം
തോളിലും ചിറകുകളിലും ഇരുണ്ട തവിട്ടു നിറത്തിൽ വെളുത്ത പുള്ളികൾ ചേർന്ന പട്ടകൾ ഉണ്ട്. തൊണ്ടയിൽ നിന്നു തുടങ്ങി നെഞ്ചും വയറും വരെ നേർത്ത മഞ്ഞകലർന്ന തവിട്ടു നിറത്തിൽ നെടുകെ തവിട്ടുവരകളാണ്. ഈ തവിട്ടു വരകളിൽ ഓരോന്നിനും കുറുകെ ചെറിയ നേർത്ത വരകളുമുണ്ട്. പ്രധാന ഭക്ഷണം മീനകളായതുകൊണ്ട് തിന്ന മീനുകളുടെയെല്ലാം മുള്ളുകളെ മാലകളാക്കി കഴുത്തിലിട്ട പോലിരിക്കും ഇത്. മീൻപിടുത്തം മുഖ്യ തൊഴിൽ ആയതു കൊണ്ട് സാധാരണയിൽ കവിഞ്ഞ നീളമുള്ള കാലുകൾ ഇവയിൽ കാണാം.
കാലുകളിൽ തൂവലുകളില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഇക്കൂട്ടർക്ക്. വെള്ളത്തിൽ മുങ്ങാതെ കാൽമുട്ടുവരെ മാത്രം നനയുന്ന പോലെയാണ് ഇവയുടെ മീൻപിടുത്തം. ആഴമില്ലാത്ത പരന്നൊഴുകുന്ന അരുവികളിൽ ഇറങ്ങി നിൽക്കാനും ഇവക്ക് മടിയില്ല. നഗ്നമായ കാലുകളായതുകൊണ്ട് തൂവലുകൾ നനഞ്ഞു കുതിർന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയില്ല. വലിയ, കൂർത്തു വളഞ്ഞ നഖങ്ങളും, മീൻപിടുത്തക്കാരായ പരുന്തുകളിൽ കാണും പോലെ പരുപരുത്ത കാലിന്നടിഭാഗവും ഇവക്കുണ്ട്. പിടിക്കുന്ന മീനുകൾ വഴുതി രക്ഷപ്പെടാതിരിക്കാൻ കാലാന്തരങ്ങളിൽ രൂപപ്പെട്ട പ്രത്യേകതകൾ ആവാം ഇവയെല്ലാം. മറ്റ് മൂങ്ങകളെ അപേക്ഷിച്ച് ഇവ പറക്കുമ്പോൾ ചിറകടി ശബ്ദം കേൾക്കാൻ കഴിയും. ഇവയുടെ പുറംചിറകുകളിലെ തൂവലുകൾക്ക് നേർത്തതും പതുപതുത്തതുമായ അരികുകൾ ഇല്ലയെന്നതാണ് ഇതിനു കാരണം. വെള്ളത്തിലെ മീനുകൾ ചിറകടിയൊന്നും കേട്ട് രക്ഷപ്പെടാൻ സാധ്യതയില്ലാത്തതു കൊണ്ട് ഈ പ്രത്യേകത ഒരു പ്രശ്നമാകുന്നില്ല. മറിച്ച് സാധാരണ മൂങ്ങകളിൽക്കവിഞ്ഞ വലുപ്പമുള്ള ചിറകുകൾ ഇവയെ കൃത്യമായി മീനുകളെ പിന്തുടരാനും, ഓളപ്പരപ്പിൽ പൊടുന്നനെ കുതിച്ചിറങ്ങി കാലുകളാഴ്ത്തി അവയെ പിടികൂടാനും സഹായിക്കുന്നു.
മീൻ കൂമനെന്ന പേരുകേട്ട് മീനുകൾ മാത്രമാണ് ഇവയുടെ ഭക്ഷണമെന്ന് തെറ്റിദ്ധരിക്കരുത്. ഞണ്ടുകളും തവളകളും ഉരഗങ്ങളും ചെറിയ സസ്തനികളും വരെ മെനുവിൽ ഉണ്ട്. ചിന്നാറിൽ വച്ച് ഒരിക്കൽ മീൻ കൂമൻ്റെ പകലിരിപ്പു കേന്ദ്രത്തിനു താഴെ ദഹിക്കാതെ തുപ്പിക്കളഞ്ഞ (Regurgitating) ഭക്ഷണാവശിഷ്ടങ്ങളിൽ (pellets) കൂടുതലും കണ്ടത് ഞണ്ടുകളുടെ തോടും കാലുമൊക്കെ ആയിരുന്നു. തവളകളിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് പറഞ്ഞൊരു കഥയുണ്ട്. അദ്ദേഹവും സുഹൃത്തുക്കളും വർഷത്തിൽ മഴക്കാലം തുടങ്ങുന്ന സമയം മാത്രം മണ്ണിനു പുറത്തിറങ്ങുന്ന പാതാളത്തവളകളെ (purple frog) നിരീക്ഷിക്കാനായി തൃശ്ശൂരിനടുത്ത് ഒരിടത്ത് രാത്രി ചെന്നിരിക്കുകയാണ്. ഈ തവള അപൂർവ്വവും പരിണാമ പ്രക്രിയയിൽ വളരെ പ്രാധാന്യവുമുള്ള ഒരു ഇനമാണ് താനും. അന്ന് ഇവരെ ഞെട്ടിച്ചു കൊണ്ട് ഏതാനും പെൺ തവളകൾ അവിടവിടെ ചത്തു കിടക്കുന്നു. ഒരു പാട് തിരഞ്ഞശേഷമാണ് ആ കൊലപാതകങ്ങളിലെ പ്രതിയെ കണ്ടെത്തിയത്. നല്ല വലുപ്പമുള്ളൊരു പെൺ മീൻ കൂമനായിരുന്നു ആ കൃത്യങ്ങൾക്ക് പിന്നിൽ. പിന്നീടുള്ള വർഷങ്ങളിൽ ഈ സമയത്ത് മൂന്നും നാലുമൊക്കെ മീൻ കൂമന്മാർ അവിടെ തമ്പടിച്ചു കാണാറുണ്ടത്രേ!
രാത്രി മാത്രമല്ല, പകലും മീൻ കൂമൻ ഇരപിടിക്കാൻ ഇറങ്ങാറുണ്ട്. പുഴയോരങ്ങളോടു ചേർന്ന മരങ്ങളിൽ ഇലച്ചാർത്തുകളിൽ മറഞ്ഞ്, അനങ്ങാതിരുന്ന് വെള്ളത്തിലെ ചലനങ്ങൾ നിരീക്ഷിക്കലാണ് പ്രധാന പണി. രാത്രി കുറെക്കൂടെ ഊർജ്ജസ്വലത കാണിക്കുമെന്ന് മാത്രം. പകൽ ആഴം കുറഞ്ഞ അരുവികളിലും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങി നിന്ന് നീരാട്ടു നടത്താൻ നമ്മുടെ കക്ഷിക്ക് വലിയ ഇഷ്ടമാണ്.ഒരിക്കൽ തിരുനെല്ലി അടുത്ത് ഒരു പാലത്തിനു കീഴെ അരുവിയിൽ അരമണിക്കൂറോളം മീൻ കൂമൻ്റെ കുളിസീൻ കണ്ടു നിന്നിട്ടുണ്ട് . വലിയ ചിറകുകൾ അടിച്ചു നനച്ച്, ഒലുമ്പിക്കഴുകി വൃത്തിയാക്കി തിരികെ മരക്കൊമ്പിൽ വന്നിരുന്ന് ഓരോരോ തൂവലായി ചീകി മിനുക്കി ഒരുക്കി ഇരിക്കുകയായിരുന്നു കട്ടപ്പ!. കാടുകളിൽ മാത്രമല്ല, അത്യാവശ്യം കുളങ്ങളും അരുവിയുമൊക്കെയുള്ള നാട്ടിൽ പുറങ്ങളിലും ഇങ്ങോരെ കാണാവുന്നതാണ്. കുളങ്ങളോട് ചേർന്ന് കാഷ്ഠം സ്ഥിരമായി വീണു കിടക്കുന്ന ഇടങ്ങളിലെ മരക്കൊമ്പുകൾ കാര്യമായി പരിശോധിക്കുന്നത് ഇദ്ദേഹത്തെ കണ്ടെത്താൻ ഒരെളുപ്പവഴിയാണ്.
ടർക്കി മുതൽ, ഇന്ത്യൻ ഉപഭൂഖണ്ഡവും ശ്രീലങ്കയും മുഴുവനും, തെക്കു കിഴക്കൻ ഏഷ്യയിൽ ഹോങ്കോങ് വരെയും ഈ മൂങ്ങകൾ സ്ഥിരതാമസക്കാരാണ്. ഇലപൊഴിയും കാടുകളിലും നിത്യഹരിത കാടുകളിലും എന്തിന്, കടലോരങ്ങളിൽ വരെ ഇവയെ കാണാൻ കഴിയും. ആൺപക്ഷിയെ അപേക്ഷിച്ച് പെൺപക്ഷിക്ക് വ്യക്തമായ വലിപ്പക്കൂടുതൽ ഉണ്ടായിരിക്കും. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനനകാലം. വേനൽക്കാലത്ത് എല്ലായിടത്തെയും ജലനിരപ്പ് താഴുന്നതിനാൽ മത്സ്യ ബന്ധനം എളുപ്പമായിത്തീരുന്നതാവാം വേനൽക്കാല പ്രജനനത്തിൻ്റെ രഹസ്യം. മിക്കവാറും ഒരേയൊരു ജീവിത പങ്കാളിയേ ഇവക്കുണ്ടാവൂ. പങ്കാളിക്കൊരുമ്മ എന്നൊക്കെ പറയുന്നതുപോലെ പങ്കാളിക്കൊരു മീൻ എന്നിങ്ങനെയുള്ള സോപ്പിടൽ പരിപാടികളും ഇക്കാലത്ത് സാധാരണമാണ്. നെല്ലിയാമ്പതിയിൽ വച്ച് ഒരിക്കൽ ഈ പ്രണയലോലമായ മീനൂട്ടൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. മരപ്പൊത്തുകളിലും പാതി വച്ച് മുറിഞ്ഞു വീണ മരങ്ങളിലും പാറക്കെട്ടുകൾക്കിടയിലെ ചെറിയ ഗുഹകളിലുമാണ് ഇവ കൂടുകൂട്ടാറ്. പരുന്തുകളും മറ്റും ഉപേക്ഷിച്ചു പോകുന്ന കൂടുകൾ കയ്യേറുന്നതായും വായിച്ചതായോർക്കുന്നു. ഒന്നോ രണ്ടോ മുട്ടകളാണ് പെൺകൂമൻ ഇടുക.
പ്രണയകാലത്ത് സവിശേഷമായ യുഗ്മഗാനങ്ങൾ കേൾക്കാം
കൂമൻ ഒന്നു മൂളിയാൽ കൂമത്തി രണ്ടു മൂളുമെന്ന് ഒരു ചൊല്ലുണ്ട്. യുഗ്മഗാനത്തിലെ അനുപല്ലവി കൂമത്തി ആലപിക്കുന്നതാകാം ഇത്. ആൺപക്ഷി ആഴമുള്ള ശബ്ദത്തിൽ ഹൂപ്… ഹൂ.. ഹു എന്നു കൂവുമ്പോൾ ആദ്യത്തെ ഹൂപ്പ് കൂമനും പിന്നീടു വരുന്ന ഹൂ… ഹു കൂമത്തിയും ആണെന്നും തോന്നിപ്പോകും. ഈ കൂവലുകൾ അത്രമേൽ ദുരൂഹവും ഉറവിടം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും ആയതിനാൽ ശബ്ദ മായാവികളോടാണ് (ventriloquists) പ്രൊഫ. കെ.കെ.നീലകണ്ഠൻ ഇവരെ ഉപമിച്ചിട്ടുള്ളത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എല്ലായിടത്തും ജീവിക്കുന്ന പക്ഷേ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ഒരു പക്ഷിയാണ് മീൻ കൂമൻ. ചൂണ്ടയും വലയുമായി മീൻ പിടിക്കാൻ ഒരിക്കലെങ്കിലും ഇറങ്ങിയിട്ടുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. അപ്പോഴാണ് നമ്മുടെ ചങ്ങാതി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പറന്ന് വന്ന് ലളിതമായി മീനും പിടിച്ചു പോകുന്നത്. ഇത്തരത്തിൽ അത്യപൂർവ്വമായ മത്സ്യ ബന്ധന സിദ്ധികൾ കൂടെയാകുമ്പോൾ നമ്മുടെ കട്ടപ്പ കരുത്തനായ മറ്റൊരു അധോലോകക്കാരനായി മാറുകയാണ്.